Wednesday, October 23, 2024

ad

Homeപ്രതികരണംകോൺഗ്രസിന്റെ ആർഎസ്എസ് ബന്ധം

കോൺഗ്രസിന്റെ ആർഎസ്എസ് ബന്ധം

പിണറായി വിജയൻ

സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ ആശയതലത്തിലും പ്രായോഗികമായും വിട്ടുവീഴ്ചയില്ലാത്ത രീതിയിൽ അതിശക്തമായ പ്രതിരോധം ഉയർത്തുന്ന പ്രസ്ഥാനമാണ് സിപിഐ എം. കമ്യൂണിസം അതിന്റെ സത്തയിൽ തന്നെ ഫാസിസ്റ്റുവിരുദ്ധമാണ്. അതുകൊണ്ടാണ് ഫാസിസത്തിന്റെ ചരിത്രത്തിലുടനീളം അവരുടെ എതിർപക്ഷത്ത് കമ്യൂണിസ്റ്റുകാരെ കാണാൻ സാധിക്കുന്നത്. സംഘപരിവാറിന്റെ നേതാവും പ്രത്യയശാസ്ത്രകാരനുമായിരുന്ന ഗോൾവാൾക്കർ കമ്യൂണിസ്റ്റുകാരെ മുഖ്യശത്രുക്കളായി പ്രഖ്യാപിച്ചതും അതുകൊണ്ടുതന്നെയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ശക്തിയുള്ളിടങ്ങളിൽ തങ്ങൾക്ക് വളരാൻ സാധിക്കില്ലെന്ന ഉത്തമബോധ്യം അവർക്കുണ്ട്.

അതിന്റെ പ്രധാന തെളിവ് കേരളത്തിന്റെ ചരിത്രമാണ്. കേരളത്തിൽ വർഗീയ ശക്തികൾക്ക് വലിയ വേരോട്ടമുണ്ടാക്കാൻ സാധിക്കാത്തതിന്റെ കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനം തീർത്ത ജനകീയപ്രതിരോധമാണ്. ആ പോരാട്ടത്തിൽ പല ധീര സഖാക്കളും വർഗീയ ശക്തികളുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്. എന്നാൽ അവിസ്മരണീയമായ ഈ ത്യാഗങ്ങളുടെ ചരിത്രത്തെ മറച്ചുവച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണ് കോൺഗ്രസുൾപ്പെട്ട വലതുപക്ഷവും ജമാ അത്തെ ഇസ്ലാമി പോലുള്ള ഇസ്ലാമിക മതമൗലികവാദ പ്രസ്ഥാനങ്ങളും എക്കാലവും നടത്തി വന്നിട്ടുള്ളത്.

കേരള രാഷ്ട്രീയത്തിൽ സംഘപരിവാറുമായി എക്കാലവും ചേർന്നു മുന്നോട്ടുപോയത് കോൺഗ്രസ് ആണെന്ന യാഥാർത്ഥ്യമാണ് അവർ മറച്ചുവയ്ക്കുന്നത്. ഈ യാഥാർത്ഥ്യത്തിനു അടിവരയിടുന്ന കാര്യങ്ങളാണ് ഈയടുത്ത ദിവസം കോൺഗ്രസ് നേതാവും കെപിസിസി ഡിജിറ്റൽ മീഡിയയുടെ ചുമതലയുമുണ്ടായിരുന്ന ഡോ. പി സരിൻ പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തിയത്. കേരളത്തിലെ കോൺഗ്രസും സംഘപരിവാറും തമ്മിലുള്ള ബാന്ധവത്തിനു ദീർഘമായ ചരിത്രമുണ്ട്. നെഹ്റു മന്ത്രിസഭ വിമോചനസമരത്തെ തുടർന്നു ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ടതിനു ശേഷം 1960-ൽ നടന്ന തിരഞ്ഞെടുപ്പു മുതൽതന്നെ അതു ദൃശ്യമായിരുന്നു. അന്ന് ജനസംഘം വലിയ തോതിൽ വർഗീയ പ്രചരണങ്ങൾക്ക് കോപ്പുകൂട്ടുന്ന കാലമായിരുന്നു. കൂടുതൽ സാധ്യതയുള്ള നാല് അസംബ്ലി സീറ്റുകളിൽ മത്സരിക്കാനാണ് ജനസംഘം ആദ്യം തീരുമാനിച്ചത്. അതിലൊന്നായിരുന്നു പാലക്കാട്ടെ പട്ടാമ്പി മണ്ഡലം.

