Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിസാമൂഹ്യ വികാസ പ്രക്രിയയും മാർക്സിന്റെ സമീപനവും

സാമൂഹ്യ വികാസ പ്രക്രിയയും മാർക്സിന്റെ സമീപനവും

എസ് രാമചന്ദ്രൻപിള്ള

സാമൂഹ്യ വികാസ പ്രക്രിയയെപ്പറ്റിയുള്ള മാര്‍ക്സിസത്തിന്റെ സമീപനവും മാര്‍ക്സിസത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വികാസവുമാണ് ഇവിടടെ വിവരിക്കുന്നത്.

സാമൂഹ്യവികാസത്തെ പറ്റിയുള്ള മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് എന്താണെന്ന് ചുരുക്കത്തില്‍ ആദ്യം പരിശോധിക്കാം. മനുഷ്യസമൂഹം നിശ്ചലമല്ലെന്നും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രാകൃത കമ്യൂണിസ്റ്റ് സമൂഹത്തില്‍ നിന്ന്, സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് വ്യവസ്ഥയിലേക്കാണ് മനുഷ്യസമൂഹത്തിന്റെ വികാസമെന്നുമാണ് സാമൂഹ്യ വികാസത്തെപ്പറ്റിയുള്ള മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാട്. ഈ വികാസത്തിന് അഞ്ച് ഘട്ടങ്ങളുണ്ട്. അവ പ്രാകൃത – ആദിമ കമ്യൂണിസ്റ്റ് വ്യവസ്ഥ, അടിമþഉടമ വ്യവസ്ഥ, നാടുവാഴിത്ത വ്യവസ്ഥ, മുതലാളിത്ത വ്യവസ്ഥ, സോഷ്യലിസ്റ്റ്– കമ്യൂണിസ്റ്റ് വ്യവസ്ഥ എന്നിവയാണെന്ന് മാര്‍ക്സിസം വിവരിക്കുന്നു.

സാമൂഹ്യവികാസത്തെപ്പറ്റിയുള്ള മാര്‍ക്സിയന്‍ കാഴ്ചപ്പാട് വിവരിക്കുന്നതിന് ഉപയോഗിക്കുന്ന നാല് പദങ്ങളുടെ അര്‍ത്ഥമെന്തെന്ന് മനസിലാക്കുക പ്രധാനമാണ്. ഉല്‍പാദന ശക്തികള്‍, ഉല്‍പാദന ബന്ധങ്ങള്‍, ഉല്‍പാദന രീതി, സാമൂഹ്യ വിപ്ലവം എന്നിവയാണ് പ്രധാനപ്പെട്ട ആ നാല് പദങ്ങള്‍.

• ഉല്‍പാദന ശക്തികള്‍ എന്നത് ഉല്‍പാദന ഉപാധികളും അധ്വാനശക്തിയും ഒരുമിച്ച് ചേരുന്നതാണ്. അധ്വാനത്തിനുള്ള വസ്തു, അധ്വാനത്തിനുള്ള ഉപകരണങ്ങള്‍, അധ്വാനം നടത്തുന്നതിനുള്ള പശ്ചാത്തലം എന്നിവ ഉള്‍പ്പെടുന്നതാണ് ഉല്‍പാദന ഉപാധികള്‍. ഉല്‍പാദന ഉപാധികളും ഉല്‍പാദന ഉപാധികളെ ചലിപ്പിക്കുന്ന അനുഭവജ്ഞാനമുള്ള മനുഷ്യരും ഒത്തുചേരുന്നതാണ് ഉല്‍പാദന ശക്തികള്‍.

• ഉല്‍പാദന ബന്ധങ്ങളെന്ന് പറയുന്നത് ഉല്‍പാദന ശക്തികളിലെ വിവിധ ഘടകങ്ങളെ നിയന്ത്രിക്കുന്ന മനുഷ്യര്‍ പരസ്പരം ഏര്‍പ്പെടുന്ന ബന്ധങ്ങളെയാണ്. ഉല്‍പാദനം എപ്പോഴും കൂട്ടായാണ് നടക്കുന്നത്.

• ഉല്‍പാദന രീതി എന്നത് ഉല്‍പാദന ശക്തികളുടെ വളര്‍ച്ചയുടെ നിലവാരവും ഉല്‍പാദനബന്ധങ്ങളുടെ സവിശേഷതകളും ഒരുമിച്ചു ചേര്‍ന്ന് നിശ്ചയിക്കുന്നതാണ്.

• ഒരു ഉല്‍പാദനരീതിയില്‍ നിന്ന് മറ്റൊരു ഉല്‍പാദനരീതിയിലേക്കുള്ള വികാസത്തെയാണ് സാമൂഹ്യവിപ്ലവം എന്നു വിളിക്കുന്നത്.

നമുക്കിനി അഞ്ച് ഉല്‍പാദനരീതികളെയും ചുരുക്കത്തില്‍ പരിചയപ്പെടാം. അവയുടെ വളരെ പ്രധാനപ്പെട്ട സ്വഭാവങ്ങള്‍ മാത്രമാണിവിടെ വിവരിക്കുന്നത്.

a) പ്രാകൃത – ആദിമ 
കമ്യൂണിസ്റ്റ് വ്യവസ്ഥ
അന്ന് ഇന്നത്തെ ജീവിതസൗകര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഉല്‍പാദന ശക്തികളെന്നത് ആദിമനിലയിലായിരുന്നു. മൂര്‍ച്ച വരുത്തിയ കത്തിയും കുന്തവും ഉപയോഗിച്ച് വേട്ടയാടിയും കായ്കനികള്‍ ശേഖരിച്ചുമാണ് മനുഷ്യർ കഴിഞ്ഞുവന്നിരുന്നത്. അവര്‍ തുടര്‍ന്ന് കന്നുകാലികളെ വളര്‍ത്താനും കൃഷിചെയ്യാനും തുടങ്ങി. കൂട്ടായ ഉടമാവകാശമാണ് ഉല്‍പാദന ഉപാധികളുടെ മേലുണ്ടായിരുന്നത്. ഒരുമിച്ച് കഴിഞ്ഞാലേ പ്രകൃതിശക്തികളെ നേരിടാന്‍ കഴിയൂ. ഒരുമിച്ച് ചേര്‍ന്ന് നേടുന്നത് വീതംവച്ച് ജീവിക്കും. ജീവിക്കാന്‍മാത്രം ആഹാരം; ഒട്ടും മിച്ചമുണ്ടായിരുന്നില്ല. ആര്‍ക്കും ആരെയും ചൂഷണം ചെയ്യാനാവില്ല, ചൂഷകരും ചൂഷിതരും ഇല്ല.

b) അടിമ – ഉടമ വ്യവസ്ഥ
പ്രാകൃതആദിമ കമ്യൂണിസ്റ്റ് വ്യവസ്ഥയില്‍ കാലം കഴിഞ്ഞതോടെ അനുഭവങ്ങളെ ഉള്‍പ്പെടുത്തി മനുഷ്യര്‍ അധ്വാനിക്കാനുള്ള ഉപകരണങ്ങളെ മെച്ചപ്പെടുത്തി. പരിശീലനം വികസിച്ചു. ഉല്‍പാദനശക്തികള്‍ വികസിച്ചു. അധ്വാനം നടത്താനുള്ള ഉപകരണങ്ങള്‍ കല്ലില്‍ നിന്നും ലോഹത്തിലേക്ക് വികസിച്ചു. ഓടും ഇരുമ്പും ഉപയോഗിക്കാന്‍ തുടങ്ങി. തടിയും കലപ്പയും വാളും മഴുവും ഉപയോഗിച്ചുതുടങ്ങി. കൃഷിയിടങ്ങള്‍ വിപുലമായി. മൃഗക്കൂട്ടങ്ങള്‍ വലുതായി. തോടുകളും ബണ്ടുകളും വഴി ജലസേചനംമെച്ചപ്പെടുത്തി. കാലാവസ്ഥയെപ്പറ്റിയുള്ള അറിവ് വികസിച്ചു. ഉല്‍പാദനശക്തികള്‍ വളര്‍ന്നു. മിച്ചം ഉല്‍പാദിപ്പിക്കാനും തുടങ്ങി. സ്വകാര്യ സ്വത്ത് വളരാന്‍ തുടങ്ങി. ഗോത്രങ്ങള്‍ കുടുംബങ്ങളായി മാറി. തൊഴില്‍ വിഭജനം വികസിച്ചു. ഏറ്റുമുട്ടലുകള്‍ വളര്‍ന്നു. പരാജയപ്പെട്ടവരെ അടിമകളാക്കി. യജമാനനും അടിമയും ആയി സമൂഹം വിഭജിക്കപ്പെട്ടു. ശാസ്ത്രം, രാഷ്ട്രീയം, കല, സാഹിത്യം എന്നിവ വികസിച്ചു. വര്‍ഗവ്യത്യാസവും വൈരുദ്ധ്യങ്ങളും വളര്‍ന്ന് ഭരണകൂടമുണ്ടായി.

