Wednesday, October 9, 2024

ad

Homeകവര്‍സ്റ്റോറിസോഷ്യൽ ഗ്രൂപ്പുകൾ

സോഷ്യൽ ഗ്രൂപ്പുകൾ

ആർഎസ്എസ്സും ഹിന്ദുത്വശക്തികളും
ഉയർത്തുന്ന വെല്ലുവിളി: 
അതിനെ ചെറുക്കേണ്ടതെങ്ങനെ?
പാർട്ടി വിദ്യാഭ്യാസ പരമ്പരയിൽ സിപിഐ എം 
കേന്ദ്ര നേതൃത്വം തയ്യാറാക്കിയത് ‐ 3
അനുബന്ധം – 2

‘‘സാമൂഹ്യമായ അടിച്ചമർത്തലിനെതിരായ വിഷയങ്ങളുടെ മുൻനിരയിൽ തന്നെ നാം ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് തുല്യാവകാശങ്ങൾ ഹിന്ദുത്വ അനുവദിക്കുന്നില്ല; ലിംഗപരമായ കീഴ്പ്പെടുത്തലിനെ ന്യായീകരിച്ചുകൊണ്ട് ഹീനമായ ആക്രമണങ്ങൾ വർധിച്ചുവരുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയുമാണ്’’ ഹിന്ദുത്വ പ്രത്യയശാസ്ത്രം ജാതി വ്യവസ്ഥയിലും പുരുഷാധിപത്യത്തിലും ഉൾച്ചേർക്കപ്പെട്ടതായതിനാൽ, ഹിന്ദുത്വ വർഗീയതയ്ക്കെതിരായ നമ്മുടെ പോരാട്ടത്തിലെ അതിപ്രധാനമായ ഒരു രംഗമായിരിക്കും ജാതിക്കും സ്ത്രീകളെ അടിച്ചമർത്തുന്നതിനുമെതിരായ പോരാട്ടം. ആർഎസ്എസിന്റെ മനുവാദി ധർമനയത്തിന്റെ മുഖ്യ ഇരകളായ ദളിതർ, സ്ത്രീകൾ, ഗോത്രവർഗക്കാർ, ന്യൂനപക്ഷങ്ങൾ എന്നീ വിഭാഗങ്ങളെ സാമൂഹിക –സാമ്പത്തിക നീതി ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് നാം പ്രക്ഷോഭത്തിൽ അണിനിരത്തണം. ഇതിനായി, ആർഎസ്എസ് സംഘടനകളുടെ നാനാവിധത്തിലുള്ള പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് ദളിതർക്കിടയിലും ആദിവാസി മേഖലയിലുമുള്ള സംഘടനാ പ്രവർത്തനം നാം വികസിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ മാത്രമേ, തങ്ങളുടെ കൂട്ടത്തിലേക്ക് ദുർബല വിഭാഗങ്ങളെ കൂട്ടിച്ചേർക്കുന്നതിന് വ്യാജ പദ്ധതികളുണ്ടാക്കുന്ന ആർഎസ്എസ്സിന്റെ തന്ത്രത്തെ നമുക്ക് നേരിടാൻ കഴിയൂ. ജാതിവിരുദ്ധ പ്രചാരണങ്ങൾ നടത്തുകയും മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളുകളെയും സംഘടനകളെയും നാം പ്രോത്സാഹിപ്പിക്കുകയും വേണം.

‘‘മതന്യൂനപക്ഷങ്ങൾക്കെതിരെ പ്രതേ-്യകിച്ചും വെറുപ്പിന്റെയും വിദേ-്വഷത്തിന്റെയും അതിനീചമായ പ്രചാരണമഴിച്ചുവിടുകയും ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ആക്രമണങ്ങൾ നിരന്തരം നടത്തുകയും ചെയ്യുന്ന ഹിന്ദുത്വ സംഘങ്ങളുടെ കടന്നാക്രമണങ്ങളെ നാം സജീവമായി ചെറുക്കണം. പൊതു ഇടങ്ങളെ വർഗീയവൽക്കരിക്കാനുള്ള നീക്കങ്ങളെ സ്ഥൂലതലത്തിലും സൂക്ഷ്മതലത്തിലും ഒരേപോലെ ചെറുക്കാൻ നാം സദാ ജാഗ്രത പുലർത്തണം’’.

