മാർക്സ് ‘മൂലധനം’ എഴുതിയ കാലഘട്ടത്തിൽ നിന്നും മുതലാളിത്തം ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. മുതലാളിത്തവും കടന്ന് അത് സാമ്രാജ്യത്വത്തിലേക്ക് കാലെടുത്തു വച്ചിരിക്കുന്നു. എന്നിരുന്നാലും മുതലാളിത്തത്തിന്റെ അടിസ്ഥാനപരമായ ഘടനയും, പ്രവർത്തനവും ഇന്നും മാർക്സിയൻ വിശകലനത്തിൽ ഒതുങ്ങുന്നതാണ്. അതുകൊണ്ടുതന്നെ മുതലാളിത്തത്തിന്റെ വികാസവും, അത് സൃഷ്ടിക്കുന്ന പ്രതിസന്ധിയും പഠിക്കാൻ മാർക്സിയൻ വിശകലനം അനിവാര്യവും അതുപോലെ തന്നെ പ്രസക്തവുമാണ്.
ബെർലിൻ മതിലിന്റെ തകർച്ചയും, സോവിയറ്റ് യൂണിയന്റെ ശിഥിലീകരണവും തൊണ്ണൂറുകളിൽ ഒരു ഏക ധ്രുവ ലോകം സൃഷ്ടിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടോളം അമേരിക്കയുടെ ആധിപത്യത്തിൽ ഈ ഏക ധ്രുവം ലോക സംവിധാനം പ്രവർത്തിച്ചു. ലോകത്താകെ മുതലാളിത്തം വ്യാപിച്ചു എന്നു പറയപ്പെടുമ്പോഴും, കമ്പോളത്തിൽ അമേരിക്കൻ മേധാവിത്വം അതിന്റെ പൂർണതയിൽ എത്തിയപ്പോഴും, മുതലാളിത്തത്തിന്റെ അന്തർലീനമായ വൈരുദ്ധ്യങ്ങൾ അതിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതും ഇതേ കാലത്താണ്. ഡേവിഡ് ഹാർവിയെയും, ഇമ്മാനുവേൽ വാലെസ്റ്റൈനെയും പോലെയുള്ള മാർക്സിസ്റ്റ് ചിന്തകർ ഏക ധ്രുവ ലോകവും നവലിബറൽ നയങ്ങളും മുതലാളിത്തത്തിന്റെ തകർച്ചയുടെ തുടക്കമായി വിലയിരുത്തി. രണ്ടായിരത്തിന്റെ തുടക്കത്തോടെ ചൈന ലോക വ്യാപാര സംഘടനയുടെ ഭാഗമായതും, ചൈനയുടെ ബഹുമുഖ വികസന മുന്നേറ്റവും മുതലാളിത്ത ലോകത്തിന് കൂടുതൽ വെല്ലുവിളികളുണ്ടാക്കി. ചൈനയുടെ സോഷ്യലിസ്റ്റ് മാതൃകയിലുള്ള വളർച്ചയും ബെയ്ജിങ് ഒളിമ്പിക്സിന്റെ വിജയവും ഒരു ബദൽ സാമ്പത്തിക വ്യവസ്ഥിതിക്കുള്ള സാധ്യതകൾ ലോകത്തിനു മുന്നിൽ തുറന്നിട്ടു.
