Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിചെെനീസ് സോഷ്യലിസത്തിന്റെ 75 വർഷങ്ങൾ

ചെെനീസ് സോഷ്യലിസത്തിന്റെ 75 വർഷങ്ങൾ

ആൻഡ്രു മുറെ

ചെെനീസ് സോഷ്യലിസത്തിന്റെ 75 വർഷങ്ങൾ

1949ൽ നോർത്ത് ലണ്ടനിലെ സെന്റ് പാൻക്രസിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. ഒരു പക്ഷേ അതൊരു കെട്ടുകഥയാകാം. ആ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ഒരു സ്ഥാനാർഥിയെ നിർത്തി. ശീതയുദ്ധം വഷളായിക്കൊണ്ടിരുന്ന പശ്ചാത്തലത്തിൽ നടന്ന ആ തിരഞ്ഞെടുപ്പിൽ വളരെ തുച്ഛമായ വോട്ടേ പാർട്ടിക്ക് നേടാനായുള്ളൂ.

തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പതിറ്റാണ്ടുകളായി ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിലുള്ള സൗമ്യനായ സ്കോട്ട്ലൻഡുകാരൻ ജോണി കാംബെൽ പ്രാദേശികമായി അണിനിരക്കാൻ തന്റെ സഖാക്കൾക്ക് സന്ദേശം നൽകി. നിരാശരായ തന്റെ സഖാക്കളെ നോക്കി, അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: ‘‘ശരിയാണ്, സെന്റ് പാൻക്രസിൽ നമ്മൾ വിചാരിച്ചപോലെ കാര്യങ്ങൾ നടന്നില്ല…പക്ഷേ ചെെനയിൽ നമ്മൾ വിജയിച്ചു!’’. ചെെനീസ് വിപ്ലവത്തിന്റെ പ്രാധാന്യമാണ് ഇതിലൂടെ ഉയർത്തിക്കാട്ടപ്പെട്ടത്.

അനേകമാളുകളെ സംബന്ധിച്ച് ചെെനീസ് വിപ്ലവത്തിന്റെ അടിയന്തരപ്രാധാന്യമതായിരുന്നു. ലോകമൊട്ടുക്കുള്ള ദശലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റ് അനുഭാവികളെയും അതോടൊപ്പം കോളനികളിലെയും അർധകോളനികളിലെയും അടിച്ചമർത്തപ്പെട്ട ജനസമൂഹത്തെയും സംബന്ധിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചെെന (സിപിസി)യുടെയും പാർട്ടിയുടെ നേതൃത്വത്തിലുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും വിജയം ലോക സോഷ്യലിസ്റ്റ് വിപ്ലവപ്രക്രിയയിൽ മഹത്തായ വമ്പിച്ച മുന്നേറ്റമായിരുന്നു.

ചെെനീസ് വിപ്ലവത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അന്നത്തെ കാലത്തുണ്ടായ ഒരു വിലയിരുത്തലായിരുന്നു ഇത്. ഒരുപക്ഷേ ഇന്നത് പഴഞ്ചനായി തോന്നിയേക്കാം. 1971ൽ ഷൗ എൻലായിയുടെ വ്യക്തിവെെഭവവുമായി ബന്ധപ്പെട്ട് പറഞ്ഞതാകാം. ഇക്കാര്യത്തെ സംബന്ധിച്ചുള്ള ഒരു കടങ്കഥയുമാകാം അത‍-്-. ഫ്രഞ്ചുവിപ്ലവത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് പ്രഖ്യാപിക്കുന്നത് അകാലികമാകാം. (യഥാർഥത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നത് 1968ലെ സംഭവപരമ്പരകളെകുറിച്ചാകാം. അതായിരിക്കും യുക്തിക്കുനിരക്കുന്നത്).

