ചെെനീസ് സമൂഹത്തിൽ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന, വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ, ഒരു വിപ്ലവ നേതൃത്വം അനിവാര്യമായി മാറിയ ഘട്ടത്തിലാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടത്. 1911ൽ നടന്ന ബൂർഷ്വാ ജനാധിപത്യ വിപ്ലവമാണ് ഒടുവിൽ ക്വിങ് (Qing) രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ചത്. അതോടെയാണ് റിപ്പബ്ലിക് ഓഫ് ചെെന നിലവിൽ വന്നത്. എന്നാൽ വിശാലമായ ചെെനീസ് ഭൂപ്രദേശമാകെ ബാധകമായ ഒരു കേന്ദ്ര ഭരണമോ രാജ്യത്താകെ റിപ്പബ്ലിക്കൻ ജനാധിപത്യമോ സ്ഥാപിക്കാൻ ആ വിപ്ലവത്തിലൂടെ കഴിഞ്ഞില്ല. സാമ്രാജ്യത്വശക്തികളുടെയും അവരുടെ കോമ്പ്രദോർ ഏജന്റുകളുടെയും കുത്തിത്തിരിപ്പുകൾ മൂലമാണ് അത് അസാധ്യമായത്. രാജ്യത്തിന്റെ മഹാഭൂരിപക്ഷം പ്രദേശങ്ങളും പിന്നെയും നിരവധി യുദ്ധ പ്രഭുക്കളുടെ നിയന്ത്രണത്തിൽ തുടർന്നു.
ഫ്യൂഡൽ സമ്പദ്ഘടനക്ക് കാര്യമായ ഒരു കോട്ടവും സംഭവിച്ചില്ല. മഹാഭൂരിപക്ഷം ജനങ്ങളും കൊടും പട്ടിണിയിലായിരുന്നു; ഭൂപ്രഭുക്കൾക്ക് കടപ്പെട്ടവരായിരുന്നു അവർ. ബ്രിട്ടൻ, അമേരിക്ക, ജപ്പാൻ, ജർമനി തുടങ്ങിയ സാമ്രാജ്യത്വശക്തികൾ ചെെനീസ് ഭൂപ്രദേശത്തിന്റെയും അവിടത്തെ അളവറ്റ വിഭവങ്ങളുടെയും നിയന്ത്രണം കെെക്കലാക്കാൻ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വിവിധ യുദ്ധ പ്രഭുക്കളുമായും ഫ്യൂഡൽ പ്രഭുക്കളുമായും കൂട്ടുചേർന്ന് ഈ സാമ്രാജ്യത്വശക്തികൾ നടത്തിക്കൊണ്ടിരുന്ന കിടമത്സരത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടി വന്നതും പരമ ദരിദ്രരായ, പട്ടിണിപ്പാവങ്ങളായ ചെെനീസ് ജനതയാണ്.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാരിൽ ഒരു വിഭാഗം ഈ സ്ഥിതിയിൽ മാറ്റം വരുത്തുന്നതിനും 1911ലെ വിപ്ലവത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുംവേണ്ട പാത തേടുകയായിരുന്നു. ചെെനീസ് ചരിത്രത്തിൽ അങ്ങനെയാണ് ഒരു വഴിത്തിരിവുണ്ടായത്; 1919 മെയ് 4നാണ് അത് സംഭവിച്ചത്. വെഴ്സെയ്-ൽസ് ഉടമ്പടിയിൽ (Treaty of Versailes) പ്രതിഷേധിച്ച് ബെയ്ജിങ്ങിലെ വിദ്യാർഥികൾ അവിടത്തെ ഗവൺമെന്റ് കെട്ടിടങ്ങളിലേക്ക് മാർച്ച് ചെയ്തു. ചെെനയുടെ മേലുള്ള വിവിധ വിദേശ ശക്തികളുടെ സ്വാധീനവും നിയന്ത്രണവും അവസാനിപ്പിക്കണമെന്നും ചെെനയുടെ മണ്ണിൽനിന്നും വിദേശ സെെന്യങ്ങൾ പിൻമാറണമെന്നുമുള്ള ചെെനയുടെ ആവശ്യം നിരാകരിക്കുക, ജപ്പാൻകാർ ചെെനയിലെ ഷാൻദോങ് പ്രവിശ്യ കെെയടക്കിയതിന് നിയമസാധുത നൽകുക എന്നീ അപകടങ്ങളായിരുന്നു വെഴ്സെയ്-ൽസ് ഉടമ്പടിയുടെ ആകെത്തുക.
