Wednesday, October 9, 2024

ad

Homeവിശകലനംജമാഅത്തെ ഇസ്‌ലാമിയുടെ 
ഫാസിസ്റ്റ് മുഖം

ജമാഅത്തെ ഇസ്‌ലാമിയുടെ 
ഫാസിസ്റ്റ് മുഖം

എ എം ഷിനാസ്

നകീയ പ്രതിഷേധങ്ങളുടെ വേലിയേറ്റവും അയ്യൂബ്ഖാന്റെ അനാരോഗ്യവും സമ്മേളിച്ചപ്പോൾ 1969-ൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും പട്ടാളമേധാവിയായ യാഹ്യ ഖാന് അധികാരം കൈമാറുകയും ചെയ്തു. ഒരു വ്യാഴവട്ടക്കാലത്തെ പട്ടാള വാഴ്‌ചയ്‌ക്കൊടുവിൽ 1970 ഡിസംബറിൽ പാകിസ്താനിൽ ദേശീയ തിരഞ്ഞെടുപ്പ് നടന്നു. ജമാഅത്തെ ഇസ്-ലാമിക്ക് പടിഞ്ഞാറൻ പാകിസ്താനിലും കിഴക്കൻ പാകിസ്താനിലും കാര്യമായ രാഷ്ട്രീയപിന്തുണയുണ്ടായിരുന്നില്ല എന്ന് തെളിയിച്ച ആ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ പാകിസ്താനിലെ 138 സീറ്റുകളിൽ നാലെണ്ണവും 6.5 ശതമാനം വോട്ടുമാണ് ജമാഅത്തെ ഇസ്‌ലാമി നേടിയത്. (അവിടെ 79 സീറ്റുകളിലാണ് ജമാഅത്ത് മത്സരിച്ചത്). കിഴക്കൻ പാകിസ്താനിലെ 162 സീറ്റുകളിൽ 69 എണ്ണത്തിൽ മത്സരിച്ച ജമാഅത്തെ ഇസ്‌ലാമിക്ക് ഒരൊറ്റ സീറ്റും കിട്ടിയില്ലെങ്കിലും 6.25 ശതമാനം വോട്ട് നേടാനായി. പൂർവ്വ പാകിസ്താനിൽ 160 സീറ്റ്- നേടിയ അവാമി ലീഗിനായിരുന്നു 300 സീറ്റുള്ള പാകിസ്താൻ ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം. സുൾഫിക്കർ അലി ഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിക്ക് പടിഞ്ഞാറൻ പാകിസ്താനിൽ നിന്ന് 81 സീറ്റുകളാണ് കിട്ടിയത്. കിഴക്കൻ പാകിസ്താനിൽ പൂജ്യവും. പാക്കിസ്ഥാൻ മുസ്ലിംലീഗിന് ലഭിച്ചത് മൊത്തം പത്ത് സീറ്റ്.

യാഹ്യ ഖാൻ പക്ഷേ, ഭൂരിപക്ഷ പാർട്ടിയായ ഷേക് മുജീബ് റഹ്മാന്റെ അവാമി ലീഗിന് അധികാരം കൈമാറാൻ വിസമ്മതിച്ചു. ഇക്കാര്യത്തിൽ പാകിസ്താനിലെ ജമാഅത്തെ ഇസ്‌ലാമിയും പാകിസ്താൻ പീപ്പിൾസ് പാർട്ടി, മുസ്ല‌ിംലീഗ് എന്നിവ ഉൾപ്പെടെയുള്ള പാർട്ടികളും യാഹ്യ ഖാനോടൊപ്പം നിന്നു. 1971 മാർച്ച് ഒടുവിൽ ബംഗ്ലാദേശ് വിമോചന സമരം തുടങ്ങി. അതിനെ ചോരയിൽ മുക്കി നാമാവശേഷമാക്കാൻ കിഴക്കൻ പാകിസ്താനിൽ പട്ടാള തേർവാഴ്ചയും ആരംഭിച്ചു. പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമി ബംഗ്ലാദേശ് വിമോചന സമരത്തിന് എതിരായിരുന്നു എന്നുമാത്രമല്ല വിമോചന സമരക്കാരെ നിഷ്‌ഠുരമായി നേരിട്ട പാകിസ്താൻ സൈന്യത്തെ കൈമെയ് മറന്ന് സഹായിക്കുകയും ചെയ്‌തു. പൂർവ പാകിസ്താനിലെ ജമാഅത്തെ ഇസ്-ലാമിയും അതിന്റെ വിദ്യാർത്ഥി വിഭാഗവും അൽ-ബദർ, അൽ-ഷംസ് എന്നീ പേരുകളിൽ പാരാമിലിറ്ററി വിഭാഗങ്ങളുണ്ടാക്കുകയും പാക് സൈന്യം കിഴക്കൻ ബംഗാളിൽ നടത്തിയ വ്യാപകമായ കൂട്ടക്കൊലകൾക്കും കൊള്ളകൾക്കും തീവെപ്പിനും സർവോപരി കൂട്ട ലൈംഗികാതിക്രമങ്ങൾക്കും കുടപിടിക്കുകയും ചെയ്തു. 1971 ഡിസംബർ 16ന് യുദ്ധം അവസാനിക്കുമ്പോഴേക്കും കിഴക്കൻ ബംഗാളിലെ ആയിരക്കണക്കിന് സ്ത്രീകളെ സൈനികരും ഈ പാരാമിലിറ്ററി വിഭാഗത്തിൽ പെട്ടവരും ബലാത്സംഗം ചെയ്യുകയും ലൈംഗിക അടിമകളാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിൽ മുസ്‌ലിം–-അമുസ്‌ലിം ഭേദമുണ്ടായിരുന്നില്ലെങ്കിലും ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായവരിൽ എണ്ണത്തിൽ കൂടുതൽ മുസ്‌ലിം ഇതര മതവിഭാഗത്തിലെ സ്ത്രീകളായിരുന്നു.

ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി വിഭാഗത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന അൽ-ബദർ സംഘത്തിന്റെ പ്രധാന കാര്യപരിപാടി കിഴക്കൻ ബംഗാളിലെ ബുദ്ധിജീവികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വധിക്കുക എന്നതായിരുന്നു. 1971 മാർച്ച് അവസാനം മുതൽ ഈ കശ്മലസംഘം കിഴക്കൻ ബംഗാളിലെ പ്രൊഫസർമാരെയും ഡോക്ടർമാരെയും പത്രപ്രവർത്തകരെയും അഭിഭാഷകരെയും എഴുത്തുകാരെയും വീടുകളിൽ നിന്ന് തട്ടിക്കൊണ്ടുപോയി ചിത്രവധം ചെയ്‌തു കൊന്നു തള്ളുന്ന ഭീകരകൃത്യത്തിൽ പാക് സൈന്യത്തോടൊപ്പം അതീവ ശുഷ്കാന്തിയോടെ സഹകരിച്ചിരുന്നു. കിഴക്കൻ ബംഗാളിലെ സ്വാതന്ത്ര്യ സമര പോരാളികളെ ഉന്മൂലനം ചെയ്യാൻ പാക് സേന നടപ്പാക്കിയ സൈനിക പദ്ധതിയുടെ പേരായിരുന്നു ‘ഓപ്പറേഷൻ സേർച്ച് ലൈറ്റ്’. 1971 ഡിസംബർ 14-, 15 തീയതികളിൽ, ഡാക്ക കീഴടങ്ങുന്നതിന് മണിക്കൂറുകൾക്കു മുൻപ് പാക് സൈന്യത്തോടൊപ്പം ചേർന്ന് അൽ-ബദർ നടത്തിയ ധൈഷണികരുടെ കൂട്ടഹത്യ എടുത്തു പറയേണ്ടതാണ്. പ്രൊഫസർമാരും ഡോക്ടർമാരും കലാകാരരും എഴുത്തുകാരും എഞ്ചിനീയർമാരും ഉൾപ്പെടെ 200ൽ പരം ബംഗാളി ബുദ്ധിജീവികളെ വീടുകളിൽ നിന്ന് അൽ-ബദർ സംഘം തട്ടിക്കൊണ്ടു പോവുകയും വധിക്കുകയും ചെയ്തു.

അന്ന് വധിക്കപ്പെട്ടവരിൽ പ്രശസ്‌ത നോവലിസ്റ്റായ ഷഹീദുള്ള കൈസറും നാടകകൃത്തായ മുനീർ ചൗധരിയും ഉൾപ്പെടുന്നു. ഇവരുടെയൊക്കെ ഒർമ്മയ്ക്കായി പിന്നീട് ഡിസംബർ 14 ‘ഷഹിദ് ബുദ്ധിജീബി ദിബോഷ്’ (ബുദ്ധിജീവി രക്തസാക്ഷി ദിനം) ആയി സ്വതന്ത്ര ബംഗ്ലാദേശ് പ്രഖ്യാപിക്കുകയുണ്ടായി. 2013 നവംബർ 3 ന് ധാക്കയിലെ പ്രത്യേക കോടതി ഈ ഡിസംബർ കൂട്ടക്കൊലയ്-ക്ക് കാർമികത്വം വഹിച്ച രണ്ട് മുൻ അൽ-ബദർ നേതാക്കൾക്ക് അവരുടെ അസാന്നിധ്യത്തിൽ വധശിക്ഷ വിധിച്ചിരുന്നു. ലണ്ടനിൽ ഉണ്ടായിരുന്ന ചൗധരി മുയ്നുദ്ദീനും അമേരിക്കയിൽ ഉണ്ടായിരുന്ന അഷ്റഫു സമാൻ ഖാനുമായിരുന്നു ധാക്ക സർവകലാശാലയിലെ 9 പ്രൊഫസർമാരെയും 6 പത്രപ്രവർത്തകരെയും മൂന്ന് ഡോക്‌ടർമാരെയും പിടിച്ചുകൊണ്ടുപോയി കൊലപ്പെടു ത്തിയത്. ഇവർ അൽ-ബദർ നേതാക്കളായിരുന്നു. 2014 നവംബർ 2 ന് ഇന്റർനാ ഷണൽ ക്രൈംസ് ട്രിബ്യൂണൽ ഡിസംബർ 14 കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ അൽ-ബദർ നേതാവായ മിർഖാസിം അലിക്ക് വധശിക്ഷ വിധിച്ചു. ഇത്തരത്തിൽ പാകിസ്താൻ സൈന്യവുമായി തോളോടു തോൾ ചേർന്ന് കൂട്ടക്കൊലകളിലും കൂട്ടബലാൽസംഗങ്ങളിലും സഹകാരികളായവരെ വിശേഷിപ്പിക്കാൻ സ്വതന്ത്ര ബംഗ്ലാദേശിൽ ഉപയോഗിച്ചുപോരുന്ന വാക്കാണ് ‘റസാക്കർമാർ’ എന്നത്.

