Thursday, November 21, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ

ജി വിജയകുമാർ

വിപ്ലവ പ്രതിഭയ്ക്കൊരാമുഖം
നിശ്ചയമായും ലെനിനെ വീണ്ടും ഉയർത്തിപ്പിടിക്കുകയെന്ന ആശയം മുന്നോട്ടുവയ്ക്കുമ്പോൾ തന്നെ ഇന്ന് ഉയർന്നുവരാനിടയുള്ള ആദ്യ പ്രതികരണം പരിഹാസം നിറഞ്ഞ ഒരു പൊട്ടിച്ചിരിയായിരിക്കും. ഒരുപക്ഷേ ഇന്ന് വാൾസ്ട്രീറ്റിൽ പോലും മാർക്സ് സ്വീകരിക്കപ്പെട്ടേയ്ക്കാം; ഇപ്പോഴും അദ്ദേഹത്തെ സ്നേഹിക്കുന്ന, ഇഷ്ടപ്പെടുന്ന ആളുകളുണ്ട്. ചരക്കുകളെ സംബന്ധിച്ച കവിയായ മാർക്സ്, മുതലാളിത്തത്തിന്റെ ചലന നിയമങ്ങളെ സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകിയ മാർക്സ്, നമ്മുടെ നിത്യജീവിതത്തിലെ അന്യവൽക്കരണത്തിന്റെയും സങ്കൽപ സ്വർഗങ്ങളുടെയും മൂർത്തമായ യാഥാർഥ്യമെന്തെന്ന് ചിത്രീകരിച്ച, സാംസ്കാരിക പഠനങ്ങളുടേതായ മാർക്സ്! എന്നാൽ ലെനിനോ? അദ്ദേഹത്തെ സംബന്ധിച്ച ഗൗരവമുള്ള ഒരു ചർച്ചയ്ക്കും ഇന്ന് സ്ഥാനമുണ്ടാവില്ല’’. സ്ലാവോയ് സിസേക്കിന്റെ വാക്കുകളാണിത് (Revolution at the Gates, Page 3). ഒക്ടോബർ വിപ്ലവം കഴിഞ്ഞ് 85 വർഷം പിന്നിട്ടപ്പോൾ, സോവിയറ്റ് യൂണിയൻ ഇല്ലാതാക്കപ്പെട്ടതിന്റെ 10–ാം വർഷത്തിൽ, ലെനിന്റെ ഐതിഹാസിക കൃതിയായ What is to be done? (എന്തുചെയ്യണം?) പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ 100–ാം വാർഷിക വേളയിലാണ്, 2002ൽ, സിസേക് ഈ വരികൾ എഴുതിയത്.