മുസ്ലീങ്ങൾക്കിടയിൽ നാം നടത്തുന്ന മതനിരപേക്ഷമായ പ്രവർത്തനങ്ങളെ മുസ്ലിം നേതാക്കളും മതമൗലികവാദശക്തികളും ഇഷ്ടപ്പെടുന്നില്ല. സമീപകാലത്ത് നടത്തിയ എൻആർസി / സിഎഎ വിരുദ്ധ പ്രക്ഷോഭം പോലെയുള്ള ചില സന്ദർഭങ്ങളിൽ അവർ നമ്മളോട് സൗഹാർദ്ദതയോടെ ഇടപെടുമ്പോൾ പോലും സാധാരണ മുസ്ലീങ്ങളെ നമ്മളിൽനിന്ന് അകറ്റിനിർത്താനായിരിക്കും അവർ സദാ ശ്രമിച്ചുകൊണ്ടിരിക്കുക. ഇതിനെ അതിജീവിക്കണമെങ്കിൽ, രാഷ്ട്രീയ ഇടപെടലുകൾക്കും പ്രത്യയശാസ്ത്ര പ്രവർത്തനത്തിനും പുറമെ മുസ്ലിം ബഹുജനങ്ങളുമായുള്ള ബന്ധമുണ്ടാക്കാനും അത് ഊട്ടിയുറപ്പിക്കുന്നതിനുമുള്ള ഒരേയൊരു വഴി വ്യാപകമായി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ആ സമുദായത്തിനിടയിൽ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും സഹായിക്കുകയും വേണം.

പ്രത്യയശാസ്ത്രപരമായ പോരാട്ടം
ആർഎസ്എസും പരിവാർ സംഘടനകളും മാധ്യമങ്ങളിലൂടെയും കാതോട് കാതോരവും നടത്തുന്ന, നിഗൂഢമായി വ്യാപിപ്പിക്കുന്നതും, സർവവ്യാപകവുമായ വർഗീയ പ്രചാരണങ്ങളെ ചെറുക്കുന്നതിന് നാം അതിശക്തമായ പ്രത്യയശാസ്ത്ര പോരാട്ടം നടത്തേണ്ടതാണ്.

(a) ഹിന്ദുത്വത്തിന്റെയും മറ്റു രൂപങ്ങളിലുള്ള വർഗീയതയുടെയും പിന്തിരിപ്പനും വിഭാഗീയവുമായ സ്വഭാവത്തെ തുറന്നുകാണിക്കാനുള്ള പ്രചാരണത്തിന് ഉപയോഗിക്കുന്നതിനുവേണ്ടി സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാനാവുന്ന ശെെലിയിൽ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ കൃതികൾ തയ്യാറാക്കണം. ഈ ലക്ഷ്യം നേടുന്നതിനായി സമർപ്പിത മനസ്-കരായ ഒരു സംഘം ആളുകൾ നമുക്കുണ്ടാവണം. സംവാദ സദസ്സുകളും പൊതുയോഗങ്ങളും ലഘുലേഖാ വിതരണവും സമാനമായ വിധത്തിൽ മറ്റു രൂപങ്ങളിലുള്ള പ്രചാരണ പ്രവർത്തനങ്ങളും സ്ഥിരമായും വ്യാപകമായും നടത്തേണ്ടതുണ്ട്. ഹിന്ദുത്വശക്തികളുടെ വർഗീയ പ്രചാരണത്തെ ചെറുത്തുതോൽപിക്കുന്നതിന് സോഷ്യൽ മീഡിയയിലെ ഇടപെടൽ വളരെ പ്രധാനപ്പെട്ട ഒന്നായി തീർന്നിരിക്കുന്നു.