അതുപോലെ ചെെനയിലെ മഹത്തായ വിപ്ലവത്തിന്റെ 75–ാം വർഷത്തിൽ അതിന്റെ പ്രാധാന്യത്തെപ്പറ്റി വിധിയെഴുത്ത് നടത്തുന്നത് താൽക്കാലികമായിരിക്കണം. 75 വർഷമെന്നത് അത്ര ദെെർഘ്യമേറിയതല്ല. ഈ കാലദെെർഘ്യത്തെ ഒരു ജീവിതായുസ് മാത്രമെന്ന് ഞങ്ങൾ പറയും. ഇത് പ്രസക്തമായ ഒരു കാര്യം നമുക്കു മുന്നിലേക്ക് കൊണ്ടുവരുന്നു. അതിതാണ്, ഇന്ന് ചെെനയിൽ ജനിക്കുന്ന ഒരാൾക്ക് മൂന്നുവർഷം കൂടി അധികം ജീവിക്കാം. അതായത് 78 വയസ്സുവരെ ആയുസ് പ്രതീക്ഷിക്കാം. 1949 വരെ അവർക്ക് 44–ാം ജന്മദിനം ആഘോഷിക്കാമെന്ന പ്രതീക്ഷ പോലുമുണ്ടായിരുന്നില്ല.

ഒരൊറ്റ സ്ഥിതിവിവരക്കണക്കിന്റെ പ്രാധാന്യം, ഒരു പക്ഷേ എല്ലാത്തിലും വച്ച് ഏറ്റവും പ്രധാനപ്പെട്ടത് എടുത്തുപറയേണ്ടതുണ്ട്. സ്റ്റാർ സ്ട്രൈക്കിലും പീപ്പിൾസ് ചെെനയിലും വി സ്പോക്ക് നിർദേശിച്ചതുപോലെ, ‘‘ദീർഘകാലം അഭിവൃദ്ധിയോടെ ജീവിക്കുക’’ എന്നത് ചെെന വൾക്കൻ സാഹചര്യത്തിലും ഭംഗിയായി നിറവേറ്റി. ഇന്ന്, നൂറുകോടിയിലേറെ ജനങ്ങൾ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തവിധം ദീർഘകാലം അഭിവൃദ്ധിയോടെ ജീവിക്കുന്നു.

ജനകീയ ചെെന റിപ്പബ്ലിക്കിന്റെ പ്രാധാന്യം, വ്യതിരിക്തവും എന്നാൽ സൂക്ഷ്മമായി കെട്ടുപിണഞ്ഞുകിടക്കുന്നതുമായ മൂന്ന് അച്ചുതണ്ടിലൂടെയാണ് മുന്നോട്ടുപോകുന്നത്. ആദ്യത്തേത്, ചെെന സ്വന്തം കാലിൽ നിൽക്കുക’’ എന്നതാണ്. അതായത് പല തരത്തിലുള്ള സാമ്രാജ്യത്വങ്ങളാൽ അംഗഭാഗം വരുത്തപ്പെട്ട ഇര എന്നതിൽ നിന്നും, സാമൂഹ്യപുരോഗതിയുടെ ലോകനിലവാരത്തിൽ നിന്നുള്ള പിന്നോട്ടുപോക്കിൽനിന്നും ലോകത്തെ ഏറ്റവും വലിയ ദേശീയ സമ്പദ്-വ്യവസ്ഥയുള്ള പ്രതാപശക്തിയായി മാറുക എന്നതാണ്.

ബ്രിട്ടീഷുകാർ ചെെനയ്ക്കുമേൽ അടിച്ചേൽപ്പിച്ച, 19–ാം നൂറ്റാണ്ടോടുകൂടി ആരംഭിച്ച കറുപ്പ് യുദ്ധങ്ങളെത്തുടർന്നുള്ള ദശകങ്ങളിൽ പാശ്ചാത്യരാജ്യങ്ങൾക്കനുകൂലമായി സാമ്പത്തികശക്തിയിലും അഭിവൃദ്ധിയിലും ഉണ്ടാക്കിയ മഹാവിടവ് എന്നു വിളിക്കപ്പെട്ട പ്രതിഭാസത്തെ മാറ്റിമറിച്ചു. ഇതാണ് ചെെനയുടെ വികസന അച്ചുതണ്ട്.