വർഗസമരം, തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പട എന്ന നിലയിലുള്ള പാർട്ടി, വിപ്ലവപരമായ അധികാരം പിടിച്ചെടുക്കൽ, തൊഴിലാളി വർഗ സർവാധിപത്യം എന്നിങ്ങനെയുള്ള, ലെനിൻ മുന്നോട്ടുവെച്ച ‘‘മണ്ടൻ ആശയങ്ങൾ’’ക്ക് ‘‘വ്യാവസായികാനന്തര’’ പിൽക്കാല മുതലാളിത്തത്തിന്റെ കാലത്ത് യാതൊരു സാധ്യതയുമില്ലെന്നും ഇടതുപക്ഷം അതെല്ലാം പാടെ ഉപേക്ഷിക്കണമെന്നുമുള്ള ചർച്ചകൾ ഉയർന്നുവരുന്നതിലേക്കും സിസേക് വിരൽചൂണ്ടുന്നുണ്ട്. അപ്പോൾ ഇതേ ആശയങ്ങളുടെ മൂലരൂപം അവതരിപ്പിച്ച വിപ്ലവകാരിയായ മാർക്സോ? 1950കൾ മുതൽ തന്നെ, ആദ്യകാല മാർക്സും പിൽക്കാല മാർക്സും എന്ന നിലയിൽ വേർതിരിച്ച്, ജ്ഞാനമീമാംസാപരമായ വിച്ഛേദം നടത്തി മാർക്സിന്റെ വിപ്ലവ സിദ്ധാന്തത്തെ ചോർത്തിക്കളയാനുള്ള നീക്കം പാശ്ചാത്യ അക്കാദമിക ലോകത്ത് ആരംഭിച്ചതാണല്ലോ. പോസ്റ്റ് മാർക്സിസം, പാശ്ചാത്യ മാർക്സിസം എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ട, ഫ്രാങ്ക്ഫർട്ട് സ്കൂളിൽനിന്നു വിരിയിച്ചിറക്കുന്നതാണ് യഥാർഥ മാർക്സിസം എന്ന വാചകക്കസർത്തുകൾ നമ്മുടെ നാട്ടിലും യഥേഷ്ടം വിറ്റഴിക്കപ്പെടുന്നുണ്ടല്ലോ! ഇതിന്റെ ഏറ്റവും പുതിയ അവതാരങ്ങളാകട്ടെ മാർക്സിന്റെ അവസാനകാലത്തെ പഠനക്കുറിപ്പുകളടങ്ങിയ Ethonological Note Books ഉയർത്തിക്കാണിച്ച് അദ്ദേഹം വർഗസമരം, തൊഴിലാളിവർഗ സർവാധിപത്യം തുടങ്ങിയ ആശയങ്ങൾ കെെവെടിഞ്ഞതായി ഉദ്ഘോഷിക്കുകയാണ്. എന്നാൽ മാർക്സിന്റെ ആദ്യകാല ജീവിതത്തെയും രചനകളെയും എന്നപോലെ അവസാന ദശകങ്ങളിലെ, പ്രതേ-്യകിച്ചും ഒന്നാം ഇന്റർനാഷണൽ പിരിച്ചുവിട്ടശേഷമുള്ള കാലത്തെ, മാർക്സിന്റെ രചനകളെക്കുറിച്ചും പ്രത്യേക പഠനം നടത്തുകയും The Last Years of Karl Marx: An Intellectual Biography (2020) എന്ന പ്രശസ്ത കൃതി രചിക്കുകയും ചെയ്ത മാർസെലോ മസ്റ്റൊയെ പോലുള്ളവർ നിരാകരിച്ച അബദ്ധജടിലമായ വാദങ്ങളാണ് നമുക്കിടയിൽ ഇപ്പോഴും ചില മഹാബുദ്ധിജീവികൾ വിറ്റഴിക്കാൻ ശ്രമിക്കുന്നത് (മസ്റ്റൊയുടെ ഗവേഷണ പ്രബദ്ധമാകട്ടെ മാർക്സിന്റെ ആദ്യകാല രചനകളുമായി ബന്ധപ്പെട്ടതാണ് – പ്രതേ-്യകിച്ച് Economic and Philosophical Manuscripts of 1844).

മാർക്സ് മുന്നോട്ടുവച്ച മൗലികമായ ആശയങ്ങളെ വളച്ചൊടിക്കാനോ വെള്ളം ചേർക്കാനോ ഉള്ള നീക്കം ഏതുഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ലെനിൻ തന്റെ വിപ്ലവ ജീവിതത്തിലുടനീളം നടത്തിയത്. ഇനെസ ആർമാന്ദിന് 1917ന്റെ തുടക്കത്തിൽ ലെനിൻ എഴുതിയ ഒരു കത്തിലെ വരികൾ ശ്രദ്ധേയമാണ്: ‘‘ഞാൻ ഇപ്പോഴും മാർക്സിനോടും എംഗത്സിനോടും കടുത്ത ‘‘പ്രണയ’’ത്തിലാണ്; അവരെ അപമാനിക്കുന്നത് കേട്ടുകൊണ്ട് എനിക്ക് കെെയും കെട്ടി മിണ്ടാതിരിക്കാനാവില്ല. ഇല്ല. ശരിക്കും അവർ കളങ്കമറ്റ, പത്തരമാറ്റുള്ള ഉരുപ്പടികളാണ്. (Lenin Collected Works Vol 35, Page 281) ലാർസ് ടി ലി ‍എഴുതിയ ‘ലെനിൻ’ എന്ന കൃതിയിൽ ഉദ്ധരിച്ച് ചേർത്തിട്ടുണ്ട് ഈ വരികൾ (പേജ് 13). ലെനിൻ വെറുതെ ഭംഗിവാക്ക് പറയുകയല്ല ഇവിടെ. അക്ഷരാർഥത്തിൽ അദ്ദേഹം മാർക്സിന്റെയും എംഗത്സിന്റെയും ആശയങ്ങളെ ആഴത്തിൽ നെഞ്ചേറ്റിയാണ്, അതാണ് മോചനത്തിനുള്ള ശരിയായ മാർഗം തുറന്നു തരുന്നത് എന്ന വ്യക്തമായ ധാരണയോടെയാണ് തന്റെ വിപ്ലവ ജീവിതം ആരംഭിക്കുന്നത്. What the `Friends of the People are and how they fight the Social Democrats’ എന്ന, 1894ൽ പ്രസിദ്ധീകരിച്ച ലെനിന്റെ ആദ്യ കൃതി മുതൽ 1924 ജനുവരി 21ന് മരിക്കുന്നതിനു മുൻപു വരെ അദ്ദേഹം എഴുതിയ കൃതികളും ലേഖനങ്ങളും കുറിപ്പുകളും കത്തുകളുമാകെ (ഇവയാണ് 44 വോള്യങ്ങളിലായി സമാഹരിച്ചിട്ടുള്ളത്) സാക്ഷ്യപ്പെടുത്തുന്നത് ഈ പോരാട്ടത്തിന്റെ ചരിത്രമാണ്. അദ്ദേഹം നടത്തിയ തത്വശാസ്ത്രപരമായ പഠനങ്ങളായാലും സാമ്പത്തിക ശാസ്ത്രവുമായും ധനകാര്യ സ്ഥിതിയുമായുമെല്ലാം ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളായാലും ഭരണകൂടത്തെ സംബന്ധിച്ച പഠനങ്ങളായാലും അവയെല്ലാം തന്നെ വിപ്ലവ പ്രയോഗത്തിനുള്ള കരുക്കൾ സമാഹരിക്കുന്നതിനും മാർക്സിസത്തിന്റെ വിപ്ലവപരമായ അന്തസ്സത്ത ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടിയായിരുന്നു.

