Friday, April 25, 2025

ad

Homeനിരീക്ഷണംലാറ്റിനമേരിക്കന്‍ 
രാഷ്ട്രീയവും
 മാധ്യമ ബദലിനായുള്ള 
അന്വേഷണവും

ലാറ്റിനമേരിക്കന്‍ 
രാഷ്ട്രീയവും
 മാധ്യമ ബദലിനായുള്ള 
അന്വേഷണവും

പുത്തലത്ത് ദിനേശന്‍

ര്‍ത്തമാനകാലത്തെ മാധ്യമങ്ങളും അത് മുന്നോട്ടുവെക്കുന്ന പ്രചരണങ്ങളും രാഷ്ട്രീയ–സാമൂഹ്യ രംഗത്തെ ഏറെ സ്വാധീനിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്. സമൂഹത്തെ വ്യത്യസ്ത കോണുകളിലൂടെ വീക്ഷിക്കുന്നവര്‍ പോലും ഇക്കാര്യത്തില്‍ യോജിച്ച് നില്‍ക്കുന്നതായി കാണാം. മുതലാളിത്തം ആത്യന്തികമായി നിലനില്‍ക്കുന്നത് ബലപ്രയോഗത്തിന് മുകളിലാണെങ്കിലും ഒരുതരം സമ്മതം ജനങ്ങളില്‍ സൃഷ്ടിച്ചുകൊണ്ടാണ് അത് മറച്ചുവെക്കാനാവുന്നതെന്ന് അന്റോണിയോ ഗ്രാംഷി വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് ഉല്‍പ്പാദിപ്പിക്കുന്ന സമ്മതമാണ് മുതലാളിത്തത്തിന്റെ നിലനില്‍പ്പിന് കാരണമായിത്തീരുന്ന ഘടകങ്ങളിലൊന്നാണെന്ന് നോം ചോംസ്കിയെപ്പോലുള്ള ഇടതുപക്ഷ ചിന്തകര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ മീഡിയ ഉപദേഷ്ടാവായിരുന്ന വാട്ടര്‍മാന്‍ ഈ കാലത്തെ പ്രചരണത്തിന്റെ യുഗമെന്ന് പ്രഖ്യാപിച്ച് മാധ്യമ ഇടപെടലിന്റെ പ്രാധാന്യത്തെ എടുത്തുപറയുന്നുണ്ട്.

കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി മാധ്യമ രംഗത്തും സജീവമായി ഇടപെടുകയാണ്. ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്കെല്ലാം ഇത്തരത്തില്‍ വലിയ തോതിലുള്ള മാധ്യമ ശൃംഖലകള്‍ നിലനില്‍ക്കുന്നുണ്ട്. അമേരിക്കയെപ്പോലുള്ള രാജ്യങ്ങളിൽ അവ എത്ര ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും. അമേരിക്കന്‍ സാമ്രാജ്യത്വത്തിനുതകുന്ന പ്രചരണങ്ങള്‍ ലാറ്റിന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം മാധ്യമ പ്രചരണങ്ങളെ ഉപയോഗപ്പെടുത്തി ലാറ്റിനമേരിക്കയില്‍ ചെറുത്തുനില്‍പ്പുകള്‍ ദുര്‍ബലമാക്കി അവയെ തങ്ങളുടെ കോളനികളാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് അമേരിക്ക നടത്തുന്നത്.

കൊളോക്കിയത്തിൽ പങ്കെടുത്തവർ

അമേരിക്കയുടെ ആധിപത്യത്തിനെതിരെ ശക്തമായി പൊരുതിക്കൊണ്ടിരിക്കുന്ന മേഖലയാണ് ലാറ്റിനമേരിക്ക. പൊതുവായ സംസ്കാരത്തിന്റേയും, ജീവിതത്തിന്റേയും അടിത്തറ പങ്കിടുന്ന ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ വിവിധ തലത്തിലുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. പൊതു ശത്രുവിനെ നേരിടുന്ന കാര്യത്തില്‍ യോജിച്ച് മുന്നേറുക എന്ന നിലയില്‍ കൂട്ടായ പ്രതിരോധം വളര്‍ത്തിയെടുക്കാനുള്ള ഇടപെടലുകളും ലാറ്റിനമേരിക്കയില്‍ സജീവമാണ്.

