Thursday, September 19, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംസോഷ്യലിസം, കമ്പോളം, 
സ്റ്റേറ്റ് മുതലാളിത്തം: 
ലെനിന്റെ ആലോചനകൾ

സോഷ്യലിസം, കമ്പോളം, 
സ്റ്റേറ്റ് മുതലാളിത്തം: 
ലെനിന്റെ ആലോചനകൾ

കെ എസ് രഞ്ജിത്ത്

നിയോലിബറൽ ചട്ടക്കൂടിനെ വളരെ സ്വാഭാവികമായ ഒന്നായി വിലയിരുത്തപ്പെടുന്ന സമകാലിക ലോകത്ത് , ഉല്പാദന മേഖലയെ നിയന്ത്രിക്കേണ്ടത് കമ്പോളമാണോ അതല്ലെങ്കിൽ കമ്പോള ശക്തികളുടെ ഉപയോഗം ഏതളവു വരെയാകാം, എവിടെയൊക്കെ അനുവദിക്കാം തുടങ്ങിയ ചോദ്യങ്ങൾ അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമല്ല. കമ്പോളത്തിന്റെ നിയമങ്ങൾ വായുവും വെളിച്ചവും പോലെ സർവ്വവ്യാപിയും അനശ്വരവുമായ ഒന്നാണ് എന്ന് കരുതിപ്പോരുന്നവരാണ് ഒട്ടുമിക്ക രാജ്യങ്ങളിലെ ഭരണകൂടങ്ങളും നമ്മുടെ മുഖ്യധാരാ സാമ്പത്തികശാസ്ത്രവും എന്നതാണ് ഇതിന്റെ കാരണം. സാമ്പത്തിക ചിന്താപദ്ധതികളെ പോസിറ്റിവിസ്റ്റ് കാഴ്ചപ്പാടുകൾ പരിപൂർണ്ണമായും കീഴ്പ്പെടുത്തിയിരിക്കുന്ന ഒരു കാലാവസ്ഥയിൽ ഇത് തികച്ചും പ്രതീക്ഷിക്കാവുന്ന ഒന്നാണ്.

ഏറെ പ്രസക്തമായ ഈ വിഷയത്തെ ആഴത്തിൽ മനസിലാക്കാൻ ശ്രമിക്കുന്നവർക്കുള്ള വലിയ ചരിത്രപാഠമാണ് ലെനിന്റെ മുൻകൈയിൽ 1921 ൽ സോവിയറ്റ് യൂണിയനിൽ നടന്ന പുത്തൻ സാമ്പത്തിക പരീക്ഷണങ്ങൾ . ഇതു സംബന്ധിച്ച് ലെനിൻ തയ്യാറാക്കിയ ലഘു ഗ്രന്ഥമായ ഉല്പന്നാധിഷ്ഠിതമായ നികുതി ( Tax in kind, 1921 ഏപ്രിൽ ) , പുത്തൻ സാമ്പത്തിക നയവും രാഷ്ട്രീയ മുന്നണിയിലെ കടമകളും (The New Economic policy and the tasks on the political front, 1921 ഒക്ടോബർ ) എന്ന പ്രബന്ധവും മുൻനിർത്തിയുള്ള ആലോചനയാണിത്.

പ്രാങ് മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന ഒരു സമൂഹത്തിൽ കമ്പോളശക്തികളുടെ പങ്കെന്ത് എന്ന സമസ്യയായിരുന്നു ലെനിൻ അഭിമുഖീകരിച്ചത്. സോഷ്യലിസ്റ്റ് ഭരണക്രമവും ഉല്പാദന സമ്പ്രദായവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ എത്ര പരിമിതമായിട്ടാണെങ്കിലും കമ്പോള ശക്തികളെ കെട്ടഴിച്ചുവിടുന്നത് സാധൂകരിക്കാവുന്നതാണോ എന്ന ചോദ്യവും ഇതിനൊപ്പം ഉയർന്നിരുന്നു . ഈ ചർച്ചകൾക്കിടയായ പശ്ചാത്തലത്തെക്കുറിച്ച് ആദ്യം അല്പമൊന്ന് വിശദീകരിക്കേണ്ടിയിരിക്കുന്നു.