എരിതീയിൽ എണ്ണയൊഴിക്കും പോലെ 2008ലെ സാമ്പത്തിക മാന്ദ്യം അമേരിക്കൻ മുതലാളിത്തത്തിന് പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിച്ചു. അമിതോല്പാദനവും ധനമൂലധനത്തിന്റെ വളർച്ചയും ഊഹ ലാഭത്തോതിന്റെ ഇടിവുമായിരുന്നു ഇതിനുള്ള പ്രധാന കാരണം. ഇതേത്തുടർന്ന് അമേരിക്കയിൽ തൊഴിലില്ലായ്മ 10% ആയി വർധിക്കുകയും ഉപഭോക്തൃ ചെലവ് കുത്തനെ താഴേയ്ക്ക് പോവുകയും ഇത് കച്ചവടത്തിന്റെ തോത് കുറയ്ക്കുകയും കൂടുതൽ തൊഴിലില്ലായ്മ സൃഷ്ടിക്കുകയും വിലക്കയറ്റത്തിന് വഴിതെളിക്കുകയും ചെയ്തു. ലോകത്താകെ അത് സൃഷ്‌ടിച്ച വിലക്കയറ്റം ഇന്നും അവസാനിക്കാത്ത പ്രതിസന്ധിയാണ്. ആഗോള മാന്ദ്യത്തിന് ശേഷം ലോകത്തുള്ള സാമ്പത്തികവും വരുമാനപരവുമായ അസമത്വം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2007ലെ കണക്കുകൾ പ്രകാരം ലോകത്തെ ഒരു ശതമാനം സമ്പന്നർ ആഗോള സമ്പത്തിന്റെ 42% കൈവശപ്പെടുത്തിയിരുന്നെങ്കിൽ 2022ലെ കണക്കുകൾ പ്രകാരം അത് 45% ശതമാനമായി വർധിച്ചു. നവ ലിബറൽ നയങ്ങളുടെ പരാജയം കൂടുതൽ പ്രത്യക്ഷമാവുന്നതും ഈ തകർച്ചയെ നേരിടാനും മറികടക്കാനും മുതലാളിത്തം പരക്കം പായുന്നതുമാണ് ഇന്നു നാം കാണുന്നത്.
കോവിഡാനന്തര വർക്ക് ഫ്രം ഹോം സംസ്കാരവും കേവല മിച്ചമൂല്യവും
കോവിഡിന്റെ വരവോടെ ലോകം അടച്ചുപൂട്ടലിലേക്ക് പോയപ്പോൾ സ്തംഭിച്ചുപോയ വ്യവസായ- – വാണിജ്യ മേഖലകളെ പ്രവർത്തനക്ഷമമാക്കാൻ വർക്ക് ഫ്രം ഹോം എന്ന നൂതനാശയം പ്രയോജനകരമായിരുന്നു. യാത്രാക്ലേശം ഒഴിവാക്കുന്നതും സൗകര്യപ്രദമായ രീതിയിൽ ജോലിയിൽ ഏർപ്പെടാൻ സാധിക്കുന്നതും വ്യക്തിപരമായ കാര്യങ്ങൾ സുഖമമായി നടത്താം എന്നുള്ളതും യുവ തലമുറയെ റിമോട്ട് ജോലിയുടെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന് വീട്ടിലിരുന്നോ മറ്റേതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിലിരുന്നോ തങ്ങളുടെ ജോലിയിൽ ഏർപ്പെടുവാനുള്ള സൗകര്യം റിമോട്ട് ജോലികൾ ലഭ്യമാക്കുന്നു. ഒപ്പം തങ്ങളുടെ ഇഷ്ടാനുസൃതം വിശ്രമിച്ചും മറ്റും ജോലികൾ തീർക്കുവാൻ ഇത്തരം നൂതന തൊഴിൽ രീതികൾ അവസരമൊരുക്കുന്നു. പക്ഷേ ഇത്തരം സൗകര്യങ്ങൾ ലഭ്യമാവുന്നത് സർവെയിലൻസും, മോണിറ്ററിങ്ങും കൃത്യമായി ഇല്ലാത്ത സ്ഥാപനങ്ങളിൽ മാത്രമാണ്.ഇവിടെയും മുതലാളിത്തം കൊള്ള ലാഭത്തിന്റെയും ചൂഷണത്തിന്റെയും സാധ്യതകൾ കണ്ടെത്തി. കോവിഡാനന്തര സമൂഹത്തിൽ വർക്ക് ഫ്രം ഹോം ശൈലിക്ക് കിട്ടിയ സ്വീകാര്യതയെ മിച്ചമൂല്യം വർധിപ്പിക്കുന്നതിനുള്ള ഉപാധിയായി മൂലധനശക്തികൾ രൂപപ്പെടുത്തി. കൃത്യമായ മോണിറ്ററിങ് സംവിധാനം ആപ്ലിക്കേഷനുകൾ വഴി തരപ്പെടുത്തിയും തോഴിലാളികളെ കൂടുതൽ ചൂഷണത്തിന് ഇരയാക്കുകയാണ് കോർപ്പറേറ്റ് സ്ഥാപനങ്ങൾ. ജോലി സമയത്ത് തൊഴിലാളികൾക്ക് ഭക്ഷണ ഇടവേള മാത്രം നൽകി ബാക്കി മുഴുവൻ സമയവും ജോലിയിൽ ഏർപ്പെടുത്തുകയാണ് അവർ. ഇത്തരത്തിലേക്ക് വഴി മാറുന്ന റിമോട്ട് ജോലി സംസ്കാരം ചൂഷണത്തിന്റെ തോത് വർധിപ്പിക്കുകയും, തൊഴിലാളികളുടെ ഉത്പാദനക്ഷമത കുറയ്ക്കുകയും ചെയ്യുകയാണ്.