സഖാവ് ഇഎംഎസ് തന്നെയായിരുന്നു പട്ടാമ്പിയിൽ മത്സരിച്ചത്. പട്ടാമ്പിയിൽ പി മാധവമേനോനെ മത്സരിപ്പിക്കാനായിരുന്നു ജനസംഘം തീരുമാനം. പത്രികാ സമർപ്പണം ഒക്കെ കഴിഞ്ഞു സജീവമായ പ്രചരണവും അവരാരംഭിച്ചു. എന്നാൽ വോട്ടെടുപ്പിനുമുൻപ് കമ്യുണിസ്റ്റ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കുമെന്ന് പറഞ്ഞു സ്ഥാനാർഥിയെ പിൻവലിച്ച് ജനസംഘം മത്സരരംഗത്തു നിന്ന് പിന്മാറി. ഇ എം എസിനെ തോൽപ്പിക്കാൻ കോൺഗ്രസുമായി ജനസംഘം സഹകരിക്കുകയായിരുന്നു. അന്ന് ജനസംഘം പരസ്യമായാണ് കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ നൽകിയത്. ഇഎംഎസിനെ തോൽപിക്കാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് ജനസംഘം തുറന്നുപറഞ്ഞു. കോൺഗ്രസ് നേതാവ് എ രാഘവൻ നായരായിരുന്നു അന്ന് കോൺഗ്രസ് – –ലീഗ് – –പിഎസ്പി സഖ്യത്തിന്റെ സ്ഥാനാർത്ഥി. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ദേശീയ നേതാക്കൾ ഉൾപ്പെടെ പട്ടാമ്പിയിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനസംഘം നേതാവ് ദീനദയാൽ ഉപാദ്ധ്യായ വന്ന് കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി വോട്ട് തേടി. പക്ഷേ പരസ്യമായ ജനസംഘം ബന്ധമുണ്ടായിട്ടും അന്ന് കോൺഗ്രസ് രക്ഷപ്പെട്ടില്ല. 7322 വോട്ടുകൾക്കാണ് സഖാവ് ഇഎംഎസ് വിജയിച്ചത്.

1970-ൽ കോൺഗ്രസിനെയും ജനസംഘത്തെയും ഉൾപ്പെടെയാണ് സിപിഐഎം നേരിട്ടത്. എന്നാൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഏകാധിപത്യ ഭരണം കോൺഗ്രസ് അടിച്ചേല്പിക്കുന്ന ഘട്ടത്തിലാണ് 1977-ലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ‘ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ’ എന്ന മുദ്രാവാക്യം മുഴക്കി ജനാധിപത്യത്തെ കോൺഗ്രസ് നോക്കുകുത്തിയാക്കിയ കാലമായിരുന്നു അത്. ഭരണഘടനയെ അട്ടിമറിച്ച് ജനാധിപത്യ സംവിധാനങ്ങളെയാകെ വന്ധ്യംകരിച്ചാണ് കോൺഗ്രസ് അടിയന്തരാവസ്ഥ വാഴ്ച നടത്തിയത്. അർദ്ധ ഫാസിസത്തിന്റെ വക്താക്കളായിരുന്നു അന്നു കോൺഗ്രസ്.

