Wednesday, October 9, 2024

ad

Homeനിരീക്ഷണംജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: വ്യാജ പ്രചാരണങ്ങളും വസ്തുതയും

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: വ്യാജ പ്രചാരണങ്ങളും വസ്തുതയും

അഡ്വ. കെ എസ് അരുൺ കുമാർ

സിനിമാ മേഖലയിലെ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പഠിച്ച്‌ അവ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഡബ്ല്യു.സി.സി ഒരു നിവേദനം മുഖ്യമന്ത്രിക്ക്‌ നല്‍കിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിൽ മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയുടെ ആവശ്യം ഗവൺമെന്റ് ഗൗരവമായി പരിഗണിച്ചു. ഇന്ത്യയില്‍ ആദ്യമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക്‌ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ പഠിക്കാന്‍ ജസ്റ്റിസ്‌ കെ ഹേമ ചെയര്‍പേഴ്‌സണായും നടി ശാരദ, കെ ബി വത്സല കുമാരി ഐ.എ.എസ്‌ എന്നിവര്‍ അംഗങ്ങളായും 19.06.2017-ല്‍ ഒരു കമ്മിറ്റിയെ ഗവൺമെന്റ് നിയോഗിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി 31/12/2019 ന് ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ ഉയർന്നുവരുന്ന ചില സംശയങ്ങൾ താഴെ പറയുന്നവയാണ്:

1. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാതെ ഒരു കമ്മിറ്റിയെ നിയോഗിച്ചത് എന്തുകൊണ്ട്?

2. ജുഡീഷ്യൽ കമ്മീഷനായിരുന്നുവെങ്കിൽ പ്രതികൾക്കെതിരെ നേരിട്ട് കേസെടുക്കാനും ശിക്ഷിക്കാനും കഴിയുമായിരുന്നില്ലേ?

3. ഗവൺമെന്റിന് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് എന്തുകൊണ്ട് 2024 ആഗസ്ത് വരെ പുറത്തു വിടാതിരുന്നു?

4. റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ, വിവരാവകാശ കമ്മീഷൻ ഉത്തരവിൽ പറഞ്ഞ പാരഗ്രാഫിനു പുറമെ റിപ്പോർട്ടിലെ കൂടുതൽ ഭാഗങ്ങൾ ഗവൺമെന്റ് ഒഴിവാക്കിയതെ ന്തുകൊണ്ട്?

5. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശക ളുടെമേൽ ഗവൺമെന്റ് നേരിട്ട് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താത്തത് എന്തുകൊണ്ട്?

ഗവൺമെന്റുകൾ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പഠിക്കാനും വിവരശേഖരണത്തിനുമായി കമ്മിറ്റികളെ ചുമതലപ്പെടുത്തുന്നത് സാധാരണയാണ്. ഇത് ഏതെങ്കിലും നിയമത്തിന്റെ പിൻബലത്തിൽ അല്ല. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ പoനത്തിനും വിവരശേഖരണത്തിനും ശുപാർശകൾക്കുമായി നിശ്ചയിക്കാം. മുൻകൂട്ടി നിശ്ചയിച്ചു നൽകുന്ന പരിഗണനാ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് കമ്മിറ്റികൾ പഠനവും വിവരശേഖരണവും നടത്തിയശേഷം ഗവൺമെന്റിലേക്ക് ശുപാർശകൾ ( Recommendations) നൽകുന്നത്. ഹേമ കമ്മിറ്റിയെ നിശ്ചയിച്ചതുതന്നെ മലയാള സിനിമയിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട് പoനങ്ങൾ നടത്താനും അവ പരിഹരിക്കാനുള്ള ശുപാർശകൾ ഗവൺമെന്റിനു നൽകാനുമാണ്.

കമ്മിറ്റിക്കു പകരം ഒരു ജുഡീഷ്യൽ കമ്മീഷനായിരുന്നുവെങ്കിൽ അതിന് കൂടുതൽ അധികാരങ്ങൾ ഉണ്ടായിരിക്കുമായിരുന്നുവെന്നും സിനിമാ മേഖലയിലെ സ്ത്രീകൾ ഉയർത്തിയ പരാതികളുമായി ബന്ധപ്പെട്ട് ഗവൺമെന്റ് കമ്മിറ്റിയെ നിശ്ചയിച്ചത് ശരിയായില്ല എന്നും ചില പ്രമുഖർ ആക്ഷേപമുന്നയിക്കുന്നുണ്ട്.

