Friday, November 8, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്ശ്രീലങ്ക: നിയോലിബറൽ പോസ്റ്റർ ബോയിയുടെ പതനവും ഇടതുപക്ഷമുന്നേറ്റവും - 2

ശ്രീലങ്ക: നിയോലിബറൽ പോസ്റ്റർ ബോയിയുടെ പതനവും ഇടതുപക്ഷമുന്നേറ്റവും – 2

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 59

ന്താരാഷ്ട്ര വ്യാപാരത്തെ ആശ്രയിച്ചു നിൽക്കുന്ന ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയ്ക്ക് എന്നും അസ്ഥിരതയുടെ സ്വഭാവമുണ്ടായിരുന്നു .ഇത്തരമൊരു വിദേശനാണയ പ്രതിസന്ധിയാണ് 1977ൽ ഉദാരവൽക്കരണ സാമ്പത്തികനയങ്ങളിലേക്ക്‌ നീങ്ങാൻ ശ്രീലങ്കയെ പ്രേരിപ്പിച്ചത്. ഇന്ത്യയിൽ ഉദാരവൽക്കരണ നയങ്ങൾ രംഗപ്രവേശം ചെയ്യുന്നതിന് ഒന്നര പതിറ്റാണ്ടു മുന്പായിരുന്നു ഇത് . അന്താരാഷ്ട്ര നാണയനിധിയുടെ തീട്ടൂരങ്ങൾ അനുസരിച്ച് ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഏറ്റവുമാദ്യം നടപ്പിലാക്കിയ ഏഷ്യൻ രാജ്യമാണ് ശ്രീലങ്ക. പക്ഷേ ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ ഏറെ വലുതും നീണ്ടുനിൽക്കുന്നതുമായിരുന്നു. സാമൂഹികക്ഷേമ പദ്ധതികളും സബ്‌സിഡികളും ഒന്നൊന്നായി വെട്ടിക്കുറയ്ക്കപ്പെട്ടു. സാമൂഹിക അസമത്വത്തിന്റെ തീക്ഷ്ണത വർധിച്ചു. ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന അസംതൃപ്തിയെ തിരിച്ചുവിടാൻ ശ്രീലങ്കൻ സമൂഹത്തിൽ ഏറെ മുൻപ് തന്നെ നില നിന്നിരുന്ന വംശീയവിദ്വേഷത്തെ ഭരണാധികാരികൾ ഉപയോഗിക്കാൻ തുടങ്ങി. ഇവിടെയും ഇന്ത്യയുമായുള്ള സമാനതകൾ നമുക്ക് ദർശിക്കാവുന്നതാണ്. ഇന്ത്യൻ ഭരണകൂടം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും തുടർന്ന് നിയോലിബറൽ നയങ്ങളിലേക്കും നീങ്ങിയതിനു സമാന്തരമായാണ് അതുവരെ തലപൊക്കാതെ കിടന്നിരുന്ന ഹിന്ദുത്വ വർഗീയതയുടെ വിഷസർപ്പങ്ങൾ പത്തി ഉയർത്തുന്നത്. സാമ്പത്തിക പ്രതിസന്ധികളെ അപരവിദ്വേഷത്തിന്റെ രാഷ്ട്രീയത്തിലേക്ക് വഴിതിരിച്ചുവിടാൻ സമർത്ഥമായി ഉപയോഗിക്കാവുന്നതാണ്. ഒന്നാം ലോകയുദ്ധത്തിലെ പരാജയങ്ങൾ ജർമൻ ജനതയിലേൽപ്പിച്ച മുറിവുകളിൽ നിന്നാണല്ലോ ജൂതവിരുദ്ധതയുടെ രാഷ്ട്രീയത്തെ ഹിറ്റ്‌ലർ വളർത്തിയെടുത്തത്. സമാനമായ രീതിയിൽ തമിഴ് സിംഹള ദേശീയതകൾ തമ്മിലുള്ള സംഘർഷം മൂർച്ഛിപ്പിക്കുന്ന നയങ്ങൾ ഭരണകൂടം കൈക്കൊണ്ടു. തമിഴ് വംശജർക്ക് ജോലി നിഷേധിക്കുന്ന നയങ്ങൾ രാജ്യത്ത് നടപ്പിലാക്കി. 1983ലെ വംശീയ ഉന്മൂലന ശ്രമങ്ങളിൽ ആയിരക്കണക്കിന് തമിഴർ കൊല്ലപ്പെട്ടു. തമിഴ് വംശജർ ഭൂരിപക്ഷം കൈയാളുന്ന ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യകൾ പരസ്യ യുദ്ധത്തിലേക്ക് നീങ്ങി. പക്ഷേ വർഗീയതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം പലപ്പോഴും കുടത്തിൽ നിന്നും അഴിച്ചുവിടുന്ന ഭൂതത്തെപ്പോലെ പ്രവർത്തിക്കും. ശ്രീലങ്കയിലും അത് തന്നെ സംഭവിച്ചു. ദീർഘനാളുകൾ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിൽ രാജ്യം അമർന്നു. ഇതാകട്ടെ ഭരണകൂടത്തിന്റെ പ്രതീക്ഷകൾക്ക് വിപരീതമായി ഉദാരവല്കരണത്തിന്റെയും സാമ്പത്തിക പരിഷ്കാരങ്ങളുടെയും പാളം തെറ്റിച്ചു.