ആ ഘട്ടത്തിൽ ഇന്ത്യൻ ജനതയൊന്നടങ്കം അടിയന്തരാവസ്ഥയ്ക്കും കോൺഗ്രസിനുമെതിരെ അണി നിരന്നു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ഭാരതീയ ലോക്ദൾ, സംഘടനാ കോൺഗ്രസ്സ്, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ തുടങ്ങിയ പാർട്ടികൾ ലയിച്ചാണ് 1977 ജനുവരി 23 ന് ജനതാ പാർട്ടി രൂപീകരിച്ചത്. എല്ലാ പാർട്ടികളും അവരുടെ കമ്മറ്റികൾ പിരിച്ചുവിട്ടും സംഘടനാ സംവിധാനങ്ങൾ താഴെ തലം മുതൽ ഇല്ലാതാക്കിയുമാണ് ലയനം നടത്തിയത്. ജനതാ പാർട്ടിയിൽ പിന്നീട് ജനസംഘവും ലയിക്കുന്ന നില വന്നു. ജനസംഘം പിരിച്ചുവിട്ടാണ് ലയനം നടന്നത്. കലപ്പ ഏന്തിയ കർഷകനായിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നം.

അടിയന്തിരാവസ്ഥയിലെ കോൺഗ്രസ് ഏകാധിപത്യ ഭരണത്തിനെതിരെ ഉയർന്നുവന്ന വിശാല ഐക്യത്തിൽ അന്ന് ജനാധിപത്യ വിശ്വാസികൾ എല്ലാവരും സഹകരിക്കുകയായിരുന്നു. ആ നിലയ്ക്ക് അടിയന്തിരാവസ്ഥാ വിരുദ്ധ പോരാട്ടത്തിന്റെ മുന്നിൽതന്നെ ഉണ്ടായിരുന്ന സിപിഐഎം അന്ന് മുഖ്യ പ്രതിപക്ഷമായ ജനതാ പാർട്ടിയുമായി ദേശീയ തലത്തിൽ സഹകരിച്ചിട്ടുണ്ട്. ആ സഹകരണം ജനസംഘവുമായിട്ട്- അല്ലായിരുന്നു.

കേരളത്തിൽ സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു അന്ന് സിപിഐഎം. ആർഎസ്എസ് അക്രമങ്ങൾക്കെതിരെ സിപിഐഎം ചെറുത്തുനിൽപ്പ് നടത്തുന്ന സമയവുമായിരുന്നു അത്. നിരവധി സിപിഐഎം പ്രവർത്തകരാണ് അന്ന് സംഘപരിവാർ കൊലക്കത്തിക്കിരയായത്. 1977-–79 കാലത്ത് കണ്ണൂർ ജില്ലയിൽ മാത്രം അനവധി രക്തസാക്ഷികളാണ് സിപിഐഎമ്മിനുണ്ടായത്. ആ ഘട്ടത്തിൽ സിപിഐഎം സഹകരിച്ചത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിയുമായാണ്.

ഇന്നത്തെ കെപിസിസി പ്രസിഡന്റും അന്ന് സംഘടനാ കോൺഗ്രസിൽ ആയിരുന്നു. തന്റെ പാർട്ടി ജനതാ പാർട്ടിയിൽ ലയിച്ചപ്പോൾ കെ. സുധാകരനും ജനതാ പാർട്ടിയുടെ ഭാഗമായി. അടിയന്തിരാവസ്ഥക്കാലത്ത് സുധാകരൻ ജനതാ പാർട്ടിയുടെ യുവജന വിഭാഗം സംസ്ഥാന ഭാരവാഹി വരെ ആയി. 1977 ൽ കെജി മാരാർ ഉദുമയിൽ മത്സരിച്ചപ്പോൾ കെ സുധാകരൻ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു. അതായത് എൽ.കെ അദ്വാനിയും വാജ്പേയി കെ സുധാകരനും ഒക്കെ അന്ന് ഒരേ പാർട്ടിയിൽ ആയിരുന്നു.