c) നാടുവാഴി വ്യവസ്ഥ
ക്രൂരമായ ചൂഷണം വളര്‍ന്നു. ഉല്‍പാദന ഉപകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ താല്‍പര്യമില്ലാതായി. ഉല്‍പാദനം വർധിപ്പിക്കുന്നതിനും താല്‍പര്യമില്ല. ഉല്‍പാദനശക്തികളുടെ വളര്‍ച്ചയ്ക്ക് ഉല്‍പാദന ബന്ധങ്ങള്‍ തടസ്സമായി. അടിമ കുടിയാനായി, നാടുവാഴി വ്യവസ്ഥ രൂപപ്പെട്ടു. കൈമാറ്റവും വ്യാപാരവും വളര്‍ന്ന് പണിശാലകള്‍ വളരാന്‍ തുടങ്ങി. ഉല്‍പാദനശക്തികള്‍ വളര്‍ന്നു. ഊര്‍ജസ്രോതസ്സുകള്‍ വികസിച്ചു. ഫാക്ടറികള്‍ വന്നു. വ്യാപാരം വിപുലമായി. കാര്‍ഷിക വിപ്ലവം നടന്നു.

d) മുതലാളിത്ത വ്യവസ്ഥ
ഉല്‍പാദന ഉപകരണങ്ങള്‍ മെച്ചപ്പെട്ടു. പുതിയ ഊര്‍ജസ്രോതസ്സുകള്‍ വികസിച്ചു. ഉല്‍പാദന ശക്തികള്‍ വളര്‍ന്നു. ഉല്‍പാദനത്തില്‍ വലിയ വളര്‍ച്ചയുണ്ടായി. ഉല്‍പാദന ഉപകരണങ്ങളാകെ മുതലാളി വര്‍ഗം നേടി. ജീവിക്കുവാന്‍ കൂലിക്കുവേണ്ടി അധ്വാനശക്തി വില്‍ക്കാന്‍ തൊഴിലാളി വര്‍ഗത്തെ മുതലാളിത്ത സമൂഹം നിര്‍ബന്ധിതമാക്കി. ചൂഷണത്തെ അടിസ്ഥാനമാക്കി ലാഭം വര്‍ധിപ്പിക്കാനുള്ള ശ്രമവും അന്ധമായ കിടമത്സരവും അടിസ്ഥാനമാക്കിയാണ് മുതലാളിത്ത വ്യവസ്ഥ വളര്‍ച്ച നേടുന്നത്. ചൂഷിതരും ചൂഷകരും തമ്മിലുള്ള വര്‍ഗസമരം രൂക്ഷമാവുന്നു. സാമൂഹ്യവിപ്ലവം നടക്കുന്നു.

e) സോഷ്യലിസ്റ്റ് വ്യവസ്ഥ
എല്ലാ മനുഷ്യരുടേയും ആവശ്യങ്ങള്‍ പൂര്‍ണ്ണമായും സാധിക്കാന്‍ കഴിയുംവിധം ഉല്‍പാദനശക്തികള്‍ വളര്‍ന്നു. ലാഭത്തില്‍ നിന്നും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍തക്കവണ്ണം ഉല്‍പാദനത്തിലെ ലക്ഷ്യം വിപുലപ്പെടുത്തപ്പെട്ടു. ചൂഷണ വ്യവസ്ഥയ്ക്ക് അടിസ്ഥാനമായ സ്വകാര്യസ്വത്ത് അവസാനിപ്പിച്ചാല്‍ ആവശ്യത്തിനനുസരിച്ച് ഉല്‍പാദിപ്പിക്കാം. സാമൂഹ്യമായ ഉല്‍പാദനവും സാമൂഹ്യമായ സ്വായത്തമാക്കലും വികസിക്കും. ആസൂത്രണം ശക്തിപ്പെടും, സമഗ്രമാകും. സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ രണ്ടാംഘട്ടമാണ് കമ്യൂണിസ്റ്റ് വ്യവസ്ഥ. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് അധ്വാനം, അധ്വാനത്തിനനുസരിച്ച് പ്രതിഫലം എന്നിടത്തുനിന്നും ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച് അധ്വാനം, ആവശ്യത്തിനനുസരിച്ച് ഉല്‍പന്നങ്ങളുടെ ഉപഭോഗം എന്ന നിലയിലേക്ക് വികസിക്കും. അതിനെയാണ് കമ്യൂണിസ്റ്റ് വ്യവസ്ഥയെന്ന് വിലയിരുത്തുന്നത്.

ഒരു ഉല്‍പാദനരീതിയില്‍ നിന്നും മറ്റൊരു ഉല്‍പാദനരീതിയിലേക്കുള്ള വികാസം എങ്ങനെ നടക്കുന്നുവെന്ന് പരിശോധിക്കാം. ഉല്‍പാദനരീതിയിലെ ജീവത്തായ ഘടകം ഉല്‍പാദനശക്തിയാണ്. ഉല്‍പാദനശക്തികള്‍ വികസിച്ച് ഉല്‍പാദനം മെച്ചപ്പെടുത്തുന്നു. ഉല്‍പാദനബന്ധങ്ങള്‍ മനുഷ്യസൃഷ്ടിയാണ്. ഉല്‍പാദനശക്തികളുടെ വിവിധഘടകങ്ങളെ പ്രതിനിധാനം ചെയ്യുന്ന മനുഷ്യരാണ് ഉല്‍പാദനബന്ധങ്ങള്‍ സൃഷ്ടിക്കുന്നത്. ഉല്‍പാദനശക്തികളുടെ വളര്‍ച്ചയ്ക്ക് സഹായകമായ ബന്ധങ്ങള്‍ ഉല്‍പാദനശക്തികളുടെ വികസനത്തെ തുടര്‍ന്ന് തടസ്സങ്ങളായി മാറുന്നു. തടസ്സങ്ങളായി മാറിയ ഉല്‍പാദനബന്ധങ്ങളെ തട്ടിമാറ്റി വളര്‍ച്ചയെ സഹായിക്കുന്ന പുതിയ ഉല്‍പാദനബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുന്നു. അതുവഴിയാണ് ഒരു ഉല്‍പാദന രീതിയില്‍ നിന്ന് മറ്റൊരു ഉല്‍പാദനരീതിയിലേക്ക് മാറ്റം നടക്കുന്നത്. ഉല്‍പാദനശക്തികളെ പ്രതിനിധീകരിക്കുന്ന വര്‍ഗവും ഉല്‍പാദന ബന്ധങ്ങളെ സംരക്ഷിക്കുന്ന വര്‍ഗവും തമ്മിലുള്ള വര്‍ഗസമരങ്ങളാണ് സാമൂഹ്യവിപ്ലവത്തിന്റെ ചാലകശക്തി.

ഓരോ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും കടമ വളരുന്ന ഉല്‍പാദനശക്തികളുടെ വളര്‍ച്ചയുടെ നിലവാരവും വളര്‍ച്ചയെ തടയുന്ന ഉല്‍പാദന ബന്ധങ്ങളുടെ സ്വഭാവവും വിലയിരുത്തി സാമൂഹ്യ വിപ്ലവത്തിന്റെ ഘട്ടത്തെ നിശ്ചയിക്കുകയാണ്. സോഷ്യലിസം സ്ഥാപിക്കുന്നതിന് മുന്നുപാധിയായി ജനാധിപത്യ വിപ്ലവം പൂര്‍ത്തിയാക്കുക എന്നത് വിപ്ലവത്തിന്റെ ഘട്ടമായി സി.പി.ഐ എം പ്രഖ്യാപിക്കുന്നു:

(പാര്‍ട്ടി പരിപാടി ഖണ്ഡിക 6.2):

‘‘സോഷ്യലിസവും കമ്യൂണിസവും കെട്ടിപ്പടുക്കുകയെന്ന തങ്ങളുടെ ലക്ഷ്യം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) മുറുകെപ്പിടിക്കുന്നു. ഇന്നത്തെ ഭരണകൂടത്തിന്റെയും വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ–ഭൂപ്രഭു ഗവണ്‍മെന്റിന്റെയും കീഴില്‍ അത് നേടിയെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്‍കീഴില്‍ മാത്രമേ യഥാര്‍ത്ഥ സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ , സാമ്പത്തിക വികസനത്തിന്റെ നിലവാരവും തൊഴിലാളി വര്‍ഗത്തിന്റെയും അതിന്റെ സംഘടനയുടെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പക്വതയും കണക്കിലെടുത്തുകൊണ്ട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാർക്സിസ്റ്റ്), ജനങ്ങളുടെ മുമ്പില്‍ വെക്കുന്ന അടിയന്തരലക്ഷ്യം ഇതാണ്:

‘‘ഉറച്ച തൊഴിലാളി–കര്‍ഷകസഖ്യത്തിന്റെ അടിസ്ഥാനത്തില്‍, തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍, എല്ലാ അസ്സല്‍ ഫ്യൂഡല്‍ വിരുദ്ധ, കുത്തക, സാമ്രാജ്യത്വ വിരുദ്ധ ശക്തികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ ജനകീയ ജനാധിപത്യം സ്ഥാപിക്കുക. ഇന്നത്തെ ബൂര്‍ഷ്വാþഭൂപ്രഭു ഭരണകൂടത്തെ തൂത്തെറിഞ്ഞ് ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുകയെന്നുള്ളതാണ് ഇതിനുള്ള പ്രഥമവും പ്രധാനവുമായ മുന്നുപാധി. ഇന്ത്യന്‍ വിപ്ലവത്തിന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത ജനാധിപത്യ കടമ പൂര്‍ത്തീകരിക്കാനും സോഷ്യലിസത്തിന്റെ പാതയിലൂടെ രാജ്യത്തെ നയിക്കുന്നതിന് കളമൊരുക്കാനും ഇതുകൊണ്ടു മാത്രമേ കഴിയൂ.”

