‘ചിത്തോദ് ദിലാത്ത്?’ (WHAT IS TO BE DONE? – എന്തു ചെയ്യണം). റഷ്യൻ ജനാധിപത്യ വിപ്ലവകാരിയും സാഹിത്യകാരനുമായ നിക്കോളായ് ചെർണിഷേവ്-സ്-ക്കി 1863ൽ എഴുതിയ നോവലിന്റെ ശീർഷകമാണിത്. നരോദിസത്തിന്റെ സെെദ്ധാന്തികനും ആദ്യപഥികരിലൊരാളും അരാജകവാദിയുമായ ചെർണിഷേവ്-്സ്-ക്കിയും അദ്ദേഹത്തിന്റെ ‘ചിത്തോദ് ദിലാത്ത്’ (എന്തുചെയ്യണം) എന്ന നോവലും പ്ലെഖാനോവിനെയും ലെനിനെയും പോലെയുള്ള പിൽക്കാലത്തെ റഷ്യൻ വിപ്ലവകാരികളെ, മാർക്സിസ്റ്റുകളെ കാര്യമായി സ്വാധീനിച്ചു. ലെനിൻ പുലർത്തിയിരുന്ന ചെർണിഷേവ-്-സ-്ക്കിയോടുള്ള ആരാധനാമനോഭാവത്തിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ പ്രമുഖ കൃതിയുടെ പേരുതന്നെ ‘എന്തുചെയ്യണം?’ എന്നായത്.
റഷ്യൻ വിപ്ലവത്തിന്റെ തന്ത്രവും അതിന്റെ സംഘടനാരൂപവും സംബന്ധിച്ച് ലെനിൻ എഴുതിയ ‘എന്തുചെയ്യണം’ എന്ന കൃതി, അദ്ദേഹത്തിന്റെ മുഖ്യരചനകളിൽ ഒന്നായാണ് കരുതപ്പെടുന്നത്. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ബോൾഷെവിക്, മെൻഷെവിക് ചേരിതിരിവ് ഉണ്ടായ രണ്ടാം പാർട്ടി കോൺഗ്രസിന് മുൻപാണ് ലെനിൻ ഈ കൃതി എഴുതി, പാർട്ടി മുഖപത്രമായ ‘ഇസ്ക്ര’യിൽ പ്രസിദ്ധീകരിച്ചത്. എങ്കിലും ബോൾഷെവിക് വിഭാഗത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളായി മാറിയത് ഈ കൃതിയിൽ ലെനിൻ മുന്നോട്ടുവച്ച ആശയങ്ങളാണ്.
1891ൽ യെർഫുർട്ടിൽ ചേർന്ന കാറൽ കൗട്സ്-ക്കിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സമ്മേളനം അംഗീകരിച്ച പരിപാടി ലെനിനെ വലിയ തോതിൽ സ്വാധീനിച്ചിരുന്നു. തൊഴിലാളിവർഗം ഒരു വർഗമെന്ന നിലയിൽ അധികാരം പിടിച്ചെടുത്ത് സോഷ്യലിസം നടപ്പാക്കുകയെന്ന യെർഫുർട്ട് പരിപാടിയുടെ കാഴ്ചപ്പാടാണ് ലെനിനെ പ്രധാനമായും സ്വാധീനിച്ചത്. യെർഫുർട്ട് പരിപാടിയെക്കുറിച്ച് എംഗൽസ് തന്നെ പറഞ്ഞത്, ലസാലിയൻ സ്വാധീനത്തിൽ തയ്യാറാക്കപ്പെട്ട ഗോഥാ പരിപാടിയിൽ നിന്നുള്ള മുന്നോട്ടുപോക്കാണെന്നും അതിലെ സെെദ്ധാന്തികമായ വശം ശാസ്ത്രീയ ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അതുകൊണ്ടുതന്നെ അത് ചർച്ച ചെയ്യപ്പെടേണ്ട ഒരു രേഖയാണെന്നുമാണ്. യെർഫുർട്ട് പരിപാടി വ്യക്തമാക്കുന്നത് പാർട്ടിയുടെ അന്തിമലക്ഷ്യം സോഷ്യലിസം ആയിരിക്കണമെന്നും അത് കേന്ദ്രീകൃതവും അച്ചടക്കമുള്ളതുമായിരിക്കണമെന്നും അതേസമയംതന്നെ സാധ്യമായേടത്തോളം ജനാധിപത്യപരമായിരിക്കണമെന്നും ദേശീയാടിസ്ഥാനത്തിലായിരിക്കണം അത് സംഘടിപ്പിക്കപ്പെടേണ്ടതെന്നുമാണ്.
റഷ്യയിൽ അത്തരമൊരു പാർട്ടി കെട്ടിപ്പടുക്കുകയായിരുന്നു ലെനിന്റെ മനസ്സിലുണ്ടായിരുന്ന ആശയം. പക്ഷേ അത് പ്രയോഗവത്കരിക്കുന്നതിൽ മുഖ്യമായ ഒരു തടസ്സമുണ്ടെന്നും അദ്ദേഹം കണ്ടു. എന്നാൽ വ്യാവസായിക വികസനത്തിന്റെ കാര്യത്തിൽ റഷ്യ പിന്നോക്കം നിൽക്കുന്നതോ റഷ്യയിൽ വ്യാവസായിക തൊഴിലാളിവർഗം താരതമേ-്യന ചെറിയൊരു വിഭാഗമാണെന്നതോ ആയിരുന്നില്ല ലെനിൻ കണ്ട മുഖ്യതടസ്സം. ഈ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് എന്നത് ശരിയാണെങ്കിലും അതിനെ മറികടക്കാനുള്ള വിപ്ലവതന്ത്രത്തിനും തുടക്കത്തിൽ തന്നെ ലെനിൻ രൂപം നൽകിയിരുന്നു. അങ്ങനെയാണ് തൊഴിലാളി– കർഷക സഖ്യം എന്ന ആശയം ഉരുവംകൊണ്ടത്. ‘‘ആരാണ് ജനങ്ങളുടെ, മിത്രങ്ങൾ’’, ‘‘റഷ്യയിൽ മുതലാളിത്തത്തിന്റെ വളർച്ച’’ എന്നീ കൃതികളിൽ ലെനിൻ ഇക്കാര്യം വിശദമാക്കിയിരുന്നു.
