Friday, October 18, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍പത്രാധിപത്യത്തിൽനിന്ന് കർഷകനേതൃത്വത്തിലേക്ക്‐ 1

പത്രാധിപത്യത്തിൽനിന്ന് കർഷകനേതൃത്വത്തിലേക്ക്‐ 1

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 52

പ്രൈമറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായ ഒരു കുട്ടി അടുത്തവർഷം നാട്ടിൽ ഹൈസ്കൂൾ തുടങ്ങാൻ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിക്ക് നിവേദനം നൽകുന്നതിനുള്ള സംഘത്തിൽ ഉൾപ്പെടുക‐ അതും രാജഭരണകാലത്ത്. സ്കൂൾ രക്ഷാകർത്തൃസംഘത്തിന്റെ നിവേദനസംഘത്തിൽ ഉൾപ്പെടുത്തപ്പെട്ട ആ വിദ്യാർഥിയുടെ പേരാണ് പി.നാരായണൻനായർ. തൃശൂർ ചേലക്കരയിലെ വെള്ളിയാട്ട് നാരായണൻനായരുടെയും പേരാട്ട് പാറുക്കുട്ടിയമ്മയുടെയും മകനായി 1907ൽ ജനിച്ച പി.നാരായണൻനായർ കിള്ളിമംഗലത്ത് പിതാവിന്റെ വീട്ടിൽ താമസിച്ചാണ് സ്കൂളിൽ പോയത്. കണ്ണിൽ രക്തം കട്ടപിടിച്ചുനിൽക്കുന്ന അസുഖമുള്ളതിനാൽ ചെറുപ്പത്തിലേതന്നെ കാഴ്ചയ്‌ക്ക് പരിമിതിയുണ്ടായിരുന്നു. ചേലക്കരയിൽ അക്കാലത്ത് പ്രൈമറിക്കപ്പുറം പഠിക്കാൻ സൗകര്യമില്ല. രക്ഷാകർത്താക്കളുടെ രണ്ടു പ്രതിനിധികളും വിദ്യാർഥിപ്രതിനിധിയായി നാരായണൻനായരും തൃശൂരിലേക്ക് വണ്ടികയറുകയാണ്‐ വിദ്യാഭ്യാസ ഡയറക്ടറായ ചെറിയാൻ മത്തായിയെ കാണാൻ. ചേലക്കര കോവിലകത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന ഹാളിൽ ലോവർ സെക്കൻഡറി, അതായത് അപ്പർ പ്രൈമറി സ്കൂൾ നടപ്പുവർഷംതന്നെ തുടങ്ങണം. ആ നിവേദനത്തിലെ ആവശ്യം നടപ്പാകുന്നു. ചേലക്കരയിൽത്തന്നെ പി.എൻ. (ഇനി മുതൽ അങ്ങനെ പ്രയോഗിക്കാം‐ ഡോ.പി.കെ.ആർ. വാരിയരാണെന്ന് തോന്നുന്നു നാരായണൻനായരെ പി.എൻ. എന്നു മാത്രം സംബോധനചെയ്യാൻ തുടങ്ങിയത്. ഡോ.വാരിയർ ഒരു സർജന്റെ ഓർമക്കുറിപ്പുകൾ എന്ന ആത്മകഥയിൽ പി.എന്നിനെപ്പറ്റി എഴുതിയതുസംബന്ധിച്ച് ഈ ലേഖനത്തിൽ പിന്നീട് പ്രതിപാദിക്കാം).