(b) പാർട്ടിയും ബഹുജന സംഘടനകളും നടത്തുന്ന ഗവേഷണ കേന്ദ്രങ്ങളെയും ട്രസ്റ്റുകളെയും ഒന്നിച്ചണിനിരത്തണം; വർഗീയ ശക്തികൾക്കെതിരായ പ്രത്യയശാസ്ത്ര പോരാട്ടത്തിനുവേണ്ട ധെെഷണികവും സാംസ്കാരികവുമായ എല്ലാ വിഭവങ്ങളെയും ഒരുമിച്ചുകൊണ്ടുവരണം; വർഗീയതയ്ക്കെതിരായ സംയുക്ത വേദിക്ക് രൂപം നൽകുന്നതിന് ബുദ്ധിജീവികളെയും ചരിത്രകാരരെയും ശാസ്ത്രജ്ഞരെയും സാംസ്കാരിക വ്യക്തിത്വങ്ങളെയും അവരുടെയെല്ലാം സംഘടനകളെയും അണിനിരത്തണം.

(c) പ്രീ സ്കൂൾ തലത്തിലും സ്കൂൾ തലത്തിലും ആർഎസ്എസിന്റെ പ്രചരണത്തെ ചെറുക്കുന്നതിനുള്ള നടപടികൾ അധ്യാപകരുടെയും സാമൂഹ്യ സംഘടനകളുടെയും ശാസ്ത്ര പ്രസ്ഥാനങ്ങളുടെയും സഹായത്തോടുകൂടി ഏറ്റെടുക്കണം. എല്ലാ പട്ടണങ്ങളിലും ബാലോത്സവങ്ങൾ സംഘടിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട ആന്ധ്രാ അനുഭവം വളരെ പ്രയോജനപ്രദമാണ്; സ്കൂൾ തലത്തിലുള്ളവ യുവമനസ്സുകളിലേക്ക് കടന്നുകയറാനുള്ള നല്ല മാർഗവുമാണത്.

(d) തങ്ങളുടെ വിവിധ മുന്നണി സംഘങ്ങളിലൂടെ ആർഎസ്എസ് പ്രീ സ്കൂൾ തലം മുതൽ ഹയർ സെക്കൻഡറി തലംവരെയുള്ള ലക്ഷക്കണക്കിന് സ്കൂളുകൾ നടത്തുന്നുണ്ട്. ആർഎസ്എസ് നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് ട്രസ്റ്റുകളോ രജിസ്റ്റർ ചെയ്യപ്പെട്ട സൊസെെറ്റികളോ സഹകരണ സംഘങ്ങളോ നടത്തുന്ന സ്കൂളുകൾ സ്ഥാപിക്കാൻ നാം മുൻകെെയെടുക്കണം.

(e) ഇന്ത്യാ ചരിത്രം പഠിക്കുന്നതിനുള്ള യുക്തിസഹമായ മാർഗം പ്രോത്സാഹിപ്പിക്കുന്നത് ഹിന്ദുത്വ വർഗീയ ശക്തികളെ ചെറുക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു മേഖലയാണ്. അഖിലേന്ത്യാതലത്തിലും സംസ്ഥാനതലങ്ങളിലുമുള്ള ചരിത്ര കോൺഗ്രസുകളിൽ നാം സജീവമാകണം. തങ്ങളുടെ വർഗീയ രാഷ്ട്രീയത്തിന് സഹായകമായവിധം പ്രാദേശിക ചരിത്രങ്ങളെ വളച്ചൊടിക്കുന്ന ചരിത്രകാരരെ കൃത്യമായി പ്രോത്സാഹിപ്പിക്കുന്ന ആർഎസ്എസിനോട് ഏറ്റുമുട്ടുന്നതിന് ഓരോ സംസ്ഥാനത്തും നാം അമച്വർ ചരിത്രകാരരെ പ്രോത്സാഹിപ്പിക്കണം.