അതോടൊപ്പം ലോകത്ത് പലയിടത്തും റിമോട്ട് ജോലികൾ സൗകര്യപ്രദമായി ചെയ്യുവാൻ തൊഴിലാളികൾക്ക് സാധിക്കുന്നില്ല. അസ്ഥിരമായ ഇന്റർനെറ്റ് കണക്ഷനും, ബ്രോഡ്ബാൻഡ് സേവനങ്ങളുടെ വർധിച്ച വിലയും ഇതിനൊരു കാരണമാണ്.
Pew Research Centre എന്ന സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം അമേരിക്കയിലെ 59% വരുന്ന താഴെ തട്ടിൽ പണിയെടുക്കുന്ന ആളുകൾക്കും സ്വന്തമായി ലാപ്ടോപ്പോ ഡെസ്ക്ടോപ്പോ, അതിവേഗ ഇന്റർനെറ്റ് സൗകര്യമോപോലുമില്ല. റിമോട്ട് ജോലിയിലുള്ള ഇവരുടെ സാധ്യതകൾ തന്നെ ഇത്തരം പ്രതിസന്ധികൾ മൂലം ഇല്ലാതാവുന്നുണ്ട്. കൂടാതെ ഒറ്റമുറി വീട്ടിൽ ജീവിക്കുന്നവരുടെ അവസ്ഥയും വ്യത്യസ്തമല്ല. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ഇത്തരം റിമോട്ട് ജോലികൾ തൊഴിലാളികളെ കൂടുതൽ മാനസിക സമ്മർദ്ദത്തിലേക്കു തള്ളിവിടുന്നതുമാണ്. 2022ലെ കണക്കുകൾ പ്രകാരം ലോകത്തെ ആകെ മൊത്തം വരുന്ന റിമോട്ട് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളിൽ 86% പേരും ബേൺ ഔട്ട് അഭിമുഖീകരിക്കുന്നു. ഇതിൽ തന്നെ 76 ശതമാനം ആളുകളും ഡിപ്രെഷനും മറ്റു മാനസികാരോഗ്യ പ്രശ്നങ്ങളും നേരിടുന്നു. ഇത്തരത്തിൽ തൊഴിലാളികളുടെ ജീവിതത്തെ അങ്ങേയറ്റം മോശമായി ബാധിക്കുന്ന തരത്തിലാണ് റിമോട്ട് ജോലികളുടെ പ്രവർത്തനം.