ഉല്പാദനോപാധികൾ മുഴുവനും ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് വിപ്ലവാനന്തര റഷ്യയിലെ കമ്യൂണിസ്റ്റ് സർക്കാർ ആദ്യഘട്ടത്തിൽ ചെയ്തത്. ഒക്ടോബർ വിപ്ലവത്തിന് ശേഷമുള്ള ഏതാനും വർഷങ്ങൾ റഷ്യയിൽ കടുത്ത ആഭ്യന്തര യുദ്ധമായിരുന്നു. പഴയ ഭൂപ്രഭുക്കളും ധനികരും പുതിയ സോവിയറ്റ് ഭരണകൂടത്തിനെതിരെ ശക്തമായ ആക്രമണം ആരംഭിച്ചു. മറുവശത്താകട്ടെ കമ്യൂണിസ്റ്റ് ആശയ സംഹിതകൾക്കനുസൃതമായ കാഴ്ചപ്പാടുകൾ നടപ്പിലാക്കുന്നതിനായി സോവിയറ്റ് ഗവണ്മെന്റ് ശക്തമായ നിലപാട് കൈക്കൊണ്ടു. ഉല്പാദനോപാധികളെല്ലാം ദേശസാൽക്കരിച്ചു. കൃഷിഭൂമി കർഷക കൂട്ടായ്മകളുടേതാക്കി മാറ്റി. നാട്ടുമ്പുറങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നും ധാന്യങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്ന ചുമതല സർക്കാർ തന്നെ നേരിട്ട് ഏറ്റെടുത്തു .അതുപോലെ ചെറുതും വലുതുമായ എല്ലാ തൊഴിൽ സംരംഭങ്ങളുടെയും നടത്തിപ്പും സർക്കാർ നേരിട്ട് ഏറ്റെടുത്തു . 1920 വരെ തുടർന്ന ഈ കാലഘട്ടത്തെ ലെനിൻ വിളിച്ചത് ‘യുദ്ധകാല കമ്യൂണിസം’ എന്നാണ്. ഒരുഭാഗത്ത് രൂക്ഷമായ ആഭ്യന്തര യുദ്ധം; മറ്റൊരിടത്ത് പരമ്പരാഗതമായി ഉല്പാദനോപാധികൾ കൈവശംവെച്ചുകൊണ്ടിരുന്നവരും ഇപ്പോൾ ദേശസാൽക്കരണത്തെത്തുടർന്ന് അത് നഷ്ടപ്പെട്ടവരുമായവരുടെ ശക്തമായ എതിർപ്പുകൾ; കൂട്ടത്തിൽ കടുത്ത ക്ഷാമവും. ഈ പ്രതിസന്ധികളെ അതിജീവിക്കുക എന്ന കടുത്ത വെല്ലുവിളിയാണ് സോവിയറ്റ് ഭരണകൂടത്തിനുണ്ടായിരുന്നത് . ഭക്ഷ്യോല്പന്നങ്ങളുടെ കടുത്ത ക്ഷാമമായിരുന്നു ഇതിന്റെ പ്രത്യാഘാതങ്ങളിൽ പ്രധാനം . പരമ്പരാഗത കർഷക സമൂഹത്തെ കൂടെനിർത്തുക എന്നതായിരുന്നു മറ്റൊരു പ്രധാന വെല്ലുവിളി . ഈ പ്രതിസന്ധിയെ മറികടക്കാനാണ് പുത്തൻ സാമ്പത്തിക നയം ലെനിൻ ആവിഷ്കരിക്കുന്നത് . 1921 ഒക്ടോബർ 17 ന് പരസ്യപ്പെടുത്തിയ പുതിയ സാമ്പത്തിക നയ സമീപനത്തെ ലെനിൻ വിശദീകരിച്ചത് ഇപ്രകാരമാണ്:

“നാം ആവിഷ്കരിച്ചിരിക്കുന്ന ഈ പുതിയ നയം ,വിപ്ലവാനന്തരം നാം കൈക്കൊണ്ട സമീപനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തവും അതിനു മുൻപുണ്ടായിരുന്ന സമീപനങ്ങളോട് കൂടുതൽ അടുത്തുനില്കുന്നതുമാണ്…

‘‘പഴയ റഷ്യൻ സമ്പദ്‌വ്യവസ്ഥയെ , കമ്യൂണിസ്റ്റ് സ്വഭാവത്തിൽ ഉല്പാദനവും വിതരണവും നടക്കുന്ന,സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള ഒന്നായി നേരിട്ട് പരിണമിപ്പിക്കുക എന്നതായിരുന്നു നാം ആദ്യം കൈക്കൊണ്ട നയത്തിലൂടെ ലക്ഷ്യമിട്ടിരുന്നത് ……പക്ഷേ 1918 ന്റെ ഉത്തരാർദ്ധത്തോടെ ഇതിന്റെ പ്രശ്നങ്ങൾ നമുക്ക് അനുഭവപ്പെട്ടു തുടങ്ങി .1920 കളോടെ നാം സ്വീകരിച്ച സാമ്പത്തിക സമീപനങ്ങളെ സംബന്ധിച്ച ആശങ്കകൾ വർദ്ധിച്ചു…

‘‘കമ്യൂണിസ്റ്റ് ഉല്പാദന – വിതരണ സമ്പ്രദായത്തിലേക്ക് നേരിട്ട് പ്രവേശിച്ചതാണ് നമുക്ക് പറ്റിയ പാളിച്ച . കർഷകർ നൽകുന്ന അധിക ഉല്പാദനം ഉപയോഗിച്ച് ഫാക്ടറികളിലെ തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റാനാവും എന്നാണ് നാം കരുതിയത്. അതുവഴി കമ്യൂണിസ്റ്റ് രീതിയിലുള്ള ഉല്പാദന – വിതരണങ്ങൾ കാര്യക്ഷമമായി നടത്താനാവും എന്നും നാം വിചാരിച്ചു.

ഇത് നിശ്ചയമായും നടപ്പിലാക്കാനാവും എന്നാണ് നാം കരുതിയത് .എന്നാൽ നിർഭാഗ്യവശാൽ ഇതായിരുന്നില്ല യാഥാർഥ്യം .നമ്മുടെ പരിമിതമായ കാലത്തെ അനുഭവം തെളിയിക്കുന്നത് ആ ലൈൻ തെറ്റായിരുന്നു എന്നാണ് .മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തെപ്പറ്റി നാം വിചാരിച്ചതിനു വിരുദ്ധമായാണ് കാര്യങ്ങൾ നടന്നത് . സോഷ്യലിസ്റ്റ് അക്കൗണ്ടിങ്ങിനും നിയന്ത്രണങ്ങൾക്കും വിധേയമായി ,നീണ്ടുനിൽക്കുന്ന സങ്കീർണമായ ഒന്നാണ് മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം…

‘‘അതിനാൽ നാം തന്ത്രപരമായ ഒരു ചുവടുമാറ്റം ,പിന്തിരിയൽ നടത്തുകയാണ്. ഗ്രാമങ്ങളിലെ അധിക ഉത്പാദനത്തെ ഉപയോഗപ്പെടുത്തിയുള്ള നഗര വികസനത്തെ സംബന്ധിച്ചുള്ള കമ്യൂണിസ്റ്റ് കാഴ്ചപ്പാട് ഉല്പാദന ശക്തികളുടെ വികാസത്തെ തടഞ്ഞു .1921 വസന്തകാലത്ത് നാം നേരിട്ട സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ കാരണം അതാണ്.

