Wednesday, October 9, 2024

ad

Homeകവര്‍സ്റ്റോറിഇന്നത്തെ രാഷ്ട്രീയ 
സാഹചര്യത്തിന്റെ 
സവിശേഷതകള്‍

ഇന്നത്തെ രാഷ്ട്രീയ 
സാഹചര്യത്തിന്റെ 
സവിശേഷതകള്‍

പ്രകാശ് കാരാട്ട്

ലോക്-സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള കാലഘട്ടത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രധാന സവിശേഷങ്ങള്‍ എന്താണ്?

കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ 63 സീറ്റുകള്‍ കുറഞ്ഞ് 240 ലോക്-സഭാ സീറ്റുകള്‍ മാത്രം നേടി ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടു. ഭൂരിപക്ഷത്തിനുവേണ്ടി അതിന് എന്‍.ഡി.എ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വരുന്നു.

ഈ തിരഞ്ഞെടുപ്പു ഫലം മോദി ഗവണ്‍മെന്റിനെതിരെയുള്ള വിവിധ ജനവിഭാഗങ്ങളുടെ അമര്‍ഷത്തെ പ്രതിഫലിപ്പിക്കുന്നു. പ്രത്യേകിച്ച് വേണ്ടത്ര തൊഴിലുകള്‍ സൃഷ്ടിക്കുന്നതിലും വിലക്കയറ്റം തടയുന്നതിലും, ജനങ്ങളുടെ വരുമാനത്തെയും ജീവിതത്തെയും സാരമായി ബാധിച്ച നാണയപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിലും നേരിട്ട പരാജയത്തിന് ഐതിരെയാണ് ജനങ്ങള്‍ വിധിയെഴുതിയത്. ഈ അമര്‍ഷത്തെ ശക്തിപ്പെടുത്തിയത് ശിങ്കിടി മുതലാളിത്തവും സമ്പത്തിന്റെ കേന്ദ്രീകരണവും അസമത്വങ്ങളുടെ വളര്‍ച്ചയും പ്രധാന സ്വഭാവങ്ങളായ നവലിബറല്‍ നയങ്ങളാണ്.

തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദിയും ബി.ജെ.പിയും ഹിന്ദുത്വവര്‍ഗീയ അജൻഡ ശക്തമായി മുന്നോട്ടുവെച്ചെങ്കിലും, പുതിയ ജനവിഭാഗങ്ങളെ ബി.ജെ.പിയോടടുപ്പിക്കുന്നതിന് അത് പര്യാപ്തമായില്ല, ഹിന്ദുത്വ അജൻഡയുമായി ഇപ്പോള്‍തന്നെ ബന്ധപ്പെട്ടവരെ സംഘടിപ്പിക്കുന്നതിനാണ് ഇതുപകരിച്ചത്.

ഭാഗികമായിരുന്നെങ്കില്‍പോലും ഇന്ത്യാരാഷ്ട്രീയ ബ്ലോക്കിന്റെ ഏകോപിച്ചുള്ള തിരഞ്ഞെടുപ്പു പോരാട്ടം ചില സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഒന്നിപ്പിക്കുന്നതിന് സഹായിച്ചു. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും രാജസ്താനിലും ഇതിന്റെ ഗുണപരമായ ഫലം കണ്ടു.

വര്‍ഗകാഴ്ചപ്പാടിനനുസരിച്ച്, ഇപ്പോ ള്‍ രൂപീകരിക്കപ്പെട്ട ഗവണ്‍മെന്റിന്റെ വര്‍ഗസ്വഭാവത്തില്‍ ഒരു വ്യതിയാനവും മാറ്റവും ഉണ്ടായിട്ടില്ല. പൊതുവില്‍ കോര്‍പ്പറേറ്റ് വര്‍ഗീയ കൂട്ടുകെട്ട് എന്നു വിളിക്കപ്പെടുന്ന വന്‍കിട ബൂര്‍ഷ്വാസിയുടെയും ഹിന്ദുത്വ ശക്തികളുടെയും താല്പര്യങ്ങളെയാണ് അത് ഇപ്പോഴും പ്രതിനിധീകരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രധാന സ്വഭാവങ്ങൾ കണക്കിലെടുത്തുകൊണ്ട്, മോദി ഗവണ്‍മെന്റിന്റെ മൂന്നാമൂഴത്തിന് താഴെ പറയുന്ന ദിശകളാണ് ഉണ്ടാവുക എന്ന നിഗമനത്തിലാണ് നാം എത്തുന്നത്:

a) പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടാത്തതുകൊണ്ട് അമിതാധികാര ഭരണകൂടത്തെ ശക്തിപ്പെടുത്തുന്ന വിധത്തില്‍ ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവരുന്നതില്‍നിന്നും ഭരണഘടനാസംവിധാനങ്ങള്‍ പുന:ക്രമീകരിക്കുന്നതില്‍ നിന്നും പിന്‍വലിയാന്‍ മോദി ഗവണ്‍മെന്റ് നിബന്ധിതമാക്കപ്പെടും. ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ മുതലായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ അതിനു സാധിക്കുകയില്ല.

എങ്കിലും ഭരണാധികാരത്തിന്റെ നിയന്ത്രണം ബി.ജെ.പി – ആര്‍എസ്എസിന്റെ കൈവശമായതുകൊണ്ട്, തിരഞ്ഞെടുപ്പുകമ്മീഷന്‍, സി.ബി.ഐ, ഇ.ഡി മുതലായ ഭരണഘടനാസ്ഥാപനങ്ങളെയും കേന്ദ്ര അനേ-്വഷണ ഏജന്‍സികളെയും ഉപയോഗിച്ച് അമിതാധികാരഘടനയെ അവര്‍ ശക്തിപ്പെടുത്തും.

b) വിദ്യാഭ്യാസ സംവിധാനത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനും വിവിധ ഗവണ്‍മെന്റ് ഔദേ-്യാഗിക സമിതികളിലേക്ക് ഹിന്ദുത്വ ആശയമുള്ളവരെ തിരുകിക്കയറ്റുന്നതിനുമുള്ള ശ്രമങ്ങള്‍ മോദി ഗവണ്‍മെന്റ് ശക്തിയോടെ തുടരും. ചില പാഠപുസ്തകങ്ങളില്‍ നിന്ന് ഭരണഘടനയുടെ ആമുഖം പോലും ഉപേക്ഷിച്ചുകൊണ്ട് എങ്ങനെയാണ് എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്നതെന്ന് നാം കണ്ടതാണ്.

താഴെത്തട്ടില്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനുശേഷമുള്ള ആഴ്ചകളില്‍ മുസ്ലീങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടന്നുവരികയാണ്. ഉത്തര്‍പ്രദേശും ആസാമും പോലുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളെ നേരിടാനുള്ള നിയമങ്ങളെ ശക്തിപ്പെടുത്തുകയാണ്. അതായത്, ഹിന്ദുത്വത്തിനുള്ള പിന്തുണാ സംവിധാനത്തെ സൃഷ്ടിക്കുന്നതിനും വര്‍ഗീയധ്രുവീകരണത്തിനുമുള്ള ശ്രമങ്ങള്‍ തുടരും. മോദി തന്റെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ‘‘വര്‍ഗീയ സിവില്‍ക്കോഡിനു” പകരം ‘‘സെക്കുലര്‍ സിവില്‍ക്കോഡ്’’ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത് ഏറ്റവും ഒടുവിലത്തെ രൂപമാണ്.

c) വര്‍ഗകാഴ്ചപ്പാടില്‍ നിന്ന്, വന്‍കിട ബൂര്‍ഷ്വാസിയും അന്താരാഷ്ട്രഫൈനാന്‍സ് മൂലധനവും അംഗീകരിക്കുന്ന നവലിബറല്‍ അജൻഡയാണ് മൂന്നാം ഗവണ്‍മെന്റും പിന്തുടരുക. കോര്‍പറേറ്റ് അനുകൂല നയങ്ങളില്‍ നിന്ന് ഒരു വ്യതിയാനവും ഉണ്ടാവുകയില്ലെന്നാണ് അവസാനത്തെ കേന്ദ്ര ബജറ്റ് സൂചിപ്പിക്കുന്നത്. അദാനിമാരെയും അംബാനിമാരെയും പോലുള്ള കോര്‍പ്പറേറ്റ് ഹൗസുകള്‍ക്കുള്ള അകമഴിഞ്ഞ പിന്തുണ തുടരും.

തൊഴിലാളി വര്‍ഗ വിരുദ്ധവും കര്‍ഷക വിരുദ്ധവും ഗ്രാമീണ–ദരിദ്ര വിരുദ്ധവുമായ നയങ്ങളില്‍ ഒരു അയവും ഉണ്ടാവുകയില്ല.