ജനതാ പാർട്ടിയിലും ആർ എസ് എസിലും ഒരേ സമയം അംഗത്വമാകാമോ എന്ന പ്രശ്നം ഉയർന്നപ്പോൾ ആ പാർട്ടിയിൽ അത് അനുവദിക്കാനാവില്ല എന്ന നിലപാടെടുത്തവരോടാണ് സിപിഐഎം ഐക്യപ്പെട്ടത്. ജനതാ സർക്കാർ രൂപീകരണശേഷം ഇരട്ട അംഗത്വ പ്രശ്നം വന്നപ്പോൾ ജനസംഘം പ്രവർത്തകർ ജനതാ പാർട്ടി വീട്ടിറങ്ങിയ സാഹചര്യം കൂടി ഉണ്ടായി. ജനസംഘം നേതാക്കൾ ആർഎസ്എസ് ബന്ധം തുടർന്നപ്പോഴാണ് 1980ൽ ജനതാ പാർട്ടി പിളർന്നത്. ദ്വയാംഗത്വ പ്രശ്നത്തിന്റെ പേരിൽ മൊറാർജി രാജി വെച്ചു. ചരൺസിങ് സർക്കാർ അധികാരത്തിൽ വന്നു. അതും കഴിഞ്ഞാണ്- ബിജെപി രൂപീകരിക്കപ്പെട്ടത്. ഇതൊക്കെ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് മറക്കാൻ കഴിയുന്ന കാര്യങ്ങളല്ല. കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം 1977 ൽ തീരുന്നതുമല്ല.

1979 ൽ കാസർകോട്, തലശ്ശേരി, തിരുവല്ല, പാറശാല എന്നീ നാല് നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ നടന്നിരുന്നു. ഒരു ആർഎസ്എസ്സുകാരന്റെയും വോട്ട് ഇടതുപക്ഷത്തിനു വേണ്ടെന്ന് ഇഎംഎസ് പ്രഖ്യാപനം നടത്തുന്നത് ആ ഉപതിരഞ്ഞെടുപ്പ് വേളയിലാണ്. നാല് മണ്ഡലങ്ങളിലും ഇടതുപക്ഷം ജയിക്കുകയാണുണ്ടായത്. തൊട്ടടുത്ത വർഷം 1980 ൽ ലോകസഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു വന്നു. 1980 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ കോൺഗ്രസ് മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചത് ആർഎസ്എസുകാരനായ ഒ. രാജഗോപാലായിരുന്നു. എതിർ സ്ഥാനാർത്ഥിയായി രംഗത്തുണ്ടായിരുന്നത് സിപിഐ എമ്മിലെ എം രാമണ്ണറേയായിരുന്നു. 73,587 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് രാമണ്ണറേ വിജയിച്ചത്. 1980ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിങ്ങളം മണ്ഡലത്തിലും സമാന സംഭവമുണ്ടായി. കോൺഗ്രസ് മുന്നണിയുടെ പെരിങ്ങളത്തെ അന്നത്തെ സ്ഥാനാർത്ഥി സാക്ഷാൽ കെ ജി മാരാർ ആയിരുന്നു. അന്ന് കോൺഗ്രസ്സ് പിന്തുണച്ച കെജി മാരാരെ തോൽപ്പിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി ഇപ്പോൾ മന്ത്രി സഭാംഗമായ എകെ. ശശീന്ദ്രനാണ്.

അതേ വർഷം എടക്കാട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് മുന്നണിയുടെ സ്ഥാനാർത്ഥി കെ സുധാകരൻ ആയിരുന്നു. സുധാകരൻ അന്നും ജനതാ പാർട്ടിയിൽ തന്നെ ആയിരുന്നു. ബി ജെ പി രൂപീകരിക്കപ്പെട്ടിട്ടില്ല. കോൺഗ്രസ് അദ്ദേഹത്തിനുവേണ്ടി വോട്ടു തേടി. ഇടതുപക്ഷ സ്ഥാനാർഥിയായ അഖിലേന്ത്യാ ലീഗിലെ പി.പി.വി മൂസയാണ് അന്ന് കെ സുധാകരനെ പരാജയപ്പെടുത്തിയത്. ഒറ്റപ്പാലം മണ്ഡലത്തിൽ ജനതാ പാർട്ടിയിലെ പി.ആർ നമ്പ്യാർക്കു വേണ്ടിയാണ് കോൺഗ്രസുകാർ പ്രവർത്തിച്ചത്. ഇടതുപക്ഷത്തെ വി സി കബീർ ആണ് അന്ന് വിജയിച്ചത്. ചവറയിൽ ബേബി ജോണിനെതിരെ കോൺഗ്രസ്സ്– ജനതാ പാർട്ടി കൂട്ടുകെട്ടിിന്റെ സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടത് ജനതാ പാർട്ടിയിലെ സി. രാജേന്ദ്രനായിരുന്നു.

