കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക ഭൂമികയിൽ ജ്വലിച്ചു നിൽക്കുന്ന കേരളാ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ് — (കെപിഎസി) എന്ന സിന്ദൂരപ്പൊട്ടിന് എഴുപത്തിയഞ്ച് വയസ്സു തികയുകയാണ്. അദ്ധ്വാനിക്കുന്ന മനുഷ്യന്റെ അടിമത്തത്തിൽ നിന്നുള്ള വിമോചനത്തിനും അവന്റെ ഉയിർത്തെഴുന്നേൽപ്പിനും ചരിത്രത്തിന്റെയാകെ ഗതി തിരിച്ചു വിട്ട സാമൂഹിക മുന്നേറ്റങ്ങൾക്കും കളമൊരുക്കിയ നാടകങ്ങളാണ് ആവേശോജ്ജ്വലമായ ഈ ജൈത്രയാത്രക്കിടയിൽ കെപിഎസി നാടെമ്പാടും അവതരിപ്പിച്ചത്. മാനവികതയുടെ മഹാസന്ദേശം തുടിച്ചുനിൽക്കുന്ന കലാസൃഷ്ടികളായിരുന്നു ആ നാടകങ്ങളോരോന്നും. വി. ടി. ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്നതിൽ ആരംഭിച്ച്, കെ ദാമോദരന്റെ’ ‘പാട്ടബാക്കി’, ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’, ചെറുകാടിന്റെ ‘നമ്മളൊന്ന്’ തുടങ്ങിയ ഐതിഹാസിക നാടകങ്ങളിലൂടെ വളർന്ന് വികാസം കൊണ്ട മലയാളത്തിലെ നവോത്ഥാന നാടക പ്രസ്ഥാനം തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ യിലൂടെ കൊടുമുടിയേറുകയായിരുന്നു. മതമേധാവികളുടെയും മൗലികവാദികളുടെയും പ്രതിലോമ രാഷ്ട്രീയത്തിന്റെയും മുഖം നോക്കി മുഷ്ടി ചുരുട്ടി പ്രഹരിച്ച കെ. ടി. മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്’, പി ജെ ആന്റണിയുടെ ‘ഇൻക്വിലാബിന്റെ മക്കൾ’, പൊൻകുന്നം വർക്കിയുടെ ‘വഴി തുറന്നു’, എസ്. എൽ. പുരം സദാനന്ദന്റെ ‘ഒരാൾ കൂടി കള്ളനായി’… ഈ ശ്രേണിയിലേക്ക് ഇനിയും കുറേ നാടകങ്ങളും നാടകകൃത്തുക്കളും നാടക സംഘങ്ങളും കൂടി അണിചേർന്നു. എന്നാൽ അവർക്കാർക്കും തന്നെ കെപിഎസി എന്ന ആദർശാവിഷ്ട നാടകസംഘം നിലയുറപ്പിച്ച ചരിത്രത്തിലെ അത്യപൂർവതയാർന്ന നിലപാടു തറയിലേക്ക് ഉയർന്നെത്തിച്ചേരാൻ സാധിച്ചില്ല. കാരണം ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന ഒറ്റ നാടകത്തിലൂടെ തന്നെ കേരളജനതയുടെ ഹൃദയം കീഴടക്കിയ കെപിഎസി പിന്നീട് ഒന്നിനുപിറകെ ഒന്നായി അരങ്ങത്തു കൊണ്ടുവന്ന മനുഷ്യ ഗാഥകളിലൂടെ ആർക്കും ഇളക്കിമാറ്റാനാകാത്ത രീതിയിൽ ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു.
വർഷം 1950. എറണാകുളം ലോ കോളേജിന്റെ വാർഷികാഘോഷ പരിപാടികൾ നടക്കുകയാണ്. ആ നാളുകളിൽ ലോകരാഷ്ട്രീയത്തെ ഇളക്കിമറിച്ച കൊറിയൻ യുദ്ധത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു നിഴൽ നാടകമായിരുന്നു കലാപരിപാടികളിലെ ഒരു പ്രധാന ഇനം – പൊരുതുന്ന കൊറിയ. അവസാന വർഷ നിയമവിദ്യാർത്ഥികളായ ഒരു സംഘം ചെറുപ്പക്കാർ ചേർന്നവതരിപ്പിച്ച ആ നാടകത്തിന്റെ മുഖ്യ ആസൂത്രകനും അവതാരകനും സംവിധായകനുമൊക്കെ ജി ജനാർദ്ദനക്കുറുപ്പായിരുന്നു. തിരുവിതാംകൂർ ഉത്തരവാദിത്ത പ്രക്ഷോഭത്തിന്റെ വീറുറ്റ പോരാളിയും സ്വാതന്ത്ര്യത്തിനു ശേഷം കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്ന കുറുപ്പ് അപ്പോഴേക്കും കമ്യൂണിസത്തിന്റെ പാതയിലേക്ക് ചുവടു മാറിക്കഴിഞ്ഞിരുന്നു. കമ്യൂണിസ്റ്റ് ആയതിന്റെ പേരിൽ സർക്കാർ ജോലിയിൽ നിന്നു പുറത്താക്കപ്പെട്ട്, പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നു കഠിന മർദ്ദനമേറ്റുവാങ്ങിയ പുനലൂർ രാജഗോപാലൻ നായരായിരുന്നു കോളേജിലെ കുറുപ്പിന്റെ സന്തത സഹചാരി. കമ്യൂണിസ്റ്റ് പാർട്ടി രാജ്യവ്യാപകമായി നിരോധിക്കപ്പെട്ട നാളുകളായിരുന്നു അത്. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും അനുഭാവികളുമെല്ലാം അതിഭീകരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ആ കാലത്താണ്, തങ്ങൾ കമ്യൂണിസ്റ്റുകാരാണെന്ന കാര്യം ഒളിച്ചുവെക്കാതെ ആ ചെറുപ്പക്കാർ നാടകം കളിച്ചത്.
നാടകം വലിയ വിജയമായിരുന്നു. അവസാന പരീക്ഷ കഴിഞ്ഞ് എല്ലാവരും പല വഴി പിരിഞ്ഞുപോയതിനുശേഷം, ഒരു ദിവസം രാജഗോപാലൻ നായർ, കുറുപ്പ് അന്ന് താമസിച്ചിരുന്ന എറണാകുളത്തെ വാടക മുറിയിലേക്ക് ഐസക് തോമസ്, പ്രഭാകരൻ നായർ എന്നീ രണ്ടു സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടുവന്നു. കുറച്ചു നാളുകൾക്കു മുൻപ് ലോ കോളേജിൽ തുടങ്ങിവെച്ച കലാപ്രവർത്തനങ്ങളുടെ തുടർച്ചയായി ഒരു കലാസമിതി രൂപീകരിച്ചുകൊണ്ട്, ‘കാരമസോവ് സഹോദരന്മാർ’ എന്ന ക്ലാസിക് കൃതി നാടകരൂപത്തിൽ അവതരിപ്പിച്ചാലോ എന്ന ആശയത്തെക്കുറിച്ച് കൂടിയാലോചിക്കാനായിട്ടായിരുന്നു രാജന്റെയും ചങ്ങാതിമാരുടെയും വരവ്. ചർച്ചകൾ വീണ്ടും ചൂടുപിടിച്ചു നടന്നെങ്കിലും കലാസമിതിയും നാടകവുമൊക്കെ സാക്ഷാത്കരിക്കപ്പെടുന്നതിനുമുമ്പ് രാഷ്ടീയനാടക വേദിയിൽ തിരഞ്ഞെടുപ്പ് അങ്കത്തിന്റെ യവനിക ഉയർന്നു.
ജനാധിപത്യ പ്രസ്ഥാനങ്ങൾ രൂപീകരിച്ചും ജനകീയ കലാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും കൊണ്ട് പൊതുമദ്ധ്യത്തിലേക്ക് സജീവമായി മടങ്ങിയെത്തിയ കമ്യൂണിസ്റ്റ് പാർട്ടി, തിരുകൊച്ചി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് അണിനിരത്തിയ സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ പുനലൂർ രാജഗോപാലൻ നായരും ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി, ആർ എസ് പി, കെ എസ് പി, എന്നീ കക്ഷികൾ ചേർന്നുണ്ടാക്കിയ ഐക്യമുന്നണിയുടെ മുഖ്യ പ്രചാരകരിൽ ഒരാളായിരുന്നു ജനാർദ്ദനക്കുറുപ്പ്. പത്തനാപുരം മണ്ഡലത്തിൽ മത്സരിച്ച രാജഗോപാലൻ നായർ ഉൾപ്പെടെയുള്ള പാർട്ടിയുടെ സ്ഥാനാർത്ഥികൾ മിക്കവരും വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.
നിയമസഭയിലേക്ക് ജയിച്ച ശേഷം രാജഗോപാലൻ നായർ വീണ്ടും കുറുപ്പുചേട്ടനെ കാണാനെത്തി. കലാസമിതിയുടെ ആശയം പുനരുജ്ജീവിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിയായിരുന്നു അത്. തമ്പാനൂരിലെ സിപി സത്രത്തിലും സേവിയേഴ്‌സ് ലോഡ്ജിലുമൊക്കെയായി നടന്ന ചർച്ചകളിൽ ഇരുവരുടെയും സുഹൃത്തും എം.പി. പോൾസ് കോളേജ് ട്യൂട്ടോറിയലിലെ അദ്ധ്യാപകനുമൊക്കെയായ അഡ്വ. കെ.എസ്. രാജാമണിയും പങ്കുചേർന്നു. ചങ്ങാതിമാരുടെ കൂടിയാലോചനകളുടെ ഒടുവിൽ 1952-ലെ ഒരു ത്രിസന്ധ്യാ നേരത്ത് പിറന്നുവീണ ജനകീയ കലാസമിതിക്ക് നാമകരണം ചെയ്തത് ജനാർദ്ദനക്കുറുപ്പാണ്. കേരളാ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ്. ചുരുക്കപ്പേരായി കെ.പി.എ. സി എന്ന് വിളിക്കാം.
സംഘടനയുടെ പ്രസിഡന്റായി ജനാർദ്ദനക്കുറുപ്പും സെക്രട്ടറിയായി രാജഗോപാലൻ നായരും ഉത്തരവാദിത്തമേറ്റെടുത്തു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയം ജില്ലയിലെ ഒരു പ്രവർത്തകനായ കോട്ടയം ശ്രീനി എന്നുവിളിക്കുന്ന പി എൻ ശ്രീനിവാസനെ സമിതിയുടെ കൺവീനറാക്കി. രാജഗോപാലൻ നായരോടൊപ്പം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാമ്പിശ്ശേരി കരുണാകരൻ, കമ്യൂണിസ്റ്റ് ആണെന്ന പേരിൽ യൂണിവേഴ്സിറ്റി കോളേജിൽ പ്രവേശനം നിഷേധിക്കപ്പെട്ട് തിരുവനന്തപുരത്ത് ഒരു ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിച്ചുകൊണ്ടിരുന്ന യുവകവി ഒ എൻ വി കുറുപ്പ്, നാടക പ്രവർത്തകരായ ശ്രീനാരായണ പിളള, പൂജപ്പുര കൃഷ്ണൻ നായർ, അഡ്വ. കുട്ടപ്പൻ തുടങ്ങിയവരൊക്കെ പുതിയ സമിതിക്ക് പിന്തുണയേകി. പ്രൊഫ.എം.പി. പോളിന്റെ അനുഗ്രഹാശിസ്സുകളും കെ.പി.എ.സിക്കുണ്ടായിരുന്നു.