ചേലക്കര ലോവർ സെക്കൻഡറി സ്കൂളിലെ സാഹിത്യസമാജം സെക്രട്ടറിയായ പി.എൻ. സ്കൂളിലെ ഭാഷാധ്യാപകനായെത്തിയ വിദ്വാൻ ആർ.സി.ശർമ താമസിക്കുന്ന ലോഡ്ജിൽ കൂട്ടുകാരോടൊപ്പം ഇടയ്ക്കിടെ പോകുന്നു. ശർമ പ്രശസ്ത എഴുത്തുകാരനായ എ.ഡി.ഹരിശർമയുടെ അനുജനാണ്. മാഷുടെ മുറിയിൽ പി.എന്നിനെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്തത് പുസ്തകങ്ങളാണ്, ആനുകാലികങ്ങളാണ്. ഇന്ദുലേഖയും ശാരദയും മാർത്താണ്ഡവർമയും ആശാന്റെയും വള്ളത്തോളിന്റെയും കാവ്യങ്ങളും.. പിന്നെ ആത്മപോഷിണി, രസികരഞ്ജിനി, വിദ്യാവിനോദിനി തുടങ്ങിയ മാസികകൾ. അവയിലൂടെ പുതിയൊരു ലോകം തുറന്നുകിട്ടുകയായിരുന്നു. അതോടൊപ്പം വീട്ടിൽ ഇടയ്ക്കുവിരുന്നുവരുന്ന ചിലർ വർത്തമാനപത്രങ്ങളുമായാണ് വരുന്നത്. അവർ തന്റെ പിതാവിന് വായിച്ചുകൊടുക്കുന്നതും തുടർന്ന് വായിക്കാൻ കൊടുക്കുന്നതുമായ പത്രങ്ങൾ.. ഒന്നാം ലോകയുദ്ധത്തിന്റെ വാർത്തകളാണതിൽ. മുതിർന്നവർ വായിക്കുന്നത് കേട്ടും പിന്നെ വീട്ടിൽ അവർ വെച്ചുപോയ പത്രങ്ങൾ പലയാവൃത്തി വായിച്ചും ലോകത്തിന്റെ പോക്ക് മനസ്സിലാക്കുകയായിരുന്നു ആ കുട്ടി. ആനിബസന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹോം റൂൾ പ്രസ്ഥാനം, ജാലിയൻവാലാ ബാഗ് സംഭവം‐ എന്നിവയെക്കുറിച്ചെല്ലാം പത്രങ്ങളിലൂടെ മനസ്സിലാക്കുന്നു. വടക്കാഞ്ചേരിയിലെ ഹൈസ്കൂളിൽ പഠിച്ചത് പല വീടുകളിൽ ഗസ്റ്റായി താമസിച്ച്. വടക്കാഞ്ചേരിക്കടുത്ത് മുളങ്കുന്നത്തുകാവിലാണ് മഹാകവി വള്ളത്തോൾ കലാമണ്ഡലം ആദ്യം തുടങ്ങിയത്. 1922‐23 കാലത്ത് ആ സ്ഥാപനവുമായി ബന്ധപ്പെടാൻ വടക്കാഞ്ചേരി സ്കൂളിലെ വിദ്യാർഥിയും സാഹിത്യസമാജം സെക്രട്ടറിയുമായ പി.എന്നിന് സാധിച്ചു. കലാമണ്ഡലത്തിന്റെ പ്രധാനിയായ മകുന്ദരാജ, വള്ളത്തോളിന്റെ സന്തതസഹചാരിയായ നാലാപ്പാട്ട് നാരായണമേനോൻ എന്നിവരെല്ലാമായി അടുത്തു ബന്ധപ്പെടാൻ അവസരം ലഭിക്കുന്നു. നാലാപ്പാടൻ വടക്കാഞ്ചേരിയിൽ ആരംഭിച്ച പ്രസ്സിലെ സ്ഥിരക്കാരനാകുന്നു പി.എന്നും സുഹൃത്തുക്കളും. അച്ചടി, പത്രം, പൊതു ഇടം എന്നിവയോടുള്ള അദ്ദേഹത്തിന്റെ മമതാബന്ധം കൂടിക്കൂടിവരുന്നു.