അമേരിക്കന്‍ പ്രതിരോധത്തിന്റേയും, മാധ്യമ അധിനിവേശത്തിന്റേയും രീതികള്‍ക്കെതിരെയാണ് ലാറ്റിനമേരിക്കന്‍ ജനത പൊരുതിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഉപോല്‍പ്പന്നമെന്ന നിലയില്‍ രൂപീകരിക്കപ്പെട്ടതാണ് ടെലിസൂര്‍ എന്ന ദൃശ്യ മാധ്യമം. വെനസ്വേല, ക്യൂബ, നിക്കരാഗ്വ എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകളാണ് ഇതിന് സ്പോണ്‍സര്‍ ചെയ്യുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നയങ്ങളെ പ്രതിരോധിക്കുകയെന്ന നിലയിലാണ് ടെലിസൂര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 2005ല്‍ വെനസ്വേലയുടെ പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവേസിന്റെ സര്‍ക്കാരിനു കീഴിലാണ് ഇത് ആരംഭിക്കുന്നത്. അമേരിക്കന്‍ ചാനലായ സി.എന്‍.എന്നിനുള്ള ലാറ്റിനമേരിക്കയുടെ സോഷ്യലിസ്റ്റ് മറുപടിയെന്ന നിലയിലാണ് ഈ ചാനലിനെ വിശേഷിപ്പിച്ചത്. വെനസ്വേലയിലെ സര്‍ക്കാരായിരുന്നു ഇതിന്റെ 70 ശതമാനം ഫണ്ടും നല്‍കിയത്. ലാറ്റിനമേരിക്കയിലെ മറ്റിടതുപക്ഷ സര്‍ക്കാരുകള്‍ ഇതിന് പിന്തുണ നല്‍കി. ലാറ്റിനമേരിക്കന്‍ നേതാവായിരുന്ന സെെമണ്‍ ബൊളിവറിന്റെ 222–ാം ജന്മദിനത്തിലാണ് പ്രക്ഷേപണം ആരംഭിച്ചത്. അതിന്റെ സ്ഥാപകനായിരുന്ന അരാം അഹറോണിയന്‍ ടെലിസൂർ എന്ന ആശയത്തെപ്പറ്റി പറഞ്ഞത് നമ്മളെ യഥാര്‍ത്ഥത്തില്‍ കാണുന്നതുപോലെ കാണുകയെന്നതായിരുന്നു. ഇത്തരത്തില്‍ സാമ്രാജ്യത്വത്തിനെതിരായ ജനകീയ പ്രതിരോധത്തിന്റെ മാധ്യമ രംഗത്തെ പ്രായോഗിക രൂപമായി ടെലിസൂര്‍ വികസിക്കുകയായിരുന്നു.

ക്യൂബ, നിക്കരാഗ്വ, ഉറുഗ്വേ, ബൊളീവിയ, അര്‍ജന്റീന തുടങ്ങിയവയെല്ലാം ഇതിനെ പിന്തുണയ്-ക്കുന്ന നിലയുണ്ടായി. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരമേല്‍ക്കുമ്പോള്‍ ടെലിസൂറിനെ പിന്തുണച്ചുകൊണ്ട് രംഗത്തുവരികയും ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന രീതിയാണുണ്ടായത്. വിപുലമായ ഒരു എഡിറ്റോറിയല്‍ സംവിധാനം തന്നെ ടെലിസൂറിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് അഡോള്‍ഫോ പെരസ്, താരിഖ് അലി, അര്‍ജന്റീനിയന്‍ ചലച്ചിത്ര നിര്‍മ്മാതാവ് ട്രിസ്റ്റാന്‍ ബൌവര്‍, സ്വതന്ത്ര സോഫ്റ്റ്-വെയര്‍ സംവിധാനത്തിന്റെ നേതാവ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ തുടങ്ങിയവരെല്ലാം ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവന്നിരുന്നു.

ലോകത്തെത്തന്നെ വിവിധ രാജ്യങ്ങളിലെ പുരോഗമന ശക്തികള്‍ ചേര്‍ന്നുനിന്നുകൊണ്ടുള്ള പ്രതിരോധ സംവിധാനമായിരുന്നു ടെലിസൂര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ വിശദമായി അവതരിപ്പിക്കുന്നതിന് ടെലിസൂര്‍ ശ്രമിച്ചിട്ടുണ്ട്. ലോകത്ത് അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടിയും, ലാറ്റിനമേരിക്കയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ മാധ്യമ രംഗത്ത് സുപ്രധാന പങ്ക് ടെലിസൂര്‍ വഹിക്കുന്നുണ്ട്. നിരവധി പ്രതിസന്ധികളെ പിന്നിട്ടുകൊണ്ടാണ് ടെലിസൂര്‍ വളര്‍ന്നതും വികസിച്ചതും. പലരും വിട്ടുപോകുകയും, ചിലര്‍ വന്നുചേരുകയും, വിട്ടുപോയവര്‍ തന്നെ തിരിച്ചുവരികയുമെല്ലാം ചെയ്തുകൊണ്ടുള്ള പ്രയാണമായിരുന്നു ടെലിസൂറിന്റേത്. ഇതിന്റെ 20–ാം വാര്‍ഷികത്തില്‍ ലോകത്തിലെ ഇടതുപക്ഷ പ്രസിദ്ധീകരണത്തിന് നേതൃത്വം കൊടുക്കുന്നവരുടെ കൊളോക്കിയം, പാട്രിയ എന്ന പേരില്‍ ക്യൂബയിലെ ഹവാനയില്‍ സംഘടിപ്പിച്ചു. 65 രാഷ്ട്രങ്ങളില്‍ നിന്നായി 400ഓളം പ്രതിനിധികളാണ് ഇതില്‍ പങ്കെടുത്തത്. മാര്‍ച്ച് 17 മുതല്‍ 19 വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ പ്രമുഖ ചിന്തകന്‍ ഹൊസെ മാര്‍ത്തിയുടെ പത്രത്തിന്റെ വാര്‍ഷികമെന്ന കാര്യവും ഇതിന് പിന്നിലുണ്ട്. ഈ വാര്‍ഷികം സംഘടിപ്പിച്ചത് ക്യൂബയിലെ യുവ പത്രക്കാരായിരുന്നു. ഇവര്‍ നല്‍കിയ ക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ദേശാഭിമാനിയില്‍ നിന്ന് ഞാനും, കൈരളിയില്‍ നിന്ന് ശരത്ത് ചന്ദ്രനും, തീക്കതിരില്‍ നിന്ന് കണ്ണനും, പ്രജാശക്തിയില്‍ നിന്ന് ബെന്‍ഡി തുളസിദാസും പരിപാടിയില്‍ പങ്കെടുത്തു.