ജനാർദ്ദനക്കുറുപ്പിന്റെ ജീവിതപങ്കാളി ശ്രീദേവി തേങ്ങ വിറ്റു നൽകിയ നൂറു രൂപയായിരുന്നു സമിതിയുടെ മൂലധനം. കോൺഗ്രസ് നേതാവായ എൻ. കുഞ്ഞുരാമന്റെ ഭാര്യയാണ് പിന്നീട് നല്ല ഒരു തുക സംഭാവനയായി നൽകിയത്. തിരുവിതാംകൂറിലെ ദിവാൻ ഭരണത്തിനെതിരെ ധീരോജ്ജ്വലമായ പോരാട്ടം നടന്ന നാളുകൾ പശ്ചാത്തല മാക്കിക്കൊണ്ട്, ജനാർദ്ദനക്കുറുപ്പും രാജഗോപാലൻ നായരും ചേർന്ന് ഒരു നാടകമെഴുതി. എം. എൻ. ഗോവിന്ദൻ നായരുടെ പ്രശസ്തമായ ജയിൽ ചാട്ടമായിരുന്നു അവർക്ക് പ്രചോദനമായത്. രാജഭക്തനായ ഒരു തറവാട്ടു കാരണവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിന്റെ പേരിൽ സ്വന്തം മകനെ വീട്ടിൽ നിന്ന് പുറത്താക്കുന്നു. എന്നാൽ ദിവാന്റെ പോലീസ് മകനെ കിട്ടാതെ വന്നപ്പോൾ കാരണവരെ പുലഭ്യം പറയുകയും മർദ്ദിച്ചവശനാക്കുകയുമാണ്. ഈ നടപടി കാരണവരെ ഇരുത്തിച്ചിന്തിപ്പിച്ചു. മകനും അയാളെ പിൻതുണച്ചുകൊണ്ട് മകളും അനന്തിരവനുമൊക്കെ പറയുന്ന കാര്യങ്ങളെക്കുറിച്ച് ബോധ്യം വന്ന വൃദ്ധൻ ഒടുവിൽ അക്കാര്യം സമ്മതിക്കുന്നു. “എനിക്ക് തെറ്റു പറ്റി. ഞാനല്ല, എന്റെ മകൻ തന്നെയാണ് ശരി’.
നാടകത്തിന് നൽകിയ പേരും
അതുതന്നെയായിരുന്നു –
”എന്റെ മകനാണ് ശരി’
കാരണവരായി ജനാർദ്ദനക്കുറുപ്പും മകനായി അഡ്വ.എം എ കുട്ടപ്പനും അനന്തിരവന്റെ റോളിൽ രാജഗോപാലൻ നായരും അഭിനയിച്ചു. നായികയുടെ റോളിലേക്ക് രാജാമണിയുടെ നാടായ മാവേലിക്കരയിലെ ഒരു റിട്ടയേർഡ് പോലീസുകാരന്റെ മകളും നല്ലൊരു ഗായികയുമായ സുലോചനയെ കണ്ടെത്തി. പുനലൂർ പേപ്പർ മില്ലിലെ ഒരു തൊഴിലാളിയായ കെ.എസ്. ജോർജിനെ പ്രധാന ഗായകനായും. സ്വാതന്ത്ര്യത്തിനുശേഷം രൂപം കൊണ്ട ആദ്യ തിരുവിതാംകൂർ നിയമസഭയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ചു ജയിച്ച ടി എ മൈതീൻകുഞ്ഞ്, ശ്രീനാരായണ പിളള തുടങ്ങിയവർ മറ്റു റോളുകളിൽ. തിരു- കൊച്ചി വിദ്യാർത്ഥി ഫെഡറേഷന്റെ സെക്രട്ടറി ഒ മാധവൻ, എസ് എഫ് പ്രവർത്തകനും നടനുമായ തോപ്പിൽ കൃഷ്ണപിള്ള എന്നിവരും വൈകാതെ അഭിനേതാക്കളുടെ കൂട്ടത്തിൽ ചേർന്നു. പാട്ടുകളെഴുതാൻ ആദ്യമേൽപ്പിച്ചത് ഒഎൻ വി കുറുപ്പിനെയായിരുന്നെങ്കിലും താൻ കൊണ്ടുവന്ന ദേവരാജനെ സംഗീത സംവിധായകനാക്കാൻ സമ്മതിക്കാത്ത രാജഗോപാലൻ നായരുമായി പിണങ്ങി ഒഎൻവി അതിനു തയ്യാറായില്ല. രാജഗോപാലൻ നായരുടെ നാട്ടുകാരനും പ്രിയശിഷ്യനുമായ മറെറാരു പ്രമുഖ യുവകവി പുനലൂർ ബാലനാണ്, അന്നത്തെ രീതിയനുസരിച്ച് ഹിന്ദി സിനിമാപ്പാട്ടുകളുടെ ട്യൂണിലും ‘വർണ്ണ മട്ടി ‘ലും ഗാനരചന നിർവഹിച്ചത്. തമ്പാനൂരുള്ള സ്വരാജ് ലോഡ്ജ് ആസ്ഥാനമാക്കി പ്രവർത്തിച്ചു പോന്ന സമിതിയുടെ നാടക റിഹേഴ്‌സലിനുവേണ്ടി എം. പി. പോൾസ് ട്യൂട്ടോറിയൽ കോളേജിന്റെ ഹാൾ പോൾസാർ വിട്ടുകൊടുത്തു. രാജഗോപാലൻ നായരുടെ സഹപാഠിയും എഴുത്തുകാരനുമായ മലയാറ്റൂർ രാമകൃഷ്ണനാണ് നാടകത്തിനുവേണ്ടി പോസ്റ്റർ വരച്ചത്.
തിരുവനന്തപുരത്തെ വിജെടി ഹാളിലായിരുന്നു ‘എന്റെ മകനാണ് ശരി’യുടെ അരങ്ങേറ്റം. കെപിഎസിക്ക് കമ്യൂണിസ്റ്റ് പാർട്ടിയുമായി നേരിട്ടു ബന്ധമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പാർട്ടിയുടെ മുതിർന്ന നേതാവ് കെ സി ജോർജ് ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളും പ്രവർത്തകരും ആവശ്യമായ സഹായസഹകരണങ്ങളുമായി ഒപ്പമുണ്ടായിരുന്നു.
നാടകം ഒരു ഗംഭീര വിജയമൊന്നുമായിരുന്നില്ല. എങ്കിലും,നാൽപതോളം അരങ്ങുകളിൽ കളിക്കാൻ കഴിഞ്ഞു. രാജഗോപാലൻ നായരുടെ നാടായ പുനലൂരിൽ കളിച്ചതിനുശേഷം ‘എന്റെ മകനാണ് ശരി’യുടെ അവതരണം കെ.പി.എ.സി അവസാനിപ്പിച്ചു. തൊഴിലാളികളും കർഷകരുമടങ്ങുന്ന അടിസ്ഥാന വർഗത്തിന്റെ ദുരിതപൂർണ്ണമായ ജീവിതത്തെ, കൂടുതൽ ശക്തവും ശിൽപ്പഭദ്രവുമായ ആവിഷ്കരണങ്ങളിലൂടെ അരങ്ങത്തു കൊണ്ടുവരിക എന്നതാണ് കെ. പി.എ. സി യെ പോലെയുള്ള ജനകീയ നാടക സമിതി ചെയ്യേണ്ടത് എന്ന തിരിച്ചറിവിൽ നിന്നായിരുന്നു ഈ തീരുമാനം.
അപ്പോഴേക്കും തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നാടകങ്ങളുടെ കെട്ടിലും മട്ടിലും കുറെയൊക്കെ മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞിരുന്നു. പി. ജെ. ആന്റണിയുടെ നേതൃത്വത്തിൽ പ്രതിഭാ ആർട്ട്സ് ക്ലബ്ബ് കൊച്ചിയിലും കെ ടി മുഹമ്മദ് നയിച്ച ബ്രദേഴ്സ് ആർട്സ് ക്ലബ്ബ് മലബാറിലും തീവ്രമായ ജനകീയ പ്രശ്നങ്ങളുടെ രംഗാവിഷ്‌കാരങ്ങളുമായി അരങ്ങത്തെത്തി. പണക്കാരനും പാവപ്പെട്ടവനുമിടയിലുള്ളതും, ജാതിയും മതവും കൊണ്ടുള്ളതുമായ ഉച്ചനീചത്വങ്ങളും പട്ടിണിയും വിശപ്പുമെല്ലാം നാടകങ്ങളിലെ വിഷയങ്ങളായി. അപ്പോഴും മർദ്ദിത വർഗത്തിന്റെ രാഷ്ട്രീയവും,അവരുടെ മോചനത്തിന്റെ മുദ്രാവാക്യവും ഉച്ചത്തിൽ വിളിച്ചു പറയുന്ന നാടകങ്ങൾ അരങ്ങത്തുനിന്ന് അകന്നുനിന്നു. കെ.പി.എ.സി അന്വേഷിച്ചത് അത്തരമൊരു നാടകമാണ്. കുറച്ചുനാൾ മുമ്പ് കുണ്ടറയിൽ ‘എന്റെ മകനാണ് ശരി’ കളിച്ചപ്പോൾ നാടകം കാണാൻ വന്ന ഒരു വിപ്ലവകാരിയുടെ കയ്യിൽ അങ്ങനെയൊരു നാടകമുണ്ടായിരുന്നു. മധ്യതിരുവിതാംകൂറിലെ ശൂരനാട് എന്ന ഗ്രാമത്തിൽ ജന്മിത്വത്തിനെതിരെ നടന്ന കലാപത്തിൽ പ്രതിചേർക്കപ്പെട്ട് ഒളിവിലിരിക്കുമ്പോഴാണ് തോപ്പിൽ ഭാസി എന്ന കമ്യൂണിസ്റ്റുകാരൻ ‘മുന്നേറ്റം’ എന്ന ഏകാങ്കമെഴുതുന്നത്. ജന്മിയുടെ മുന്നിൽ അതുവരെ ഓച്ഛാനിച്ചു നിന്ന അടിയാൻ തന്റേടമാർജിച്ച് നിവർന്നു നിൽക്കുന്നതായിരുന്നു നാടകത്തിന്റെ പ്രമേയം. പിന്നീട് ഭാസി ആ ഏകാങ്കത്തെ വിപുലീകരിച്ച് ഒരു പൂർണ്ണ നാടകമാക്കി. ചെറുപ്പം തൊട്ട് താൻ നേരിട്ടു കണ്ടറിഞ്ഞ ജീവിത സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും പിന്നീട് ഒളിവിൽ കഴിയുമ്പോൾ ഉൾക്കൊണ്ട യാഥാർത്ഥ്യങ്ങളെയും, ഭാവനയുടെ മഷിക്കൂട്ടിൽ ചാലിച്ചു സൃഷ്ടിച്ച ആ നാടകത്തിന് അർത്ഥവത്തായ ഒരു പേരും ഭാസി നൽകി – ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’. മാറ്റങ്ങൾക്ക് വിധേയനാകാൻ വിസ്സമ്മതിച്ചുകൊണ്ട് തന്റെ ഫ്യൂഡൽ മൂല്യങ്ങളെയും കാഴ്ചപ്പാടുകളെയും മുറുകെപ്പിടിച്ചുജീവിക്കുന്ന ഒരു വൃദ്ധകാരണവർ യാഥാർത്ഥ്യത്തിന്റെ തീപ്പൊള്ളലേൽക്കുന്നതോടെ മനസ്സുമാറി കമ്യൂണിസ്റ്റുകാരനായ മകന്റെ ചെങ്കൊടിയേറ്റുവാങ്ങി ഉയർത്തിപ്പിടിക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.