സ്കൂൾ ഫൈനൽ പാസായ ഉടൻതന്നെ തേൻകുറിശ്ശി സ്കൂളിൽ പ്രഥമാധ്യാപകനായി ചേരുകയാണ്. കോളേജിൽ പോകണമെന്നാണാഗ്രഹമെങ്കിലും അന്നത്തെ സാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല. വൈക്കം സത്യാഗ്രഹം നടക്കുന്ന കാലമാണത്. ശന്പളം കിട്ടാൻ തുടങ്ങിയതോടെ മാതൃഭൂമിയും ഹിന്ദുവും വരുത്താൻ തുടങ്ങിയിരുന്നു. നാട്ടിലും പുറത്തും നടക്കുന്ന സംഭവവികാസങ്ങൾ സസൂക്ഷ്മം ശ്രദ്ധിക്കാൻ അത് സഹായകമായി. ഗാന്ധിജിയും ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരവും അയിത്തോച്ചാടന പ്രവർത്തനവുമൊക്കെ പത്രങ്ങളിലൂടെ മനസ്സിൽ രൂഢമൂലമാവാൻ തുടങ്ങിയതോടെ അധ്യാപനം മടുത്തു. എന്തോ വീർപ്പുമുട്ടൽ. പി.എൻ മദിരാശിയിലേക്ക് വണ്ടികയറി. നാട്ടുകാരനായ കൃഷ്ണവാരിയർ മദിരാശിയിൽ വക്കീലാണ്. നാട്ടിൽവന്നപ്പോൾ കണ്ടു സംസാരിച്ചിട്ടുണ്ട്. വിലാസവുമറിയാം. മദിരാശിയിൽ കൃഷ്ണവാരിയർവക്കീലിന്റെ വീട്ടിൽ താമസിച്ച് ജോലി തിരക്കിനടന്നു. റിലയൻസ് എൻജിനിയറിങ് കമ്പനിയിൽ വക്കീൽതന്നെ ജോലി വാങ്ങിക്കൊടുത്തു. പക്ഷേ താല്പര്യം പത്രത്തിലാണ്. ജോലി കഴിഞ്ഞ് വൈകിട്ടു മടങ്ങുമ്പോൾ ഹിന്ദുവടക്കമുള്ള പത്രങ്ങളുടെ ഓഫീസുകൾക്കു മുന്നിൽപോയി മലയാളികളായ പത്രാധിപന്മാരെ കാണാൻ ശ്രമിച്ചു. കോൺഗ്രസിന്റെ മറുപക്ഷത്തു നിൽക്കുന്ന ജസ്റ്റിസ് പത്രത്തിന്റെ പ്രധാന ചുമതലക്കാരൻ പാലക്കാട് കൊടുവായൂരിലെ കെ.വി.മേനോൻ എന്ന കളവരമ്പത്ത് വാസുദേവമേനോനാണെന്ന് പി എൻ മനസ്സിലാക്കി. ചെറിയ ശന്പളത്തിൽ പത്രാധിപ ട്രെയിനിയായി നിയമനം. ജസ്റ്റിസ് പത്രത്തിലെ വരുമാനവും ട്യൂഷനിലൂടെയുള്ള വരുമാനവുമായി മദിരാശിയിൽ താമസിച്ചുവരുകയാണ്. അപ്പോഴാണ് 1927‐ലെ കോൺഗ്രസ് ദേശീയ സമ്മേളനത്തിന് ആ നഗരം വേദിയാകുന്നത്.