1983ൽ തുടങ്ങി രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ആഭ്യന്തര യുദ്ധം 2009ൽ അവസാനിക്കുന്നത് തീവ്രമായ ഉദാരവൽക്കരണത്തിന്റെ അടുത്ത ഘട്ടത്തിന് തുടക്കമിട്ടുകൊണ്ടാണ്. ധനമേഖലയടക്കം സമ്പൂർണമായി വിദേശ മൂലധനത്തിന് തുറന്നു കൊടുത്തു .യുദ്ധാനന്തര രാഷ്ട്ര പുനർനിർമാണത്തിലെ വ്യാപാര സാധ്യതകൾ വിദേശ നിക്ഷേപകർ നന്നായി മുതലെടുത്തു. സോവേരിൻ(soverign) ബോണ്ടുകളിറക്കി വിദേശവായ്പകൾ കൂടിയ പലിശയ്ക്ക് വാങ്ങിക്കൂട്ടി. പിന്നീട് അത് വീട്ടാൻ പുതിയ സോവേരിൻ ബോണ്ടുകളിറക്കി. കെട്ടുകാഴ്ചകൾ കൊണ്ട് യാഥാർഥ്യങ്ങളെ മറയ്ക്കാനുള്ള ശ്രമമായി പിന്നീട്. വലിയ പലിശയ്ക്ക് വാങ്ങിയ മൂലധനവായ്പകൾ പലതും കൊളംബോ നഗരത്തെ മോടി പിടിപ്പിക്കുവാനും ടൂറിസം ലക്ഷ്യമാക്കിയുള്ള റിയൽ എസ്റ്റേറ്റ് വ്യാപാരത്തിലുമായിരുന്നു. ഇത്തരം ചിലവിടലിൽ പലതും നിക്ഷേപം തിരിച്ചു കിട്ടാത്തവയായി മാറി. കയറ്റുമതിയുന്മുഖ വികസനതന്ത്രങ്ങൾ പാടെ പാളി. രാജ്യം കടക്കെണിയിലേക്കു നീങ്ങി. കടം തരുന്ന വിദേശ ഏജസികൾ പറയുന്ന രീതിയിലുള്ള ഘടനാപരമായ പരിഷ്കാരങ്ങളായി പിന്നീട്. സാമൂഹികക്ഷേമപദ്ധതികളിൽ നിന്നും സർക്കാർ പിന്മാറിത്തുടങ്ങി. കാർഷികമേഖലയെ അവഗണിച്ചു. വൻകിട പദ്ധതികളിൽ ഊന്നിയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ തീവ്രമാക്കി. പക്ഷെ വൻകിട വികസനപദ്ധതികളിൽ ഊന്നിയുള്ള നയങ്ങൾക്കുള്ള ഏറ്റവും അടിസ്ഥാന പോരാഴിക അവയുടെ നേട്ടങ്ങൾ താഴെ തട്ടിലേക്ക് ഒരിക്കലും കിനിഞ്ഞിറങ്ങില്ല എന്നതാണ്. സമ്പന്നത ആടിത്തിമിർക്കുന്ന കടലോരങ്ങളും വിശ്രമസങ്കേതങ്ങളും ടൂറിസം കേന്ദ്രങ്ങളും ഒരു പിടി സമ്പന്നരുടെ ദുർമേദസുകൾ ഇറക്കിവെക്കാനുള്ള ഇടങ്ങളായി. വാർത്താമാധ്യമങ്ങളിലും ടെലിവിഷൻ ചാനലുകളിലും ഇത്തരം ചിത്രങ്ങൾ നിറഞ്ഞു. അടിത്തട്ടിലെ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ ആരും കണ്ടില്ല, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു.