1971 ൽ പാകിസ്താൻ സൈന്യത്തോടൊപ്പം ചേർന്ന് ബംഗ്ലാദേശ് വിമോചനപ്പോരാളികളെ കണ്ടുപിടിക്കാനും പീഡിപ്പിക്കാനും വധിക്കാനും കൂട്ടുനിന്നവരെയാണ് പൊതുവെ റസാക്കർമാർ എന്നു വിളിക്കുന്നത്. ബംഗ്ലാദേശിൽ അവഹേളനപരമായ ഒരു പദമാണത്. റസാക്കർമാരിലെ തലതൊട്ടപ്പൻമാർ ജമാ അത്തെ ഇസ്‌ലാമിയും അതിന്റെ വിദ്യാർഥിവിഭാഗവും ഇവയുടെ പാരാമിലിറ്ററി ദളങ്ങളായ അൽ-ബദർ ബ്രിഗേഡും അൽ-ഷംസ് ബ്രിഗേഡുമായിരുന്നു. അക്കാലത്ത് പൂർവ പാകിസ്താനിലെ ജമാഅത്ത് അമീർ ഗുലാം ഹസൻ ആയിരുന്നു.

ബംഗാളി ദേശീയവാദികളായ സ്വാതന്ത്ര്യപ്പോരാളികളെ നേരിടാൻ പടി ഞ്ഞാറൻ പാകിസ്താനിൽ ഈസ്റ്റ് പാകിസ്താൻ പീസ് കമ്മറ്റി എന്ന പേരിൽ ഒരു അക്രമിസംഘം രൂപവത്കരിക്കപ്പെട്ടിരുന്നു. ബംഗാളി ഭാഷയിൽ ശാന്തി ബാഹിനി എന്നറിയപ്പെട്ട ഈ അശാന്ത നരമേധസംഘത്തിന്റെ സ്ഥാപകരിൽ ഒരാളും പ്രമുഖനായ നേതാവും പൂർവ പാകിസ്താനിലെ ജമാഅത്തെ ഇസ്‌ലാമിയുടെ അമീർ ആയിരുന്ന ഗുലാം ഹസൻ ആയിരുന്നു. കിഴക്കൻ പാകിസ്താനിൽ പാക് സൈന്യത്തോടൊപ്പം കൂട്ടക്കൊലകളിലും കൂട്ടബലാത്സംഗങ്ങളിലും മാത്രമല്ല ശാന്തി ബാഹിനി ഭാഗഭാക്കായത്‌. ശാന്തി ബാഹിനിയെ ഏൽപ്പിച്ച പ്രഥമ കർത്തവ്യം, ബംഗ്ലാദേശ് വിമോചന സമരക്കാരെയും അവാമി ലീഗ് പാർട്ടിക്കാരെയും മുസ്‌ലിങ്ങളല്ലാത്ത കിഴക്കൻ ബംഗാളികളെയും തിരിച്ചറിഞ്ഞ് കണ്ടെത്തി അവരുടെ ഒരു പട്ടിക തയ്യാറാക്കുക എന്നതായിരുന്നു. പൂർവ പാകിസ്താനിലെ സഹോദരീ സഹോദരൻമാർക്കെതിരെ കടുത്ത യുദ്ധകുറ്റകൃത്യങ്ങളിലാണ് ശാന്തി ബാഹിനി അഭിരമിച്ചത്. ശാന്തി ബാഹിനിയുടെ ആജ്ഞാനുവർത്തികളായിരുന്നു അൽ-ബദർ, അൽ-ഷംസ്, മുജാഹിദ് എന്നിവ പോലുള്ള പാരാമിലിറ്ററി വിഭാഗങ്ങൾ. ഈസ്റ്റ് പാകിസ്താൻ സിവിൽ ആംഡ് ഫോഴ്‌സ്‌ എന്ന മറ്റൊരു വിഭാഗം ജമാഅ ത്തിതര ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളിൽ നിന്ന് വിമോചനസമര വിരുദ്ധരെ റിക്രൂട്ട് ചെയ്തു. ഇവരുടെയെല്ലാം ആത്യന്തിക നിയന്ത്രണം ജമാഅത്തെ ഇസ്ലാമിക്കായിരുന്നു.ഇക്കൂട്ടർക്ക് സൈനിക പരിശീലനം കൊടുക്കാനും ആയുധം വിതരണം ചെയ്യാനും മേൽനോട്ടം വഹിച്ചതും ജമാഅത്ത് തന്നെ.