‘‘പുത്തൻ സാമ്പത്തിക നയം ഒരർത്ഥത്തിൽ മുതലാളിത്ത രീതികളിലേക്കുള്ള ഭാഗികമായ തിരിച്ചുപോക്കാണ് .ഇത് ഏത് പരിധിവരെ പോകുമെന്ന് നമുക്കറിയില്ല .വിദേശ മുതലാളിമാർക്ക് നാം നൽകുന്ന സൗജന്യങ്ങളും (അധികം പേർ അത് സ്വീകരിച്ചിട്ടില്ല ),മുതലാളിമാർക്ക് സ്ഥാപനങ്ങൾ പാട്ടത്തിന് നൽകുന്നതും തീർച്ചയായും മുതലാളിത്തത്തിന്റെ പുനഃസ്ഥാപനമാണ് .ഇത് പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമാണ് .അധിക ഉത്പാദനം സർക്കാർ കൈവശപ്പെടുത്താതെ കർഷകർക്ക് തുറന്ന കമ്പോളത്തിൽ വിൽക്കാൻ അനുമതി നൽകുന്നത് ഈ നയത്തിന്റെ ഭാഗമാണ്.

‘‘ഇതിൽ അന്തിമമായി ആര് വിജയിക്കും എന്നത് പ്രവചനാതീതമാണ്: നാം തുറന്നു കൊടുത്ത വാതിലിലൂടെ കടന്നുവരുന്ന മുതലാളിമാരാണോ ? അതോ നമ്മുടെ സ്റ്റേറ്റിന്റെ അധികാരം കയ്യാളുന്ന തൊഴിലാളി വർഗമാണോ?

‘‘ആരാണ് നേതൃത്വം കയ്യാളുക എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം .മുതലാളിമാർ ആദ്യം സംഘടിതരായി കമ്യൂണിസ്റ്റുകാരെ പരാജയപ്പെടുത്തിയാൽ അത് എല്ലാത്തിന്റെയും അവസാനമാകും .തൊഴിലാളി വർഗ ഭരണകൂടവും അവരെ പിന്തുണയ്ക്കുന്ന കർഷകരും കൂടി ഈ മുതലാളിമാരെ കടിഞ്ഞാണിട്ട് നിർത്തുന്നതിൽ വിജയിച്ചാൽ , സ്റ്റേറ്റ് ആവശ്യപ്പെടുന്ന രീതിയിൽ അവരെ നയിക്കുന്നതിൽ വിജയിച്ചാൽ കാര്യങ്ങൾ മറിച്ചാകും. പോരാട്ടങ്ങൾ കൂടുതൽ രൂക്ഷമാകും.

‘‘അരാജകമായ മുതലാളിത്തത്തിന്റെ അപകടങ്ങളെക്കുറിച്ചും നിയന്ത്രങ്ങളൊന്നുമില്ലാത്ത ചരക്കു കൈമാറ്റത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താൻ നമുക്കു കഴിയണം . മഹാഭൂരിപക്ഷം ജനങ്ങളെയും തൊഴിലാളികളെയും ഇതു ബോധ്യപ്പെടുത്താൻ നമുക്കു കഴിയണം’’.

സോഷ്യലിസ്റ്റ് സമൂഹത്തിലെ കമ്പോള ശക്തികളുടെ ഉപയോഗത്തെക്കുറിച്ച് ആദ്യ സോഷ്യലിസ്റ്റ് രാജ്യമായ സോവിയറ്റ് യൂണിയനിൽ തുടങ്ങിയ ചർച്ചകൾ ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും തുടരുകയാണ് . ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം കമ്പോള ശക്തികളെയും വിദേശ മൂലധനത്തെയും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച സംവാദങ്ങൾ ലെനിൻ തുടങ്ങിയ സമീപനങ്ങളുടെയും അതിനെത്തുടർന്നുണ്ടായ ചർച്ചകളുടെയും തുടർച്ചയായിത്തന്നെ കാണാം.

കൂട്ടുകൃഷിയിടങ്ങളുടെയും കേന്ദ്രീകൃതാസൂത്രണത്തിന്റെയും യുക്തിയും വിലകൾ നിശ്ചയിക്കുന്നതിൽ കമ്പോളത്തിന്റെ പങ്കും സംബന്ധിച്ച് കമ്യൂണിസ്റ്റുകാരും മുതലാളിത്തത്തിന്റെ വക്താക്കളും തമ്മിൽ മാത്രമല്ല , കമ്യൂണിസ്റ്റുകാർക്കിടയിൽ തന്നെയുള്ള വിവിധ ചിന്താഗതിക്കാർ തമ്മിലുള്ള ആശയ സമരങ്ങളും ധാരാളമായി നടക്കുന്നുണ്ട് .സോഷ്യലിസത്തിലേക്കുള്ള പരിണാമ ഘട്ടത്തെക്കുറിച്ച് പോൾ സ്വീസിയും ചാൾസ് ബെട്ടേൽഹെയ്‌വും തമ്മിൽ നടന്ന സംവാദം ഇത്തരത്തിൽ ഓർക്കേണ്ട ഒന്നാണ് ( On the transition to socialism, Monthly Review Press , 1971)

