Saturday, October 26, 2024

ad

Homeരാജ്യങ്ങളിലൂടെവംശഹത്യയുടെ ഒരുവർഷം

വംശഹത്യയുടെ ഒരുവർഷം

ആര്യ ജിനദേവൻ

ലസ്‌തീൻ ജനതയ്‌ക്കുനേരെ ഇസ്രയേൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യക്ക്‌ ഒക്ടോബർ 7ന്‌ ഒരുവർക്ഷം തികഞ്ഞു. ഒരു ജനതയെയാകെ കൂട്ടക്കൊലയ്‌ക്കിരയാക്കി ആ രാജ്യത്തെത്തന്നെ ഇല്ലാതാക്കുവാൻ സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന പൈശാചിക കൃത്യത്തിനെതിരെ ഇക്കാലയളവിൽ ലോകത്താകെ വിവിധ രാജ്യങ്ങളിൽ വിവിധ വിഭാഗം ജനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഒട്ടേറെ പ്രതിഷേധങ്ങൾ നടന്നു. ഇടതുപക്ഷ‐പുരോഗമന സംഘടനകളുടെ നേതൃത്വത്തിൽ തൊഴിലാളികളും വിദ്യാർഥികളും കർഷകരും വിവിധ വിഭാഗം ജീവനക്കാരുമാകെ പലസ്‌തീൻ ഐക്യദാർഢ്യ പ്രക്ഷോഭവുമായി തെരുവിലിറങ്ങുകയുണ്ടായി. ബെഞ്ചമിൻ നെതന്യാഹു പലസ്‌തീൻ ജനതയോടും അവരുടെ രാജ്യത്തോടും ചെയ്യുന്ന ക്രൂരതയ്‌ക്കെതിരെ മാത്രമല്ല, ആ കൂട്ടക്കൊല നടത്തുന്ന ഇസ്രയേലിന്‌ പിന്തുണ നൽകുന്ന തങ്ങളുടെ രാജ്യങ്ങളിലെ ഗവൺമെന്റുകൾക്കെതിരെയും കൂടിയായിരുന്നു ഈ ദിവസങ്ങളിൽ ജനങ്ങൾ നടത്തിയ പ്രക്ഷോഭങ്ങൾ. ഈ വിഷയത്തിൽ അന്താരാഷ്‌ട്ര സംഘടനകളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനും അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വശക്തികളുടെ നിലപാടിനെ കുറേയൊക്കെ അവഗണിച്ച്‌ ഇസ്രയേലിനെതിരെ ഈ വിഷയത്തിൽ നിലപാടെടുക്കുവാൻ അന്താരാഷ്‌ട്ര സംഘടനകൾക്കുമേൽ സമ്മർദം ചെലുത്തുവാനും ഈ പ്രക്ഷോഭങ്ങൾക്കും റാലികൾക്കും കഴിഞ്ഞു. എന്നാൽ ഇതുകൊണ്ടൊന്നും പിന്മാറാൻ ഇസ്രയേലോ അമേരിക്കയോ തയ്യാറായില്ലായെന്നത്‌ മറ്റൊരു യാഥാർഥ്യം. പലസീതീനിൽ മാത്രമല്ല, ലെബനനിലേക്കും ഇറാനിലേക്കും യമനിലേക്കും അങ്ങനെ പശ്ചിമേഷ്യയാകെ ഈ വംശഹത്യ വ്യാപിപ്പിക്കുവാനും അതുവഴി ഈ മേഖലയിലെ കണക്കറ്റ സാമ്പത്തിക സ്രോതസ്സുകളാകെ കയ്യടക്കാനുമുള്ള നടപടികളാണ്‌ ഇസ്രയേലും അമേരിക്കയും നിലവിൽ നടത്തിവരുന്നത്‌.

