Friday, October 18, 2024

ad

Homeചിത്രകലമുഖത്തെഴുത്ത്‌: നാടൻകലകളിലും അനുഷ്‌ഠാനകലകളിലും

മുഖത്തെഴുത്ത്‌: നാടൻകലകളിലും അനുഷ്‌ഠാനകലകളിലും

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ലയും അനുഷ്‌ഠാനവും ഉപാസനയും ഒത്തിണങ്ങി നൃത്തം, സംഗീതം, വാദ്യം എന്നീ കലകളുടെ മികവിലൂടെ നാടൻ കലാരൂപങ്ങളും അനുഷ്‌ഠാന കലാരൂപങ്ങളും ഇന്ന്‌ സജീവമാകുന്നു, ആസ്വാദകശ്രദ്ധ പിടിച്ചുപറ്റുന്നു. നാട്ടറിവിന്റെ വിപുലമായ ശേഖരം കൂടിയാണ്‌ നമ്മുടെ പാരന്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാകുന്ന നാടൻ കലാരൂപങ്ങൾ. തെയ്യം, തിറ, മുടിയേറ്റ്‌, കാളിയൂട്ട്‌, പടയണി തുടങ്ങിയ കലാരൂപങ്ങളിൽ മതസൗഹാർദത്തിന്റെയും മാനവികതയുടെയും ചില അടയാളപ്പെടുത്തലുകളും പ്രകടമാണ്‌, ഇതിലേറെ പ്രാധാന്യമുള്ളത്‌ ഉത്തര മലബാറിലെ തെയ്യങ്ങളാണ്‌. പല ജനസമൂഹങ്ങളെ ഒന്നിപ്പിക്കാനും പലതരത്തിലുള്ള ആചാരാനുഷ്‌ഠാനങ്ങളുമായി ബന്ധിപ്പിക്കുവാനും ഈ അനുഷ്‌ഠാനകലാരൂപത്തിന്‌ (തെയ്യം) കഴിയുന്നു. ഇത്‌ അനുഷ്‌ഠാന നൃത്തകലാരൂപം കൂടിയാണ്‌.

വിശ്വാസത്തിന്റെ/ആചാരത്തിന്റെ നാലതിരുകൾക്കുള്ളിൽനിന്ന്‌ നാടൻ കലാരൂപങ്ങൾ പുറംലോകത്തേക്ക്‌ കൂടുതൽ അറിയുകയും കലാരൂപത്തിന്റെ സാധ്യതകളെ ആസ്വാദകർ സ്വീകരിക്കുകയും മറ്റ്‌ കലാരൂപങ്ങളുമായി ഇഴചേർക്കുകയും ചെയ്യുന്ന കാലംകൂടിയാണിന്ന്‌. സംസ്ഥാനത്തെ ഫോക്‌ലോർ അക്കാദമിയുടെ പ്രവർത്തനങ്ങളും ചുരുക്കം ഗവേഷണപഠനങ്ങളും ഈ വഴിക്ക്‌ സഹായകമായിട്ടുണ്ട്‌.

വിശ്വാസികളുടെയും ആസ്വാദകരുടെയും മനസ്സിൽ പല രൂപഭാവത്തിൽ പ്രത്യക്ഷപ്പെടുന്ന തെയ്യങ്ങളെ സവർണരും അവർണരും പണ്ടുമുതൽക്കേ ആരാധിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ്‌ ക്ഷേത്രങ്ങളിലും വീടുകളിലുമൊക്കെ തെയ്യം കെട്ടിയാടിയിരുന്നത്‌. പക്ഷാഭേദമന്ന്യേ ജാതിമതചിന്തകൾക്കപ്പുറമായിട്ടാണ്‌ ഇത്തരം ഉത്സവങ്ങൾ ആഘോഷിച്ചിരുന്നത്‌. കുടുംബാംഗങ്ങൾ മറ്റാളുകളുമൊക്കെ ആയുരാരോഗ്യവും കാർഷിക സമൃദ്ധിയുമെല്ലാം ആഗ്രഹിച്ചുകൊണ്ടാണ്‌ തെയ്യാരാധന നടത്തുക. ഒരുതരത്തിൽ കലാനിർവഹണത്തിലൂടെയുള്ള ആരാധനയും ഉപാസനയുമാണിവിടെ നടക്കുന്നത്‌.

