തമിഴ്‌നാട്ടിലെ സാംസങ് തൊഴിലാളികൾ നടത്തിയ 37 ദിവസം നീണ്ടുനിന്ന ഐതിഹാസിക സമരം അവസാനിച്ചു. തൊഴിലാളികൾ മുന്നോട്ടുവെച്ച വേതനവർധന നടപ്പാക്കുക, യൂണിയൻ അംഗീകരിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ മാനേജ്‌മെന്റ് അംഗീകരിച്ചു.
ഏതാനും മാസങ്ങൾക്കുമുന്പാണ് ദക്ഷിണ കൊറിയയെ നിശ്ചലമാക്കിക്കൊണ്ട് ഇലക്‌ട്രോണിക്‌സ് ഭീമനായ സാംസങ് കന്പനിയിലെ തൊഴിലാളികൾ നടത്തിയ സമരം ചരിത്രവിജയം കൈവരിച്ചത്. രാജ്യത്തെ ജിഡിപിയുടെ 22.4 ശതമാനവും സാംസങ്ങിൽനിന്നുള്ള നികുതിവരുമാനത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ അവിടത്തെ രാഷ്‌ട്രീയ‐സന്പദ്‌വ്യവസ്ഥയിൽ നിർണായകമായ സ്വാധീനവും കന്പനിക്കുണ്ട്. കോർപറേറ്റ് വാഴ്‌ചയുടെ മുഖമുദ്രയായ തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കൽ, മാനേജ്‌മെന്റിന്റെ സ്വേച്ഛാധികാരം, തൊഴിലാളിസമരങ്ങളെ അടിച്ചമർത്തൽ എന്നിവയ്‌ക്കെതിരെയായിരുന്നു സാംസങ് തൊഴിലാളികൾ പൊരുതിയത്. ഒടുവിൽ ഈ കന്പനിഭീമന് തൊഴിലാളികൾക്കു മുന്നിൽ മുട്ടുമടക്കേണ്ടിവന്നു.
2007ലാണ് തമിഴ്‌നാട്ടിലെ ശ്രീപെരുന്പത്തൂരിൽ സാംസങ് കന്പനി പ്രവർത്തനമാരംഭിച്ചത്. ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്ന അത്യന്താധുനിക ഡിജിറ്റൽ ഉപകരണങ്ങൾ കയറ്റിയയയ്‌ക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ വാർഷികവരുമാനത്തിൽ ശ്രീപെരുന്പത്തൂർ പ്ലാന്റ് മുഖ്യ സംഭാവന നൽകുന്നുണ്ട്. കന്പനിയുടെ മൊത്തം വരുമാനത്തിന്റെ 20‐30 ശതമാനം (1200 കോടി ഡോളർ) ഇവിടെനിന്നാണ് ലഭിക്കുന്നത്. 1995 മുതൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച സാംസങ്ങിന് നിലവിൽ 200000 റീട്ടെയിൽ ഔറ്റ്‌ലറ്റുകളും 30000ത്തിലേറെ കസ്റ്റമർ കെയർ സർവീസ് പോയിന്റുകളുമുള്ള ശക്തമായ ശൃംഖലയുണ്ട്.
ശ്രീപെരുന്പത്തൂർ പ്ലാന്റിൽ 370 കരാർ തൊഴിലാളികളുൾപ്പെടെ 1810 തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. പ്ലാന്റ് ആരംഭിച്ച നാൾമുതൽ, കഴിഞ്ഞ 16 വർഷമായി ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഇപ്പോൾ ലഭിക്കുന്ന വേതനം 20000‐40000ത്തിനും ഇടയിൽ മാത്രമാണ്. അതേസമയം ദക്ഷിണ കൊറിയയിൽ ഇതേ തൊഴിൽ ചെയ്യുന്നവർ 4.55 ലക്ഷം രൂപവരെയാണ് വേതനം ലഭിക്കുന്നത്. മാത്രവുമല്ല ഇവിടത്തെ തൊഴിലാളികൾക്ക് ദിവസം 8 മണിക്കൂറിലേറെ പണിയെടുക്കണം. ഓരോ തൊഴിലാളിക്കും ടാർഗറ്റ് നൽകിയിട്ടുണ്ട്. ഒരു ഷിഫ്‌റ്റിനുള്ളിൽ അത് പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ ഓവർടൈം ജോലിയെടുത്ത് അത് പൂർത്തിയാക്കണം. ചുരുക്കത്തിൽ ഒരു തൊഴിലാളിക്ക് ദിവസം 10‐12 മണിക്കൂർ ജോലി ചെയ്യേണ്ടതായിവരുന്നു. ഇങ്ങനെയുള്ള ഓവർടൈം ജോലിക്ക് അധികവേതനവുമില്ല. എന്നാൽ കൂടുതൽ സമയം അത്യധ്വാനം ചെയ്യാതെ ടാർഗറ്റിലെത്തുകയുമില്ല. അവധിയുടെ കാര്യത്തിലും കടുത്ത നിയന്ത്രണമുണ്ട്.