കൊളോക്കിയം ഉദ്ഘാടനം ചെയ്തത് ക്യൂബന്‍ പ്രസിഡന്റായ മിഗ്വല്‍ ഡയസ്-കാനല്‍ ആണ്. ഉദ്ഘാടന പ്രസംഗം അദ്ദേഹം അഭിവാദ്യത്തിലൊതുക്കി. സമാപന സമ്മേളനത്തില്‍ കാഴ്ചക്കാരനായി മുന്‍നിരയില്‍ തന്നെ നിലയുമുറപ്പിച്ചു. സമാപന സമ്മേളനത്തിലെ സ്വാഗതം തൊട്ട് രാഷ്ട്രീയ പ്രമേയാവതരണം വരെയുള്ള എല്ലാ പ്രധാന ഉത്തരവാദിത്വവും നിര്‍വ്വഹിച്ചത് സ്ത്രീകളായിരുന്നു. ക്യൂബന്‍ സമൂഹവും, ടെലിസൂറും ഈ രംഗത്ത് കൈവരിച്ച നേട്ടത്തിന്റെ അടയാളമായി അത് മാറി.

കൊളോക്കിയം പ്രധാനമായി ലക്ഷ്യംവെച്ചത്, ജനകീയ രാഷ്ട്രീയ പ്രതിരോധത്തിന് ആധുനിക സാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതായിരുന്നു. ലാറ്റിനമേരിക്കയിലെ രാഷ്ട്രീയ സാഹചര്യവും പ്രധാന ചര്‍ച്ചാവിഷയമായി. വിവിധ രാജ്യങ്ങളിലെ ഇടതുപക്ഷ മാധ്യമങ്ങളുടെ അനുഭവങ്ങള്‍ കൂടി വന്നതോടെ ഈ രംഗത്തെ ഇടതുപക്ഷ ഇടപെടലുകളുടെ സമഗ്രമായ ചിത്രം പ്രതിനിധികളുടെ മുന്നില്‍ വന്നു.

ലാറ്റിനമേരിക്കയിൽ അമേരിക്കന്‍ വിരുദ്ധ ഇടതുപക്ഷ രാഷ്ട്രീയം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. കൊളംബിയ, ബ്രസീല്‍, അര്‍ജന്റീന, മെക്സികോ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളില്‍ അടുത്തകാലത്തായി ഭരണത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇതിന്റെ സൂചനയാണ്. നിക്കരാഗ്വയും, ക്യൂബയും, വെനസ്വേലയും കൂടിയാകുമ്പോള്‍ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതിരോധ കേന്ദ്രങ്ങളിലൊന്നായി ലാറ്റിനമേരിക്ക വളരുകയാണ്.

ലാറ്റിനമേരിക്കന്‍ ജനതയുടെ സവിശേഷതയെന്നത് പ്രതിരോധത്തിന്റേയും, പോരാട്ടത്തിന്റേയും ചരിത്രത്തിലൂടെയാണ് അവർ വളര്‍ന്നുവന്നത് എന്നതാണ്. ലാറ്റിനമേരിക്കയിലെ എല്ലാ ജനതയ്-ക്കും ഇത്തരമൊരു പോരാട്ടത്തിന്റെ ചരിത്രമുണ്ടെന്ന് നമുക്ക് കാണാനാവും. സ്പെയിനിന്റെ കീഴിലായിരുന്നു പ്രധാനമായും എന്നതിനാല്‍ സ്പാനിഷാണ് പൊതുവില്‍ ലാറ്റിനമേരിക്കന്‍ ഭാഷയായി നിലനില്‍ക്കുന്നത്. പോര്‍ച്ചുഗീസ് ആധിപത്യം നിലനിന്നിടത്ത് അത്തരമൊരു ഭാഷയും കാണാവുന്നതാണ്. പൊതുഭാഷയുടേയും, സംസ്കാരത്തിന്റേയും അടിത്തറ ലാറ്റിനമേരിക്കന്‍ ജനതയുടെ ജീവിതത്തില്‍ ദൃശ്യമാണ്. ഇന്‍ക സംസ്കാരവും, മായന്‍ സംസ്കാരവും ഉള്‍പ്പെടെയുള്ള റെഡ് ഇന്ത്യന്‍ ജനതയുടെ സാംസ്കാരിക സവിശേഷതകളും ലാറ്റിനമേരിക്കന്‍ ചരിത്രവുമായി ചേര്‍ന്നു കിടക്കുന്നതാണ്.