ശൂരനാട് കേസിലെ നടത്തിപ്പിനുവേണ്ടി ആർ. ശങ്കരനാരായണൻ തമ്പിയുടെയും കെ. കേശവൻ പോറ്റിയുടെയും ഉത്സാഹത്തിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നാടകത്തിന്റെ കോപ്പി കുറുപ്പും രാജഗോപാലൻ നായരും വായിച്ചു. നാടകം അവർക്ക് ഇഷ്ടമായി. എങ്കിലും ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ആവശ്യമുണ്ടെന്ന് അവർക്കുതോന്നി. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട് അടൂർ ലോക്കപ്പിൽ കിടക്കുകയായിരുന്ന തോപ്പിൽ ഭാസിയെ ചെന്നുകണ്ട് അനുവാദം വാങ്ങിച്ച അവർ ആവശ്യമായ തിരുത്തലുകൾ വരുത്തി. ഭാസി അരങ്ങത്തു കൊണ്ടുവരാതെ അണിയറയിൽ ഒതുക്കി നിറുത്തിയ സുമാവലി എന്ന നായികയെ അരങ്ങത്തുകൊണ്ടുവന്നതായിരുന്നു പ്രധാന മാറ്റം. മദ്ധ്യ തിരുവിതാംകൂറിലെ പ്രധാന നാടക സംഘാടകരിൽ ഒരാളായിരുന്ന കോടാകുളങ്ങര വാസുപിള്ള എന്ന ചെറുപ്പക്കാരനെ കൺവീനർ സ്ഥാനമേൽപ്പിച്ചു. കോടാകുളങ്ങരയുടെ കൊല്ലത്ത് ചവറയിലുള്ള വീട്ടിൽ വെച്ച് റിഹേഴ്സൽ ആരംഭിച്ചു.
ഭാസിയുടെ ആത്മസ്നേഹിതനായ കാമ്പിശ്ശേരി കരുണാകരൻ ആണ് കേന്ദ്ര കഥാപാത്രമായ പരമുപിള്ളയുടെ വേഷത്തിൽ അഭിനയിച്ചത്. ജനാർദ്ദനക്കുറുപ്പ്, രാജഗോപാലൻ നായർ എന്നിവർക്കുപുറമേ സുലോചന, സുധർമ്മ, ഭാർഗവി, വിജയകുമാരി, ഒ മാധവൻ,തോപ്പിൽ കൃഷ്ണപിള്ള, വി. സാംബശിവൻ എന്നിവരും നാടകത്തിൽ പ്രധാന വേഷങ്ങളണിഞ്ഞു. ഒഎൻവി –– ദേവരാജൻ ടീം ഒരുക്കിയ 24 ഗാനങ്ങൾ കെ. എസ്. ജോർജ്, സുലോചന, സുധർമ്മ എന്നിവരും ദേവരാജനും ആലപിച്ചു.
1952 ഡിസംബർ ആറാം തീയതി ചവറയിലെ തട്ടാശേരി മൈതാനത്തുള്ള സുദർശൻ ടാക്കീസിൽ അരങ്ങേറിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ ഉദ്ഘാടനം ചെയ്തത് പുരോഗമന സാഹിത്യകാരനായ ഡി. എം. പൊറ്റക്കാടാണ്. അവസാന രംഗത്തിൽ പരമുപിള്ള, മാലയെന്ന പുലയിപ്പെണ്ണിന്റെ കൈകളിൽ നിന്ന് ചെങ്കൊടി ഏറ്റുവാങ്ങി ഉയർത്തിപ്പിടിച്ചപ്പോൾ അവിടെ കൂടിയിരുന്ന വലിയ ജനാവലിയും അരങ്ങത്തും അണിയറയിലും നിന്ന കെപിഎസി പ്രവർത്തകരുമെല്ലാം ചേർന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി.
‘ഇങ്ക്വിലാബ് സിന്ദാബാദ്!
കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്!’
അന്നുരാത്രി തന്നെ തിരുകൊച്ചി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 37 സ്ഥലങ്ങളിൽ നാടകം നടത്താനുള്ള ബുക്കിംഗ് ലഭിച്ചു. എന്നാൽ എ. ജെ. ജോൺ നേതൃത്വം നൽകിയ അന്നത്തെ കോൺഗ്രസ് സർക്കാർ നാടകത്തിനു ലഭിക്കുന്ന ജനപ്രീതി കണ്ടു വിറളി പൂണ്ട് നാടകം നിരോധിച്ചു. നിരോധനത്തിനെതിരെ ജനാർദ്ദനക്കുറുപ്പ് കോടതിയിൽ പോയി. കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരുകൊച്ചി സെക്രട്ടറി എം എൻ ഗോവിന്ദൻ നായർ നിയമസഭയിൽ നാടക നിരോധനത്തിനെതിരെ അടിയന്തിര പ്രമേയം അവതരിപ്പിച്ചു. കാമ്പിശ്ശേരിയും രാജഗോപാലൻനായരും സഭയിൽ വീറോടെ പോരാടി. പഴകിത്തുരുമ്പിച്ച ഡ്രമാറ്റിക് പെർഫോമൻസ് ആക്ട് ദുർബലപ്പെടുത്തിയ കോടതി കെപിഎസി ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. വർദ്ധിത വീര്യത്തോടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യുമായി കെപിഎസി വീണ്ടും അരങ്ങിലെത്തി. തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ ഒരു രാത്രിപോലും ഒഴിവില്ലാതെ ആയിരക്കണക്കിന് സ്റ്റേജുകളിൽ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അവതരിപ്പിച്ചു.
ബോംബെയിൽ വെച്ച് നടന്ന ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസ്സോസിയേഷന്റെ സമ്മേളനത്തിലും അഹമ്മദാബാദിലും നാടകം അവതരിപ്പിച്ച കെപിഎസി മലബാറിൽ ഒരു പടയോട്ടം തന്നെ നടത്തി. വീരോചിതമായ സ്വീകരണമാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ മലബാർ പ്രദേശത്ത് കെപിഎസി സംഘത്തിന് ലഭിച്ചത്.
ഇതിനിടെ കെപിഎസി യുടെ കൺവീനർ കോടാകുളങ്ങര വാസുപിള്ള, പ്രമാദമായ ചവറ മധുസൂദനൻ പിളള കൊലക്കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. കെപിഎസി യുടെ പ്രസിഡന്റ് ജനാർദ്ദനക്കുറുപ്പിനും സെക്രട്ടറി ഒ മാധവനും ഒളിവിൽ പോകേണ്ടി വന്നു. കെപിഎസിയുടെ ഭാരവാഹികൾ കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും കോടാകുളങ്ങര വാസു പിള്ളയെ കോടതി തൂക്കിക്കൊല്ലാൻ വിധിച്ചു.
‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അരങ്ങത്ത് ജ്വലിച്ചു നിൽക്കുമ്പോഴാണ് കെപിഎസി അടുത്ത നാടകത്തിന്റെ ഒരുക്കങ്ങളിലേക്ക് പ്രവേശിക്കുന്നത്. ഭൂപരിഷ്കരണം ഇനിയും യാഥാർഥ്യമായിട്ടില്ലാത്ത കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയിൽ വസ്തുവിന്റെ പേരിലുള്ള അതിർത്തി തർക്കങ്ങളും കോടതി വ്യവഹാരങ്ങളുമൊക്കെ വ്യക്തികൾക്കിടയിലും കുടുംബങ്ങൾക്കിടയിലും സൃഷ്ടിക്കുന്ന ഛിദ്രങ്ങളാണ് പുതിയ നാടകത്തിന്റെ പ്രമേയമായി തോപ്പിൽ ഭാസി കണ്ടെത്തിയത്. ‘സർവേക്കല്ല്’ എന്ന പേരുള്ള നാടകത്തിൽ സുലോചന, ഓ. മാധവൻ, കെ എസ് ജോർജ്, തോപ്പിൽ കൃഷ്ണപിള്ള, സുധർമ്മ തുടങ്ങിയവർക്കൊപ്പം മുടിയിൽത്തറ ഭാസ്കർ, പത്മാക്ഷിയമ്മ എന്നീ പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിൽ വന്നു. ഒഎൻവി –- ദേവരാജൻ ടീം ഒരുക്കിയ മനോഹരമായ പാട്ടുകൾ ജനപ്രീതി നേടിയെങ്കിലും ജനാർദ്ദനക്കുറുപ്പ് സംവിധാനം ചെയ്ത നാടകം അരങ്ങത്ത് വലിയ വിജയമായില്ല.
‘സർവേക്കല്ലി’ന്റെ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ആസ്വാദകരുടെ പ്രതീക്ഷകളെയും അഭിരുചിയെയും തൃപ്തിപ്പെടുത്താനുതകുന്ന രീതിയിൽ ഭാസി രചിച്ച ‘മുടിയനായ പുത്രൻ’ കെപിഎസി യുടെ രക്തപതാക കൂടുതൽ ഉയരങ്ങളിൽ പാറിച്ചു. സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ട് തോന്ന്യാസിയായി നടക്കുന്ന ഒരു ചെറുപ്പക്കാരൻ അധഃസ്ഥിതവർഗത്തിൽപ്പെട്ട മനുഷ്യരുടെ സ്നേഹവും കരുതലും ഏറ്റുവാങ്ങി നല്ലവനായിത്തീരുന്ന കഥ ദുരന്തപര്യവസായിയായിട്ടാണ് അരങ്ങത്തുവന്നതെങ്കിലും ജനങ്ങൾ ആവേശത്തോടെ സ്വീകരിച്ചു. നായകനായ രാജന്റെ വേഷത്തിലുള്ള ഒ മാധവന്റെ അഭിനയവും സുലോചനയും ജോർജും ആലപിച്ച ഒഎൻവി – ദേവരാജൻ ടീമിന്റെ പാട്ടുകളുമായിരുന്നു നാടകത്തിന് ജനപ്രീതി നേടിക്കൊടുത്ത പ്രധാന ഘടകങ്ങൾ.
