Thursday, November 21, 2024

ad

Homeനിരീക്ഷണംപെരുംനുണകൾക്കെതിരെ സമരമായി വിദ്യാർത്ഥികൾ

പെരുംനുണകൾക്കെതിരെ സമരമായി വിദ്യാർത്ഥികൾ

പി എം ആർഷൊ

രു നുണ നൂറാവർത്തി പറഞ്ഞാൽ അത് സത്യമായി മാറുമെന്ന സിദ്ധാന്തം ലോകത്തെ പരിചയപ്പെടുത്തിയത് നാസി ജർമ്മനിയിൽ ഹിറ്റ്‌ലറുടെ മന്ത്രിസഭാംഗമായിരുന്ന ഗീബൽസാണ്. ജർമൻ പാർലമെന്റ് കത്തിച്ചത് കമ്യൂണിസ്റ്റുകാരാണ് എന്നതിൽ തുടങ്ങി ഒട്ടനേകം നുണകൾ അക്കാലത്ത് ജർമനിയിൽ ‘സത്യമാക്കുക’യും ചെയ്തു. പ്രചാരണങ്ങളിലൂടെ നുണകൾക്ക് താത്കാലിക വിജയം നേടാനായാലും അന്തിമ വിജയം സത്യത്തിന്റേത് മാത്രമായിരിക്കുമെന്നതിന് തെളിവായി ജർമനിയുടെയും ഹിറ്റ്‌ലറുടെയും ഗീബൽസിന്റെയും തന്നെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. പതിറ്റാണ്ടുകൾക്കു ശേഷം ഇപ്പോൾ കേരളത്തിലും അഭിനവ ഗീബൽസുമാരുടെ നുണക്കോട്ടകൾ തകർന്നടിയുകയാണ്.

കഴിഞ്ഞ രണ്ടുവർഷക്കാലം എസ്എഫ്ഐക്കെതിരെ കേരളത്തിലെ വലതുപക്ഷവും, അവരുടെ പണിയാളുകളായ മാധ്യമങ്ങളും സമാനതകളില്ലാത്ത നുണപ്രചാരണവും കടന്നാക്രമണങ്ങളുമാണ് സംഘടിപ്പിച്ചത്. എസ്.എഫ്.ഐക്ക് പങ്കില്ലാത്ത കാര്യങ്ങളിൽ എസ്.എഫ്.ഐയെ പ്രതിസ്ഥാനത്ത് നിറുത്തിയും, ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് കാണിച്ച് എസ്.എഫ്.ഐ സംഘടനയാകെ മോശമാണെന്ന് ചിത്രീകരിച്ചും എന്തെല്ലാം പ്രചാരണങ്ങളാണ് അവർ നടത്തിയത്. കേരളത്തിലെ ഏതെങ്കിലും മൂലയിൽ എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ പ്രതികൾക്ക് ഏതെങ്കിലും വഴിയിൽ എസ്.എഫ്.ഐയുമായി ബന്ധമുണ്ടോ എന്നന്വേഷിച്ചു നടക്കൽ മുഖ്യധാരാ മാധ്യമങ്ങളുടെ മുഖ്യപണിയായി മാറി. അതിൽ ഏറ്റവും അധികം കാലം നീണ്ടുനിന്നതും കേരളമാകെ എസ്.എഫ്.ഐക്കെതിരെ വികാരമുണ്ടാക്കാൻ ശ്രമിച്ചതുമായ പ്രചാരണമാണ് വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ ആത്മഹത്യയെ സംബന്ധിച്ചുള്ള പ്രചരണം. കോട്ടിട്ട ‘ജഡ്ജിമാർ’ ചാനൽ മുറിയിലിരുന്ന് എസ്.എഫ്.ഐ വിരുദ്ധ പ്രസംഗം നടത്തിയത് മാസങ്ങളോളമാണ്. ഈ പ്രചാരണങ്ങളുടെ ഭാഗമായി താത്കാലിക വിജയം നേടാൻ കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിനും അവരുടെ വിദ്യാർത്ഥി സംഘടനകൾക്കുമായി. പാലക്കാട് വിക്ടോറിയ കോളേജും, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജും, പട്ടാമ്പി സംസ്കൃത ഗവൺമെന്റ് കോളേജും, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജും ഉൾപ്പെടെയുള്ള കേരളത്തിലെ തലയെടുപ്പുള്ള പല കലാലയങ്ങളിലും കഴിഞ്ഞ വർഷം എസ്.എഫ്.ഐക്ക് യൂണിയൻ നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ അന്തിമ വിജയം സത്യത്തിന്റേത് മാത്രമായിരിക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ കേരളത്തോട് സാക്ഷ്യം പറയുന്നു.

