പലസ്തീനിൽ സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക് 2024 ഒക്ടോബർ 7ന് ഒരുവർഷം പൂർത്തിയായിക്കഴിഞ്ഞ ഘട്ടത്തിൽ പുറത്തുവന്നിട്ടുള്ള ഒരു റിപ്പോർട്ട് വളരെ നിർണായകമായതാണ്. ബ്രൗൺസ് യൂണിവേഴ്‌സിറ്റിയുടെ Costs of war projects ഒക്ടോബർ 7നു പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് 2023 ഒക്ടോബർ 7 മുതൽ 1790 കോടി ഡോളറിന്റെ സൈനികസഹായമാണ് അമേരിക്ക ഇസ്രയേലിന് നൽകിയത് എന്നാണ്. ഒരു കൊല്ലംകൊണ്ട് ഇസ്രയേലിന് അമേരിക്ക നൽകിയ സൈനികസഹായത്തിലെ ഏറ്റവുമുയർന്ന തുകയാണിത്. 2023 ഒക്ടോബർ 7 മുതൽ 2024 സെപ്‌തംബർ 30 വരെ നൽകിയ തുകയുടെ കണക്കെടുപ്പാണ് ബ്രൗൺസ് സർവകലാശാല നടത്തിയത്. അതായത് സെപ്‌തംബർ മാസത്തിൽ ലബനനടക്കമുള്ള അയൽരാജ്യങ്ങളിലേക്കു കൂടി ഇസ്രയേൽ വംശഹത്യ വ്യാപിപ്പിക്കുമ്പോഴും അമേരിക്ക സഹായിച്ചുകൊണ്ടേയിരുന്നു, ഇപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്നു എന്നർഥം. ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയിലെ അമേരിക്കയുടെ പങ്ക് വ്യക്തമാക്കുന്നതാണ് ഈ സൈനികസഹായത്തിന്റെ കണക്ക് കാണിക്കുന്നത്.
അമേരിക്കയുടെ സാന്പത്തിക‐ആയുധസഹായവും രാഷ്‌ട്രീയ പിന്തുണയുമില്ലാതെ ഇസ്രയേലിന് ഇങ്ങനെയൊരു വംശഹത്യ നടത്താനാവില്ല. അമേരിക്കയിലെ ജനങ്ങൾ ഇസ്രയേലിന് ആയുധം വിതരണം ചെയ്യുന്നത് നിർത്തണമെന്നും ആയുധ ഉപരോധം ഏർപ്പെടുത്തണമെന്നം ആവശ്യപ്പെട്ടിട്ടും അമേരിക്കയിലെ രാഷ്‌ട്രീയ വർഗം ഇസ്രയേലിന് പരിപൂർണ പിന്തുണ നൽകുന്നു. പലസ്‌തീനിൽനിന്ന് ലെബനനിലേക്കും മറ്റു രാജ്യങ്ങളിലേക്കും വംശഹത്യ വ്യാപിപ്പിച്ച ഇസ്രയേലിന് അമേരിക്കയുടെ പിന്തുണയില്ലാതെ അത് ചെയ്യാൻ കഴിയില്ല. അതായത്, ഹിസ്‌ബുള്ള നേതാവ് ഹസ്സൻ നസറുള്ളയെയടക്കം ബെയ്‌റൂത്തിലെ ആയിരക്കണക്കിന് മനുഷ്യരെ ഇസ്രയേൽ കൊന്നൊടുക്കിയത് അമേരിക്ക നൽകിയ ആയിരക്കണക്കിന് 2000‐ പൗണ്ട് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ്.
1790 കോടി ഡോളർ എന്നത് ഒരു ചെറിയ തുകയല്ല. എന്നാൽ ഇത്രയധികം തുക ഒരുവർഷംകൊണ്ട് അമേരിക്ക ഇസ്രയേലിന് നൽകുന്നത് ഒരു പ്രദേശത്തെ മനുഷ്യരെ കൂട്ടക്കൊല ചെയ്യാനും മനുഷ്യരാശിക്കാകെ നാശം വിതയ്‌ക്കാനുമാണ്. കുറ്റവാളി ഇസ്രയേൽ മാത്രമല്ല, അമേരിക്കയും സാമ്രാജ്യത്വവുമാണ്. അതുകൊണ്ടുതന്നെയാണ് ലോകത്താകമാനം ഇത്രയേറെ പ്രതിഷേധ പ്രക്ഷോഭങ്ങൾ നടന്നിട്ടും അന്ത്യമില്ലാതെ വംശഹത്യ ഇപ്പോഴും തുടരുന്നത്. l