ചെെന: നാടും ജനങ്ങളും കിഴക്കേ ഏഷ്യൻ രാജ്യമായ ചെെനയുടെ ഔദ്യോഗിക നാമം ജനകീയ ചെെന റിപ്പബ്ലിക് എന്നാണ്. ചരിത്രാതീത കാലം മുതൽ സമ്പന്നമായൊരു സാംസ്കാരിക പാരമ്പര്യമുള്ള ഈ രാജ്യം ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ രണ്ടാമത്തെ രാജ്യമാണ്. 140 കോടി ജനങ്ങൾ അധിവസിക്കുന്ന ചെെനയിൽ വലിയൊരു വിഭാഗം മതമില്ലാത്തവരാണ് (25.2%) എന്നത് ശ്രദ്ധേയമാണ്. ജനസംഖ്യയിൽ ഏറ്റവുമധികം പേർ ബുദ്ധിസത്തിൽ വിശ്വസിക്കുന്നു.25.2% ജനങ്ങൾ മതമില്ലാത്തവരും 19.6% പേർ താവോയിസത്തിൽ വിശ്വസിക്കുന്നവരുമാണ്. 17.7 % ജനങ്ങൾ മറ്റ് പ്രാദേശിക വിശ്വാസങ്ങൾ പുലർത്തുന്നവരാണ്. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെടുന്നവർ 2.5 ശതമാനവും ഇസ്ലാം വിശ്വാസികൾ 1.6 ശതമാനവുമാണ്. ഇത്തരത്തിൽ വെെവിധ്യമേറിയ ഒരു ജനസമൂഹമാണ് ചെെനയുടേത്. അതേസമയം ചെെനീസ് ജനത ഒന്നാകെ സോഷ്യലിസ്റ്റ് ആശയത്തെ പുണരുന്നവരുമാണ്. പതിനാലു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ചെെനയുടെ തലസ്ഥാനം ബെയ്ജിങ്ങാണ്. ഏറ്റവും വലിയ നഗരം ഷാങ്ഹായ് ആണ്. 91.1% ജനങ്ങളും ഹാൻ ചെെനീസ് വംശീയ വിഭാഗത്തിൽപെട്ടവരാണ്. 96 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ചെെന ഭൂവിസ്തൃതിയുടെ കാര്യത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യവുമാണ്. |
കടുത്ത മർദന നടപടികളിലൂടെ മെയ് 4 പ്രക്ഷോഭത്തെ അടിച്ചമർത്താൻ ജപ്പാനും മറ്റു സാമ്രാജ്യത്വ ശക്തികൾക്കും അവയുടെയെല്ലാം ശിങ്കിടികളായ ഫ്യൂഡൽ പ്രഭുക്കൾക്കും തൽക്കാലത്തേക്ക് കഴിഞ്ഞു. എങ്കിലും ചെെനയിലെ ചെറുപ്പക്കാർക്കിടയിൽ അത് പുതിയൊരു ഉണർവിനിടയാക്കി. റഷ്യയിലെ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അലയൊലികൾക്കൊപ്പം ഈ ഘട്ടമായപ്പോൾ സോഷ്യലിസത്തെ സംബന്ധിച്ച് ആശയങ്ങളും മാർക്സ് – എംഗൽസ് – ലെനിൻ തുടങ്ങിയവരുടെ കൃതികളുമെല്ലാം ചെെനയിൽ എത്തിത്തുടങ്ങി. യൂറോപ്യൻ രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനായി പോയ പല ചെറുപ്പക്കാരും മടങ്ങിയത് സർവകലാശാലാ വിദ്യാഭ്യാസത്തിനൊപ്പം ആധുനിക പുരോഗമനാശയങ്ങളുമായിട്ടായിരുന്നു.