ശാസ്ത്ര പ്രവർത്തനങ്ങളും 
യുക്തിവാദ പ്രവർത്തനങ്ങളും
‘‘യുക്തിയെ അടിസ്ഥാനമാക്കിയുള്ള മതനിരപേക്ഷ ശാസ്ത്രീയ ചിന്തയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വർധിച്ചുവരുന്ന വിജ്ഞാന വിരോധം, മൂഢ വിശ്വാസം, അയുക്തികത, അന്ധവിശ്വാസം എന്നിവയെ ചെറുക്കുന്നതിന് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ പോലെയുള്ള സംഘടനകളെ നാം പ്രോത്സാഹിപ്പിക്കണം. ഹിന്ദുത്വ ബ്രിഗേഡുകൾ പ്രചരിപ്പിക്കുന്ന അയുക്തികതയെയും യുക്തിരാഹിത്യത്തെയും നേരിടുന്നതിന് ഇത് അനിവാര്യമാണ്’’.

വർഗീയശക്തികൾ പ്രചരിപ്പിക്കുന്ന ഹാനികരവും അശാസ്ത്രീയവുമായ ആശയങ്ങളെയും മൂല്യങ്ങളെയും എതിർത്ത് തോൽപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജനകീയശാസ്ത്ര പ്രസ്ഥാനം ഏറ്റെടുക്കണം. ഈ ലക്ഷ്യം നേടുന്നതിനായി ശാസ്ത്രജ്ഞരെയും യുക്തിചിന്തകരെയും മജീഷ്യൻമാരെയും അവരുടെയെല്ലാം സംഘടനകളെയും അണിനിരത്താൻ കഴിയണം. അധ്യാപകരുടെയും മജീഷ്യൻമാരുടെയും സഹായത്തോടെ സ്കൂളുകളിൽ മാജിക് പ്രദർശനങ്ങളും വിഡംബന പ്രകടനങ്ങളും (Ventriloquism Shows – ഏതോ ദിക്കിൽനിന്നും മറ്റാരെങ്കിലും സംസാരിക്കുകയാണെന്ന് ശ്രോതാക്കൾക്ക് തോന്നത്തക്കവണ്ണമുള്ള ഭാഷണം) സംഘടിപ്പിക്കണം.

കുട്ടികൾക്കും യുവജനങ്ങൾക്കുമിടയിൽ ശാസ്ത്രബോധവും ശാസ്ത്രചിന്തയോടുള്ള അഭിനിവേശവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പരിശ്രമം നടത്തണം. കാലാകാലങ്ങളിൽ ശാസ്ത്രോത്സവങ്ങളും അമച്വർ മാജിക് ഷോകളും സംഘടിപ്പിക്കപ്പെടണം.

സംസ്കാരം
സംസ്കാരത്തിന്റെ മണ്ഡലത്തിൽ സമരം നടത്തേണ്ടത് നിർണായകമാണ്; കാരണം ഇന്ന് നടക്കുന്ന വർഗീയ അണിനിരത്തലുകളുടെ കേന്ദ്ര ബിന്ദു അതാണ്.

(a) ജനങ്ങളെ വർഗീയവൽക്കരിക്കുന്നതിനാണ് മതപരമായ ഉത്സവങ്ങളെ ഉപയോഗിക്കുന്നത്. അത്തരം സന്ദർഭങ്ങളെ നാം വർഗീയ ശക്തികൾക്കായി വിട്ടുകൊടുക്കരുത്. ഈ ഉത്സവങ്ങളെ വർഗീയവൽക്കരിക്കുന്നത് തടയുന്നതിനും മതനിരപേക്ഷ ഇടങ്ങൾ വിപുലപ്പെടുത്തുന്നതിന് അത്തരം സന്ദർഭങ്ങളെ പ്രയോജനപ്പെടുത്താനും നാം ഇടപെടണം. വർഗീയശക്തികളെ ചെറുക്കുന്നതിന് ഏറ്റെടുക്കേണ്ട പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്നാണ് മതചിന്തകൾക്കും വിശ്വാസങ്ങൾക്കും അതീതമായി സാംസ്കാരികമായ നടപടികളെ വർഗീയരഹിതമാക്കുക എന്നത്. മതപരമായ വികാസത്തിൽ രണ്ട് ഘടകങ്ങൾ ഉൾപ്പെടുന്നുണ്ട് – വിശ്വാസവും സംസ്കാരവും. വിശ്വാസം മതപരമാണ്; സംസ്കാരം മതനിരപേക്ഷവും. മതനിരപേക്ഷ സാംസ്കാരിക പാരമ്പര്യത്തെ നാം സ്വായത്തമാക്കണം.