ശാന്തി ബാഹിനി നടത്തിയ ഏറ്റവും നൃശംസമായ കുറ്റകൃത്യം, ആയി രക്കണക്കിന് ബംഗാളി സ്ത്രീകളെ പിടിച്ചടക്കി പാകിസ്താൻ സൈന്യത്തിന്റെ ക്യാമ്പുകളിൽ ബന്ദികളാക്കിയതാണ്. പാകിസ്താൻ സൈനികർക്കുള്ള ‘ആതിഥ്യ സൽക്കാര’മായിരുന്നു അത്. ബംഗ്ലാദേശിലെ വിമോചന സമരകാലത്ത് 1971 മാർച്ച് മുതൽ ഡിസംബർ വരെ, ഇങ്ങനെ രണ്ടു ലക്ഷത്തിൽപ്പരം ബംഗാളി സ്ത്രീകൾ ബലാത്സംഗത്തിനും ലൈംഗിക അടിമത്തത്തിനും ഇരകളായി. ഇവരിൽ ഏതാണ്ട് പകുതിയോളവും മുസ്‌ലിം സ്ത്രീകളായിരുന്നു. ലൈംഗികാതിക്രമം നേരിട്ട സ്ത്രീകൾ വിമോചനസമര വിജയത്തിനുശേഷം ‘യുദ്ധ വീരവനിതകൾ’ ആയി പ്രഖ്യാപിക്കപ്പെട്ടെങ്കിലും അവരെ പൊതുസമൂഹത്തിലേക്ക് ഉദ്ഗ്രഥിക്കുക ദുഷ്കരമായിരുന്നു. രക്ഷിതാക്കളും ഭർത്താക്കൻമാരും അവരിൽ മിക്കവരെയും സ്വീകരിക്കാൻ തയ്യാറായില്ല. കിഴക്കൻ ബംഗാളിൽ ഈ നരമേധക്കാലത്ത് എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ഇനിയും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. ബംഗ്ലാദേശ് അധികൃതരുടെ കണക്കനുസരിച്ച് സൈന്യവും ജമാഅത്തെ ഇസ്-ലാമിയും അതിന്റെ അനുബന്ധ സംഘടനകളും ചേർന്ന് ആ ഒമ്പതു മാസത്തിനിടെ 20 ലക്ഷത്തിലധികം കിഴക്കൻ ബംഗാളികളെ വധിച്ചിട്ടുണ്ട്. പാക് സൈന്യത്തോ ടൊപ്പം ഈ നരനായാട്ടിൽ ചേർന്നു പ്രവർത്തിച്ച ജമാ അത്തെ ഇസ്‌ലാമിയുടെ ഉന്നത നേതാക്കളെല്ലാം പാകിസ്താനിലേക്ക് ഒളിച്ചോടി. താഴെക്കിടയിലുള്ള ജമാ അത്തുകാർ ബംഗ്ലാദേശിൽ തന്നെ തുടർന്നു.

യുദ്ധാനന്തരം, 1972 ജനുവരി 12 ന് ഷേക് മുജീബുറഹ്‌മാൻ സ്വതന്ത്ര ബംഗ്ലാദേശിന്റെ ആദ്യ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബംഗ്ലാദേശിന്റെ ആദ്യ ഭരണഘടനയുടെ ആരൂഢ തത്ത്വങ്ങൾ മതനിരപേക്ഷതയും ജനാധിപത്യവും ദേശീയതയും സോഷ്യലിസവുമായിരുന്നു. ഈ ഭരണഘടനയിലെ 12, 38 എന്നീ വകുപ്പുകൾ പ്രകാരം മതാസ്‌പദമായ രാഷ്ട്രീയപാർട്ടികളും മതരാഷ്ട്രസ്ഥാപനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനകളും നിരോധിക്കപ്പെട്ടു. അങ്ങനെ ഈസ്റ്റ് പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമിയും നിരോധിത സംഘടനയായി. ടാഗോറിന്റെ പദ്യമായ ‘അമർ സോനാർ ബംഗ്ല’ (എന്റെ സുവർണ ബംഗാൾ) ബംഗ്ലാദേശിന്റെ ദേശീയഗാനമായി അംഗീകരിച്ചു. 1975 ൽ പട്ടാള അട്ടിമറിയെത്തുടർന്ന് ഷേക് മുജീബും വളരെ അടുത്ത ഏതാനും കുടുംബാംഗങ്ങളും വധിക്കപ്പെട്ടു. അതേ വർഷം ഷേക് മുജീബിനു പകരം ബംഗ്ലാദേശിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാൻ പ്രാപ്‌തിയുണ്ടായിരുന്ന നാല് ബംഗാളി ദേശീയ നേതാക്കളും കൊല്ലപ്പെട്ടു.