റഷ്യയിൽ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യമില്ലയെന്നതാണ് ലെനിൻ കണ്ട മുഖ്യതടസ്സം. സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ജീവവായുപോലെ പ്രധാനമാണ് രാഷ്ട്രീയ സ്വാതന്ത്ര്യം. രാഷ്ട്രീയ സ്വാതന്ത്ര്യം, ജനങ്ങളുടെ ഊർജസ്വലമായ രാഷ‍്ട്രീയ പങ്കാളിത്തം, ദേശീയാടിസ്ഥാനത്തിലുള്ള സംഘടന, പ്രബലമായ മാധ്യമങ്ങൾ എന്നിവ കൂടാതെ തൊഴിലാളിവർഗ വിപ്ലവം അസാധ്യമാണെന്ന് ലെനിൻ കണ്ടു. ജർമനിയിൽനിന്നും മറ്റു പശ്ചിമയൂറോപ്യൻ രാജ്യങ്ങളിൽ നിന്നും റഷ്യയെ വേറിട്ടതാക്കുന്ന ഘടകം സാറിസ്റ്റ് സേ-്വച്ഛാധിപത്യത്തിൻകീഴിൽ ഉശിരൻ ബഹുജനപ്രസ്ഥാനത്തിന് സാധ്യതയില്ലയെന്നതാണ്. അതുകൊണ്ട്, അത്തരമൊരവസ്ഥയിൽ നാം എന്തുചെയ്യണം എന്ന പ്രശ്നം ഉന്നയിച്ച് അതിന് പരിഹാരമെന്ത് എന്നത് സംബന്ധിച്ച അനേ-്വഷണമാണ് ലെനിൻ നടത്തുന്നത്.
1895 മുതൽതന്നെ റഷ്യയിൽ സോഷ്യൽ ഡെമോക്രാറ്റിക് സംഘടന, പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. ആദ്യം അത് റഷ്യയുടെ വിവിധ ഭാഗങ്ങളിൽ ചെറിയ ഗ്രൂപ്പുകളായാണ് പ്രവർത്തിച്ചിരുന്നത്. 1895 ഡിസംബറിൽ ഒളിവിൽ പ്രവർത്തിക്കുന്ന തൊഴിലാളി വർഗത്തിന്റെ വിമോചനത്തിനായുള്ള സംഘടനയ്ക്ക് രൂപംനൽകപ്പെട്ടു. റഷ്യൻ മാർക്സിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന പ്ലെഖാനോവിനൊപ്പം ലെനിനും ഈ സംഘടനയുടെ രൂപീകരണത്തിലും തുടർപ്രവർത്തനങ്ങളിലും സജീവമായ പങ്കുവഹിച്ചു. അതിന്റെ ഫലമായിതന്നെ അദ്ദേഹം അറസ്റ്റുചെയ്യപ്പെടുകയും സെെബീരിയയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. സെെബീരിയയിലായിരിക്കെ (1897–1900) റഷ്യയിൽ തൊഴിലാളിവർഗത്തെ എങ്ങനെ സംഘടിപ്പിക്കാം എന്നതും പൊതുവിൽ ഒരു വിപ്ലവസംഘടന കെട്ടിപ്പടുക്കേണ്ടതെങ്ങനെയെന്നതും സംബന്ധിച്ച ഗൗരവപൂർണമായ ആലോചനയിലായിരുന്നു ലെനിൻ.
പാർട്ടി കെട്ടിപ്പടുക്കുന്നത് സംബന്ധിച്ച ലെനിന്റെ ആശയങ്ങളുടെ കേന്ദ്ര ബിന്ദു തൊഴിലാളിവർഗത്തിന് എങ്ങനെ വർഗബോധം കെെവരിക്കാനാകും എന്നതാണ്. ലെനിന്റെ അഭിപ്രായത്തിൽ തൊഴിലാളിവർഗത്തിന്റെ ബോധമണ്ഡലത്തിൽ അവർ ജീവിക്കുന്ന മുതലാളിത്ത സമൂഹത്തിന്റെ ആഴത്തിലുള്ള സ്വാധീനം ഉണ്ടായിരിക്കും; അതിനാൽ അവർ പൊതുവിൽ മാത്രമല്ല, മൂർത്തമായും ബൂർഷ്വാ സമൂഹത്തിന്റെ സ്വാധീനവലയത്തിലായിരിക്കും. ഈ പൂർവാർജിതമായ സ്വാധീനങ്ങളുടെ വലയം ഭേദിച്ച് പുറത്തുകടക്കാൻ തൊഴിലാളിവർഗത്തിന് സ്വമേധയാ കഴിയില്ല. തൊഴിലാളിവർഗത്തെ ഈ ആശയസ്വാധീനത്തിൽനിന്നും പുറത്തുകൊണ്ടുവരാൻ ശക്തമായ ആശയപ്രചാരണം അനിവാര്യമാണെന്നു ലെനിൻ കണ്ടു. അങ്ങനെയാണ് ‘‘വിപ്ലവപരമായ ഒരു തത്വശാസ്ത്രത്തിന്റെ അഭാവത്തിൽ വിപ്ലവപ്രസ്ഥാനം കെട്ടിപ്പടുക്കാൻ കഴിയില്ല’’ എന്ന നിഗമനത്തിൽ ലെനിൻ എത്തിച്ചേർന്നത്. ആ വിപ്ലവ സിദ്ധാന്തത്തിനു പിന്നിൽ തൊഴിലാളിവർഗത്തെ അണിനിരത്താൻ ശേഷിയുള്ള ഒരു വിപ്ലവ സംഘടന അനിവാര്യമാണെന്നും അദ്ദേഹം മനസ്സിലാക്കി.