ഇത്തരത്തിൽ കുറഞ്ഞ വേതനം, ദീർഘമേറിയ ജോലിസമയം, പരാതിപരിഹാര സംവിധാനങ്ങളില്ലാത്തത് എന്നിവയെല്ലാം ചേർന്ന് തികച്ചും തൊഴിലാളിവിരുദ്ധമായ ഒരു സാഹചര്യം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തൊഴിലാളി യൂണിയൻ അനിവാര്യമായിത്തീർന്നത്. എന്നാൽ മാനേജ്‌മെന്റിന്റെ മർക്കടമുഷ്ടിയിൽ യൂണിയൻ രൂപീകരിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ, സൗത്ത് കൊറിയയിലെ സിയേൻ പ്ലാന്റിലെ തൊഴിലാളികൾ നടത്തിയ അനിശ്ചിതകാല പണിമുടക്കിന്റെ പശ്ചാത്തലത്തിൽ 2024 ജൂൺ 16ന് ശ്രീപെരുന്പത്തൂർ പ്ലാന്റിലെ തൊഴിലാളികൾ ജനറൽ ബോഡി യോഗം ചേർന്നു. കാഞ്ചീപുരം സിഐടിയു ജില്ലാ സെക്രട്ടറി ഇ മുത്തുകുമാർ പങ്കെടുത്ത യോഗത്തിൽ സാംസങ് ഇന്ത്യ വർക്കേഴ്‌സ് യൂണിയൻ (എസ്‌ഐഡബ്ല്യുയു) എന്ന പേരിൽ യൂണിയന് രൂപം നൽകി.
എന്നാൽ മാനേജ്‌മെന്റ് ‘യൂണിയൻവിരുദ്ധ നയം’ പരസ്യമായി പ്രഖ്യാപിച്ചു. ആക്രമണാത്മകമായ യൂണിയൻ തകർക്കൽ രീതികൾക്കും അന്യായമായ തൊഴിൽചട്ടങ്ങൾക്കും കുപ്രസിദ്ധി നേടിയ സാംസങ് കന്പനിക്ക്, ട്രേഡ് യൂണിയൻ അവകാശങ്ങളുമായി ബന്ധപ്പെട്ട് ജനാധിപത്യപരവും ഭരണഘടനാപരവുമായ ചട്ടക്കൂട് നിലവിലുള്ള ഇന്ത്യയിൽ എങ്ങനെ അനുമതി ലഭിച്ചുവെന്നത് ആലോചിക്കേണ്ടതാണ്. എന്തായാലും 16 വർഷത്തെ വെല്ലുവിളികൾ നിറഞ്ഞ പല ഘട്ടങ്ങൾക്കുശേഷം തൊഴിലാളികൾ തൊഴിൽവകുപ്പിൽ യൂണിയൻ രജിസ്‌ട്രേഷനായി അപേക്ഷിച്ചു. വ്യക്തമാക്കാത്ത കാരണങ്ങളാൽ രജിസ്‌ട്രേഷൻ അപേക്ഷയിൽ സർക്കാർ തീർപ്പുവരുത്തിയില്ല. മാത്രവുമല്ല യൂണിയനെ അംഗീകരിക്കാൻ സാംസങ് മാനേജ്‌മെന്റ് വിസമ്മതിക്കുകയും ചെയ്‌തു. അങ്ങനെയാണ് തൊഴിലാളികൾ പണിമുടക്കിക്കൊണ്ട് സമരം ചെയ്യാൻ തീരുമാനിച്ചത്. 37 ദിവസം നീണ്ട സമരത്തിനൊടുവിൽ തൊഴിലാളികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ‐ വേതന വർധനവ്, യൂണിയന് അംഗീകാരം നൽകൽ എന്നിവ‐ ഒടുവിൽ മാനേജ്‌മെന്റ് അംഗീകരിച്ചു.
1918ൽ ആദ്യത്തെ ഇന്ത്യൻ ട്രേഡ് യൂണിയനായ മദ്രാസ് ലേബർ യൂണിയൻ (എംഎസ്‌യു) സ്ഥാപിക്കപ്പെട്ട മദ്രാസിനടുത്തുള്ള ശ്രീപെരുന്പത്തൂരിൽ, 1926ലെ ഇന്ത്യൻ ട്രേഡ് യുണിയൻ നിയമം കൊണ്ടുവരുന്നതിലേക്ക് നയിച്ച തൊഴിലാളിസമരങ്ങൾ നടന്നയിടത്തുതന്നെ ഒരു നൂറ്റാണ്ടിനിപ്പുറം തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി, യൂണിയൻ അംഗീകാരത്തിനായി തെരുവിലിറങ്ങേണ്ട സാഹചര്യം ഇന്നു നിലനിൽക്കുന്നു എന്നത് പോരാട്ടം തുടരേണ്ടതിന്റെ പ്രാധാന്യത്തെ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു.
തുച്ഛമായ വേതനത്തിന് തൊഴിലാളികളുടെ അധ്വാനം ഊറ്റിയെടുത്ത് കൊള്ളലാഭമടിക്കാനുള്ള കോർപറേറ്റ് തീട്ടൂരങ്ങൾക്ക് നിശ്ചയദാർഢ്യത്തോടെയുള്ള തൊഴിലാളികളുടെ ഉശിരൻ പോരാട്ടങ്ങൾക്കു മുന്നിൽ മുട്ടുമുടക്കേണ്ടിവരികതന്നെ ചെയ്യും എന്നതാണ് ശ്രീപെരുന്പത്തൂരിലെ സാംസങ് തൊഴിലാളികളുടെ വിജയിച്ച സമരം നമുക്ക് നൽകുന്ന പാഠം. l