ഇന്ന് നമുക്ക് സുപരിചിതമായ വി ഐ ലെനിൻ (വ്ളദമീർ ഇലിച്ച് ലെനിൻ) എന്ന പേരു തന്നെ മരണാനന്തരം അദ്ദേഹത്തിന് ചാർത്തിക്കിട്ടിയതാണ്. 1870 ഏപ്രിൽ 22ന് ജനിച്ച ലെനിന് മാതാപിതാക്കൾ നൽകിയ പേര് വ്ളദമീർ ഇലിച്ച് ഉല്യാനോവ് എന്നാണ്. ഇലിച്ച് എന്നാൽ ഇലിയയുടെ മകൻ – ഇലിയ ഉല്യാനോവിന്റെ മകൻ വ്ളദമീർ . സാറിസ്റ്റ് ഭരണകൂടത്തിന്റെ വേട്ടയാടലിന് നിരന്തരം വിധേയനായിരുന്ന അദ്ദേഹം തന്റെ കൃതികളിൽ ഓരോ കാലത്തും ഓരോ പേര് നൽകുന്നതായി കാണാം. Friends of the people 1894ൽ പ്രസിദ്ധീകരിച്ചപ്പോൾ (നരോദ്നിക്കുകൾക്കെതിരായ പോരാട്ടത്തിന്റെ പ്രതിഫലനമായിരുന്നു ആ കൃതി) അതിന്റെ ടെെറ്റിൽ പേജിൽ ഗ്രന്ഥകർത്താവിന്റെ പേര് വച്ചിരുന്നില്ല.The Development of Capitalism in Russia (1899) എന്ന പുസ്തകത്തിന്റെ കവറിൽ വി ഐ ഇലിൻ എന്നാണ് ഗ്രന്ഥകർത്താവിന്റെ പേര് ചേർത്തത്. 1901ൽ ഒളിവിൽനിന്ന്, രഹസ്യമായി പ്രസിദ്ധീകരിച്ച ഇസ്ക്രയുടെ പത്രാധിപസമിതി അംഗമായിരിക്കെയാണ് അദ്ദേഹം തന്റെ പേര് എൻ ലെനിൻ (നിക്കൊളായ് ലെനിൻ) എന്ന് എഴുതാൻ തുടങ്ങിയത്. എൻ ലെനിൻ എന്ന തൂലികാ നാമത്തിൽ കൃതികൾ പ്രസിദ്ധീകരിക്കുമ്പോഴും ‘എൻ’ എന്ന ഇനിഷ്യലിനെ ‘നിക്കൊളായ്’ എന്ന് വിപുലീകരിച്ചിരുന്നില്ല. 1912 മെയ് മാസം മുതൽ പ്രസിദ്ധീകരണമാരംഭിച്ച പ്രാവ്ദയിൽ നിത്യേന ഓരോ പേരിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. ഒടുവിൽ 1917 നവംബർ 7ന് പുതിയ വിപ്ലവ ഗവൺമെന്റിന്റെ തലവനായി ചുമതല ഏറ്റെടുത്തപ്പോൾ ഔദ്യോഗികമായ പേര് ഉത്തരവുകളിലും നിർദേശങ്ങളിലും ചേർക്കേണ്ടതായി വന്നപ്പോഴാണ് വ്ളദമീർ ഇലിച്ച് ഉല്യാനോവ് (ലെനിൻ) എന്ന് അദ്ദേഹം എഴുതിയത്. അപ്പോഴും ബ്രാക്കറ്റിൽ ലെനിൻ എന്ന് ചേർത്തത് 1901 മുതൽ പൊതുമണ്ഡലത്തിൽ, പ്രതേ-്യകിച്ചും കൃതികളിലൂടെ, അദ്ദേഹം അറിയപ്പെട്ടിരുന്നത് എൻ ലെനിൻ എന്ന തൂലികാനാമത്തിലായിരുന്നതിനാലായിരുന്നു. എൻ വിപുലീകരിച്ച നിക്കൊളായ് എന്നത് അവസാനത്തെ സാർ ചക്രവർത്തിയുടെ പേരാണെന്നതാണ് ഏറെ കൗതുകമുണർത്തുന്നത്. അങ്ങനെ അവസാനത്തെ ചക്രവർത്തിയുടെ പേരും വിപ്ലവാനന്തര ഭരണസംവിധാനത്തിന് നേതൃത്വം നൽകിയ ആളിന്റെ തൂലികാ നാമവും ‘നിക്കൊളായ്’ ആയി എന്നതാണ് കൗതുകം ! കുട്ടിക്കാലത്തെ സ്വന്തം പേർ തന്നെ ഉപേക്ഷിച്ച് പല പേരുകളിൽ കഴിയേണ്ടതായി വരികയും പൊതുവിൽ ഒരു തൂലികാനാമം സ്വന്തം പേരാക്കി മാറ്റാൻ നിർബന്ധിതനാവുകയും ചെയ്തത് സാർ ഭരണകൂടവുമായുള്ള പോരാട്ടം മൂലമാണ്.