അതുകൂടാതെ ഇത്തരത്തിലുള്ള തൊഴിൽ ശൈലി മുതലാളിക്ക് കൂടുതൽ ലാഭം ഉണ്ടാക്കുവാനുള്ള സാഹചര്യം അദൃശ്യമായി സൃഷ്ടിക്കുന്നു എന്നതും അക്ഷന്തവ്യമാണ്. കണക്കുകൾ പ്രകാരം ഐ ടി മേഖലയിലും മറ്റ് സേവന മേഖലകളിലും റിമോട്ട് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ പത്തുമുതൽ പന്ത്രണ്ട് മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ തൊഴിലാളികൾക്ക് തങ്ങളുടെ മുഴുവൻ സമയ അധ്വാനത്തിനും പ്രതിഫലം കിട്ടുന്നില്ല. കൃത്യമായ സമയ ക്രമമോ ജോലി ക്രമമോ ഇല്ലാതെ കൂലി അടിമത്തം തന്നെയാണ് ഈ മേഖലകളിൽ നടക്കുന്നത്. ഇങ്ങനെ അധിക സമയം തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചു കൂടുതൽ മിച്ച മൂല്യം സൃഷ്ടിക്കുകയും അതുവഴി കൊള്ള ലാഭം കൊയ്യുകയുമാണ് കുത്തകകളും, കോർപറേറ്റ് ഭീമന്മാരും. ഇതോടൊപ്പം വർക്ക് ഫ്രം ഹോം ശൈലി തൊഴിലാളികളുടെ ഉത്പാദനക്ഷമതയെയും അവരുടെ ക്രിയാത്മകതയെയും പിന്നോട്ടു വലിക്കുന്നതായും കാണാം. ഇത് ലാഭക്കൊതിയന്മാരായ മുതലാളിമാർക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല.
വർക്ക് ഫ്രം ഹോം
അധിഷ്ഠിത തൊഴിലും
അന്യവൽക്കരണവും
തൊഴിലാളികൾ ശക്തരും പ്രതികരണശേഷിയുള്ളവരുമാകുന്നത് അവർ സംഘടിച്ചു നിൽക്കുമ്പോളാണ്. അങ്ങനെ ഉണ്ടായി വരുന്ന കൂട്ടായ്മയുടെ ഫലമാണ് വർഗ ബോധവും അത് നയിക്കുന്ന വർഗ സമരവും. ഈ വർഗബോധത്തേയും സമരങ്ങളെയും അമർച്ച ചെയ്തുകൊണ്ട് മാത്രമേ മുതലാളിത്തത്തിന് നിലനിൽപ്പുള്ളു. തൊഴിലാളികളുടെ ഐക്യം ഇല്ലാതാകുന്നതുവഴി അവരുടെ വിലപേശൽ ശക്തിയെ ഇല്ലാതാക്കുവാനും, സംഘടിത മുന്നേറ്റങ്ങൾ നിർജ്ജീവമാക്കുവാനും അതുവഴി ചൂഷണത്തിന്റെ തോത് വർധിപ്പിച്ച് കൂടുതൽ ലാഭം കൊയ്യാൻ മുതലാളി വർഗത്തിന് സാധിക്കും.നിലവിലുള്ള വർക്ക് ഫ്രം ഹോം രീതിയാവട്ടെ ഇത്തരത്തിൽ തൊഴിലാളിയുടെ സംഘാടനത്തേയും വർഗ ബോധത്തെയും ഇല്ലായ്മ ചെയ്യാൻ അനുയോജ്യമായ രീതിയാണ്. തൊഴിലിടം എന്നത് കേവലം വ്യക്തികളുടെ സ്വകാര്യ വാസസ്ഥലമോ മറ്റോ ആയി മാറിയതോടെ സഹപ്രവർത്തകരുമായുള്ള ഇടപെടലും,ആശയവിനിമയവും ഈ മേഖലകളിൽ കുറയുകയാണ്. മുതലാളിയുടെ നിർദ്ദേശ പ്രകാരം തങ്ങൾക്ക് നീക്കി വച്ചിരിക്കുന്ന പ്രൊജക്ട് പൂർത്തീകരണം സാധ്യമാക്കുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ഈ വിഭാഗം തൊഴിലാളികൾ നയിക്കപ്പെടുകയാണ്.
ഇതിനൊപ്പം വൈറ്റ് കോളർ ജോലിയുടെ ആഢ്യത്വം പലപ്പോഴും ഇത്തരത്തിലുള്ള ജോലിയിൽ ഏർപ്പെട്ടവരെ യൂണിയൻ വിരുദ്ധരാക്കുകയും വർഗ ബോധത്തിൽ നിന്നും വ്യതിചലിപ്പിക്കുകയും ചെയ്യുന്നു.
