നൂതന സാങ്കേതികവിദ്യകള്‍ക്ക് വ്യവസായങ്ങളിലും ഉത്പാദനത്തിലും മേൽക്കൈ വരുന്ന കാലമാണിത്. അടുത്ത 25 വര്‍ഷത്തിനിടയിൽ ലോകത്തുണ്ടാകുന്ന ആകെ തൊഴിലുകളിൽ 75 ശതമാനവും സ്റ്റെം, അഥവാ സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് മേഖലകളിൽ നിന്നുള്ളവയായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ആ മേഖലകളിലും സാങ്കേതികവിദ്യകളിലും പ്രാവീണ്യമുള്ള തൊഴിൽ ശക്തിയെ വാര്‍ത്തെടുത്താൽ മാത്രമേ വരുംകാലങ്ങളിൽ നമുക്കു മുന്നേറാനാവൂ. ഇതിന് പരസ്പരപൂരകത്വ സ്വഭാവത്തോടെയുള്ള ഇടപെടലുകളാണ് ആവശ്യമായിട്ടുള്ളത്.
ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെ നാടിന്റെ പുരോഗതിക്കുതകുന്നവിധം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. 1,000 കോടി രൂപ മുതൽമുടക്കിൽ സംസ്ഥാനത്താകെ 4 സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുകയാണ്. അവയിൽ ഡിജിറ്റൽ സയന്‍സ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണത്. അതിനു മുന്നോടിയായി ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കു നമ്മള്‍ തുടക്കമിട്ടിരുന്നു.
അക്കാദമിക് രംഗത്ത് രൂപപ്പെടുന്ന അറിവുകളെ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ട്രാന്‍സ്ലേഷണൽ റിസര്‍ച്ച് ലാബുകള്‍ സ്ഥാപിക്കുകയാണ്. ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകളും റിസര്‍ച്ച് അവാര്‍ഡുകളും നൽകി വരുന്നു. ഗവേഷണങ്ങളെയും അവയിലൂടെ ഉരുത്തിരിഞ്ഞുവരുന്ന പുതിയ അറിവുകളെയും ഉത്പന്നങ്ങളും സേവനങ്ങളും ആക്കി മാറ്റിത്തീര്‍ക്കാന്‍ ഉതകുന്ന വിധത്തിൽ ഉന്നത വിദ്യാഭ്യാസ – വ്യവസായ മേഖലകള്‍ തമ്മിൽ ഒരു ജൈവ ബന്ധം രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അതിനായി ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.
ലൈഫ് സയന്‍സ് പാര്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയും ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്തെ ഗവേഷണങ്ങള്‍ക്കായുള്ള കേരള സ്പേസ് പാര്‍ക്ക് അഥവാ കെ- സ്പേസ്, ജീനോം ഡേറ്റാ സെന്റര്‍, സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോംസ്, സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ന്യൂട്രാസ്യൂട്ടിക്കൽസ് എന്നിവയൊക്കെ യാഥാര്‍ത്ഥ്യമാവുകയാണ്. ഇവയെല്ലാം, കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.
അറിവ് സ്വീകരിക്കുന്നതിനും പകര്‍ന്നുകൊടുക്കുന്നതിനുമൊപ്പം അറിവ് ഉത്പാദിപ്പിക്കുകകൂടി ചെയ്യുന്ന കേന്ദ്രങ്ങളായി നമ്മുടെ സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളുമെല്ലാം മാറിത്തീരണം. പുതിയ അറിവുകളെ സമൂഹത്തിന്റെ നാനാതുറകളിലെത്തിച്ചു നൽകുന്നതിനുള്ള ഇടപെടലുകളും ഉണ്ടാകണം. ഇത്തരം ബഹുമുഖ ഇടപെടലുകളിലൂടെ മാത്രമേ വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടി സാധ്യമാവുകയുള്ളു. അതിനുതകുന്ന ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
പല മേഖലകളിലും തനത് അറിവിന്റെ അഭാവം നേരിടുന്ന ഒരു നാടാണ് നമ്മുടേത്. വിദേശ സാങ്കേതികവിദ്യകള്‍ കടംകൊണ്ടോ വിദേശത്തെ ഗവേഷണശാലകളിൽ ഉണ്ടാകുന്ന അറിവുകളെ ആശ്രയിച്ചോ ആണ് പലപ്പോഴും നമ്മുടെ പ്രൊഫഷണൽ വിദ്യാഭ്യാസരംഗമടക്കം മുന്നോട്ടുപോകുന്നത്. പേറ്റന്റ് വ്യവസ്ഥകളും ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും മറ്റും കര്‍ശനമാക്കപ്പെടുന്ന ഈ കാലത്ത് മറ്റ് ഇടങ്ങളിലുണ്ടാകുന്ന അറിവുകളെ മാത്രം ആശ്രയിക്കുന്നത് അത്രകണ്ട് പ്രാവര്‍ത്തികമല്ല. അതുകൊണ്ട്, തദ്ദേശീയ അറിവുകള്‍, ഗവേഷണങ്ങള്‍, ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ കഴിയണം.