പ്രാങ് മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന വിപ്ലവാനന്തര റഷ്യയിൽ, സമ്പദ്‌വ്യവസ്ഥയിൽ വ്യാപാരത്തിനുള്ള പങ്ക് സംബന്ധിച്ച് ലെനിൻ നേരിട്ട പ്രശ്നം കേവലം സൈദ്ധാന്തികമായ ഒന്നായിരുന്നില്ല , വളരെ മൂർത്തമായ ഒരു പ്രായോഗിക പ്രശ്‌നമായിരുന്നു . മാർക്സിസ്റ്റ് ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് ഇതിന്റെ സൈദ്ധാന്തിക വശങ്ങൾ പരിശോധിക്കുകയും ഇത് സംബന്ധിച്ച നയരേഖയുണ്ടാക്കി അടുത്ത പാർട്ടി കോൺഗ്രസ്സിന്റെ അംഗീകാരം നേടി രാജ്യത്ത് നടപ്പിലാക്കുകയുമാണ് ലെനിൻ ചെയ്തത് . മാർക്സിസം ഒരു ഡോഗ്മയല്ലെന്നും അത് പ്രയോഗത്തിൽ വരുത്തുവാനുള്ള ഒരു രാഷ്ട്രീയ – സാമ്പത്തിക പദ്ധതിയാണെന്നും കൂടി സമർത്ഥിക്കുകയായിരുന്നു ഇതിലൂടെ ലെനിൻ.

കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയ സോവിയറ്റ് സമ്പദ്‌വ്യവസ്ഥയെ തിരിച്ചുപിടിക്കാൻ ലെനിന്റെ പുത്തൻ സാമ്പത്തിക നയങ്ങൾക്കായി എന്ന് കണക്കുകൾ ബോധ്യപ്പെടുത്തുന്നു. 1920 കളുടെ മധ്യത്തോടെ ഒന്നാം ലോക യുദ്ധ പൂർവകാലത്തെ സ്ഥിതിയിലേക്ക് റഷ്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചെത്തി. 1913ൽ 8 കോടി ടൺ ധാന്യങ്ങളാണ് റഷ്യ ഉൽപാദിച്ചിരുന്നത് 1920 ൽ ഇത് 5 കോടി ടണ്ണായി കുറഞ്ഞു. എന്നാൽ നാലുവർഷത്തെ പുത്തൻ സാമ്പത്തിക നയങ്ങൾക്കു ശേഷം ഇത് 7.3 കോടി ടണ്ണായി വർദ്ധിച്ചു. വ്യാവസായികോല്പാദനവും തൊഴിലാളികളുടെ വേതനവും വൻതോതിൽ വർധിച്ചു . 1921 നും 1924 നുമിടയിൽ ഇതിരട്ടിയായി വർധിച്ചു . ഇതിന്റെ ആരോഗ്യകരമായ ചലനങ്ങൾ തുടർന്നുമുണ്ടായി. ഒരുപക്ഷേ 1930 കളിലെ മഹാമാന്ദ്യത്തിന്റെ ചുഴലിയിൽ ലോക മുതലാളിത്തം തകർന്നടിഞ്ഞപ്പോഴും സോവിയറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായി മുന്നേറാനുള്ള കരുത്ത് നൽകിയത് ലെനിന്റെ വിപ്ലവകരമായ ഈ സമീപനമായിരുന്നു.

വിപ്ലവാനന്തര കാലഘട്ടത്തിൽ ലെനിൻ കൈകാര്യം ചെയ്ത സാമ്പത്തിക പ്രശ്നങ്ങൾ പ്രധാനമായും സ്റ്റേറ്റ് മുതലാളിത്തം , സഹകരണ പ്രസ്ഥാനങ്ങളുടെ രൂപത്തിലുള്ള ഉല്പാദന പ്രക്രിയയുടെ സംഘാടനം, പുത്തൻ സാമ്പത്തിക നയത്തിന്റെ കാലഘട്ടത്തിൽ കാർഷിക മേഖലയും വ്യാവസായിക മേഖലയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ , സോഷ്യലിസ്റ്റ് സമൂഹത്തിലെ അക്കൗണ്ടിംഗ് രീതികൾ എന്നിവയായിരുന്നു . ചെറുകിട കർഷകർക്ക് പ്രാധാന്യമുള്ള ഒരു മുതലാളിത്ത സമൂഹത്തിൽ നിന്നും സോഷ്യലിസ്റ്റ് സമൂഹത്തിലേക്കുള്ള പരിവർത്തനഘട്ടത്തിൽ നേരിട്ട പ്രായോഗിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ഇവയെല്ലാം . മാർക്സിസ്റ്റ് സൈദ്ധാന്തിക സാഹിത്യത്തിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്ന, എന്നാൽ മാർക്സ് ഒരിക്കലും നേരിട്ട് കൈകാര്യം ചെയ്യാത്ത വിഷയങ്ങളായിരുന്നു ഇവ . 1921 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച Tax in Kind എന്ന ലഘുലേഖയിൽ ഈ വിഷയങ്ങളെല്ലാം കടന്നുവരുന്നുണ്ട്. പുത്തൻ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാൻ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്താം പാർട്ടി കോൺഗ്രസ് തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ലെനിൻ ഈ ലഘുലേഖ എഴുതുന്നത്. അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോവുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതിനെ എങ്ങനെയെങ്കിലും മറികടന്നില്ലെങ്കിൽ സോവിയറ്റ് ഭരണകൂടം തന്നെ തകർന്നേക്കുമെന്ന് ലെനിൻ മനസ്സിലാക്കി. സ്റ്റേറ്റ് മുതലാളിത്തം ( state capitalism) എന്ന പദം അർത്ഥശാസ്ത്ര ചിന്തയിൽ ആദ്യം കടന്നുവരുന്നതും ഈ ലഘുലേഖയിലാണ് . ആദ്യമായി ഈ പ്രയോഗം നടത്തുന്നയാളും ലെനിൻ തന്നെയാണ് (ഇന്നത്തെ ചൈനീസ് കമ്യൂണിസത്തിന്റെ വിമർശകർ പലരും അവിടെ നിലനിൽക്കുന്നത് സോഷ്യലിസമല്ല സ്റ്റേറ്റ് ക്യാപിറ്റലിസമാണ് എന്നവിമർശനം ഉയർത്തുമ്പോൾ ഈ ചരിത്രം സൗകര്യപൂർവം വിസ്മരിക്കാറുണ്ട്).