എൻ എസ് ഫരിഷ്ത
എ ജി കാർത്തിക്

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഈ വർഷം വിദ്യാർത്ഥികൾക്കുമുമ്പിൽ വെക്കേണ്ട മുദ്രാവാക്യം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ച് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന് അധികം ചിന്തിക്കേണ്ടി വന്നില്ല. പെരുംനുണകൾക്കെതിരെ സമരമാവാനാണ് വിദ്യാർത്ഥികളോട് എസ്.എഫ്.ഐ അഭ്യർത്ഥിച്ചത്. കഴിഞ്ഞ വർഷം എസ്.എഫ്.ഐക്കെതിരെ നടന്ന ഓരോ പെരുംനുണകളെയും ഓരോന്നോരോന്നായി വിദ്യാർത്ഥികൾ പൊളിച്ചടുക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട കോളേജുകൾ ഉൾപ്പെടെ, ചരിത്രത്തിൽ ഇതുവരെ എസ്.എഫ്.ഐ വിജയിക്കാത്ത മൂത്തേടം ഫാത്തിമ കോളേജും, തൃശൂർ വിവേകാനന്ദ കോളേജും ഉൾപ്പെടെയുള്ള കോളേജുകളിൽ എസ്.എഫ്.ഐ വിജയക്കൊടി പാറിച്ചു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുകൾ മുതൽ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ വരെ എസ്.എഫ്.ഐ അത്യുജ്വല വിജയാമാണ് നേടിയത്:

സ്കൂൾ പാർലമെന്റ് 541/623
പോളിടെക്‌നിക് 46/55
ആരോഗ്യ സർവ്വകലാശാല 55/65
കണ്ണൂർ സർവ്വകലാശാല 45/65
കാലിക്കറ്റ്‌ സർവകലാശാല 102/170
കേരള സർവ്വകലാശാല 64/77

ഈ ലേഖനം എഴുതി കൊണ്ടിരിക്കുമ്പോഴാണ് മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ 27 ൽ 24 സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു എന്ന വാർത്ത വരുന്നത്.

ആർ വി രേവതി

കഴിഞ്ഞ 54 വർഷക്കാലമായി രാജ്യത്തെയും, കേരളത്തിലെയും വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ അസംഖ്യം സമരങ്ങളാണ് എസ്.എഫ്.ഐയെ വിദ്യാർത്ഥികളുടെ ഹൃദയപക്ഷമാക്കി മാറ്റിയത്. ഈ കാലയളവിനിടയിൽ ദേവപാലൻ മുതൽ ധീരജ് വരെയുള്ള 35 സഖാക്കളെയാണ് എം.എസ്.എഫും, കെ.എസ്‌.യുവും, എബിവിപിയും ഉൾപ്പെടെയുള്ള വലതുപക്ഷ വിദ്യാർത്ഥി സംഘടനകളും, അവരുടെ മാതൃ സംഘടനകളും ചേർന്ന് കൊന്നുതള്ളിയത്. ഓരോ സഖാവിനെയും ഇല്ലാതാക്കുമ്പോൾ, ഓരോ നുണകളും പ്രചരിപ്പിക്കുമ്പോൾ അവർ കരുതിയത് ഇതോടെ എസ്.എഫ്.ഐ ഇല്ലാതാകുമെന്നാണ്. എന്നാൽ ഓരോ അടിയേൽക്കുമ്പോഴും കൂടുതൽ കരുത്താർജിക്കുന്ന സംഘടനയാണ് എസ്.എഫ്.ഐ എന്ന് അവർ ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞു കാണുമെന്ന് പ്രതീക്ഷിക്കാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 + 20 =

Most Popular