Friday, November 8, 2024

ad

Homeഇവർ നയിച്ചവർഎം ബസവപുന്നയ്യ: സൈദ്ധാന്തികനായ പോരാളി‐ 1

എം ബസവപുന്നയ്യ: സൈദ്ധാന്തികനായ പോരാളി‐ 1

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എമ്മിന്റെ ആദ്യ പൊളിറ്റ്‌ ബ്യൂറോയിൽ അംഗമായിരുന്ന നവരത്‌നങ്ങളിൽ മറ്റൊരാളാണ്‌ എംബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട മക്കിനേനി ബസവപുന്നയ്യ. മാർക്‌സിസ്റ്റ്‌ സൈദ്ധാന്തികരംഗത്ത്‌ കനപ്പെട്ട സംഭാവനകൾ ചെയ്‌ത നേതാവാണദ്ദേഹം. പ്രായോഗികരംഗത്തും മികഞ്ഞ ദിശാബോധമുണ്ടായിരുന്ന അദ്ദേഹം ഐതിഹാസികമായ തെലങ്കാന നേതാക്കളിലൊരാളാണ്‌.

ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ തുർപ്പുപ്പാളം ഗ്രാമത്തിൽ 1914 ഡിസംബർ 14നാണ്‌ ബസവപുന്നയ്യ ജനിച്ചത്‌. ധനിക കർഷകകുടുംബമായിരുന്നു എംബിയുടേത്‌. പിതാവിന്റെ പേര്‌ വെങ്കിപ്പയ്യ. കുട്ടിക്കാലം മുതൽ അനീതിയോട്‌ സന്ധിയില്ലാതെ പൊരുതുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. തനിക്ക്‌ ശരിയല്ലെന്നു തോന്നുന്നതിനെ ചോദ്യംചെയ്യുകയും എതിർക്കുകയും ചെയ്യുകയെന്ന സമീപനം അദ്ദേഹം ഒരിക്കലും കൈവിട്ടിട്ടുമില്ല.

കുട്ടിയായിരുക്കുമ്പോൾ തന്നെ വായനയോട്‌ വല്ലാത്ത ഒരു അഭിനിവേശമാണ്‌ അദ്ദേഹം പുലർത്തിയത്‌. വർത്തമാപത്രങ്ങളായാലും ആനുകാലികങ്ങളായാലും പുസ്‌തകങ്ങളായാലും തേടിപ്പിടിച്ച്‌ അദ്ദേഹം വായിക്കും. നോവൽ, കഥ, കവിത തുടങ്ങിയ സർഗാത്മക സാഹിത്യസൃഷ്ടികൾ ഏതും അത്യുത്സാഹത്തോടെ വായിക്കും. അതുകൊണ്ടുതന്നെ ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കെ തെലുങ്കു സാഹിത്യത്തിന്‌ നല്ല പരിജ്ഞാനം ആർജിക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു.

മസുലിപ്പട്ടണം നോബിൾ കോളേജിലും ഗുണ്ടൂരിലെ ക്രിസ്‌ത്യൻ കോളേജിലുമായിട്ടായിരുന്നു എംബിയുടെ ഉന്നതവിദ്യാഭ്യം. കോളേജ്‌ കാലമായപ്പോഴേക്കും വായനയുടെ ലോകം കൂടുതൽ വിശാലമായി. രാഷ്‌ട്രീയ ലേഖനങ്ങളും പുസ്‌തകങ്ങളുമായി അദ്ദേഹത്തിന്റെ വായനാലോകത്തിൽ അധികവും. കോളേജ്‌ വിദ്യാഭ്യാസകാലത്തുതന്നെ മികച്ച പ്രാസംഗികനെന്ന നലയിലും അംഗീകാരം നേടിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചു. അതുകൊണ്ടുതന്നെ സമർഥനായ വിദ്യാർഥിനേതാവെന്നും അദ്ദേഹം വ്യാപകമായി അറിയപ്പെട്ടു.

