ഒക്ടോബർ 27, ഞായറാഴ്‌ച തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രമുഖ രാഷ്‌ട്രീയകക്ഷികളായ വലതുപക്ഷത്തിനും മധ്യ ഇടതുപക്ഷത്തിനും ലഭിക്കുന്ന വോട്ടുകളിൽ വലിയ വ്യത്യാസമുണ്ടാവില്ലെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ജനങ്ങൾ രാജ്യത്തിന്റെ പ്രസിഡന്റിനെയും പാർലമെന്റംഗങ്ങളെയം ഈ തിരഞ്ഞെടുപ്പിൽ നിർണയിക്കും. നാഷണൽ പാർട്ടി, കൊളൊറാഡോ പാർട്ടി, ഓപ്പൺ കൗൺസിൽ, ഇൻഡിപെൻഡന്റ് പാർട്ടി തുടങ്ങിയ വലതുപക്ഷ പാർട്ടികൾ ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്കൊറ്റയ്‌ക്ക് മത്സരിച്ചുവെങ്കിലും രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ഉയർന്ന വോട്ട് ലഭിക്കുന്ന പ്രസിഡന്റ് സ്ഥാനാർഥി ഈ നാലു പാർട്ടിയിൽ എതിലുൾപ്പെട്ടയാളാണെങ്കിലും അദ്ദേഹത്തെ ഐക്യകണ്‌ഠേന പിന്തുണയ്‌ക്കാൻ നേരത്തെതന്നെ ധാരണയായിട്ടുണ്ട്. ഏറ്റവുമൊടുവിൽ ലഭ്യമാകുന്ന വിവരമനുസരിച്ച് അത്തരമൊരു സ്ഥാനാർഥി നാഷണൽ പാർട്ടിയിലെ മുതിർന്ന നേതാവും നിലവിലെ പ്രസിഡന്റ് ലൂയി ലക്കാളെ പൗവിന്റെ വിശ്വസ്‌തനുമായ അൽവാരോ ഡെൽഗാഡോ ആകാനാണ് സാധ്യത. നവലിബറലിസ്റ്റ് നയങ്ങൾ ആഭ്യന്തരമായി നടപ്പാക്കുന്ന ലൂയി ലക്കാളെയുടെ വിദേശനയംതന്നെ ലോകത്താകമാനമുള്ള പുരോഗമന‐ഇടതുപക്ഷ ഗവൺമെന്റുകൾക്കെതിരായ ശക്തമായ നിലപാടെടുത്തുകൊണ്ടുള്ളതാണ്.
മറുവശത്ത് മധ്യ ഇടതുപക്ഷ പാർട്ടികളുടെയും ഇടതുപക്ഷ പാർട്ടികളുടെയും സഖ്യമായ ബ്രോഡ് ഫ്രണ്ടിലുള്ള (വിശാലമുന്നണി, Frente Amplio) പോപ്പുലർ പാർട്ടിസിപ്പേഷൻ മൂവ്‌മെന്റ് അംഗമായ യമാന്തു ഒർസിയും രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ നിർണായക മുന്നേറ്റമുണ്ടാക്കുമെന്ന് കരുതപ്പെടുന്നു.
ചരിത്രാധ്യാപകൻ കൂടിയായ യമാന്തു ഒർസി രാജ്യത്തെ മുൻനിര രാഷ്‌ട്രീയനേതാക്കളിൽ ഒരാളാണ്. ഫ്രന്റെ ആംപ്ലിയോ എന്ന വിശാലമുന്നണിയിൽ കമ്യൂണിസ്റ്റുകൾ മുതൽ ക്രിസ്‌ത്യൻ ഡെമോക്രാറ്റുകൾ വരെയുള്ള രാഷ്‌ട്രീയ പാർട്ടികളുണ്ട്. ഇത്തരത്തിൽ വ്യത്യസ്‌തമായ രാഷ്‌ട്രീയ നിലപാടുകൾ പിന്തുടരുന്ന പാർട്ടികളുടെ സഖ്യമായതുകൊണ്ടുതന്നെ തങ്ങൾ അധികാരത്തിൽ വന്നാൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെ സംബന്ധിച്ച്‐ സഖ്യത്തിനകത്തെ സങ്കീർണതകളെയെല്ലാം പരിഹരിച്ചും കണക്കിലെടുത്തുകൊണ്ട്‐ ഒരു മിനിമം എഗ്രിമെന്റ് മുന്നോട്ടുവെക്കുവാനേ ഈ മധ്യ‐ഇടത് സഖ്യത്തിന് കഴിഞ്ഞുള്ളൂ. 2004നും 2014നുമിടയ്‌ക്ക് അടുപ്പിച്ചുള്ള മൂന്നു തിരഞ്ഞെടുപ്പുകളിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളുടെ പ്രതിനിധിയെ വിജയിപ്പിക്കാൻ ഈ സഖ്യത്തിന് കഴിഞ്ഞിട്ടുമുണ്ട്. അങ്ങനെ വിശാലമുന്നണിയുടെ ഭാഗമായി അധികാരത്തിൽ വന്ന തബാരെ വസ്‌ക്വിസ്, ഹൊസെ മുജിക്ക എന്നീ പ്രസിഡന്റുമാരുടെ ഭരണത്തെ ക്ഷേമരാഷ്‌ട്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള സാമൂഹിക ജനാധിപത്യ പൊതുനയങ്ങൾ നടപ്പിലാക്കിയ ഗവൺമെന്റ് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.
രണ്ടാഴ്‌ച മുന്പ് ഫാക്ടം (Factum) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം മധ്യ ഇടത് വിശാലമുന്നണി സ്ഥാനാർഥിയായ ഒർസി 44 ശതമാനം വോട്ടും വലതുപക്ഷ നാഷണൽ പാർട്ടി നേതാവായ ഡെൽഗാസ്വേ 24 ശതമാനം വോട്ട് നേടുമെന്നായിരുന്നു പറഞ്ഞിരുന്നത്. ജനങ്ങൾ വിധിനിർണയം നടപ്പാക്കിയിരിക്കുന്നു. ഇവിടെ പറഞ്ഞത് ഉറുഗ്വേയിലെ ഒരു പൊതു രാഷ്‌ട്രീയ അന്തരീക്ഷം മാത്രമാണ്. ഇപ്പോൾ ഉറുഗ്വേയിൽ ഈ രണ്ട് രാഷ്‌ട്രീയശക്തികളിൽ ആര് അധികാരത്തിൽ വരുമെന്ന് വൈകാതെതന്നെ വ്യക്തമാകും. l