ഉല്‍പാദന ബന്ധങ്ങളുടെ കൂട്ടത്തില്‍ പെടുത്താന്‍ കഴിയാത്ത ആശയങ്ങളുണ്ട്. രാഷ്ട്രീയം, മതപരം, കുടുംബബന്ധങ്ങള്‍, കല, സംസ്കാരം, സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങള്‍. ഉല്‍പാദന ബന്ധങ്ങളില്‍ നിന്നും വേറിട്ടതായും സ്വതന്ത്രങ്ങളായും ആശയവാദികള്‍ ഈ ആശയങ്ങളെ കാണുന്നു. മാര്‍ക്സിസം ഓരോ സാമൂഹ്യഘടനയ്ക്കും സാമ്പത്തികമായ അടിത്തറയും സാമ്പത്തികേതരമായ മേല്‍പ്പുരയും ഉണ്ടന്ന് അഭിപ്രായപ്പെടുന്നു. ഉല്‍പാദനശക്തികളും ഉല്‍പാദന ബന്ധങ്ങളും ചേരുന്നതാണ് സാമ്പത്തിക അടിത്തറ. ഈ അടിത്തറയില്‍ നിന്നാണ് ആശയങ്ങള്‍, ചിന്താഗതികള്‍, സാഹിത്യം, കല, രാഷ്ട്രീയ ആശയങ്ങള്‍, നിയമം, ഭരണകൂടം എന്നിവ ഉയര്‍ന്നുവരുന്നത്. അടിത്തറ മാറുമ്പോള്‍ മേല്‍പ്പുരയും മാറും. സാമൂഹ്യ അസ്തിത്വത്തില്‍ നിന്നാണ് സാമൂഹ്യബോധം ഉയരുന്നത്. മേല്‍പ്പുരയുടെ സ്വതന്ത്രപദവി അടിത്തറയെ സംരക്ഷിക്കാന്‍ ശ്രമിക്കും. അടിത്തറയില്‍ ഉല്‍പാദനശക്തികളുടെ വളര്‍ച്ച ഉണ്ടാവുമ്പോള്‍ ഉല്‍പാദനബന്ധങ്ങള്‍ തടസ്സമാവുന്നതോടെ പുതിയ ആശയങ്ങള്‍ മേല്‍പ്പുരയില്‍ ഉയരും. പുതിയ സാമൂഹ്യ ആശയങ്ങള്‍, രാഷ്ട്രീയം, രാഷ്ട്രീയ സ്ഥാപനങ്ങള്‍ എന്നിവ ഉയര്‍ന്നുവരും.

വളരുന്ന ഉല്‍പാദനശക്തികളുടെ നേതാവ് തൊഴിലാളി വര്‍ഗ്മാണ്. പുതിയ ഉല്‍പാദന ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള സമരത്തിന്റെ നായകനും തൊഴിലാളിവർഗമാണ്. തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയ പാര്‍ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. സാമൂഹ്യവികാസത്തെ ത്വരിതപ്പെടുത്താനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശ്രമം. എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന, സമൃദ്ധിയുടെ കൂമ്പാരങ്ങള്‍ സൃഷ്ടിക്കുന്ന കമ്യൂണിസ്റ്റ് സമൂഹ സൃഷ്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇന്നത്തെ പ്രയാസങ്ങള്‍ വിധിവിഹിതമല്ല, തട്ടിമാറ്റാനാവും. എല്ലാ വളര്‍ച്ചയും മനുഷ്യന്റെ സൃഷ്ടിയാണ്. ചുറ്റുപാടില്‍ മാറ്റം വരുത്തി മനുഷ്യനിലും മാറ്റം വരുത്തി ലക്ഷ്യം നേടാനാവും. ഈ ആത്മവിശ്വാസമാണ് മാര്‍ക്സിസം പകര്‍ന്നുതരുന്നത്.

സാമൂഹ്യവികാസ പ്രക്രിയയെപ്പറ്റി മാര്‍ക്സും എംഗല്‍സും ഉയര്‍ത്തിക്കൊണ്ടുവന്ന ശാസ്ത്രീയമായ കാഴ്ചപ്പാടിനെയാണ് മാര്‍ക്സിസം എന്നു വിളിക്കുന്നത്. എല്ലാ ശാസ്ത്രങ്ങളെയും പോലെ മാര്‍ക്സിസവും തുടര്‍ച്ചയായി വികസിക്കുന്ന ശാസ്ത്രമാണ്. പ്രയോഗത്തിലൂടെയും, പ്രയോഗത്തില്‍ ഉണ്ടാവുന്ന അനുഭവങ്ങളിലൂടെയും സ്ഥിതിഗതികളിലുണ്ടാവുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ ശാസ്ത്രവും വികസിക്കുന്നത്. മാര്‍ക്സിസം വികസിക്കുന്നതും അപ്രകാരമാണ്.

ശാസ്ത്രം മനുഷ്യന്റെ ചിന്തയുടെ സൃഷ്ടിയാണ്. മനുഷ്യന്റെ ചിന്തയുടെ ഉല്‍ഭവത്തെയും വികാസത്തെയും പറ്റി മാര്‍ക്സിയന്‍ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ കാഴ്ചപ്പാട് വളരെ ചുരുക്കി ‘മാര്‍ക്സിസം ലെനിനിസം ഒരു പാഠപുസ്തകം’ എന്ന കൃതിയില്‍ ഇ.എം.എസ് വിവരിക്കുന്നത് ഇപ്രകാരമാണ്:

‘‘ആദ്യമുണ്ടായത് ബാഹ്യപ്രകൃതിയാണ്, അതിന്റെ സന്തതി മാത്രമാണ് ചിന്ത. എന്നാല്‍ ചിന്ത ജന്മം പ്രാപിച്ചുകഴിഞ്ഞാല്‍ – മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍– ബാഹ്യപ്രകൃതിയില്‍തന്നെ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന പലതരം ജോലികള്‍ക്കും അത് അടിത്തറയിടുന്നു. ഈ ജോലികളിലൂടെ ബാഹ്യപ്രകൃതിയില്‍ മാറ്റംവരുത്തുന്ന മനുഷ്യനിലും ആ പ്രവര്‍ത്തനഫലമായി പല മാറ്റങ്ങളും വന്നു ചേരുന്നു. ഇങ്ങനെ ചിന്തയ്-ക്ക് രൂപം നല്‍കാനും അതില്‍ രൂപഭേദംതന്നെ വരുത്താനും ബാഹ്യപ്രകൃതിക്കെന്നപോലെ ബാഹ്യപ്രകൃതിയില്‍ രൂപഭേദങ്ങള്‍ വരുത്താന്‍ (ബാഹ്യപ്രകൃതിയെ സൃഷ്ടിക്കാനല്ല) ചിന്തയ്ക്കും കഴിയുന്നു – ഇതാണ് മാര്‍ക്സിയന്‍ വൈരുധ്യവാദം.” (പേജ് – 15 )

സാമൂഹ്യവികാസത്തെപ്പറ്റിയുള്ള സമഗ്രമായ കാഴ്ചപ്പാട് മാര്‍ക്സും എംഗല്‍സും ആദ്യമായി ഉയര്‍ത്തിക്കൊണ്ടുവന്നത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലായിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ 1848 ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണത്തോടു കൂടി സോഷ്യലിസത്തിന് ശാസ്ത്രീയമായ അടിത്തറ പണിതു. 1997 ല്‍ ഇ.എം.എസ് എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒന്നര നൂറ്റാണ്ടിനുശേഷം എന്ന കൃതിയില്‍ ഈ വിഷയത്തെപ്പറ്റി ഇപ്രകാരം വിവരിക്കുന്നു:

‘‘ഒന്നാമത്, മുതലാളിത്ത സമൂഹത്തില്‍ അന്തര്‍ലീനമായികിടക്കുന്ന വൈരുദ്ധ്യങ്ങളുടെ പ്രകടനമെന്ന നിലയ്ക്കാണ് മുതലാളിത്തസമൂഹം തകരാന്‍ പോകുന്നത്.

