Friday, October 18, 2024

ad

Homeപുസ്തകം‘ദുഃഖഗീതികൾ പാടുവാൻ’‐ ‘ശ്യാമമാധവ’ത്തിലെ കൃഷ്‌ണദർശനം

‘ദുഃഖഗീതികൾ പാടുവാൻ’‐ ‘ശ്യാമമാധവ’ത്തിലെ കൃഷ്‌ണദർശനം

ഡോ. ആർ ശ്രീലതാവർമ

പ്രഭാവർമയുടെ ‘ശ്യാമമാധവം’ എന്ന ഖണ്ഡകാവ്യം പ്രസിദ്ധീകൃതമായിട്ട്‌ പന്ത്രണ്ട്‌ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ കാവ്യകൃതിയെ മുൻനിർത്തി അനുലോമവും പ്രതിലോമവുമാം അനവധി ചർച്ചകൾ നടന്നിട്ടുണ്ട്‌. പ്രതിലോമ ചർച്ചകളിൽ ചിലത്‌ കവിതയെ മുൻനിർത്തിയല്ല, കവിയെ മുൻനിർത്തിയായിരുന്നു എന്നും ഓർക്കുന്നു. കവിത അപ്രധാനമാകുകയും കവി പ്രധാനമാകുകയും ചെയ്യുന്ന സമീപനങ്ങൾ ഒരു പ്രകാരത്തിലും ഫലവത്തല്ല. ഇത്തരം സമീപനരീതികൾ കവിതയെ സംബന്ധിച്ചുള്ള പഠനവിശകലനങ്ങൾക്കു മാത്രമല്ല ആസ്വാദനത്തിനുപോലും തടസ്സം നിൽക്കുന്നവയാണ്‌. താൻ ജീവിക്കുന്ന സമൂഹത്തിന്റെ സ്‌പന്ദനങ്ങളാണ്‌ ഏത്‌ കവിയുടെയും രചനകളിൽ നമ്മൾ കേൾക്കുന്നത്‌. കവിയുടെ നൈതിക‐ധാർമിക ബോധങ്ങൾ, മൂല്യബോധം‐ ഇവ കവിതയുടെ സത്തയിൽ ഉൾച്ചേരുന്നു. ‘ശ്യാമമാധവം’ പോലെ ഇതിഹാസ സന്ദർഭങ്ങൾ മുൻനിർത്തിയുള്ള ഒരു കൃതിയുടെ സത്തയിൽ ഇപ്പറഞ്ഞ ബോധങ്ങൾ, അഥവാ, ബോധ്യങ്ങൾ കരുത്തുറ്റ സാന്നിധ്യമായി മാറിത്തീർന്നിരിക്കുന്നു എന്നത്‌ എടുത്തുപറയട്ടെ.