രണ്ടാമതായി, ഇത് രണ്ട് നൂറ്റാണ്ടുകളുടെ ചരിത്രത്തിൽ ഉടനീളം ആധിപത്യം പുലർത്തിയിരുന്ന പശ്ചിമയൂറോപ്യൻ/വടക്കേ അമേരിക്കൻ കൂട്ടായ്മയിൽ നിന്നും ഇന്ന് നമ്മൾ ആഗോള തെക്കൻ മേഖല എന്നുവിളിക്കുന്ന ഭാഗത്തേക്കുള്ള ഒരു ആഗോളചുവടുമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്നു എന്നതാണ്. അമേരിക്കയും അതിന്റെ സഖ്യകക്ഷികളും ഭരണകൂടതലത്തിൽ പ്രയോഗിക്കുന്ന കുത്തകവൽക്കരിക്കപ്പെട്ട ആഗോള അതിക്രമത്തെ അത് ചോദ്യം ചെയ്യുന്നു. ഇതാണ് ജനാധിപത്യപരവും യഥാർഥത്തിൽ സാമ്രാജ്യത്വവിരുദ്ധവുമായ അച്ചുതണ്ട്.

മൂന്നാമതായി, സോഷ്യലിസ്റ്റ് ആഭിമുഖ്യം നിലനിർത്തുന്നതിലൂടെ, ആ ദിശയിലെ മറ്റ് പുരോഗതികൾ അടിപതറിയതിനുശേഷവും അത് ലോകത്ത് ബഹുവിധമായ വ്യവസ്ഥാപരമായ തെരഞ്ഞെടുക്കലുകളുടെ സാധ്യത തുറന്നിടുകയും ആശയപരമായ ഏകധ്രുവതയെക്കുറിച്ചുള്ള വാഷിങ്ടണിന്റെ സ്വപ്നങ്ങളെ തകർക്കുകയും സോഷ്യലിസംതന്നെ ചരിത്രത്തിന്റെ നിഴലിലേക്കു തള്ളിവീഴ്ത്തപ്പെടുന്നതിനെ തടയുകയും ചെയ്യുന്നു. സോഷ്യലിസംകൊണ്ട് എന്താണ് അർഥമാക്കുന്നതെന്ന് അത് പുനർസങ്കൽപനം നടത്തുകപോലും ചെയ്യുന്നു. (എല്ലായ്-പ്പോഴും വിപ്ലവപ്രസ്ഥാനങ്ങൾ ചെയ്തത്- അതാണ്). ഇതാണ് ചെെനയുടെ സോഷ്യലിസ്റ്റ് അച്ചുതണ്ട്. ഒരു പക്ഷേ ഇത് ഇടതുപക്ഷവുമായി കൂടുതൽ അടുത്തുനിൽക്കുന്നത് ഇതായിരിക്കാം.

1949നുശേഷം, ചെെനീസ് ഭരണകൂടത്തിന്റെ വിദേശനയങ്ങൾ അനേകം പരിഷ്കാരങ്ങളിലൂടെ കടന്നുപോവുകയുണ്ടായി. തുടക്കത്തിൽ അത് സോവിയറ്റ് യൂണിയനുമായി വളരെ അടുത്ത സഖ്യമുണ്ടാക്കി. അമേരിക്കയോട് പൊരുതി. കൊറിയയുടെ കാര്യത്തിൽ നിശ്ചലാവസ്ഥയിലെത്തിച്ചു. ലോക കമ്യൂണിസ്റ്റ് മുന്നേറ്റത്തിൽ മുഖ്യ പങ്കുവഹിക്കവെ തന്നെ കൊളോണിയൽ ഭരണത്തിൽ നിന്ന് പുറത്തുകടന്ന രാജ്യങ്ങളെ ഒരു പൊതുമുന്നണിയിലേക്ക് അണിനിരത്താൻ ശ്രമിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകി. ചുരുക്കിപ്പറഞ്ഞാൽ, 1949ൽ ജോണി കാംബെൽ പ്രതീക്ഷിച്ചതെന്തായിരുന്നോ അതുപോലെ ചെെന പെരുമാറി.