‘‘രണ്ടാമത്, മുതലാളിത്തസമൂഹത്തില്‍ അന്തര്‍ലീനമായത് അതിനെ തകര്‍ച്ചയിലേക്കു നയിക്കുന്ന ആന്തരികവൈരുദ്ധ്യങ്ങള്‍ മാത്രമല്ല. ‘മുതലാളിത്തത്തിന്റെ അന്തകനായ തൊഴിലാളിവര്‍ഗത്തെയും ആ സമൂഹം സൃഷ്ടിക്കുന്നു.’ ചൂഷക – ചൂഷിത വര്‍ഗങ്ങള്‍ തമ്മിലുള്ള നിരന്തര സമരം ഏറ്റവും പ്രത്യക്ഷവും ഏറ്റവും രൂക്ഷവുമായ രൂപത്തില്‍ പ്രകടമാവുന്നത് മുതലാളിത്ത സമൂഹത്തിലാണ്.

‘‘മൂന്നാമത്, മുതലാളിത്ത സമൂഹത്തിന്റെ ഉത്ഭവം തൊട്ടുതന്നെ രൂപപ്പെടുന്ന തൊഴിലാളി–മുതലാളിസമരം സായുധസമരത്തിലൂടെ രൂപപ്പെടുന്ന തൊഴിലാളി വര്‍ഗഭരണകൂടമായി മാറും. ആ ഭരണകൂടം വ്യക്തമായ ചില നടപടികളെടുത്ത് ചൂഷകവര്‍ഗ്ഗത്തിന്റെ അവശിഷ്ടങ്ങളെ ബലപ്രയോഗത്തിലൂടെ അമര്‍ത്തി ഒരു പുതിയ ഭരണകൂടം സ്ഥാപിക്കും. ചരിത്രത്തിലാദ്യമായി ബഹുഭൂരിപക്ഷം ജനങ്ങളുടെ ഭരണകൂടം സ്ഥാപിക്കപ്പെടും.

‘‘നാലാമത്, ഈ പുതിയ ഭരണകൂടം ചൂഷകവര്‍ഗത്തിന്റെ അവശിഷ്ടങ്ങള്‍ നടത്തുന്ന ചെറുത്തുനില്പിനെ തോല്പിച്ച് ചൂഷണരഹിതമായ ഒരു സമത്വസുന്ദര സമൂഹം സ്ഥാപിക്കും. അതോടെ തലമുറകളായി മനുഷ്യസമൂഹം കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാവും”.

എല്ലാ ശാസ്ത്രവും പുതിയ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വികസിക്കുമെന്ന് നാം നേരത്തെ വിലയിരുത്തിയിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സും എംഗല്‍സും ജീവിച്ചിരുന്ന കാലത്തുണ്ടായ പുതിയ അനുഭവങ്ങളുടെയും ലോകത്തുവന്ന മാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ മാര്‍ക്സും എംഗല്‍സും തന്നെ പലതിരുത്തലുകളും വരുത്തി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ഒന്നാമത്തെ അധ്യായത്തിലെ ആദ്യത്തെ വരി ഇപ്രകാരമായിരുന്നു. ‘‘നാളിതു വരെ നിലനിന്നിട്ടുള്ള എല്ലാ സമുദായങ്ങളുടെയും ചരിത്രം വര്‍ഗ സമരത്തിന്റെ ചരിത്രമാണ്.’’ 1888 ല്‍ എംഗല്‍സ് എഴുതിയ കുറിപ്പില്‍ ഇപ്രകാരം വിവരിച്ച് ഈ വരി തിരുത്തുന്നു:

‘‘അതായത്, ലിഖിതചരിത്രം മുഴുവനുമെന്നര്‍ത്ഥം. മനുഷ്യസമുദായത്തിന്റെ ലിഖിതചരിത്രത്തിനുമുമ്പുള്ള സാമൂഹ്യഘടനയെ സംബന്ധിച്ച വിവരങ്ങള്‍ 1847 ല്‍ മിക്കവാറും അജ്ഞാതമായിരുന്നു. ഹാക്സ് തൗസന്‍ പൊതുഭൂവുടമസമ്പ്രദായം റഷ്യയില്‍ ഉണ്ടായിരുന്നതായി പിന്നീട് കണ്ടെത്തി. ചരിത്രത്തില്‍ ടൂടോണിക് വംശങ്ങളുടെയെല്ലാം ഉത്ഭവം ഈ പൊതുവുടമയെന്ന സാമൂഹ്യാടിത്തറയില്‍ നിന്നാണെന്ന് മൗറര്‍ തെളിയിച്ചു. അങ്ങനെ ഇന്ത്യ മുതല്‍ അയര്‍ലന്റുവരെയുള്ള രാജ്യങ്ങളിലെല്ലാം സമുദായത്തിന്റെ അതിപ്രാചീനരൂപം ഗ്രാമസമുദായങ്ങളായിരുന്നു, അല്ലെങ്കില്‍ ആയിരുന്നിരിക്കണം, എന്നു ക്രമേണ തെളിഞ്ഞു. ഗോത്രങ്ങളുടെ യഥാര്‍ത്ഥസ്വഭാവത്തേയും വര്‍ഗം അഥവാ വംശവുമായി അവയ്ക്കുള്ള ബന്ധത്തേയും സംബന്ധിച്ച മോര്‍ഗന്റെ വിജയകരവും അതിപ്രധാനവുമായ കണ്ടുപിടുത്തത്തോടുകൂടി ഈ പ്രാചീന കമ്യൂണിസ്റ്റ് സമുദായത്തിന്റെ ആഭ്യന്തരഘടനയുടെ സവിശേഷരൂപം തൂലോം വ്യക്തമാക്കപ്പെട്ടു. ഈ പ്രാചീനഗ്രാമവ്യവസ്ഥയുടെ വിനാശത്തോടുകൂടി സമുദായം വ്യത്യസ്തങ്ങളും പിന്നീടു വിരുദ്ധങ്ങളുമായ വര്‍ഗങ്ങളായി വേര്‍പിരിയുവാന്‍ തുടങ്ങുന്നു.‘കുടുംബത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്ഭവം’ എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ഈ വികാസത്തിന്റെ ഗതിക്രമത്തെ വരച്ചുകാണിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.(1888 ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗല്‍സിന്റെ കുറിപ്പ്.” ( പേജ് 45,46)

1872þല്‍ മാര്‍ക്സും എംഗല്‍സും എഴുതിയ മുഖവുരയില്‍ മാനിഫെസ്റ്റോ പ്രയോഗത്തില്‍ വരുത്തുന്നത് അതാത് കാലത്ത് നിലനിൽക്കുന്ന ചരിത്ര പരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണെന്ന് വ്യക്തമാക്കുന്നു: ‘മാനിഫെസ്റ്റോയില്‍ തന്നെ പ്രസ്താവിച്ചിട്ടുള്ളതു പോലെ എവിടെ എപ്പോഴായാലും ശരി ഈ തത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന കാര്യം അപ്പോള്‍ നിലവിലുള്ള ചരിത്രപരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണ് ഇരിക്കുക’’.

‘‘കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ സ്ഥിതിഗതികള്‍ക്കെത്രതന്നെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഈ മാനിഫെസ്റ്റോ ഉള്‍ക്കൊള്ളുന്ന പൊതുതത്വങ്ങള്‍ മൊത്തത്തില്‍ അന്നത്തെപ്പോലെ തന്നെ ഇന്നും ശരിയാണ്. വിശദാംശങ്ങളില്‍ അങ്ങുമിങ്ങും ചില ഭേദഗതികള്‍ വരുത്താമായിരിക്കാം. മാനിഫെസ്റ്റോയില്‍ത്തന്നെ പ്രസ്താവിച്ചിട്ടുള്ളതുപോലെ, എവിടെ എപ്പോഴായാലും ശരി, ഈ തത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന കാര്യം അപ്പോള്‍ നിലവിലുള്ള ചരിത്രപരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുക”. 1872 ലെ ജര്‍മ്മന്‍ പതിപ്പിലുള്ള മുഖവുര (പേജ് 8)

1871 ലെ പാരിസ് കമ്യൂണിന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കി. 1872 ല്‍ മാര്‍ക്സും എംഗല്‍സും ഒരുമിച്ചെഴുതിയ മുഖവുരയില്‍ മാനിഫെസ്റ്റോയിലെ ചില വിശദാംശങ്ങള്‍ പഴഞ്ചനായി പോയതായും അതില്‍ ഭേദഗതി വരുത്തുന്നതായും പ്രസ്താവിച്ചു.

‘‘മുന്‍പുള്ളവര്‍ തയ്യാര്‍ ചെയ്തുവെച്ചിട്ടുള്ള ഭരണകൂടം വെറുതെയങ്ങ് കൈവശപ്പെടുത്തി സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി അതിനെ അതേപടി ഉപയോഗിക്കുവാന്‍ തൊഴിലാളിവര്‍ഗത്തിന് സാധ്യമല്ല.” മാനിഫെസ്റ്റോയില്‍ വരുത്തിയ പ്രധാനപ്പെട്ട ഒരു തിരുത്തലാണിത്.