ഹംഗേറിയൻ മാർക്സിസ്റ്റ് ചിന്തകനായ ജേ-്യാർജി ലൂക്കാച്ച് സംഘടന സംബന്ധിച്ച ലെനിനിസ്റ്റ് സങ്കൽപ്പനത്തെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘‘സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഒത്തുചേരലിന്റെ രൂപമാണ് സംഘടന. വെെരുദ്ധ്യാത്മകമായ ഏതൊരു ബന്ധത്തെയുംപോലെ തന്നെ, ഈ ഒത്തുചേരലിന്റെ മേന്മ എത്രത്തോളം ദൃഢവും യാഥാർഥ്യവുമാകുന്നോ അത്രത്തോളം മാത്രമായിരിക്കും സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ബന്ധവും. സിദ്ധാന്തവും പ്രയോഗവും തമ്മിൽ പൊരുത്തപ്പെടുത്തുന്നതിനുള്ള സംഘടനയുടെ ശേഷി കാണാൻ കഴിയുന്നത് രാഷ്ട്രീയ സിദ്ധാന്തവും അതിന്റെ പ്രയോഗവൽക്കരണവും മറ്റേതൊരു മേഖലയിലേതിനെയുംകാൾ മികച്ച രീതിയിലും ആത്മവിശ്വാസത്തോടെയും സംവേദനക്ഷമതയോടെയും പ്രകടമാക്കുന്നതിലായിരിക്കും; വെെവിധ്യമാർന്ന പ്രവണതകളോടെല്ലാം ഇത്തരത്തിൽ ആത്മവിശ്വാസത്തോടെയും സംവേദനക്ഷമതയോടെയുമുള്ള രാഷ്ട്രീയ സിദ്ധാന്തത്തിന്റെ പ്രയോഗവൽക്കരണത്തിനുള്ള ശേഷി സംഘടനയ്ക്കുണ്ടാകണം. ശുദ്ധ സിദ്ധാന്തത്തിന്റെ തലത്തിൽ നോക്കിയാൽ ഏറെ വിഭിന്നമായ കാഴ്ചപ്പാടുകൾക്കും പ്രവണതകൾക്കും സമാധാനപൂർവം സഹവർത്തിക്കാൻ കഴിയേണ്ടതാണ്; ഭിന്നാഭിപ്രായങ്ങൾ ചർച്ചയുടെ രൂപത്തിൽ മാത്രമേ പ്രകടമാക്കാവൂ; ഒരേയൊരു സംഘടനയുടെ ചട്ടക്കൂടിനുള്ളിൽനിന്ന്, അതിനെ ശിഥിലമാക്കാത്ത വിധത്തിൽ മാത്രം അത്തരം ചർച്ചകൾ ഒതുക്കി നിർത്തേണ്ടതുമാണ്. എന്നാൽ ഇതേ പ്രശ്നങ്ങൾ അതിരൂക്ഷമായവിധം പരസ്പരവിരുദ്ധവും പൊരുത്തപ്പെടുത്താൻ പറ്റാത്തവയുമായി മാറുന്നതിനു മുൻപുതന്നെ എത്രയും വേഗം അവയ്ക്ക് സംഘടനാ രൂപം നൽകേണ്ടതുമാണ്.’’ (Georg Lukacs, History and Class Consciousness’ പേജ് 299. AAKAR BOOKS 2016).
ഇത്തരമൊരു രാഷ്ട്രീയ സംഘടന സമകാലിക ലോകത്ത് അനിവാര്യമോ ആവശ്യമോ ആണോ എന്ന പ്രശ്നം ഇടതുപക്ഷ അക്കാദമിക്കുകൾക്കിടയിൽ സജീവമായി ഉയർന്നുവരുന്നുണ്ട്. ലാറ്റിനമേരിക്കൻ ഇടതുപക്ഷ ചിന്തകരിൽ പ്രമുഖയായ മാർത്താ ഹെർണേക്കർ ഈ വിഷയം Rebuilding the Left എന്ന കൃതിയിൽ ചർച്ച ചെയ്യുന്നുണ്ട്-. കേന്ദ്രീകൃത നേതൃത്വവും ഒപ്പം ജനാധിപത്യപരമായ പ്രവർത്തനശെെലിയുമുള്ള ഒരു പാർട്ടിയുടെ അനിവാര്യതയിലേക്ക് അവർ വിരൽചൂണ്ടുന്നുണ്ട്. എന്നാൽ ലെനിനിസ്റ്റ് സംഘടനാതത്വമെന്നത് ലെനിന്റെ വാക്കുകളുടെ യാന്ത്രികമായ തനിയാവർത്തനമല്ലെന്നും കാലദേശാനുസൃതമായ മാറ്റങ്ങൾ വേണമെന്നും അവർ വ്യക്തമാക്കുന്നു. അമേരിക്കൻ ഇടതുപക്ഷ ചിന്തകയായ ജോദിഡീൻ Communist Horizon എന്ന കൃതിയിലും ചില ലേഖനങ്ങളിലും കേന്ദ്രീകൃത നേതൃത്വത്തോടു കൂടിയ വിപ്ലവപാർട്ടിയുടെയും വിപ്ലവ സിദ്ധാന്തത്തിന്റെയും അനിവാര്യതയിലേക്ക് വിരൽചൂണ്ടുന്നുണ്ട‍്. വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ പ്രക്ഷോഭത്തിന്റെ പതനത്തിന്റെ പശ്ചാത്തലത്തിൽ അവർ പറയുന്നത്, വിപ്ലവസിദ്ധാന്തത്തിന്റെ ദിശാബോധവും വിപ്ലവപരമായ പരിപാടിയുമുള്ള കേന്ദ്രീകൃത നേതൃത്വത്തിൻകീഴിൽ ഉൾപ്പാർട്ടി ജനാധിപത്യത്തോടു കൂടി പ്രവർത്തിക്കുന്ന ഒരു പാർട്ടി ഏതൊരു വിപ്ലവപ്രസ്ഥാനത്തെയും നയിക്കാൻ അനിവാര്യമാണെന്നാണ്.
തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങൾ സ്വമേധയാ പൊട്ടിപ്പുറപ്പെടുമെന്നും അതിന് വിപ്ലവസിദ്ധാന്തമോ പാർട്ടിയോ ആവശ്യമില്ലെന്നുമുള്ള സാമ്പത്തിക സമരമാത്രവാദികളുടെ സിദ്ധാന്തത്തെ ലെനിൻ ഈ കൃതിയിൽ തുടക്കത്തിൽതന്നെ തുറന്നുകാണിക്കുന്നുണ്ട്. അടിച്ചമർത്തലിനെതിരെയും തങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താൻ വേണ്ടിയും തൊഴിലാളികൾ നടത്തുന്ന സാമ്പത്തിക സമരങ്ങളാണ് (അതായത് ട്രേഡ് യൂണിയൻ സമരങ്ങൾ), സ്വമേധയാ പൊട്ടിപ്പുറപ്പെടാനിടയുള്ള സമരങ്ങൾ. അത്തരം സമരങ്ങൾ കേവലം ട്രേഡ് യൂണിയൻ ബോധത്തിലേക്കു മാത്രമേ തൊഴിലാളിവർഗത്തെ എത്തിക്കുകയുള്ളൂവെന്ന് ലെനിൻ വ്യക്തമാക്കുന്നു. വാസ്തവത്തിൽ സ്വമേധയാ പൊട്ടിപ്പുറപ്പെടുന്ന സമരങ്ങൾ ഭ്രൂണാവസ്ഥയിലുള്ള അഥവാ ആരംഭഘട്ടത്തിലുള്ള ബോധനിലവാരത്തിലേ തൊഴിലാളികളെ എത്തിക്കുകയുള്ളൂവെന്ന് ലെനിൻ പറയുന്നു. ഇതിനർഥം ഇത്തരം സമരങ്ങൾക്ക് ഒരു പ്രാധാന്യവുമില്ലെന്നല്ല. സോഷ്യലിസ്റ്റ് ബോധത്തിലേക്ക് തൊഴിലാളിവർഗത്തെ ഉയർത്തുന്നതിനുള്ള അതിന്റെ പരിമിതികളിലേക്ക് ലെനിൻ വിരൽചൂണ്ടുന്നുവെന്നേയുള്ളൂ.