എന്നാൽ എന്താണ് സത്യം? ജുഡീഷ്യൽ കമ്മീഷന് സ്വമേധയാ കേസെടുക്കാനോ ശിക്ഷിക്കാനോ അധികാരമില്ല. കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് പ്രകാരം നിശ്ചയിക്കുന്ന ഒരു കമ്മീഷൻ തെളിവെടുപ്പിനു ശേഷം ഗവൺമെന്റിനു നൽകുന്ന റിപ്പോർട്ട് പരിഗണനാ വിഷയത്തിന് മേൽ ഗവൺമെന്റിനുള്ള വിവരങ്ങൾ (Information) മാത്രമാണെന്നും സിവിൽ കോടതികൾക്കോ ക്രിമിനൽ കോടതികൾക്കോ ജുഡീഷ്യൽ കമ്മീഷന്റെ ശുപാർശകൾ ബാധകമല്ലെന്നും സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

2001 (5) Supreme court 131 (T.T Antony Vs State of Kerala.)

ജുഡീഷ്യൽ കമ്മീഷനുകളുടെ റിപ്പോർട്ടും കമ്മിറ്റികളുടെ റിപ്പോർട്ടും ഗവൺമെന്റിന് പൂർണമായോ, ഭാഗികമായോ പരിഗണിക്കാം; നിരസിക്കുകയും ചെയ്യാം, തുടർ നടപടികൾ സ്വീകരിക്കുകയുമാവാം. ഇതെല്ലാം അതാത് കാലത്തെ ഗവൺമെന്റുകളാണ് തീരുമാനിക്കേണ്ടത്. കമ്മിറ്റിക്കു പകരം കമ്മീഷനായിരുന്നെങ്കിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടായേനെ എന്ന വാദത്തിൽ കഴമ്പില്ല. കമ്മീഷനായാലും കമ്മിറ്റിയായാലും അവർ നൽകുന്ന ശുപാർശ (Recommendations) കളിൽ തീരുമാനമെടുക്കാനുള്ള ഗവൺമെന്റുകളുടെ ഇച്ഛാശക്തിയും നിലപാടുമാണ് പ്രധാനം. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റ് ശക്തമായ തുടർനടപടികളാണ് ആരംഭിച്ചിരിക്കുന്നത്.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ മാസം 31നാണ് ഗവൺമെന്റിനു സമർപ്പിച്ചത്. ഗവൺമെന്റ് റിപ്പോർട്ട് പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ 19/02/2020 ന് കമ്മറ്റിക്കു മുൻപിൽ മൊഴി നൽകിയ വ്യക്തികളുടെ പേരുവിവരങ്ങളോ സ്വകാര്യതയോ വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവിടാൻ പാടില്ല എന്നും സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജസ്റ്റിസ് ഹേമ നിർദ്ദേശം നൽകി. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിർദ്ദേശിച്ചുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ പാടില്ല എന്ന് തുടർന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ എം പോളും ഉത്തരവിട്ടു. തുടർന്ന് പുതിയ വിവരാവകാശ കമ്മീഷൻ ഡോ.എ. അബ്ദുൾ ഹക്കീം 2024 ജൂലൈ 5 ന് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന നിശ്ചിത ഖണ്ഡികകൾ റിപ്പോർട്ടിൽ നിന്ന് നീക്കം ചെയ്ത ശേഷം റിപ്പോർട്ട് പുറത്തുവിടാം എന്ന് ഉത്തരവിടുകയും ചെയ്തു. തുടർന്ന് റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ സിനിമാ സംവിധായകനായ സജിമോൻ പാറയിൽ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല സ്റ്റേ ഉത്തരവ് നേടി. തുടർന്ന് ആഗസ്ത് 13 ന് ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. അതായത് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ശേഷം 2024 ആഗസ്ത് 13 വരെ സംസ്ഥാന വിവരാകാശ കമ്മീഷനും ഹൈക്കോടതിയും ഈ റിപ്പോർട്ട് പുറത്തുവിടരുത് എന്നാണ് ഗവൺമെന്റിനോട് ഉത്തരവിട്ടത്. അതുകൊണ്ടുതന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ ഗവൺമെന്റിന്റ ഭാഗത്തു നിന്നും യാതൊരു കാലതാമസവും ഉണ്ടായിട്ടില്ല എന്ന് വ്യക്തമാണ്.

വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഖണ്ഡികകൾ ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത് എന്ന് ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുന്നു. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന് വിരുദ്ധമായി സാംസ്കാരിക വകുപ്പിന്റെ മുഖ്യ വിവരാവകാശ ഓഫീസർ പെരുമാറിയിട്ടില്ല എന്ന് ഉത്തരവ് വായിക്കുന്ന ആർക്കും മനസ്സിലാവുന്ന കാര്യങ്ങളാണ്.

വിവരാവകാശ കമ്മീഷണൻ ഉത്തരവിന്റെ പേജ് 27 ഖണ്ഡിക 8 ഇങ്ങനെ പറയുന്നു;

‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതും, എന്നാൽ പുറത്തുവിടുന്ന റിപ്പോർട്ടിൽ ഇരകളുടെ ഐഡന്റിറ്റി തിരിച്ചറിയുന്ന യാതൊന്നും ഉണ്ടാവാൻ പാടില്ല എന്ന് ഉറപ്പുവരുത്തേണ്ട ചുമതല സാംസ്കാരിക വകുപ്പിന്റെ മുഖ്യ വിവരാവകാശ ഓഫീസറുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ് എന്നാണ് “. മൊഴി നൽകിയ സ്ത്രീകളുടെ ഐഡന്റിറ്റി പുറത്തറിയാതിരിക്കാൻ വിവരാവകാശ കമ്മീഷൻ തന്നെ നേരിട്ട് റിപ്പോർട്ടിലെ 96–ാം ഖണ്ഡികയും 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും ഒഴിവാക്കി. റിപ്പോർട്ട് മാധ്യമങ്ങൾക്ക് നൽകുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്ന് വിവരാവകാശ കമ്മീഷൻ തന്നെ ഉത്തരവിൽ തുടർന്ന് വിവരിച്ചിട്ടുണ്ട്. ഉത്തരവിന്റെ 26–ാം പേജിൽ 4-–ാം ഖണ്ഡികയിൽ പറയുന്നത്, മുകളിൽ സൂചിപ്പിച്ച പേജുകൾ കൂടാതെ സാംസ്കാരിക വകുപ്പിലെ മുഖ്യ വിവരാവകാശ ഓഫീസർ റിപ്പോർട്ട് പരിശോധിക്കുമ്പോൾ (personally scrutinise) ഏതെങ്കിലും പേജുകൾ സ്വകാര്യത ലംഘിക്കുന്നതായി കണ്ടാൽ അതും ഒഴിവാക്കാം എന്നാണ്.

ആ അധികാരം ഉപയോഗിച്ചാണ് 49 മുതൽ 53 വരെയുള്ള ഖണ്ഡികകളിലെ ഭാഗം കൂടി സാംസ്കാരിക വകുപ്പിലെ മുഖ്യ വിവരാവകാശ ഓഫീസർ ഒഴിവാക്കിയത്.

അതിലെന്താണ് തെറ്റ്?
എന്താണ് നിയമ ലംഘനം?