ക്യൂബയിൽ വിദ്യാർത്ഥിനിയായ പലസ്തീൻ യുവതിയ്ക്കൊപ്പം ലേഖകൻ

സൈമണ്‍ ബൊളിവറെപ്പോലെയുള്ള ലാറ്റിനമേരിക്കന്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പ്രതീകങ്ങളും, ഈ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ ആശയാടിത്തറയായി രൂപപ്പെടുന്നുണ്ട്. സ്പാനിഷ് അധിനിവേശത്തിനെതിരായ പോരാട്ടങ്ങളുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെയുള്ള പാവ ഗവണ്‍മെന്റുകളെ പരാജയപ്പെടുത്തിക്കൊണ്ടുള്ള പോരാട്ടങ്ങളുടെയും വലിയ ചരിത്രവും ലാറ്റിനമേരിക്കയ്-ക്കുണ്ട്. ഈ പൊതുവായ യോജിപ്പിന്റെ തലത്തോടൊപ്പംതന്നെ സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനിൽപ്പിന്റേയും, ജനകീയ രാഷ്ട്രീയത്തിന്റേയും കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ചുകൊണ്ടുള്ള മാര്‍ക്സിസ്റ്റ് സമീപനവും ലാറ്റിനമേരിക്കന്‍ ജനതയുടെ പോരാട്ടത്തില്‍ അലിഞ്ഞുചേര്‍ന്നതായി കാണാം. അവിടെ സംഘടിപ്പിച്ച ഗാനമേളകളും, കലാപരിപാടികളും എല്ലാ ലാറ്റിനമേരിക്കന്‍ രാജ്യക്കാരും ഒരേപോലെയാണ് ആസ്വദിച്ചത്. ലാറ്റിനമേരിക്കയുടെ പൊതു പൈതൃകത്തിന്റെ തെളിവ് കൂടിയായിരുന്നു ഈ സാംസ്കാരികമായ ഇഴുകിച്ചേരലുകള്‍. സ്പോട്സും, സംഗീതവും അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ടെലിസൂറില്‍ മറഡോണയുമായി നേരത്തെ നടത്തിയ ഇന്റര്‍വ്യൂവും പ്രദര്‍ശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയവും, ലാറ്റിനമേരിക്കയുടെ പൊതുവായ പൈതൃകവുമെല്ലാം വിശകലനം ചെയ്തുകൊണ്ട് മറഡോണ പറഞ്ഞ വാക്കുകള്‍ ലാറ്റിനമേരിക്കന്‍ ജനതയുടെ രാഷ്ട്രീയ ഉണര്‍വിന്റെ പ്രതീകമായി ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. ലാറ്റിനമേരിക്കയുടെ മറ്റൊരു സവിശേഷത കലാ–സാഹിത്യ–സാംസ്കാരിക–സ്പോട്സ് രംഗങ്ങളില്‍ ഇടപെടുന്നവര്‍ ശക്തമായ രാഷ്ട്രീയ ധാരണകളെ ഉയര്‍ത്തിപ്പിടിക്കുന്നു എന്നതാണ്.

ലാറ്റിനമേരിക്കയുടെ വിമോചന പോരാട്ടങ്ങള്‍ അടിസ്ഥാനപരമായി അതിന്റെ ദേശീയതയുമായും, സംസ്കാരവുമായും കൂടിച്ചേര്‍ന്നു കിടക്കുന്നതാണ്. ചെഗുവേരയും, കാസ്ട്രോയുമെല്ലാം ദേശാഭിമാന പ്രചോദിതമായാണല്ലോ രംഗത്തുവന്നത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലിന്റെ തുടര്‍ച്ചയായാണല്ലോ അവര്‍ കമ്യൂണിസ്റ്റ് ആശയത്തിലേക്ക് കടന്നുവന്നതും. ക്യൂബന്‍ വിപ്ലവം സോഷ്യലിസ്റ്റ് വിപ്ലവത്തിനുവേണ്ടിയുള്ള പോരാട്ടമായി മാറുകയും ചെയ്തത്. ഈ ദേശീയതയുടെ പ്രാധാന്യത്തെ സംബന്ധിച്ചാണ് 1972þലെ മധുര പാര്‍ടി കോണ്‍ഗ്രസില്‍ സിപിഐ എം എടുത്തുപറഞ്ഞത്.