ലെനിൻ ഇങ്ങനെ വ്യക്തമാക്കുന്നു: ‘‘തൊഴിലാളിവർഗത്തിന്റെ സ്വന്തം മുൻകയ്യിലുള്ള സമരം ശരിക്കുമുള്ള (Genuine) വർഗസമരമായിമാറണമെന്നുണ്ടെങ്കിൽ അത് വിപ്ലവകാരികളുടെ കരുത്തുറ്റ ഒരു സംഘടനയാൽ നയിക്കപ്പെടണം’’. അതായത് വിപ്ലവ സിദ്ധാന്തവും വിപ്ലവ നേതൃത്വവുമില്ലാതെ തൊഴിലാളികൾ സ്വയം സംഘടിപ്പിച്ച് നടത്തുന്ന സമരങ്ങളിലൂടെ പ്രാഥമികമായ ട്രേഡ് യൂണിയൻ ബോധത്തിനപ്പുറം സാമൂഹ്യമാറ്റത്തിലൂടെമാത്രമേ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂ എന്ന ഉയർന്ന വർഗപരമായ രാഷ്ട്രീയബോധം കെെവരിക്കാൻ കഴിയില്ല. സാമൂഹ്യ മാറ്റത്തിന് തൊഴിലാളി വർഗം ഭരണാധികാരം കെെവശപ്പെടുത്തേണ്ടതുണ്ട്. അതെങ്ങനെ സാധ്യമാക്കും എന്ന അന്വോഷണമാണ് ലെനിൻ നടത്തുന്നത്.
ലെനിന്റെ വാക്കുകൾ ഒന്നുകൂടി നോക്കാം: ‘‘തൊഴിലാളികളിൽ വർഗപരമായ രാഷ്ട്രീയബോധം പുറമേനിന്ന് മാത്രമേ കൊണ്ടുവരാനാകൂ; അതായത്, സാമ്പത്തികാവശ്യങ്ങൾക്കായുള്ള സമരത്തിനുപുറത്തുനിന്ന്, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധങ്ങളുടെ മണ്ഡലത്തിനു പുറത്തുനിന്ന് മാത്രമേ സാധ്യമാകൂ. ഈ അറിവ് ആർജിക്കാൻ ഭരണകൂടവുമായും ഗവൺമെന്റുമായുമുള്ള എല്ലാ വർഗങ്ങളുടെയും വിഭാഗങ്ങളുടെയും ബന്ധങ്ങളുടെ മണ്ഡലത്തിൽനിന്നു മാത്രമേ കഴിയൂ; അതായത് എല്ലാ വർഗങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ മണ്ഡലത്തിൽനിന്നു മാത്രമേ രാഷ്ട്രീയമായ വർഗബോധം തൊഴിലാളികളിൽ സൃഷ്ടിക്കാനാവൂ.’’
തൊഴിലാളികൾ സ്വയം മോചനം നേടേണ്ടവരാണെന്ന മാർക്സിന്റെ സങ്കൽപ്പനത്തിനെതിരാണ് പുറമേ നിന്ന് അതായത് ബാഹ്യമായ ഇടപെടലിലൂടെ തൊഴിലാളികളിൽ വർഗബോധം സൃഷ്ടിക്കണമെന്ന ലെനിന്റെ സങ്കൽപ്പനം എന്നൊരു വിമർശനമുണ്ട്. അവിടെയാണ് ഇക്കാര്യത്തിലെ ലെനിന്റെ സംഭാവന, സിദ്ധാന്തത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട അനുഭവത്തിൽ നിന്ന് ഉരുവംകൊണ്ട അറിവ്, തെളിമയോടെ പുറത്തുവരുന്നത്. തൊഴിലാളികളുടെ പ്രകൃതം (Nature) സംബന്ധിച്ച് അദ്ദേഹം ആർജിച്ച ആഴത്തിലുള്ള അറിവിനെയും ധാരണയെയും അടിസ്ഥാനമാക്കിയാണ്, അതോടൊപ്പം തൊഴിലാളിവർഗത്തിനുള്ളിൽ രൂപംകൊണ്ടിട്ടുള്ള പല തട്ടുകളിൽ നിൽക്കുന്ന വിഭാഗങ്ങളെക്കുറിച്ചുള്ള തന്റെ ആഴത്തിലുള്ള ധാരണയിൽനിന്നാണ് തൊഴിലാളിവർഗത്തിനിടയിൽ രാഷ്ട്രീയമായ വർഗബോധം എങ്ങനെയാണ് ഉരുവം കൊള്ളുന്നതും വികസിക്കുന്നതുമെന്ന് ലെനിൻ മനസ്സിലാക്കിയത്. മാർക്സ് മുന്നോട്ടുവച്ച സങ്കൽപ്പനത്തിനെതിരല്ല, മറിച്ച് അതിനെ കൂടുതൽ വികസിപ്പിക്കുകയും പ്രയോഗത്തിന്റെ രംഗത്ത് വേണ്ട വ്യക്തത വരുത്തുകയുമാണ് ലെനിൻ അതിലൂടെ ചെയ്തത്.
ഉൽപ്പാദനത്തിന്റെ വ്യത്യസ്ത തലങ്ങൾ, അവസ്ഥ, തൊഴിലാളികളുടെ വരുമാനത്തിലെ വ്യത്യാസങ്ങൾ എന്നിവയെല്ലാം ട്രേഡ് യൂണിയൻ സമരങ്ങളിലൂടെ വികസിച്ചുവരുന്ന തൊഴിലാളികളുടെ ബോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മാത്രമല്ല, ലെനിൻ തന്റെ കൃതിയിൽ കൃത്യമായി ചൂണ്ടിക്കാണിക്കുന്നതുപോലെ വർഗപരമായ രാഷ്ട്രീയബോധം തൊഴിലാളികളിൽ സൃഷ്ടിക്കപ്പെടുന്നത്, ബാഹ്യ ഇടപെടലിലൂടെയാണ്. അവിടെയാണ് വിപ്ലവസിദ്ധാന്തത്താൽ ആയുധമണിഞ്ഞ വിപ്ലവ സംഘടനയുടെ പങ്ക് തെളിഞ്ഞുവരുന്നത്. ആദ്യകാലത്ത് വിപ്ലവപ്രസ്ഥാനത്തിൽ ചേർന്ന വിപ്ലവകാരികളായ ബുദ്ധിജീവികളിലൂടെയാണ് വിപ്ലവസിദ്ധാന്തം വിപ്ലവപ്രസ്ഥാനത്തിലേക്ക് എത്തിച്ചേരുന്നത്. അങ്ങനെയാണ് മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിപ്ലവപാർട്ടി ‘പുറത്തുനിന്നുള്ള’ ഏജൻസിയായി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്നത്. അന്റോണിയോ ഗ്രാംഷിയുടെ ജെെവബുദ്ധിജീവികൾ എന്ന സങ്കൽപ്പനത്തെ ഇതുമായി ചേർത്തുവായിക്കാവുന്നതാണ്. അതായത് തൊഴിലാളികൾക്കിടയിൽനിന്നുതന്നെ വളർന്നുവരുന്ന ബുദ്ധിജീവികൾക്ക് സ്വാഭാവികമായും തൊഴിലാളികളിൽ വർഗബോധം വളർത്തിക്കൊണ്ടുവരുന്നതിൽ നിർണായകമായ പങ്കുവഹിക്കാനാകും.