അങ്ങനെ തൊഴിലാളികൾ അവരുടെ സഹപ്രവർത്തകരിൽ നിന്നും, തൊഴിലിടത്തിൽ നിന്നും പൂർണമായും അന്യവത്കരിക്കപ്പെടുകയാണ്. ഇതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ പ്രകാരം സംഘടിതമാവാതെ നിൽക്കുന്ന തൊഴിലാളികൾ മുതലാളികളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന അടിമകളായി മാറിയിട്ടുണ്ട്. ഇതിനെയാണ് മാർക്സ് കൂലി അടിമത്തം എന്ന് ഒന്നര നൂറ്റാണ്ട് മുൻപേ വിശേഷപ്പിച്ചത്. ഈ അടുത്ത് ജോലി സമ്മർദ്ദം താങ്ങാൻ ആവാതെ അന്തരിച്ച അന്ന സെബാസ്റ്റ്യൻ ഇത്തരത്തിലുള്ള ചൂഷണത്തിന്റെ ഏറ്റവും വലിയ ഇരയാണ്. ഒപ്പം അത്തരമൊരു കോർപ്പറേറ്റ് ചൂഷണത്തെ ചോദ്യംചെയ്യാതെ, അന്നയുടെ മരണാനന്തര ചടങ്ങുകളിൽ പോലും പങ്കെടുക്കാതെ മാറി നിന്ന സഹപ്രവർത്തകർ ഈ അന്യവൽക്കരണത്തിന്റെ സന്തതികളാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള ചൂഷണ വ്യവസ്ഥയ്ക്കെതിരെ ലോകത്തിന്റെ പല കോണുകളിൽ നിന്നും സമരങ്ങൾ ഉയർന്നുവന്നിരുന്നു. സൂം വഴിയോ മറ്റ് ഓൺലൈൻ സംവിധാനങ്ങൾ വഴിയോ ആശയവിനിമയം നടത്തിയും, തൊഴിലിടത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പങ്കുവെച്ചും ഡിജിറ്റൽ യുഗത്തിൽ തൊഴിലാളികൾക്ക് കൂടുതൽ എളുപ്പത്തിൽ സംഘടിക്കുവാനും സാധിക്കും എന്നത് വളരെ ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടതും പ്രായോഗിക തലത്തിൽ കൊണ്ടുവരേണ്ടതുമാണ്. ഇതിനകം തന്നെ അത്തരം ചെറിയ സമര പരിപാടികൾ നടന്നു കഴിഞ്ഞിരിക്കുന്നു എന്നത് തൊഴിലാളി വർഗത്തെ സംബന്ധിച്ച് ആത്മവിശ്വാസം പകരുന്ന ഒന്നാണ്. 2019ലെ ഊബർ തൊഴിലാളികൾ ഊബർ ആപ്ലിക്കേഷൻ ഓഫ് ആക്കി സമരം ചെയ്തതും, ബ്രിട്ടനിലെ പ്രധാനപ്പെട്ട ഭക്ഷണ വിതരണ പ്ലാറ്റഫോം ആയ Deliveroo എന്ന സ്ഥാപനത്തിൽ തൊഴിലാളികൾ ആപ്ലിക്കേഷൻ ഓഫ് ആക്കി ഭക്ഷണ വിതരണം തടസപ്പെടുത്തിയതും ഈ മേഖലയിലെ സമര മുറകളുടെ നൂതന രീതിയായി കണക്കാക്കാം. ഫ്രാൻസിലും അമേരിക്കയിലും ഇന്ത്യയിലുമെല്ലാം റിമോട്ട് തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ അടുത്ത കാലം വരെ സമരങ്ങൾ സംഘടിപ്പിക്കപ്പെട്ടത് ചെറുതല്ലാത്ത മുന്നേറ്റം തന്നെയാണ്.