ലാറ്റിനമേരിക്കയെ പൊതുസമൂഹമായി അവര്‍ കാണുന്നുണ്ട്. ലാറ്റിനമേരിക്കയുടെ പൊതുവായ പ്രശ്നങ്ങളെ വിശദീകരിച്ചുകൊണ്ട് സംസാരിച്ചത് നിക്കരാഗേ-്വയിലെ മുന്‍ മന്ത്രിയായ റെമിസ് ഗാലെഗോസാണ്. അദ്ദേഹമാവട്ടെ ഇപ്പോള്‍ അര്‍ജന്റീനയിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ്. ജനാധിപത്യ ശക്തികളുടെ വിശാല ഐക്യനിരയാണ് ലാറ്റിനമേരിക്കന്‍ പ്രതിരോധത്തിന്റെ കേന്ദ്രമെന്ന് അര്‍ത്ഥം. ഈ യോജിപ്പിനു പിന്നില്‍ ക്യൂബയുള്‍പ്പെടെ മുന്നോട്ടുവെക്കുന്ന കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് സുപ്രധാനമായ പങ്കുണ്ട്.

നാമിപ്പോള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുകയും, പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ലാറ്റിനമേരിക്കന്‍ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. ഒരു കാലത്ത് ലാറ്റിനമേരിക്ക മയക്കുമരുന്നിന്റെ കേന്ദ്രമായിരുന്നു. മയക്കുമരുന്ന് മാഫിയകള്‍ രാജ്യാധികാരത്തില്‍ വരെ സ്വാധീനിക്കുന്ന നിലയുണ്ടായിരുന്നു. ഇന്ന് അത് വന്‍തോതില്‍ കുറഞ്ഞുവന്നിട്ടുണ്ട്. അതേ സമയം, അത് അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലുമെല്ലാം വ്യാപിക്കുകയാണ് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കോര്‍പ്പറേറ്റുകളുടെ ഇടപെടലാണ് അതിന്റെ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മയക്കുമരുന്ന് കൂടുതല്‍ വ്യാപകമാക്കി തങ്ങളുടെ ലാഭം കുന്നുകൂട്ടുകയെന്ന മുതലാളിത്ത താല്‍പര്യമാണ് അതിനു പിന്നിലെന്ന് അദ്ദേഹം വിശദീകരിച്ചു.

മാധ്യമ രംഗത്തെ ഇടതുപക്ഷ പാര്‍ട്ടികളുടേയും, സംഘടനകളുടേയും ഇടപെടലുകള്‍ പലവിധത്തിലുള്ളതാണ്. ചൈനയിലെ കമ്യൂണിസ്റ്റുകാരുടെ രീതിയല്ല ക്യൂബയിലെ കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് കാണാം. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ഇടപെടലുകളും ഏകാധിപത്യ ശക്തികള്‍ അധികാരത്തിലിരിക്കുന്നിടത്ത് സ്വീകരിക്കുന്ന മാധ്യമ സമീപനങ്ങളും ഏറെ വ്യത്യസ്തമാണ്. ആഫ്രിക്കയിലെ ജനതയുടെ മാധ്യമ ഇടപെടല്‍ മറ്റൊരു തരത്തിലാണെന്നും കാണാം. ലോകത്തെ പ്രതിരോധങ്ങളെ മനസ്സിലാക്കി നമ്മുടെ സാഹചര്യത്തിനനുസരിച്ച് വികസിപ്പിക്കുകയാണ് വേണ്ടത്.

ലോകത്തെ പ്രതിരോധ പ്രസ്ഥാനങ്ങളെല്ലാം ആശയപ്രചരണത്തിന് സാമൂഹ്യ മാധ്യമങ്ങളേയും, പുതിയ സാങ്കേതികവിദ്യകളേയുമെല്ലാം ഉപയോഗപ്പെടുത്തി ജനങ്ങളിലെത്തുന്നതിനായി നല്ല നിലയില്‍ പരിശ്രമിക്കുന്നുണ്ട്. ഉദാഹരണമായി പലസ്തീനിലെ മാധ്യമ പ്രവര്‍ത്തകര്‍ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ബൈനോക്കുലര്‍ പോലുള്ള ഒന്നിലൂടെ നോക്കുമ്പോള്‍ തകര്‍ന്ന ഗാസയുടെ മുന്നില്‍ നില്‍ക്കുന്ന അനുഭവമാണ് നമുക്കുനല്‍കുന്നത്.