തന്റെ ആശയങ്ങൾ സദാ പരിശോധിച്ചുകൊണ്ടിരിക്കുകയും പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്ത മാർക്സിസ്റ്റ് സെെദ്ധാന്തികനാണ് ലെനിൻ. താൻ ഗുരുതുല്യരായി കരുതിയിരുന്ന ആദ്യ പഥികരുമായി പോലും ശരിയായ, വിപ്ലവ നിലപാടുകൾക്കായി പൊരുതാൻ അദ്ദേഹം ഒരിക്കലും മടിച്ചുനിന്നിരുന്നില്ല. കൗട്-സ്കിയെയും പ്ലെഖാനൊവിനെയും തന്റെ മാർഗദർശകരായാണ് ലെനിൻ പരിഗണിച്ചിരുന്നത്. എന്നാൽ 1914 ൽ യുദ്ധം ആരംഭിച്ചതോടെ അതേവരെ അവർ ഉയർത്തിപ്പിടിച്ചിരുന്ന തൊഴിലാളി വർഗകാഴ്ചപ്പാടും ദേശീയതയും കെെവെടിയുകയും സങ്കുചിത ദേശീയതയുടെ ചെളിക്കുണ്ടിൽ അകപ്പെടുകയും പൊതുവിൽ രണ്ടാം ഇന്റർനാഷണലിന്റെ നേതാക്കളാകെ അതാത് രാജ്യങ്ങളിലെ ബൂർഷ്വാസിക്കുപിന്നിൽ അണിനിരക്കുകയും ചെയ്തപ്പോൾ അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ലെനിൻ സ്വീകരിച്ചത്. ആ ഘട്ടത്തിലാണ് അദ്ദേഹം ആദ്യം ഹെഗലിന്റെ വെെരുദ്ധ്യവാദ ദർശനത്തെക്കുറിച്ചും തുടർന്ന് കുത്തക മൂലധനത്തെ സംബന്ധിച്ച് മാർക്സ് മൂലധനത്തിന്റെ മൂന്നാം വോള്യത്തിൽ പറഞ്ഞുനിർത്തിയേടത്തുനിന്ന് മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഴത്തിലുള്ള പഠനത്തിലേർപ്പെട്ടത്. Imperialism The Highest Stage of Capitalism (സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം) എന്ന ലെനിന്റെ കൃതികളിൽ ഏറെ പ്രധാനപ്പെട്ട ഒന്നിന്റെ രചനയിൽ ഈ പഠനവും ഗവേഷണവുമാണ് പ്രതിഫലിക്കുന്നത്. യഥാർഥത്തിൽ ആ കൃതി കൗട്-സ്കിയെയും പ്ലെഖാനോവിനെയും മാർത്തോവിനെയും പോലെയുള്ള രണ്ടാം ഇന്റർനാഷണലിന്റെ വലതുപക്ഷ നേതാക്കൾക്കെതിരായ പ്രത്യയശാസ്ത്രപരമായ പോരാട്ടത്തിന്റെ അനന്തര–ഫലമായിട്ടാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

