പെറുവിൽ അനുദിനം വർധിച്ചുവരുന്ന പിടിച്ചുപറിക്കും കൊള്ളയ്‌ക്കു കുറ്റകൃത്യങ്ങൾക്കുമെതിരെ ഒക്ടോബർ പത്തിന് രാജ്യത്തെ നിരവധി ഗതാഗതതൊഴിലാളികളുടെയും കന്പനികളുടെയും സംഘടനകൾ ചേർന്ന് തുടങ്ങിയ പണിമുടക്ക് ഒക്ടോബർ 12 വരെ നീണ്ടു. ഗതാഗത ജീവനക്കാരും കന്പനികളും ചേർന്നു നടത്തിയ ഈ പണിമുടക്കിൽ ട്രേഡ് യൂണിയൻ രംഗത്തുനിന്നും ബിസിനസ് സംഘടനകളിൽനിന്നുമടക്കം നൂറുകണക്കിന് മറ്റ് ജനങ്ങളും പങ്കെടുക്കുകയുണ്ടായി. കാരണം പെറുവിലെ ജനങ്ങൾ ഇന്ന് നേരിടുന്ന സുരക്ഷാ പ്രതിസന്ധി അത്രമേൽ രൂക്ഷമാണ്. ഗുണ്ടാ‐കൊള്ളസംഘടനകൾ രാജ്യത്താകെ നിരവധി ഇടങ്ങളിൽ തന്പടിക്കുകയും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരുടെയും വണ്ടിക്കാരുടെയും കൈവശമുള്ള കാശ് പിടിച്ചുപറിക്കുകയും കൊടുത്തില്ലെങ്കിൽ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുകയാണ്.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഈ പിടിച്ചുപറിയുമായി ബന്ധപ്പെട്ട പരാതികൾ അഞ്ചിരട്ടിയാണ് വർധിച്ചത്. ട്രാൻസ്‌പോർട്ടേഷൻ മേഖലയാണ് ഇതുമൂലം ഏറ്റവും ദുരിതമനുഭവിക്കുന്ന ഒരു വിഭാഗം. ഔദ്യോഗികവും അനൗദ്യോഗികവുമായ വാഹനങ്ങൾ, രണ്ടുവിഭാഗവും ക്രിമിനൽ സംഘങ്ങൾക്ക് ടോളുകൾ നൽകേണ്ടതായിവരുന്നു. ഇത്തരത്തിൽ പണം നൽകാൻ തയ്യാറാകാതിരുന്ന ഇരുപതിലധികം ഡ്രൈവർമാരെ കൊലപ്പെടുത്തി. ചെറുകിട ബിസിനസ് കച്ചവടക്കാരെയുമെല്ലാം പ്രത്യേകം ടാർഗറ്റ് ചെയ്‌ത് ആക്രമിക്കുകയാണ് ക്രിമിനൽ സംഘങ്ങൾ.
എന്നാൽ ദിന ബൊലുവാർത്തെ ഗവൺമെന്റ് ചെയ്യുന്ന ഈ കൊടുംക്രൂരതയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയാണ്. സെപ്‌തംബർ 26ന് ലിമയിലെയും അയൽനഗരമായ കല്ലാവൊയിലെയും നൂറുകണക്കിന് ട്രാൻസ്‌പോർട്ടേഷൻ ജീവനക്കാർ പണിമുടക്ക് നടത്തുകയുണ്ടായി. എന്നാൽ തൊട്ടടുത്ത ദിവസം തലസ്ഥാനമായ ലിമയിലെ 11 ജില്ലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് ബൊലുവാർത്തെ ഗവൺമെന്റ് ചെയ്‌തത്. ഈ പ്രദേശങ്ങളിലുടനീളം പൊലീസ് സേനയുടെ വിന്യാസം ശക്തിപ്പെടുത്തുകയും സൈന്യത്തെ നിയോഗിക്കുമെന്നുമാണതിനർഥം. എന്നാൽ അതിന്റെ പിറ്റേദിവസം ലിമയിലെ ഒരു ബസ് സ്‌റ്റേഷനിൽ തീപിടിക്കുകയും 25 ബസുകൾ കത്തിനശിക്കുകയും ചെയ്‌തു. ഒരാഴ്‌ചയ്‌ക്കുശേഷം കല്ലാവോയിലെ ഒരു ബസിനുനേരെ ഒരു മനുഷ്യൻ വെടിയുതിർക്കുകയും നാലുപേർ കൊല്ലപ്പെടുകയും ചെയ്‌തു.
ബൊലുവാർത്തെ ഗവൺമെന്റ് കൊണ്ടുവന്ന Law 32108 പോലെയുള്ള കുറ്റകൃത്യവിരുദ്ധനിയമങ്ങൾ യഥാർഥത്തിൽ ഈ പിടിച്ചുപറിയുമായി ബന്ധപ്പെട്ട കേസുകളിൽ അടിയന്തിരമായും ഫലപ്രദമായും ഇടപെടുന്നതിന് പൊലീസ് സേനയ്‌ക്ക് തടസ്സമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നും അത് റദ്ദുചെയ്യണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു. എന്നാൽ ഇത്തവണയും പ്രതിഷേധിച്ച ജനങ്ങൾക്കും ട്രാൻസ്‌പോർട്ട് ജീവനക്കാർക്കും മേൽ ക്രൂരമായി അടിച്ചമർത്തുകയും അവരെ അറസ്റ്റ് ചെയ്യുകയുമാണ് ബൊലുവാർത്തെ ഗവൺമെന്റ് ചെയ്‌തത്. l