1890കളുടെ അവസാനം വരെ റഷ്യയിൽ ഏറെക്കുറെ ചിന്നിച്ചിതറിയ കുറേ സോഷ്യൽ ഡെമോക്രാറ്റിക് സ്റ്റഡി സർക്കിളുകളല്ലാതെ ദേശീയാടിസ്ഥാനത്തിൽ, ജർമനിയിലും മറ്റു ചില പശ്ചിമയൂറോപ്യൻ രാജ്യങ്ങളിലും ഉണ്ടായിരുന്നതുപോലെ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, അതായത് തൊഴിലാളിവർഗത്തിന്റേതായ ഒരു പാർട്ടി നിലവിൽ വന്നിരുന്നില്ല. ട്രേഡ് യൂണിയനുകൾ പോലും അക്കാലത്ത് അഖില റഷ്യ അടിസ്ഥാനത്തിൽ നിലവിൽ വന്നിരുന്നില്ല, ചില പ്രദേശങ്ങളിലും ചില വ്യവസായകേന്ദ്രങ്ങളിലും മാത്രമായി ഒതുങ്ങിനിൽക്കുകയായിരുന്നു അവയും. പ്രാദേശികമായി പ്രവർത്തിച്ചിരുന്ന ഈ സ്റ്റഡി സെന്ററുകളെയും യൂണിയനുകളെയും കൂട്ടിയിണക്കി കേന്ദ്രീകൃതമായ ശക്തമായ ഒരു തൊഴിലാളിവർഗ വിപ്ലവപാർട്ടി, സാറിസ്റ്റ് സേ-്വച്ഛാധിപത്യത്തെ കടപുഴക്കിയെറിയാൻ കെൽപ്പുറ്റ ഒരു പാർട്ടി കെട്ടിപ്പടുക്കുകയെന്ന ദൗത്യമായിരുന്നു ലെനിന് പ്രധാനമായും ഏറ്റെടുക്കേണ്ടിയിരുന്നത്.
പൊലീസിന്റെയും ഭരണകൂടത്തിന്റെയും അടിച്ചമർത്തലുകളെ അതിജീവിക്കാൻ ഒളിവിൽ പ്രവർത്തിക്കുന്ന പാർട്ടിയെന്ന നിലയിൽ മാത്രമല്ല ലെനിൻ കേന്ദ്രീകൃതമായ പാർട്ടി ഉണ്ടാവണമെന്ന കാഴ്ചപ്പാട് അവതരിപ്പിച്ചത്. അതിലുപരി തൊഴിലാളിവർഗത്തെ രാഷ്ട്രീയബോധമുള്ളവരാക്കി സംഘടിപ്പിക്കാനും തൊഴിലാളി–കർഷകഐക്യം കെട്ടിപ്പടുക്കാനും ശേഷിയുള്ള കേന്ദ്രീകൃത രാഷ്ട്രീയ നേതൃത്വത്തിൻ കീഴിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയമായി ഏകോപിപ്പിക്കപ്പെട്ട ഒരു പാർട്ടി കെട്ടിപ്പടുക്കുകയെന്ന ആശയമാണ് ലെനിൻ മുന്നോട്ടുവച്ചത്. അതിനകം രൂപീകരിക്കപ്പെട്ട റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ നേതൃത്വത്തിന്റെയും പാർട്ടിയുടെ മുഖപത്രമായി പ്രസിദ്ധീകരണമാരംഭിച്ച ഇസ്ക്രയുടെ പത്രാധിപസമിതിയുടെയും (പ്ലെഖാനോവും വേര സാസുലിച്ചും മാർത്തോവും ആക്സൽ റോഡും ലെനിനും ഉൾപ്പെടെയുള്ളവരായിരുന്നു പാർട്ടി നേതൃത്വവും ഇസ്ക്ര പത്രാധിപസമിതിയും) സമ്പൂർണമായ അംഗീകാരവും പിന്തുണയും ഈ നിർദേശത്തിനു നേടിയെടുക്കാനും ലെനിനു കഴിഞ്ഞു. അങ്ങനെയാണ് ലെനിൻ ‘‘എന്തുചെയ്യണം? നമ്മുടെ പ്രസ്ഥാനം നേരിടുന്ന തീക്ഷ്ണമായ പ്രശ്നങ്ങൾ’’ എന്ന പേരിൽ ലഘുലേഖ തയ്യാറാക്കി ഇസ്ക്രയിൽ പ്രസിദ്ധീകരിച്ചത്.
1901 മെയ് മാസത്തിൽ Where to begin ? (എവിടെ നിന്ന് തുടങ്ങണം?) എന്ന ശീർഷകത്തിൽ ലെനിൻ ആദ്യം ഒരു ലേഖനം പ്രസിദ്ധീകരിച്ചു. എന്തുചെയ്യണം എന്ന കൃതിയിൽ പിന്നീട് അദ്ദേഹം മുന്നോട്ടുവച്ച ഏറെക്കുറെ എല്ലാ ആശയങ്ങളും ലെനിൻ ഈ കൃതിയിൽ അവതരിപ്പിക്കുകയുണ്ടായി. വിവിധ വിഭാഗങ്ങളിൽനിന്നുയർന്നുവന്ന ആ ലേഖനത്തോടുള്ള പ്രതികരണങ്ങൾക്കുള്ള വിശദീകരണങ്ങളും ചേർത്താണ് ലെനിൻ എന്തുചെയ്യണം എന്ന കൃതി രചിച്ചത്.