ഒന്നാം ലോകയുദ്ധകാലത്ത് ലെനിൻ നിരന്തരം നടത്തിയ ഇടപെടലുകളും സാമ്രാജ്യത്വയുദ്ധത്തെ വിപ്ലവയുദ്ധമാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനവുമാണ് 1917ൽ റഷ്യൻ വിപ്ലവത്തിന് വഴിതെളിച്ചത്. 1917 ഫെബ്രുവരിയിൽ നടന്ന വിപ്ലവത്തിലൂടെ സാറിസ്റ്റ് വാഴ്ചയ്ക്ക് അറുതിവരുത്തി; അതിനുശേഷം ദെെനംദിനമെന്നോണം ലെനിൻ നടത്തിയ ഇടപെടലുകളും നൽകിയ നിർദേശങ്ങളുമാണ് 1917 നവംബർ 7ന്റെ സോഷ്യലിസ്റ്റ് വിപ്ലവത്തിന് അരങ്ങൊരുക്കപ്പെട്ടത്. ആ ഇടപെടലുകളിലൂടെ ലെനിൻ തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പട മാത്രമല്ല, തൊഴിലാളി വർഗത്തെ, തൊഴിലെടുക്കുന്നവരെയാകെ അണിനിരത്താൻ കഴിഞ്ഞതാണ് മഹത്തായ റഷ്യൻ വിപ്ലവം വിജയത്തിലെത്തിയതിന്റെ കാരണം.മൂർത്തമായ സാഹചര്യത്തിന്റെ മൂർത്തമായ വിശകലനം എന്ന മാർക്സിസത്തിന്റെ വിപ്ലവപരമായ സത്തയുടെ പ്രയോഗം എങ്ങനെയാണ് നടപ്പാക്കുന്നത് എന്നത് ലെനിൻ 1917 ഫെബ്രുവരിക്കും നവംബർ 7നും ഇടയ്ക്കുള്ള ദിവസങ്ങളിൽ എഴുതിയ ലേഖനങ്ങളിലൂടെയും കത്തുകളിലൂടെയും നിർദേശങ്ങളിലൂടെയും നമുക്ക് മുന്നിൽ തെളിഞ്ഞുവരുന്നു. വെെരുദ്ധ്യവാദത്തെ സംബന്ധിച്ച ലെനിന്റെ ആഴത്തിലുള്ള പഠനങ്ങളാണ് ഇതിനദ്ദേഹത്തെ പ്രാപ്തനാക്കിയത്.

ഇതിന്റെ തുടർച്ച തന്നെയാണ് റഷ്യയിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള, പിന്നാക്കാവസ്ഥയിലായിരുന്ന റഷ്യയെ ആധുനിക രാഷ്ട്രമാക്കി വളർത്തുന്നതിനുള്ള ലെനിന്റെ ഇടപെടലുകളും. യുദ്ധകാല കമ്യൂണിസത്തിൽ നിന്ന് പുറത്തുകടക്കുന്നതിലും പുത്തൻ സാമ്പത്തികനയങ്ങൾ നടപ്പാക്കുന്നതിലും ലെനിൻ പ്രകടമാക്കുന്ന കൃത്യതയിലൂടെയും സമയനിഷ്ഠയിലൂടെയും മൂർത്തമായ സാഹചര്യത്തെയും അതിന്റെ വികശലനത്തെയും സംബന്ധിച്ച് അദ്ദേഹം തലമുറകളെ പഠിപ്പിക്കുകയാണ്.