1977 ൽ മേജർ സിയാവുർ റഹ്‌മാൻ ബംഗ്ലാദേശിന്റെ പ്രസിഡന്റ് പദവിയിലെത്തിയപ്പോൾ ബംഗ്ലാദേശ് ഭരണഘടനയിൽ കൊണ്ടുവന്ന അഞ്ചാം ഭരണഘടനാ ഭേദഗതി പ്രകാരം മതനിരപേക്ഷത, സോഷ്യലിസം എന്നീ മാർഗ ദർശക വകുപ്പുകൾ നീക്കം ചെയ്യുകയും മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ നിരോധനം പിൻവലിക്കുകയും ചെയ്തു. സിയാവുർ റഹ്‌മാന്റെ കാലത്തും പിന്നീട് ജനറൽ ഇർഷാദിന്റെ പട്ടാള ഭരണകാലത്തും തുടർന്ന് സിയാവുർ റഹ്‌മാന്റെ പത്നിയായ ബീഗം ഖാലിദ സിയ നേതൃത്വം ഏറ്റെടുത്ത ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിലേറിയ കാലത്തും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഭരണവർഗത്തിന്റെ പരിലാളനകളുടെ തണലിലായിരുന്നു.

1977 ഫെബ്രുവരിയിൽ ഈസ്റ്റ് പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി വിഭാഗമായിരുന്ന ഇസ്‌ലാമി ഛത്ര സംഘ് ബംഗ്ലാദേശ് ഇസ്‌ലാമി ഛത്ര ശിബിർ എന്നു പേരുമാറ്റി പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാർഥി വിഭാഗ മാണ് പുതുതായി നിരവധി അംഗങ്ങളെ ചേർത്ത് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ വിപുലീകരണത്തിന് ശക്തി പകർന്നത്. 1976 മുതൽ ഇസ്‌ലാമിസ്റ്റ് പാർട്ടികളുടെ സഖ്യമായ ഇസ്‌ലാമിക് ഡെമോക്രാറ്റിക് ലീഗിൽ ചേർന്നായിരുന്നു ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തനം. 1979 ൽ ഇസ്-ലാമിക് ഡെമോക്രാറ്റിക് ലീഗ് (ഐ.ഡി.എൽ) ബംഗ്ലാദേശ് മുസ്‌ലിംലീഗുമായി (ബി.എം.എൽ) സഖ്യമുണ്ടാക്കി പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിച്ചു. ഐ.ഡി. എൽ-ബി.എം.എൽ സഖ്യത്തിന് 20 സീറ്റുകൾ കിട്ടി. അതിൽ ആറ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്-ലാമി സ്ഥാനാർഥികളും ഉൾപ്പെടുന്നു. 1979 മെയ് മാസത്തിൽ ഐ.ഡി.എൽ സഖ്യം ഉപേക്ഷിച്ച് ഒരു പ്രത്യേക ഇസ്‌ലാമിസ്റ്റ് പാർട്ടിയായി ജമാ അത്ത് പ്രവർത്തിക്കാൻ തുടങ്ങി. സിയാവുർ റഹ്‌മാന്റെയും (1977-–1981) ഇർഷാദിന്റെയും (1982–-1990) പട്ടാള ഭരണകാലം ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഹിതകരമായ രാഷ്ട്രീയ പരിതഃസ്ഥിതിയായിരുന്നു. കാരണം, ഈ സൈനിക സമഗ്രാധിപത്യങ്ങളുടെ പ്രത്യയശാസ്ത്രാടിസ്ഥാനവും ഇസ്-ലാമിക് ഐഡിയോളജിയായിരുന്നു. ഈ കാലഘട്ടത്തിലാണ് സൗദി അറേ ബ്യയുടെ സാമ്പത്തിക പിന്തുണയുടെ ബലത്തിൽ പ്രവർത്തിച്ചിരുന്ന ഇബ്ൻ സിനാ ട്രസ്റ്റ്, റാബിത്ത അൽ-ആലം അൽ-ഇസ്‌ലാമി ട്രസ്റ്റ് തുടങ്ങിയ സംഘട നകളുടെയും മറ്റു ചില സമാനപ്രകൃതമുള്ള ധനകാര്യ സംഘടനകളുടെയും മേൽനോട്ട ചുമതല ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിക്ക് കിട്ടിയത്. ഇങ്ങനെ വന്നുചേർന്ന വമ്പിച്ച മൂലധനം ഉപയോഗിച്ചാണ് നിരവധി വിദ്യാഭ്യാസ സ്ഥാപ നങ്ങളും ധനകാര്യ സംഘടനകളും സാമൂഹിക, സാമ്പത്തിക സമിതികളും ജമാ അത്തെ ഇസ്-ലാമി ബംഗ്ലാദേശിൽ പടുത്തുയർത്തിയത്.