തന്റെ കൃതിയിലെ കേന്ദ്രകഥാപാത്രമായി ഇതിഹാസ‐പുരാണകഥാപാത്രമായ കൃഷ്‌ണനെ അവതരിപ്പിക്കുന്ന ഏതൊരു രചയിതാവിനും പല വെല്ലുവിളികളും നേരിടേണ്ടിവരും. കൃഷ്‌ണൻ എന്ന കഥാപാത്രത്തെ പുതിയൊരു പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കുകയാണെങ്കിൽ ഇത്തരം വെല്ലുവിളികൾ തീക്ഷ്‌ണതരങ്ങളായിരിക്കുമെന്ന്‌ വിശേഷിച്ച്‌ പറയേണ്ടതില്ല. എന്തെന്നാൽ സംവത്സരങ്ങളായി ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ പതിഞ്ഞിട്ടുള്ള കൃഷ്‌ണൻ ആനന്ദമൂർത്തിയാണ്‌, ലീലാലോലുപനാണ്‌, ആശ്രയവത്സലനനാണ്‌, ആപൽബാന്ധവനാണ്‌. ‘ശ്യാമമാധവ’ത്തിലെ കൃഷ്‌ണൻ ഇതൊന്നുമല്ല എന്നല്ല, ഇതെല്ലാമായിരിക്കെത്തന്നെ, ഇതൊന്നുമല്ലാത്ത മറ്റൊരാളാണ്‌. ആ മറ്റൊരാളെ നമുക്ക്‌ പരിചയമില്ല. നരനിൽ ഈശ്വരത്വം കലർത്തുന്ന രീതികളാണ്‌ കലകളിൽ പൊതുവെ നമ്മൾ കണ്ടു പരിചയിച്ചിട്ടുള്ളത്‌. അയാളിൽ/അവളിൽ ദൈവത്തെ കണ്ടു‐ എന്ന മട്ടിലുള്ള ചിന്തകൾക്ക്‌ അടിസ്ഥാനം മനുഷ്യനെ സാധാരണത്വത്തിൽനിന്ന്‌ ഉയർത്താനുള്ള വാസനയാണ്‌. ‘ശ്യാമമാധവ’ത്തിൽ ഈശ്വരനിൽ നരനെ കാണുന്ന കവി, ഈശ്വരനെ മനുഷ്യസാധാരണം എന്ന തലത്തിലേക്ക്‌ ഇറക്കിക്കൊണ്ടുവരികയാണ്‌. അക്ഷരാർഥത്തിൽ dowm to earth എന്ന്‌ പറയാം. ഈ മനുഷ്യസാധാരണതലം ചില പുനർവിചാരങ്ങളിലേക്ക്‌ നമ്മെ നയിക്കുന്നു. അതോടെ, വായിച്ചും കേട്ടും പരിചയിച്ച പ്രതിഷ്‌ഠ നേടിയ പലതും മാഞ്ഞുപോകുകയായി. അവയുടെ സ്ഥാനങ്ങളിൽ പുതിയ വിചാരങ്ങൾ രൂപംകൊള്ളുകയായി.