2 വിപ്ലവാനന്തര റഷ്യ നേരിട്ടത് രൂക്ഷമായ ആഭ്യന്തര യുദ്ധങ്ങളെയായിരുന്നു . ഇതിനെ അമർച്ച ചെയ്യാൻ നിയുക്തരായ പട്ടാളക്കാർക്കാവശ്യമായ ധാന്യങ്ങൾ എത്തിച്ചുകൊടുക്കുക എന്നത് സോവിയറ്റ് ഭരണകൂടത്തിന്റെ അടിയന്തരാവശ്യമായിരുന്നു . ഒക്ടോബർ വിപ്ലവം നടക്കുന്ന കാലത്ത് യൂറോപ്പിലെ ഏറ്റവും അവികസിത പ്രദേശമായിരുന്നു റഷ്യ . അതിനാൽ വ്യാവസായിക പിന്നാക്കാവസ്ഥയിൽ നിന്ന് റഷ്യയെ കരകയറ്റുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി . വ്യവസായ കേന്ദ്രങ്ങളായ നഗരങ്ങളുടെ നിർമാണത്തിൽ ഏർപ്പെട്ടവർക്കുള്ള ധാന്യങ്ങൾ എത്തിച്ചുകൊടുക്കുക എന്നതും കർഷക സമൂഹത്തിന്റെ ഉത്തരവാദിത്തമായി റഷ്യൻ ഭരണകൂടം കരുതി . ഇതിനായി കർഷകർ ഉല്പാദിപ്പിക്കുന്ന ധാന്യങ്ങളിൽ നിന്നും അവരുടെ ആവശ്യം കഴിഞ്ഞുള്ളത് സർക്കാരിനു കൈമാറേണ്ടതുണ്ടായിരുന്നു. യുദ്ധകാല കമ്യൂണിസത്തിന്റെ ഈ കാലഘട്ടത്തിൽ ധാന്യങ്ങൾ ഇങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടത് കമ്പോളങ്ങളെയോ പണത്തെയോ ഉപയോഗപ്പെടുത്തിയായിരുന്നില്ല . കർഷകരുടെ ഉല്പന്നങ്ങൾ സർക്കാർ പൂർണമായും നേരിട്ട് സംഭരിക്കുകയായിരുന്നു . വിപ്ലവത്തോടുകൂടി കമ്പോളങ്ങളും പണവ്യവസ്ഥ തന്നെയും സമൂഹത്തിൽ ഇല്ലാതായിക്കഴിഞ്ഞിരുന്നു. അതിനാൽ കമ്പോളത്തെയും ഉല്പന്നങ്ങളുടെ കൈമാറ്റത്തെയും തിരികെ കൊണ്ടുവരുന്ന രൂപത്തിലുള്ള, ലെനിൻ ആവിഷ-്-കരിച്ച പുത്തൻ സാമ്പത്തിക നയങ്ങൾ മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്കായി പലരും വ്യാഖ്യാനിച്ചു. പാർട്ടിക്കുള്ളിലെ അതിവിപ്ലവകാരികൾ ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു.

ലെനിൻ ആവിഷ്കരിച്ച പുതിയ നികുതി സമ്പ്രദായം (Tax in kind) വഴി , അധികധാന്യങ്ങളിൽ ഒരു പങ്ക് നികുതിയുടെ രൂപത്തിൽ സർക്കാരിന് കൈമാറുകയും ബാക്കിയുള്ളത് ഇച്ഛാനുസൃതം സ്വതന്ത്ര കമ്പോളത്തിൽ വിൽക്കുകയോ മറ്റ് നിർമിത വസ്തുക്കളുമായി കൈമാറ്റം നടത്തുകയോ ചെയ്യാനുള്ള അവകാശം കർഷകർക്ക് ലഭിച്ചു .എന്നാൽ ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യാനുള്ള ഈ അവകാശം പ്രാദേശിക തലത്തിൽ ഒതുക്കി നിർത്തി . മുതലാളിത്തത്തിന്റെ അനിയന്ത്രിതമായ വളർച്ചയെ തടയുക എന്ന ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്നത് . Tax in Kind എന്ന ലഘു ഗ്രന്ഥം ലെനിൻ ഉപസംഹരിക്കുന്നത് ഇപ്രകാരമാണ്:

“ഉല്പന്ന രൂപത്തിലുള്ള ഈ നികുതി സമ്പ്രദായം യുദ്ധകാല കമ്യൂണിസത്തിൽ നിന്ന് ഒരു സാധാരണ സോഷ്യലിസ്റ്റ് ഉൽപ്പന്ന കൈമാറ്റത്തിലേക്കുള്ള പരിവർത്തനമാണ്.1920-ലെ വിളനാശം മൂലം, വൻതോതിലുള്ള വ്യവസായം വേഗത്തിൽ പുനഃസ്ഥാപിക്കുകയെന്നത് അസാധ്യമായതിനാൽ ഈ പരിവർത്തനം അടിയന്തര ആവശ്യമായി വന്നു.

‘‘അതിനാൽ, കർഷകരുടെ അവസ്ഥ മെച്ചപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഉല്പന്ന രൂപത്തിലുള്ള നികുതി, കൃഷിയും വ്യവസായവും തമ്മിലുള്ള കൈമാറ്റത്തെ വികസിപ്പിക്കുക, ചെറുകിട വ്യവസായത്തെ വളർത്തുക എന്നിവയാണ് നമുക്കുമുന്നിലുള്ള മാർഗങ്ങൾ.

