കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു മലബാർ. സ്വാതന്ത്ര്യം കിട്ടുമ്പോൾ മദിരാശി പ്രവിശ്യയിലായിരുന്ന ഈ ഭൂപ്രദേശം സ്വാതന്ത്യാനന്തരം ഒരു പതിറ്റാണ്ടു കാലം മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായാണ് അറിയപ്പെട്ടത്. 1956 നവംബർ ഒന്നിനാണ്, മലബാർ തിരുകൊച്ചിയോട് ചേർന്ന്, പുതുതായി രൂപം കൊണ്ട കേരളത്തിന്റെ ഭാഗമായത്. ഇന്ത്യയുടെ പശ്ചിമതീരത്തെ മൊത്തത്തിൽ മലബാർ എന്നാണ് വിദേശികൾ വിളിച്ചിരുന്നത്. വാൻറീഡ് എന്ന ഡച്ചുകാരൻ കേരളത്തിലെ ഔഷധമൂല്യമുള്ള സസ്യങ്ങളെ കുറിച്ച് ഒരു ഗ്രന്ഥം രചിച്ചപ്പോൾ അതിനു നൽകിയ പേര് “ഹോർത്തൂസ് മലബാറിക്കൂസ്” എന്നായിരുന്നു. കൊച്ചിയിൽ വെച്ചാണ് പ്രസ്തുത പുസ്തകം രചിക്കപ്പെട്ടതെന്നോർക്കണം. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം എന്നും തലവേദനയുണ്ടാക്കിയ ദേശത്തിന്റെ നാമം കൂടിയാണ് മലബാർ. പ്രത്യേകിച്ച് തെക്കേ മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകൾ. പോർച്ചുഗീസുകാരുടെ ആഗമനം മുതൽ 1921 വരെ നീണ്ടുനിന്ന ജന്മിത്വത്തിനും അവരെ പിന്തുണച്ച കൊളോണിയൽ ഭരണവാഴ്ചയ്-ക്കുമെതിരെയുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ചരിത്രത്തിൽ ഇടം നേടിയത് “മലബാർകലാപങ്ങൾ” എന്ന പേരിലാണ്. ബ്രിട്ടീഷുകാർ അതിനെ അവമതിക്കാൻ “മാപ്പിളലഹള’ എന്നാണ് വിളിച്ചത്.
മലബാറിലെ പ്രമുഖ ജില്ലകളായിരുന്ന പാലക്കാടിന്റെയും കോഴിക്കോടിന്റെയും ഭാഗങ്ങൾ ചേർത്താണ് 1969 ജൂൺ 16-ന് മലപ്പുറം ജില്ല രൂപീകരിച്ചത്. സിപിഐ എമ്മും മുസ്ലീംലീഗും ഉൾപ്പെടുന്ന സപ്തകക്ഷി മുന്നണിയാണ് അന്ന് കേരളം ഭരിച്ചിരുന്നത്. സിപിഐ എമ്മിന്റെ പാർട്ടിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പിൻബലത്തിലും സഖാവ് ഇ.എം.സിന്റെയും സി.എച്ച് മുഹമ്മദ് കോയയുടെയും ഉറച്ച നിലപാടിന്റെയും പശ്ചാത്തലത്തിലാണ് മലപ്പുറം ജില്ല പിറന്നത്. സി.എച്ച് മുഹമ്മദ് കോയയും അഹമ്മദ് കുരിക്കളും ഇ.എം.എസിന്റെ മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ പദവി അലങ്കരിച്ചത് മട്ടാഞ്ചേരിയിൽ നിന്ന് ജയിച്ച ലീഗ് അംഗം എം.പി.എം ജാഫർഖാനാണ്.