1986ൽ നടന്ന മൂന്നാമത്തെ പാർലമെന്റ്- തിരഞ്ഞെടുപ്പിൽ 300 സീറ്റിൽ മൽസരിച്ച ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിക്ക് 10 സീറ്റും 4.6 ശതമാനം വോട്ടു മാണ് ലഭിച്ചത്. 1980 കളുടെ അന്ത്യപാദത്തിൽ ഇർഷാദ് വിരുദ്ധ പ്രസ്ഥാനം മൂർദ്ധ ന്യത്തിലെത്തിയപ്പോൾ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അംഗങ്ങൾ പാർല മെന്റിൽ നിന്ന് രാജിവെച്ചു. 1990 ഡിസംബറിൽ ഇർഷാദ് വാഴ്‌ച അവസാനിക്കു കയും 1991 ന്റെ തുടക്കത്തിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി രാജ്യത്തെ നാലാമത്തെ വലിയ പാർട്ടിയായി മാറി. 18 സീറ്റും 12.13 ശതമാനം വോട്ടുമാണ് ജമാഅത്തിന് കിട്ടിയത്. 300 സീറ്റിൽ 140 എണ്ണം ബി.എൻ.പി ക്ക് കിട്ടി. സർക്കാരുണ്ടാക്കാൻ ബി.എൻ.പിയെ ജമാ അത്ത് സഹായിച്ചു. ബംഗ്ലാദേശ് രാഷ്ട്രീയത്തിലേക്കുള്ള ഗോപുരവാതിൽ ജമാ അത്തെ ഇസ്-ലാമിക്കു മുൻപിൽ തുറക്കപ്പെട്ടു. 1991 ൽ തന്നെ അവാമി ലീഗ് പാർട്ടി അതിന്റെ പ്രസിഡന്റ്- സ്ഥാനാർഥിക്കു വേണ്ടി ജമാഅത്തെ ഇസ്‌ലാമി യുടെ പിന്തുണ തേടുകയുണ്ടായി. ഈ ശ്രമം വിഫലമായെങ്കിലും ജമാഅത്തെ ഇസ്-ലാമിക്ക് പുതിയൊരു പരിവേഷവും ഔന്നത്യവും നൽകുന്നതിലാണ് അത് കലാശിച്ചത്. ബംഗ്ലാദേശ് വിമോചനസമരകാലത്ത് രാജ്യദ്രോഹപരമായ അക്യ ത്യങ്ങളിൽ ഏർപ്പെട്ട സംഘടന, ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ ‘കിങ് മേക്കർ’ ആയി മാറിയ ചരിത്രമുഹൂർത്തമായിരുന്നു അത്. 2001ൽ നടന്ന തിരഞ്ഞെടു പ്പിൽ ബി.എൻ.പി നേതൃത്വം നൽകിയ സഖ്യത്തിന്റെ ഭാഗമായി മൽസരിച്ച ജമാ അത്തെ ഇസ്-ലാമിക്ക് 17 സീറ്റ് കിട്ടി, മന്ത്രിസഭയിൽ രണ്ട് കാബിനറ്റ് പദവികളും.

2008 ഡിസംബറിലെ തിരഞ്ഞെടുപ്പിൽ ബി.എൻ.പി സഖ്യത്തിന്റെ ഭാഗമായി മൽസരിച്ച ജമാഅത്തെ ഇസ്‌ലാമിക്ക് രണ്ട് സീറ്റും 4.70 ശതമാനം വോട്ടു മാണ് ലഭിച്ചത്. 14 പാർട്ടികളുടെ മഹാസഖ്യം രൂപവൽക്കരിച്ച് മൽസരത്തിനിറ ങ്ങിയ അവാമി ലീഗ് വിജയിക്കുകയും 2009 ജനുവരിയിൽ അധികാരത്തിലേറു കയുംചെയ്തു. വിമോചന സമരകാലത്തു നടന്ന യുദ്ധ കുറ്റകൃത്യങ്ങളായിരുന്നു അവാമി ലീഗ് മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തിയിരുന്നത്. യുദ്ധ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും അവാമി ലീഗിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 2010 മാർച്ച് 25 ന് അവാമി ലീഗ് നേതൃത്വ ത്തിലുള്ള സർക്കാർ ഒരു മൂന്നംഗ ട്രിബ്യൂണലിനെയും ഏഴംഗ അന്വേഷണ ഏജൻസിയെയും 12 അംഗങ്ങളുള്ള പ്രോസിക്യൂഷൻ സംഘത്തെയും 1971 ൽ നടന്ന യുദ്ധക്കുറ്റകൃത്യ വിചാരണയ്ക്കായി നിയമിച്ചു. ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ (ഐ.സി.ടി) എന്നാണ് അത് അറിയപ്പെട്ടത്.