ഉന്നതവിദ്യാഭ്യാസ രംഗത്തെ നമ്മുടെ ഇടപെടലുകള്‍ ഫലം കാണുന്നു എന്ന് എന്‍ ഐ ആര്‍ എഫ് റാങ്കിങ് ഉള്‍പ്പെടെയുള്ളവ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങിലും നമ്മുടെ സ്ഥാപനങ്ങള്‍ മുന്നേറിയിട്ടുണ്ട്. ഗവേഷണ – വ്യാവസായിക രംഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് അനിവാര്യമായ ഇടപെടലുകൾക്ക് സർക്കാർ ഊന്നൽ നൽകുന്നു. അതിനാവശ്യമായ കാലോചിതമായ നവീകരണത്തിനാണ് നമ്മള്‍ ശ്രമിക്കുന്നത്.
സാങ്കേതികവിദ്യയ്ക്ക് ഇടപെടാന്‍ കഴിയുന്ന നിരവധി മേഖലകളുണ്ട്. കാര്‍ഷിക പുനഃസംഘടനയായാലും വ്യവസായ നവീകരണമായാലും എല്ലാം സാങ്കേതികവിദ്യാ വികാസത്തിലൂടെ സാധ്യമാകുന്നതാണ്. മനുഷ്യന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് സാങ്കേതികവിദ്യ രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ അവയെ പ്രയോജനപ്പെടുത്തുന്ന വിധത്തിൽ നമ്മുടെ നാടിന്റെ ആവശ്യങ്ങള്‍ എന്താണെന്ന് കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയണം. കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തിന് അനുഗുണമായ ഐ ടി, ബി ടി, ഇലക്ട്രിക് മൊബിലിറ്റി തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയണം.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു സർക്കാർ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. തെരഞ്ഞെടുക്കപ്പെട്ട ചെറിയ സംരംഭങ്ങളെ 1,000 കോടി രൂപ വിറ്റുവരവുള്ള വലിയ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള സഹായം ലഭ്യമാക്കുന്നത് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 8 വര്‍ഷം കൊണ്ട് സ്റ്റാര്‍ട്ടപ്പ്, ഐ ടി മേഖലകളിൽ കേരളം വലിയ മുന്നേറ്റമാണ് കൈവരിച്ചത്. ഇക്കാലയളവിൽ 5,000 സ്റ്റാര്‍ട്ടപ്പുകളും 510 ഐ ടി കമ്പനികളുമാണ് പുതുതായി കേരളത്തിൽ പ്രവര്‍ത്തനം ആരംഭിച്ചത്. അതിന്റെ ഫലമായി നമ്മുടെ ഐടി കയറ്റുമതി 34,000 കോടി രൂപയിൽ നിന്ന് 90,000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. പുതുതായി ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകളിലൂടെ 55,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 2026 ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് നമ്മള്‍ ലക്ഷ്യമിടുന്നത്.
ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിൽ കേരളത്തിൽ ഏകദേശം 92,000 കോടി രൂപയുടെ നിക്ഷേപം വന്നതായാണ് എം എസ് എം ഇ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതിൽ 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിലൂടെ 5 ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മുടങ്ങിക്കിടന്ന 12,240 കോടി രൂപയുടെ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം 17.3 ശതമാനം വ്യാവസായിക വളര്‍ച്ച കൈവരിച്ചതായും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 3,00,227 സംരംഭങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ ആരംഭിച്ചത്. ഇവയിൽ 93,000 ത്തിലധികം സംരംഭങ്ങള്‍ വനിതാ സംരംഭകരുടേതാണ്. സംരംഭകവര്‍ഷം പദ്ധതിയിലൂടെ 19,446.26 കോടി രൂപയുടെ നിക്ഷേപവും 6,38,322 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതിനു പിന്നാലെയാണ് ഈ നേട്ടം. എം എസ് എം ഇ മേഖലയിലെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി സംരംഭക വര്‍ഷം പദ്ധതിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്കുവേണ്ട സാഹചര്യം ഒരുക്കുമ്പോള്‍ അത് സ്വകാര്യ സംരംഭങ്ങള്‍ക്കു മാത്രമല്ല പൊതു സംരംഭങ്ങള്‍ക്കു കൂടി ഉപകരിക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ടുതന്നെ പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ വിൽപ്പനയ്ക്കുവെച്ച സ്ഥാപനങ്ങളെപ്പോലും ഏറ്റെടുത്ത് അവയെ മികവുറ്റതാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്.