മലബാറിലെ പ്രമുഖ ജില്ലകളായിരുന്ന പാലക്കാടിന്റെയും കോഴിക്കോടിന്റെയും ഭാഗങ്ങൾ ചേർത്താണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടത്. 3638 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തൃതി. ഇതിൽ 758.8684 ചതുരശ്ര കിലോമീറ്റർ വനമാണ്. 2011-ലെ കാനേഷുമാരി കണക്കനുസരിച്ച് ജില്ലയിലെ ജനസംഖ്യ 41.13 ലക്ഷമാണ്. 70.24 ശതമാനം മുസ്ലീങ്ങളും, 27.6 ശതമാനം ഹൈന്ദവരും, 2 ശതമാനത്തിൽ താഴെ ക്രൈസ്തവരും. ഭൂവിസ്തൃതിയുടെ കാര്യത്തിൽ മൂന്നാംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഒന്നാംസ്ഥാനവുമാണ് മലപ്പുറത്തിനുള്ളത്. സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ മുസ്ലീംലീഗിന് ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് മാന്യമായ അംഗീകാരം ഒരു മുന്നണിയുടെ ഭാഗമായി 1967-ൽ ലഭിച്ചത്. രണ്ടു മന്ത്രിപദവികളും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമാണ് സിപിഐ എം നേതൃത്വം നൽകിയ മുന്നണി ലീഗിന് നൽകിയത്. ഇതോടെയാണ് കോൺഗ്രസിന്റെ ലീഗിനോടുള്ള സവർണ മനോഭാവത്തിന് അന്ത്യമായത്. ബാഫഖി തങ്ങളും, ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും, കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയുടെ രൂപീകരണത്തിൽ സജീവ പങ്കാളികളായി. ഭൗതികവാദികളായ കമ്യൂണിസ്റ്റുകാരുമായി വിശ്വാസികളായ മുസ്ലീങ്ങൾ സഹകരിക്കാൻ പാടില്ലെന്ന വാദം മുസ്ലീം സമുദായത്തിൽ ശക്തമായി നിലനിൽക്കെ അതിനെ തൃണവൽഗണിച്ചാണ് സിപിഐ എം സഖ്യം ഇരുനേതാക്കളും യാഥാർത്ഥ്യമാക്കിയത്.
കോൺഗ്രസിന്റെ തനിനിറം പുറത്തുവന്നപ്പോൾ
1921-ലെ മലബാർ കലാപത്തെ വർഗീയലഹളയായി മുദ്രകുത്തിയ കോൺഗ്രസ്, ജനസംഘത്തോടൊപ്പം ചേർന്ന് മലപ്പുറം ജില്ലയുടെ രൂപീകരണത്തെ ശക്തിയുക്തം എതിർത്തു. കോൺഗ്രസ് നേതാക്കളായ ആര്യാടൻ മുഹമ്മദും എം.പി ഗംഗാധരനും വഴിക്കടവിൽ നിന്നും പൊന്നാനിയിൽ നിന്നും ജില്ലാ രൂപീകരണത്തിനെതിരെ രണ്ടു ജാഥകൾക്ക് നേതൃത്വം നൽകി. അവർ മലപ്പുറം ജില്ലാ രൂപീകരണത്തെ ‘കുട്ടിപ്പാക്കിസ്താൻ’ ഉണ്ടാകുന്നു എന്ന മട്ടിലാണ് പ്രചരിപ്പിച്ചത്.
കേരളഗാന്ധി കെ കേളപ്പനും ജില്ലയ്-ക്കെതിരായ നീക്കത്തിന് ചൂട്ടുപിടിച്ചു.
ജനസംഘം കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്. അത്യന്തം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി അവർ കോഴിക്കോട്ടങ്ങാടിയിൽ പ്രകടനങ്ങളും സമരപരിപാടികളും ആസൂത്രണം ചെയ്തു. മലബാറിൽ നിലനിന്നിരുന്ന സാമുദായിക സൗഹാർദ്ദം തകർക്കലായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. അതിലവർക്ക് പക്ഷേ, വിജയിക്കാനായില്ല. ഉത്തരേന്ത്യയിൽ നിന്ന് കാളകെട്ടിച്ച് കൊണ്ടുവന്ന ഗുസ്തിവീരൻ ധാരാസിങ്ങിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ നടന്ന മലപ്പുറം വിരുദ്ധ ജാഥയിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങൾ കടുത്ത വർഗീയതയുടെ വിഷവിത്താണ് ജനമനസുകളിൽ പാകാൻ ശ്രമിച്ചത്. ആ പ്രകടനത്തിന് കോഴിക്കോട് മൊയ്തീൻ പള്ളിയുടെ അങ്കണത്തിൽ ആൾക്കൂട്ടത്തിൽ കൂടിനിന്ന 21-കാരൻ, ഇപ്പോൾ 75 വയസ് പ്രായമായ മുൻലീഗ് നേതാവും ഇപ്പോൾ കുന്ദമംഗലത്തെ ഇടതുപക്ഷ എം.എൽ.യുമായ പി.ടി.എ റഹീം സാഹിബ്, ഓർത്തെടുക്കുന്നത് ഇങ്ങനെ: ‘‘ഊപ്പർ ദേഖോ, മസ്ജിദ് മസ്ജിദ്. സാംനെ ദേഖോ, മസ്ജിദ് മസ്ജിദ്. പീഛേ ദേഖോ, മസ്ജിദ് മസ്ജിദ്. പൂരെ പൂരെ മസ്ജിദ് മസ്ജിദ്’’. മേൽപ്പോട്ട് നോക്കിയാലും, മുന്നിലേക്ക് നോക്കിയാലും, പിന്നിലേക്ക് നോക്കിയാലും എങ്ങോട്ട് തിരിഞ്ഞാലും മുസ്ലീം പള്ളികളാൽ നിറഞ്ഞ ഒരു ജില്ല വേണ്ടേവേണ്ടന്ന് ധ്വനിപ്പിച്ച മുദ്രാവാക്യം വിളി കോഴിക്കോടിനെ പ്രകമ്പനം കൊള്ളിച്ചു.