(b) സാധാരണക്കാർക്കാകെ പങ്കെടുക്കാൻ കഴിയത്തക്കവിധത്തിൽ ബദൽ മതനിരപേക്ഷ ഉത്സവങ്ങൾ രൂപപ്പെടുത്തണം. കുടുംബങ്ങൾക്കായുള്ള സാമൂഹിക കൂട്ടായ്മയുടെ വേദികളായി മാറത്തക്കവിധത്തിൽ ഈ ഉത്സവങ്ങൾ സംഘടിപ്പിക്കപ്പെടണം; ആദർശാത്മകവും ആരോഗ്യകരവും പുരോഗമനപരവുമായ വിനോദം ആസ്വദിക്കുന്നതിനുള്ള സന്ദർഭങ്ങളായി അവ മാറണം. ഉദാഹരണത്തിന്, മെയ് ദിനം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഭഗത്-സിങ് രക്തസാക്ഷിദിനം എന്നിവയെല്ലാം ഇത്തരം സന്ദർഭങ്ങളായി തെരഞ്ഞെടുക്കപ്പെടാവുന്നതാണ്.

(c) തൃണമൂല തലത്തിലുള്ള പ്രവർത്തനങ്ങളുടെ അവിഭാജ്യഭാഗമായി ബഹുജന സംഘടനകൾ സാമൂഹ്യവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. പ്രാദേശികതലത്തിൽ വികേന്ദ്രീകൃതമായ മതനിരപേക്ഷ സാംസ്കാരിക പ്രവർത്തനങ്ങൾ ഏറ്റെടുക്കണം– നാടൻ കലകൾ, സംഗീതം, സാഹിത്യം, പരിസ്ഥിതി എന്നിവയ്ക്ക് പ്രാധാന്യം നൽകണം; സാധാരണ ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കണം ഇതിലൂടെ പുരോഗമനപരവും നിരപേക്ഷവും ശാസ്ത്രീയവുമായ സമീപനങ്ങൾ വിവിധ ജനവിഭാഗം ജനങ്ങൾക്കിടയിൽ നാം പ്രചരിപ്പിക്കേണ്ടത്.

(d) ട്രേഡ് യൂണിയനുകളും മറ്റു മേഖലാധിഷ്ഠിത ബഹുജന സംഘടനകളും ചേരി (ബസ്തി) അധിഷ്ഠിതവും സാമുദായികാധിഷ്ഠിതവുമായ സംഘടനകളും പാർപ്പിടപ്രദേശങ്ങളിൽ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുകയും ഏകോപിപ്പിക്കുകയും വേണം.

‘‘ഇന്ത്യൻ സമൂഹത്തിലെ സങ്കീർണമായ സംസ്കാരത്തെ ഉയർത്തിപ്പിടിച്ച്, ദളിതർക്കിടയിലും ആദിവാസികൾക്കിടയിലും നിലനിൽക്കുന്ന അതിനിഷ്ഠുരമായ ഹിന്ദുത്വത്തിന്റെ ജാതീയവും അശാസ്ത്രീയവുമായ മൂല്യങ്ങളുടെ വ്യാപനത്തെ’’ ചെറുക്കുന്നതിനുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നാം അതീവശ്രദ്ധ പുലർത്തണം.

(e) പുരോഗമനപരവും മതനിരപേക്ഷവുമായ മൂല്യങ്ങളെയും സാംസ്കാരിക ഉൽപ്പന്നങ്ങളെയും സംരക്ഷിക്കുന്നതിനായുള്ള വിശാലമായ സാംസ്കാരികവേദികൾക്ക് രൂപംനൽകുന്നതിനെ നാം പ്രോത്സാഹിപ്പിക്കണം.