വിവരാവകാശ നിയമപ്രകാരം ഒരു ഓഫീസർ വിവരങ്ങൾ പുറത്തുവിടുമ്പോൾ ഒരു വിവരാവകാശ ഓഫീസർ വിവരാവകാശകമ്മീഷന്റെ ഉത്തരവുകൾ അനുസരിക്കുന്നതിൽ ഗവൺമെന്റിന് യാതൊരു പങ്കുമില്ല എന്ന് വ്യക്തമായി അറിയാവുന്നവർ തന്നെയാണ് നുണപ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുടെമേൽ ഗവൺമെന്റ് നേരിട്ട് ക്രിമിനൽകേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ് എന്നും ചിലർ ചോദിക്കുന്നുണ്ട്. സിനിമാ മേഖലയിലെ ലിംഗവിവേചനങ്ങളെക്കുറിച്ച് പഠിച്ച് നൽകിയ റിപ്പോർട്ടിന്റെ ഭാഗമായുള്ള ശുപാർശകളിൽ ഗവൺമെന്റ് തുടർ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾ ആരെങ്കിലും പരാതിക്കാരായി രംഗത്തുവരാതെ ഗവൺമെന്റിന് നേരിട്ട് ക്രിമിനൽ കേസെടുക്കാൻ കഴിയില്ല. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ ആര്? എന്ന്? എപ്പോൾ? എവിടെ വെച്ച്? ആർക്കെതിരെ കുറ്റകൃത്യം ചെയ്തു എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം വിവരങ്ങൾ ഒന്നും തന്നെയില്ല.

എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന വനിതകൾ ചില വെളിപ്പെടുത്തലുകളും ആരോപണങ്ങളും നടത്തി. അത് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ഒരു പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. സിനിമാ മേഖലയിൽ ഉണ്ടായ ഏതുതരത്തിലുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും ഈ അന്വേഷണ സംഘത്തിനു മുൻപാകെ പരാതിയോ മൊഴിയോ നൽകാവുന്നതാണ്. പരാതി ലഭിച്ചാൽ മുഖം നോക്കാതെ നടപടി ഉണ്ടാവുമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നപ്പോൾ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്.

പ്രത്യേക അന്വേഷണ സംഘം ഇതുവരെ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്തുവിടാത്ത ഭാഗങ്ങളിൽ ഉൾപ്പെട്ട ആരോപണങ്ങളെക്കുറിച്ചോ മൊഴികളെക്കുറിച്ചോ അന്വേഷിക്കാൻ വേണ്ടിയല്ല ഈ പ്രത്യേക അന്വേഷണ ഏജൻസിയെ പ്രഖ്യാപിച്ചത്. റിപ്പോർട്ടിൽ ഉൾപ്പെട്ടതും പുറത്തുവിടാത്തതുമായ ഭാഗങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലാണ്.

ജസ്റ്റിസ് കെ. ഹേമ കമ്മിറ്റിയുടെ പൂർണ്ണമായ റിപ്പോർട്ട് ഹൈക്കോടതിയിൽ മുദ്രവെച്ച കവറിൽ ഹാജരാക്കാനും തുടർന്ന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കോടതി നിർദ്ദേശം നൽകാം എന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പുറത്തുവിടാത്ത ഭാഗങ്ങളിൽ ഉൾപ്പെട്ട ആരോപണങ്ങളെക്കുറിച്ചോ മൊഴിയെക്കുറിച്ചോ ആരും വസ്തുതകൾ വെളിപ്പെടുത്താൻ തയ്യാറാകാതെവരുകയും പൊലീസിന്റെ മുന്നിൽ പരാതി നൽകാതിരിക്കുകയും ചെയ്തപ്പോൾ കേസെടുത്ത് മുന്നോട്ടു പോകാനുള്ള ഗവൺമെന്റിന്റെ പരിമിതി മനസിലാക്കിയാണ് കോടതി റിപ്പോർട്ടിന്റെ പൂർണ്ണരൂപം മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ഉത്തരവിട്ടത്.

ആ കേസ് ഹൈക്കോടതി സെപ്തംബർ 10 നാണ് ഇനി പരിഗണിക്കുന്നത്.
ഒരു കാര്യം വ്യക്തമാണ്. സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് സുരക്ഷയും തുല്യനീതിയും സർക്കാർ ഉറപ്പു വരുത്തും. സ്ത്രീ സൗഹൃദ കേരളം ലക്ഷ്യമാക്കിയാണ് ജനപക്ഷ പിണറായി സർക്കാർ മുന്നോട്ടു പോകുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × four =

Most Popular