അതേ ജനസംഘത്തിന്റെ വാലിൽ തൂങ്ങി കോൺഗ്രസ് ഉയർത്തിയ വിഷലിപ്ത മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും മലപ്പുറത്തെ വർഗീയക്കുളത്തിൽ മുക്കിത്താഴ്ത്താനുള്ള നീക്കത്തിന്റെ ഭാഗമായേ കാണാനാകൂ. ഗോൾവാൾക്കറിസം മനസ്സിൽ പേറുന്ന കോൺഗ്രസുകാരുടെ എല്ലാ കുതന്ത്രങ്ങളെയും അതിജീവിച്ചാണ് മലപ്പുറം ജില്ല യാഥാർത്ഥ്യമായത്. മലപ്പുറം ജില്ല രൂപീകൃതമായാൽ താനൂർ കടപ്പുറത്ത് പാക്കിസ്താന്റെ പടക്കപ്പലെത്തുമെന്ന് കോൺഗ്രസ് പതുക്കെയും ജനസംഘം ഉറക്കെയും വിളിച്ചുകൂവി. അതിന്റെ വേര് പിഴുതെറിഞ്ഞ് സി.എച്ച് മുഹമ്മദ് കോയ സാഹിബ് നടത്തിയ പ്രസംഗം ആവേശഭരിതമാണ്. അദ്ദേഹം പറഞ്ഞു: ‘‘മലപ്പുറം ജില്ല വന്നാൽ താനൂർ കടപ്പുറത്ത് പാക്കിസ്താന്റെ പടക്കപ്പലെത്തുമെന്നാണ് ചിലർ ആശങ്കപ്പെടുന്നത്. അങ്ങനെ വരുന്ന പടക്കപ്പലിനെ അറബിക്കടലിന്റെ വിരിമാറിൽ വെച്ച് തോൽപ്പിക്കാൻ ഇന്ത്യയുടെ നാവികപ്പടയ്-ക്ക് കഴിയില്ലെങ്കിൽ, ഇന്ത്യയുടെ നാവികപ്പട അങ്ങോട്ട് പിരിച്ചു വിട്ടേക്കൂ. ജില്ല ഞങ്ങൾക്കു വേണം’’. മലപ്പുറവുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ ആ ചതിയുടെ കഥ, അമർഷവും വെറുപ്പും ദേഷ്യവും കലർന്ന ആവേശത്തോടെയാണ് പഴമക്കാർ ഇന്നും അനുസ്മരിക്കുക.
മലപ്പുറത്തിന്റെ
വെെജ്ഞാനിക മുന്നേറ്റം
മലപ്പുറം ജില്ലയുടെ രൂപീകരണവും കാലിക്കറ്റ് സർവ്വകലാശാലയുടെ സംസ്ഥാപനവും മലപ്പുറത്തുകാരുടെ തലവര മാറ്റിയെഴുതി. വൈജ്ഞാനിക രംഗത്തും മലപ്പുറം മുന്നേറി. മലപ്പുറത്തെ മഹാഭൂരിപക്ഷം മുസ്ലീങ്ങളും കുടിയാൻമാരോ കുടികിടപ്പുകാരോ കർഷകത്തൊഴിലാളികളോ ആയിരുന്നു. പരമ്പരാഗതമായി ഭൂസ്വത്തിന്റെ അവകാശികളായ മുസ്ലീം പ്രമാണിമാരും വലിയ തറവാട്ടുകാരും ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കാളികളായവരല്ല. സമരക്കാരായ മാപ്പിള പോരാളികളെ അധികാരികൾക്ക് ഒറ്റുകൊടുത്തതിന് ഉപകാരസ്മരണയായി അധികാരികൾ സമ്മാനിച്ചതാണ്, കണ്ണെത്താദൂരത്തോളമുള്ള അവരുടെ ഭൂസ്വത്ത്. അല്ലാതെ അവരാരും അദ്ധ്വാനിച്ചുണ്ടാക്കിയതോ പണം കൊടുത്ത് സ്വന്തമാക്കിയതോ ആയിരുന്നില്ല അവയൊന്നും. പരമ്പരാഗത സമ്പന്ന മുസ്ലീം തറവാട്ടുകാരും സവർണ ഹിന്ദുക്കളും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെ ഒളിഞ്ഞും തെളിഞ്ഞും എതിർത്തവരാണ്. സമരക്കാരെ ബ്രിട്ടീഷ് പട്ടാളത്തിന് ചൂണ്ടിക്കാണിച്ച് കൊടുത്ത് സ്ഥാനമാനങ്ങൾ നേടിയവരാണ്.