മനുഷ്യരാശിക്കാകെ വെല്ലുവിളി ഉയർത്തിക്കൊണ്ട്‌ ഇസ്രയേൽ നടത്തുന്ന ഈ വംശഹത്യക്ക്‌ ഒരുവർഷം തികയുമ്പോൾ ലോകത്താകെയുള്ള ജനങ്ങൾ ഈ ക്രൂരതയെ അടയാളപ്പെടുത്തുകയുണ്ടായി; സാമ്രാജ്യത്വത്തിന്റെ കൊടുംക്രൂരതയെയും യുദ്ധോത്സുകതയെയും ചെറുക്കുന്ന പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിച്ചു. വംശഹത്യക്കിരയായി ജീവനും ജീവിതവും നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള ആയിരക്കണക്കിന്‌ മനുഷ്യരെ അനുസ്‌മരിച്ചു. അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലും ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിലും സിറിയയിലെ ദമാസ്‌ക്കസിലും നോർത്ത്‌ ആഫ്രിക്കയിലും മൊറോക്കോയിലും വെനസ്വേലയിലെ കാരക്കാസിലും ടുണീഷ്യയിലും അങ്ങനെ ലോകത്തെല്ലായിടത്തുമുള്ള മനുഷ്യർ ഈ വംശഹത്യയെ അപലപിക്കുകയും വിമോചിത പലസ്‌തീൻ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട്‌ അണിനിരക്കുകയും ചെയ്‌തു; കൊളോണിയലിസത്തിൽനിന്നും അധിനിവേശത്തിൽനിന്നും മുക്തമായൊരു ലോകം യാഥാർഥ്യമാകണമെന്ന അഭിലാഷമുയർത്തി.

ജനകീയ പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ പാർട്ടികളുടെയും ട്രേഡ്‌ യൂണിയനുകളുടെയും അന്താരാഷ്‌ട്ര വേദിയാണ്‌ ഇന്റർനാഷണൽ പീപ്പിൾസ്‌ അസംബ്ലി (ഐപിഎ). ലോകത്തുള്ള നിരവധി സംഘടനകൾ അംഗങ്ങളായിട്ടുള്ള ഐപിഎ പലസ്‌തീന്റെ വിമോ ചനത്തെ പിന്തുണച്ചുകൊണ്ട്‌ ഒക്ടോബർ 7ന്‌ ഐക്യദാർഢ്യ പ്രസ്താവന ഇറക്കുകയുണ്ടായി. പ്രാഥമികമായും അഞ്ച്‌ ഡിമാന്റുകളാണ്‌ ഐപിഎ ഉയർത്തിയത്‌. അതായത്‌
1) വെടിനിർത്തൽ
2) ഗാസയ്‌ക്കുമേൽ ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുക
3) അധിനിവേശ പ്രദേശങ്ങൾ പലസ്‌തീനിലെ ജനങ്ങൾക്കു തിരിച്ചുനൽകുക
4) പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുക
5) പശ്ചിമേഷ്യയ്‌ക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾക്ക്‌ അന്ത്യം കുറിക്കുക
അതിക്രൂരമായ ഈ നരഹത്യക്കെതിരായി അതിന്‌ ഒരുവർഷം പൂർത്തിയാവുന്ന വേളയിൽ വിവിധ രാജ്യങ്ങളിലെ ജനങ്ങൾ നടത്തുന്ന ഈ ചെറുത്തുനിൽപ്‌, അഥവാ ഐക്യദാർഢ്യ പ്രക്ഷോഭം ഭൂമിയിലാകമാനം സാമ്രാജ്യത്വവിരുദ്ധ നിലപാടുള്ള ‘സാർവദേശീയത’യുടേതായ ഒരു അന്തരീക്ഷം കൂടുതൽ പ്രബലമാക്കുന്നുണ്ട്‌.