‘‘വിനിമയം എന്നത് വ്യാപാര സ്വാതന്ത്ര്യമാണ്; അത് മുതലാളിത്തമാണ്. ചെറുകിട ഉൽപ്പാദകരുടെ ചിതറിപ്പോകലിനെ മറികടക്കാനും ഒരു പരിധിവരെ ബ്യൂറോക്രസിയുടെ തിന്മകളെ ചെറുക്കാനും ഇത് സഹായിക്കും എന്നതിനാൽ ഇത് നമുക്ക് ഉപയോഗപ്രദമാണ്; ഇത് എത്രത്തോളം വരെയാകാമെന്നത് പ്രായോഗിക അനുഭവം നിർണ്ണയിക്കും. തൊഴിലാളിവർഗം അധികാരം കൈകളിൽ മുറുകെപ്പിടിക്കുകയും, ഗതാഗതത്തിന്റെയും വൻകിട വ്യവസായത്തിന്റെയും പൂർണ നിയന്ത്രണം കൈവശം വെയ്ക്കുകയും ചെയ്യുന്ന കാലത്തോളം തൊഴിലാളിവർഗ ശക്തിക്ക് അപകടമില്ല.

ലാഭക്കൊതിക്കെതിരായ പോരാട്ടം, മോഷ്ടിക്കുന്നതിനും ഭരണകൂട മേൽനോട്ടത്തിന്റെയും കണക്കെടുപ്പിന്റെയും നിയന്ത്രണത്തിൽ നിന്നുമുള്ള ഒഴിഞ്ഞുമാറലിനുമെതിരായ പോരാട്ടമായി മാറ്റണം. ഈ നിയന്ത്രണത്തിലൂടെ ഒരു പരിധിവരെ ,നമുക്ക് ഇന്ന് അനിവാര്യവുമായ മുതലാളിത്തത്തെ, ഭരണകൂട മുതലാളിത്തത്തിന്റെ ( State Capitalism) പാതയിലേക്ക് നയിക്കാം.

കൃഷിയും വ്യവസായവും തമ്മിലുള്ള വിനിമയം പ്രാദേശിക മുൻകൈയിൽ പ്രോത്സാഹിപ്പിക്കപ്പെടണം . പ്രായോഗിക അനുഭവങ്ങളിൽ നിന്നും നാം പഠിക്കണം; ഈ അനുഭവം കഴിയുന്നത്ര വൈവിധ്യമാർന്നതാവണം.

കർഷകരെ സേവിക്കുന്ന ചെറുകിട വ്യവസായത്തിന് നാം സഹായം നൽകുകയും അത് മെച്ചപ്പെടുത്താൻ സഹായിക്കുകയും വേണം. ഒരു പരിധിവരെ, ഈ സഹായം സംസ്ഥാന സ്റ്റോക്കുകളിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ രൂപത്തിൽ നൽകാം. ഈ അസംസ്കൃത വസ്തുക്കൾ സംസ്കരിക്കാതെ ഉപേക്ഷിക്കുന്നത് ഏറ്റവും കുറ്റകരമാണ്.

സൈനിക വിദഗ്ധരിൽ നിന്ന് നാം പഠിച്ചതുപോലെ, വ്യത്യസ്ത രൂപത്തിലാണെങ്കിലും, വ്യാപാരികൾ, ചെറുകിട മുതലാളിത്ത സഹകാരികൾ, മുതലാളിമാർ എന്നിവരുൾപ്പെടെയുള്ള ബൂർഷ്വാ വിദഗ്ധരിൽ നിന്ന് കമ്യൂണിസ്റ്റുകാർ “പഠിക്കുന്നതിനെ’ നാം ഭയപ്പെടേണ്ടതില്ല.

‘ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത’ എന്ന കൃതിയിൽ നിന്നുള്ള ദീർഘമായ ഉദ്ധരണിയോടെയാണ് ലെനിൻ ടാക്സ് ഇൻ കൈൻഡ് ആരംഭിക്കുന്നത് . റഷ്യയിൽ അക്കാലത്തു നിലനിന്നിരുന്ന വിവിധ ഉല്പാദന സമ്പ്രദായങ്ങളെക്കുറിച്ച് ലെനിൻ ഇവിടെ സൂചിപ്പിക്കുന്നുണ്ട്.

1 . പാട്രിയാർക്കൽ – സ്വഭാവത്തിലുള്ള ചെറുകിട കർഷകരുടെ ഉത്പാദനം
2 . ചെറുകിട ചരക്കുല്പാദനം – കർഷകർ തന്നെ നടത്തുന്നത്
3 . സ്വകാര്യ മുതലാളിത്തം
4 . സ്റ്റേറ്റ് ക്യാപിറ്റലിസം
5 . സോഷ്യലിസം