ചൈന എ ഐ മുഖാന്തരം വികസിപ്പിച്ച സംവിധാനങ്ങൾ ദൃശ്യമാധ്യമ രംഗത്ത് വലിയ സാധ്യത നല്‍കുന്ന ഒന്നാണ്. വയലിന്റെ നടുവില്‍ നില്‍ക്കുന്ന ഒരു സ്ത്രീ കാര്‍ഷികമായ സവിശേഷതകള്‍ ചൈനീസ് ഭാഷയില്‍ വിശദീകരിക്കുന്നുണ്ട്. തൊട്ടടുത്ത് എട്ടോളം ഭാഷകളില്‍ അവരെ വച്ചുകൊണ്ട് തന്നെ ഇത് ആവര്‍ത്തിച്ചിട്ടും, ഡബ്ബിങ്ങില്‍ വാക്കുകളും, ചുണ്ടിന്റെ ചലനവും വ്യത്യസ്തമായി തീരുന്നത് എ ഐ ഉപയോഗപ്പെടുത്തി മറികടന്നിട്ടുണ്ട്. ഇതുവഴി ഡബ്ബിംഗാണെന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം മാറ്റം വരുത്താനും കഴിഞ്ഞിട്ടുണ്ട്. ഭാഷാവൈവിദ്ധ്യങ്ങളുള്ള നമ്മുടെ രാജ്യത്ത് മികച്ച സാധ്യതയാണ് ഇതിനുള്ളത്.

ചൈന സാമൂഹ്യ മാധ്യമങ്ങളെ നിരോധിച്ച പ്രശ്നം ഞങ്ങളുന്നയിക്കുകയുണ്ടായി. ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞത് ‘‘ഗൂഗിളിലും, യൂട്യൂബിലുമെല്ലാം പ്രചരണങ്ങള്‍ തെറ്റാണെന്ന് നിങ്ങളും പറയുന്നുണ്ടാകും. എന്നാല്‍, ഇവയ്ക്കുപകരം സാമൂഹ്യ മാധ്യമങ്ങള്‍ വികസിപ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാറില്ല. എന്നാല്‍, ചൈന അതിലേക്ക് കടന്നു. അവര്‍ ഇവയ്ക്ക് പകരം ചൈനയുടേതായ സംവിധാനം വികസിപ്പിച്ചു’’ എന്നാണ്. റെഡ് നോട്ട് – ഡീപ്-സീക് സാമൂഹ്യ മാധ്യമ സംവിധാനങ്ങള്‍ ആരംഭിച്ചു. അതുപയോഗിച്ച് എല്ലാ സംവിധാനങ്ങളും അവിടുത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സാഹചര്യം സൃഷ്ടിച്ചതായി അവര്‍ വ്യക്തമാക്കി. ഓരോ മേഖലയിലും സോഷ്യലിസ്റ്റ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന തരത്തില്‍ അവയെ ഉപയോഗിക്കുന്ന രീതിയാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ചൈനയില്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന വര്‍ത്തമാന പത്രങ്ങള്‍ സജീവമാണ്. വിപുലമായ രാജ്യമായതുകൊണ്ടുതന്നെ ഓരോ പ്രവിശ്യക്കുമായി ഓരോ പത്രമെന്ന രീതിയാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. ദൃശ്യമാധ്യമ രംഗത്ത് ചൈനീസ് മാധ്യമങ്ങള്‍ മാത്രമല്ല ന്യൂനപക്ഷ ഭാഷകള്‍ക്ക് പ്രത്യേകമായ മാധ്യമ സംവിധാനവും വികസിപ്പിച്ച കാര്യം അവര്‍ വ്യക്തമാക്കി.

ക്യൂബയില്‍ ഏവര്‍ക്കും വാട്സ്ആപ്പും, എഫ്.ബിയുമെല്ലാം ഉപയോഗിക്കാം. ടെലിസൂര്‍ പോലുള്ള ബദല്‍ മാധ്യങ്ങളുപയോഗിച്ച് ശരിയായ കാഴ്ചപ്പാട് പ്രചരിപ്പിക്കുകയെന്ന നയമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ഗ്രാന്മയുടെ വിവിധ ഭാഷയിലെ പതിപ്പുകള്‍ ക്യൂബയിലെ രാഷ്ട്രീയ പ്രചരണത്തിന്റെ പ്രധാന ഘടകമാണ്. ചൈനയ്-ക്ക് പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനും, അവ ജനങ്ങളിലെത്തിക്കാനുമുള്ള സാധ്യതകളുണ്ട്. എന്നാല്‍, ക്യൂബയുടെ നില അതല്ല. ഉപരോധം സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി സാങ്കേതിക വിദ്യയുടെ വികാസത്തെയും, വസ്തുക്കളുടെ പൊതുവായ വിതരണത്തെയുമെല്ലാം ബാധിക്കുന്ന നിലയാണ് അവിടെയുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ ചൈന ചെയ്തതുപോലെ ബദല്‍ നവമാധ്യമമെന്നത് ക്യൂബയ്ക്ക് ഇന്നത്തെ സാഹചര്യത്തില്‍ ആലോചിക്കാന്‍ പറ്റുന്ന ഒന്നല്ല.

മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, വീട് തുടങ്ങിയവയെല്ലാം സൗജന്യമായ നിലയില്‍ തന്നെ നല്‍കുന്നതിന് ക്യൂബൻ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ചികിത്സ പൂര്‍ണ്ണമായും സൗജന്യമാണ്. ഏതു തലംവരെ വിദ്യാഭ്യാസം ചെയ്യുന്നതിനും ഫീസ് കൊടുക്കേണ്ട സാഹചര്യമില്ല. വീടും സര്‍ക്കാര്‍ തലത്തില്‍ തന്നെ ലഭ്യമാണ്. ഭക്ഷ്യ സാധനങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളിലൂടെയും മറ്റും ലഭ്യമാക്കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇത്തരത്തില്‍ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഏറെക്കുറെ കഴിഞ്ഞിട്ടുണ്ടെങ്കിലും ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് കഴിയുന്നില്ലായെന്നത് ക്യൂബ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമായി ഉയര്‍ന്നുവരുന്നുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്തും മറ്റും റഷ്യയുടെ വലിയ സഹായമാണ് ക്യൂബക്ക് അത്താണിയായി നിന്നിരുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഇത്തരം സംവിധാനങ്ങളെ കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയാതെപോയത് പ്രതിസന്ധികളെ കൂടുതല്‍ ശക്തിപ്പെടുത്തിയതായി കാണാവുന്നതാണ്. വൈദ്യുതി നിലയങ്ങളിലുള്‍പ്പെടെ പുതിയ സാങ്കേതികവിദ്യകളുടെ അഭാവവും, അവ മെച്ചപ്പെടുത്തുന്നതിനുള്ള പ്രശ്നങ്ങളുമെല്ലാം വൈദ്യുതിയുടെ വിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചത് ഞങ്ങളവിടെ ഉള്ളപ്പോള്‍തന്നെ അനുഭവപ്പെടുകയുണ്ടായി.പുതിയ സാങ്കേതികവിദ്യകള്‍ ലഭ്യമാകുന്നതിനും, ആവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനും, ഉല്‍പ്പാദിപ്പിച്ചവ കയറ്റുമതി ചെയ്യുന്നതിനും കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അവശ്യ വസ്തുക്കള്‍ക്ക് വലിയ നിയന്ത്രണമേര്‍പ്പെടുത്തേണ്ട സ്ഥിതിവിശേഷത്തിലേക്ക് ക്യൂബയെ ഇത് എത്തിച്ചിട്ടുണ്ട്.

ഹവാന മ്യൂസിയത്തിൽ

1960ലാണ് ക്യൂബന്‍ വ്യാപാരത്തിന് അമേരിക്ക സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയത്. സോഷ്യലിസ്റ്റ് വിപ്ലവം പൂര്‍ത്തിയായതിനുശേഷം ദേശസാല്‍ക്കരണ നടപടികള്‍ മുന്നോട്ടുവെച്ചതും, അമേരിക്കൻ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും, എണ്ണ ശുദ്ധീകരണശാലകളുള്‍പ്പെടെ അമേരിക്കൻ ഉടമസ്ഥതയിലുള്ള സാമ്പത്തിക ആസ്തികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതുമെല്ലാം ഇത്തരത്തില്‍ പ്രതിരോധം രൂപപ്പെടുത്തുന്നതിന് ന്യായീകരണമായി അമേരിക്ക കണ്ടു. വിവിധ ഘട്ടങ്ങളില്‍ ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ യു.എന്നിന്റെ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും തയ്യാറായില്ലയെന്ന് കാണാം. അത്തരം ഘട്ടങ്ങളിലെല്ലാം വീറ്റോ അധികാരമുപയോഗിക്കുന്ന രീതിയും അമേരിക്ക സ്വീകരിച്ചുവരുന്നുണ്ട്.

ക്യൂബയുടെ കാര്‍ഷിക മേഖലയില്‍ പുകയിലയും, കാപ്പിയും മറ്റും കൃഷി ചെയ്തുവരുന്നുണ്ട്. വാഴത്തോട്ടങ്ങളും, തെങ്ങിന്‍ തോപ്പുകളുമെല്ലാം വഴിനീളെ ദൃശ്യമാണ്. രാത്രിയിലെ തണുപ്പ് കാറ്റ് ക്യൂബന്‍ സവിശേഷതയാണെങ്കിലും പകല്‍ കേരളത്തിന് സമാനമായ കാലാവസ്ഥയാണുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ലോക ജനതയുമായി ഐക്യപ്പെടുന്നതിനും, പൊതുവായ പ്രതിരോധങ്ങളെ ശക്തിപ്പെടുത്താനും ക്യൂബ സംഘടിപ്പിച്ച ഈ പരിപാടി ഉയര്‍ന്ന രാഷ്ട്രീയ നിലപാടിന്റേയും, ശക്തമായ പ്രതിരോധത്തിന്റേയും രാഷ്ട്രീയത്തെ അവര്‍ മുന്നോട്ടുവെക്കുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ്.