ലാറ്റിനമേരിക്ക
വെനസ്വേലയിലെ കാരക്കാസിൽ ഒക്ടോബർ 5ന്‌ വന്പിച്ച പ്രതിഷേധപ്രകടനമാണ്‌ ഈ വംശഹത്യക്കെതിരെ നടന്നത്‌. ‘വിവ പലസ്‌തീൻ ലിബ്ര’, ‘മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യത്തിന്‌ നെതന്യാഹുവിനെ തുറങ്കിലടയ്‌ക്കുക’ എന്നീ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളുമായി ജനങ്ങൾ കാരക്കാസിൽ അണിനിരന്നു; വെടിനിർത്തൽ നടപ്പാക്കണമെന്ന്‌ ആഹ്വാനം ചെയ്‌തു; പലസ്‌തീൻ പ്രദേശത്തെ ഇസ്രയേൽ അധിനിവേശത്തിന്റെ നീണ്ട ചരിത്രത്തെ അടയാളപ്പെടുത്തിക്കൊണ്ട്‌ ‘വംശഹത്യയുടെ 76 വർഷങ്ങൾ’ എന്ന മുദ്രാവാക്യമുയർത്തിയ പ്രതിഷേധക്കാർ എത്രയും പെട്ടെന്നുതന്നെ ഈ നരഹത്യ അവസാനിപ്പിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തു.

ബൊളിവേറിയൻ അലയൻസ്‌ ഫോർ ദ പീപ്പിൾസ്‌ ഓഫ്‌ ഔർ അമേരിക്ക‐ പീപ്പിൾസ്‌ ട്രേഡ്‌ എഗ്രിമെന്റ്‌ (ALBA‐TCP)- എന്ന സംഘടന ഒക്ടോബർ 7ന്‌ ‘‘പലസ്‌തീന്‌ ഐക്യദാർഢ്യവുമായി ഫാസിസ്റ്റ്‌ വിരുദ്ധ സയണിസ്റ്റുവിരുദ്ധ സാംസ്‌കാരിക ഫോറം’ എന്ന പേരിൽ ഒരു പരിപാടിതന്നെ സംഘടിപ്പിച്ചു.

കൊളംബിയയിലെ ബൊഗോട്ടയിൽ, നൂറുകണക്കിനാളുകളാണ്‌ പലസ്‌തീന്റെയും ലബനന്റെയും എംബസികളിലേക്ക്‌ ഐക്യദാർഢ്യം രേഖപ്പെടുത്തിക്കൊണ്ട്‌ മാർച്ച്‌ ചെയ്‌തത്‌. മാത്രമല്ല, ഈ വംശഹത്യയിലെ അമേരിക്കയുടെ പങ്കിനെ അപലപിച്ചുകൊണ്ട്‌ അവർ യുഎസ്‌ എംബസിയിലേക്കും മാർച്ച്‌ ചെയ്‌തു.

ഇവിടങ്ങളിൽ മാത്രമല്ല, ഏതാണ്ടെല്ലാ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും പ്രകടനങ്ങളും ഐക്യദാർഢ്യ സദസ്സുകളും ഈ പശ്ചാത്തലത്തിൽ നടക്കുകയുണ്ടായി. ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോ, പ്യൂർട്ടോ, റിക്കോയുടെ തലസ്ഥാനമായ സാൻഹുവാൻ, ചിലിയുടെ തലസ്ഥാനമായ സാൻറിയാഗോ, ബ്രസിൽ തലസ്ഥാനമായ സാവോ പോളോ, അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ്‌ അയേഴ്‌സ്‌ എന്നിവിടങ്ങളിലെല്ലാം ഈ കൊടുംക്രൂതയ്‌ക്ക്‌ അന്ത്യംകുറിക്കണമെന്നും പലസ്‌തീനെ വിമോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ ജനങ്ങൾ തെരുവിൽ അണിനിരന്നു.