ഗാന്ധിജിയും നെഹ്റുവും പങ്കെടുത്ത കോൺഗ്രസ് രാഷ്ട്രീയസമ്മേളനത്തിൽ പ്രതിനിധിയല്ലെങ്കിലും പൂർണമയും ശ്രോതാവായിരുന്നു നാരായണൻനായർ. കോൺഗ്രസ്സിനകത്ത് രൂപപ്പെട്ടുവരുന്ന ഇടതുപക്ഷവിഭാഗമായ നാഷണൽ യൂത്തുലീഗിന്റെ പ്രവർത്തകരുമായി അടുത്തുപരിചയപ്പെടാൻ അദ്ദേഹത്തിന്‌ ഈ സന്ദർഭം പ്രയോജനപ്പെട്ടു. എസ്.എസ്. മിറാജ്കർ, എസ്.വി.ഘാട്ടെ എന്നിവരുമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ചത് ഇടതുപക്ഷബോധത്തിലേക്ക് അടിവെക്കാൻ പ്രേരകമായി. താൻ പ്രവർത്തിക്കുന്ന പത്രമായ ജസ്റ്റിസ് ഉയർത്തിപ്പിടിക്കുന്ന നയമല്ല, നെഹ്റു വിഭാവനംചെയ്യുന്ന രാഷ്ട്രീയമാണ് സ്വീകരിക്കേണ്ടത്, ദേശീയപ്രസ്ഥാനമാണ് അനീതിക്കെതിരെ പൊരുതുന്നത്, അതുമായി താദാത്മ്യം പ്രാപിക്കേണ്ടതുണ്ടെന്ന ബോധമാണ് മദിരാശി കോൺഗ്രസ് പി.എന്നിലുണ്ടാക്കിയത്. സാർവദേശീയ‐ദേശീയരാഷ്ട്രീയത്തെക്കുറിച്ച് ആഴത്തിലും പരപ്പിലും പഠിക്കുന്നതിലേക്കും ആ മാറ്റം വഴിതെളിച്ചു. ഒപ്പം ഇംഗ്ലീഷ് സാഹിത്യത്തിൽ അവഗാഹം നേടലും. അങ്ങനെയിരിക്കെ മാതൃഭൂമി പത്രാധിപരായ പി.രാമുണ്ണിമേനോൻ രോഗബാധിതനായി ചികിത്സക്ക് മദിരാശിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. തന്റെ ഓഫീസിനടുത്താണ് ആശുപത്രിയെന്നതിനാൽ പി.എൻ. അവിടെ നിത്യസന്ദർശകനായി. കേരളത്തിലെ കോൺഗ്രസ് പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ രാമുണ്ണിമേനോനുമായുള്ള ചർച്ചകൾ സഹായകമായി. ജസ്റ്റിസ് പാർട്ടിയും ജസ്റ്റിസ് പത്രവുമാകട്ടെ പൂർണമായും കോൺഗ്രസ് വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. ബ്രാഹ്മണ മേധാവിത്വത്തിനെതിരായ അവരുടെ ശക്തമായ നിലപാടിനെ പിന്തുണയ്ക്കുമ്പോഴും ബ്രിട്ടീഷ് അനുകൂലനിലപാടുമായി പൊരുത്തപ്പെടുന്നതെങ്ങനെ. പി.നാരായണൻനായർ തന്റെ ഇഷ്ടജോലി രാജിവെച്ച് നേരെ ഗുരുവായൂരിലേക്കാണ് പോയത്. അവിടെ ഗുരുവായൂർക്ഷേത്രപ്രവേശന സത്യാഗ്രഹം നടക്കുയാണ്. സത്യാഗ്രഹ ക്യാമ്പിൽ ഏതാനും ദിവസം താമസിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ നേതാക്കളുമായി അടുത്തുപരിചയപ്പെടുന്നതിനും പ്രസ്ഥാനത്തിൽ സജീവമാകുന്നതിനും ക്യാമ്പിലെ താമസം സഹായകമായി.

മദിരാശിയിൽനിന്ന് തിരിച്ചെത്തി കോൺഗ്രസ്സിൽ സജീവമയപ്പോഴേക്കും മാതൃഭൂമി പത്രാധിപസമിതിയിലേക്ക് അദ്ദേഹം നിയമിതനായി. മാതൃഭൂമി ഡയറക്ടറും കെ.പി.സി.സി. സെക്രട്ടറിയുമായ കെ.മാധവൻനായർ വിളിപ്പിച്ച് ചർച്ച നടത്തിയ ശേഷം നിയമനം നടത്തുകയായിരുന്നു. 1932 തുടക്കത്തിലായിരുന്നു അത്. ഏതാനും മാസത്തിനകം മാതൃഭൂമി പത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും പത്രാധിപരായി പി.എൻ. നിയമിതനായി. വിചാരണ കൂടാതെ തടവിൽ കഴിയുകയായിരുന്ന സത്യഭൂഷൺ ഗുപ്തയെ അദ്ദേഹത്തിന്റെ മാതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പരോളിൽ വിടാത്ത സംഭവത്തിൽ ധൈര്യമോ ധിക്കാരമോ എന്ന തലക്കെട്ടിൽ ഒരു മുഖപ്രസംഗം കൊടുത്തതിന്റെ പേരിൽ പത്രത്തിന് ആയിരം രൂപ പിഴ വിധിച്ചു. പിഴയടയ്‌ക്കാൻ നിർബദ്ധമായെങ്കിലും മൂന്ന് മാസം മുഖപ്രസംഗമെഴുതാതെ പ്രതിഷേധിക്കുകയായിരുന്നു പത്രം. ബംഗാളിലെ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു സത്യഭൂഷൺ ഗുപ്ത.