കുടിയിറക്കൽ നിരോധന നിയമം ആദ്യത്തെ ഇ.എം.എസ് സർക്കാർ കൊണ്ടുവന്നതോടെ, എത്രയോ പതിറ്റാണ്ടുകളായി കൂരകെട്ടിത്താമസിച്ചിരുന്ന മണ്ണിൽ നിന്ന് പതിനായിരക്കണക്കിന് സാധാരണക്കാരായ മനുഷ്യർ വഴിയാധാരമാക്കപ്പെടാതെ സംരക്ഷിക്കപ്പെട്ടു. പ്രമാണിമാരുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് കവചം തീർക്കാൻ ചില പണ്ഡിതശിരോമണികളെ അക്കാലത്ത് മുസ്ലീംലീഗിലെയും കോൺഗ്രസിലെയും ‘ഖാൻബഹദൂർ’ പട്ടം കിട്ടിയ സമ്പന്നവർഗം രംഗത്തിറക്കി. ആരാന്റെ ഭൂമിയിൽ നിന്ന് അവർ പറഞ്ഞാൽ ഇറങ്ങിക്കൊടുക്കാതിരിക്കുന്നത് പടച്ചോൻ പൊറുക്കാത്ത കുറ്റമാണെന്ന് സാധുമനുഷ്യരായ മാപ്പിളമാരെ ഈ “സാരോപദേശികൾ’ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. അപൂർവ്വം ചില പാവങ്ങൾ അതിൽ വീണുപോയി.
കമ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമം, ഏറനാട് വള്ളുവനാട് താലൂക്കുകളിലെ അഥവാ ഇന്നത്തെ മലപ്പുറം ജില്ലയിലെ മുസ്ലീം കർഷകരെ ജീവിതത്തിലാദ്യമായി ഭൂമിയുടെ അവകാശികളാക്കി. ആ ഉടമസ്ഥതാബോധത്തിന്റെ കരുത്തിലാണ് മലപ്പുറത്തെ പുതിയ തലമുറ സ്വാതന്ത്ര്യ ബോധമുള്ളവരായി വളർന്നത്. താന്താങ്ങൾ താമസിക്കുന്ന ഭൂമിയുടെ പ്രമാണം കയ്യിൽ കിട്ടിയതോടെ പലരും അത് സമ്പന്നർക്ക് പണയം വെച്ചു. അങ്ങനെ കിട്ടിയ പണം കൊണ്ട് എഴുപതുകളിൽ മലപ്പുറത്തുകാർ പ്രവാസജീവിതത്തിലേക്ക് ജീവൻ പണയപ്പെടുത്തി മുന്നിട്ടിറങ്ങി. ഉരുക്കളിലും പത്തേമാരികളിലും അവർ അറബിക്കടൽ താണ്ടി അക്കരെയെത്തി. ആ യാത്രയിൽ വലിയൊരു ശതമാനം ആളുകൾ രക്ഷപ്പെട്ടു. കുറച്ചുപേർ യാത്രക്കിടയിൽ രോഗം വന്ന് മരിച്ചു. വാങ്ങിയ പണം തിരിച്ചു നൽകാൻ കഴിയാതായതോടെ അത്തരം നിസ്സഹായരുടെ കുടുംബ സ്വത്തുക്കൾ ജന്മികൾ വീണ്ടും കൈക്കലാക്കി. ആ പാവം കുടുംബങ്ങൾ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കിടന്ന് നരകിച്ചു. പക്ഷേ അവരും അധികം വൈകാതെ കടൽ നീന്തി സമൃദ്ധിയുടെ അരികുപറ്റി.
ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിച്ച് ഭൂസ്വത്ത് കൈവശം വെച്ചവരിൽ നിന്ന് ഗൾഫിൽ പോയി പണമുണ്ടാക്കി വന്നവർ ഭൂമിയും സ്വത്തുക്കളും വില കൊടുത്തു വാങ്ങി. മണലാരണ്യത്തിൽ വിയർപ്പൊഴുക്കി പണിയെടുത്തുണ്ടാക്കിയ കാശുകാരെ, “പുത്തൻപണക്കാർ’ എന്നാണ്, വൈദേശികർക്കൊപ്പം നിന്ന് സ്വത്ത് കൈക്കലാക്കി പ്രമാണിമാരായവർ പരിഹസിച്ചു വിളിച്ചത്. പുത്തൻപണക്കാർ തറവാട്ടുകാരല്ലെന്നും പ്രമാണിവർഗം അധിക്ഷേപിച്ചു. പ്രവാസ ജീവിതം നയിച്ച്, ചോരനീരാക്കി പണിയെടുത്ത് ഭൂമിയും സ്വത്തുവഹകളും സ്വന്തമാക്കിയ പുത്തൻപണക്കാരാണ് മലപ്പുറത്തിന്റെ യഥാർത്ഥ നേരവകാശികൾ. ബ്രിട്ടീഷുകാർക്കെതിരെ പൊരുതി സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായ ധീരപോരാളികളെ ഒറ്റുകൊടുത്തതിന്റെ “കളങ്കവിഹിതം’ പുത്തൻപണക്കാരുടെ സമ്പാദ്യത്തിൽ ആർക്കും കാണാനാവില്ല.
പരമ്പരാഗത പ്രമാണിമാർ
ചേക്കേറിയത് കോൺഗ്രസിൽ
പരമ്പരാഗത പ്രമാണിമാർ, സ്വാതന്ത്ര്യാനന്തരം ചേക്കേറിയത് കോൺഗ്രസിലാണ്. അവരുടെ സാമ്പത്തിക താൽപര്യ സംരക്ഷണമായിരുന്നു അതിനു പിന്നിലെ ഉദ്ദേശ്യം. മലപ്പുറം ജില്ലയിലെ പ്രമാണിമാരിൽ ഭൂരിഭാഗവും കോൺഗ്രസായതിന്റെ പിന്നിലെ രഹസ്യം അതാണ്. എഴുപതുകൾക്കു ശേഷം അവരിൽ ഒരു വിഭാഗം മുസ്ലീംലീഗിലും കടന്നുകൂടി നേതൃസ്ഥാനങ്ങൾ പിടിച്ചടക്കി. കമ്യൂണിസ്റ്റ്- – ലീഗ് സഖ്യം തകർത്തത് സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാരെ അനുകൂലിച്ച്, ഭൂസ്വാമിമാരായി കോൺഗ്രസിൽ ചേർന്ന്, പിന്നീട് ലീഗ് നേതൃനിരയിൽ എത്തിയ പാരമ്പര്യ തറവാട്ടുകാരായ സമ്പന്ന വർഗമായിരുന്നു. പാർട്ടി മാറിയെങ്കിലും അവരുടെ മനസ്സ് കമ്യൂണിസ്റ്റ് വിരുദ്ധമായിത്തന്നെ നിലനിന്നു. കുടിയൊഴിപ്പിക്കൽ നിരോധന നിയമം കൊണ്ടുവന്നും ഭൂപരിഷ്കരണ നിയമത്തിന് അടിത്തറയിട്ടും കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലുകൾ കുറച്ചൊന്നുമല്ല മുസ്ലീം വരേണ്യരെ അസ്വസ്ഥരാക്കിയത്. കമ്യൂണിസ്റ്റ്- ലീഗ് കൂട്ടുകെട്ട് നിലനിന്നാൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം നടത്തിയ ധീരദേശാഭിമാനികളുടെ പിൻമുറക്കാരായ മാപ്പിളമാർക്ക് അധികാരവും അന്തസ്സും മേൽക്കോയ്മയും ലഭിക്കുമോ എന്ന് പരമ്പരാഗത മുസ്ലീം സമ്പന്ന വിഭാഗം ഭയപ്പെട്ടു. അവരാണ് ലീഗിനെ കോൺഗ്രസിന്റെ ആലയിൽ കൊണ്ടുപോയി കെട്ടിയത്. ആ ചതി തിരിച്ചറിയാൻ പക്ഷേ, മുസ്ലീംലീഗിലെ പുതുതലമുറയ്ക്ക് കഴിയുന്നില്ലെന്നതാണ് ഖേദകരം.