ജനങ്ങളുമായി തൊട്ടിഴുകി നിന്നാണ്, തൊഴിലാളികൾക്കൊപ്പം നിന്നാണ്, അവരിൽനിന്ന് നിരന്തരം പഠിക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ലെനിൻ തന്റെ വിപ്ലവസിദ്ധാന്തങ്ങളുടെ മൂർച്ച വർധിപ്പിച്ചത്; അവയുടെ പ്രായോഗികത തൊട്ടറിഞ്ഞത്. (ബെർലിൻ സർവകലാശാല വിദ്യാഭ്യാസാനന്തരം താൻ ഉൾക്കൊണ്ട തത്വചിന്തയുടെ പ്രായോഗിക പാഠങ്ങൾ മുന്തിരിത്തോട്ടങ്ങളിലെയും വെെൻ ഫാക്ടറികളിലെയും തൊഴിലാളികളുടെ ജീവിതാനുഭവങ്ങളിലൂടെയും പിൽക്കാലത്ത് എംഗത്സിനോടൊപ്പം ഇംഗ്ലണ്ടിലെ മിൽത്തൊഴിലാളികളുടെ ജീവിതം കണ്ടറിഞ്ഞും ആർജിച്ചുമാണ് കാറൽ മാർക്സ് വർഗസമരം സംബന്ധിച്ച സിദ്ധാന്തങ്ങൾക്ക് മൂർച്ച വരുത്തിയത്).

ലെനിന്റെ ജീവിതസഖി നടേഷ് ദാ ക്രൂപ്സ്-കായ അദ്ദേഹത്തെക്കുറിച്ചെഴുതിയ ഓർമക്കുറിപ്പുകളിൽ ഈ പ്രവർത്തനശെെലിയെക്കുറിച്ച് വിവരിക്കുന്നത് ശ്രദ്ധേയമാണ്: ‘‘സെന്റ് പീറ്റേഴ്സ് ബെർഗിലെ തൊഴിലാളികൾക്കിടയിൽ 1890കളുടെ ആരംഭത്തിൽ അദ്ദേഹം നടത്തിയ പ്രവർത്തനമാണ്, തൊഴിലാളികൾക്കൊപ്പം നടന്ന് അവരോട് സംസാരിച്ചും അവരുടെ വാക്കുകൾക്ക് കാതോർത്തുമാണ് വ്ളാദിമീർ ഇലിച്ച് മാർക്സിന്റെ മഹനീയമായ ഈ ആശയങ്ങൾ വ്യക്തതയോടെ ഉൾക്കൊണ്ടത്: തൊഴിലെടുക്കുന്ന മുഴുവൻ ജനവിഭാഗങ്ങളുടെയും മുന്നിൽ നിൽക്കുന്ന, ഏറ്റവുമധികം പുരോഗതി കെെവരിച്ച വിഭാഗമാണ് തൊഴിലാളിവർഗം എന്നും തൊഴിലെടുക്കുന്ന എല്ലാ ജനവിഭാഗങ്ങളും എല്ലാ മർദിത ജനവിഭാഗങ്ങളും തൊഴിലാളിവർഗത്തിന്റെ പിന്നിൽ അണിനിരക്കുമെന്നുമുള്ളതാണ് ആ ആശയം. അതാണ് തൊഴിലാളിവർഗത്തിന്റെ കരുത്ത്; അത് വിജയിക്കുമെന്നുള്ളതിന്റെ ഉറപ്പും അതുതന്നെ. അധ്വാനിക്കുന്ന മുഴുവൻ ആളുകളുടെയും നേതാവെന്ന നിലയിൽ മാത്രമേ തൊഴിലാളിവർഗത്തിന് വിജയം കെെവരിക്കാനാകൂ… ഈ ചിന്തയാണ്, ഈ ആശയമാണ് പിൽക്കാലത്ത് ലെനിൻ നടത്തിയ എല്ലാ പ്രവർത്തനങ്ങൾക്കും, ഓരോ ചുവടുവയ്പുകൾക്കും വഴിവിളക്കായിനിന്നത്.’’