1960കളുടെ തുടക്കത്തിൽ ചെെനയും സോവിയറ്റ് യൂണിയനും തമ്മിൽ വേർപിരിഞ്ഞു. അവർ തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ സംവാദങ്ങളെ ക്രോഡീകരിച്ച് അഭിപ്രായ ഭിന്നതകളുടെ ഒരു പരമ്പര തന്നെ അവർ അവതരിപ്പിച്ചു. ഇപ്പോൾ അതിന് ചരിത്രപരമായ പ്രസക്തിയല്ലാതെ മറ്റ് പ്രാധാന്യമൊന്നുമില്ല. എന്നിരുന്നാലും സോവിയറ്റ് യൂണിയനെതിരായ എല്ലാ പൊട്ടിത്തെറികളും അത് കെെക്കൊണ്ട നടപടികളും അതിന്റെ തന്നെ തകർച്ചയ്ക്കിടയാക്കുമെന്നത് സിപിസി നേതൃത്വം മുൻകൂട്ടിക്കണ്ടില്ല. മാത്രമവുമല്ല വിപണിശക്തികൾക്ക് വാതായനങ്ങൾ തുറന്നുകൊടുത്ത സോവിയറ്റ് ശക്തികളുടെ 1992ലെ അന്ത്യത്തിന്റെ തുടർച്ചയെന്നോണം ദെങ് സിയാവൊപിങ് ലോക കമ്പോള ശക്തികളുമായി ആഴത്തിൽ കെെകോർക്കാൻ മുൻകെെയെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തെ ഇപ്പോൾ അവഗണിക്കാനാവില്ല.

എല്ലാ വിഷയങ്ങളും പ്രകടമായും അമേരിക്കയുടെ പിടിയിൽ അന്തിമതീരുമാനം എടുക്കുന്നതിനായി ‘‘ഏകധ്രുവ പശ്ചാത്തല’’ത്തിൽ നിൽക്കുന്നതുകൊണ്ടുതന്നെ ലോകവേദിയിലെ ബന്ധപ്പെട്ട എല്ലാത്തിനെയും ഈ സംഭവം നീക്കുപോക്കുകൾക്ക് നിർബന്ധിതരാക്കി. ആ ‘‘പശ്ചാത്തലം’’ മേൽപറഞ്ഞതിനെയെല്ലാം ഓർമിപ്പിക്കുന്നത്, ഇടങ്കോലിടലിന്റെ അവസാനിക്കാത്ത ഒരു യുദ്ധകാലമെന്ന നിലയിലാണ്. ജനകീയ ചെെന റിപ്പബ്ലിക്കിന്റെ ആഗോള പ്രാധാന്യം, അത് ഇവയിലൊന്നും പങ്കെടുക്കുന്നില്ലയെന്നതും സമാധാനപരമായ ചർച്ചയ്ക്കാണ് എല്ലായ്-പ്പോഴും മുൻഗണന നൽകുന്നതെന്നതുമാണ്.