(f) കവികൾ, സ്വാതന്ത്ര്യസമര സേനാനികൾ, ശാസ്ത്രജ്ഞർ എന്നിങ്ങനെയുള്ള മഹാന്മാരായ എല്ലാ പൊതുവ്യക്തിത്വങ്ങളുടെയും വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് നാം പ്രത്യേകപരിപാടികൾ സംഘടിപ്പിക്കണം; ഇത്തരം പരിപാടികളിൽ താൽപ്പര്യമുള്ള എല്ലാ സംഘടനകളെയും ഇതുമായി ബന്ധപ്പെടുത്തണം.

(g) നമ്മുടെ സ്റ്റഡി സെന്ററുകൾ സാംസ്കാരിക വേദികൾ സ്ഥിരമായി എല്ലാ തലങ്ങളിലും യുവജനോത്സവങ്ങൾക്ക് പ്രോത്സാഹനം നൽകണം.

(h) സ്പോർട്സ്, ഫിറ്റ്നസ്, കലകൾ തുടങ്ങിയ എല്ലാ യുവജന താൽപ്പര്യമുള്ള പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടണം. മാനുഷികവും സേവനപരവുമായ എല്ലാ പ്രവർത്തനങ്ങളിലും യുവജനങ്ങളെ ഉൾപ്പെടുത്തണം.

(i) ശാരീരികക്ഷമതാ പരിശീലനം ലഭിച്ച യുവജനങ്ങളെ ഉൾപ്പെടുത്തി നാം ഒരു സന്നദ്ധസേന കെട്ടിപ്പടുക്കണം. ആവശ്യമായ ഇടങ്ങളിലെല്ലാം സാമൂഹിക സേവന പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നതിന് ഈ സന്നദ്ധ സേനാംഗങ്ങളെ ഉപയോഗിക്കാൻ കഴിയും.

(j) ഗ്രാമീണ നാടൻ കലാകാരരെ അണിനിരത്തുകയും സ്ഥിരമായി നാടോടി ഉത്സവങ്ങൾ സംഘടിപ്പിക്കുകയും വേണം. ഈ കലാകാരർ ഏറെയും വരുന്നത് അധഃസ്ഥിത ജനവിഭാഗങ്ങളിൽ നിന്നാണ്. ഇക്കാര്യത്തിൽ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന നമ്മുടെ ബഹുജന സംഘടനകൾ മുൻകെെയെടുക്കണം. മതനിരപേക്ഷ ഉള്ളടക്കത്തോടുകൂടിയ കാംപെയ്നുകൾ നടത്തുന്നതിന് ഈ നാടോടി കലാരൂപങ്ങളെ ഉപയോഗിക്കാൻ കഴിയും.

(k) ഹ്രസ്വ ചലച്ചിത്രങ്ങൾ, പെയിന്റിങ്ങുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും പ്രദർശനങ്ങളും ഉത്സവങ്ങളോടനുബന്ധിച്ച് നാം സംഘടിപ്പിക്കണം; ചെറുപ്പക്കാരായ അമച്വർ കലാകാരരെ അണിനിരത്തിയായിരിക്കണം നാം ഇത് ചെയ്യേണ്ടത്. നമ്മുടെ സ്റ്റഡി സെന്ററുകളായിരിക്കണം ഇതിന്റെ സംഘാടകർ.

സാമൂഹ്യസേവനം
‘‘നാം സാമൂഹിക സേവനപ്രവർത്തനങ്ങൾ ഏറ്റെടുക്കണം; ബഹുജനങ്ങൾക്കിടയിലെ നമ്മുടെ ദെെനംദിന പ്രവർത്തനത്തിന്റെ ഭാഗമാക്കി അതിനെ മാറ്റണം. കോവിഡ് മഹാമാരിയുടെ കാലത്ത് നാം നടത്തിയ പ്രവർത്തനം ഹെൽത്ത് സെന്ററുകളിലൂടെ നാം തുടരണം. ഗ്രന്ഥശാലകളും വായനശാലകളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കോച്ചിങ് സെന്ററുകളും നെെപുണി വികസനകേന്ദ്രങ്ങളും ഹെൽത്ത് സെന്ററുകളും മറ്റുമെല്ലാം സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നാം ഏറ്റെടുക്കണം.’’ പാർട്ടിയും ബഹുജന സംഘടനകളും നാം സ്ഥാപിക്കുന്ന ട്രസ്റ്റുകളും സ്ഥിരമായിതന്നെ ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതാണ്.