തൊഴിൽ വിഭജനവും വർധിക്കുന്ന വരുമാന അസമത്വവും
തൊഴിൽ വിഭജനം തൊഴിലാളി വർഗത്തെ അന്യവൽക്കരിക്കാനും, ചൂഷണത്തിന്റെ തോത് വർധിപ്പിക്കാനുമായുള്ള ഒരു മാർഗമായാണ് മാർക്സ് വിലയിരുത്തിയത്. ഇൗ വിലയിരുത്തലും ശരിയാണ് എന്ന് തെളിയിക്കുന്നതാണ് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ വ്യത്യസ്ത തൊഴിലാളികളുടെ തൊഴിൽ സാഹചര്യവും, വരുമാനവും. സിഇഒ പദവികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വരുമാനത്തിലെ വർധനവും, സാധാരണ തൊഴിലാളിയുടെ വരുമാനത്തിലെ വർധനവും ഈ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുന്നതാണ്. 2012ൽ TCSlൽ സിഇഒ പദവിയിലിരുന്ന ഒരാളുടെ വാർഷിക വേതനം 8 കോടി രൂപ ആയിരുന്നെങ്കിൽ 2022ലേക്ക് എത്തിയപ്പോൾ അത് 32കോടി രൂപയായി കുത്തനെ ഉയർന്നു. എന്നാൽ ഇതേ കാലയളവിൽ ഒരു സാധാരണ തൊഴിലാളിയുടെ വാർഷിക വേതന വർദ്ധനവ് നാമമാത്രമാണ്. കണക്കുകൾ പ്രകാരം 2012ൽ 2.75 ലക്ഷമായിരുന്നത് 2022ൽ വെറും 3.6ലക്ഷം മാത്രമാണ്. ഇത്തരത്തിൽ താഴെ തട്ടിലുള്ള തൊഴിലാളികൾ കൂടുതൽ ചൂഷണത്തിന് ഇരയാവുകയും മേൽത്തട്ടിൽ ജോലി ചെയ്യുന്നവർ തങ്ങളുടെ വർഗത്തിൽ നിന്നും അന്യവൽക്കരിക്കപ്പെടുകയും താഴെ തട്ടിലുള്ള തൊഴിലാളികളെ കൂടുതൽ ചൂഷണത്തിന് ഇരയാക്കുന്നതിൽ മാധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ വൈറ്റ് കോളർ തൊഴിലിൽ ഏർപ്പെടുന്ന എന്നാൽ തൊഴിൽ ശ്രേണിയിൽ താഴെ നിൽക്കുന്ന എല്ലാ തൊഴിലാളികളും ഈ വിവേചനത്തിന് ഇരയാകുന്നു എന്ന വസ്തുത മനസിലാക്കേണ്ടതാണ്. അതിലൂടെ മാത്രമേ അവർക്ക് തൊഴിലാളി വർഗ്ഗ ബോധത്തിലേക്ക് എത്തിച്ചേരുവാനും നേരിടുന്ന ചൂഷണത്തിന്റെ അളവ് തിരിച്ചറിയുവാനും സാധിക്കൂ.
സംഘടിക്കുന്ന ബ്ലൂ കോളർ തൊഴിലാളികളും, പ്രതീക്ഷയേകുന്ന സമരങ്ങളും
ഒരു വശത്ത്- മുതലാളിത്തം തൊഴിലാളികളുടെ സംഘടിത മുന്നേറ്റങ്ങൾക്ക് തടയിടാൻ ശ്രമിക്കുമ്പോൾ, താഴെത്തട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ സുശക്തരും സംഘടിതരുമായി മാറുന്ന കാഴ്ചയാണ് വർത്തമാന ലോകത്ത് സംഭവിക്കുന്നത്. ലോകത്തിന്റെ പല കോണുകളിൽ തൊഴിലാളി സമരങ്ങൾ ശക്തിയാർജിക്കുന്നതും അതിൽ പലതും സമ്പൂർണ വിജയം നേടിയതും നാം അറിയുന്നുണ്ട്.