ഏകധ്രുവത ഇപ്പോൾ അതിന്റെ അന്ത്യത്തിലാണ്. ഇറാക്കിലെയും അഫ്ഗാനിസ്ഥാനിലെയും പരാജയങ്ങൾ കാരണം അമേരിക്കൻ സേന നേരത്തെ തന്നെ ദുർബലമാക്കപ്പെട്ടതും ‘‘വാഷിങ്ടൺ സമവായ’’ സാമ്പത്തിക സംവിധാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ 2008ലെ ബാങ്കിങ് തകർച്ചയിലേക്ക് നയിച്ചതുമൂലം ഏകധ്രുവത ഇന്ന് വ്യവസ്ഥാപരമായ തകർച്ചയെ അഭിമുഖീകരിക്കുകയാണ്. അത് അമേരിക്കയുടെ പതനത്തിനും തകർക്കാനാകാത്ത, അതിന്റെ ഇപ്പോൾ പ്രകടമായ ആഭ്യന്തര രാഷ്ട്രീയക്കുഴപ്പങ്ങൾക്കും മാത്രമല്ല ചെെനയുടെ സമാധാനപരമായ ഉയർന്നുവരവിനും കാരണമായി.

ചെെന മുന്നോട്ടുവയ്ക്കുന്ന ബദൽ ലോകക്രമം എല്ലാവർക്കും സഹകരണവും പുരോഗതിയും വാഗ്ദാനം നൽകുകയും സെെനികമായ ഇടപെടലുകളെ വർജിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിനും തർക്കങ്ങളിൽ സമാധാനപരമായ പരിഹാരത്തിനും ചെെന മുൻഗണന നൽകുന്നു. ഇത് സാമ്രാജ്യത്വത്തിന്റെ സമ്മർദങ്ങളുടെയും ഭീഷണികളുടെയും കൊള്ളയടിക്കലിന്റെയും തീട്ടൂരങ്ങളുടെയും ലോകക്രമത്തിൽ മാറ്റം വരുത്തുന്നതാണ്.

ചെെനീസ് സോഷ്യലിസത്തിന്റെ അനുഭവത്തെ യൂറോപ്യൻ അനുഭവം വച്ച് പരിശോധിക്കേണ്ടതില്ല. ഒക്ടോബർ വിപ്ലവത്തിന്റെ അനന്തരഫലമായും കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ മാർഗനിർദേശത്തിലുമാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി – സിപിസി –സ്ഥാപിക്കപ്പെട്ടത്. അതൊരു തുടക്കമായിരുന്നു; അവിടെ കഥ അവസാനിക്കുന്നുമില്ല. മറ്റെവിടെയെങ്കിലുമുള്ള അനുഭവത്തെ യാന്ത്രികമായി പകർത്താനുള്ള ശ്രമം വിജയിക്കില്ല എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. തായ്-പിങ് കലാപം മുതൽ ബോക്സർ ഉയർത്തെഴുന്നേൽപ്പുവരെയും ക്വിങ് രാജവംശത്തെ അധികാരത്തിൽ നിന്നും പുറത്താക്കിയ 1911ലെ വിപ്ലവവും തുടർന്നുനടന്ന മെയ് 4 മുന്നേറ്റവും ഉൾപ്പെടെയുള്ള ചെെനീസ് ജനതയുടെ പ്രാഥമികമായ സമരങ്ങളുടെ സമ്പന്നമായ ചരിത്രം സംബന്ധിച്ച യാഥാർഥ്യത്തിൽ ഊന്നിയുള്ള തന്ത്രത്തെ അടിസ്ഥാനമാക്കിയാണ് കർഷകരുടെ അസംതൃപ്തിയെ ആഗോളതൊഴിലാളിവർഗ പ്രസ്ഥാനത്തിനുള്ളിൽ ദേശീയവികാരങ്ങളുമായി കൂട്ടിയോജിപ്പിക്കേണ്ടത്.