ഈ ഘട്ടത്തിലാണ്, 1921ൽ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടത്. ലി താചാവോയാണ് അതിനു മുൻപായി വടക്കൻ ചെെനയിൽ മാർക്സിസ്റ്റ് പഠന ഗ്രൂപ്പുകൾ സംഘടിപ്പിക്കാൻ തുടങ്ങിയത്. കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽനിന്ന് ഇത്തരം ഗ്രൂപ്പുകൾക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കുകയും ചെയ്തു. അങ്ങനെ 1921 ജൂലെെ ഒന്നിന് ഫ്രഞ്ച് അധീനതയിലായിരുന്ന ഷാങ്ഹായിൽ 13 ചെറുപ്പക്കാർ ഒത്തുകൂടി ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകി. ജൂൺ അവസാനം തുടങ്ങി ജൂലെെ ഒന്നു വരെ രഹസ്യമായി ചേർന്ന ആ യോഗമാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസായി കണക്കാക്കപ്പെടുന്നത്. അതിനകം ചെെനയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം ആരംഭിച്ച മാർക്സിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിനിധികളാണ് ആ ആദ്യയോഗത്തിൽ പങ്കെടുത്തത്. പിൽക്കാലത്ത് ചെെനീസ് വിപ്ലവത്തിന്റെ അമരക്കാരനായി മാറിയ മൗ സേദോങ് ഈ യോഗത്തിൽ പങ്കെടുത്ത 13 പേരിൽ ഒരാളായിരുന്നു. 57 അംഗങ്ങളെ പ്രതിനിധീകരിച്ചാണ് ആ 13 പേർ അവിടെ യോഗം ചേർന്നത്.
കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ മാർഗനിർദേശപ്രകാരം അതിൽ അംഗത്വം ലഭിക്കാൻ പാർട്ടി പരിപാടിക്ക് രൂപം നൽകണമായിരുന്നു. ആ അടിസ്ഥാനത്തിൽ 1921 ജൂലെെ 1ന് സമാപിച്ച ഒന്നാം കോൺഗ്രസ് പാർട്ടി പരിപാടിക്ക് രൂപം നൽകി. ചെെനയിൽ സോഷ്യലിസം കെട്ടിപ്പടുക്കലാണ് പാർട്ടിയുടെ ആത്യന്തിക ലക്ഷ്യമെന്നാണ് അതിൽ പ്രഖ്യാപിച്ചത്.
എന്നാൽ 1919 മെയ് 4നു നടന്ന സാമ്രാജ്യത്വവിരുദ്ധ കലാപം കഴിഞ്ഞ് രണ്ടുവർഷത്തിനുശേഷം നടന്ന ഈ രൂപീകരണ സമ്മേളനത്തിൽ ഏറ്റവും പ്രധാനമായി മുഴങ്ങിയ മുദ്രാവാക്യം ‘‘സാമ്രാജ്യത്വം തുലയട്ടെ!’’ എന്നതാണ്. അതായത് ചെെനയുടെ ദൗർബല്യങ്ങൾക്കും പിന്നാക്കാവസ്ഥയ്ക്കും സഹജമായ കാരണം പത്തൊൻപതാം നൂറ്റാണ്ടു മുതൽ തുടരുന്ന വിദേശാധിപത്യമാണെന്നും, അതുകൊണ്ട് അതിന് അറുതിവരുത്തണമെന്നുണ്ടെങ്കിൽ സാമ്രാജ്യത്വശക്തികൾക്ക് കുടപിടിച്ചു നിൽക്കുന്ന ഫ്യൂഡൽ പ്രഭുക്കളെയും കോംബ്രദോർ ബൂർഷ്വാസിയെയും പരാജയപ്പെടുത്തേണ്ടതുണ്ടെന്നും ഇവയ്ക്കെതിരായ എല്ലാ വർഗങ്ങളെയും വിഭാഗങ്ങളെയും ഒരുമിച്ചു ചേർക്കേണ്ടതുണ്ടെന്നും വ്യക്തമാക്കപ്പെട്ടു. അങ്ങനെ സാമ്രാജ്യത്വവിരുദ്ധവും ഫ്യൂഡൽവിരുദ്ധവുമായ കടമകൾ പൂർത്തീകരിച്ചുകൊണ്ടു മാത്രമേ ആത്യന്തിക ലക്ഷ്യമായ സോഷ്യലിസത്തിലേക്ക് മുന്നേറാനാകൂവെന്ന കാഴ്ചപ്പാടും തുടക്കത്തിൽ മുന്നോട്ടുവയ്ക്കപ്പെട്ടു.