ആരോഗ്യ–വിദ്യാഭ്യാസമേഖലകളിൽ നാം ജനകീയപ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കണം. ‘‘ആർഎസ്എസും ഹിന്ദുത്വവർഗീയ ശക്തികളും വിദ്യാഭ്യാസമേഖലയിൽ വളരെ സജീവമാണ്. ശാസ്ത്രബോധവും ശാസ്ത്രീയചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസത്തിൽ മതനിരപേക്ഷവും ജനാധിപത്യപരവും സർവതലസ്പർശിയുമായ (Syncretic) ഉള്ളടക്കം സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വിദ്യാഭ്യാസരംഗത്ത് ഇടപെടാൻ നാം മുൻകെെയെടുക്കണം.’’

വർഗീയതയ്ക്കെതിരായ സമരത്തെ മതനിരപേക്ഷതയ്ക്കുവേണ്ടിയുള്ള സമരമായി നാം പരിവർത്തനപ്പെടുത്തേണ്ടതാണ്. പൗര സമൂഹത്തിന്റെ (സിവിൽ സൊസെെറ്റി) മതനിരപേക്ഷവൽക്കരണം വർഗീയതയെ ചെറുത്തുതോൽപ്പിക്കാനുള്ള പ്രധാനപ്പെട്ട ഒരു മാർഗമാണ്. വർഗീയശക്തികൾ നടത്തുന്ന മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഏകജാതിവൽക്കരണ നീക്കങ്ങളെ ചെറുക്കുന്നതിന് ഭൗതികവും മതേതരവുമായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി പ്രാദേശിക തലത്തിൽ മതനിരപേക്ഷ സമൂഹങ്ങൾ കെട്ടിപ്പടുക്കാനും അവയെ ശക്തിപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ നാം നടത്തണം. ജാതിക്കും മതത്തിനുമതീതമായ അയൽക്കൂട്ട സമൂഹങ്ങളാണ് നമുക്ക് വേണ്ടത്. ഇതിനു വേണ്ടി പുതിയ വേദികളും പുതിയ മാതൃകകളും നാം സൃഷ്ടിക്കേണ്ടതാണ്.

വർഗീയതയ‍്ക്കെതിരായി വിപുലമായി ജനങ്ങളെ അണിനിരത്തുന്നതിന് എല്ലാ മതനിരപേക്ഷ, ജനാധിപത്യ പുരോഗമനശക്തികളെയും ചേർത്തുള്ള സംയുക്തവേദികൾ നാം രൂപപ്പെടുത്തണം. എന്നാൽ, ഇത്തരം വേദികളെ തിരഞ്ഞെടുപ്പ് കൂട്ടുകെട്ടുകൾക്കായുള്ള വേദികളായി കാണരുത്.

ധനകാര്യം: കോർപ്പറേറ്റ് മൂലധനത്തിൽനിന്നുള്ള ഫണ്ട് ലഭിക്കുന്ന ആർഎസ്എസിൽനിന്നും വ്യത്യസ്തമായി നമ്മുടെ സാമൂഹികസേവന പ്രവർത്തനങ്ങൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും വേണ്ട ധനസമാഹരണത്തിനായി നാം പൊതുജനങ്ങളിൽ നിന്നാകെയാണ് വിഭവങ്ങൾ കണ്ടെത്തേണ്ടത്; നല്ല മനസ്സുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ബിസിനസ്സുകാരിൽ നിന്നും വിഭവസമാഹരണം നടത്താവുന്നതാണ്. ഈ പ്രവർത്തനങ്ങളെ ധനപരമായി സഹായിക്കുന്നതിന് നമ്മുടെ ബഹുജന സംഘടനകളും, ചുരുങ്ങിയത് ആ സംഘടനകളുമായി ബന്ധപ്പെട്ട വിഭാഗങ്ങളുടെ കാര്യത്തിലെങ്കിലും, മുന്നോട്ടുവരേണ്ടതാണ്.
(അവസാനിച്ചു)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 4 =

Most Popular