കാർഷികമേഖല മുരടിപ്പിന്റെ പിടിയിലായി. ഇവിടെ നിലനിന്നിരുന്ന സബ്‌സിഡികൾ പലതും നിർത്തലാക്കി. ഭക്ഷ്യ കാര്യത്തിലെങ്കിലും സ്വയം പര്യാപ്തമാകുക രാജ്യം കൈവിട്ടു. കിഴക്കേഷ്യൻ രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ശ്രീലങ്കയെ മാറ്റിത്തീർക്കാൻ ഇറങ്ങിത്തിരിച്ചവർ രാജ്യത്തെ എങ്ങുമെത്തിക്കാത്ത അവസ്ഥയിലാക്കി. ജനകീയ അസംതൃപ്തി പൊട്ടിപ്പുറപ്പെടുന്നത് തടയാൻ കരി നിയമങ്ങൾ കൊണ്ടുവന്നു. തമിഴ് വംശജർക്കൊപ്പം മുസ്ലീങ്ങളും ശത്രുക്കളായി കാണേണ്ട അപരന്മാരായി ചിത്രീകരിക്കപ്പെട്ടു. സാമ്പത്തിക അരക്ഷിതാവസ്ഥയും സാമൂഹിക സംഘർഷങ്ങളും മറച്ചുവെയ്ക്കാൻ തീരനഗരങ്ങളിലെ സമൃദ്ധിയുടെ കെട്ടുകാഴ്ചകൾക്ക് അധികകാലം കഴിഞ്ഞില്ല. യുദ്ധാനന്തര വികസന കച്ചവടസാധ്യതകൾ മുതലെടുത്തു വിദേശമൂലധനം പിന്മാറുകയും, ഓഹരികമ്പോളത്തിൽ വന്നു കൂടിയ ഹ്രസ്വകാല നിക്ഷേപങ്ങൾ അതിന്റെ അസ്ഥിരസ്വഭാവം കാട്ടുകയുംകൂടി ചെയ്തതോടെ ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ തകർന്നു. ടൂറിസം വ്യവസായത്തിൽ അധിക ഊന്നൽ നൽകിയ രാജ്യത്തെ കോവിഡ് കാലം കൂടുതൽ പ്രതിസന്ധിയിലാക്കി. ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനം വരുന്ന ടൂറിസത്തിൽ നിന്നുള്ള വരവുകൂടി നിലച്ചത് വിദേശ പണലഭ്യതയെ കൂടുതൽ പരുങ്ങലിലാക്കി.

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാൻ എന്ന പേരിൽ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ രാസവള ഇറക്കുമതി നിരോധന നിയമത്തിന്റെ പിന്നിലുള്ള യഥാർത്ഥ ഉദ്ദേശം വളത്തിന്റെ ഇറക്കുമതിക്കായി ചെലവിടേണ്ടിവരുന്ന വിദേശ നാണയം ലാഭിക്കുക എന്നതായിരുന്നു. രാസവളം പൂർണമായും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ശ്രീലങ്ക.