അതേസമയം ചെെനയിൽ പുതുതായി ഉയർന്നുവന്നുകൊണ്ടിരുന്ന ബൂർഷ്വാസി തങ്ങൾക്ക് മുന്നോട്ടുപോകുന്നതിന് അമേരിക്കയിൽനിന്നോ ജപ്പാനിൽനിന്നോ സഹായഹസ്തം നീട്ടപ്പെടുമെന്നാണ് കരുതിയത്. അതായത് ചെെനയെ ആധുനിക മുതലാളിത്ത രാഷ്ട്രമാക്കി വികസിപ്പിക്കുന്നതിനായിരിക്കും അമേരിക്കയും ജപ്പാനുമെല്ലാം ശ്രമിക്കുകയെന്ന മിഥ്യാധാരണയായിരുന്നു ചെെനയിലെ മുതലാളിത്ത ശക്തികൾക്കുണ്ടായിരുന്നത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ആദ്യമേ തന്നെ ഇതൊരു തെറ്റിദ്ധാരണയാണെന്നും സാമ്രാജ്യത്വത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച് ശരിയായി മനസ്സിലാക്കാത്തതാണ് ഇതിനു കാരണമെന്നും വ്യക്തമാക്കുകയുണ്ടായി. തങ്ങളുടെ സാമ്പത്തിക വ്യവസ്ഥയുടെ സഹജമായ സ്വഭാവമാണ് ചെെനയ്ക്കുമേൽ ആധിപത്യം സ്ഥാപിക്കാൻവേണ്ടി പ്രമുഖ മുതലാളിത്തശക്തികളെ പരസ്പരം പോരടിക്കാൻ നിർബന്ധിതമാക്കിയത് – അതിവിപുലമായ ഭൂപ്രദേശവും ഏറ്റവുമധികം ജനസംഖ്യയും സമ്പന്നമായ പ്രകൃതി വിഭവങ്ങളുമുള്ള രാജ്യമാണ് ചെെന; ഇതാകെ തട്ടിയെടുക്കുകയോ അതിനു പറ്റുന്നില്ലെങ്കിൽ പരസ്പരം പങ്കിട്ടെടുക്കുകയോ ആയിരുന്നു സാമ്രാജ്യത്വശക്തികളുടെ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞുവെന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയെ വേറിട്ടതാക്കിയത്. ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ ഈ സാമ്രാജ്യത്വവിരുദ്ധ നിലപാടിന് അതിവേഗം ചെെനീസ് ജനതയുടെ പിന്തുണ ലഭിച്ചു.