തെയ്യം പ്രധാനപ്പെട്ട ഒരനുഷ്‌ഠാന നർത്തനകലകൂടിയാണ്‌. നൃത്തവും താളവും സംഗീതവും ചിത്ര‐ശിൽപകലയുമൊക്കെ ചേർന്ന വർണമേളനങ്ങളുമായി സവിശേഷമായ കലാവിഷ്‌കാരംകൂടിയാണ്‌ നാടൻ കലാരൂപങ്ങൾ, പ്രത്യേകിച്ച്‌ തെയ്യം, പടയണി തുടങ്ങിയവ. കേരളത്തിലെ കലാനുഷ്‌ഠാനങ്ങളിൽ ശ്രദ്ധേയമാണ്‌ ‘തെയ്യാട്ടം’. കാളി, ഭഗവതി, ചാമുണ്ഡി, ശിവമൂർത്തി തുടങ്ങിയ ദേവതകൾ, പുരാണേതിഹാസ കഥാപാത്രങ്ങൾ, ദേശത്ത്‌ മരിച്ചുപോയ ഉഗ്രപ്രതാപികളായ മനുഷ്യർ തുടങ്ങിയവരുടെ സങ്കലപത്തിലൂന്നിയുള്ള നിരവധി തെയ്യങ്ങളുണ്ട്‌. ഇവയുടെ വേഷവിധാനത്തിലും രൂപത്തിലും മുഖത്തെഴുത്തിലും ആട്ടത്തിലുമൊക്കെയുള്ള വൈവിധ്യമാണ്‌ ഓരോ തെയ്യത്തെയും വേർതിരിച്ചറിയാൻ സഹായിക്കുന്നത്‌. ചില സമുദായക്കാർ പ്രകൃതിയിൽനിന്ന്‌ കിട്ടുന്ന വസ്‌തുക്കൾ ചമയത്തിനുപയോഗിക്കുന്നു. മുഖത്തെഴുത്തിന്‌ അരിചാന്ത്‌, കരി, ചുണ്ണാന്പ്‌, മഞ്ഞൾ എന്നിവ മാത്രം ഉപയോഗിക്കുന്നത്‌ വേലർ തുടങ്ങിയ സമുദായക്കാരാണ്‌. ചായില്യം, മനയോല എന്നീ പദാർഥങ്ങൾകൊണ്ട്‌ മുഖത്തെഴുത്ത്‌ നടത്തുന്നവരാണ്‌ വണ്ണാൻ, മലയൻ എന്നീ വിഭാഗക്കാർ. വേഷവിധാനങ്ങളിലും തലയിൽ ഉറപ്പിക്കുന്ന മുടികളിലും മറ്റ്‌ അലങ്കാരങ്ങളിലുമെല്ലാം ഇത്തരത്തിലുള്ള കാല‐ദേശ‐സമുദായ വ്യത്യാസങ്ങളുണ്ട്‌.