സ്വാതന്ത്ര്യസമരത്തിന്റെ ആവേശം അലതല്ലുന്ന വേളയിലാണല്ലോ അദ്ദേഹത്തിന്റെ ബാല്യകൗമാരങ്ങൾ പിന്നിട്ടത്‌. സ്വാതന്ത്ര്യസമരത്തോട്‌ അങ്ങേയറ്റത്തെ ആഭിമുഖ്യവും ആവേശവും പ്രകടിപ്പിച്ച അദ്ദേഹം കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു. വിദേശവസ്‌ത്ര ബഹിഷ്‌കരണത്തിലും വിസ്സഹകരണപ്രസ്ഥാനത്തിലും വിദ്യാർഥികളെ അണിനിരത്താൻ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ചു. 1934ൽ തന്റെ 20‐ാം വയസ്സിൽ എംബി കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായിക്കഴിഞ്ഞു. അതിനുശേഷമാണ്‌ അദ്ദേഹം കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയിൽ അംഗമായത്‌.

ആന്ധ്ര പ്രൊവിൻഷ്യൽ വിദ്യാർഥി ഫെഡറേഷന്റെ സമുന്നത നേതാക്കളിലൊരാളായി എംബി വളരെവേഗം മാറി. 1936ൽ ലക്‌നൗവിൽ ചേർന്ന വിദ്യാർഥിസമ്മേളനം ചരിത്രപ്രധാനമാണ്‌. 200 പ്രാദേശിക വിദ്യാർഥിഘടകങ്ങളിൽനിന്നും പതിനൊന്നു പ്രവിശ്യകളിൽനിന്നുമായി 986 പ്രതിനിധികൾ പങ്കെടുത്ത ആ സമ്മേളനത്തിലാണ്‌ ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (എഐഎസ്‌എഫ്‌) രൂപീകരിക്കപ്പെട്ടത്‌. മുഹമ്മദ്‌ അലി ജിന്നയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജവഹർലാൽ നെഹ്‌റു ആണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, സർദാർ വല്ലഭ്‌ഭായ്‌ പട്ടേൽ, സരോജിനി നായിഡു, ഡോ. എസ്‌ രാധാകൃഷ്‌ണൻ, സി രാജഗോപാലാചാരി തുടങ്ങിയ സമുന്നത നേതാക്കൾ ആശംസാസന്ദേശങ്ങൾ അയച്ചു. അവ സമ്മേളനവേദിയിൽ വായിച്ചു.

എഐഎസ്‌എഫ്‌ രൂപീകരണസമ്മേളനത്തിലേക്ക്‌ ആന്ധ്രയിൽനിന്നുള്ള വിദ്യാർഥികളെ നയിച്ചത്‌ ബസവപുന്നയ്യയാണ്‌. പ്രേം നാരായൺ ഭാർഗവയായിരുന്നു സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാനായി പ്രവർത്തിച്ചത്‌. സ്വാതന്ത്ര്യസമരത്തിൽ വിദ്യാർഥികളുടെ പങ്കാളിത്തം വർധിപ്പിച്ച്‌ പോരാട്ടത്തിന്‌ ശക്തികൂട്ടുകയാണ്‌ എഐഎസ്‌എഫിന്റെ ലക്ഷ്യമെന്ന്‌ സ്വാഗതം ആശംസിച്ചുകൊണ്ട്‌ ഭാർഗവ വ്യക്തമാക്കി. എല്ലാവിധ വർഗീതയകളെയും വിഭാഗീയതകളെയും ചെറുക്കുന്ന പ്രസ്ഥാനമായിരിക്കും എഐഎസ്‌എഫ്‌ എന്ന്‌ ഭാർഗവ പറഞ്ഞു.