ചെെനീസ് കമ്യണിസ്റ്റു പാർട്ടി രൂപീകൃതമായി ഏറെ കഴിയും മുൻപുതന്നെ രാജ്യത്ത് മറ്റൊരു മാറ്റമുണ്ടായി. ഡോ. സൺയാത്-സെൻ 1912ൽ രൂപീകരിച്ച ദേശീയ വിപ്ലവ കാഴ്ചപ്പാടുള്ള കുമിന്താങ്ങുമായി കമ്യൂണിസ്റ്റ് പാർട്ടി സഖ്യമുണ്ടാക്കി. ഐക്യമുന്നണി എന്ന ആശയം മുന്നോട്ടുവയ്ക്കപ്പെട്ടത് തൊഴിലാളികളെയും കർഷകരെയും ഇടത്തരക്കാരെയും ബുദ്ധിജീവികളെയും മുതലാളിമാരിലെ ദേശസ്നേഹികളായ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് സാമ്രാജ്യത്വത്തിനെതിരായ സഖ്യമെന്ന നിലയിലാണ്. ഫ്യൂഡലിസത്തിനറുതി വരുത്തുകയും രാജ്യത്തെയാകെ ഒരൊറ്റ കേന്ദ്ര സർക്കാരിനുകീഴിൽ ഒരുമിപ്പിച്ച്, സാമ്രാജ്യത്വശക്തികളെ രാജ്യത്തുനിന്ന് പുറത്താക്കുകയുമായിരുന്നു അതിന്റെ ലക്ഷ്യം.
തങ്ങളുടെ വളർച്ചയ്ക്ക് പാശ്ചാത്യ–സാമ്രാജ്യത്വശക്തികളുടെ പിന്തുണയും സഹായവും ലഭിക്കുമെന്ന് തുടക്കത്തിൽ പ്രതീക്ഷിച്ച കുമിന്താങ്ങിന് ആ പ്രതീക്ഷ ക്രമേണ നഷ്ടപ്പെടുകയും പുതുതായി തൊഴിലാളിവർഗ നേതൃത്വത്തിൽ ഉയർന്നുവന്ന സോവിയറ്റ് യൂണിയനിലേക്ക് പ്രതീക്ഷാപൂർവം തിരിയുകയും ചെയ്തു. സോവിയറ്റ് യൂണിയനാകട്ടെ ചെെനയുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് കുമിന്താങ്ങും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ഐക്യമുണ്ടാക്കിയത്.
1922ൽ ചേർന്ന രണ്ടാം പാർട്ടി കോൺഗ്രസിലാണ് ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി ഐക്യമുന്നണിയെ സംബന്ധിച്ച ആലോചന നടത്തിയത്; ഒപ്പം ജനാധിപത്യവിപ്ലവം പൂർത്തിയാക്കലാണ് തങ്ങളുടെ അടിയന്തരകടമയെന്നും തീരുമാനിച്ചത്. കോമിന്റേണിൽ അംഗമാവുകയെന്ന തീരുമാനവും ഈ രണ്ടാം കോൺഗ്രസിൽ കെെക്കൊണ്ടു.
1923ൽ ചേർന്ന മൂന്നാം കോൺഗ്രസിൽ കുമിന്താങ്ങുമായി ഐക്യമുന്നണിയുണ്ടാക്കാൻ ഒൗപചാരികമായ തീരുമാനം കെെക്കൊണ്ടു; മാത്രമല്ല, വ്യക്തികളെന്ന നിലയിൽ കമ്യൂണിസ്റ്റുപാർട്ടി അംഗങ്ങൾ കുമിന്താങ്ങിൽ അംഗങ്ങളാകണമെന്നും അതേസമയം കമ്യൂണിസ്റ്റു പാർട്ടി പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും അതിന്റെ തനതായ അസ്തിത്വം നിലനിർത്തണമെന്നും തീരുമാനിക്കപ്പെട്ടു.
1925 ജനുവരിയിൽ ചേർന്ന നാലാം പാർട്ടി കോൺഗ്രസ് ദേശീയ വിമോചനത്തിനായുള്ള വിപ്ലവത്തിൽ തൊഴിലാളിവർഗത്തിന്റെ നേതൃത്വം സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി. ഒപ്പം മുഖ്യസഖ്യ ശക്തിയായി കർഷകജനസാമാന്യത്തെ തൊഴിലാളി വർഗനേതൃത്വത്തിൽ അണിനിരത്തേണ്ടതാണെന്നും തീരുമാനിക്കപ്പെട്ടു.
