വടക്കൻ ഗാസയിലെ ബെയ്‌ത്ത് ഹാനൂൺ ജുബാലിയ, ബെയ്‌ത്ത് ലാഹിയ എന്നീ പട്ടണങ്ങളിൽ അധിവസിക്കുന്ന പലസ്‌തീൻകാരോട് എത്രയുംവേഗം സ്ഥലംവിട്ട് പോകണമെന്ന് ഇസ്രയേലിന്റെ അധിനിവേശ സൈന്യം ഉത്തരവിട്ടിരിക്കുന്നു. ഗാസയുടെ തെക്കൻ പ്രദേശത്ത് ‘‘ഹ്യൂമാനിറ്റേറിയൻ സോൺ’’ എന്ന ഇസ്രയേലിന്റെ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഗാസയിൽനിന്ന് പലസ്‌തീൻകാരെ ഒന്നടങ്കം ആട്ടിയോടിക്കുന്നതിന്റെ ഭാഗമായുള്ള നീക്കം കൂടിയാണിത്.
സർവശക്തിയുമെടുത്താണ് ഇപ്പോൾ ഇസ്രയേൽ സൈന്യം ആക്രമണം നടത്തുന്നത്. ‘‘നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ എത്രയുംവേഗം ഈ സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകണം’’ എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അറബിക് ഭാഷാവക്താവ് കേണൽ അവിചയ് അദ്രായ് പറഞ്ഞത്. ഇസ്രയേൽ ഭരണാധികാരികൾ പലസ്‌തീൻ ജനതയോട് പ്രകടിപ്പിക്കുന്ന ഈ കൊടുംക്രൂരതയ്‌ക്കെതിരെ ഇസ്രയേൽ കമ്യൂണിസ്റ്റ് പാർട്ടി ശക്തമായ നിലപാടാണ് കൈക്കൊണ്ടത്.
ഇസ്രയേൽ പാർലമെന്റായ നെസെറ്റിലെ കമ്യൂണിസ്റ്റ് അംഗം ഐദ തൗമ സുലൈമാൻ പ്രതികരിച്ചതിങ്ങനെയാണ്: ‘‘വടക്കൻ ഗാസയെ പൂർണമായും ഇസ്രയേലിന്റെ സ്ഥിരം അധിനിവേശത്തിൻ കീഴിലാക്കാനുള്ള നീക്കമാണ് ഭരണാധികാരികൾ നടത്തുന്നത്. വടക്കൻ ഗാസയിൽ ‘ജനറലിന്റെ പദ്ധതി’ എന്ന പേരിലുള്ള നിയമം നടപ്പാക്കാനാണ് ശ്രമം. ഇപ്പോഴും വടക്കൻ ഗാസയിൽ തുടരുന്നവരെയാകെ പട്ടിണിക്കിട്ട് കൊല്ലാനോ ഒഴിപ്പിക്കാനോ ആണ് അതുകൊണ്ട് ലക്ഷ്യമിടുന്നത്.
ഇസ്രയേലി സൈന്യത്തിലെ മുൻ മേജർ ജനറലും നാഷണൽ സെക്യുരിറ്റി കൗൺസിലിന്റെ മുൻ മേധാവിയുമായ ഗിയോറ ഐലാന്ദ് ആണ് ഈ പദ്ധതിക്ക് രൂപംനൽകിയത്. ഇപ്പോഴും വടക്കൻ ഗാസയിൽ കഴിഞ്ഞുകൂടുന്ന രണ്ടരലക്ഷത്തോളം പലസ്‌തീൻ പൗരരെ അവിടെനിന്ന് ആട്ടിയോടിച്ച് അവിടെയെല്ലാം ജൂത കോളനികൾ സ്ഥാപിക്കലാണ് ലക്ഷ്യം. ഈ നിലപാടിനെതിരെയാണ് ശക്തമായ പ്രതിഷേധവുമായി ഇസ്രയേലി കമ്യൂണിസ്റ്റ് പാർട്ടി രംഗത്തുവന്നത്. l