സോഷ്യലിസ്റ്റ് സാഹിത്യത്തെ പറ്റി മാനിഫെസ്റ്റോയില്‍ വിവരിക്കുന്ന വിമര്‍ശനത്തില്‍ ഇന്നത്തെ പരിതഃസ്ഥിയുടെ വെളിച്ചത്തില്‍ പോരായ്മകള്‍ ഉള്ളതായി മാര്‍ക്സും എംഗല്‍സും മുഖവുരയില്‍ വിവരിക്കുന്നു.

കമ്യൂണിസ്റ്റുകാരും വിവിധ പ്രതിപക്ഷകക്ഷികളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് മാനിഫെസ്റ്റോയില്‍ വിവരിച്ച പ്രസ്താവനകള്‍ രാഷ്ട്രീയ സ്ഥിതി പാടെ മാറിയതുകൊണ്ട് കാലഹരണപ്പെട്ടതായും മാര്‍ക്സും എംഗല്‍സും മുഖവുരയില്‍ വിവരിക്കുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സും എംഗല്‍സും വരുത്തിയ പ്രധാനപ്പെട്ട ഭേദഗതികള്‍ മാത്രമാണ് ഞാനിവിടെ വിവരിച്ചത്.

മാര്‍ക്സും എംഗല്‍സും എത്തിച്ചേര്‍ന്ന നിഗമനങ്ങളെപ്പറ്റി ലെനിന്‍ പ്രകടിപ്പിച്ച അഭിപ്രായം വളരെ പ്രധാനമാണ്. മാര്‍ക്സിസം സമ്പൂര്‍ണമാണെന്നും അലംഘനീയമാണെന്നും കരുതരുതെന്നും മറിച്ച് മാര്‍ക്സും എംഗല്‍സും മാര്‍ക്സിസത്തിന് തറക്കല്ല് പാകുകമാത്രമാണ് ചെയ്തിട്ടുള്ളതെന്നും, കാലത്തിനൊത്ത് മാര്‍ക്സിസം എത്തണമെങ്കില്‍ സോഷ്യലിസ്റ്റുകള്‍ മാര്‍ക്സിസത്തെ എല്ലാ വശങ്ങളിലേക്കും വികസിപ്പിക്കേണ്ടതുണ്ടെന്നും ലെനിന്‍ വ്യക്തമാക്കുന്നു.

‘‘മാര്‍ക്സിന്റെ സിദ്ധാന്തം സമ്പൂര്‍ണ്ണമാണെന്നോ അലംഘനീയമാണെന്നോ ഞങ്ങള്‍ കരുതുന്നില്ല. മറിച്ച് ആ ശാസ്ത്രത്തിന് തറക്കല്ല് പാകുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കാലത്തിനൊത്ത് നീങ്ങണമെന്നുണ്ടെങ്കില്‍ സോഷ്യലിസ്റ്റുകള്‍ ആ ശാസ്ത്രത്തെ എല്ലാ വശങ്ങളിലേക്കും വികസിപ്പിക്കേണ്ടതാണെന്നും ഞങ്ങള്‍ക്ക് ബോദ്ധ്യമുണ്ട്”. (ലെനിന്‍ സമാഹൃതകൃതികള്‍ – വോള്യം 4, പേജ് 211 – 12)

ലെനിന്‍ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമല്ല, പ്രകടിപ്പിച്ച അഭിപ്രായം നടപ്പിലാക്കാനും പരമാവധി പരിശ്രമിച്ചു. മാര്‍ക്സിസം വികസിപ്പിക്കുന്നതിന് വലിയ സംഭാവന ചെയ്ത ആദ്യകാല നേതാവായിരുന്നു ലെനിന്‍. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും കൃതികളെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ച് മുതലാളിത്ത വളര്‍ച്ച പൂര്‍ണ രൂപത്തില്‍ എത്തുമ്പോള്‍ മാത്രമേ സോഷ്യലിസ്റ്റ് വിപ്ലവം നടക്കുകയുള്ളൂവെന്ന് ജര്‍മ്മനിയിലെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് ‘‘പണ്ഡിതര്‍” പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍ മുതലാളിത്ത വളര്‍ച്ച പൂര്‍ണമായിട്ടില്ല. അതുകൊണ്ട് അവിടെ സോഷ്യലിസ്റ്റ് വിപ്ലവം നടക്കുകയില്ലന്ന് അവര്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍, ലെനിന്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് എടുത്തത്. അതിനെപ്പറ്റി ‘മാര്‍ക്സിസം ലെനിനിസം ഒരു പാഠപുസ്തകം’ എന്ന കൃതിയില്‍ ഇ.എം.എസ് ഇപ്രകാരം വിവരിക്കുന്നു.

‘‘ലെനിന്‍ ആകട്ടെ, മാര്‍ക്സ് – എംഗല്‍സ് കൃതിയിലെ അക്ഷരങ്ങളില്‍ കടിച്ചുതൂങ്ങിനില്‍ക്കാതെ അവയുടെ സാരാംശം സ്വായത്തമാക്കി. മുതലാളിത്ത വളര്‍ച്ച പൂര്‍ണമായിട്ടില്ലെങ്കിലും വളര്‍ച്ചനേടിയിടത്തോളമുള്ള മുതലാളിത്തം ആഴമേറിയ കുഴപ്പത്തില്‍ ചെന്നുപെട്ടിട്ടുണ്ടെങ്കില്‍ അവിടെ വിപ്ലവം തുടങ്ങാം, തുടര്‍ന്നുള്ള സോഷ്യലിസ്റ്റ് നിര്‍മ്മാണം പൂര്‍ത്തിയാവണമെങ്കില്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ക്കൂടി സോഷ്യലിസ്റ്റ് വിപ്ലവം നടക്കണമെന്നുള്ള കാഴ്ചപ്പാട് ആവിഷ്കരിച്ച് ലെനിന്‍, മാര്‍ക്സ് – എംഗല്‍സ് വിപ്ലവ സിദ്ധാന്തത്തെ തന്നെ കൂടുതല്‍ പോഷിപ്പിച്ചു.”(പേജ് 39 3–ാം ഖണ്ഡിക)

ജര്‍മ്മനി മുതലായ യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അങ്ങേയറ്റം പിന്നണിയില്‍ കിടന്ന രാജ്യമായിരുന്നു റഷ്യ. അവിടത്തെ സാമൂഹ്യ–സാമ്പത്തിക വ്യവസ്ഥ മൂന്ന് വര്‍ഷം നീണ്ടുനിന്ന യുദ്ധത്തെ തുടര്‍ന്ന് അങ്ങേയറ്റം തകര്‍ന്നു കഴിഞ്ഞിരുന്നു. സോഷ്യലിസ്റ്റ് രാജ്യത്തെ അതിന്റെ ശൈശവാവസ്ഥയില്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ മുതലാളിത്ത ലോകമാകെ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ലെനിന്‍ സോവിയറ്റ് റഷ്യയെ സോഷ്യലിസ്റ്റ് രാജ്യമായി കെട്ടിപ്പടുക്കേണ്ടിയിരുന്നത്. അന്നത്തെ സാഹചര്യത്തെ നേരിടാന്‍ ‘യുദ്ധകാല കമ്യൂണിസം’ എന്ന സംവിധാനം കെട്ടിപ്പടുക്കാന്‍ ലെനിന്‍ തിരുമാനിച്ചു. അതിനെപ്പറ്റി ‘മാര്‍ക്സിസം ലെനിനിസം ഒരു പാഠപുസ്തകം’ എന്ന കൃതിയില്‍ ഇ.എം.എസ് ഇപ്രകാരം വിവരിക്കുന്നു:

‘‘ഈ സ്ഥിതിവിശേഷം നേരിടുന്നതിന് രാജ്യത്തിലെ എല്ലാ വിഭവങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ സമാഹരിക്കേണ്ടിയിരുന്നു. വന്‍കിട ഭൂപ്രഭുക്കള്‍, മുതലാളിവര്‍ഗം എന്നീ ചൂഷകവിഭാഗങ്ങളുടെ സ്വത്തുക്കള്‍ മുഴുവന്‍ പിടിച്ചടക്കിയും ചെറുകിടക്കാരുടെയും ഇടത്തരക്കാരുടെയും സ്വത്തുക്കള്‍ ഗവണ്‍മെന്റിന്റെ കര്‍ശനമായ നിയന്ത്രണത്തിലാക്കിയും സാമൂഹ്യസമ്പദ്-വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റേണ്ടിയിരുന്നു. അതേസമയത്ത് വെളിയില്‍നിന്നും രാജ്യത്തിനകത്തുനിന്നുതന്നെയും ഉയര്‍ന്നുവന്ന ആക്രമണ ഭീഷണിയെ – സാമ്രാജ്യകോയ്മകള്‍ സംഘടിപ്പിച്ച സൈനിക ഇടപെടലുകളെയും ആഭ്യന്തരമായി ബൂര്‍ഷ്വാ ഭൂഉടമ വര്‍ഗങ്ങള്‍ സംഘടിപ്പിച്ച ആഭ്യന്തരയുദ്ധത്തേയും – ഫലപ്രദമായി നേരിട്ട് രാജ്യത്തെ രക്ഷിക്കേണ്ടിയിരുന്നു. ഈ സാഹചര്യത്തില്‍ സ്വാഭാവികമായും ജനങ്ങളുടെ പ്രാഥമിക പൗരാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വലിയ ഒരളവുവരെ അമര്‍ത്തേണ്ടിയിരുന്നു. ഇതെല്ലാം ചെയ്യുന്നുവെന്ന അര്‍ത്ഥത്തില്‍ ‘യുദ്ധകാല കമ്യൂണിസം’ എന്നു വിളിക്കപ്പെടുന്ന ഒരു വ്യവസ്ഥ നടപ്പിലായി.” (പേജ് 47 അവസാന ഖണ്ഡിക)