കേരളത്തിലെ മുഴുവൻ മുസ്ലീങ്ങൾക്കും ഈഴവാദി പിന്നാക്ക വിഭാഗങ്ങൾക്കും സർക്കാർ ജോലികളിൽ സംവരണം ഉറപ്പാക്കുന്നതിന് പ്രഥമ കമ്യൂണിസ്റ്റ് പാർട്ടി മുൻകയ്യെടുത്ത് പാസ്സാക്കിയ കേരള സ്റ്റേറ്റ് സർവീസ് ആൻഡ് സബോർഡിനേറ്റ് നിയമം, മലപ്പുറം ജില്ലയിലെ സാധാരണക്കാരായ മുസ്ലീം ജനവിഭാഗത്തിന് മുന്നോട്ടുകുതിക്കാൻ വലിയതോതിൽ ഊർജ്ജം നൽകി. ഇ.എം.എസ് സർക്കാർ നടപ്പിലാക്കിയ കുടിയൊഴിപ്പിക്കൽ നിരോധന നിയമവും, മുസ്ലീം ആരാധനാലയങ്ങൾ നിർമിക്കാൻ ജില്ലാ കളക്ടറുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങണമെന്ന കരിനിയമവും, മാപ്പിളമാർ നടത്തിയ കാർഷിക കലാപങ്ങൾ അടിച്ചമർത്താൻ ഉദ്ദേശിച്ച് ബ്രിട്ടീഷുകാർ കൊണ്ടുവന്ന മാപ്പിള ഔട്ട് റേജസ് ആക്ടും കമ്യൂണിസ്റ്റ് സർക്കാർ വലിച്ചുകീറി ചവറ്റുകൊട്ടയിലെറിഞ്ഞു. മലബാറിലെ നിഷ്കളങ്കരായ മുസ്ലീം ജനസാമാന്യത്തെ ആവേശഭരിതരാക്കാൻ പ്രഥമ ഇ.എം.എസ് സർക്കാരിന്റെ ഇത്തരം നടപടികൾ ഏറെ സഹായിച്ചു. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്, ഒന്നാം ഇ.എം.എസ് ഭരണത്തിൽ സ്ഥാപിച്ചതിന്റെ നേട്ടം അനുഭവിച്ചവരിലും പാവപ്പെട്ടവരും ഇടത്തരക്കാരുമായ മുസ്ലീങ്ങളും ധാരാളമുണ്ടായിരുന്നു.
മലപ്പുറത്തിന്റെ
വിദ്യാഭ്യാസ മുന്നേറ്റം
ലീഗിനെ മനസ്സറിഞ്ഞ് അംഗീകരിക്കാൻ കോൺഗ്രസ് ഒരുഘട്ടത്തിലും തയ്യാറായിരുന്നില്ല. എന്നാൽ ലീഗിന്റെ രാഷ്ട്രീയ ശക്തിയുടെ ഗുണഫലം വേണ്ടുവോളം അവർ നുകരുകയും ചെയ്തു. ലീഗിനോടുള്ള കോൺഗ്രസിന്റെ ശത്രുതാമനോഭാവം എല്ലാ പരിധികളും ലംഘിച്ചപ്പോൾ, കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയിൽ ചേരാൻ ലീഗ് നിർബന്ധിതമായി. ലീഗിന്റെ സജീവ പങ്കാളിത്തമുള്ള രണ്ടാം ഇ.എം.എസ് മന്ത്രിസഭ, ഒരിക്കലും നടക്കില്ലെന്നു കരുതിയ പലതും യാഥാർത്ഥ്യമാക്കി. ജനങ്ങൾ കയ്യടികളോടെയാണ് അവയെയെല്ലാം സ്വീകരിച്ചത്. മലപ്പുറം ജില്ലാ രൂപീകരണവും മലബാറിലെ ആദ്യ യൂണിവേഴ്സിറ്റി തേഞ്ഞിപ്പലത്ത് സ്ഥാപിച്ചതും മാപ്പിളമാർക്ക് നൽകിയ കരുത്ത് ചെറുതല്ല. മലപ്പുറം ജില്ലയിൽ ധാരാളം സർക്കാർ സ്കൂളുകൾ, ഇ.എം.എസും സി.എച്ചും ചേർന്ന് ഒരുക്കിയത്, മുസ്ലീം വിദ്യാഭ്യാസത്തിന്റെ പ്രയാണവീഥിയിലെ നാഴികക്കല്ലുകളായി. കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നതോടെ ഉന്നതവിദ്യാഭ്യാസ രംഗത്തും വൻ കുതിച്ചുചാട്ടത്തിന് മലപ്പുറം ജില്ലയെ പ്രാപ്തമാക്കി. മലബാറിൽ നിന്നുള്ള ഗൾഫുകുടിയേറ്റം ഈ നേട്ടങ്ങളുടെ കൂടെച്ചേർന്നതോടെ മലപ്പുറം സാമ്പത്തിക മേഖലയിലും ബഹുദൂരം മുന്നേറി. മലപ്പുറത്തിന്റെ കലാ-സാംസ്കാരിക രംഗത്തെ പൈതൃകം പോഷിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും തിരൂരിലെ തുഞ്ചൻ സ്മാരകവും, കൊണ്ടോട്ടിയിലെ മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയും, പെരിന്തൽമണ്ണയിലെ പൂന്താനം സ്മാരകവും വഹിച്ച പങ്ക് അനിഷേധ്യമാണ്. വി.എസ് സർക്കാരിന്റെ കാലത്ത് 300 ഏക്കർ സ്ഥലം ഏറ്റെടുത്ത് അലിഗഢ് ക്യാമ്പസ് ഉണ്ടാക്കിയതും, പാലൊളി മുഹമ്മദ് കുട്ടി ഹജ്ജ്മന്ത്രിയായിരിക്കെ കരിപ്പൂർ എയർപോർട്ടിനടുത്ത് സ്ഥാപിച്ച ഹജ്ജ് ഹൗസും മലപ്പുറത്തിന്റെ ഗരിമ വർധിപ്പിച്ചു.