1925ൽ ഡോ. സൺയാത് സെൻ മരണമടഞ്ഞ് ഏറെകഴിയും മുൻപ് കുമിന്താങ്ങും കമ്യൂണിസ്റ്റ്പാർട്ടിയും ചേർന്ന ഒന്നാം ഐക്യമുന്നണി ശിഥിലമായി. കടുത്ത കമ്യൂണിസ്റ്റുവിരുദ്ധനായ ചിയാങ് കെെ–ഷേക്കിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷം കുമിന്താങ്ങിൽ ആധിപത്യം സ്ഥാപിച്ചതോടെയാണ് അതുണ്ടായത്. കമ്യൂണിസ്റ്റുകാർ ജനങ്ങൾക്കിടയിൽ സ്വാധീനവും പിന്തുണയും വർധിപ്പിക്കുന്നതിൽ ഭയചകിതരായ ബൂർഷ്വാ വിഭാഗത്തിന്റെ നേതാവെന്ന നിലയിൽ ചിയാങ് കെെ–ഷേക് കമ്യൂണിസ്റ്റു പാർട്ടിക്കെതിരെ വിദേശശക്തികളുമായി കൂട്ടുചേർന്ന് അട്ടിമറി ആസൂത്രണം ചെയ്തു.
1927 ഏപ്രിൽ മാസത്തിൽ ഷാങ്ഹായിൽ തൊഴിലാളികൾ പൊതുപണിമുടക്കിലേർപ്പെടുകയും ആ പണിമുടക്ക് ആ പ്രദേശത്തിന്റെ മോചനത്തിനായുള്ള മുന്നേറ്റമായി മാറുകയും ചെയ്തു. ഷാങ്ഹായ് നഗരം വിമോചിത മേഖലയായി തൊഴിലാളികൾ പ്രഖ്യാപിച്ചു; ഇതിന് മുഖ്യമായും നേതൃത്വം നൽകിയത് കമ്യൂണിസ്റ്റ് പാർട്ടിയും. നഗരത്തിന്റെ നിയന്ത്രണം തങ്ങളുടെ കെെക്കലാക്കാനായി ചിയാങ്ങിന്റെ സേന, വിദേശശക്തികളിൽനിന്നും നഗരത്തെ മോചിപ്പിച്ച തൊഴിലാളികളെ കൂട്ടക്കൊല ചെയ്യുകയാണുണ്ടായത്. അയ്യായിരത്തോളം ആളുകളാണ് ചിയാങ്ങിന്റെ ആ പ്രതിവിപ്ലവ അട്ടിമറിയെ തുടർന്ന് കൊല്ലപ്പെട്ടത്. തുടർന്നങ്ങോട്ട് ചിയാങ് സേന നടത്തിയ, കമ്യൂണിസ്റ്റുകാർക്കും വർഗബോധമുള്ള തൊഴിലാളികൾ ഉൾപ്പെടെ പുരോഗമന ചിന്താഗതിക്കാർക്കുമാകെ എതിരായ നിരവധി വർഷം നീണ്ടുനിന്ന കൂട്ടക്കൊലകൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.