ശക്തമായ ഭരണകൂടത്തെ എതിരിടണമെങ്കിൽ സർവശക്തിയും സമാഹരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന കേന്ദ്രീകൃത നേതൃത്വമുള്ള ഒരു പാർട്ടി അനിവാര്യമാണെന്നതാണ് ഈ കൃതിയിൽ ലെനിൻ മുന്നോട്ടുവച്ചിട്ടുള്ള മുഖ്യ പ്രമേയം. തൊഴിലാളിവർഗത്തിന് രാഷ്ട്രീയവും രാഷ്ട്രീയപാർട്ടിയും വേണ്ടയെന്നും സാമ്പത്തികാവശ്യങ്ങൾ നേടിയെടുക്കാനുള്ള ട്രേഡ് യൂണിയനുകൾമാത്രം മതിയെന്നുമുള്ള ബേൺസ്റ്റീന്റെയും കൂട്ടരുടെയും ഇക്കണോമിസ്റ്റുകൾ എന്നറിയപ്പെട്ടിരുന്നവരുടെയും വാദഗതികൾക്കുള്ള മറുപടിയും കൂടിയായാണ് ലെനിൻ ഈ കൃതി എഴുതിയത്.
എന്നാൽ ‘കേന്ദ്രീകൃത നേതൃത്വമുള്ള പാർട്ടി’യെന്ന ലെനിന്റെ സങ്കൽപ്പനത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുവന്നത്, റോസ ലക്സംബർഗായിരുന്നു. എന്നാൽ കേന്ദ്രീകൃത നേതൃത്വമെന്നാൽ അത് ജനാധിപത്യത്തിനന്യമെന്നല്ല ലെനിൻ കണ്ടത്. എല്ലാ അധികാരവും കേന്ദ്ര നേതൃത്വത്തിൽ നിക്ഷിപ്തമായ പാർട്ടിയെന്നല്ല, മറിച്ച് കേന്ദ്രീകൃതമായ ഒരു രാഷട്രീയതന്ത്രവും ഏകീകൃതമായ രാഷ്ട്രീയനയവും ഉറപ്പാക്കുന്ന ഒരു സംഘടനാനയം ഉണ്ടായിരിക്കണമെന്നതായിരുന്നു ലെനിൻ മുന്നോട്ടുവച്ച കാഴ്ചപ്പാട്. ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുവിൽ ലെനിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നാൽ പരസ്യമായ രാഷ്ട്രീയ പ്രവർത്തനസ്വാതന്ത്ര്യമില്ലാതിരുന്ന, അടിച്ചമർത്തലുകൾ നേരിട്ടിരുന്ന, നിയമവിരുദ്ധ പ്രവർത്തനത്തിനു മാത്രം സാധ്യതയുണ്ടായിരുന്ന സാറിസ്റ്റ് റഷ്യയിൽ ഉൾപ്പാർട്ടി ജനാധിപത്യം നടപ്പാക്കുന്ന കാര്യത്തിൽ പരിമിതി ഉണ്ടായിരുന്നു. അതുകൊണ്ടാണ് എന്തുചെയ്യണം എന്ന കൃതിയിൽ കേന്ദ്രീകരണത്തിന് ലെനിൻ കൂടുതൽ ഊന്നൽ നൽകിയത്. സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് ഉൾപ്പാർട്ടി ജനാധിപത്യം ജീവവായുപോലെ പ്രധാനമാണെന്നും ലെനിൻ കണ്ടിരുന്നു. അതനുസരിച്ചാണ് കമ്യൂണിസ്റ്റ് ഇന്റർനാഷണൽ ലെനിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാതത്വത്തിന് പിൽക്കാലത്ത് രൂപംനൽകിയത്.
1907ൽ, അതിന് മുൻപ് പല ഘട്ടങ്ങളിലായി ലെനിൻ എഴുതിയ ലേഖനങ്ങൾ Twelve Years (പന്ത്രണ്ട് വർഷം) എന്ന ശീർഷകത്തിൽ സമാഹരിച്ച് പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ ആമുഖത്തിൽ ലെനിൻ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്: ‘‘എന്തുചെയ്യണം എന്ന കൃതിയുടെ വിമർശകർക്ക് സംഭവിച്ച അടിസ്ഥാനപരമായ പിശക് മൂർത്തമായ ചരിത്ര പശ്ചാത്തലവുമായും പാർട്ടിയുടെ വളർച്ചയിലെ നിശ്ചിത കാലഘട്ടവുമായും ബന്ധപ്പെടുത്തി ആ ലഘുലേഖയെ കണ്ടുവെന്നതാണ്’’ (12 വർഷം എന്ന ലേഖന സമാഹാരത്തിനുള്ള ആമുഖം (1908). സമാഹൃത കൃതികൾ, വോള്യം 13, പേജ് 101). ലെനിന്റെ കൃതിയിൽ മുന്നോട്ടുവെച്ച സംഘടനാശെെലി അതാത് കാലത്തെ മൂർത്തമായ സാഹചര്യത്തിനനുസരിച്ചായിരിക്കണം നടപ്പാക്കേണ്ടത് എന്നാണ് ഈ വാക്കുകളിൽ ലെനിൻ വ്യക്തമാക്കുന്നത്. ഈ കൃതി രചിച്ച 1901–02 കാലത്തെ സാറിസ്റ്റ് സേ-്വച്ഛാധിപത്യവാഴ്ചയുടെ സാഹചര്യം 1905ലെ വിപ്ലവാനന്തരം പരിമിതമായെങ്കിലും മാറിയ കാര്യവും ലെനിൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ലെനിനിസ്റ്റ് സംഘടനാതത്വത്തിന്റെ ആറ്റിക്കുറുക്കിയ രൂപമാണ് ജനാധിപത്യകേന്ദ്രീകരണമെന്നത്. തൊഴിലാളിവർഗത്തിന്റെ വിപ്ലവപാർട്ടി പ്രവർത്തിക്കുന്ന മൂർത്തമായ സാഹചര്യത്തിനനുയോജ്യമായ വിധം കേന്ദ്രീകരണത്തിന്റെയും ജനാധിപത്യത്തിന്റെയും സംയോജനമുള്ള ഒരു ചട്ടക്കൂടിനെയാണ് ജനാധിപത്യകേന്ദ്രീകരണം എന്ന് വിശേഷിപ്പിച്ചത്. അതായത് സേ-്വച്ഛാധിപത്യസമൂഹത്തിൽ നടപ്പാക്കുന്നതുപോലെ ആയിരിക്കില്ല ജനാധിപത്യ സ്വാതന്ത്ര്യം പരിമിതമായെങ്കിലും നിലവിലുള്ള സമൂഹത്തിൽ ഈ സംഘടനാതത്വം പ്രയോഗിക്കേണ്ടത്. അതേസമയംതന്നെ തൊഴിലാളിവർഗത്തിന്റെ വിപ്ലവപാർട്ടിയുടെ സംഘടനാതത്വം ഏതു സാഹചര്യത്തിലും ജനാധിപത്യകേന്ദ്രീകരണം തന്നെയായിരിക്കും. പ്രയോഗിക്കുന്നതിൽ കാലാനുസരണമുള്ള മാറ്റമുണ്ടാകുമെന്നു മാത്രം.