1973ൽ ബംഗ്ലാദേശ് സർക്കാർ പാസാക്കിയ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ ആക്ട് പ്രകാരമാണ് 2010 ൽ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ രൂപവൽക്കരിച്ചത്. വിചാരണ നേരിട്ട 12 പേരിൽ 9 പേർ ജമാഅത്തെ ഇസ്‌ലാമി നേതാക്കളായിരുന്നു. 1971 ൽ ഈസ്റ്റ് പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമിയുടെ അമീർ ആയിരുന്ന ഗുലാം ഹസൻ, പിന്നീട് അമീർ ആയ റഹ്‌മാൻ നിസാമി, ഡെപ്യൂട്ടി ആയിരുന്ന ദെൽവാർ ഹൊസൈൻ സയീദി, സെക്രട്ടറി ജനറൽ ആയിരുന്ന അലി അഹസൻ മുഹമ്മദ് മുജാഹിദ്, അസിസ്റ്റൻറ് സെക്രട്ടറിമാരായിരുന്ന അബ്ദുൽ ഖാദർ മൊല്ല, മുഹമ്മദ് കമറുസ്സമാൻ, ജമാഅത്തിന്റെ മീഡിയ കോർപ്പറേഷൻ തലവനായിരുന്ന മിർകാസിം അലി, ജമാഅത്ത് ആത്മീയ നേതാവായിരുന്ന അബുൽ കലാം ആസാദ് എന്നിവരെയും ബിഎൻപിയുടെ രണ്ടു നേതാക്കളെയും മാനവരാശിയ്ക്കെക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയവരായി ഐസിടി കണ്ടെത്തി ശിക്ഷ വിധിച്ചു. വംശഹത്യ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ബന്ദിയാക്കൽ, പീഡനം, മതഹിംസ തുടങ്ങിയവയായിരുന്നു ഇവർക്കെതിരെ തെളിയിക്കപ്പെട്ട കുറ്റകൃത്യങ്ങൾ. ഇവരിൽ പലരും തൂക്കിലേറ്റപ്പെട്ടു. ഗുലാം ഹസന്റെ പ്രായാധിക്യം പരിഗണിച്ച് 90 വർഷത്തെ തടവാണ് വിധിച്ചത്.

ജമാഅത്തിന്റെ അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന അബ്ദുൽ ഖാദർ മൊല്ലയ്ക്ക് ജീവപര്യന്തം തടവാണ് വിധിച്ചത്. 344 ബംഗാളികളെ വെടിവെച്ചു കൊല്ലുകയും 11 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതുമായിരുന്നു മൊല്ലയുടെപേരിൽ ആരോപിക്കപ്പെട്ട കുറ്റം. വാസ്‌തവത്തിൽ 71 ൽ പാകിസ്താൻ സൈന്യത്തിലെ ഒരു പ്രാദേശിക ദളവുമായി ചേർന്ന് നൂറുകണക്കിന് ബംഗാളികളെ വധിക്കുന്നതിനും കൂട്ട ബലാത്സംഗം ചെയ്യുന്നതിനും നേതൃത്വം നൽകിയ ജമാഅത്ത് നേതാവായിരുന്നു മൊല്ല. മൊല്ലയ്ക്ക് ജീവപര്യന്തം തടവുശിക്ഷ പോരെന്നും അദ്ദേഹത്തെ തൂക്കിക്കൊല്ലുക തന്നെ വേണമെന്നും ആവശ്യപ്പെട്ട് അഹിംസാത്മകമായി ബംഗ്ലാദേശിൽ ഉടനീളം 2013 ൽ പടർന്ന സമര പരമ്പരയാണ് ഷാഹ്ബാഗ് പ്രസ്ഥാനം എന്നറിയപ്പെടുന്നത്. ഷാഹ്ബാഗ് പട്ടണത്തിൽ നിന്നായിരുന്നു തുടക്കം. മൊല്ലയുൾപ്പെടെ യുദ്ധക്കുറ്റകൃത്യങ്ങൾ നടത്തിയവരെ മുഴുവൻ വധശിക്ഷയ്ക്ക് വിധേയരാക്കുക, ജമാഅത്ത ഇസ്-ലാമിയെ നിരോധിക്കുക, അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ധനകാര്യ സ്ഥാപനങ്ങളായ ഇസ്‌ലാമി ബാങ്കിനെയും ഇബ്ൻ സിന ട്രസ്റ്റിനെയും ബഹിഷ്കരിക്കുക തുടങ്ങിയവയായിരുന്നു പ്രക്ഷോഭകരുടെ ആവശ്യങ്ങൾ. ഒടുവിൽ ബംഗ്ലാദേശ് സുപ്രീം കോടതി മൊല്ലയുടെ ജീവപര്യന്തം തടവ് വധശിക്ഷ ആക്കി മാറ്റി. 2013 ഡിസംബർ 12ന് ധാക്ക ജയിലിൽ മൊല്ലയെ തൂക്കിലേറ്റി.

വിദ്യാർഥികൾ തന്നെയായിരുന്നു ഷാഹ്ബാഗ് പ്രസ്ഥാനത്തിന്റെ ചാലക ശക്തികളായി വർത്തിച്ചത്. 1950കളിലെ ഭാഷാപ്രക്ഷോഭം, 1969 ലെ പട്ടാള ഭരണത്തിനെതിരെയുള്ള സമരം, 1971 ലെ വിമോചന സമരം എന്നിവയിലെല്ലാം വിദ്യാർഥികളായിരുന്നു മുന്നണിപ്പോരാളികൾ. അവർ തീവ്ര ഇസ്ലാമിസത്തെ വെല്ലുവിളിക്കുകയും സെക്കുലർ നാഷണലിസത്തിന്റെ പതാക വാഹകരാവുകയും ചെയ്‌തു. ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ വിദ്യാർഥി വിഭാഗവും ഷാഹ്ബാഗ് പ്രസ്ഥാനത്തെയും ഐ സി ടി വിധിന്യായങ്ങളെയും ആക്രമണോൽസുകമായാണ് നേരിട്ടത്. അക്രമം പോലീസിനെതിരെ മാത്രമായിരുന്നില്ല, ബംഗ്ലാദേശിലെ ഹിന്ദുക്കളും ക്ഷേത്രങ്ങളും അവരുടെ ആക്രമണ ലക്ഷ്യങ്ങളായി.