അതിനുശേഷം രണ്ടർഥങ്ങൾ ഉൾക്കൊള്ളുന്ന ‘‘മാർക്സിസത്തിന്റെ ചെെനാവൽക്കരണം’’ എന്ന ആശയമാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. ഒന്നാമതായി, ചെെനയുടെ സവിശേഷമായ സാമൂഹ്യസാഹചര്യങ്ങൾക്കനുഗുണമായ തത്വങ്ങളുടെ സഞ്ചയം എന്ന നിലയിൽ മാർക്സിസത്തിന്റെ പ്രയോഗം ഇതിലടങ്ങിയിരിക്കുന്നു എന്നതാണ്. മൗ സേ ദൊങ്ങും അദ്ദേഹത്തിന്റെ സഖാക്കളും ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. അവർ കർഷകരെ വിപ്ലവ കർതൃത്വമെന്ന നിലയിൽ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാക്കുകയും മറ്റ് നൂതന പ്രവർത്തനങ്ങൾക്കിടയിൽ ‘‘പുതിയ ജനാധിപത്യം’’ (New Democracy) എന്ന സങ്കൽപ്പനം വികസിപ്പിക്കുകയും ചെയ്തു. ഇതിന് ശാശ്വതമായ പ്രാധാന്യമുണ്ട്.

രണ്ടാമത്തെ അർഥം, ചെെനീസ് ജനതയുടെയും (ലോക ജനസംഖ്യയുടെ അഞ്ചിലൊന്നിലേറെ) ചെെനീസ് പാരമ്പര്യങ്ങളുടെയും ചെെനീസ് വിപ്ലവത്തിന്റെയും അനുഭവങ്ങളിലൂടെയും പ്രത-ിഛായകളിലൂടെയും മാർക്സിസത്തിന്റെ പരിവർത്തനത്തെ സന്നിവേശിപ്പിക്കുന്നു എന്നതാണ്. ഈ ധാരണയിൽ, ചെെന യൂറോപ്യൻ തൊഴിലാളി പ്രസ്ഥാനത്തിൽനിന്നും മാർക്സിസത്തെ ഉൾക്കൊള്ളുകയും സമ്പുഷ്ടമായതും പുരോഗമിച്ചതും സാർവത്രികവൽക്കരണത്തോട് അടുത്തുനിൽക്കുന്നതുമാക്കി തിരിച്ചുനൽകുന്നു. എല്ലാം തികഞ്ഞത് എന്നൊന്ന് തികച്ചും അസാധ്യമാണ്.

ഇത് മാർക്സിസത്തിലേക്ക് പുതിയ തത്വചിന്താപരമായ വിഭാഗങ്ങളെ കൊണ്ടുവന്നു; ഹെഗലിന്റെ സിദ്ധാന്തത്തിന്റെ കുറവു നികത്തുന്നതിന്, കൺഫ്യൂഷ്യസിൽനിന്നും മറ്റ് ചെെനീസ് സംഹിതകളിൽനിന്നുമുള്ള ആശയങ്ങൾ പകരം വയ്ക്കുകയുണ്ടായി. ഇവയിൽ ചിലവ പാശ്ചാത്യവർഗ–സമര സോഷ്യലിസത്തിന് അന്യമാണെന്നു പറയാം. എന്നാൽ അതിന്റെ നിഗൂഢതയില്ലാതാക്കിയാൽ പിന്നെ തർക്കം അനിവാര്യമായി വരുന്നില്ല. ഉദാഹരണത്തിന്, സിപിസി ‘‘പൊതുവായ അഭിവൃദ്ധി’’ യുടെയും ‘‘സാമൂഹിക സൗഹാർദ്ദ’’ത്തിന്റെയും കാര്യത്തിൽ വിജയം നേടി. ബ്രിട്ടനിലെ ഒരു സാധാരണ വ്യക്തി ഇവയെല്ലാം സോഷ്യലിസ്റ്റ് സമൂഹത്തിന്റെ സവിശേഷതകളാണെന്ന് എളുപ്പത്തിൽ തിരിച്ചറിയും; എന്നാൽ തീർച്ചയായും അവ സമകാലീന ബ്രിട്ടന്റെയോ അമേരിക്കയുടെയോ ഗുണങ്ങളല്ല.