ചിരപ്രതിഷ്‌ഠ നേടിയ ഒന്നിനെ മാറ്റിപ്പണിയാൻ പുതിയ കാഴ്‌ചകൾ വേണം, കാഴ്‌ചപ്പാടുകൾ വേണം. മാറ്റിപ്പണിത ഈ കൃഷ്‌ണൻ പറയുന്നതും, പറയാതെ പറയുന്നതും ലോകമനഃസാക്ഷി ചെവിക്കൊള്ളേണ്ട, ഏറ്റെടുക്കേണ്ട വാക്കുകളാണ്‌. എന്താണ്‌ ആ വാക്കുകൾ? യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന സത്യം, യുദ്ധം സർവനാശകമാണെന്ന സത്യം, യുദ്ധത്തിലെ ജയം ജയമല്ല എന്ന സത്യം. ഇങ്ങനെ അനവധി സത്യങ്ങൾ പ്രഘോഷിക്കുന്ന വാക്കുകളാണവ. യുദ്ധത്തിന്റെ നിഷ്‌ഫലതയെക്കുറിച്ച്‌, സംഹാരത്വത്തെക്കുറിച്ച്‌ വാച്യമായി യാതൊന്നും കവി കുറിക്കുന്നില്ല. മറിച്ച്‌, പദാനുപദം ഇതേക്കുറിച്ച്‌ ഓർമപ്പെടുത്തുന്നു. മഹാഭാരതയുദ്ധത്തിൽ പോരാളിയാകാതെ, പാർഥസാരഥിയായി മാത്രം പടക്കളത്തിലിറങ്ങിയ കൃഷ്‌ണൻ, മഹായുദ്ധത്തിൽ തന്റെ പങ്ക്‌ എത്രയുണ്ടെന്ന്‌ ആത്മപരിശോധന നടത്തുന്നു. ഗീതയിലൂടെ അർജുനനിൽ വീര്യമുണർത്തിയപ്പോൾ പടവെട്ടാനുള്ള ആഹ്വാനമാണല്ലോ ഉയർന്നത്‌. ‘ശ്യാമമാധവ’ത്തിൽ, ‘അനുഗീത’ എന്നു പേരിട്ട ഏഴാം ഖണ്ഡം പലവിധത്തിലും ശ്രദ്ധേയമാണ്‌. ഈ കാവ്യകൃതി മനുഷ്യരാശിക്കായി, ലോകത്തിനായി കരുതിവച്ചിട്ടുള്ള അമൂല്യസ്വത്താണ്‌ ‘അനുഗീത’. ‘അനുഗീത’യിൽ ഒരിക്കൽക്കൂടി ഗീത കേൾക്കണം എന്ന അർജുനന്റെ ആഗ്രഹം ഇതിഹാസ സന്ദർഭത്തിലേതുപോലെ തന്നെ പ്രഭാവർമ അവതരിപ്പിച്ചിരിക്കുന്നു. പക്ഷേ ഗീത മറവിയിലാണ്ടുപോയി എന്നാണ്‌ ശ്യാമകൃഷ്‌ണൻ ഇവിടെ സാക്ഷ്യപ്പെടുത്തുന്നത്‌. സ്‌മൃതിയുടെ സൂര്യപ്രകാശം തട്ടാത്തവിധം അബോധഹിമശൃംഗത്തിൽ ഗീത ഉറഞ്ഞുപോയിരിക്കുന്നു. ‘ശ്യാമമാധവ’കാരനെ സംബന്ധിച്ചിടത്തോളം യുദ്ധാനന്തരം ഒരു വീണ്ടുവിചാരം പോലെ ഉദയംകൊള്ളുന്നതാണ്‌ ഈ മറവി. ഇതാകട്ടെ എല്ലാ ഹിംസകൾക്കും നേരെ താക്കീതായി ഉയരുന്ന അഹിംസയുടെ ചൂണ്ടുവിരലാണ്‌. യുദ്ധത്തിൽ വൻപോരാളികളുടെ വധങ്ങളിൽ തനിക്കുള്ള പ്രധാന പങ്ക്‌ ഏറ്റെടുത്തുകൊണ്ട്‌ കൃഷ്‌ണൻ നടത്തുന്ന ആത്മവിചാരണകൾ, ഏറ്റുപറച്ചിലുകൾ, പശ്ചാത്താപം‐ ഇവയെല്ലാം ‘അനുഗീത’യ്‌ക്ക്‌ മുന്പുള്ള ആറ്‌ ഖണ്ഡങ്ങളിൽ നാം കാണുന്നു. ‘അനുഗീത’യ്‌ക്ക്‌ ശേഷമുള്ള ചില സന്ദർഭങ്ങളിലും മേൽപറഞ്ഞവയുടെ തുടർച്ചയുണ്ട്‌. ‘ശ്യാമമാധവം’ എന്ന സമാപനഖണ്ഡത്തെ കാവ്യത്തിന്റെ സംഗ്രഥിതസത്തയായി കണക്കാക്കിയാൽ, പതിനാല്‌ ഖണ്ഡങ്ങൾക്കിടയിൽ ഏഴാം ഖണ്ഡമായി ‘അനുഗീത’ അക്ഷരാർഥത്തിൽ നടുനായകത്വമാളുന്നു. ‘ശ്യാമമാധവ’ കാവ്യത്തിന്റെ കാന്പും കാതലും ഗീത വിസ്‌മരിച്ച കൃഷ്‌ണനിലാണ്‌ കുടികൊള്ളുന്നത്‌. ആ കൃഷ്‌ണനിലേക്കുള്ള സഞ്ചാരവഴികളാണ്‌ അതിനു മുന്പും അതിനുശേഷവും കാവ്യത്തിലുള്ളത്‌. ഗീത നനച്ച മണ്ണിൽ സന്താപമകറ്റുന്ന ഒരു കൂമ്പെങ്കിലും പൊടിപ്പാർന്നുവോ എന്ന ചോദ്യം ‘അനുഗീത’യുടെ തുടക്കത്തിൽ തന്നെ ഉയരുന്നുണ്ട്‌. ഈ ചോദ്യത്തിനുള്ള ഉത്തരം ‘ഇല്ല’ എന്നാണ്‌. ഇക്കാര്യം കവിക്കെന്നപോലെ നമുക്കും അറിയാം. പക്ഷേ ഈ ഉത്തരത്തിനു ചുറ്റും നിരന്നുനിരന്നുവരുന്ന വിചാരങ്ങളിലേക്ക്‌ കണ്ണോടിക്കാനും അവയിൽ മനസ്സിരുത്താനും ഒരവസരം തന്നുകൊണ്ടാണ്‌ ഉത്തരമറിയാവുന്ന ചോദ്യം കവി ഉന്നയിക്കുന്നത്‌.