‘മുടിയനായ പുത്രൻ’ ഗംഭീരമായി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെപിഎസി രണ്ടാമത്തെ മറുനാടൻ പര്യടനം നടത്തുന്നത്. ബോംബയിൽ നടന്ന കെപിഎസി യുടെ നാടകോത്സവം കാണാൻ പൃഥ്വിരാജ് കപൂർ, കെ എ അബ്ബാസ്, ബൽരാജ് സാഹ് നി തുടങ്ങിയ പ്രശസ്ത കലാകാരന്മാർ എത്തിയിരുന്നു. കെപിഎസി യുമായി ആജീവനാന്ത സൗഹൃദം സ്ഥാപിച്ച ബൽരാജ് സാഹ്നി, സമിതിയുടെ ക്ഷണം സ്വീകരിച്ച് കേരളം സന്ദർശിക്കാനെത്തി. “സ്വന്തം നാടിന്റെ പുനർ നിർമ്മാണത്തിനും പുനരുജ്ജീവനത്തിനും വേണ്ടിയുള്ള ആയുധമായി കലയെ മാറ്റണമെന്ന” ബൽരാജിന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് ഭാസി പുതിയ നാടകമെഴുതി. ഒരു ഗ്രാമത്തിലെ കൃഷിക്കാർക്ക് വെള്ളവും വെളിച്ചവും നൽകാനായി ഡാം പണിയാനുള്ള ഒരു യുവ എഞ്ചിനീയറുടെ പരിശ്രമങ്ങളെ കുത്സിതശക്തികൾ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതും എഞ്ചിനീയർ അടക്കമുള്ള ഒരു കൂട്ടം മനുഷ്യർ രക്തസാക്ഷിത്വം വരിക്കുന്നതുമായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. ‘പുതിയ ആകാശം പുതിയ ഭൂമി’ എന്നു പേരിട്ട നാടകത്തിൽ കെപിഎസിയുടെ പ്രശസ്ത അഭിനേതാക്കളെല്ലാം വേഷമിട്ടു. ഒഎൻവി- ദേവരാജൻ ടീം തന്നെയാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തത്. തോപ്പിൽ ഭാസി ആദ്യമായി സംവിധായകന്റെ വേഷം ഏറ്റെടുക്കുന്നത് ഈ നാടകത്തിനുവേണ്ടിയാണ്.
‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ മുതൽ ‘പുതിയ ആകാശം പുതിയ ഭൂമി’ വരെയുള്ള നാടകങ്ങളുമായി കെപിഎസി നടത്തിയ ഭാരതപര്യടനം ഗംഭീരവിജയമായി. ‘പുതിയ ആകാശം പുതിയ ഭൂമി’ ഡൽഹിയിലവതരിപ്പിച്ചപ്പോൾ കാണാനെത്തിയ പ്രധാനമന്ത്രി നെഹ്റുവും ഉപരാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണനും കേന്ദ്ര മന്ത്രിമാരും മറ്റു വിശിഷ്ട വ്യക്തികളും കെപിഎസി അംഗങ്ങളെ നേരിട്ട് അഭിനന്ദിച്ചു കെപിഎസി യുടെ ചരിത്രത്തിലെ ഒരു സുവർണ്ണ മുഹൂർത്തമായിരുന്നു അത്.
ഡൽഹിയിലെ നാടകം കഴിഞ്ഞ് മടങ്ങിയെത്തിയ ഒ മാധവൻ, ഭാര്യയും നടിയുമായ വിജയകുമാരി, ഒഎൻവി, ദേവരാജൻ, ജി ജനാർദ്ദനക്കുറുപ്പ് എന്നിവർ ചില അഭിപ്രായവ്യത്യാസങ്ങൾ മൂലം സമിതി വിട്ടുപോയി. അവർ കൊല്ലം കേന്ദ്രമാക്കി കാളിദാസകലാകേന്ദ്രം എന്നൊരു പുതിയ നാടക സമിതി രൂപീകരിച്ചു.
“രോഗം ഒരു കുറ്റമാണോ?”എന്ന ഒരു ചോദ്യത്തിൽ നിന്നാണ് കെപിഎസിയുടെ അടുത്ത നാടകത്തിന്റെ പിറവി. 1957-ലെ കമ്യൂണിസ്റ്റ് ഗവണ്മെന്റ്, കുഷ്ഠരോഗ നിർമ്മാർജ്ജനം ലക്ഷ്യമാക്കിക്കൊണ്ട് പൊതുസ്ഥലത്ത് കാണപ്പെടുന്ന കുഷ്ഠരോഗികളെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കാൻ അധികാരം നൽകുന്ന ഒരു നിയമം കൊണ്ടുവരാൻ തീരുമാനിച്ചു. ഇതേക്കുറിച്ചറിഞ്ഞ നൂറനാട് ലെപ്രസി സാനറ്റോറിയത്തിന്റെ സൂപ്രണ്ട് ഡോ. ഉണ്ണിത്താൻ അന്ന് എംഎൽഎയായിരുന്ന തോപ്പിൽ ഭാസിയോടു ചോദിച്ച ചോദ്യമായിരുന്നു അത്. ചോദ്യം ഭാസിയുടെ ഉള്ളിൽ തറച്ചു. കുഷ്ഠരോഗം പിടിപെട്ടവരുടെ രോഗം പൂർണമായും ഭേദമായിട്ടും ബന്ധുക്കളും സമൂഹവും അവരെ സ്വീകരിക്കാൻ വിസമ്മതിച്ച കഥകൾ ഭാസിയ്ക്കറിയാമായിരുന്നു. അങ്ങനെയൊരു കഥയാണ് അടുത്ത നാടകമായ ‘അശ്വമേധ’ത്തിന്റെ പ്രമേയമാക്കിയത്. സരോജം എന്ന ദുഃഖപുത്രിയെ നായികയാക്കി കെപിഎസി അവതരിപ്പിച്ച ‘അശ്വമേധം’, സമിതിയുടെ പഴയ പ്രതാപം തിരിച്ചുപിടിച്ചു. തോപ്പിൽ ഭാസിയുടെ സംവിധാനവും സുലോചന, കെ. പി. ഉമ്മർ, എൻ ഗോവിന്ദൻകുട്ടി തുടങ്ങിയ പ്രതിഭകളുടെ അഭിനയവും വയലാർ – കെ. രാഘവൻ ടീമിന്റെ പാട്ടുകളും അശ്വമേധത്തെ കെപിഎസിയുടെ ഏറ്റവും ജനപ്രീതി യാർജ്ജിച്ച നാടകങ്ങളിലൊന്നാക്കി മാറ്റി.
കെപിഎസിയുടെ സഹോദര നാടകപ്രസ്ഥാനമായ പ്രതിഭാ ആർട്ട്സ് ക്ലബ് മുമ്പ് അവതരിപ്പിച്ച തോപ്പിൽ ഭാസിയുടെ ‘മൂലധനം’ എന്ന നാടകമാണ് 1963-ൽ സമിതി അവതരിപ്പിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ വേണ്ടി രക്തസാക്ഷിത്വം വരിച്ച ആയിരക്കണക്കിന് സഖാക്കളെ കുറിച്ച് ഓർമ്മിപ്പിക്കുന്ന കഥയായിരുന്നു മൂലധനത്തിന്റേത്.
പുരോഗമന നാടകപ്രസ്ഥാനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ വേണ്ടി ആർ ശങ്കറിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏർപ്പെടുത്തിയ അമിതമായ ടാക്സ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തോപ്പിൽ ഭാസിയുടെ നേതൃത്വത്തിൽ കെ. എസ്. ജോർജും സുലോചനയും മറ്റുമടങ്ങുന്ന കെപിഎസി സംഘം സെക്രട്ടറിയേറ്റിലേക്ക് മാർച്ചുചെയ്തു. തോപ്പിൽ ഭാസി ഉൾപ്പെടെയുള്ളവർ ഭീകരമായ പൊലീസ് മർദ്ദനത്തിന് ഇരകളായി. കെപിഎസി പ്രവർത്തകരുടെ അറസ്റ്റും പൊലീസ് മർദ്ദനവും തുടർന്ന് ആ സംഭവത്തെക്കുറിച്ച് പോലീസ് മന്ത്രി പി ടി ചാക്കോയ്ക്ക് സുലോചന എഴുതിയ തുറന്ന കത്തും വലിയ ജനശ്രദ്ധ നേടി. പൊരുതുന്ന ജനകീയ കലാപ്രസ്ഥാനമെന്ന കെപിഎസിയുടെ സ്ഥാനം ഒരിക്കൽ കൂടി ലോകത്തെ വിളിച്ചറിയിച്ച സംഭവമായിരുന്നു അത്.
1964-ൽ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ പിളർപ്പ് പാർട്ടിയുമായി ബന്ധപ്പെട്ട ബഹുജന സംഘടനകളെയെല്ലാം സാരമായി ബാധിച്ചെങ്കിലും കെപിഎസി ഭിന്നിപ്പൊന്നും കൂടാതെ മുന്നോട്ടുപോയി. പാർട്ടിയിലെ പിളർപ്പ് സംഭവിച്ച് മാസങ്ങൾക്കു ശേഷം സമിതി അവതരിപ്പിച്ച ‘ശരശയ്യ’ എന്ന നാടകം ‘അശ്വമേധ’ത്തിന്റെ രണ്ടാം ഭാഗമായിരുന്നു. ‘അശ്വമേധ’ത്തിലെ കഥാപാത്രങ്ങൾ തന്നെയാണ് ‘ശരശയ്യ’യിലും പ്രത്യക്ഷപ്പെടുന്നത്. ആദ്യ നാടകത്തിലെ നായകൻ രണ്ടാം ഭാഗത്തിൽ വില്ലനാകുകയാണെന്നു മാത്രം. അതുവരെ കെപിഎസി അവതരിപ്പിച്ച നാടകങ്ങൾ പോലെ ‘ശരശയ്യ’ വലിയ വിജയമായില്ല. മാത്രമല്ല, ഒരു പിളർപ്പിനെ അതിജീവിച്ചെങ്കിലും മറെറാരു പ്രതിസന്ധിയെ നേരിടുകയായിരുന്നു അപ്പോൾ സമിതി. സുലോചന, കെ എസ് ജോർജ്, കെ പി ഉമ്മർ, സി ജി ഗോപിനാഥ്, ശ്രീനാരായണ പിള്ള തുടങ്ങി കെപിഎസിയിലെ ഏറ്റവും ജനപ്രിയരായ കുറേ പ്രതിഭാശാലികൾ വ്യത്യസ്ത കാരണങ്ങൾ കൊണ്ട് സമിതി വിട്ടുപോയി. പുതിയ ഒരു സംഘം അഭിനേതാക്കളെ അണിനിരത്തിക്കൊണ്ടാണ് അടുത്ത നാടകമായ ‘യുദ്ധകാണ്ഡം’ അരങ്ങിലെത്തിയത്. ബാബു രാജ് കെപിഎസിക്കു വേണ്ടിസംഗീത സംവിധാനം നിർവഹിച്ച ഏക നാടകമായിരുന്നു, ഒരു കുടുംബത്തിലെ അന്തച്ഛിദ്രങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ അതിർത്തിയിൽ നടന്ന ആക്രമണവും കമ്യൂണിസ്റ്റ് പാർട്ടിയിലെ ഭിന്നിപ്പുമൊക്കെ പ്രതീകാത്മകമായി അവതരിപ്പിച്ച ‘യുദ്ധകാണ്ഡം’.
ആ വർഷം കെപിഎസി രണ്ടു ട്രൂപ്പുകൾ രൂപീകരിച്ച് രണ്ടു വ്യത്യസ്ത നാടകങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി എ ട്രൂപ്പ് തോപ്പിൽ ഭാസിയുടെ ‘യുദ്ധകാണ്ഡം’ കളിച്ചപ്പോൾ ബി ട്രൂപ്പ് പൊൻകുന്നം വർക്കിയുടെ ‘ഇരുമ്പുമറ’ എന്നൊരു പുതിയ നാടകമാണ് അവതരിപ്പിച്ചത്. ഗോപി, ജോസഫ് ചാക്കോ, എൻ എസ് ഇട്ടൻ, എം. എസ്. വാര്യർ തുടങ്ങിയ പരിചയ സമ്പന്നരായ അഭിനേതാക്കളാണ് ‘ഇരുമ്പുമറ’യിൽ അഭിനയിച്ചത്. ഒരു കലക്ടറുടെ ജീവിതത്തിലെ സംഘർഷങ്ങൾ പ്രമേയമാക്കിയ പൊൻകുന്നം വർക്കിയുടെ നാടകം ആസ്വാദകരെ തൃപ്തിപ്പെടുത്തിയെങ്കിലും അധികം കളിച്ചില്ല. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിഎസി യുടെ പ്രസിഡന്റ് കാമ്പിശ്ശേരിയും സെക്രട്ടറി തോപ്പിൽ ഭാസിയും തൽസ്ഥാനങ്ങൾ രാജിവെച്ചു. സമിതിയുടെ സ്ഥാപക സെക്രട്ടറിയായ അഡ്വ.എൻ. രാജഗോപാലൻ നായർ പ്രസിഡന്റായി സംഘടനയിലേക്ക് മടങ്ങിവന്നു. അഡ്വ. എം ഗോപി സെക്രട്ടറിയുമായി.