മാറിമാറിവന്ന സർക്കാരുകളുടെ കാലത്ത് കോളേജുകളും സ്കൂളുകളും മലപ്പുറത്തിന്റെ വൈജ്ഞാനിക മണ്ഡലത്തെ പുഷ്കലമാക്കി. പാലൊളി മുഹമ്മദ് കുട്ടി മുൻകയ്യെടുത്ത് സാർത്ഥകമാക്കിയ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജും, പൊന്നാനി ഫിഷിംഗ് ഹാർബറും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പൂവണിഞ്ഞ താനൂർ തുറമുഖവും നിർമാണം അന്തിമഘട്ടത്തിലായ കുറ്റിപ്പുറം-കുമ്പിടി കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജും മലപ്പുറത്തിന്റെ തീരദേശ-കാർഷിക ഭൂമികകളെ സമ്പന്നമാക്കി. കരിപ്പൂർ വിമാനത്താവളം മലപ്പുറത്തിന് പറക്കാൻ ആകാശത്തോളം ചിറകുകൾ നൽകി. തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സ്റ്റേഡിയവും, മഞ്ചേരി പയ്യനാട് സ്റ്റേഡിയവും, മലപ്പുറം സ്റ്റേഡിയവും, പെരിന്തൽമണ്ണ സ്റ്റേഡിയവും, അരീക്കോട് സ്റ്റേഡിയവും, തിരൂർ സ്റ്റേഡിയവും, മലപ്പുറത്തിന്റെ കാൽപ്പന്ത് കളിയുടെ ആരവങ്ങളെ വാനോളമുയർത്തി.
കോട്ടക്കൽ ആര്യവൈദ്യശാല മലപ്പുറത്തിന് സമ്മാനിച്ച രാജ്യാന്തര പ്രശസ്തി വാക്കുകളിൽ ഒതുക്കാവുന്നതല്ല. ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന മെഡിക്കൽ ഹബ്ബായി പെരിന്തൽമണ്ണ മാറിയതോടെ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെ നിരവധി പേരാണ് ഓരോദിവസവും ചികിൽസ തേടി മലപ്പുറത്തെത്തുന്നത്. മമ്പുറം മഖാമും പുത്തൻപള്ളി ജാറവും, വെളിയങ്കോട് ഉമർഖാസിയുടെ ദർഗയും, ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ കാൽപാദം പതിഞ്ഞ പൊന്നാനിയും, കൊടക്കൽ ബാസൽ മിഷൻ ചർച്ചും, കാടാമ്പുഴ ക്ഷേത്രവും, ചമ്രവട്ടം അയ്യപ്പക്ഷേത്രവും, അങ്ങാടിപ്പുറം ക്ഷേത്രവും, കുറ്റിപ്പുറം മിനി പമ്പയും പാണക്കാട് കൊടപ്പനക്കൽ തറവാടും ആത്യാത്മികതയുടെ വൈവിധ്യങ്ങൾ നിറഞ്ഞ വർണ പരിസരമാക്കി മലപ്പുറത്തെ മാറ്റി. മതമൈത്രിക്കും മതസൗഹാർദ്ദത്തിനും പേരുകേട്ട മണ്ണാണ് മലപ്പുറത്തിന്റേത്. മമ്പുറം തങ്ങളുടെയും, കോന്തു നായരുടെയും, ആലി മുസ്ല്യാരുടെയും, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെയും,കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും, എം.പി നാരായണ മേനോന്റെയും, ഇ.