‘‘വെറുപ്പാകെ വെറുപ്പാലേ
മായ്‌ക്കുവാനാവതെങ്ങനെ?
ചോരയാൽ ചോര തൻ പാടു
തുടയ്‌ക്കുവാനാർക്കു സാധ്യമാം!
രക്‌തം പുരണ്ട കൈനീട്ടി
വരും വിജയിയെങ്കിലും
അവന്റെ കൈപിടിക്കുന്നോ‐
നെന്തു തോൽവിയതിൽപ്പരം!’’

ലോക മനഃസാക്ഷിയെ മരവിപ്പിച്ച രണ്ട്‌ മഹായുദ്ധങ്ങളുടെ കെടുതികൾ മനുഷ്യനുള്ള കാലം മറവിയിലാണ്ടുപോകുകയില്ല. ലോകമഹായുദ്ധങ്ങളുടെ കാലത്തു ജീവിച്ചിരുന്നവർ, ആ യുദ്ധങ്ങളെക്കുറിച്ച്‌ പിൽക്കാലത്ത്‌ വായിച്ചും പറഞ്ഞുകേട്ടും അറിഞ്ഞവർ എല്ലാവരുടെയും ബോധത്തിന്റെ അടിത്തട്ടിൽ നീറിക്കിടക്കുന്ന കനലാണ്‌ ലോകമഹായുദ്ധങ്ങളെക്കുറിച്ചുള്ള സ്‌മൃതികൾ. നൂറ്റാണ്ടുകളായുള്ള ഇസ്രയേൽ‐പലസ്‌തീൻ സംഘർഷങ്ങൾ ദാരുണമായി ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കെ, ‘വെറുപ്പിനെ വെറുപ്പാലെ മായ്‌ക്കുവാനാവാതെങ്ങനെ?’ എന്ന്‌ കവിയും നമ്മളും ഉറക്കെയുറക്കെ വീണ്ടും വീണ്ടും ചോദിക്കുന്നു. സ്‌ത്രീകളെ, കുട്ടികളെ, വൃദ്ധരെ, നവജാതശിശുക്കളെ‐ ആബാലവൃദ്ധം ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ടുള്ള ഇസ്രയേലിന്റെ കൊടും ക്രൂരതയാർന്ന സന്നാഹങ്ങൾക്ക്‌ ലോകം ഒരിക്കലും മാപ്പുകൊടുക്കില്ല. ഗാസയിൽ കൂട്ടത്തോടെ തയ്യാറാക്കപ്പെട്ട കുഴിമാടങ്ങൾ യുദ്ധത്തിന്റെ സർവനാശത്തെ, വേദനയെ അറിയിച്ചുകൊണ്ടേയിരിക്കുന്നു. ഇവിടെയാണ്‌ ‘അനുഗീത’ എന്ന ഖണ്ഡത്തിന്റെ എല്ലാക്കാലത്തേക്കുമുള്ള പ്രസക്‌തി. യുദ്ധക്കളത്തിൽ ബന്ധുക്കളോടും മിത്രങ്ങളോടും പോരാടാൻ കഴിയാതെ തളർന്നുനിന്ന അർജുനന്‌ ഗീത ഉപദേശിച്ച്‌, ക്ഷത്രിയധർമവും കർമവും യുദ്ധമാണെന്ന്‌ ഉദ്‌ബോധിപ്പിച്ച്‌ ആത്മവിര്യമുണർത്തിയ കൃഷ്‌ണൻ, പിന്നീട്‌, ഗീത മറന്നുപോയി എന്നു പറയുന്നിടത്ത്‌ തീർച്ചയായും ഒരു വഴിമാറി നടത്തയുണ്ട്‌. യുദ്ധക്കലിയോ, യുദ്ധക്കൊതിയോ പൂണ്ട മനസ്സുകളെ ഹിംസയിൽനിന്ന്‌ മോചിപ്പിക്കലാണത്‌; ഹിംസയെ വേരോടെ പിഴുതുമാറ്റി തൽസ്ഥാനത്ത്‌ അഹിംസയുടെ വേരുറപ്പിക്കുന്ന പ്രക്രിയയും.