കൊല്ലം കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീഥാ ആർട്സ് ക്ലബ്ബ്, ആറ്റിങ്ങൽ ദേശാഭിമാനി തീയേറ്റേഴ്‌സ് തുടങ്ങിയ സമിതികൾ മികച്ച നാടകങ്ങളുമായി അരങ്ങത്തെത്തിയ നാളുകളായിരുന്നു അത്. നാടകരംഗത്ത് ഒന്നാം നിരയിലെ ആദ്യസ്ഥാനം നിലനിർത്താനായി കെപിഎസി 1967-ൽ ഒന്നിനുപിറകെ ഒന്നായി രണ്ടു നാടകങ്ങൾ അവതരിപ്പിച്ചു. തോപ്പിൽ ഭാസി എഴുതിയ ‘കൂട്ടുകുടുംബം’, ‘തുലാഭാരം’ എന്നീ നാടകങ്ങൾ കെപിഎസിയുടെ പഴയ സുവർണ്ണ നാളുകളെ തിരിച്ചുകൊണ്ടുവന്നു. മധ്യതിരുവിതാംകൂറിലെ ഒരു തകർന്ന തറവാട്ടിൽ പാരമ്പര്യത്തിന്റെ ഭാണ്ഡവും പേറി കഴിയുന്ന ഒരു ജന്മി കാരണവരുടെയും ജീവിതത്തിന്റെ കൊടുംവേനൽചൂടേറ്റ് തളർന്നുപോകുന്ന കലാകാരിയായ മകളുടെയും കഥയാണ് ‘കൂട്ടുകുടുംബം’ പറഞ്ഞത്. നിസ്വവർഗത്തോട് കരുണ കാട്ടാത്ത നീതി ന്യായ വ്യവസ്ഥയ്ക്കു നേരെ വിരൽ ചൂണ്ടുന്ന ‘തുലാഭാര’ത്തിലൂടെ നിസ്സഹായയായ ഒരു സ്ത്രീയുടെ ദുരന്തമാണ് തോപ്പിൽ ഭാസി അവതരിപ്പിച്ചത്. രണ്ടു നാടകങ്ങളിലും നായികാ വേഷത്തിൽ വന്ന പാമ്പാക്കുട ലീലയുടെ വികാരോജ്ജ്വലമായ അഭിനയമാണ് വലിയൊരു ആസ്വാദക സമൂഹത്തെ നാടകത്തിലേക്ക് ആകർഷിച്ച ഘടകം. ഗോവിന്ദൻ കുട്ടി, ലളിത, അടൂർ ഭവാനി, ഖാൻ, ആലുമ്മൂടൻ, ഡി.ഫിലിപ്പ്, പൊൻകുന്നം രവി തുടങ്ങി മികച്ച അഭിനേതാക്കളുടെ ഒരു നിരയാണ് ഈ നാടകങ്ങളിൽ വേഷമിട്ടത്.
1950- കളിൽ എറണാകുളം ആസ്ഥാനമാക്കി ഏരൂർ വാസുദേവിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട നാടകസമിതിയാണ് കേരളാ പ്രോഗ്രസീവ് തീയേട്രിക്കൽ ആർട്ട്സ് എന്ന കെ പി ടി എ. സമിതിയുടെ ആദ്യനാടകമായ ഏരൂർ വാസുദേവിന്റെ ‘ജീവിതം അവസാനിക്കുന്നില്ല’ പുരോഗമന നാടകങ്ങളുടെ കൂട്ടത്തിലെ എണ്ണപ്പെട്ട ഒന്നാണ്. കെ പി ടി എയുടെ സാരഥിയായിരുന്ന ഏരൂർ വാസുദേവിന്റെ അകാല നിര്യാണത്തെ തുടർന്ന് അനാഥമായിത്തീർന്ന ആ കുടുംബത്തെ സഹായിക്കാനായി ‘ജീവിതം അവസാനിക്കുന്നില്ല’ 1970-ൽ കെപിഎസി അവതരിപ്പിച്ചു.
‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യുടെ തുടർച്ചയെന്നോണം തോപ്പിൽ ഭാസി എഴുതിയ ‘ഇന്നലെ, ഇന്ന്, നാളെ’ ആയിരുന്നു 1971-ൽ അവതരിപ്പിച്ച നാടകം. കമ്യൂണിസ്റ്റ് പാർട്ടി പല കഷണങ്ങളായി മുറിഞ്ഞു മാറിയതിനെ തുടർന്ന് പ്രസ്ഥാനത്തിന് സംഭവിച്ച അപചയത്തെ കുറിച്ചുപറയുന്ന ‘ഇന്നലെ, ഇന്ന്, നാളെ’യിലെ കഥാപാത്രങ്ങളായി വരുന്നത് ഭാസിയുടെ പ്രധാന നാടകങ്ങളിൽ നിന്നുള്ള മാലയും കറമ്പനും നാണുവും വാസുവുമൊക്കെയാണെന്ന പ്രത്യേകതയുണ്ടായിരുന്നു.
കെപിഎസിയുടെ ചരിത്രത്തിലെ ഏറ്റവും സംഭവ ബഹുലവും ചൈതന്യവത്തുമായ ഒരു ഘട്ടമാണ് അരങ്ങത്ത് അധികം വിജയിക്കാതെ പോയ ഈ രണ്ടു നാടകങ്ങളുടെയും അവതരണത്തോടെ അവസാനിക്കുന്നത്. ഏറെ തിരക്കുള്ള തിരക്കഥാകൃത്തും സംവിധായകനുമെന്ന നിലയിൽ സിനിമയിൽ കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയ ഭാസിക്ക് നാടകമെഴുതാൻ നേരമുണ്ടായിരുന്നില്ല. അതുകൊണ്ട് അടുത്ത കുറേ വർഷങ്ങൾ കെപിഎസി അരങ്ങത്തുകൊണ്ടുവന്നത്, ഭാസിയുടെ തന്നെ സംവിധാനത്തിൽ പ്രശസ്തരായ മറ്റു പല നാടകകൃത്തുക്കളുടെയും കൃതികളാണ്.
കെപിഎസിയുടെ രജതജൂബിലി 1975-ൽ കായംകുളത്തെ കെപിഎസി ആസ്ഥാനത്ത് വെച്ച് ഗംഭീരമായി ആഘോഷിച്ചു. അന്നത്തെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയും ഭാവിയിലെ ഇന്ത്യൻ പ്രധാനമന്ത്രിയുമായ ഇന്ദർ കുമാർ ഗുജ്റാൾ ആണ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി സി. അച്യുത മേനോൻ അദ്ധ്യക്ഷത വഹിച്ചു. രജതജൂബിലിയുടെ ഭാഗമായി പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത സെമിനാറുകൾ, പ്രശസ്ത കലാപ്രതിഭകൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, ഗാനമേള, പ്രസിദ്ധ സമിതികളുടെ നാടകങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. നിറപ്പകിട്ടാർന്ന ആഘോഷപരിപടികൾ സമാപിച്ചത് കെപിഎസിയുടെ ആദ്യസംഘം അഭിനേതാക്കൾ ഒരുമിച്ചു ചേർന്നവതരിപ്പിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തോടെയാണ്.
2000-ത്തിൽ കെപിഎസിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ തിരുവനന്തപുരത്ത് നടന്നപ്പോൾ വിശിഷ്ടാതിഥികളായെത്തിയത് വിഖ്യാത നടൻ ദിലീപ് കുമാറും ഭാര്യയും നടിയുമായ സൈരാ ബാനുവുമാണ്.
‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യുടെ നാളുകൾ തൊട്ട് ഒരു നീണ്ട കാലഘട്ടം കെപിഎസി അവതരിപ്പിച്ചത് തോപ്പിൽ ഭാസിയുടെ നാടകങ്ങളായിരുന്നെങ്കിലും മലയാളത്തിലെ മുൻ നിര നാടകകൃത്തുക്കളിൽ മിക്കപേരുടെയും നാടകങ്ങൾ സമിതി അരങ്ങത്തെത്തിച്ചിട്ടുണ്ട്. 1965-ൽ ബി ട്രൂപ്പ് രൂപീകരിച്ചുകൊണ്ട് കെപിഎസി അവതരിപ്പിച്ചത് പൊൻകുന്നം വർക്കിയുടെ ‘ഇരുമ്പുമറ’യാണ്. ഭാര്യയ്ക്കും മക്കൾക്കും സഹോദരിക്കുമൊപ്പം നാടകം കളിച്ചുകൊണ്ട് അരങ്ങത്ത് പ്രകമ്പനങ്ങൾ സൃഷ്ടിച്ച എൻ.എൻ.പിള്ള കെപിഎസിക്ക് വേണ്ടിയെഴുതിയ ‘മന്വന്തരം’ ( 1975 ) സമിതിയവതരിപ്പിച്ച മറ്റു നാടകങ്ങളിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്നു. കെപിഎസി സംഘത്തിന്റെ ഉത്തരേന്ത്യൻ പര്യടനത്തിനിടയിൽ അജന്താ ഗുഹ സന്ദർശിക്കുമ്പോൾ ഉണ്ടാകുന്ന വിചിത്രമായ ഒരനുഭവമാണ് നാടകത്തിന്റെ പ്രമേയം. പിൽക്കാലത്ത് എൻ. എൻ. പിള്ളയുടെ ‘മനുഷ്യന്റെ മാനിഫെസ്റ്റോ’ എന്ന നാടകവും കെപിഎസി അവതരിപ്പിച്ചു.
തൊഴിലില്ലായ്മയെന്ന രൂക്ഷമായ പ്രശ്നത്തെ ആധാരമാക്കി എസ്. എൽ. പുരം സദാനന്ദൻ രചിച്ച ‘സിംഹം ഉറങ്ങുന്ന കാട്,’ തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ കെപിഎസി അവതരിപ്പിച്ചപ്പോൾ അത്, നാടകത്തിലും സിനിമയിലും സമകാലികരായി പ്രവർത്തിച്ചിരുന്ന രണ്ടു വലിയ പ്രതിഭകളുടെ അപൂർവ സംഗമമായി.
കെ.ടി. മുഹമ്മദ് ആണ് കെപിഎസിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയ മറ്റൊരു വലിയ നാടകകാരൻ. കെടി രചിച്ച ‘ജീവപര്യന്തം’, ‘വെള്ളപ്പൊക്കം’, ‘സൂത്രധാരൻ’, ‘പെൻഡുലം’ എന്നീ നാടകങ്ങളാണ് അദ്ദേഹത്തിൻ്റെ തന്നെ സംവിധാനത്തിൽ കെപി എസി അവതരിപ്പിച്ചത്. തിക്കോടിയന്റെ ‘രാജയോഗ‘വും വൈക്കം ചന്ദ്രശേഖരൻ നായരുടെ ‘ഉദ്യോഗപർവ‘വും കെപിഎസി അവതരിപ്പിച്ചു.