മുഖത്തെഴുത്ത്‌, മുടി, ഉടയാടകൾ, ആടയാഭരണങ്ങൾ എന്നിവയിലൂടെ ഓരോ തെയ്യത്തിന്റെയും പുരാവൃത്തം വെളിവാകുംവിധത്തിലാണ്‌ രൂപകൽപന ചെയ്‌തിരിക്കുന്നത്‌. മുഖത്തെഴുത്ത്‌ ഇവയിൽ മുഖ്യഘടകമാണ്‌. തെയ്യങ്ങളുടെ രൂപവൈവിധ്യത്തിന്‌ മുഖത്തെഴുത്തും മെയ്യെഴുത്തും (ശരീരത്തിൽ വരയ്‌ക്കുന്നത്‌) പ്രധാന സൂചകങ്ങളാകുന്നു. അരിചാന്ത്‌, മഞ്ഞൾ, കടുംചുവപ്പ്‌, മഷി, ചായില്യം, മനയോല തുടങ്ങിയവയാണ്‌ മുഖത്തെഴുത്തിന്‌ പൊതുവായി ഉപയോഗിക്കുന്നത്‌. തെയ്യത്തിൽ കെട്ടിയാടുന്ന കഥാപാത്രത്തിന്റെ തീവ്രതയനുസരിച്ച്‌ നിറങ്ങൾ തിരഞ്ഞെടുക്കുകയും അവ എണ്ണയിലും വെള്ളത്തിലും ചാലിച്ചെടുക്കുകയും ചെയ്യുന്നു. എണ്ണ മാധ്യമമാകുന്ന നിറങ്ങൾക്ക്‌ തിളക്കവും ശക്തിയും കൂടിയിരിക്കും. കുരുത്തോലയിൽ നിന്നുള്ള ഈർക്കിൽ പല കനത്തിൽ ചീകിമിനുക്കിയാണ്‌ വരയ്‌ക്കാനുള്ള ബ്രഷ്‌ നിർമിക്കുക.

മുഖത്തെഴുത്തുകൾ ഓരോ തെയ്യത്തിനും ഓരോ പേരിലും ഓരോ ശൈലിയിലും നിറത്തിലുമുള്ളവയാണ്‌. വലിയ മുടി തെയ്യങ്ങളുടെ മുഖത്തെഴുത്തിന്‌ ‘പ്രാക്കെഴുത്ത്‌’ എന്നാണ്‌ പറയുക. കുറ്റിശംഖും പ്രാക്കും, വൈരിദ്ദളം, മാൻകണ്ണിട്ടെഴുത്ത്‌, കൊടുംപുരികംവച്ചെഴുത്ത്‌, വട്ടക്കണ്ണും പുള്ളിയും, ശംഖിട്ടെഴുത്ത്‌, പുള്ളിട്ടെഴുത്ത്‌ എന്നിങ്ങനെ പലവിധ മുഖത്തെഴുത്തുകളുണ്ട്‌.

മുഖത്തെഴുത്തു പോലെയല്ലെങ്കിലും ചില തെയ്യങ്ങളിലും മറ്റ്‌ നാടൻ കലാരൂപങ്ങളിലും മെയ്യെഴുത്തിന്‌ പ്രാധാന്യമുണ്ട്‌. ആടയാഭരണങ്ങളും വേഷങ്ങളും കുറവുള്ള തെയ്യങ്ങൾക്കാണ്‌ മെയ്യെഴുത്തിന്‌ പ്രാധാന്യമുള്ളത്‌. അരിചാന്ത്‌, മഞ്ഞൾ, അരിചാന്തും മഞ്ഞളും ചേർന്നുള്ള മെയ്യെഴുത്തുകളുമുണ്ട്‌. മുഖത്തെഴുത്തും മെയ്യെഴുത്തുമെല്ലാം തെയ്യങ്ങളുടെ സ്വഭാവവിശേഷം ശക്തി, സങ്കൽപവിശേഷം എന്നിവ ആവിഷ്‌കരിക്കുവാൻ സഹായിക്കുന്നു.