പ്രേം നാരായൺ ഭാർഗവയെ ആദ്യ ജനറൽ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു. ജോയിന്റ്‌ സെക്രട്ടറിമാരിൽ ഒരാളായി എംബി തിരഞ്ഞെടുക്കപ്പെട്ടു. നേതാജി സുഭാഷ്‌ചന്ദ്രബോസ്‌, കമ്യൂണിസ്റ്റ്‌ പാർട്ടി നേതാവ്‌ പി സി ജോഷി, സോഷ്യലിസ്റ്റ്‌ പാർട്ടി നേതാവ്‌ ജയ്‌പ്രകാശ്‌ നാരായൺ എന്നിവരുൾപ്പെടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലെ അതികായരെല്ലാം എഐഎസ്‌എഫ്‌ നേതൃത്വവുമായി നിരന്തരം സന്പർക്കം പുലർത്തിയിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടി, എഐഎസ്‌എഫിലേക്ക്‌ നേതാക്കളെയും കേഡർമാരെയും നിയോഗിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

എഐഎസ്‌എഫിന്റെ ആദ്യസമ്മേളനത്തിനുശേഷം മൂന്നുമാസം പിന്നിട്ടപ്പോൾ രണ്ടാം സമ്മേളനം 1936 നവംബർ 21 മുതൽ 23 വരെ ചേർന്നു. ലാഹോറിൽ വെച്ചാണ്‌ ഈ സമ്മേളനം നടന്നത്‌. ശരത്‌ചന്ദ്രബോസിന്റെ അധ്യക്ഷതയിൽ ചേർന്ന ഈ സമ്മേളനമാണ്‌ എഐഎസ്‌എഫിന്റെ ഭരണഘടന അംഗീകരിച്ചത്‌. പഞ്ചാബ്‌ പ്രവിശ്യ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഡോ. സത്യപാൽ ആണ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. എഐഎസ്‌എഫിനെ ലോക വിദ്യാർഥിസംഘടനയിൽ അഫിലിയേറ്റ്‌ ചെയ്യാൻ ഈ സമ്മേളനമാണ്‌ തീരുമാനിച്ചത്‌. സമ്മേളനം പ്രേം നാരായൺ ഭാർഗവയെ ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.

എഐഎസ്‌എഫിന്റെ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായി എം ബസവപുന്നയ്യ രണ്ടുവർഷക്കാലം പ്രവർത്തിച്ചു. ഡീറ്റൻഷൻ സമ്പ്രദായം അവസാനിപ്പിക്കുക, വിദ്യാലയങ്ങളിൽ പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തുക, വിദ്യാഭ്യാസസമ്പ്രദായം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഒട്ടേറെ വിദ്യാർഥിസമരങ്ങൾക്ക്‌ അദ്ദേഹം ഈ കാലയളവിൽ നേതൃത്വം നൽകി.

1935 ഫെബ്രുവരിയിൽ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ ആന്ധ്രപ്രദേശ്‌ സമ്മേളനത്തിൽ ആ പാർട്ടിയുടെ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിമാരിലൊരാളായ ഇ എം എസ്‌ പങ്കെടുക്കുകയുണ്ടായി. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയിലെ കമ്യൂണിസ്റ്റുകാരനായ പ്രതിനിധിയായിരുന്നു എംബി. അവർ ഇരുവരും പരിചയപ്പെട്ടത്‌ ആ സമ്മേളനസമയത്തായിരുന്നു.

സിഎസ്‌പിയുടെ നേതൃത്വത്തിൽ നിരവധി രാഷ്‌ട്രീയ പഠനക്ലാസുകൾ നടത്തപ്പെട്ടു. കമ്യൂണിസ്റ്റ്‌ പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി, പാർട്ടി നേതാക്കളായ ആർ ഡി ഭരദ്വാജ്‌, ദേശ്‌പാണ്ഡെ തുടങ്ങിയവർ ക്ലാസെടുത്തു. നെടുമ്പോലുവിൽ നടന്ന രാഷ്‌ട്രീയ പഠനക്ലാസിൽ പി സുന്ദരയ്യയാണ്‌ ക്ലാസെടുത്തവരിൽ ഒരാൾ. മാർക്‌സിസം‐ലെനിനിസത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസായിരുന്നു പി സുന്ദരയ്യയുടേത്‌. ആ ക്ലാസ്‌ എംബിയിൽ വലിയ സ്വാധീനമാണ്‌ ഉണ്ടാക്കിയത്‌.