ലോകത്ത് അച്ചടി മാധ്യമങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കുമ്പോള്‍ അത് നിലനിര്‍ത്താന്‍ കഴിയുന്നത് പൊതുവില്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും, കേരളം പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ഇടങ്ങൾക്കുമാണ്. പരസ്പര ബന്ധങ്ങളില്‍ കാര്യങ്ങളെ കാണുകയും, ലോകത്തെ എല്ലാ ചലനങ്ങളേയും ജനങ്ങളെയാകെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുകയും ചെയ്യേണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്- പത്രപ്രവര്‍ത്തനം ജീവവായുവാണ്. ഇത് മനസ്സിലാക്കിയുള്ള പാര്‍ട്ടിയുടെ ഇടപെടല്‍ ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. പത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ഇടപെടല്‍ നടത്തുകയും, ഒപ്പം സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന നമ്മുടെ രീതിക്ക് പൊതുവില്‍ അംഗീകാരമുണ്ടായി. സാംസ്കാരിക മേഖലയിലും, വിദ്യാഭ്യാസ രംഗത്തും നാം നടത്തുന്ന ഇടപെടലുകളും അംഗീകാരം നേടി.

ലോകത്ത് നടക്കുന്ന കോര്‍പ്പറേറ്റ് ആധിപത്യത്തിനെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പാട്രിയ സമാപിച്ചത്. ഇതിലെ അനുഭവങ്ങള്‍ കൂടുതല്‍ കരുത്ത് ഇക്കാര്യത്തില്‍ നല്‍കുമെന്ന് പ്രതിനിധികള്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. കേരളത്തിനും ഇതില്‍നിന്നും ഏറെ പഠിക്കാനുണ്ട്. ആ അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് മുന്നോട്ടുപോകാം.

ഇന്ത്യയിലെ നമ്മുടെ മാധ്യമ രംഗത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ദേശാഭിമാനിയും, ചിന്തയും നടത്തുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെയും, സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നാം പത്രത്തിനെ ഗള്‍ഫിലേക്കും, മറ്റു മേഖലകളിലേക്കും വിന്യസിക്കുന്ന രീതിയെയും എല്ലാവരും പ്രകീര്‍ത്തിക്കുന്ന സ്ഥിതിയാണുണ്ടായത്.

വിപുലമായ പ്രചരണ സംവിധാനവും, അത് എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുമൊരുക്കാന്‍ നമുക്കു കഴിയുന്നുവെന്നതാണ് അതിന്റെ സവിശേഷതയായി വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്. ഓണ്‍ലൈന്‍ രംഗത്തെ നമ്മുടെ ഇടപെടലുകള്‍ ഒരു പത്ര സ്ഥാപനം ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുന്നതിന്റെ ഉദാഹരണമെന്ന നിലയിലാണ് അവർ കണ്ടത്. അത്തരത്തില്‍ നമ്മുടെ അനുഭവങ്ങളെ ലോകത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാനും, അവരുടെ അനുഭവങ്ങളെ സ്വാംശീകരിക്കാനും കഴിയുന്ന ഒന്നായി ഈ കൊളോക്കിയം മാറുകയുണ്ടായി.

രണ്ടാം ദിവസം പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററി ആഫ്രിക്കയിലെ കോംഗോയിലെ ഭരണാധികാരിയായിരുന്ന പാട്രിക് ലുമുംബയെപ്പറ്റിയുള്ളതായിരുന്നു. നാടിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതിനെതിരെ നിലകൊണ്ടതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടേണ്ടി വന്ന സാഹചര്യങ്ങളാണ് ഇതില്‍ അവതരിപ്പിക്കപ്പെട്ടത്. കോഗോയുടെ പോരാട്ടത്തിന്റെ കഥ കൂടി ഓര്‍മ്മപ്പെടുത്തിയ ഇൗ ഡോക്യുമെന്ററി ദേശീയതയിലൂന്നി നില്‍ക്കുന്ന മറ്റൊരു പ്രതിരോധത്തെ അവതരിപ്പിക്കുന്നതായിരുന്നു. ഇത്തരത്തില്‍ ലാറ്റിനമേരിക്കന്‍ പ്രതിരോധത്തിന്റേയും, പോരാട്ടത്തിന്റേയും പ്രതീകമായി ക്യൂബ ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തി ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ശക്തമായ ഉപരോധം ക്യൂബയുടെ ജനജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിലപാടുകളാണ് ഇതിനെല്ലാം കാരണമെന്ന് തിരിച്ചറിയുന്ന ജനതയാണ് ക്യൂബയിലുള്ളത്. ജനങ്ങളുടെ ആ രാഷ്ട്രീയ ബോധം പ്രതിസന്ധികളോട് പൊരുതി മുന്നേറാനുള്ള ക്യൂബയുടെ കരുത്താണ്. അമേരിക്കയുടെ മാധ്യമ ആധിപത്യത്തിനെതിരെയുള്ള കരുത്തുറ്റ ബദല്‍ ലോകത്തെമ്പാടും വളര്‍ന്നുവരുന്നതിനുള്ള ശക്തമായ മുന്‍കൈയായി ഈ കൊളോക്കിയം മാറുകയും ചെയ്തിരിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × three =

Most Popular