അങ്ങേയറ്റം പ്രയാസകരമായ പരിതഃസ്ഥിതിയെ തരണം ചെയ്യാന്‍ റഷ്യയ്ക്ക് അതുവഴി കഴിഞ്ഞു. പക്ഷേ, ഒന്നാം ലോക യുദ്ധം – വിപ്ലവത്തിനുശേഷമുള്ള ഇടങ്കോലിടല്‍ യുദ്ധം എന്നിവ മൂലം സാമൂഹ്യസാമ്പത്തിക വ്യവസ്ഥ റഷ്യയില്‍ അങ്ങേയറ്റം തകര്‍ന്നിരുന്നു. ഇതില്‍ നിന്ന് കരകയറുന്നതിന് യുദ്ധകാല കമ്യൂണിസത്തിന്റെ തുടര്‍ച്ചയായി പുത്തന്‍ സാമ്പത്തിക വ്യവസ്ഥ എന്നറിയപ്പെടുന്ന സാമ്പത്തിക–സാമൂഹ്യ സംവിധാനം ലെനിന്‍ മുന്നോട്ടുകൊണ്ടുവന്നു. ‘യുദ്ധകാല കമ്യൂണിസത്തില്‍’നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ‘പുത്തന്‍സാമ്പത്തിക നയം’ ജനങ്ങളുടെ മേലും സംവിധാനത്തിനുമേലുമുള്ള കര്‍ശനമായ നിയന്ത്രണം അയച്ചുവിട്ടു. സ്വതന്ത്രമായ ചരക്ക് കൈമാറ്റം, ഉല്‍പ്പാദകര്‍ക്ക് തങ്ങളുടെ ചരക്കുകള്‍ ഇഷ്ടംപോലെ വില്‍ക്കാനുള്ള സ്വാതന്ത്ര്യം എന്നിവ അനുവദിക്കപ്പെട്ടു. ജനങ്ങളുടെ, വിശേഷിച്ചും കൃഷിക്കാരുടെ, ലാഭേച്ഛയെ നിരുല്‍സാഹപ്പെടുത്തുന്നതിനുപകരം അവരെ പ്രേരിപ്പിച്ച് ഉല്‍പ്പാദനം കഴിയുന്നത്ര വര്‍ധിപ്പിക്കുകയായിരുന്നു പുതിയ സമ്പദ്-വ്യവസ്ഥയുടെ ലക്ഷ്യം.

സാര്‍വ്വദേശീയ രംഗത്തും മാറ്റങ്ങള്‍ ഉണ്ടായി. സോവിയറ്റ് റഷ്യയിലെ സോഷ്യലിസ്റ്റ് സംവിധാനം സായുധ അക്രമത്തിലൂടെ തകര്‍ക്കാന്‍ മുതലാളിത്തം നടത്തിയ ശ്രമം തകര്‍ന്നുപോയി. സോവിയറ്റ് യൂണിയന്‍ ഒഴിച്ച് മറ്റ് എല്ലായിടത്തും നിലനില്‍ക്കുന്നത് മുതലാളിത്തമാണ്. ഈ സ്ഥിതിവിശേഷത്തെ കണക്കിലെടുത്ത് രണ്ടു വ്യവസ്ഥകള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം എന്ന സമീപനം ലെനിന്‍ തുടര്‍ന്ന് മുന്നോട്ടുവെച്ചു. ഈ കാഴ്ചപ്പാടും യുദ്ധകാല കമ്യൂണിസത്തിന്റെ കാഴ്ചപ്പാടും തമ്മില്‍ മൗലികമായ വ്യത്യാസവും ഉണ്ടായിരുന്നു. 1917ല്‍ റഷ്യയിലും പിന്നീട് ജര്‍മ്മനി, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലും വിപ്ലവം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ഒരു ലോകവിപ്ലവം ആസന്നമാണെന്ന കാഴ്ചപ്പാടും ലെനിന് ഉണ്ടായിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് യുദ്ധകാല കമ്യൂണിസം എന്ന കാഴ്ചപ്പാട് അദ്ദേഹം ആവിഷ്കരിച്ചത്. എന്നാല്‍ ജര്‍മ്മനി, ആസ്ട്രിയ എന്നിവിടങ്ങളിലെ വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടു. ലോക വിപ്ലവത്തിന്റെ കാഴ്ചപ്പാട് അകന്നു. സോവിയറ്റ് യൂണിയനെ ശൈശവാസ്ഥയില്‍ തകര്‍ക്കുകയെന്ന സാമ്രാജ്യത്വ ശ്രമവും തകര്‍ന്നു. മുതലാളിത്ത ലോകത്തിനും സോഷ്യലിസ്റ്റ് ലോകത്തിനും അന്യോന്യം തകര്‍ക്കാന്‍ കഴിയാത്ത നിലവന്നു. സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് നിര്‍മ്മാണമെന്ന സമ്പത്തിക പ്രകിയയാണ് ആഗോളമുതലാളിത്ത – സോഷ്യലിസ്റ്റ് ലോകങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെ ഗതിനിര്‍ണയിക്കുക എന്ന നിലയുണ്ടായി. എങ്ങനെ സോവിയറ്റ് യൂണിയനെ സാമ്പത്തികമായി പുരോഗമിപ്പിക്കാം എന്ന പ്രശ്നം ലെനിന്റെ മുന്നില്‍ ഉയര്‍ന്നുവന്നു. ‘മാര്‍ക്സിസം ലെനിനിസം ഒരു പാഠപുസ്തകത്തില്‍’ ഈ വിഷയത്തെ ഇ.എം.എസ് ഇപ്രകാരം വിവരിക്കുന്നു:

‘‘ഈ ചരിത്രപശ്ചാത്തലത്തില്‍ സോവിയറ്റ് റഷ്യയെ എങ്ങനെ സാമ്പത്തികമായി പുരോഗമിപ്പിക്കാമെന്ന പ്രശ്നം ലെനിന്റെ മുമ്പില്‍ വന്നു. കര്‍ഷകപ്രധാനമായ രാജ്യത്ത്, ലക്ഷോപലക്ഷം കൃഷിക്കാരെയും കൈത്തൊഴില്‍കാരെയും സംഘടിപ്പിച്ച് സോഷ്യലിസത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള മാര്‍ഗം പരസ്പരസഹായപ്രസ്ഥാനമാണെന്ന് ലെനിന്‍ വിലയിരുത്തി. കൈത്തൊഴില്‍കാരെയും കൃഷിക്കാരേയും പരസ്പരസഹായ പ്രസ്ഥാനത്തിലൂടെ പൊതുഉല്‍പാദനത്തിന്റെ മേഖലയിലേക്ക് കൊണ്ടുവന്നേ മതിയാകൂ എന്ന് അദ്ദേഹം കണ്ടു. അവരെ നയിക്കുന്ന ലാഭേച്ഛയെ തികച്ചും മാനിച്ചുകൊണ്ടുതന്നെ–സ്വന്തം ജീവിതം കൂടുതല്‍ കൂടുതല്‍ നന്നാക്കാന്‍ അവര്‍ക്കുള്ള ആഗ്രഹം മാനിച്ചുകൊണ്ട്þ അവരെ സാമൂഹ്യ ഉല്‍പാദനരംഗത്തേക്ക് കൊണ്ടുവരികയെന്ന തന്ത്രമാണ് അദ്ദേഹം രൂപപ്പെടുത്തിയത്.

‘‘ഇതാകട്ടെ, യുദ്ധകാല പരിതഃസ്ഥിതിയെ തുടര്‍ന്ന് തകര്‍ന്നുകഴിഞ്ഞ സമ്പദ്- വ്യവസ്ഥ പുനരുദ്ധരിക്കുക എന്ന താല്‍ക്കാലിക ലക്ഷ്യത്തോടുകൂടി മാത്രമായിരുന്നില്ലതാനും. മുതലാളിത്തത്തില്‍ നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം കര്‍ഷകപ്രധാനമായ റഷ്യയില്‍ പ്രായോഗികമാകണമെങ്കില്‍ സാമ്പത്തിക ജീവിതത്തിന്റെ എല്ലാ തുറകളിലും പരസ്പരസഹായ പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരണം.