1991 ലെ ബേപ്പൂർ, വടകര മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും ലീഗും ചേർന്ന് ഉണ്ടായ കോ–ലീബി സഖ്യത്തിനു രൂപം നൽകി. അന്ന് വടകര ലോകസഭ മണ്ഡലത്തിൽ കോലീബി സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. രത്നസിംഗ് തന്റെ ആത്മകഥയിൽ 1991 ലെ കോൺഗ്രസ്സ്-ലീഗ്-–ബിജെപി ബാന്ധവത്തെക്കുറിച്ച് തുറന്നു പറയുകയുണ്ടായി. ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ കോലീബി സ്ഥാനാർഥി ഡോ. കെ മാധവൻ കുട്ടി പിന്നീട് അതേക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. കോലീബി സഖ്യത്തിന്റെ രൂപവൽക്കരണത്തിനു മുന്നിൽനിന്നത് ബിജെപിയിലെയും കോൺഗ്രസിലെയും മുസ്ലീം ലീഗിലെയും പ്രമുഖ നേതാക്കൾ തന്നെയായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നു എന്ന് അഭിമാനപുരസ്സരം വിളിച്ചു പറഞ്ഞത് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റാണ്. എടക്കാട്, തോട്ടട, കിഴുന്ന മേഖലകളിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഐഎം ശ്രമിച്ചിരുന്നുവെന്നും കോൺഗ്രസ് പാർട്ടിക്കാർ ശാഖയ്ക്ക് കാവൽ നിന്നെന്നുമല്ലേ കെ. സുധാകരൻ പരസ്യമായി തുറന്നു പറഞ്ഞത്. പക്ഷേ, ഇതേ കണ്ണൂരിൽ, തലശ്ശേരി കലാപകാലത്ത് സിപിഐഎം കാവൽ നിന്നത് ആർ എസ് എസ് ആക്രമണങ്ങളിൽ നിന്ന് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും സ്വത്തുക്കളും ജീവനും സംരക്ഷിക്കാനാണ്.

സംഘപരിവാർ ബന്ധമുള്ളവർക്കുമാത്രം ഇടം ലഭിക്കുന്ന കേന്ദ്രസർക്കാരിന്റെ അഭിഭാഷക പാനലിൽ ഉമ്മൻ ചാണ്ടിയുടെ മകനും കോൺഗ്രസ് എം.എൽ.എയുമായ ചാണ്ടി ഉമ്മൻ ഇടം നേടിയതെങ്ങനെ? ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല. കിഫ്‌ബിക്കെതിരെ സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് നൽകിയ കേസിൽ കോൺഗ്രസ് എം.എൽ.എയായ മാത്യു കുഴൽനാടൻ ആയിരുന്നു അവരുടെ അഭിഭാഷകൻ.

2006ൽ പറവൂർ മനക്കപ്പടി സ്കൂളിൽ ഗോൾവാൾക്കറുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ആർഎസ്എസ് നടത്തിയ പരിപാടിയിൽ ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കുമുൻപിൽ വണങ്ങി വിളക്കു കൊളുത്തിയത് ഇന്നത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. 2013 ൽ സംഘപരിവാറിന്റെ കേരളത്തിലെ ഉന്നതനായ പി പരമേശ്വരന്റെ പുസ്തകപ്രകാശനം നടത്തിയതും വിഡി സതീശൻ തന്നെ. യാഥാർത്ഥ്യം ഇതായിരിക്കെ ചരിത്രത്തെ വക്രീകരിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസും അവർക്കൊപ്പം അണിനിരക്കുന്നവരും ശ്രമിക്കുന്നത്. സംഘപരിവാറിന്റെ വർഗീയരാഷ്ട്രീയത്തിനു വിടുപണി ചെയ്ത ചരിത്രമാണ് കോൺഗ്രസിന്റേത്. അതു സിപി ഐഎമ്മിന്റെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമിച്ചാൽ വിലപ്പോവില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − 11 =

Most Popular