ധനമൂലധനത്തിന് സർവവിധ സ്വാതന്ത്ര്യങ്ങളും അനുവദിച്ചു കൊടുത്താൽ എന്തായിത്തീരും ഒരു രാജ്യത്തിന്റെ സ്ഥിതിയെന്നു പഠിക്കാൻ ശ്രീലങ്ക നല്ല ഉദാഹരണമാണ്. രണ്ടാം ഉദാരവൽക്കരണത്തെതുടർന്ന് ശ്രീലങ്കൻ ഓഹരി വിപണിയിലേക്ക് പോർട്ട്‌ ഫോളിയോ മൂലധനത്തിന്റെ വലിയ കുത്തൊഴുക്ക് തന്നെയുണ്ടായി. അത് വരെയുണ്ടായിരുന്നതിന്റെ നാലുമടങ്ങ് ധനമൂലധനമാണ് ഓഹരി വിപണിയിൽ എത്തിയത്. എന്നാൽ പ്രതിസന്ധി മൂർച്ഛിച്ചതോടെ ഇത് വന്നപടി തിരിച്ചുപോയി. രാജ്യം വീണ്ടും കടക്കെണിയിലും നാണയ പ്രതിസന്ധിയിലുമായി.

മാറിമാറി വന്ന ശ്രീലങ്കൻ ഭരണകൂടങ്ങൾക്ക് എന്നും ഒരു പൊതു സ്വഭാവമുണ്ടായിരുന്നു .രാജ്യത്തെ കച്ചവട വ്യവസായ ലോബിയുടെ പ്രതിനിധികളായിരുന്നു അവർ .നടപ്പിലാക്കിയ നയങ്ങളെല്ലാം തന്നെ ആ വർഗതാല്പര്യങ്ങൾ സംരക്ഷിക്കുന്നവയായിരുന്നു. അതുകൊണ്ട്‌ ഈ പ്രതിസന്ധിയിൽ അവർ കൈക്കൊണ്ട പരിഹാരപ്രക്രിയകളും ഇത്തരത്തിലുള്ളവയായിരുന്നു. ജനരോഷത്തെ തടഞ്ഞുനിർത്താൻ എല്ലാ മാർഗങ്ങളും ഭരണകൂടം കാലാകാലങ്ങളിൽ ആരാഞ്ഞിരുന്നു. പ്ലാന്റേഷൻ മേഖലയിലെ ശക്തമായ കമ്മ്യൂണിസ്റ്റ് സ്വാധീനത്തെ ഇല്ലാതാക്കാൻ ആ മേഖലയിലെ വോട്ടവകാശം തന്നെ എടുത്തുകളഞ്ഞു. അമിതാധികാരവും കരിനിയമങ്ങളും ഭിന്നിപ്പിക്കൽ തന്ത്രങ്ങളും കൊണ്ട് ജനകീയ മുന്നേറ്റങ്ങളെയും പ്രതിഷേധത്തിന്റെ സ്വരങ്ങളെയും ഇല്ലായ്‌മ ചെയ്യുന്ന തന്ത്രങ്ങളാണ് ശ്രീലങ്കൻ സർക്കാരുകൾ പയറ്റുന്നത്. അത് പലപ്പോഴും അവിടെ വിജയം കൈവരിച്ചിട്ടുമുണ്ട്. ഇതിനെയാണ് ജനം ഇന്ന് തുടച്ചുനീക്കിയിരിക്കുന്നത്. ശ്രീലങ്കയിൽ ഇന്ന് പാറിപ്പറക്കുന്ന ചെങ്കൊടി കാട്ടിത്തരുന്നത് ജനം അടിസ്ഥാനപരമായ പുതിയ സാമ്പത്തിക രാഷ്ട്രീയ നയങ്ങൾ ആഗ്രഹിക്കുന്നു എന്നാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − eleven =

Most Popular