1896ൽ സെന്റ് പീറ്റേഴ്സ് ബർഗിലെ ഫാക്ടറികളിൽ സ്വമേധയാ തൊഴിലാളികളുടെ പണിമുടക്കുകൾ പൊട്ടിപ്പുറപ്പെട്ടു; എന്നാൽ തൊഴിലാളികൾക്കിടയിൽ ഇത്തരമൊരു മുന്നേറ്റ സാധ്യതയുണ്ടെന്ന് കാണാൻ അക്കാലത്തെ സോഷ്യലിസ്റ്റ് വിപ്ലവകാരികൾക്ക് കഴിഞ്ഞിരുന്നില്ല. പണിമുടക്കുകൾ പൊട്ടിപ്പുറപ്പെട്ടപ്പോഴാകട്ടെ, എന്തുചെയ്യണമെന്നറിയാതെ അവർ അന്ധാളിച്ചു നിൽക്കുകയുമായിരുന്നു. അവിടെയാണ്, ആ പശ്ചാത്തലത്തിലാണ് ലെനിന്റെ വരവ്. 1901ൽ ലെനിൻ എഴുതിയത്, ‘‘വിപ്ലവകാരികൾ ആ തൊഴിലാളി വർഗ മുന്നേറ്റത്തിനു പിന്നിൽ പതുങ്ങി നിൽക്കുകയായിരുന്നു’’വെന്നാണ്. ആ സ്ഥിതിവിശേഷം കാണാനും കെെകാര്യം ചെയ്യാനും അവരുടെ ‘സിദ്ധാന്തങ്ങൾ’ അപര്യാപ‍്തമായിരുന്നുവെന്നും അതുകൊണ്ടുതന്നെ പ്രായോഗികതലത്തിൽ ഇടപെടാൻ അവർക്ക് കഴിഞ്ഞില്ലെന്നും ലെനിൻ കൂട്ടിച്ചേർത്തു. എന്തുകൊണ്ട്? പ്രസ്ഥാനത്തെയാകെ സമഗ്രതയിൽ നയിക്കാൻ ശേഷിയുള്ള ജനങ്ങളുമായി ഉറ്റബന്ധമുള്ള നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിപ്ലവ സംഘടനയുടെ അഭാവത്തിലേക്ക് അദ്ദേഹം വിരൽചൂണ്ടിയത് ഈ പശ്ചാത്തലത്തിലാണ്.

സാറിസ്റ്റ് സേ-്വച്ഛാധിപത്യത്തെ തകർക്കുന്നതിനപ്പുറം സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നേറണമെന്ന തന്റെ കാഴ്ചപ്പാടും ഇതേ തുടർന്ന് ലെനിൻ മുന്നോട്ടുവയ്ക്കുന്നു. പക്ഷേ, തൊഴിലാളികളെ സംഘടിപ്പിക്കാനും ജനകീയ മുന്നേറ്റം സാധ്യമാക്കാനും സേ-്വച്ഛാധിപത്യത്തിന്റെ സ്ഥാനത്ത് സംഘടിപ്പിക്കാനും ആശയപ്രചാരണത്തിനും സാധ്യമാകുന്ന ജനാധിപത്യം ആദ്യം നിലവിൽവരണമെന്നും ആ ജനാധിപത്യവിപ്ലവത്തിന് തൊഴിലാളിവർഗം നേതൃത്വം നൽകണമെന്നുമുള്ള ആശയമാണ് ലെനിൻ അവതരിപ്പിക്കുന്നത്. ഈ ആശയം സ്ഥാപിച്ചെടുക്കാനും അക്കാലത്ത് പ്രബലമായിരുന്ന മറ്റു ചിന്താഗതികൾക്കെതിരെ അദ്ദേഹത്തിന് നിരന്തരം പൊരുതേണ്ടതായി വന്നിരുന്നു.

1896 മുതൽ 1916 വരെയുള്ള രണ്ട് ദശകക്കാലത്തെ ലെനിന്റെ രചനകളാണ് 1917ലെ വിപ്ലവ മുന്നേറ്റത്തിനുള്ള അരങ്ങൊരുക്കിയത്; എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും ഓരോ സന്ദർഭത്തിലും എങ്ങനെയാണ് നീങ്ങേണ്ടതെന്നും ലെനിനും ബോൾഷെവിക്കുകളും തെളിമയാർന്ന ധാരണ ആർജിച്ചിരുന്നു. അവിടെ നിന്നാണ് വിപ്ലവാനന്തരം സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള ചുവടുവയ്പുകൾക്കൊപ്പം അകത്തുനിന്നും പുറത്തുനിന്നും പുതിയ വിപ്ലവശിശുവിനെ ചോരയിൽ മുക്കിക്കൊല്ലാൻ നടന്നിരുന്ന നീക്കങ്ങളെ പരാജയപ്പെടുത്തി മുന്നേറാൻ അവർക്കു കഴിഞ്ഞത്.