കണിയാപുരം രാമചന്ദ്രന്റെ ‘മാനസപുത്രി’, ‘എനിക്ക് മരണമില്ല’, ‘ഭഗവാൻ കാലുമാറുന്നു’, ‘സബ്കോ സന്മതി ദേ ഭഗവാൻ’ എന്നീ നാടകങ്ങൾ കെപിഎസിക്ക് വേണ്ടി രചിച്ചവയാണ്. കഠാരമൂർച്ചയുള്ള ഭാഷയിൽ വർഗീയശക്തികളുടെ കപടമുഖം പിച്ചിച്ചീന്തുന്ന ‘ഭഗവാൻ കാലു മാറുന്നു’ അവതരിപ്പിക്കുമ്പോൾ ഹിന്ദു തീവ്രവാദികൾ ഒരുപാട് തടസ്സങ്ങൾ സൃഷ്ടിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. കെ പിഎ സിയുടെ പ്രധാന നടന്മാരിലൊരാളായിരുന്ന ജോസഫിന് അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ആർ. എസ്.എസ് ഗൂണ്ടകളുടെ കല്ലേറിൽ പരിക്കുപറ്റി. സിപിഐ, സിപിഎം പാർട്ടികളുടെ സഖാക്കൾ കൈകോർത്തുപിടിച്ചു നിന്നുകൊണ്ടാണ് അന്ന് സമിതിയംഗങ്ങൾക്ക് സംരക്ഷണ വലയം തീർത്തത്.
‘യന്ത്രം സുദർശനം‘,‘ഭരതക്ഷേത്രം’, ‘ലയനം’ എന്നീ മൂന്ന് നാടകങ്ങളാണ് എ.എൻ/ ഗണേശ് കെപിഎസിക്കു വേണ്ടിയെഴുതിയത്. ലയനത്തിന്റെ രചനയിൽ, നാടകം സംവിധാനം ചെയ്ത തോപ്പിൽ ഭാസിയും കൂട്ടുപങ്കാളിയായിരുന്നു. കൊച്ചി നാടകവേദിയിലൂടെ അരങ്ങത്തുവന്ന നാടകകൃത്തും നടനുമായ ശ്രീമൂലനഗരം വിജയന്റെ ‘സഹസ്രയോഗം’ 1978-ൽ കെപിഎസി അവതരിപ്പിച്ചു.
കെപിഎസിയുടെ ആരംഭം മുതൽക്ക് സമിതിയുടെ ജീവാത്മാവായി ഒപ്പം സഞ്ചരിച്ചിരുന്ന കേശവൻപോറ്റി എന്ന പോറ്റിസാർ കെപിഎസി ക്കുവേണ്ടി ഒടുവിൽ ഒരു നാടകകൃത്തായി. സംസ്കൃത നാടകകൃത്തായ ശൂദ്രകന്റെ ‘മൃച്ഛകടികം’ പോറ്റിസാർ മലയാളത്തിൽ വിവർത്തനം ചെയ്ത് ഭാസിയുടെ സംവിധാനത്തിൽ അരങ്ങത്തുകൊണ്ടുവന്നപ്പോൾ അത് കെപിഎസിയുടെ ചരിത്രത്തിലെ മറ്റൊരു സുപ്രധാന അദ്ധ്യായമായി. ഇതിഹാസത്തിന്റെ ഏടുകളിൽനിന്ന് പാഞ്ചാലിയെയും ശകുന്തളയെയും കെപിഎസിയുടെ അരങ്ങത്തേക്ക് കൈപിടിച്ചുകൊണ്ടുവരാൻ ഭാസിയ്ക്ക് പ്രേരണയായത് മൃച്ഛകടികത്തിന്റെ വിജയമാണ്.
തോപ്പിൽ ഭാസി സ്വയം ഏകലവ്യനായി സങ്കൽപ്പിച്ച് ദ്രോണാചാര്യരെപ്പോലെ ആദരിച്ചുപോന്ന പ്രൊഫ.എൻ. കൃഷ്ണപിള്ളയുടെ രണ്ടു നാടകങ്ങളാണ് കെപിഎസി അവതരിപ്പിച്ചത്. മലയാള നാടകചരിത്രത്തിലെ ഒരു നാഴികക്കല്ലായി അറിയപ്പെടുന്ന ‘ഭഗ്നഭവന’വും ‘കന്യക’യുമാണ് ഭാസിയുടെ നേതൃത്വത്തിൽ കെപിഎസി ഒരു വെല്ലുവിളി പോലെ ഏറ്റെടുത്തുകൊണ്ട് അരങ്ങത്തവതരിപ്പിച്ചത്. രാഷ്ട്രീയ, സാമൂഹിക പ്രാധാന്യമുള്ള പ്രമേയങ്ങളുടെ ആവിഷ്‌കരണങ്ങ ളിലൂടെ പേരെടുത്ത കെപിഎസി, വ്യക്തി/കുടുംബബന്ധങ്ങളിലെ സങ്കീർണതകൾക്ക് ഊന്നൽ നൽകുന്ന കൃഷ്ണപിള്ള സാറിന്റെ നാടകങ്ങൾ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.
1980 കെപിഎസിയെ സംബന്ധിച്ചിടത്തോളം മറ്റൊരു സുപ്രധാന കാലഘട്ടത്തിന്റെ തുടക്കം കുറിച്ച വർഷമാണ്. 1979-ൽ എ.എൻ. ഗണേഷിനോടൊപ്പം ചേർന്നെഴുതിയ ‘ലയനം’ എന്ന നാടകത്തിനുശേഷം തോപ്പിൽ ഭാസി പൂർണ്ണമായ ഒരു നാടകം സമിതിക്ക് വേണ്ടിയെഴുതി സംവിധാനം ചെയ്തു – ‘കയ്യും തലയും പുറത്തിടരുത്’. ഒരു ട്രാൻസ്പോർട്ട് ബസ്സിന്റെ യാത്രയ്ക്കിടയിൽ നടക്കുന്ന നിർഭാഗ്യകരമായ ചില സംഭവങ്ങളിലൂടെ സമൂഹത്തെ ആഴത്തിൽ ബാധിച്ച ചില പുഴുക്കുത്തുകളെയും അനാരോഗ്യ പ്രവണതകളെയും തുറന്നുകാട്ടുകയാണ് ഭാസി. തൊഴിലാളി സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തെ വിമർശനാത്മകമായി സമീപിക്കുന്ന നാടകം അരങ്ങത്ത് വലിയ വിജയമായി മാറി. ഓടുന്ന ബസ്സിന്റെ ഉൾവശവും മാറിമറയുന്ന പുറംദൃശ്യങ്ങളും യാഥാർത്ഥ്യ പ്രതീതിയോടെ ഒരുക്കിയ ആർട്ടിസ്റ്റ് സുജാതന്റെ രംഗസംവിധാനവും അഭിനേതാക്കളുടെ പ്രകടനവും എല്ലാത്തിനുമുപരി ഭാസിയുടെ സംവിധാനപാടവവും വ്യാപകമായ പ്രശംസ നേടി. നാടകത്തിന്റെ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ പ്രമേഹരോഗം മൂർച്ഛിച്ച് ആശുപത്രിയിലായ ഭാസിയുടെ കാല് മുറിച്ചത് കെപിഎസി യുടെ തുടർന്നുള്ള യാത്രയിൽ ഒരു വഴിത്തിരിവായി മാറി.
മദിരാശിയിലെ തിരക്കേറിയ സിനിമാ ജീവിതം അവസാനിപ്പിച്ച തോപ്പിൽ ഭാസി 1992-ൽ ലോകത്തോട് വിടപറയുന്നതുവരെ കെപിഎസിക്കു വേണ്ടിയാണ് ഏതാണ്ട് മുഴുവൻ സമയവും ചെലവഴിച്ചത്.
‘സൂക്ഷിക്കുക, ഇടതുവശം പോകുക’ എന്ന നാടകത്തിലൂടെ കേരള സമൂഹത്തിൽ വളർന്നുവരുന്ന വർഗീയ ഭീകരതയ്ക്കെതിരെ വിരൽ ചൂണ്ടിയ ഭാസി ‘രജനി’ എന്ന നാടകത്തിൽ അവതരിപ്പിച്ചത് സ്ത്രീധനത്തിന്റെ ബലിയാടുകളായിത്തീരുന്ന പെൺ ജീവിതങ്ങളുടെ കഥയാണ്.
ഇതിനിടയ്ക്ക് പാഞ്ചാലിയെയും ശകുന്തളയെയും കേന്ദ്രസ്ഥാനത്ത് നിറുത്തിക്കൊണ്ട് ഇതിഹാസകഥയെ സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച നാടകങ്ങളാണ് ഭാസിയെഴുതി സംവിധാനം ചെയ്ത ‘പാഞ്ചാലി’, ‘ശാകുന്തളം’ എന്നിവ. ഭാസിയുടെ നേതൃത്വത്തിൽ കെപിഎസി സംഘം അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും പര്യടനം നടത്തി നാടകങ്ങൾ വിജയകരമായി അവതരിപ്പിച്ചതും ഈ കാലയളവിലാണ്.
ഒരു വ്യക്തിയുടെ ആത്മകഥ അയാൾ തന്നെ നാടകമാക്കി അവതരിപ്പിക്കുക — ലോകത്തു തന്നെ അപൂർവമായ ഈ സംഭവം 1992-ൽ ‘ഒളിവിലെ ഓർമ്മകൾ’ എന്ന നാടകത്തിലൂടെ തോപ്പിൽ ഭാസി യാഥാർത്ഥ്യമാക്കി. ശൂരനാട് കലാപത്തിന്റെ പശ്ചാത്തലത്തിൽ രക്ത ശോഭയാർന്ന ഇന്നലെകളെ അരങ്ങത്തു പുനഃസൃഷ്ടിക്കുകയായിരുന്നു ‘ഒളിവിലെ ഓർമ്മകൾ’ എന്ന നാടകത്തിലൂടെ തോപ്പിൽ ഭാസി. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ക്കു ശേഷം കേരളം കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയ നാടകം എന്ന പ്രശംസ നേടിയ ‘ഒളിവിലെ ഓർമ്മകൾ’ അരങ്ങേറി ഏതാനും മാസങ്ങൾക്കുള്ളിൽ കെപിഎസിയുടെ ശക്തിയും ചൈതന്യ വുമായിരുന്ന തോപ്പിൽ ഭാസി ലോകത്തോട് വിടപറഞ്ഞു.