ഏഷ്യൻ രാജ്യങ്ങളിലും ജനങ്ങൾ അണിനിരന്നു
ഇസ്രയേൽ പലസ്‌തീനിൽ നടത്തുന്ന വംശഹത്യക്കെതിരായി തെക്കേ ഏഷ്യയിലും കിഴക്കനേഷ്യയിലും ആയിരങ്ങളാണ്‌ അണിനിരന്നത്‌. ഇന്ത്യയിൽ തലസ്ഥാനമായ ഡൽഹി നഗരത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ച കമ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ മാർക്‌സിസ്റ്റിന്റെ ദേശീയ കോ‐ഓർഡിനേറ്ററായ പ്രകാശ്‌ കാരാട്ട്‌ ഗാസയിൽ അടിയന്തിര വെടിനിർത്തൽ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു; ഈ വംശഹത്യയുടെയും യുദ്ധ കുറ്റകൃത്യങ്ങളുടെയും ഉത്തരവാദിത്തം ഇസ്രായേലിനും അമേരിക്കൻ സാമ്രാജ്യത്വത്തിനുമാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പംതന്നെ ഇസ്രയേലിന്‌ ആയുധങ്ങൾ വിതരണംചെയ്യുന്ന ഇന്ത്യൻ ഗവൺമെന്റ്‌ വംശഹത്യക്കു കൂട്ടുനിൽക്കുകയാണെന്നും പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളിൽ പലസ്‌തീനിലെ അധിനിവേശ പ്രദേശങ്ങളിൽനിന്നും ഇസ്രയേൽ പിൻവലിയണമെന്നാവശ്യപ്പെട്ട പ്രമേയത്തിൽ ഒപ്പുവെക്കാതെ ഇന്ത്യ വിട്ടുനിന്നതിനെയും കാരാട്ട്‌ അപലപിച്ചു. കാലങ്ങളായി ഇന്ത്യ പുലർത്തിപ്പോന്ന കൊളോണിയൽ വിരുദ്ധത പലസ്‌തീൻ അനുകൂല നിലപാടിന്റെ പൈതൃകത്തെ ഇത്തരത്തിൽ വഞ്ചിക്കരുതെന്ന്‌ ഇന്ത്യ സർക്കാരിനോട്‌ ആവശ്യപ്പെട്ടു. സിപിഐ എം, സിപിഐ, കമ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ (മാർക്‌സിസ്റ്റ്‌‐ലെനിനിസ്റ്റ്‌) ലിബറേഷൻ തുടങ്ങിയുള്ള ഇടതുപക്ഷ പാർട്ടികൾ ചേർന്ന്‌ പലസ്‌തീന്‌ ഐക്യദാർഢ്യം നേർന്നുകൊണ്ടും ഇന്ത്യൻ ഗവൺമെന്റിന്റെ ഇസ്രയേൽ അനുകൂല നിലപാടിനെതിരെയും ഒക്ടോബർ 7ന്‌ ദേശവ്യാപക പ്രതിഷേധം നടത്താൻ ആഹ്വാനം ചെയ്യുകയും ചെയ്‌തു. തമിഴ്‌നാട്‌, ജമ്മു കാശ്‌മീർ, പശ്ചിമബംഗാൾ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ഇതുപ്രകാരം പ്രതിഷേധം നടക്കുകയുണ്ടായി.

ഒക്ടോബർ 6, 7 തീയതികളിൽ പലസ്‌തീന്‌ ഐക്യദാർഢ്യം നേർന്നുകൊണ്ട്‌ പാകിസ്താനിലെ കറാച്ചിയിലുള്ള ഷയിറ ഫൈസൽ, തീൻ തലവാർ പ്രദേശങ്ങളിൽ വന്പിച്ച റാലികൾ നടക്കുകയുണ്ടായി. നിരവധി രാഷ്‌ട്രീയ പാർട്ടികളും ഔറത്ത്‌ മാർച്ച്‌, പ്രോഗ്രസീവ്‌ സ്റ്റുഡന്റ്‌സ്‌ കളക്ടീവ്‌ തുടങ്ങിയ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങളും ചേർന്നാണ്‌ പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്‌തത്‌. ഷയിറ ഫൈസലിൽ നടന്ന റാലിയിൽ ജമാ അത്തെ ഇസ്ലാമിയും പാകിസ്താൻ പീപ്പിൾസ്‌ പാർട്ടിയുമടക്കമുള്ള വ്യത്യസ്‌ത രാഷ്‌ട്രീയ പാർട്ടികളും പങ്കെടുത്തു.