26‐ാം വയസ്സിൽ ജില്ലാ സെക്രട്ടറി
ബിരുദം നേടിയതിനുശേഷം കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തകനായി എംബി മാറി. 1936ൽ പാർട്ടി ഗുണ്ടൂർ ജില്ലാ കമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആ സമയത്തും എഐഎസ്‌എഫിന്റെ നേതാവായി തുടർന്നു. 1938ൽ എഐഎസ്‌എഫിന്റെ മൂന്നാം അഖിലേന്ത്യാ സമ്മേളനം മദിരാശിയിലാണ്‌ ചേർന്നത്‌. 200 പ്രതിനിധികൾ പങ്കെടുത്ത ആ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത് കമലാദേവി ചതോപാധ്യായയാണ്‌. എം ആർ മസാനിയാണ്‌ ഉദ്‌ഘാടനസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്‌.

തൊഴിലവകാശം മൗലികമാക്കുന്ന ഭരണഘടന സോവിയറ്റ്‌ യൂണിയൻ അംഗീകരിച്ചത്‌ ആയിടയ്‌ക്കായിരുന്നു. സോവിയറ്റ്‌ യൂണിയന്റെ പുരോഗമനപരമായ ഈ നടപടിയിൽ യുഎസ്‌എസ്‌ആറിനെ അഭിനന്ദിക്കുന്ന പ്രമേയം അവതരിപ്പിക്കാൻ ബസവപുന്നയ്യയും കമ്യൂണിസ്റ്റുകാരായ പ്രതിനിധികളും ശ്രമിച്ചു. എന്നാൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച എം ആർ മസാനി ആ പ്രമേയം അവതരിപ്പിക്കാൻ അനുവദിച്ചില്ല. പ്രതിനിധികളിൽ ഭൂരിപക്ഷവും ആ പ്രമേയം അവതരിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന്‌ വ്യക്തമായി. അതോടെ മസാനി സമ്മേളനം നിർത്തിവെച്ച്‌ താമസസ്ഥലത്തേക്ക്‌ പോയി. അധ്യക്ഷന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച പ്രതിനിധികൾ മസാനി താമസിക്കുന്ന ഹോട്ടലിലെത്തി. ‘‘ഒന്നുകിൽ സമ്മേളനസ്ഥലത്ത്‌ മടങ്ങിവന്ന്‌ ഭൂരിപക്ഷത്തിന്റെ അഭിപ്രായം അംഗികരീക്കുക അല്ലെങ്കിൽ മടങ്ങിപ്പോവുക’’ എന്ന്‌ മസാനിയോട്‌ ബസവപുന്നയ്യയും കൂട്ടരും ആവശ്യപ്പെട്ടു. അതോടെ മസാനി മടങ്ങിപ്പോയി.

സർവോത്തം ഷെട്ടിയാണ്‌ തുടർന്ന്‌ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്‌. സോവിയറ്റ്‌ യൂണിയന്റെ സോഷ്യലിസ്റ്റ്‌ രാഷ്‌ട്രക്രമത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രമേയം സമ്മേളനം പാസാക്കി. മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്‌ 20 വർഷം പൂർത്തിയാക്കിയതിന്റെ പേരിൽ സോവിയറ്റ്‌ യൂണിയനെ സമ്മേളനം അഭിനന്ദിച്ചു. യുഎസ്‌എസ്‌ആറിനെതിരെ സാമ്രാജ്യത്വ ഫാസിസ്റ്റ്‌ ശക്തികൾ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ ശക്തിയായി പ്രതികരിക്കാൻ വിദ്യാർഥിസമൂഹത്തോട്‌ സമ്മേളനം ആഹ്വാനംചെയ്‌തു.