1934 ജനുവരിയിൽ ഗാന്ധിജി കേരളത്തിൽ പര്യടനത്തിനെത്തിയപ്പോൾ മാതൃഭൂമി സന്ദർശിച്ചു. ആയിടെ നിര്യാതനായ കെ.മാധവൻനായരുടെ ഛായാപടം അനാഛാദനംചെയ്യാനെത്തിയ ഗാന്ധിജിയെ സ്വാഗതം ചെയ്യാൻ അവസരം ലഭിച്ചത് പി.എന്നിനാണ്‌. തുടർന്ന് ഗാന്ധിജിയുടെ കേരളപര്യടനത്തിൽ മഹാസമ്മേളനങ്ങളിൽ ഗാന്ധിജിയുടെ പ്രസംഗം തർജമചെയ്യുന്നതിനുള്ള അവസരം ലഭിച്ചതും അദ്ദേഹത്തിനാണ്‌.

1934 അവസാനത്തോടെ കോൺഗ്രസ്സിൽ ഇടതുപക്ഷവും വലതുപക്ഷവും നേർക്കുനേർ ആശയസമരം തുടങ്ങിയതോടെ കാര്യങ്ങൾ കുഴമറിഞ്ഞു. ആദ്യം സോഷ്യലിസ്റ്റ് പക്ഷത്തായിരുന്ന കേളപ്പനും സി.കെ.ഗോവിന്ദൻനായരും പെട്ടെന്ന് വലതുപക്ഷത്തേക്ക് മാറി. ഇടതുപക്ഷത്തിന്റെ ശക്തനായ വക്താവായ നാരായണൻനായരുമായി കേളപ്പൻവിഭാഗത്തിന് നീരസം വളരാൻ തുടങ്ങി. മുമ്പ് പത്രാധിപരായിരുന്ന കേളപ്പൻ ആ സ്ഥാനത്തേക്ക് വീണ്ടും വരാൻ താല്പര്യം പ്രകടിപ്പിച്ചു. മാതൃഭൂമി ഡയറക്ടർ ബോർഡ് നാരായണൻനായരെ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി നിലനിർത്തി; കേളപ്പനെ പത്രത്തിന്റെ അധിപനാക്കി. അതോടെ ജോലിയിൽ തുടർന്നുകൊണ്ടുതന്നെ പി.എൻ. സി.എസ്.പി.യുടെ പ്രധാന സംഘാടകനായി പ്രവർത്തനം തുടങ്ങി. കൃഷ്ണപിള്ളയുടെ നിർദേശാനുസരണം കർഷകപ്രസ്ഥാനത്തിന്റെയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെയും സംഘാടകനായി.