‘‘കൊല്ലാതെ കൊള്ളാഞ്ഞതെന്തവൻ തന്നെ നീ
കൊല്ലിക്കയത്രേ നിനക്കു രസമെടോ’’

എന്ന്‌ എഴുത്തച്ഛന്റെ ഗാന്ധാരി കൃഷ്‌ണനോട്‌ പറയുന്നു. തുടർന്ന്‌, ഇന്നേക്ക്‌ മുപ്പത്തിയാറാം വർഷം നീയും നിന്റെ വംശവും ഒടുങ്ങിപ്പോകട്ടെ എന്ന്‌ ഗാന്ധാരി കൃഷ്‌ണനെ ശപിക്കുന്നു. ഗാന്ധാരീശാപം ഏറ്റുവാങ്ങിക്കൊണ്ട്‌ തനിക്ക്‌ ഇങ്ങനെ തന്നെ വരേണമെന്നാണ്‌ ആഗ്രഹം എന്ന്‌ കൃഷ്‌ണൻ പ്രതികരിച്ചു. ‘ശ്യാമമാധവ’ത്തിലെ കഥാപാത്രസൃഷ്ടിയിൽ മഹാഭാരതത്തിലെ ഈ സന്ദർഭമാണ്‌ പ്രഭാവർമയെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത്‌ എന്ന്‌ ഞാൻ കരുതുന്നു. കുറ്റബോധത്തിനും പശ്ചാത്താപത്തിനും വഴിപ്പെടുന്ന കൃഷ്‌ണനെ ‘ശ്യാമമാധവ’ത്തിലല്ലാതെ മറ്റൊരു കൃതിയിലും നമുക്കു കാണാൻ കഴിയില്ല. ഇത്തരം മനോനിലകളിലൂടെ ‘ശ്യാമമാധവ’ത്തിലെ കൃഷ്‌ണൻ കടന്നുപോകുന്നതാകട്ടെ സ്വർഗാരോഹണത്തിനു മുന്പുള്ള മുഹൂർത്തങ്ങളിലാണ്‌. വേടന്റെ അമ്പേറ്റ്‌ ലോകജീവിതം വെടിയാനൊരുങ്ങുന്ന കൃഷ്‌ണനാണ്‌ ‘ശ്യാമമാധവ’ത്തിലെ കൃഷ്‌ണൻ. കഴിഞ്ഞുപോയ സംഭവങ്ങൾ ഇരുട്ടായും വെളിച്ചമായും മറയുകയും തെളിയുകയും ചെയ്യുന്ന ഒരു നാടകശാലയാണ്‌ ഈ ശ്യാമകൃഷ്‌ണൻ. ജയദ്രഥൻ, ഗാന്ധാരി, അർജുനൻ, ധർമപുത്രർ തുടങ്ങി കുരുപാണ്ഡവരും രുഗ്‌മിണിയും രാധയും കൃഷ്‌ണന്റെ ഓർമകളിലുയർക്കുന്നു. യുദ്ധത്തിലെ ദാരുണവധങ്ങൾക്ക്‌ താൻ നിമിത്തമായിത്തീർന്നതിന്റെ തീവ്രവ്യഥയിൽ കൃഷ്‌ണൻ ഉഴലുന്നു. ഉള്ളിൽ നിറയുന്ന സങ്കടപ്പുഴ കണ്ണുനീരായി പ്രത്യക്ഷമാകുന്നില്ലെങ്കിലും ആത്മശുദ്ധീകരണത്തിനുള്ള ഉപാധിയായി ഈ വേദന കാവ്യത്തിൽ കവിയുന്നു. പറയാതെയും പങ്കുവെയ്‌ക്കാതെയും കല്ലിച്ചുപോയ വേദനകൾ തന്നോടുതന്നെ പറഞ്ഞ്‌ ഭാരമൊഴിക്കുന്ന വിധത്തിലാണ്‌ കൃഷ്‌ണന്റെ ആലോചനാലോകം കവി തുറന്നിടുന്നത്‌.