1940ൽ എംബി കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഗുണ്ടൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഗുണ്ടൂർ ജില്ലാ സെക്രട്ടറിയായിരിക്കെയാണ്‌ അദ്ദേഹം എഐഎസ്‌എഫിന്റെ പാറ്റ്‌ന സമ്മേളനത്തിൽ പങ്കെടുത്തത്‌. 1941 ഡിസംബർ ഒടുവിലും 1942 ജനുവരിയിലുമായി ചേർന്ന സമ്മേളനത്തിൽ അഞ്ഞൂറിലേറെ പ്രതിനിധികൾ പങ്കെടുത്തു. രണ്ടാംലോകയുദ്ധം ആരംഭിച്ചപ്പോൾ യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ എഐഎസ്‌എഫ്‌ മുന്നിട്ടു പ്രവർത്തിച്ചു. എന്നാൽ യുദ്ധത്തിന്റെ സ്വഭാവത്തിൽ മാറ്റംവന്നതോടെ അത്‌ ജനകീയയുദ്ധമായി മാറിയെന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടി പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ സ്വഭാവം മാറിയെന്ന്‌ ശക്തമായി വാദിച്ചവരിലൊരാൾ ബസവപുന്നയ്യയായിരുന്നു. രൂക്ഷമായ അഭിപ്രായസംഘട്ടനങ്ങൾക്കൊടുവിൽ യുദ്ധം ജനകീയ യുദ്ധമാണെന്ന പ്രമേയം എഐഎസ്‌എഫിന്റെ പാറ്റ്‌ന സമ്മേളനം പാസാക്കി.

യുദ്ധം ജനകീയ യുദ്ധമാണെന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടി പ്രഖ്യാപിച്ചതിനെത്തുടർന്ന്‌ ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽനിന്ന്‌ കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്തുന്ന സമീപനമാണ്‌ കോൺഗ്രസും മറ്റും കൈക്കൊണ്ടത്‌. സ്വന്തം തീരുമാനത്തിൽ അടിയുറച്ചുനിന്ന കമ്യൂണിസ്റ്റുകാർ ജനങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിച്ചു. 1942ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മേലുള്ള നിരോധനം സർക്കാർ പിൻവലിച്ചു. ഒന്നാം പാർട്ടി കോൺഗ്രസ്‌ 1943 ഫെബ്രുവരി അവസാനവും മാർച്ച്‌ ആദ്യവുമായി ചേരാൻ തീരുമാനിക്കപ്പെട്ടു. അതിനു മുന്നോടിയായി നടന്ന ആന്ധ്രപ്രദേശ്‌ സംസ്ഥാനസമ്മേളനം ബസവപുന്നയ്യയെ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. തുടർന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

സ്വത്ത്‌ വിറ്റ്‌ പാർട്ടിക്ക്‌ നൽകുന്നു
പാർട്ടിപ്രവർത്തനം ഊർജിതമായി നടത്താൻ പണം നല്ലതോതിൽ വേണമായിരുന്നു. ഈ സമയത്ത്‌ കമ്യൂണിസ്റ്റ്‌ പാർട്ടി ഉറച്ച ഒരു തീരുമാനമെടുത്തു. സമുന്നത പാർട്ടി നേതാക്കൾ തങ്ങളുടെ സ്വത്തുക്കൾ വിൽക്കുക, അതിലൂടെ കിട്ടുന്ന പണം പാർട്ടി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുക.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആ തീരുമാനം ആദ്യം തന്നെ നടപ്പാക്കിയവരിൽ ഒരാളാണ്‌ എം ബസവപുന്നയ്യ. പാരന്പര്യമായി അദ്ദേഹത്തിന്‌ ലഭിച്ച ഭൂസ്വത്തുക്കൾ വിറ്റ്‌ ലഭിച്ചത്‌ വലിയ തുകയായിരുന്നു. യാതൊരു സംശയവുമില്ലാതെ ആ പണം മുഴുവൻ അദ്ദേഹം പാർട്ടിക്കു നൽകി. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − six =

Most Popular