മെഡിക്കൽ ടെക്നോളജി കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം തന്നെ 10 സംരംഭക മീറ്റുകള്‍ നടത്താനും അതുവഴി 120 കോടിയോളം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിക്കാനും കഴിഞ്ഞു. പതിനൊന്നാമത്തെ മീറ്റ് അടുത്തമാസം സംഘടിപ്പിക്കപ്പെടുകയാണ്. അതോടൊപ്പം ദേശീയ- അന്തര്‍ദ്ദേശീയ തലങ്ങളിൽ പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി ചേര്‍ന്ന് ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കാനും പുതിയ ഗവേഷണങ്ങള്‍ ആരംഭിക്കാനും മെഡിക്കൽ ടെക്നോളജി കണ്‍സോര്‍ഷ്യം മുഖേന കഴിഞ്ഞിട്ടുണ്ട്.
മെഡിക്കൽ ഉപകരണങ്ങള്‍ നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിക്കുന്ന മെഡ്സ് പാര്‍ക്ക് 2025 മാര്‍ച്ച് മാസത്തോടെ പൂര്‍ണ്ണ തോതിൽ സജ്ജമാവും. ഇത് മെഡിക്കൽ ഉപകരണ നിര്‍മ്മാണ മേഖലയിൽ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ ഊര്‍ജ്ജം പകരും. ലൈഫ് സയന്‍സസ് പാര്‍ക്കിന്റെ ഭാഗമായി ഇന്‍ക്യുബേറ്ററുകള്‍, ലാബുകള്‍ എന്നിവയും അഗ്രി-ബയോടെക്നോളജി, ന്യൂട്രാസ്യൂട്ടിക്കൽസ്, ബയോ മെഡിക്കൽ ഡിവൈസസ് എന്നീ മേഖലകളിൽ ഗവേഷണം നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
നമ്മുടെ സംസ്ഥാനത്ത് സ്വകാര്യ – വ്യവസായ എസ്റ്റേറ്റുകളും സ്വകാര്യ പാര്‍ക്കുകളും ആരംഭിക്കുകയുമാണ്. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ കേരളം വ്യവസായ സൗഹൃദമല്ലെങ്കിൽ എങ്ങനെയാണ് ഇതെല്ലാം സാധ്യമാവുക? വ്യവസായ മേഖലയിലെ മുന്നേറ്റത്തിന്റെ അടുത്തപടിയെന്നോണം നൂതന സാങ്കേതികവിദ്യാ രംഗത്ത് രാജ്യത്തിന്റെ ഹബ്ബാകാനുള്ള തയ്യാറെടുപ്പിലാണ് നാം. രണ്ടു മാസം മുമ്പാണ് ഐ ബി എമ്മുമായി സഹകരിച്ച് നമ്മള്‍ ഇന്റര്‍നാഷണൽ ജെന്‍ എ ഐ (Gen AI) കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ഇന്റര്‍നാഷണൽ റോബോട്ടിക് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെട്ടതാകട്ടെ കുറച്ചുനാള്‍ മുമ്പാണ്.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയിൽ 12,000 കോടി രൂപാ മുതൽമുടക്കിൽ ഉത്പാദനം ആരംഭിച്ച 233 കമ്പനികള്‍ പങ്കെടുത്ത വ്യത്യസ്തങ്ങളായ കോണ്‍ക്ലേവുകളാണ് കേരളത്തിൽ സംഘടിപ്പിക്കപ്പെട്ടത്. പ്രമുഖ വാഹന സോഫ്റ്റ്-വെയര്‍ നിര്‍മ്മാണ കമ്പനിയായ ആക്സിയ അവരുടെ ആഗോള ഹെഡ്ക്വാര്‍ട്ടേഴ്സും റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് സെന്ററും ടെക്നോപാര്‍ക്കിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ, നമ്മുടെ നാട് മുന്നേറുമ്പോള്‍ പ്രൊഫഷണലുകള്‍ എന്ന നിലയിൽ നിങ്ങള്‍ക്ക് വലിയ സംഭാവന നൽകാന്‍ കഴിയും.
ഉത്പാദന മുന്നേറ്റത്തിന്റെ ഭാഗമായി ലോകത്തുണ്ടാകുന്ന പുത്തന്‍ ട്രെന്‍ഡുകള്‍ എന്തെല്ലാമെന്നും അവയുമായി നമ്മുടെ വൈജ്ഞാനിക ശൃംഖലയെയും വ്യാവസായിക മേഖലയെയും എങ്ങനെ കൂട്ടിയോജിപ്പിക്കാം എന്നുമുള്ള നമ്മുടെ ആലോചനകൾ കൂടുതൽ ദിശാബോധത്തോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അവ യാഥാർത്ഥ്യമാക്കാനുള്ള ഇടപെടലുകൾ ഇനിയും ശക്തമാക്കണം. വൈജ്ഞാനിക നൂതനത്വ സമൂഹമായ നവകേരളം സാമൂഹ്യനീതിയിൽ അധിഷ്ഠിതമായിരിക്കും. അതിനായി ഉത്പാദനോന്മുഖമായി കേരള സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്നതിനോടൊപ്പം തന്നെ വിഭവങ്ങളുടെ നീതിയുക്തമായ വിതരണവും കൂടി ഉറപ്പാക്കാൻ നമുക്ക് സാധിക്കണം. l