Wednesday, October 9, 2024

ad

Homeപ്രതികരണംഅതിജീവനത്തിനായി സർക്കാർ കെെത്താങ്ങ്

അതിജീവനത്തിനായി സർക്കാർ കെെത്താങ്ങ്

പിണറായി വിജയൻ

മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് മുടങ്ങിക്കിടന്നിരുന്ന വിദ്യാഭ്യാസം തുടരുന്നതിനായി, അതിജീവനത്തിന്റെ പടവുകളിൽ ഒരു പ്രധാന ചുവടുവയ്പുമായി തങ്ങളുടെ പുതിയ വിദ്യാലയത്തിലേയ്ക്ക് കുഞ്ഞുങ്ങളെത്തി. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജിഎല്‍പിഎസ്, വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളുകളിലെ കുട്ടികളെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മേപ്പാടി കമ്മ്യൂണിറ്റി ഹാളിലും ഒരുക്കിയ പുതിയ സൗകര്യങ്ങളിലേയ്ക്ക് പ്രവേശനോത്സവത്തോടെ സ്വാഗതം ചെയ്തു. പരസ്പരം കൈകോർത്തുപിടിച്ച് ഒരേ മനസ്സോടെ വിഷമവൃത്തങ്ങൾ കരകയറാൻ അവർക്ക് സാധിക്കണം. അതിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും സർക്കാർ ഉറപ്പു വരുത്തും. വയനാട് ദുരന്തം സൃഷ്ടിച്ച നികത്താനാകാത്ത നഷ്ടങ്ങൾ ഏറെയുണ്ടെങ്കിലും ജീവിതം കൂടുതൽ കരുത്തോടെ അവർക്ക് തിരിച്ചു നൽകാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഏറ്റവും മികച്ച രീതിയിൽ അതു നടപ്പാക്കും എന്നത് ഈ നാടിന്റെയാകെ ഉത്തരവാദിത്തമായി നമുക്ക് ഏറ്റെടുക്കാൻ കഴിയണം.

സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ കണക്കനുസരിച്ച് 17 കുട്ടികളെ കാണാതാവുകയും 36 കുട്ടികള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. വീട് നഷ്ടമായ കുട്ടികള്‍ 408 പേരാണ്. വെള്ളാര്‍മല സ്‌കൂളിലെയും മുണ്ടക്കൈ സ്‌കൂളിലെയും 614 വിദ്യാര്‍ഥികൾക്കാണ് പുതിയ പഠന സംവിധാനം ഒരുക്കിയിട്ടുള്ളത്. ജിവിഎച്ച്എസ് വെള്ളാർ മലയിലെയും മുണ്ടക്കൈ എൽപി സ്കൂളിലെയും പഠനം ഏതാണ്ട് 40 ദിവസത്തോളം തടസ്സപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ച സ്കൂളുകളിൽ 30 ദിവസം വരെയും അധ്യയനം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനുവേണ്ടി അധിക പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും.

നഷ്ടപ്പെട്ടുപോയ കെട്ടിടങ്ങൾക്കും കളിസ്ഥലത്തിനും പകരം ദുരിതാശ്വാസ പാക്കേജിൽ ഉൾപ്പെടുത്തി നവീന സൗകര്യങ്ങളുള്ള സ്കൂളുകൾ നിർമ്മിക്കും. ഇതിനകം തന്നെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അനാലിസിസ് ശില്പശാല നടത്തിയിട്ടുണ്ട്. അക്കാദമിക രംഗത്ത് നഷ്ടപ്പെട്ടിട്ടുള്ള പഠന ദിനങ്ങൾ അധികസമയ പഠനത്തിലൂടെ പരിഹരിക്കും.

ഇതിന് ആവശ്യമായ ബ്രിഡ്ജ് മെറ്റീരിയലുകൾ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കും. SCERT യും ഡയറ്റും ഇതിനായി പ്രത്യേക പ്ലാൻ തയ്യാറാക്കും.