ചെെനയിലെ നിലവിലെ വ്യവസ്ഥ, സോഷ്യലിസത്തിന്റെ മുൻകാല മാതൃകകളുമായി പൊരുത്തപ്പെടാത്തതിനാൽ ചിലർ അതിന്റെ സോഷ്യലിസ്റ്റ് സ്വഭാവത്തെ അന്ധമായി നിഷേധിക്കുന്നു. ചെെനീസ് ഭരണകൂടത്തിന്റെയും ഭരിക്കുന്ന പാർട്ടിയുടെയും കാഴ്ചപ്പാടുകളെ അപ്പാടെ തള്ളിക്കളയുന്നത് തീർച്ചയായും ധിക്കാരപരമാണ്. എന്നിരുന്നാലും അവഗണിക്കാനാകാത്ത ചില കാര്യങ്ങളുണ്ട്– ഉയരുന്ന വരുമാന അസമത്വം, സ്ഥിരമായ തൊഴിലില്ലായ്മ, അടിസ്ഥാന പൊതുസേവനങ്ങളിലേക്കുള്ള വിപണി ബന്ധങ്ങളുടെ കടന്നുകയറ്റം (മാവോയുടെ കാലത്ത് കേട്ടറിവുപോലുമില്ലാത്തവ)– ഇവയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തണം.

വലുതും യഥാർഥത്തിൽ ദരിദ്രവുമായ ഒരു രാജ്യത്തെ പൂർണമായ സോഷ്യലിസ്റ്റ് സമൂഹമായി പരിവർത്തിപ്പിക്കുന്നതിൽ തലമുറകളുടെ അധ്വാനമുണ്ടെന്ന് സിപിസി നേതൃത്വം ഊന്നിപ്പറയുന്നു. സിപിസിയുടെ സമീപകാലത്തെ നേട്ടമായ സമ്പൂർണ ദാരിദ്ര്യനിർമാർജനം അമ്പരപ്പിക്കുന്ന വെറും നേട്ടമല്ല; അതൊരു സോഷ്യലിസ്റ്റ് നേട്ടമാണ്.

ലോക സോഷ്യലിസത്തിന്റെ ഭാവി, ചെെനയിലെ പുരോഗതിയെയും ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തെയും വലിയ തോതിൽ ആശ്രയിച്ചായിരിക്കും. ഷി ജിൻപിങ് പറഞ്ഞതുപോലെ, ചെെനയില്ലായിരുന്നെങ്കിൽ 1991നുശേഷം ലോക കാര്യങ്ങളിൽനിന്ന് സോഷ്യലിസം പാടേ പിന്തള്ളപ്പെടുമായിരുന്നേനെ.

75 വർഷങ്ങൾക്കിപ്പുറവും ജനകീയ ചെെന റിപ്പബ്ലിക്ക് വാഷിങ്ടൺ സമവായം, നവലിബറൽ കേന്ദ്രീകരണം, സെെനികവൽക്കരിക്കപ്പെട്ട ‘‘പുത്തൻ സാമ്പത്തികക്രമം’’, സാമ്പത്തിക പ്രതിസന്ധി, കൂട്ടക്കുഴപ്പം എന്നിവയുടെ ലോകത്ത് ഒരു ബദലായി, അതിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നു. ഈ ബദൽ തന്നെ പൂർത്തീകരിക്കപ്പെട്ടിട്ടില്ല. ഒരുപക്ഷേ പൂർത്തീകരിക്കാനായില്ലെങ്കിൽ, ചെെന നിലവിലെ സാഹചര്യങ്ങളെ മറികടന്ന് അതിന്റെ സാധ്യതകൾ തുറന്നിടും മാനവികതയുടെ അടുത്ത തിരഞ്ഞെടുക്കലുകളുടെ പട്ടികയിലേക്ക്.

അതാണ് ജനകീയ ചെെന റിപ്പബ്ലിക്കിന്റെ ഈ 75–ാം ജന്മദിനത്തിൽ, ഏറ്റവും സാധ്യതയുള്ളതും ഏറ്റവും അഗാധവുമായ ആഗോള പ്രാധാന്യം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + twelve =

Most Popular