അവരുടെ ബഹുജന പിന്തുണ നിലനിര്‍ത്താനായി തിരഞ്ഞെടുത്ത വിഭഗങ്ങള്‍ക്ക് ചില ക്ഷേമ പദ്ധതികളും നേരിട്ടുള്ള പണക്കെെമാറ്റവും മോദി ഗവണ്‍മെന്റ് ഇനിയും നടപ്പിലാക്കും.

d) ഫെഡറലിസത്തിനും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കും എതിരായ ആക്രമണം: എല്ലാ അധികാരങ്ങളുടെയും കേന്ദ്രീകരണവും സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ നിഷേധവും അമിതാധികാര നീക്കത്തിന് ആവശ്യമാണ്: ഈ ദിശയില്‍ ഒരു അയവുമുണ്ടാവുകയില്ല. ഫെഡറല്‍ സ്വഭാവത്തെ ചവിട്ടിമെതിക്കുന്ന അമിതാധികാര കേന്ദ്രീകൃത ഭരണം വന്‍കിട ബൂര്‍ഷ്വാസിയുടെയും ഹിന്ദുത്വ ശക്തികളുടെയും ആവശ്യമാണ്. മോദി ഗവണ്‍മെന്റിന്റെ മൂന്നാമൂഴത്തില്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനത്തില്‍ ഗവര്‍ണര്‍മാര്‍ കടന്നുകയറുന്നതും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക വിഭവങ്ങള്‍ നിഷേധിക്കുന്നതും നാം കാണുകയാണ്. കേരള ഗവണ്‍മെന്റിനോടുള്ള കേന്ദ്രത്തിന്റെ ശത്രുതാപരമായ നിലപാട് ഇതിന്റെ ഭാഗമാണ്.

e) വിദേശ നയത്തില്‍, അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തിന്റെ പാതയായിരിക്കും മോദി ഗവണ്‍മെന്റ് പിന്തുടരുക. എങ്കിലും സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി റഷ്യയുമായുള്ള സൗഹൃദബന്ധവും നിലനിര്‍ത്തും. പലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിനു നല്‍കുന്ന പൂര്‍ണപിന്തുണ അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങളും ഹിന്ദുത്വവും തമ്മിലുള്ള ഏകീഭാവത്തെ സൂചിപ്പിക്കുന്നു.

ചുരുക്കിപ്പറയുകയാണെങ്കില്‍, ബി.ജെ.പി – ആര്‍.എസ്.എസ് ഭരണ സംവിധാനം അതിന്റെ കോര്‍പറേറ്റ് അനുകൂല നവലിബറല്‍നയങ്ങളും ഹിന്ദുത്വ അജൻഡയില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ എല്ലാ ശ്രമങ്ങളും നടത്തും. അതിന് അമിതാധികാര ഭരണം ആവശ്യമാണ്. എങ്കിലും തിരഞ്ഞെടുപ്പു ഫലങ്ങള്‍ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുകയും ജനാധിപത്യത്തിനെതിരായ ആക്രമണങ്ങളെയും നവലിബറല്‍ നയങ്ങളെയും ഹിന്ദുത്വ ആശയസംഹിതയെയും നേരിടാനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയപാര്‍ട്ടികള്‍
തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷത്ത്- കോണ്‍ഗ്രസ് അതിന്റെ അംഗസംഖ്യ ഇരട്ടിപ്പിച്ച് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി, തമിഴ്നാട്ടില്‍ ഡി.എം.കെ, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി ഇന്ത്യാബ്ലോക്കില്‍ അംഗങ്ങളായ പ്രാദേശിക പാര്‍ട്ടികളും ശക്തിപ്പെട്ടിട്ടുണ്ട്.

ഇന്ത്യാബ്ലോക്ക് പാര്‍ട്ടികള്‍ മൊത്തത്തില്‍ ശക്തിപ്പെട്ടെങ്കിലും സിപിഐ (എംഎല്‍) ഒഴികെയുള്ള സിപിഐ എമ്മും മറ്റിടതുപക്ഷ പാര്‍ട്ടികളും ദുര്‍ബലശക്തികളായി തുടരുന്നു.