മുതലാളിത്ത വ്യവസ്ഥയെ തകർത്ത് തൽസ്ഥാനത്ത് ക്രമേണ സോഷ്യലിസം സ്ഥാപിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റു പാർട്ടിയെ സംബന്ധിച്ചിടത്തോളം ജനാധിപത്യകേന്ദ്രീകരണം അതിന്റെ അടിസ്ഥാന രാഷ്ട്രീയനയത്തിന്റെ ഭാഗമാണ്. മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽനിന്നുള്ള പരിഷ്കരണം മാത്രം ലക്ഷ്യമിടുന്ന വലതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകളെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സംഘടനാതത്വത്തിന്റെയും സംഘടനയുടെ തന്നെയും ആവശ്യമുയരുന്നില്ല. പാർലമെന്ററി സംവിധാനത്തിൽ തിരഞ്ഞെടുപ്പുകളെ നേരിടാൻ മാത്രമുള്ളതായിരിക്കരുത് തൊഴിലാളിവർഗ പാർട്ടിയുടെ സംഘടന എന്നതായിരുന്നു ലെനിൻ മുന്നോട്ടുവച്ച സങ്കൽപ്പനം; ജനാധിപത്യ സംവിധാനങ്ങൾ എത്രത്തോളം പരിമിതമാണെങ്കിലും അതുപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കുന്ന ലെനിൻ, തൊഴിലാളിവർഗത്തെ സംഘടിപ്പിക്കാനും അവരെ നയിക്കാനും വിപ്ലവ ബഹുജനപ്രസ്ഥാനം കെട്ടിപ്പടുക്കാനും മുന്നോട്ടുകൊണ്ടുപോകാനും വേണ്ട കരുത്തുള്ളതായിരിക്കണം പാർട്ടിയെന്നും വ്യക്തമാക്കുന്നുണ്ട്.
അവിടെയാണ് ലെനിൻ മുന്നോട്ടുവയ്ക്കുന്ന പ്രൊഫഷണൽ വിപ്ലവകാരികളുടെ സംഘടനയായിരിക്കണം പാർട്ടിയെന്ന സങ്കൽപ്പനത്തിന്റെ പ്രസക്തി. ‘‘എന്തു ചെയ്യണം’’ എന്ന കൃതിയുടെ നാലാമത്തെ അധ്യായത്തിൽ ലെനിൻ പറയുന്നു: ‘‘വിപ്ലവകാരികളുടെ സംഘടന പ്രഥമവും പ്രധാനവുമായി വിപ്ലവപ്രവർത്തനം തൊഴിലാക്കിയവരുടേതായിരിക്കണം’’. ഇതിന്റെ ഭാഗമായാണ് തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പടയായിരിക്കണം (Vanguard) പാർട്ടിയെന്ന ആശയം ലെനിൻ മുന്നോട്ടുവച്ചത്. എന്നാൽ 1905ലെ വിപ്ലവാനന്തരം സാഹചര്യത്തിൽ മാറ്റമുണ്ടായതോടെ ഈ നിലപാടിൽ ലെനിൻ അയവുവരുത്തുന്നതായും കാണാം. അങ്ങനെയാണ് 1905ലെ ഒന്നാം വിപ്ലവാനന്തരം സജീവമായി സമരരംഗത്തുവന്ന ആയിരക്കണക്കിന് വർഗബോധമുള്ള തൊഴിലാളികളെ പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ച് ലെനിൻ ചിന്തിച്ചത്. 1905ലെ വിപ്ലവപോരാട്ടത്തെത്തുടർന്ന്, തൊഴിലാളികൾ വർഗബോധത്തിൽ നിന്ന് രാഷ്ട്രീയബോധത്തിലേക്ക്, അതായത്, സോഷ്യലിസ്റ്റ് ബോധത്തിലേക്ക് ഉയർന്നുവരുന്നതായി ലെനിൻ കണ്ടു. അങ്ങനെയാണ് പാർട്ടിയുടെ പൂർണ സമയപ്രവർത്തകർക്ക് പുറമെ പ്രൊഫ-ഷണൽ വിപ്ലവകാരികൾക്കുപുറമെ തൊഴിലാളിവർഗത്തിൽനിന്നുള്ള അസംഖ്യം അംഗങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ബോൾഷെവിക് പാർട്ടി തീരുമാനിച്ചത്.
തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പടയെന്ന, പാർട്ടിയെ സംബന്ധിച്ച ലെനിന്റെ സങ്കൽപ്പനം യഥാർഥത്തിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്സും എംഗൽസും മുന്നോട്ടുവച്ച ആശയത്തെ ആധാരമാക്കി രൂപം കൊടുത്തതാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറയുന്നതിങ്ങനെയാണ്.: ‘‘ഓരോ രാജ്യത്തെയും തൊഴിലാളി വർഗപാർട്ടികളിലെ ഏറ്റവുമധികം പുരോഗമിച്ചതും നിശ്ചയദാർഢ്യമുള്ളതുമായ വിഭാഗങ്ങളും ഉൾപ്പെടുന്നതാണ് കമ്യൂണിസ്റ്റുകാർ; സെെദ്ധാന്തികമായി, തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ അവസ്ഥയെയും മുന്നോട്ടുള്ള ഗതിക്രമത്തെയും ആത്യന്തികമായി അതുണ്ടാക്കുന്ന പൊതുവായ ഫലങ്ങളെയും സംബന്ധിച്ച് വ്യക്തമായ ധാരണയുള്ളവരായിരിക്കും അവർ; തൊഴിലാളി ജനവിഭാഗങ്ങളെക്കാൾ ഉപരിയായിരിക്കും അവർ.’’ കേവലം റഷ്യൻ സാഹചര്യത്തിലെ ലെനിന്റെ കൂട്ടിച്ചേർക്കലല്ല മുന്നണിപ്പടയെന്ന സങ്കൽപ്പനം എന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഈ വാക്കുകൾ വ്യക്തമാക്കുന്നു.