‘‘അതായത്, കര്‍ഷപ്രധാനവും പിന്നണിയില്‍ കിടക്കുന്നതുമായ റഷ്യയില്‍ വിപ്ലവം നടത്തേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ചുവടുപിടിച്ച് വിജയകരമായ വിപ്ലവം സംഘടിപ്പിച്ച ലെനിന്‍ അതേ പിന്നണി രാജ്യത്ത് വിപ്ലവാനന്തരം സോഷ്യലിസം കെട്ടിപ്പടുക്കുന്നത് എങ്ങനെ എന്ന് പ്രായോഗികമായി കാണിക്കുകകൂടി ചെയ്തു. 1917 ല്‍ വിപ്ലവം വിജയിപ്പിക്കുകയും തുടര്‍ന്ന് അരവ്യാഴവട്ടക്കാലത്തെ പ്രവര്‍ത്തനത്തിലൂടെ സോഷ്യലിസ്റ്റ് സമൂഹനിര്‍മ്മാണത്തിന് അടിത്തറയിടുകയും ചെയ്തതാണ് മാര്‍ക്സിസ്റ്റ് വിജ്ഞാനത്തിന് ലെനിന്‍ നല്‍കിയ അമൂല്യ സംഭാവന. അതാണ് അദ്ദേഹത്തെ ‘‘മാര്‍ക്സും എംഗല്‍സും എന്ന തിരിയില്‍ നിന്ന് കൊളുത്തിയ പന്തമായി ഉയര്‍ത്തിയത്.” (പേജ് 50 ല്‍ 1,2,3 ഖണ്ഡിക)

മാര്‍ക്സിസത്തിന് ലെനിന്‍ നല്‍കിയ സംഭാവനകളെ ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പുകൾ‍ എന്ന, 1996 ജനുവരിയില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത് വിവരിക്കുന്നു. ലെനിന്‍ എഴുതിയ ഗ്രന്ഥങ്ങള്‍, ചെയ്ത പ്രസംഗങ്ങള്‍, അദ്ദേഹത്തിന്റെ കത്തിടപാടുകള്‍ എന്നിവ മുതലാളിത്തത്തില്‍ നിന്നും കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനത്തെപ്പറ്റി ഒട്ടേറെ പ്രായോഗിക പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കി. ഇതാണ് മാര്‍ക്സിസത്തിന് ലെനിന്‍ നല്‍കിയ മഹത്തായ സംഭാവന. അതാണ് ലെനിനിസം അല്ലെങ്കില്‍ സാമ്രാജ്യത്വ കാലഘട്ടത്തിലെ മാര്‍ക്സിസം എന്ന പേരില്‍ അറിയപ്പെടുന്നത്.

18) മാര്‍ക്സിസത്തെ വികസിപ്പിക്കുന്നതിന് ലെനിന് പുറമെ റോസാലക് സംബര്‍ഗ്, അന്റോണിയോ ഗ്രാംഷി, മൗ സേതൂങ്, ഹോച്ചിമിന്‍, ഫിദല്‍ കാസ്ട്രോ, ദെങ്സിയാവോ പിങ്, ഇ.എം.എസ് തുടങ്ങി നിരവധി പേര്‍ വലിയ സംഭാവനകള്‍ നല്‍കി. അതോടൊപ്പം ലോകത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഓരോന്നും വിപ്ലവാനുഭവങ്ങളെ സിദ്ധാന്തവല്‍ക്കരിച്ചത് മാര്‍ക്സിസത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പ്രാധാന്യത്തോടെ എടുത്തുപറയേണ്ട ഒന്നാണ് ദെങ്സിയാവോ പിങ്ങിന്റെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ചൈനയുടെ സമ്പത്തിക പരിഷ്കാരം. ഈ വിഷയത്തെപ്പറ്റി ‘മാര്‍ക്സിസം ലെനിനിസം ഒരു പാഠപുസ്തകം’ എന്ന കൃതിയില്‍ ഇ.എം.എസ് വിവരിക്കുന്നത് ഇപ്രകാരമാണ്.

‘‘ഇക്കൂട്ടത്തില്‍ പ്രാധാന്യത്തോടെ എടുത്തുപറയേണ്ടതാണ് ദെങ്സിയാവോ പിങ്ങിന്റെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ചൈനയിലെ സാമ്പത്തിക പരിഷ്കാരം. ലെനിന്റെ ‘പുത്തന്‍സാമ്പത്തികനയ’ത്തിലെന്നപോലെ ദെങ്ങിന്റെ ചൈനാനയത്തിലും നാടനും വൈദേശികവുമായ മുതലാളിത്ത ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. പക്ഷേ, ‘മുതലാളിത്ത പ്രോത്സാഹനപര’മായ ഈ നയം നടപ്പിലാക്കുന്നത് തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ കര്‍ശനമായ നിയന്ത്രണത്തിലാണ്.

ഇതിന്റെ സൂചനയാണ് ദെങ് സിയാവോ പിങ്ങിന്റെ പുത്തന്‍ ചൈനാസാമ്പത്തികനയത്തിന്റെ ആണിക്കല്ലുകളിലൊന്നായി ‘ജനകീയ ജനാധിപത്യസര്‍വാധിപത്യം’ സംരക്ഷിച്ചുനിലനിര്‍ത്തുന്നത്. രാഷ്ട്രീയതലത്തില്‍ മുതലാളിത്ത ശക്തികള്‍ക്ക് സൗജന്യം നല്‍കുന്ന സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കുന്നതുതന്നെ ‘ജനകീയ ജനാധിപത്യ സര്‍വാധിപത്യ’ത്തിന്റെ കീഴിലാണ്. ഇത് ചൈനയിലെ സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥയുടെ ഉല്‍പാദനക്കഴിവ് വര്‍ധിപ്പിക്കുന്നതിനു പുറമെ സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും.” ( പേജ് – 51,52)

ഇ.എം.എസും പി.ഗോവിന്ദപ്പിള്ളയും കൂടിയെഴുതിയ ‘‘ഗ്രാംഷിയന്‍ വിചാര വിപ്ലവം” എന്ന പുസ്തകത്തിൽ ഗ്രാംഷി മാര്‍ക്സിസത്തിന് നല്‍കിയ പ്രധാന സംഭാവനകളെ പരാമര്‍ശിക്കുന്നു. സാമൂഹ്യവും രാഷ്ട്രീയവുമായ പരിവര്‍ത്തനപ്രകിയ വളരെ സങ്കീര്‍ണമാണെന്നും പ്രകൃതി ശാസ്ത്രങ്ങളില്‍ നടക്കുന്ന പരീക്ഷണങ്ങളും അവയുടെ ഫലവും നിര്‍ണയിക്കാന്‍ കഴിയുന്നതുപോലെ സാമൂഹ്യശാസ്ത്രങ്ങളുടെ മേഖലയില്‍ വിവിധ ശക്തികള്‍ തമ്മിലുള്ള ബന്ധങ്ങളെ കൃത്യമായി വിലയിരുത്തുക പ്രയാസമാണെന്നും ഗ്രാംഷി വിവരിക്കുന്നു. സാമൂഹ്യശക്തികള്‍ തമ്മിലുള്ള ബന്ധം മൂര്‍ത്തമായി പരിശോധിക്കുന്നതിന് പകരം താത്വിക മര്‍ക്കടമുഷ്ടിയോടെയും യാന്ത്രികമായും കാണുന്നതിനെയും ഗ്രാംഷി വിമര്‍ശിക്കുന്നു. പാര്‍ട്ടിയുടെ ഐക്യവും അച്ചടക്കവും യാന്ത്രികമാകാന്‍ അനുവദിക്കാതെ യാഥാര്‍ത്ഥ്യത്തോടെയും ബോധപൂര്‍വ്വവുമായ ഐക്യവും അച്ചടക്കവും ഉണ്ടാക്കണമെന്നും ഗ്രാംഷി ചൂണ്ടിക്കാട്ടി. യാന്ത്രികമായ നിലപാടിനെതിരെ ശക്തിയായ വിമര്‍ശനവും എതിര്‍പ്പുമാണ് ഗ്രാംഷിക്കുള്ളത്. മാര്‍ക്സിസത്തിന്റെ പ്രശ്നങ്ങള്‍ എന്ന ഗ്രാംഷിയുടെ ജയില്‍ കുറിപ്പുകളില്‍ അവസാനത്തെ പ്രബന്ധത്തില്‍ താത്വിക മേഖലകളില്‍ നടന്ന ചില ചര്‍ച്ചകളെയാണ് ഗ്രാംഷി അവലോകനം ചെയ്തത്. അതിനെപ്പറ്റി ‘ഗ്രാംഷിയന്‍ വിചാര വിപ്ലവം’ എന്ന പുസ്തകത്തില്‍’ ഇ.എം.എസും പി.ജിയും ഇപ്രകാരം വിവരിക്കുന്നു:

‘‘ഈ കുറിപ്പെഴുതാന്‍ ഗ്രാംഷിയെ പ്രേരിപ്പിച്ചത് വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റേതിനെതിരായ പല ചിന്താഗതികളും പ്രത്യക്ഷപ്പെട്ടുവന്നിരുന്നതും അതിനെതിരെ സമരം ചെയ്യുന്നത് ആവശ്യമായിത്തീര്‍ന്നുവെന്നുമുള്ള വസ്തുതയുമാണ്. മാര്‍ക്സിസത്തിന്റെയും വൈരുദ്ധ്യാത്മകവും – ചരിത്രപരവുമായ ഭൗതികവാദത്തിന്റെയും പേരില്‍ താത്വിക മര്‍ക്കടമുഷ്ടിയുടെയും യാന്ത്രികതയുടെയും പ്രവണതകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അവയെ പൊതുവില്‍ വിമര്‍ശിക്കുന്നതോടൊപ്പം അവയുടെ ഒരു രൂപമായ ബുഖാറിന്റെ വാദഗതികളെ തുറന്നുകാട്ടുകകൂടി ചെയ്യാന്‍ ഗ്രാംഷി ഇതില്‍ ശ്രമിക്കുന്നു.”(പേജ് 44)

മാര്‍ക്സും എംഗല്‍സും ലെനിനും ചേര്‍ന്നു രൂപപ്പെടുത്തിയ തൊഴിലാളിവര്‍ഗ്ഗ ദര്‍ശനവും രാഷ്ട്രമീമാംസയും സാംസ്കാരികമായ നിലപാടും ഗ്രാംഷി കൂടുതല്‍ സമ്പന്നമാക്കി.

1917 ലെ ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം സോവിയറ്റ് യൂണിയന്‍ സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ വലിയ പുരോഗതി നേടി. രണ്ടാം ലോകയുദ്ധത്തില്‍ ഫാസിസത്തിന്റെ നിലപാടുള്ള സാമ്രാജ്യത്വ ശക്തികളെ പരാജയപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചു. എല്ലാ ഭൂഖണ്ഡങ്ങളിലും സാമ്രാജ്യാധിപത്യത്തിനെതിരെ സ്വാതന്ത്ര്യത്തിനുവേണ്ടി വിവിധ ദേശീയ ജനവിഭാഗങ്ങള്‍ നയിച്ച സമരങ്ങള്‍ക്ക് ഉത്തേജനവും സഹായവും നല്‍കി. സാമ്രാജ്യാധിപത്യത്തില്‍ കഴിഞ്ഞ രാജ്യങ്ങള്‍ സ്വതന്ത്രങ്ങളായി. ലോകത്തെല്ലായിടത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നു. ഈ കാര്യങ്ങളിലെല്ലാം സോവിയറ്റ് യൂണിയന്റെ പങ്ക് വളരെ പ്രധാനമായിരുന്നു. എന്നാല്‍ ഇതോടൊപ്പം മാര്‍ക്സിസം വികസിപ്പിക്കുന്നതിലും പ്രയോഗിക്കുന്നതിലും സോവിയറ്റ് യൂണിയന് ഗുരുതരമായ പ്രമാദം സംഭവിച്ചു.

സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് ഭരണവ്യവസ്ഥ തകര്‍ന്നു, ഇതേ തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലോകത്തെമ്പാടും തിരിച്ചടിയുണ്ടായി.

സോവിയറ്റ് യൂണിയനില്‍ സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയില്‍ നിന്ന് മാര്‍ക്സിസത്തിന് ഒട്ടേറെ പാഠങ്ങള്‍ പഠിക്കാനുണ്ട്. ഈ വിഷയത്തെപ്പറ്റി സി.പി.ഐ എം 1992ല്‍ നടന്ന 14–ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിലയിരുത്തല്‍ നടത്തി. സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒട്ടേറെ പ്രമാദങ്ങള്‍ സംഭവിച്ചതായി പാര്‍ട്ടി കോണ്‍ഗ്രസ് കണ്ടെത്തി. സോഷ്യലിസത്തിന്‍ കീഴില്‍ ഭരണകൂടത്തിന്റെ വര്‍ഗ സ്വഭാവം, സോഷ്യലിസ്റ്റ് ജനാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവും, സോഷ്യലിസ്റ്റ് സമ്പത്തിക നിര്‍മ്മാണം, സ്വത്തിന്റെ രൂപങ്ങള്‍, ആസൂത്രണവും കമ്പോളവും, ആശയ പരമായ ബോധം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്തതില്‍ ഉണ്ടായ വീഴ്ചകള്‍ 14–ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ടത്തുകയുണ്ടായി. ഈ വിഷയത്തെപ്പറ്റി 2000ത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ പ്രത്യേക കോണ്‍ഫറന്‍സ് അംഗീകരിച്ച പുതുക്കിയ പാര്‍ട്ടി പരിപാടിയില്‍ ഇപ്രകാരം വിവരിക്കുന്നു.

‘‘എങ്കിലും മുമ്പ് ആരും കടന്നുപോയിട്ടില്ലാത്ത പാതയിലൂടെ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനിടയില്‍ സോവിയറ്റ് യൂണിയനും മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും ഗുരുതരമായ അബദ്ധങ്ങള്‍ പിണഞ്ഞു. സോഷ്യലിസം കെട്ടിപ്പടുക്കുന്നത് ദീര്‍ഘമായ പ്രക്രിയയാണെന്ന് ശരിയായ രീതിയില്‍ മനസ്സിലാക്കാതിരുന്നത്, പാർട്ടിയുടെയും ഭരണകൂടത്തിന്റെയും പങ്കിനെ സംബന്ധിച്ച തെറ്റായ ധാരണ, സമ്പദ്ഘടനയിലും അത് കൈകാര്യം ചെയ്യുന്ന രീതിയിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിലെ പരാജയം, പാര്‍ട്ടിയിലും ഭരണകൂടത്തിലും സമൂഹത്തിലും സോഷ്യലിസ്റ്റ് ജനാധിപത്യം അഗാധമാക്കുന്നതിലെ പരാജയം, ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ വളര്‍ച്ച, പ്രത്യയശാസ്ത്രപ്രബുദ്ധത ചോര്‍ന്നു പോയത് എന്നിവയാണ് ഈ അബദ്ധങ്ങളുടെ ഉറവിടം. മാര്‍ക്സിസം–ലെനിനിസത്തിന്റെ സാധുത നിരാകരിക്കുന്നതല്ല ഈ വൈകല്യങ്ങള്‍. മറിച്ച് വിപ്ലവസിദ്ധാന്തത്തില്‍നിന്നും പ്രയോഗത്തില്‍നിന്നുമുള്ള വ്യതിയാനത്തെയാണവ പ്രതിനിധാനം ചെയ്യുന്നത്. സോവിയറ്റ് യൂണിയനും മറ്റു സോഷ്യലിസ്റ്റു രാജ്യങ്ങളും പിരിച്ചുവിടപ്പെട്ടതും കിഴക്കന്‍ യൂറോപ്പിലേറ്റ തിരിച്ചടികളും ഒരു പുതിയ പരിതഃസ്ഥിതിയില്‍ കലാശിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സോഷ്യലിസ്റ്റ് ശക്തികള്‍ക്ക് ഹുങ്കേറിയ സാമ്രാജ്യത്വത്തിന്റെ വെല്ലുവിളികള്‍ ഒരിക്കല്‍ക്കൂടി നേരിടേണ്ടി വന്നു. തിരിച്ചടികളെ കൂസാതെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും വിപ്ലവശക്തികളും അബദ്ധങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ട് പുനരണിചേരുകയും സാമ്രാജ്യത്വത്തിന്റെയും പിന്തിരിപ്പന്‍ ശക്തികളുടെയും ആക്രമണോത്സുകമായ വെല്ലുവിളിയെ നേരിടുകയും ചെയ്യുമെന്ന് സി.പി.ഐ എമ്മിന് ഉത്തമബോധ്യമുണ്ട്.” ( ഖണ്ഡിക 2.3)

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണത്തിന് ശേഷം മാര്‍ക്സിസത്തിനുണ്ടായ വികാസവും മാര്‍ക്സിസം പ്രയോഗിച്ചതിലൂടെ ഉണ്ടായ അനുഭവങ്ങളും ആകെ പഠിക്കാനും വിലയിരുത്താനും കഴിയേണ്ടത് ഇന്നത്തെ കടമകള്‍ ഫലപ്രദമായി നിറവേറ്റുന്നതിന് വളരെ പ്രധാനമാണ്. മാര്‍ക്സിസത്തെ കാലത്തിനനുസരിച്ച് വികസിപ്പിക്കേണ്ടതുണ്ട്. അതിന് പാര്‍ട്ടി ആകെ എപ്പോഴും സജ്ജമാകേണ്ടതുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + 15 =

Most Popular