ഇത്തരത്തിൽ വിവിധ സ്വഭാവത്തിലുള്ള ഉല്പാദന വ്യവസ്ഥകളുടെ ഒരു മിശ്രിതമാണ് റഷ്യയിൽ നിലനിന്നിരുന്നത് . ചെറുകിട ഉല്പാദകരും പെറ്റി ബൂർഷ്വാകളും ആധിപത്യം പുലർത്തിയിരുന്ന ഒന്നായിരുന്നു പരിവർത്തന ദശയിലുള്ള സോവിയറ്റ് സമ്പദ്‌വ്യവസ്ഥ . ചെറുകിട ഉല്പാദകരും സ്വകാര്യ മുതലാളിമാരും ഒരു ഭാഗത്തും സ്റ്റേറ്റ് മുതലാളിത്തവും സോഷ്യലിസവും എതിർ ഭാഗത്തും നിന്നുകൊണ്ടുള്ള സമരമാണ് റഷ്യയിൽ നിലനിന്നിരുന്നത് . ചെറുകിട കർഷകർക്കും പെറ്റി ബൂർഷ്വാകൾക്കും ആധിപത്യമുള്ളതിനാലും കടുത്ത നാശനഷ്ടങ്ങൾ യുദ്ധത്തിനാൽ സംഭവിച്ചതിനാലും വ്യാപാരത്തെ സജീവമാക്കേണ്ടതുണ്ടായിരുന്നു . വർധിച്ചുവന്ന കർഷക കലാപങ്ങളെ നിയന്ത്രിക്കേണ്ടത് കർഷക – തൊഴിലാളി കൂട്ടുകെട്ട് വളർത്തുന്നതിന് അനിവാര്യമായിരുന്നു ,‘‘തൊഴിലാളി വർഗ സർവാധിപത്യം നിലവിലുള്ള ഒരു ചെറുകിട കർഷക രാജ്യത്ത്, കർഷകർക്ക് അവർ ഉൽപ്പാദിപ്പിക്കുന്ന ധാന്യങ്ങൾക്ക് പകരമായി മറ്റു വസ്തുക്കൾ നേടാനാവുക എന്നതാണ് ശരിയായ നയം . സോഷ്യലിസത്തിന്റെ അടിത്തറ ശക്തിപ്പെടുത്താനും അതിന്റെ സമ്പൂർണ്ണ വിജയത്തിലേക്ക് നയിക്കാനും തൊഴിലാളിവർഗത്തിന്റെ ചുമതലകളുമായി പൊരുത്തപ്പെടുന്ന ഒരേയൊരു ഭക്ഷ്യ നയമാണിത്.” പുത്തൻ സാമ്പത്തികനയത്തിൽ ലെനിൻ കണ്ട രാഷ്ട്രീയം ഇതായിരുന്നു.

അമിതമായ ബ്യൂറോക്രസി സൃഷ്ടിക്കുന്ന വിനാശത്തെയും ലെനിൻ കൃത്യമായി കണ്ടിരുന്നു .ടാക്സ് ഇൻ കൈൻഡ് എന്ന ലഘുഗ്രന്ഥത്തിൽ ലെനിൻ ഇതും വിശദമാക്കുന്നുണ്ട്.

‘‘സോഷ്യലിസവുമായി താരതമ്യം ചെയ്‌താൽ മുതലാളിത്തം ഒരു ശാപമാണ്.എന്നാൽ മധ്യകാലയുഗത്തിലെ ചെറുകിട ഉല്പാദനവുമായി താരതമ്യം ചെയ്‌താൽ അതൊരു അനുഗ്രഹമാണ് . ചെറുകിട ഉല്പാദകരുടെ തകർച്ചയിൽ നിന്നുമാണ് ബ്യൂറോക്രസി ഉദയം കൊള്ളുന്നത്. ഇതുണ്ടാക്കുന്ന സാമ്പത്തിക ദുരന്തം പരിശോധിക്കേണ്ടതാണ് . 1918 മെയ് 5 ന് നാമിതു കണ്ടിരുന്നില്ല. ഒക്ടോബർ വിപ്ലവത്തിന് ആറു മാസത്തിനുശേഷവും നാമത് കണ്ടിരുന്നില്ല .വിപ്ലവത്തിന് ശേഷം പഴയ ബ്യൂറോക്രാറ്റിക് ഘടനകൾ നാം ഇല്ലായ്മ ചെയ്തിരുന്നു.

ഒരു വർഷത്തിനുശേഷം , റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ 8 –ാം കോൺഗ്രസിനുശേഷം, നാം അംഗീകരിച്ച പാർട്ടി പരിപാടിയിൽ ഇങ്ങനെ പറയുന്നുണ്ട്: ‘‘സോവിയറ്റ് സിസ്റ്റത്തിനകത്ത് ബ്യൂറോക്രസിയുടെ ഭാഗികമായ പുനരുത്ഥാനം ഇതിന്റെ വിനാശത്തെ ഭയപ്പെട്ടുകൊണ്ടല്ല ,അതിനെ ഗുണപരമായി ഉപയോഗിച്ചുകൊണ്ടാണ്.

രണ്ടു വർഷത്തിനുശേഷം , ബ്യൂറോക്രസിയെക്കുറിച്ച് എട്ടാം പാർട്ടി കോൺഗ്രസ്‌ ചർച്ച ചെയ്തതിനു ശേഷവും പിന്നീട്- പത്താം പാർട്ടി കോൺഗ്രസിനു ശേഷവും ബ്യൂറോക്രസിയുടെ ദുഷ്ടതകൾ നിലനിൽക്കുന്നു . ഇതിന്റെ സാമ്പത്തിക വേരുകൾ എന്താണ് ? ഇതിനു രണ്ട് സ്വഭാവമുണ്ട് . വികസിതമായ മുതലാളിത്തത്തിന് ഒരു ബ്യൂറോക്രാറ്റിക് സംവിധാനം ആവശ്യമുണ്ട് ,പ്രാഥമികമായി മിലിറ്ററി സംവിധാനവും പിന്നെ ജുഡീഷ്യറിയും . തൊഴിലാളികളുടെ വിപ്ലവമുന്നേറ്റങ്ങളെ തടയാൻ ഇതവർക്കാവശ്യമാണ്. ഒരു ദുഷ്ടശക്തിയുടെ സാന്നിധ്യത്തെ നാം അംഗീകരിച്ചാൽ മാത്രമേ അതിനെ ശക്തിയായി എതിരിടാനാവൂ’’.

ബ്യൂറോക്രസിയുടെ തിന്മകളെ മറികടക്കാനുള്ള ഒരു മാർഗം കൂടിയായി ലെനിൻ സ്വതന്ത്രമായ വ്യാപാര ബന്ധങ്ങളെ നിരീക്ഷിച്ചിരുന്നു.