രണ്ടായിരാമാണ്ട് മുതലുള്ള കാലഘട്ടത്തിൽ കെപിഎസിക്കു വേണ്ടി നാടകമെഴുതിയത് യുവതലമുറയിലെ പ്രമുഖ നാടകകൃത്തുക്കളാണ്. കെ ഭാസ്കരൻ, പി. എസ്. കുമാർ, ഫ്രാൻസിസ് ടി. മാവേലിക്കര, സുരേഷ് ബാബു ശ്രീസ്ഥ, തോപ്പിൽ സോമൻ, പ്രൊഫ. ടി.ആർ. ഹാരി, കലേഷ് തുടങ്ങിയവരുടെ പേരുകൾ പ്രത്യേകം പരാമർശമർഹിക്കുന്നു. നവ്യമായ ഒരു ദൃശ്യാനുഭവം അരങ്ങത്ത് സൃഷ്ടിക്കുന്നതിൽ വിജയിച്ച ഗോപിനാഥ് കോഴിക്കോട്, പ്രമോദ് പയ്യന്നൂർ, രാജീവൻ മമ്മിളി, മനോജ് നാരായണൻ, രാജേന്ദ്രൻ തുടങ്ങിയ സംവിധായകപ്രതിഭകളുടെ സംഭാവനകളും എടുത്തുപറയേണ്ടിയിരിക്കുന്നു.
മലയാള സാഹിത്യത്തിലെ അനശ്വരകൃതികളിലൊന്നായ, ബഷീറിന്റെ ‘ന്റുപ്പൂപ്പായ്ക്കൊരാനേണ്ടാർന്ന്’, അഭ്രപാളികളിൽ അനശ്വരത നേടിയ ഉറൂബിന്റെ ‘നീലക്കുയിൽ’, വയലാർ രാമവർമ്മ എന്ന കവിക്ക് ഏറ്റവും ജനപ്രീതി നേടിക്കൊടുത്ത ‘ആയിഷ’ എന്ന ഖണ്ഡകാവ്യം, ഇന്ത്യാ വിഭജനത്തിന്റെ ദുരന്തചിത്രങ്ങൾ അനുവാചകഹൃദയങ്ങളിൽ ആഴത്തിൽ കൊത്തിവെച്ച ഭീഷ്മസാഹ്നിയുടെ ‘തമസ്സ്,’ ദുരന്ത നാടക കാവ്യമായ ‘ഈഡിപ്പസ്’. ഈ വിഖ്യാത കൃതികൾ അങ്ങേയറ്റം പ്രാഗൽഭ്യത്തോടെ അരങ്ങത്ത് സാക്ഷാൽക്കരിക്കുമ്പോൾ, കെപിഎസി കാലത്തോടും ചരിത്രത്തോടുമുള്ള കടമ നിറവേറ്റുകയായിരുന്നു. വിശ്രുത ചിത്രകാരനായ രാജാ രവിവർമ്മയുടെ സംഭവബഹുലമായ ജീവിതകഥ നിറപ്പകിട്ടോടെ അരങ്ങത്ത് പകർത്തിവെച്ചത് പ്രശസ്ത ചലച്ചിത്രകാരനായ ലെനിൻ രാജേന്ദ്രനാണ്. ആന്റൺ ചെക്കോവിന്റെ ക്ലാസ്സിക് ചെറുകഥയായ ‘ദി ബെറ്റ്’, ‘ജീവപര്യന്തം’ എന്ന പേരിൽ എഴുതി സംവിധാനം ചെയ്തത് അരങ്ങിന്റെ മർമ്മം തിരിച്ചറിഞ്ഞ കെ ടി മുഹമ്മദ് എന്ന വലിയ നാടകകാരനും.
കെപിഎസി കേരളത്തിലെ ഏറ്റവും വലിയ ജനകീയ നാടക പ്രസ്ഥാനമായി വളരാൻ കാരണമായ രണ്ടു പ്രധാന ഘടകങ്ങളെ കുറിച്ചുകൂടി എടുത്തുപറയേണ്ടിയിരിക്കുന്നു. മലയാള നാടകവേദി കണ്ട ഏറ്റവും പ്രഗത്ഭരായ ഒരു സംഘം അഭിനേതാക്കൾ ആണ് അതിലാദ്യത്തേത്. കെപിഎസി കണ്ടെത്തി അരങ്ങിനും അവിടെ നിന്ന് ചലച്ചിത്രവേദിക്കും സംഭാവനയായി നൽകിയ പ്രതിഭകൾ, അതുപോലെ മറ്റ് സമിതികളിൽ നിന്ന് കെപിഎസിയിലേക്ക് എത്തി പ്രസ്ഥാനത്തിന് നവചൈതന്യം പകർന്നവർ. ഏറ്റവും പ്രശസ്തമായ ഒരു സർവകലാശാലയിൽ പഠിച്ച് ഉന്നതബിരുദം നേടി ഉയർന്ന പദവികളിൽ എത്തിച്ചേരുന്നതുപോലെ കെപിഎസി എന്ന നാടക സർവകലാശാലയിലൂടെ അവർ അഭിനയ കലയുടെ പടവുകൾ ചവുട്ടിക്കയറി ഉന്നതങ്ങളിലെത്തിച്ചേർന്നവരാണ്. തോപ്പിൽ കൃഷ്ണപിള്ള, ഒ മാധവൻ, കെ. സുലോചന, കെ. എസ്. ജോർജ്, ശ്രീനാരായണപിളള, സുധർമ്മ, വിജയകുമാരി, ബിയാട്രിസ്, പികെ ലീല, ഖാൻ, കോട്ടയം ചെല്ലപ്പൻ,കെപി ഉമ്മർ, എൻ ഗോവിന്ദൻകുട്ടി, പ്രേമചന്ദ്രൻ, ആലുംമൂടൻ, ലളിത, അടൂർ ഭവാനി, ജോൺസൺ, ജോസഫ്, പൊൻകുന്നം രവി, സണ്ണി, ഒടുവിൽ ഉണ്ണികൃഷ്ണൻ, അസീസ്, കൃഷ്ണകുമാരി, വി. ആർ. ശാന്ത, കവിയൂർ രേണുക, രാജമ്മ, ചെങ്ങന്നൂർ ജാനകി, കൈനകരി തങ്കരാജ്, കരകുളം ചന്ദ്രൻ, രാജേന്ദ്രൻ, സായികുമാർ തുടങ്ങിയവർ ഈ പ്രതിഭകളുടെ ആദ്യ പട്ടികയിൽപ്പെടും. ഇവരിലേറെപ്പേരും സ്വന്തം പേരിനോടൊപ്പം സർവകലാശാലാ ബിരുദം പോലെ കെപിഎസി എന്ന പേർ കൂടി ചേർത്തുവെക്കുന്നത് ഈ പ്രസ്ഥാനത്തിന് കേരള സമൂഹം നൽകിയിരിക്കുന്ന വലിയ സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്.
മറ്റൊരു പ്രധാനഘടകം കെപിഎസി നാടകങ്ങളിലെ മധുരമനോഹരങ്ങളായ പാട്ടുകളാണ്. ഒഎൻവി കുറുപ്പ്, പരവൂർ ജി. ദേവരാജൻ എന്നിവർ ചേർന്നാണ് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ മുതൽ ‘പുതിയ ആകാശം പുതിയ ഭൂമി’ വരെയുള്ള നാലു നാടകങ്ങൾക്കുവേണ്ടി ഗാനങ്ങളൊരുക്കിയത്.
സുലോചന, കെ.എസ്. ജോർജ് എന്നിവരുടെ കണ്ഠങ്ങളിലൂടെ ആ പാട്ടുകൾ കേരളത്തെയാകെ കീഴടക്കി. പിന്നീട് വയലാർ രാമവർമ്മ കെപിഎസി യുടെ അവിഭാജ്യഘടകമായി. ശ്രീകുമാരൻ തമ്പി, കണിയാപുരം രാമചന്ദ്രൻ, കേശവൻ പോറ്റി തുടങ്ങിയവരും കെപിഎസിക്കു വേണ്ടി ഗാനങ്ങളെഴുതി.
കെ. രാഘവൻ, എം.ബി. ശ്രീനിവാസൻ, ദക്ഷിണാമൂർത്തി, ബാബുരാജ്, എൽപിആർ വർമ്മ, എം. കെ. അർജുനൻ എന്നീ പ്രഗത്ഭമതികളാണ് സംഗീതം കൈകാര്യം ചെയ്തത്. സുധർമ്മ, കൊച്ചിൻ അമ്മിണി, പാലാ തങ്കം, പി എം ഗംഗാധരൻ, പൊൻകുന്നം രവി, കെപിഎസി ചന്ദ്രശേഖരൻ, വി ടി മുരളി, ഗ്രേസി, ശ്രീലത, ലളിത,പ്രസന്ന, സോമലത തുടങ്ങിയവരായിരുന്നു പ്രധാനഗായകർ. തുടക്കനാളുകളിൽ വാദ്യസംഘത്തെ നയിച്ചത് ഹാർമോണിസ്റ്റ് രാമസ്വാമി ഭാഗവതർ, ക്ലാർനെറ്റ് വായിച്ചിരുന്ന ആന്റണി തുടങ്ങിയവരായിരുന്നു.
ഗ്രാമീണഭംഗി തുടിച്ചുനിൽക്കുന്ന നാടൻശീലുകളിലെഴുതപ്പെട്ട ഭാവഗീതങ്ങൾ ലളിത സംഗീതത്തിന്റെ രൂപ ഘടനയിലൂടെ പുതിയ ജന്മം കൊണ്ടതാണ് കെപിഎസി ഗാനങ്ങൾ. മലയാളിയുടെ സംഗീതബോധവും പാട്ടുസംസ്കാരവും ഊട്ടിയുറപ്പിക്കുന്നതിൽ ആ പാട്ടുകൾ വഹിച്ച പങ്ക് ഇന്ന് പാടേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.
യാഥാർത്ഥ്യ പ്രതീതിയുള്ള രംഗപടങ്ങൾ ഒരുക്കിക്കൊണ്ട് കെപിഎസി നാടകങ്ങൾക്ക് ജീവചൈതന്യം പകർന്ന ഈ രംഗത്തെ കുലപതിയായ ആർട്ടിസ്റ്റ് കേശവന്റെയും അദ്ദേഹത്തിന്റെ വേർപാടിനുശേഷം ആ ദൗത്യം ഏറ്റെടുത്ത പുത്രൻ ആർട്ടിസ്റ്റ് സുജാതന്റെയും പേരുകൾ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു.
1972-ൽ കെപിഎസി പുതിയൊരു കർമ്മമേഖലയിലേക്ക് കാലെടുത്തുവെച്ചു. ചലച്ചിത്ര നിർമ്മാണമായിരുന്നു അത്. അപ്പോഴേക്കും തിരക്കഥാ രചനയിലെന്നപോലെ ചലച്ചിത്ര സംവിധാനത്തിലും പ്രാഗൽഭ്യം തെളിയിച്ച തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ തകഴിയുടെ വിഖ്യാത നോവലായ ‘ഏണിപ്പടികളാ’ണ് കെപിഎസി ഫിലിംസ് നിർമ്മിച്ച ആദ്യ സിനിമ. കാമ്പിശ്ശേരി കരുണാകരൻ, പി.കെ. വാസുദേവൻ നായർ എന്നിവരാണ് നിർമ്മാണച്ചുമതല വഹിച്ചത്. തിരുവിതാംകൂറിലെ രാജവാഴ്ചയും ഉത്തരവാദിത്ത പ്രക്ഷോഭവും പശ്ചാത്തലമാക്കി, കേശവപിള്ള എന്ന കുട്ടനാട്ടുകാരന്റെ അധികാരത്തിലേക്കുള്ള വളർച്ചയുടെ കഥ പറയുന്ന ‘ഏണിപ്പടികളി’ൽ മധു, ശാരദ, ജയഭാരതി, കൊട്ടാരക്കര, ശങ്കരാടി, കവിയൂർ പൊന്നമ്മ, ലളിത തുടങ്ങിയവർക്ക് പുറമേ കെപിഎസിയിലെ പഴയതും പുതിയതുമായ അഭിനേതാക്കളും വേഷങ്ങളണിഞ്ഞു. വയലാർ – – ദേവരാജൻ ടീം ഗാനങ്ങൾ ഒരുക്കി. തിരുവനന്തപുരത്തെയും കുട്ടനാട്ടിലെയും വിവിധ ലൊക്കേഷനുകളിലും സ്റ്റുഡിയോയിലുമായി വളരെ വിശാലമായ ക്യാൻവാസിൽ ഒരു പീരിയേഡ് ഫിലിം ചിത്രീകരിക്കാൻ കെപിഎസിയും തോപ്പിൽ ഭാസിയും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു.1973 ഫെബ്രുവരിയിൽ തീയേറ്ററുകളിലെത്തിയ ‘ഏണിപ്പടികൾ’ക്ക് നല്ല അഭിപ്രായം നേടിയെടുക്കാൻ കഴിഞ്ഞെങ്കിലും സാമ്പത്തികമായ അത് വലിയൊരു വിജയമായില്ല.