‘‘നിനക്കാവില്ലൊളിക്കാനീ
പ്രപഞ്ചക്കാട്ടുചോലയിൽ
തൊട്ടാൽ തൊട്ടതു നീലയ്‌ക്കും
നീലക്കല്ലാക കാരണം’’

ഇടശ്ശേരിയുടെ ഈ വരികൾ ‘ശ്യാമമാധവ’ത്തിന്‌ ആമുഖമായി ചേർത്തിട്ടുണ്ട്‌. ‘ഉണ്ണിക്കൃഷ്‌ണനോട്‌’ എന്ന കവിതയിൽ ഇടശ്ശേരി ഇങ്ങനെ സ്‌പർശിച്ചുപോകുന്ന ‘തൊട്ടാൽ തൊട്ടതു നീലയ്‌ക്കുന്ന’ ഭാവവും ‘ശ്യാമമാധവ’കാരന്‌ പ്രചോദനമായിത്തീർന്നു എന്നതിൽ സംശയത്തിന്‌ പഴുതില്ല. ഇതേ കവിതയിൽ ഇടശ്ശേരി ഉപസംഹരിക്കാം.

‘‘കിടക്കിവിടെ നീ ബദ്ധൻ
മറ്റുള്ളോരെക്കുടുക്കുവാൻ
മിടുക്കൻ, ഓടക്കമ്പേകാം
ദുഃഖഗീതികൾ പാടുവാൻ’’

ദുഃഖഗീതികൾ പാടുവാൻ കൃഷ്‌ണന്‌ ഓടക്കുഴൽ നൽകാമെന്ന കവിയുടെ വാഗ്‌ദാനത്തിൽ കൃഷ്‌ണന്റെ ആത്മഭാവം പ്രകാശിതമായി കാണാനുള്ള ആഗ്രഹമുണ്ട്‌. ഈ ആഗ്രഹം അഥവാ ആവശ്യം പ്രഭാവർമയുടെ ശ്യാമകൃഷ്‌ണൻ നിറവേറ്റിയിരിക്കുന്നു. സ്വന്തം മനഃസാക്ഷിക്കു മുന്നിൽ സ്വയം വിചാരണയ്‌ക്ക്‌ വിധേയനായി, ദുഃഖത്തിൽ വീണുമുഴുകി ആത്മവിശുദ്ധി നേടുകയാണ്‌ ഇവിടെ കൃഷ്‌ണൻ. ശ്യാമാകാശത്തിൽനിന്നെത്തുന്ന വേൺതേര്‌ ആകാശമാർഗത്തിലേക്ക്‌ കുതിക്കുന്നത്‌ ചിത്രരീകരിച്ചുകൊണ്ട്‌, കൃഷ്‌ണന്റെ സ്വർഗാരോഹണം ധ്വനിഭംഗിയോടെ പറഞ്ഞുകൊണ്ടാണ്‌ ‘ശ്യാമമാധവം’ സമാപിക്കുന്നത്‌. പശ്ചാത്താപത്താൽ പ്രായശ്ചിത്തം ചെയ്‌ത കൃഷ്‌ണൻ ഒരു നവനിർമിതിയാണ്‌. ഇതിഹാസ കഥാപാത്രത്തിന്റെ, പുരാണപുരുഷന്റെ ഈ നവനിർമിതി വരുംകാലത്തിനുവേണ്ടിയുള്ള മാനവികതയെയും നീതിബോധത്തെയും ഉയർത്തിപ്പിടിക്കുന്നു, സാമൂഹികക്ഷേമത്തിലും മനുഷ്യനന്മയിലും പുലരുന്നതിനായി അഹിംസ എന്ന മഹാത്വത്തെ നിരന്തരം പ്രയോഗത്തിൽ കൊണ്ടുവരാൻ ആഹ്വാനം ചെയ്യുന്നു; ഏറ്റവും കലാത്മകമായി. l

ആധാരഗ്രന്ഥങ്ങൾ
1. ശ്രീമഹാഭാരതം‐ തുഞ്ചത്തെഴുച്ഛൻ, ഡിസി ബുക്‌സ്‌, കോട്ടയം 2015
2. ഇടശ്ശേരിക്കവിതകൾ സന്പൂർണം‐ ഇടശ്ശേരി ഗോവിന്ദൻനായർ മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌ 2012
3. ശ്യാമമാധവം‐ പ്രഭാവർമ ഡിസി ബുക്‌സ്‌, കോട്ടയം 2020

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 − 2 =

Most Popular