ലെനിൻ ഓരോ വാക്കും വരിയും എഴുതിയത് സംഭവഗതികളുടെ പശ്ചാത്തലത്തിലായിരുന്നു. ജനങ്ങളുമായുള്ള നിരന്തരബന്ധത്തിലൂടെ ആർജിച്ച സെെദ്ധാന്തിക നിലപാടുകൾ സ്ഥാപിക്കുന്നതിനും എതിർവാദങ്ങളുടെ മുനയൊടിക്കുന്നതിനുമായിരുന്നു ലെനിൻ തന്റെ മൂന്ന് പതിറ്റാണ്ടുകാലത്തെ വിപ്ലവജീവിതത്തിലുടനീളം എഴുതിയത്. അതായത്; ഓരോ സന്ദർഭത്തിലും വിപ്ലവപ്രസ്ഥാനത്തിന് മുന്നോട്ടുപോകാൻ ആവശ്യമായ കാര്യങ്ങളാണ് ലെനിന്റെ സെെദ്ധാന്തിക ഭൂമികയിലുടനീളം നമുക്കു കാണാൻ കഴിയുന്നത്. അങ്ങനെയാണ് മാർക്സിസം–ലെനിനിസമായി മാർക്സിസം വികസിക്കുന്നത്. മാർക്സിസം പ്രയോഗത്തിന്റെ സിദ്ധാന്തമാണ് എന്ന ഉറച്ച കാഴ്ചപ്പാടാണ് ലെനിൻ മുന്നോട്ടുവച്ചത്; അതാണ് പിൽക്കാലത്ത് ജയിൽ കുറിപ്പുകളിൽ അന്റോണിയോ ഗ്രാംഷി ആവർത്തിച്ചുറപ്പിച്ചത്. അതിനെയാണ് പാശ്ചാത്യമാർക്സിസം എന്ന അവതാരത്തിന്റെ വക്താക്കൾ നിഷേധിക്കാൻ ശ്രമിക്കുന്നത്. മാർക്സിസം പ്രയോഗിക്കപ്പെടേണ്ടതല്ല, സെെദ്ധാന്തിക വിശകലനങ്ങളിൽ ഒതുക്കപ്പെടേണ്ടതാണെന്ന വികല വീക്ഷണമാണ് ഇതിനു പിന്നിലുള്ളത്. അതാണ് മാർക്സിനെയും ഗ്രാംഷിയെയും മുന്നോട്ടുവച്ച് ലെനിനു നേരെ കണ്ണടയ്ക്കുന്നതിനു പിന്നിൽ കാണാൻ കഴിയുന്നത്.

ലെനിന്റെ 100–ാം ചരമവാർഷികാചരണത്തിലാണ് ഈ വർഷം ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാർ. എന്നാൽ കേരളത്തിൽ ഇതോടനുബന്ധിച്ച് കാര്യമായ ചർച്ചകളോ അദ്ദേഹത്തിന്റെ കൃതികളുടെ പ്രസിദ്ധീകരണമോ അദ്ദേഹത്തെ സംബന്ധിച്ച ഗൗരവമുള്ള പഠനങ്ങളോ ഉണ്ടായിട്ടില്ല എന്നത് ഒരു പരിമിതിയായി കാണണം. 1990കൾ മുതൽ ഇക്കാര്യത്തിൽ കണ്ടുവരുന്ന താൽപ്പര്യരാഹിത്യം ഇപ്പോഴും നിലനിൽക്കുന്നതായാണ് ഇത് കാണിക്കുന്നത്; 1995ൽ ലെനിന്റെ 125–ാം ജന്മവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ചേർന്ന സെമിനാറിലെ ഉദ്ഘാടനപ്രസംഗത്തിൽ ഇ എം എസ്, ലെനിൻ കൃതികൾ ആവർത്തിച്ച് പഠിക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരൽചൂണ്ടിയിട്ടും ആ അവസ്ഥയിൽ വലിയമാറ്റം വന്നുകാണുന്നില്ല. മാത്രമല്ല, ലെനിന്റെ ദാർശനിക സംഭാവനകളെകുറിച്ചും ഒപ്പം വിപ്ലവാനന്തര റഷ്യയിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനായി ലെനിൻ നടത്തിയ ഇടപെടലുകളെക്കുറിച്ചും ആഴത്തിൽ പഠിക്കേണ്ട ആവശ്യകത പുതിയ സാഹചര്യത്തിൽ ഏറെയാണെന്നും ഇ എം എസ് വ്യക്തമാക്കിയിരുന്നു. ആ നിലയിലെല്ലാം കേരളത്തിലെ ഇടതുപക്ഷ സമൂഹം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്.

ആ ദിശയിലുള്ള ചെറിയൊരു പരിശ്രമമാണിത്. ലെനിന്റെ 100–ാം ചരമവാർഷികത്തോടനുബന്ധിച്ച് ചിന്തവാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചു വരുന്ന ലേഖന പരമ്പരയുടെ ഭാഗമാണ് ലെനിനെ സംബന്ധിച്ച ഈ പരമ്പരയും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 3 =

Most Popular