2013ൽ ബംഗ്ലാദേശ് സുപ്രീംകോടതി ജമാഅത്തെ ഇസ്‌ലാമി എന്ന പാർട്ടിയുടെ രജിസ്ട്രേഷൻ നിയമവിരുദ്ധമാക്കുകയും തിരഞ്ഞെടുപ്പിൽ മൽസ രിക്കുന്നതിൽ നിന്ന് അതിനെ വിലക്കുകയും ചെയ്തു. എന്നാൽ ബംഗ്ലാദേശ് ജമാഅത്തെ ഇസ്-ലാമി എന്ന പാർട്ടിയെ നിരോധിച്ചിരുന്നില്ല. അവർ മുൻകാല തിരഞ്ഞെടുപ്പുകളിൽ ഒരു ഘട്ടത്തിലും ഗണ്യമായ ശക്തി പാർലമെന്റിലെ അംഗബലത്തിൽ കാണിച്ചില്ലെങ്കിലും ബംഗ്ലാദേശിന്റെ സാമൂഹിക – രാഷ്ട്രീയ മണ്ഡലങ്ങളെ ചൂഴ്ന്നുനിൽക്കുന്ന പ്രതിലോമ പ്രത്യയശാസ്‌ത ശക്തിയായി തുടരുന്നു. ജമാഅത്തെ ഇസ്‌ലാമിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കിയെങ്കിലും 2018ലെ തിരഞ്ഞെടുപ്പിൽ ബിഎൻപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിൽ അവർ മത്സരിച്ചു. പക്ഷേ, ഒരൊറ്റ സീറ്റും കിട്ടിയില്ല. 2019 ൽ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ സീനിയർ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ആയിരുന്ന ബാരിസ്റ്റർ അബ്ദുർ റസാഖ്, പാർട്ടിയിൽ നിന്ന് രാജിവച്ചു. 1971ലെ വിമോചന സമരത്തിലെ കൊടും കുറ്റകൃത്യങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി ഇന്നേവരെ ക്ഷമായാചനം നടത്താത്തതും പാർട്ടിയുടെ ഭരണഘടനയിൽ കാതലായ പരിഷ്കരണങ്ങൾ വരുത്താത്തതും ചൂണ്ടിക്കാണിച്ചായിരുന്നു രാജി. 1971ലെ കുറ്റകൃത്യങ്ങളിൽ മാപ്പപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജമാഅത്തിന്റെ ഉന്നത നേതൃത്വം തന്നെ ഭർത്സിച്ച് തള്ളിക്കളയുകയാണുണ്ടായതെന്ന് അബ്ദുർ റസാഖ് പറയുന്നു. 2020ൽ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ മുൻപ്രസിഡന്റായ മുജീബ് റഹ്‌മാൻ മോഞ്ചു രാജിവെക്കുകയും അമർ ബംഗ്ലാദേശ് പാർട്ടി എന്ന പുതിയ പാർട്ടി സ്ഥാപിക്കുകയും ചെയ്തു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയാകട്ടെ ‘ഇസ്-ലാമിക രാഷ്ട്രം’ അതായത് ‘അള്ളാഹുവിന്റെ ഭരണം’ സ്ഥാപിക്കുക എന്ന ഏകമാത്ര ലക്ഷ്യത്തിൽ നിന്ന് അണുവിട പിന്മാറിയിട്ടില്ല. ബാരിസ്‌റ്റർ അബ്‌ദുർ റസാഖ് രാജി വെക്കുമ്പോൾ പറഞ്ഞതുപോലെ ‘ജമാഅത്തിന്റെ ഉന്നത നേതൃത്വം ഇപ്പോഴും പുരാതനവും ജീർണ്ണവുമായ ആശയങ്ങളുടെ തടവറയിലാണ്’. ഷേക് മുജീബ് റഹ്‌മാൻ വിഭാവനം ചെയ്‌ത മതേതരത്വവും ജനാധിപത്യവും ബംഗ്ലാ ദേശീയതയും ഉൾച്ചേർന്ന ‘സോനാർ ബംഗ്ലാ’ (സുവർണ ബംഗ്ലാദേശ്) എന്ന ആശയത്തിന്റെ സംഹാരത്തിനാണ് ആദ്യം ഈസ്റ്റ് പാകിസ്താൻ ജമാ അത്തെ ഇസ്ലാമിയും പിന്നീട് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയും അഹോ രാത്രം ശ്രമിച്ചുപോന്നത്. കഴിഞ്ഞ മാസം ബംഗ്ലാദേശിലുണ്ടായ ഹസീന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ ചില ചെറുപ്പക്കാർ ഷേക് മുജീബ് റഹ്മാന്റെ പ്രതിമയ്-ക്കു മുകളിൽ മൂത്രമൊഴിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. അക്ഷരാർത്ഥത്തിൽ പിതൃഹത്യയായിരുന്നു അത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + one =

Most Popular