ഗാന്ധിജിയുടെ സന്ദർശനത്തിലെന്നപോലെ കോൺഗ്രസ്സധ്യക്ഷൻ രാജേന്ദ്രപ്രസാദിന്റെ കേരളസന്ദർശനത്തിലും സഹയാത്രികനാവാൻ പി.എന്നിന് അവസരം ലഭിച്ചു. മലബാറിലും കൊച്ചിയിലും ഗാന്ധിജിയുടെ പ്രസംഗം തർജമ ചെയ്തത് പി.എന്നും സി.എച്ച്. കുഞ്ഞപ്പയുമാണ്. പട്ടാമ്പിയിൽ സ്വീകരിക്കാൻ ദേവകി നിലയങ്ങോടിന്റെ നേതൃത്വത്തിൽ ഒരു സംഘം അന്തർജനങ്ങൾ താലപ്പൊലിയുമായെത്തിയ കാര്യം പി.എൻ. ആത്മകഥയിൽ വിവരിക്കുന്നുണ്ട്. 1936നു ശേഷം പൂർണമായും രാഷ്ട്രീയപ്രവർത്തകനായ പി.എൻ. 35 മുതൽ 39 വരെ എല്ലാ എ.ഐ.സി.സി സമ്മേളനങ്ങളിലും പ്രതിനിധിയായിരുന്നു. 37ൽ കെ.പി.സി.സി. ട്രഷററും 39ൽ കെ.പി.സി.സി. സെക്രട്ടറിയുമായി. കോൺഗ്രസ്സിൽ സോഷ്യലിസ്റ്റ് ഗ്രൂപ്പ് പ്രവർത്തനമാരംഭിച്ചപ്പോൾ അതിനൊരു പ്രത്യയശാസ്ത്ര പുസ്തകം അനിവാര്യമായി. സോഷ്യലിസത്തെക്കുറിച്ച് ജയപ്രകാശ് നാരായണൻ എഴുതിയ പുസ്തകം സോഷ്യലിസം എന്തിന് എന്ന പേരിൽ നാരായണൻനായർ തർജമചെയ്ത് മാതൃഭൂമി പ്രസിദ്ധപ്പെടുത്തി. ഈ പുസ്തകമാണ് കോൺഗ്രസ് സോഷ്യലിസ്റ്റുകാരും അക്കാലത്ത് രൂപീകൃതമായിക്കൊണ്ടിരുന്ന വർഗ‐ബഹുജനസംഘടനകളും പ്രചാരണത്തിനായി ഉപയോഗിച്ചത്.

1930കളുടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ കോഴിക്കോട് തിരുവണ്ണൂർ കോട്ടൺമിൽ, ഫറോക്കിലെ ഓട്ടുകമ്പനികൾ എന്നിവ കേന്ദ്രീകരിച്ച് തൊഴിലാളി സംഘടനകൾ വളർന്നുവന്നു. പി.കൃഷ്ണപിള്ളയും എ.കെ.ജി.യും കെ.പി.ഗോപാലനുമടക്കമുള്ള നേതാക്കൾ അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. സംഘടനാപ്രവർത്തനം അടിച്ചമർത്താൻ മുതലാളിമാർ ബ്രിട്ടീഷ് സർക്കാരിന്റെ സഹായത്തോടെ ശ്രമിച്ചുപോന്നു. ഇതിനെതിരെ കെ.പി.ഗോപാലൻ നടത്തിയ ഉപവാസസമരം 10 ദിവസം നീണ്ടുനിന്നു. ഈ ഘട്ടത്തിലാണ് കൃഷ്ണപിള്ളയുടെ നിർദേശാനുസരണം പി.നാരായണൻനായർ ട്രേഡ് യൂണിയൻ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൊതുയോഗങ്ങളിലും വീട്ടുമുറ്റ യോഗങ്ങളിലും പ്രസംഗിക്കുക, സമരം ചെയ്യുന്നവർക്ക് ഭക്ഷണസാധനങ്ങൾ സംഘടിപ്പിച്ചു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ. തൊഴിലാളികൾക്ക് കൊടുക്കാനായി വലിയങ്ങാടിയിലെ ഒരു കച്ചവടക്കാരൻ മാതൃഭൂമിയിലെത്തി രണ്ടു ചാക്ക് അരി താൻ സംഭാവനചെയ്യുന്നതായി പറഞ്ഞപ്പോഴുണ്ടായ സന്തോഷം മറക്കാനാവില്ലെന്ന് പി.എൻ. രേഖപ്പെടുത്തുകയുണ്ടായി. പീടിക തൊഴിലാളി യൂണിയൻ, സോപ്പ് തൊഴിലാളി യൂണിയൻ, പ്രസ്‌ തൊഴിലാളി യൂണിയൻ എന്നീ മൂന്ന് ട്രേഡ് യൂനിയൻ സംഘടനകൾ പി.എൻ. മുൻകയ്യെടുത്ത് രൂപീകരിച്ചു. മൂന്നിന്റെയും പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു.