വ്യാപാരം കൂടുതൽ കാര്യക്ഷമമായ ഉത്പാദനം ഉറപ്പുവരുത്തുമെന്നത് മാത്രമല്ല ചിതറിക്കിടക്കുന്ന ചെറുകിട ഉല്പാദനത്തിന്റെ ദൗർബല്യങ്ങൾ മറികടക്കാനുള്ള ഒരു മാർഗം കൂടിയായിട്ടാണ് ലെനിൻ ഇതിനെ വീക്ഷിച്ചത് . കർഷകർക്കിടയിലുള്ള കൂടുതൽ ഉയർന്ന രൂപത്തിലുള്ള ബന്ധങ്ങളെ വ്യാപാരം സൃഷ്ടിക്കും എന്ന വിശ്വാസമായിരുന്നു ലെനിനുണ്ടായിരുന്നത്.

ടാക്സ് ഇൻ കൈൻഡ് പ്രസിദ്ധീകരിച്ച് 6 മാസങ്ങൾക്കുശേഷം ലെനിൻ വ്യാപാരത്തെ വീണ്ടും വിലയിരുത്തി:

‘‘തൊഴിലാളി വർഗ്ഗ രാഷ്ട്രം, ജാഗ്രതയുള്ള, അദ്ധ്വാനിക്കുന്ന ഒന്നായി, സമർത്ഥനായ ‘ബിസിനസ് മാൻ’ ആയി മാറണം. അല്ലെങ്കിൽ അത് ഈ ചെറുകിട കർഷക രാജ്യത്തെ സാമ്പത്തികമായി അതിന്റെ സ്വന്തം കാലിൽ നിർത്തുന്നതിൽ വിജയിക്കുകയില്ല. പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങൾക്കൊപ്പം ജീവിച്ചുകൊണ്ട് , കമ്യൂണിസത്തിലേക്ക് കടക്കാൻ മറ്റൊരു മാർഗവുമില്ല. ഭൂമിയും സ്വർഗ്ഗവും തമ്മിലുള്ള വൈരുധ്യം മൊത്ത വ്യാപാരിയും കമ്യൂണിസവും തമ്മിലുണ്ട്. ചെറുകിട കർഷക സമ്പദ്‌വ്യവസ്ഥയിൽ നിന്ന് സ്റ്റേറ്റ് മുതലാളിത്തം വഴി സോഷ്യലിസത്തിലേക്കുള്ള പ്രയാണത്തിൽ നാം നേരിടേണ്ട അനിവാര്യമായ വൈരുധ്യമാണിത് . വ്യക്തിഗത മെച്ചങ്ങൾ (personal incentives) ഉൽപ്പാദനം വികസിപ്പിക്കും:ഇപ്പോൾ നമ്മുടെ പ്രാഥമിക ലക്‌ഷ്യം ഉൽപ്പാദനം വർധിപ്പിക്കുക എന്നതാണ് . മൊത്ത വ്യാപാരം ദശലക്ഷക്കണക്കിന് ചെറുകിട കർഷകരെ ഒന്നിപ്പിക്കും.”

ഒറ്റപ്പെട്ടു കിടക്കുന്ന ചെറുകിട കർഷകരെ കൂട്ടിയിണക്കാനുള്ള മാർഗം കൂടിയായിട്ടാണ് ലെനിൻ വ്യാപാരത്തെ കണ്ടത് . സഹകരണ സംഘങ്ങൾ വഴിയുള്ള വ്യാപാരം മുതലാളിത്ത പ്രവണതകളെ തടയുമെന്നും ലെനിൻ കണ്ടു . അതിനാൽ പുത്തൻ സാമ്പത്തിക നയങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോഴൊക്കെ സഹകരണ പ്രസ്ഥാനത്തെക്കുറിച്ചും ലെനിൻ ആവർത്തിച്ചു . പരിണാമ ദശയിലൂടെ കടന്നുപോകുന്ന സമ്പദ്‌വ്യവസ്ഥയിൽ സഹകരണ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള വ്യാപാരം സ്റ്റേറ്റ് ക്യാപിറ്റലിസത്തിന്റെ നിയന്ത്രണത്തിലായിരിക്കണമെന്നും ലെനിൻ വിഭാവനം ചെയ്തു.

ഒരു നൂറ്റാണ്ടിനു മുൻപ് ലെനിനെഴുതിയ പുത്തൻ സാമ്പത്തിക നയത്തെ സംബന്ധിച്ച കുറിപ്പുകളിൽ നിന്നും നമുക്ക് പ്രധാനമായും പഠിക്കാനുള്ള കാര്യം ഇതാണ് : മാർക്സിസം കേവലം വരട്ടുവാദപരമായ ഒരു സിദ്ധാന്തമല്ല . സ്ഥലത്തിനും സാഹചര്യങ്ങൾക്കുമനുസരിച്ച് നിരന്തരം പുതുക്കപ്പെടേണ്ട ഒന്നായിരിക്കണം അത് . സാമൂഹിക കാര്യങ്ങളിൽ വൈരുദ്ധ്യാത്മകമായ സമീപനമാകണം നാം വെച്ചുപുലർത്തേണ്ടത് . നാം കൈക്കൊള്ളുന്ന സമീപനങ്ങൾ പലതും ഒരേ സമയം ഗുണവും ദോഷവുമുള്ളതാണ്. അത് ശരിയാംവിധം മനസ്സിലാക്കിയും അതിനെ ഉൾക്കൊണ്ടുകൊണ്ടും വേണം മുന്നോട്ടുപോകാൻ. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തിന്റെ കാലഘട്ടത്തിൽ വളരെ പ്രായോഗികമായ നിലപാടുകളിലേക്ക് എത്തിച്ചേരാനും സോവിയറ്റ് സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധികളിൽ നിന്നും കരകയറ്റാനും ലെനിന് കഴിഞ്ഞത് അതിനാലാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 5 =

Most Popular