നമ്മുടെ പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും എങ്ങനെ ശക്തിപ്പെടുത്തണമെന്നതിലാണ് നാം ശ്രദ്ധിക്കേണ്ടത്. തുടര്‍ച്ചയായ പാര്‍ട്ടികോണ്‍ഗ്രസുകളില്‍ പാര്‍ട്ടിയുടെ സ്വതന്ത്രമായ ശക്തിവര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടും, നാമതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.

പ്രതിപക്ഷമെന്നനിലയില്‍ ഇന്ത്യാ ബ്ലോക്കിന് പാര്‍ലമെന്റിനുള്ളില്‍ പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കാന്‍ കഴിയും. അത് ഒരു രാഷ്ട്രീയ മുന്നണിയോ സഖ്യമോ അല്ല.

ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം മുതലായവയുടെ നേരെ നടക്കുന്ന ആക്രമണങ്ങളെ സംബന്ധിച്ച് ഈ പാര്‍ട്ടികള്‍ തമ്മില്‍ സഹകരണമാകാമെങ്കിലും ഔപചാരിക രൂപം നല്‍കുന്നത് സി.പി.ഐ എമ്മിന്റെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും സ്വതന്ത്രമായ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയായിരിക്കും.

രാഷ്ട്രീയവും ആശയപരവും സംഘടനാപരവുമായ മേഖലകളില്‍ പാര്‍ട്ടിയുടെ സ്വതന്ത്രമായപങ്കും പ്രവര്‍ത്തനങ്ങളും വളര്‍ത്തിയെടുക്കുകയാണ് ഇന്ന് പ്രാഥമികമായി ചെയ്യേണ്ടത്. താഴെത്തട്ടില്‍ നിന്ന് വര്‍ഗബഹുജന സമരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഊന്നാന്‍ കഴിയണം.

രണ്ടാമത്, അഖിലേന്ത്യാ തലത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളെ യോജിച്ച വേദിയില്‍ അടിയന്തരമായി ഒരുമിച്ചുകൊണ്ടുവരേണ്ടത് ആവശ്യമാണ്. അതേസമയം, സംസ്ഥാനതലത്തില്‍ ഇടതുപക്ഷ – ജനാധിപത്യ ശക്തികളെ ഒരു വിശാല മുന്നണിയില്‍ കൊണ്ടുവരാനായും ശ്രമിക്കണം.

മൂന്നാമത്, പ്രതിപക്ഷത്തിനെതിരെയും ജനാധിപത്യത്തിനെതിരെയുമുള്ള അമിതാധികാര ആക്രമണങ്ങള്‍ക്കും ഹിന്ദുത്വ അജൻഡയ്ക്കുമെതിരെയുള്ള വിശാലഐക്യത്തില്‍ നാം പങ്കെടുക്കണം.

കേരളത്തിലെ സ്ഥിതി
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍, ഹിന്ദുത്വ ആശയസംഹിതയെയും വര്‍ഗീയരാഷ്ട്രത്തെയും നേരിടുന്നതില്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. ആശയപരമായ പ്രചരണത്തിനുപുറമേ ആര്‍.എസ്.എസ് – ബി.ജെ.പി വര്‍ഗീയ സ്വാധീനം ശക്തിപ്പെടുത്തുന്നതിനായി ജാതിസ്വത്വരാഷ്ട്രീയത്തെയും ഉപയോഗിക്കുന്നുണ്ട്. പ്രത്യേക ജനവിഭാഗങ്ങളുടെ ഇടയില്‍ ഇതിനെ നേരിടുന്നതിനും വര്‍ഗാടിസ്ഥാനത്തില്‍ അവരെ സംഘടിപ്പിക്കുന്നതിനുമായി മൂര്‍ത്തമായ അടവുകള്‍ രൂപപ്പെടുത്തണം അതേസമയം, ഇസ്ലാമിക സമുദായത്തിനുമേല്‍ പ്രതിലോമപരമായ സാമൂഹ്യ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കു തുല്യപദവി നിഷേധിക്കാന്‍, ഇസ്ലാമിക മത മൗലികവാദശക്തികളെ എതിര്‍ക്കുകയും നേരിടുകയും വേണം. സങ്കുചിത – മതമൗലികവാദ ശക്തികളുമായി അനുരഞ്ജനത്തിനു നീങ്ങാതെ സ്വന്തം മതനിരപേക്ഷ ജനാധിപത്യ വേദി ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ ഇടയില്‍ പാര്‍ട്ടി സ്വതന്ത്രമായി പ്രവര്‍ത്തിക്കണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − two =

Most Popular