മുടികളുടെ (കിരീടഭാഗങ്ങൾ) രൂപങ്ങളിലും ഉണ്ടാക്കാനുപയോഗിക്കുന്ന വസ്‌തുക്കളിലും വ്യത്യാസങ്ങളുണ്ടാകും. ഈ മുടികളിലൊക്കെ പ്രധാനമായും കുരുത്തോലയാണ്‌ ഉപയോഗിക്കുന്നത്‌. പച്ചയുടെയും മഞ്ഞയുടെയും ഷേഡുകളുള്ള കുരുത്തോല, തെയ്യങ്ങളുടെ മുഖ്യമായ അലങ്കാരവസ്‌തുവാണ്‌. മുള, കവുങ്ങ്‌ എന്നിവകൊണ്ടുള്ള ചട്ടക്കൂട്ടിൽ പട്ട്‌ (ചുവന്ന തുണി) പൊതിയുകയും അതിനുപുറത്തും ചുറ്റിലുമായി പല രൂപത്തിൽ കുരുത്തോലകൊണ്ട്‌ അലങ്കരിക്കുകയും ചെയ്യുന്നു. കുരുത്തോല കെട്ടി ഒതുക്കി, അരികുകൾ വെട്ടിയൊരുക്കിയുമാണ്‌ ഓരോ തെയ്യത്തിന്റെ രൂപഭാവങ്ങൾ അവതരിപ്പിക്കുന്നത്‌. ചില മുടികൾ ചുവന്ന തെച്ചിപ്പൂവുകൊണ്ടും ഇല, പാള എന്നിവകൊണ്ടും അലങ്കരിക്കാറുണ്ട്‌. വലിയമുടി, വട്ടമുടി, പീലിമുടി, ചട്ടമുടി, കൂന്പുമുടി ഓങ്കാരമുടി, പാളമുടി, ഓലമുടി, തൊപ്പിച്ചമയം, പുറത്തട്ട്‌ തുടങ്ങിയ പേരുകളിലുള്ള മുടികളുണ്ട്‌.

നാടൻ കലാനിർവഹണങ്ങളുടെ കാര്യത്തിൽ കേരളത്തിന്‌ വലിയൊരു പാരന്പര്യമാണുള്ളത്‌. അനേകം പരിഷ്‌കൃതമായ കലാരൂപങ്ങൾക്ക്‌ തുടക്കംകുറിക്കാൻ നാടൻ കലാരൂപങ്ങൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഇന്ന്‌ കേരളത്തിലെ തനതുകലകളെക്കുറിച്ച്‌ ഇനിയും പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. അതുപോലെ നാടൻകലകളിലെ സ്വാധീനമുൾക്കൊണ്ട (തെയ്യം ഉൾപ്പെടെ) ഇതര കലാരൂപങ്ങളിലും പഠനങ്ങളുൾപ്പെടെയുള്ള കലാവിഷ്‌കാരങ്ങൾ രൂപപ്പെടേണ്ടതുണ്ട്‌. നമ്മുടെ ചിത്ര ശിൽപകലയ്‌ക്ക്‌ പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും നാടൻകലകളുടെ ശക്തി ഉൾക്കൊണ്ട തനിമയാർന്ന ചിത്ര‐ശിൽപകലാവിഷ്‌കരണത്തിന്‌ മുഖത്തെഴുത്തിലെ രചനാസങ്കേതങ്ങളും സഹായകമാകും. (‘നാടൻകലകളുടെ സ്വാധീനം സമകാലീന ചിത്രകലയിൽ’ എന്ന വിഷയത്തിൽ ഈ ലേഖകനും കേന്ദ്ര സാംസ്‌കാരികവകുപ്പിനുവേണ്ടി പഠനം നടത്തിയിരുന്നു). കേരളീയ ചിത്ര‐ശിൽപകലയുടെ വേരുകൾ തേടിപ്പോകുമ്പോൾ ഇത്തരം കലാരൂപങ്ങൾ പഠനാർഹമാക്കേണ്ടതും പുതിയ സങ്കേതങ്ങളിലൂടെ പുതിയ രൂപഭാവത്തോടെ അവതരിപ്പിക്കേണ്ടതും സമൂഹത്തിനും വരുംതലമുറയ്‌ക്കും അനിവാര്യമാണ്‌, സമകാലീന കലാകാരരുടെ കടമയുമാണ്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five − 3 =

Most Popular