എം.എസിന്റെയും, അഹമ്മദ് കുരിക്കളുടെയും, ഇ.കെ ഇമ്പിച്ചിബാവയുടെയും, എം.കെ ഹാജിയുടെയും മുൻ സ്പീക്കർ മൊയ്തീൻകുട്ടി ഹാജി എന്ന ബാവാഹാജിയുടെയും ജൻമദേശങ്ങൾ ഉൾക്കൊള്ളുന്ന മലപ്പുറം ജില്ല, സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സൗഹാർദ്ദത്തിന്റെയും വിശാലമായ തുരുത്തായാണ് ഇന്ത്യയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ടത്. മലപ്പുറത്തെ മതനിരപേക്ഷ സമൂഹം ഇടതുപക്ഷത്തിന് നൽകിയ കലവറയില്ലാത്ത പിന്തുണ ശ്രദ്ധേയമാണ്. 45 ലക്ഷം ജനസംഖ്യയിൽ എഴുപത് ശതമാനത്തിലധികം മുസ്ലീം ന്യൂനപക്ഷം അടങ്ങുന്ന മലപ്പുറം ജില്ലയിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ടു വ്യത്യാസം വെറും രണ്ടു ലക്ഷത്തിൽ താഴെയാണ്. ലോകസഭ തിരഞ്ഞെടുപ്പിൽ ഈ വ്യത്യാസം ആറുലക്ഷത്തോളം വരും. ഇടതുപക്ഷത്തിന് ഇക്കാലമത്രയും ലഭിച്ച വോട്ടുകളിൽ നല്ലൊരു ശതമാനവും മുസ്ലീം വിഭാഗത്തിൽ നിന്നാണ്. ഇത് ലീഗ് നേതൃത്വത്തെ വിറളി പിടിപ്പിക്കുക സ്വാഭാവികം. എങ്ങനെയെങ്കിലും ഇടതുപക്ഷത്തെ അനുകൂലിക്കുന്ന മുസ്ലീം ജനവിഭാഗത്തെ മതനിരപേക്ഷ ചേരിയിൽ നിന്ന് അടർത്തലാണ് ലീഗിന്റെയും കോൺഗ്രസിന്റെയും ഉന്നം. അതിനവർ വർഗീയതയുടെ അപ്പോസ്തലൻമാരായ ജമാഅത്തെ ഇസ്ലാമിയേയും, എസ്.ഡി.പി.ഐയേയും, മുസ്ലീം സമുദായത്തിലെ അതിതീവ്ര ഗ്രൂപ്പുകളെയുമാണ്, ചുമതലപ്പെടുത്തിയത്. ഒരേ സമയം മുസ്ലീം തീവ്രമനോഭാവക്കാരെയും ഹിന്ദു വർഗീയ ഭ്രാന്തൻമാരെയും ഇരുതോളിലുമിരുത്തി കോൽക്കളി കളിക്കാനുള്ള ലീഗിന്റെ വൈഭവം ഒന്നുവേറെതന്നെയാണ്. ഇതു തിരിച്ചറിയാൻ മലപ്പുറത്തെ പുതുതലമുറയ്-ക്ക് കഴിയണം. ഇല്ലെങ്കിൽ പഴയ ജൻമിത്വവും പരമ്പരാഗത സമ്പന്നരുടെ ആഢ്യത്വവും മലപ്പുറത്തിന്റെ മനസ്സിൽ പുനഃസ്ഥാപിക്കപ്പെടും. മലപ്പുറത്തിന്റെ നേരവകാശികളായ സാധാരണ മനുഷ്യർ പിന്നിലേക്ക് തള്ളപ്പെടും. അവരുടെ ശബ്ദം നേർത്തുനേർത്ത് ഇല്ലാതാകും. അവരുടെ മക്കളും പേരമക്കളും മതാന്ധതയുടെ തടവറയിൽ അടയ്-ക്കപ്പെടും. മലപ്പുറത്തെ തള്ളിപ്പറയാനോ താറടിക്കാനോ ഇടതുപക്ഷമുന്നണിക്ക് കഴിയില്ല. കാരണം മലപ്പുറം ജില്ല wകമ്യൂണിസ്റ്റുകാരുടെ സന്തതിയാണ്. സ്വന്തം കുട്ടിയെ ഏതെങ്കിലും പിതാവ് തള്ളിപ്പറയുമോ? l