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ ഇന്റർനാഷണൽ സ്‌ട്രാറ്റജി സെന്റർ അടക്കം വരുന്ന ഇരുനൂറിലേറെ സംഘടനകൾ ചേർന്ന്‌ ഒക്ടോബർ 5ന്‌ വന്പിച്ച റാലിയാണ്‌ നടത്തിയത്‌. വംശഹത്യ അടിയന്തരമായി അവസാനിപ്പിക്കണമെന്നും പലസ്‌തീനെ വിമോചിപ്പിക്കണമെന്നും ദക്ഷിണ കൊറിയയിലെ ഈ റാലി ആവശ്യപ്പെട്ടു.

ഉത്തരാഫ്രിക്കൻ രാജ്യങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലും അറബ്‌ മേഖലയിലും ഒക്ടോബർ 7ന്‌ വന്പിച്ച പ്രകടനങ്ങളാണ്‌ നടന്നത്‌. ഉത്തരാഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ, കൂട്ടക്കൊലകൾ നടത്തി ഒരു രാജ്യത്തിന്റെ സ്വത്വത്തെത്തന്നെ ഇല്ലാതാക്കി, പശ്ചിമേഷ്യൻ പ്രദേശത്താകെ ഭീതി പടർത്തുന്ന ഇസ്രയേലുമായുള്ള മൊറോക്കോ ഗവൺമെന്റിന്റെ ബന്ധത്തിനെതിരെയും അതിനെ സാധാരണവത്‌കരിക്കുന്നതിനെതിരെയും നാഷണൽ യുണിയൻ ഓഫ്‌ മൊറോക്കൻ സ്റ്റുഡൻസ്‌ സർവകലാശാലകളിലുടനീളം രാജ്യവ്യാപക പണിമുടക്ക്‌ പ്രഖ്യാപിച്ചു. ഒക്ടോബർ 6ന്‌ മൊറോക്കോയിലെ റബാത്തിലുള്ള സെന്റർ സ്‌ക്വയറിൽ അണിനിരന്ന ആയിരങ്ങൾ ഉയർത്തിപ്പിടിച്ചത്‌ ഇസ്രയേലിനെതിരായ ചെറുത്തുനിൽപ്പുയർത്തുന്നതിനിടെ കൊല്ലപ്പെട്ട ഇസ്‌മയിൽ ഹനിയയുടെയും ഹസ്സൻ നസറുള്ളയുടെയും ചിത്രങ്ങളായിരുന്നു. ഒക്ടോബർ 7 ടിത്തോവനിൽ അണിനിരന്ന ജനങ്ങൾ ലെബനീസ്‌ പതാകയും പലസ്‌തീൻ പതാകയുമേന്തിയിരുന്നു.

അതുപോലെതന്നെ ഒക്ടോബർ ഒന്പതിന്‌ ടുണീഷ്യയലിലെ സൂസിൽ വന്പിച്ച പ്രകടനമാണ്‌ നടന്നത്‌. വെടിനിർത്തൽ അടിയന്തരമായി നടപ്പാക്കണമെന്ന്‌ ആവശ്യമുയർത്തിയ പ്രകടനത്തിൽ പലസ്‌തീന്‌ എല്ലാവിധ പിന്തുണയും രേഖപ്പെടുത്തി.