ഇതേസമയത്തുതന്നെ കർഷകസംഘം പ്രവർത്തനം വ്യാപിപ്പിക്കുന്നതിലും പി.എൻ. ശ്രദ്ധപതിപ്പിച്ചു. 1937ൽ അഖില മലബാർ കർഷകസംഘം രൂപീകൃതമായി. പി.എൻ. പ്രസിഡന്റും കേരളീയൻ സെക്രട്ടറിയുമായി. 1940ൽ ജയിലിലാകുന്നതുവരെ ആ ചുമതല പി.എൻ നിർവഹിച്ചു. തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭം തുടങ്ങിയപ്പോൾ മലബാറിൽനിന്ന് നേതാക്കളെ അയക്കാൻ കെ.പി.സി.സി. തീരുമാനിച്ചു. പി.കൃഷ്ണപിള്ള, ഇ.എം.എസ്, കെ.എ.ദാമോദരമേനോൻ, പി.നാരായണൻ നായർ എന്നിവരടങ്ങിയ ഉപസമിതിയെയാണ് കെ.പി.സി.സി. നിയോഗിച്ചത്. എറണാകുളം കേന്ദ്രീകരിച്ച് ഉത്തരവാദസമരവുമായി ബന്ധപ്പെട്ട് പുറത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയാണ് പി.എൻ. നിർവഹിച്ചത്. സ്റ്റേറ്റ് കോൺഗ്രസ്സിന്റെ സമരത്തിൽ പങ്കെടുക്കുന്ന സോഷ്യലിസ്റ്റ് അഭിപ്രായക്കാരെ കണ്ടെത്തി ഏകോപിപ്പിക്കുകയെന്ന രഹസ്യമായ ഒരു ലക്ഷ്യംകൂടി കെ.പി.സി.സി. ഉപസമിതിയിലെ കെ.എ.ദാമോദരമേനോൻ ഒഴികെയുള്ളവർക്കുണ്ടായിരുന്നു. റാഡിക്കൽ യൂത്ത് ലീഗിന്റെ രൂപീകരണം അങ്ങനെയാണ്. ആർ.ശങ്കരനാരായണൻ തമ്പി, കെ.സി.ജോർജ്, സി.എസ്. ഗോപാലപിള്ള തുടങ്ങിയവരെല്ലാം അതിന്റെ ഭാഗമായി കണ്ടെത്തിയ കാഡർമാരാണ്. പി.കൃഷ്ണപിള്ളയും കെ.ദാമോദരനും തിരുവിതാംകൂറിൽ കേന്ദ്രീകരിച്ച് യൂത്തുലീഗിന്റെ പ്രവർത്തനങ്ങൾക്ക് ഒത്താശചെയ്തുപോന്നു. യൂത്തുലീഗ് സംഘടിപ്പിക്കുന്നതിനായി പി.നാരായണൻനായർ തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു. കാഡർമാരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ആ യാത്രയ്‌ക്കിടയിൽ പന്തളത്ത് രണ്ടുദിവസം താമസിച്ചു. സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായ എം.എൻ. ഗോവിന്ദൻനായരെ കണ്ടുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പന്തളം യാത്ര. രണ്ടുദിവസം ഒരുമിച്ചു താമസിച്ച് നീണ്ട ചർച്ചകൾ. റാഡിക്കൽ യൂത്തുലീഗിന്റെ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കണമെന്ന പി.എന്നിന്റെ സ്നേഹപൂർണമായ നിർദേശം എം.എൻ. അംഗീകരിച്ചു‐ ഒരു കണ്ടീഷനോടെ. താൽക്കാലികമായി മാത്രമേ പറ്റൂ എന്ന കണ്ടീഷൻ.. പക്ഷേ പിന്നീട് എം.എൻ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥാപകനേതാക്കളിലൊരാളാവുകയായിരുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × three =

Most Popular