‘ഏണിപ്പടികളു’ടെ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് രണ്ടാമത്തെ സംരംഭമായ ‘നീലക്കണ്ണുകളു’ടെ നിർമ്മാണത്തിലേക്ക് കെപിഎസി ഫിലിംസ് പ്രവേശിച്ചത്. ഒഎൻവി കുറുപ്പിന്റെ പ്രശസ്ത ഖണ്ഡ കാവ്യമായ ‘നീലക്കണ്ണുകൾ’ തേയില തോട്ടത്തിലെ തൊഴിലാളികളുടെ ദുരിത പൂർണ്ണമായ ജീവിതത്തിന്റെയും അവരുടെ പോരാട്ടങ്ങളുടെയും കഥ പറയുകയാണ്. നടനും സംവിധായകനുമായ മധു സംവിധാനം ചെയ്ത ചിത്രത്തിന് എസ്. എൽ. പുരം സദാനന്ദൻ തിരക്കഥയെഴുതി. മധുവിനെ കൂടാതെ ജയഭാരതി, കവിയൂർ പൊന്നമ്മ, ലളിത, സണ്ണി, അടൂർ ഭാസി, ബഹദൂർ തുടങ്ങിയ പ്രശസ്ത താരങ്ങൾ വേഷമിട്ടു. വയലാറും ഒ എൻ വിയും എഴുതിയ ഗാനങ്ങൾക്ക് ദേവരാജൻ ഈണം പകർന്നു. 1974 ലെ മെയ് ദിനത്തിന് റിലീസ് ചെയ്ത ‘നീലക്കണ്ണുകൾ’ക്ക് നിരൂപകരുടെ പ്രശംസ നേടാൻ കഴിഞ്ഞു.
ഈ രണ്ടു ചിത്രങ്ങൾക്കും ശേഷം കെപിഎസി ചലച്ചിത്ര നിർമ്മാണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോയില്ല. നാടക രംഗത്ത് കെപിഎസി നേടിയെടുത്ത പേരും അന്തസും നഷ്ടപ്പെടുത്താതെയും സാമ്പത്തിക നേട്ടത്തിനായി വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറാകാതെയും, കലാമൂല്യമുള്ള രണ്ടു ചിത്രങ്ങൾ നിർമ്മിക്കാൻ കെപിഎസി ക്ക് സാധിച്ചുവെന്നത് ചെറിയ കാര്യമല്ല.
കായംകുളത്ത് ദേശീയപാതയുടെ ഓരത്തുള്ള സ്വന്തം കെട്ടിടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കെപിഎസി കുട്ടികൾക്കായി നൃത്ത സംഗീത വിദ്യാലയങ്ങളും നടത്തിവരുന്നു. പ്രസിദ്ധ സംഗീത സംവിധായകനായ കെ. രാഘവൻ മാസ്റ്റർ ആണ് ദീർഘകാലം സംഗീത വിദ്യാലയത്തിന്റെ ചുമതല വഹിച്ചിരുന്നത്.
ദേശീയ പാതയുടെ വികസനത്തിനുവേണ്ടി സ്ഥലം വിട്ടുകൊടുത്തതിനുശേഷം കൂടുതൽ സൗകര്യങ്ങളോടും ആധുനിക സംവിധാനങ്ങളോടും കൂടി പുനർ നിർമ്മിച്ച കാമ്പിശ്ശേരി കരുണാകരൻ സ്മാരക ഓഫീസ് മന്ദിരവും തോപ്പിൽ ഭാസി ആഡിറ്റോറിയവും ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കെപിഎസി പ്രസിഡന്റ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തത്. കേശവൻ പോറ്റിയുടെയും ദീർഘകാലം കെപിഎസി യുടെ സെക്രട്ടറിയായിരുന്ന അഡ്വ.എം. ഗോപിയുടെയും സ്മാരകമായി വിശാലമായൊരു ഹാളും ഉദ്ഘാടനം ചെയ്യപ്പെട്ടു. നാടകാവതരണത്തിനും റിഹേഴ്സൽ ഉൾപ്പെടെയുള്ള അരങ്ങൊരുക്കങ്ങൾക്കും കെപിഎസിയുടെ ആർട്ടിസ്റ്റുകൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളും പുതിയ ആസ്ഥാന മന്ദിരത്തിൽ തയ്യാറാക്കിയിട്ടുണ്ട്. മലയാള നാടകത്തിന്റെ ആരംഭം തൊട്ടുള്ള വളർച്ചയെയും പരിണാമങ്ങളെയും മലയാള അരങ്ങ് കടന്നുപോയ വ്യത്യസ്ത കാലഘട്ടങ്ങളെയുമൊക്കെ കുറിച്ച് പുതിയ തലമുറയിൽപ്പെട്ട നാടക വിദ്യാർത്ഥികൾക്കും കലാപ്രേമികൾക്കും അറിവ് പകരുന്ന ഒരു നാടക മ്യൂസിയം ഇവിടെ സജ്ജമായിക്കൊണ്ടിരിക്കുകയാണ്.
1980-കൾ മുതൽ കെപിഎസിയുടെ കീഴിൽ രണ്ടു വ്യത്യസ്ത ട്രൂപ്പുകൾ പ്രവർത്തിച്ചു വരുന്നു. തോപ്പിൽ ഭാസിയുടെ നാടക ജീവിതത്തിലെ നാഴികക്കല്ലുകൾ എന്നുവിളിക്കാവുന്ന മൂന്നു നാടകങ്ങളാണ് ഈ 75–ാംവാർഷികവേളയിൽ കെപിഎസി അവതരിപ്പിച്ചു വരുന്നത് – ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’,‘മുടിയനായ പുത്രൻ’. ഉറൂബിന്റെ വിഖ്യാതമായ ‘ഉമ്മാച്ചു’ എന്ന നോവലിന്റെ നാടകാവിഷ്‌കാരം അരങ്ങത്തു കൊണ്ടുവരാനുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ കെപിഎസി. ജനകീയ നാടക പ്രസ്ഥാനം എക്കാലവും ഉയർത്തിപ്പിടിച്ചിട്ടുള്ള പുരോഗമനപരമായ ആശയങ്ങളും മാനവികതയിലധിഷ്ഠിതമായ മൂല്യങ്ങളും ഉൾക്കൊണ്ടുകൊണ്ടുള്ള നാടകാവിഷ്‌കാരങ്ങൾ പുതിയ തലമുറയിലെ പ്രതിഭകളുടെ രചനകളിലൂടെ അരങ്ങത്തു കൊണ്ടുവരാൻ കെപിഎസി ഉദ്ദേശിക്കുന്നുണ്ട്. പുതിയ രചനകൾ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പനുസരിച്ച് കെപിഎസിയിൽ ലഭിച്ച സ്ക്രിപ്റ്റുകൾ പരിശോധനയുടെ ഘട്ടത്തിലാണ് ഇപ്പോൾ.
കെപിഎസി എഴുപത്തിയഞ്ചാം വയസ്സിലേക്ക് കടക്കുമ്പോൾ സമിതിയുടെ അതിഗംഭീരമായ വളർച്ചയ്ക്കും കാലത്തെ അതിജീവിക്കുന്ന പെരുമയ്ക്കും കാരണക്കാരായ ചില പ്രധാന വ്യക്തികളെ സ്മരിക്കേണ്ടതുണ്ട്. തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ എന്നിവർക്ക് പുറമെ ജി ജനാർദ്ദനക്കുറുപ്പ്, എൻ രാജഗോപാലൻ നായർ, ഒ എൻ വി കുറുപ്പ്, ജി ദേവരാജൻ, ഒ മാധവൻ, കെ.സുലോചന, കെ. എസ്. ജോർജ്ജ്, കെ. കേശവൻ പോറ്റി, അഡ്വ.എം. ഗോപി, പട്ടാണിപറമ്പിൽ സഹോദരന്മാരായ ഐസക് ജോസഫ്, ഐസക് തോമസ്, വയലാർ രാമവർമ്മ, സമിതിയുടെ അദ്ധ്യക്ഷൻമാരായി പ്രവർത്തിച്ച പി.കെ. വാസുദേവൻ നായർ, അഡ്വ. കുമരകം ശങ്കുണ്ണി മേനോൻ, കാനം രാജേന്ദ്രൻ, കെ. ഇ. ഇസ്മായിൽ….. തുടങ്ങി പലരും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസിഡന്റും അഡ്വ. എ ഷാജഹാൻ സെക്രട്ടറിയുമായ ഒരു ഭരണ സമിതിയാണ് ഇപ്പോൾ നിലവിലുള്ളത്.
ഇന്ത്യയിലെ തന്നെ ഏറ്റവും പാരമ്പര്യവും ചരിത്രവുമുള്ള ജനകീയ നാടകപ്രസ്ഥാനത്തിന്റെ സംഭവബഹുലമായ ഇന്നലെകളെ മിതമായ വാക്കുകളിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. മലയാളത്തിന്റെ അരങ്ങത്ത് ഉള്ളടക്കത്തിന്റെ സ്വഭാവത്തിലും അഭിനയത്തിന്റെ ശൈലിയിലുമൊക്കെ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കിയ നാടകസംഘമാണ് കെപിഎസി. എന്നാൽ നാടകാവതരണത്തിന്റെ കാര്യത്തിൽ ഈ വിപ്ലവം കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും ഇപ്പോഴും പഴകിത്തുരുമ്പിച്ച പരമ്പരാഗതസമ്പ്രദായങ്ങളിൽ കടിച്ചു തൂങ്ങി കിടക്കുകയാണെന്നുമുള്ള വിമർശനങ്ങൾ കാണാതിരുന്നു കൂടാ. ജനകീയ പ്രശ്നങ്ങളുടെ തീവ്രമായ രംഗാവിഷ്‌കാരങ്ങളുമായി മുന്നോട്ടു പോകുമ്പോൾ തന്നെ, കാലഘട്ടത്തിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഒരു പുതിയ ഭാവുകത്വത്തിൻ്റെ സംക്രമണത്തിന് വഴിയൊരുക്കാൻ ജനകീയ നാടക പ്രസ്ഥാനത്തിനു കഴിയുമെന്ന പ്രതീക്ഷയാണ് എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന അവസരത്തിൽ നാടകകലയെ പ്രണയിക്കുന്നവർ ഉയർത്തിപ്പിടിക്കുന്നത്. l