ഐതിഹാസിക കർഷക സമരവും അതിന്റെ വിജയവും ഇന്ത്യയിലെ കർഷകർക്കും തൊഴിലാളികൾക്കും നൽകിയ സമരോർജ്ജം ചെറുതല്ല. കഴിഞ്ഞ വർഷം ആമസോൺ തൊഴിലാളികൾ മെച്ചപ്പെട്ട വേതനത്തിനും, പിരിച്ചുവിട്ടവർക്ക് വേണ്ടിയുള്ള നഷ്ടപരിഹാര തുകയ്ക്കായും നടത്തിയ സമരവും പൂർണ്ണമായും വിജയിച്ചിരുന്നു. അതുപോലെ ഈ അടുത്ത കാലത്ത് തമിഴ് നാട്ടിലെ സാംസങ് കമ്പനിയിലെ തൊഴിലാളികളുടെ സമരവും വിസ്മരിക്കാനാവാത്തതാണ്.മുപ്പത്തിയേഴ് ദിവസം നീണ്ടു നിന്ന സമരത്തിൽ ആയിരത്തിയഞ്ഞൂറോളം തൊഴിലാളികൾ പങ്കെടുത്തിരുന്നു. സിഐടിയുവിന്റെ കീഴിൽ സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ ( SIWU) എന്ന ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ കമ്പനി അംഗീകരിക്കണമെന്നും വേതന വർധനവ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു നടന്ന സമരം രാജ്യത്തെ കോർപ്പറേറ്റ് സർവ്വാധിപത്യത്തിനെതിരെയുള്ള തൊഴിലാളികളുടെ വർഗ മുന്നേറ്റമായി വേണം കരുതാൻ.
ഈ അടുത്ത കാലത്തുതന്നെയാണ് മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കയിലും വിവിധ മേഖലകളിലുള്ള തൊഴിലാളികൾ സമരത്തിനായി മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ വർഷം യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് യൂണിയന്റെ (UAW) നേതൃത്വത്തിൽ ഒന്നരലക്ഷം തൊഴിലാളികളാണ് ഫോർഡിന്റെയും ജനറൽ മൊട്ടോഴ്സിന്റെയും കോർപ്പറേറ്റ് ചൂഷണ വ്യവസ്ഥിതിക്കെതിരെ തെരുവിലിറങ്ങിയത്. ഈയിടെ International Longshoremen’s Association ന്റെ നേതൃത്വത്തിൽ ഡോക്ക് തൊഴിലാളികൾ ഏറ്റെടുത്ത സമരവും വിജയത്തിലേക്ക് എത്തിയിരുന്നു. വേതനം ഉയർത്തുക, ക്രെയ്നുകളുടെയും ട്രക്കുകളുടെയും ഓട്ടോമേഷൻ നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന സമരം അമേരിക്കയിലെ തുറമുഖ മേഖലയിലെ 47 വർഷത്തിനിടയിലെ ആദ്യത്തെ സമരം ആണെന്ന സവിശേഷതയുമുണ്ട്. ഇത് ചില ഉദാഹരണങ്ങൾ മാത്രമാണ്. നവ ലിബറൽ നയങ്ങൾക്കെതിരെ അർജന്റീനയിലും, തീവ്ര വലതുപക്ഷ-കോർപ്പറേറ്റ് നയങ്ങൾക്കെതിരെ ഫ്രാൻസിലും ഇറ്റലിയിലുമെല്ലാം സമരങ്ങൾ രൂക്ഷമാവുകയാണ്.
“ഇതുവരെ നിലവിലുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണ്’ എന്ന് മാർക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പരാമർശിക്കുന്നത് ഇന്നും അതീവ പ്രസക്തമാണ് എന്ന് കാണിക്കുന്നതാണ് ലോകത്താകെ നടക്കുന്ന തൊഴിലാളി വർഗ സമരങ്ങളും, മുതലാളിത്തം നേരിടുന്ന പ്രതിസന്ധികളും. അതുകൊണ്ടുതന്നെ കാലങ്ങൾക്കും ദേശങ്ങൾക്കും അതീതമായി മാർക്സിന് പ്രസക്തിയുണ്ട്; അദ്ദേഹത്തിന്റെ ആശയങ്ങൾക്കും. l