പശ്ചിമേഷ്യയിൽ ഈ ഘട്ടത്തിൽ നടക്കുന്ന പ്രതിഷേധത്തെ ഒരുവർഷം തികഞ്ഞതുമായി ബന്ധപ്പെട്ട്‌ മാത്രം കാണാനാവില്ല. അങ്ങനെ കാണുന്നത്‌ ശരിയുമല്ല. കാരണം ഭീതിയുടെ മുൾമുനയിൽ നിൽക്കുന്ന പശ്ചിമേഷ്യയിൽ ഏതാണ്ടെല്ലാ രാജ്യങ്ങളും ഇസ്രയേലിന്റെയും അമേരിക്കയുടെയും അധിനിവേശത്തിനും പശ്ചിമേഷ്യൻ രാജ്യങ്ങളെയാകെ ഇല്ലാതാക്കി അവിടുത്തെ ഖനികളടക്കമുള്ള ഭൂസ്വത്താകെ കയ്യടക്കാനുള്ള സാമ്രാജ്യത്വത്തിന്റെ ഗൂഢലക്ഷ്യത്തെ ചെറുക്കുന്നവയാണ്‌. അവർ നിരന്തരം അതിജീവനത്തിനും നിലനിൽപ്പിനുമായുള്ള പോരാട്ടത്തിലാണ്‌. എങ്കിലും ഒക്ടോബർ 7ന്‌ ജോർദാനിലെ അമ്മാനിൽ വിദ്യാർഥികൾ നടത്തിയ പ്രകടനത്തെയും സിറിയയിലെ ദമാസ്‌കസിൽ പലസ്‌തീൻ പതാകകളുമേന്തി ജനങ്ങൾ നടത്തിയ പ്രകടനത്തെയും ഇക്കൂട്ടത്തിൽ പെടുത്താവുന്നതാണ്‌.

ഈ കഴിഞ്ഞ ഒരു വർഷം കൊണ്ട് ഗാസയിൽ ഇസ്രായേൽ നടത്തിയ വംശഹത്യാപരമായ കടന്നാക്രമണത്തിൽ കൊല്ലപ്പെട്ടത് 41000ത്തിലധികം മനുഷ്യരാണ്. അതിൽ ഏതാണ്ട് 17000ത്തോളം പേർ കുഞ്ഞുങ്ങളും 11000 ത്തിലധികം പേർ സ്ത്രീകളുമാണ്. കൊല്ലപ്പെട്ടവരുടെ ഈ വലിയ സംഖ്യക്ക് പുറമേ 96000 ത്തിലധികം മനുഷ്യർക്ക് സാരമായി പരിക്കേറ്റു. 10000 ത്തോളം പേർ ഇന്നും ഇസ്രായേൽ ബോംബിട്ടും മറ്റും തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തപ്പെടാതെ കിടക്കുന്നു.

ഇത്തരത്തിൽ ലോകത്തെ വിവിധ ഭൂഖണ്ഡങ്ങളിൽ, നിരവധി രാജ്യങ്ങളിൽ പലസ്‌തീന്റെ അതിജീവനത്തിനും നിലവിൽപ്പിനും വേണ്ടി ഇസ്രയേലിന്റെ യുദ്ധോത്സുകതയും കൊടുംക്രൂരതയ്‌ക്കുമെതിരായി, സാമ്രാജ്യത്വം ഇസ്രയേലിന്‌ നൽകുന്ന പിന്തുണയ്‌ക്കെതിരായി, തങ്ങളുടെതന്നെ രാജ്യങ്ങളിലെ ഗവൺമെന്റുകൾ ഇസ്രയേലിനും നൽകുന്ന പിന്തുണയ്‌ക്കും ആയുധ‐സാന്പത്തിക സഹായത്തിനുമെതിരായി വിവിധ ജനവിഭാഗങ്ങൾ ഒക്ടോബറിൽ അണിനിരന്നു. തുടർന്നും ഇത്തരം പ്രതിഷേധ പ്രക്ഷോഭങ്ങളും ഐക്യദാർഢ്യ സദസ്സുകളിൽ കൂടുതൽ ഉയർന്നുവരുമെന്നതുറപ്പാണ്‌. l

# Solidarity for Palestine
# Immediate ceasefire
# Stop Israel genocide
# Peace for West Asia

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × four =

Most Popular