ഐക്യമുന്നണി തകർക്കപ്പെട്ടതിനെതുടർന്ന് കമ്യൂണിസ്റ്റുകാർ കുമിന്താങ്ങിൽനിന്ന് പുറത്തുപോയി. ഈ ഘട്ടത്തിലാണ് പാശ്ചാത്യ സാമ്രാജ്യത്വശക്തികളുടെ പിന്തുണയോടെ ചിയാങ് കെെ–ഷേക് നാൻജിങ് ആസ്ഥാനമാക്കി പുതിയ ഗവൺമെന്റിന് രൂപം നൽകിയത്. ചിയാങ് ഭരണത്തിൽ കമ്യൂണിസം വധശിക്ഷ നൽകാവുന്ന കുറ്റകൃത്യമായി പ്രഖ്യാപിക്കപ്പെട്ടു. സാമ്രാജ്യത്വത്തെ രാജ്യത്തുനിന്ന് പുറത്താക്കലോ ഫ്യൂഡൽ യുദ്ധപ്രഭുക്കളുടെ പിടിയിൽനിന്ന് രാജ്യത്തെ മോചിപ്പിച്ച് ഏകീകരിക്കലോ ആയിരുന്നില്ല ചിയാങ്ങിന്റെയും കൂട്ടരുടെയും ലക്ഷ്യം; മറിച്ച് കമ്യൂണിസ്റ്റുകാരെ അടിച്ചൊതുക്കലായി അത് മാറി. 1927ന്റെ തുടക്കത്തിൽ 58,000 അംഗങ്ങളുണ്ടായിരുന്ന ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയിൽ ആ വർഷം അവസാനമായപ്പോൾ പതിനായിരത്തോളം അംഗങ്ങൾ മാത്രമാണ് ജീവനോടെ അവശേഷിച്ചത്.
പിന്നീട് കമ്യൂണിസ്റ്റു പാർട്ടിയെ സംബന്ധിച്ചിടത്തോളം ഐതിഹാസികമായ പോരാട്ടത്തിന്റെ നാളുകളായിരുന്നു. 1949 ഒക്ടോബർ ഒന്നിന് പെക്കിങ്ങിലെ ടിയാനെൻമെൻ സ്-ക്വയറിൽ പഞ്ചനക്ഷത്രാങ്കിതമായ രക്തപതാക മാനംമുട്ടെ ഉയർത്തി വീശി വിപ്ലവനായകൻ മൗ സേദോങ് ജനകീയ ചെെന റിപ്പബ്ലിക്ക് സ്ഥാപിക്കപ്പെട്ടതായി പ്രഖ്യാപിച്ചതോടെ ചെെനീസ് വിപ്ലവത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നു. 2024 ഒക്ടോബർ ഒന്നിന് ജനകീയ ചെെന റിപ്പബ്ലിക്കിന് 75 വർഷം പൂർത്തിയായതോടെ ചൂഷണരഹിതമായ സമൂഹ നിർമിതിക്കായുള്ള തൊഴിലാളിവർഗത്തിന്റെ ആഗോള പോരാട്ടത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി അത് മാറിയിരിക്കുകയാണ്. വിപ്ലവ വിജയത്തിന്റെ 100 വർഷം പൂർത്തിയാകുന്ന 2049ൽ ആധുനികവും വികസിതവുമായ സോഷ്യലിസ്റ്റ് സമൂഹമായി ചെെനയെ മാറ്റുന്നതിനുള്ള പ്രയാണത്തിലാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ.
1921 ജൂലെെ ഒന്നിന് ഷാങ്ഹായ്-യിൽ ഒന്നിച്ചുകൂടി ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപനം നടത്തിയ ആ 13 ചെറുപ്പക്കാർ കരുതിയിട്ടുണ്ടാവില്ല, തങ്ങൾ ചരിത്രത്തിലെ മഹാവിപ്ലവ മുന്നേറ്റത്തിനുള്ള സംഘടനയ്‌ക്കാണ് രൂപം നൽകിയതെന്ന്!
ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ രൂപവൽക്കരണവും, ലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യത്വശക്തികൾക്ക് പേടിസ്വപ്നമായി മാറിയ ആധുനിക ജനകീയ ചെെനയായി ആ രാഷ്ട്രം വളർന്നതിന്റെ സങ്കീർണമായ പാതയും ഹ്രസ്വമായി നമുക്ക് അടുത്തലക്കങ്ങളിൽ പരിശോധിക്കാം. l
(തുടരും)