രാഷ്ട്രീയബോധവും സംഘടനകളും തമ്മിലുള്ള വെെരുദ്ധ്യാത്മകതയാണ് മുന്നണിപ്പടയുമായി ബന്ധപ്പെട്ട ലെനിന്റെ സിദ്ധാന്തത്തിൽ കാണാനാവുന്നത്. ‘എന്തു ചെയ്യണം’ എന്ന കൃതിയിൽ (മൂന്നാം അധ്യായം, മൂന്നാമത്തെ ഖണ്ഡം) ലെനിൻ വ്യക്തമാക്കുന്നത് ഇങ്ങനെ: ‘‘എല്ലാ വിധത്തിലുള്ള സേ-്വച്ഛാധിപത്യവാഴ്ചകൾക്കും അടിച്ചമർത്തലിനും അക്രമത്തിനും അപമാനിക്കലുകൾക്കുമെതിരായി പ്രതികരിക്കാൻ തൊഴിലാളികളെ പരിശീലിപ്പിക്കണം; ഏതുവർഗത്തെയാണ് അതുബാധിക്കുകയെന്നു നോക്കാതെ തന്നെ പ്രതികരിക്കാൻ തൊഴിലാളിവർഗത്തെ പ്രാപ്തമാക്കണം.’’ ഇത്തരത്തിലുള്ള രാഷ്ട്രീയബോധത്തിലേക്ക് തൊഴിലാളിവർഗത്തെ ഉയർത്തുമ്പോഴാണ് കർഷകജനത അഭിമുഖീകരിക്കുന്ന ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ പോരാടാനും അതിലൂടെ തൊഴിലാളി–കാർഷക ഐക്യം കെട്ടിപ്പടുക്കാൻ നേതൃത്വപരമായ പങ്കുവഹിക്കാനും അവർക്ക് കഴിയുന്നത്.
എന്തുചെയ്യണം എന്ന ലെനിന്റെ കൃതി ഇസ്ക്രയെന്ന റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ (ആർഎസ്-ഡിഎൽപി) മുഖപത്രത്തിലാണ് പ്രസിദ്ധീകരിച്ചത്. ആ ഘട്ടത്തിൽ ഇസ്ക്രയുടെ പത്രാധിപസമിതി ഏകകണ്ഠമായാണ് അത് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ ആ കൃതിയിൽ ലെനിൻ മുന്നോട്ടുവച്ച സങ്കൽപ്പനങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആർഎസ്ഡിഎൽപിയുടെ രണ്ടാം കോൺഗ്രസിൽ (1903) എത്തിയപ്പോൾ പിന്നീട് മെൻഷെവിക്കുകളായി മാറിയ വേര സാസുലിച്ച്, മാർത്തോവ്, പ്ലെഖാനോവ് തുടങ്ങിയവർ ശക്തമായി എതിർത്തു. ഇത് തുറന്നു കാണിക്കുന്നത് സിദ്ധാന്തമെന്ന നിലയിൽ അംഗീകരിക്കുന്ന കാര്യങ്ങൾ തന്നെ പ്രയോഗത്തിൽ വരുത്തേണ്ടി വരുമ്പോൾ എതിർക്കുന്ന റിവിഷനിസ്റ്റുകളുടെ ഇരട്ടത്താപ്പാണ് . പാർട്ടി മെമ്പർഷിപ്പുമായി ബന്ധപ്പെട്ടാണ് ഏറ്റവും രൂക്ഷമായ തർക്കങ്ങൾ ആർഎസ്ഡിഎൽപിക്കുള്ളിൽ ഉയർന്നുവന്നത്. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തന്നെ ലെനിന് മെൻഷെവിക്കുകളുമായി നടത്തേണ്ടതായി വന്നു. 1904ൽ എഴുതിയ ‘ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്’ എന്ന കൃതിയിലും ലെനിൻ ഈ ചർച്ച തുടരുന്നുണ്ട്.
1906ൽ ചേർന്ന ആർഎസ്ഡിഎൽപിയുടെ യൂണിറ്റി കോൺഗ്രസ്സിൽ (ബോൾഷെവിക് –മെൻഷെവിക് സംയുക്ത കോൺഗ്രസ്) അഥവാ 4–ാം കോൺഗ്രസിൽ അവതരിപ്പിച്ച സംഘടനാരേഖയിലെ മെമ്പർഷിപ്പ് ചട്ടങ്ങൾ സംബന്ധിച്ച ഭാഗം സംബന്ധിച്ച് ലെനിൻ തയ്യാറാക്കിയ കരടിന് ബദലായി മെൻഷെവിക്കായ മാർത്തോവ് മറ്റൊരു കരട് തയ്യാറാക്കി. ലെനിൻ തയ്യാറാക്കിയ കരടിൽ ഇങ്ങനെയാണ് വ്യക്തമാക്കിയത്. ‘‘പാർട്ടി പരിപാടി അംഗീകരിക്കുകയും സാമ്പത്തികമായി പാർട്ടിയെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനുപുറമെ പാർട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു സംഘടനയിൽ വ്യക്തിപരമായി പങ്കാളിയാവുകയും ചെയ്യുന്ന ആളായിരിക്കണം പാർട്ടി അംഗം.’’ മാർത്തോവ് പറയുന്നതുകൂടി നോക്കാം: ‘‘ പാർട്ടി പരിപാടി അംഗീകരിക്കുകയും പാർട്ടി സംവിധാനങ്ങളുടെ നിർദേശങ്ങളും നിയന്ത്രണവും പ്രകാരം അതിന്റെ ലക്ഷ്യങ്ങൾ കെെവരിക്കാനായി സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന ആളായിരിക്കണം റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ അംഗം’’… ഒറ്റനോട്ടത്തിൽ ഈ രണ്ടുരേഖകളും തമ്മിൽ അവഗണിക്കാവുന്നത്ര നിസ്സാരമായ വ്യത്യാസമേയുള്ളൂവെന്ന് തോന്നാം. എന്നാൽ ലെനിൻ ഊന്നിപ്പറയുന്ന കാര്യം ‘‘പാർട്ടി സംഘടനയിലെ പങ്കാളിത്തം’’ ആവശ്യമാണെന്നാണ്. അതായത്, പാർട്ടി സംഘടനയ്ക്കുള്ളിൽനിന്ന് പ്രവർത്തിക്കുന്നവർക്കായിരിക്കണം പാർട്ടി മെമ്പർഷിപ്പ് എന്നാണർഥം. അങ്ങനെയാകുമ്പോൾ പാർട്ടിയുടെ അച്ചടക്കത്തിനു വിധേയമായിരിക്കും ആ അംഗം. മാർത്തോവിന്റെ വാദമനുസരിച്ചാണെങ്കിൽ പാർട്ടിയുടെ നിയന്ത്രണത്തിനു വിധേയനായിരുന്നാൽ മതി. 1906ലെ ആർഎസ്ഡിഎൽപിയുടെ യൂണിറ്റി കോൺഗ്രസ്സാണ്, അതിൽ ലെനിൻ അവതരിപ്പിച്ച രേഖയിലാണ് പാർട്ടി മെമ്പർഷിപ്പിനെക്കുറിച്ചെന്നപോലെ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്വത്തെ സംബന്ധിച്ചും വ്യക്തത വരുത്തിയത്. ലെനിനിസ്റ്റ് പാർട്ടി എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച കൃത്യമായ രൂപരേഖയാണ് എന്തുചെയ്യണം എന്ന ലെനിന്റെ കൃതി മുന്നോട്ടുവയ്ക്കുന്നത്. l