ദുരന്തമുഖത്ത് പകച്ചുപോയ കുഞ്ഞുങ്ങൾക്ക് പിന്തുണയാകാൻ സൈക്കോ സോഷ്യൽ പിന്തുണ പരിപാടികൾ ഏർപ്പെടുത്തും. വിദ്യാഭ്യാസ വകുപ്പിന് വേണ്ടി സമഗ്ര ശിക്ഷ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇതിനകം തന്നെ പരിശീലനം നൽകിക്കഴിഞ്ഞു. ഓൺ സൈറ്റ് സപ്പോർട്ട് ഏർപ്പെടുത്തുന്നതിലൂടെ അധ്യാപകർക്കും കുട്ടികൾക്കും നിരന്തരം പ്രഗൽഭരായ വിദ്യാഭ്യാസ പ്രവർത്തകരുടെ പിന്തുണ ലഭിക്കുകയും ചെയ്യും. രക്ഷിതാക്കൾക്കും സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും മറ്റു ജോലിക്കാർക്കും പ്രത്യേക പരിശീലനം നൽകും. ഈ കുട്ടികൾക്ക് തുടർന്നു മെന്ററിംഗ് ഏർപ്പെടുത്തും. ആവശ്യമായ പിന്തുണ സാമഗ്രികൾ, ക്യാമ്പുകൾ, ചെറു യാത്രകൾ, ശില്പശാലകൾ, ചർച്ചാ വേദികൾ തുടങ്ങി ജനാധിപത്യ വിദ്യാഭ്യാസ രീതികളിലൂടെ നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ വീണ്ടെടുക്കുകയും പഠന വിടവ് പരിഹരിക്കുകയും ചെയ്യും.

വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ ഊർജ്ജിതമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. സര്‍വ്വകക്ഷിയോഗത്തില്‍ ഇക്കാര്യത്തിൽ യോജിച്ച തീരുമാനമുണ്ടായി എന്നത് സന്തോഷകരമായ കാര്യമാണ്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഭാവിയില്‍ രണ്ടാമത്തെ നില കൂടി കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുക. ഗുണനിലവാരം വിട്ടുവീഴ്ചയില്ലാതെ ഉറപ്പുവരുത്തുകയും ചെയ്യും.

വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവന്‍ നഷ്ടപ്പെടാതിരുന്നത് സാമൂഹ്യ ഇടപെടല്‍ കൊണ്ട് കൂടിയാണ്. അത്തരത്തില്‍ ദുരന്ത മേഖലയില്‍ ഇടപെടാന്‍ ആവശ്യമായ ബോധവല്‍ക്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങള്‍ ഉണ്ടാകും.

വീട് നഷ്ടപ്പെട്ടവര്‍ക്കാണ് പുനരധിവാസത്തില്‍‌ മുന്‍ഗണന നല്‍കുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും. വാടക കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കും.

ബാങ്കുകളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും കടമെടുത്തവരുണ്ട്. അവ എഴുതിത്തള്ളുകയെന്ന പൊതുനിലപാടിലാണ് ബാങ്കിങ്ങ് മേഖല ഇപ്പോള്‍ ഉള്ളത്. ഇക്കാര്യത്തില്‍ അവസാന തീരുമാനം ബാങ്ക് ഭരണ സമിതികളിലാണ് ഉണ്ടാകേണ്ടത്. റിസര്‍വ്വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തില്‍ ബന്ധപ്പെടും. സ്വകാര്യ വ്യക്തികള്‍ കടം ഈടാക്കുന്നത് പൊതുധാരണയ്ക്കെതിരാണ് എന്നതിനാല്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും. സ്പെഷ്യല്‍ പാക്കേജാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

സൈക്ലോണ്‍ മുന്നറിയിപ്പുകള്‍ നല്ല രീതിയില്‍ ലഭ്യമാകുന്നുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ പോലെ ഇപ്പോള്‍ സംഭവിച്ച കാര്യത്തില്‍ വേണ്ടത്ര മുന്നറിയിപ്പുകള്‍ ലഭ്യമാകേണ്ടതുണ്ട്. അക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാന പഠന സ്ഥാപനം കൂടുതല്‍ ശക്തിപ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ സഹായവും ഇക്കാര്യത്തില്‍ തേടും.

കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിന്റെ ഭാഗമായി പരിഗണിക്കും. നല്ലമനസോടെയാണ് മിക്കവരും സ്പോണ്‍സര്‍ഷിപ്പുമായി വരുന്നത് എന്നത് സ്വാഗതാര്‍ഹമാണ്. സ്പോണ്‍സര്‍മാരെ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തും. ഇത്തരത്തിൽ ദുരന്തമേഖലയുടെ പുനർനിർമ്മാണത്തിനും ദുരന്തബാധിതരുടെ ജീവിതവും ജീവിതോപാധികളും കൂടുതൽ കരുത്തോടെ തിരിച്ചു നൽകുന്നതിനും പ്രതിജ്ഞാബദ്ധമായി സർക്കാർ മുന്നോട്ടു പോവുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 5 =

Most Popular