ലോകരാഷ്ട്രീയ സ്ഥിതിഗതികള്‍ അമ്പരപ്പിക്കുന്ന വേഗത്തിയിലാണ് മാറിക്കൊണ്ടിരിക്കുന്നത്. 2024 തുടക്കത്തില്‍ തിരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശില്‍, കരുത്തയായ നേതാവ് എന്നറിയപ്പെടുന്ന ഷേക് ഹസീന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ടോടിപ്പോയത് ഉദാഹരണം. ശ്രീലങ്കയില്‍ രണ്ടുവര്‍ഷം മുമ്പ് സമാനമായ സംഭവങ്ങള്‍ ഉണ്ടായി.
പലസ്തീന്റെ ഭാഗമായ ഗാസയില്‍ സയണിസ്റ്റ് ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ആരംഭിച്ചതാണ്. ലോകത്തിന്റെ നെഞ്ചിലെ മുറിവായി അവിടെ മനുഷ്യരക്തം ഒഴുകുന്നു. നാറ്റോയുടെ സൃഷ്ടിയായ ഉക്രൈന്‍ – റഷ്യ യുദ്ധം കൂടുതല്‍ രൂക്ഷമാവുകയാണ്. 2022 ഫെബ്രുവരിയിലാണ് ഈ യുദ്ധഘട്ടം ആരംഭിച്ചത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പല നിലകളില്‍ ഭൗമരാഷ്ട്രീയത്തെ സ്വാധീനിക്കും.
കേരളത്തിലും, ഇന്ത്യയിലും സിപിഐ എമ്മിനെയും, ഇടതുപക്ഷത്തെയും ശക്തിപ്പെടുത്താന്‍ വിവിധ മേഖലകളില്‍ ശക്തമായ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ നമുക്ക് കഴിയണമെങ്കില്‍ ലോക സംഭവങ്ങള്‍ എങ്ങനെ നമ്മുടെ നാട്ടില്‍, നമ്മുടെ ജീവിതത്തേയും, ചിന്തയേയും ബാധിക്കുമെന്ന കാര്യവും, മറ്റ് കാര്യങ്ങള്‍ക്കുപുറമേ സൂക്ഷ്മമായി മനസ്സിലാക്കാന്‍ സാധിക്കണം. ആ ലക്ഷ്യത്തോടെയുള്ള അവലോകനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഏതാണ്ട് കാല്‍ നൂറ്റാണ്ട് മുമ്പ് കാലോചിതമാക്കിയ നമ്മുടെ പാർട്ടിയുടെ പരിപാടി അതിന്റെ ആമുഖത്തെ ത്തുടര്‍ന്ന് വരുന്ന രണ്ടാം ഭാഗത്ത് ലോക സ്ഥിതിഗതികളെക്കുറിച്ച് നടത്തിയിട്ടുള്ള വിലിയിരുത്തല്‍, ‘‘സോഷ്യലിസം, സമകാലിക ലോകത്തില്‍” എന്ന ശീര്‍ഷകത്തിലാണ്. പ്രസ്തുത വിലയിരുത്തല്‍ ഇന്നും പ്രസക്തമാണ്.
അതിലെ ഒരു ഖണ്ഡിക ഇപ്രകാരമാണ് : ‘‘ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാര്‍വ്വദേശീയ ശാക്തികബലാബലം സാമ്രാജ്യത്വത്തിന് അനുകൂലമായിട്ടുണ്ടെങ്കിലും, ശാസ്ത്ര സാങ്കേതിക മുന്നേറ്റം പ്രയോഗത്തില്‍ വരുത്തിക്കൊണ്ട് മുതലാളിത്തം ഉത്പാദക ശക്തികളെ വികസിപ്പിക്കുന്നത് തുടരുന്നുണ്ടെങ്കിലും അടിച്ചമര്‍ത്തലിന്റേയും, ചൂഷണത്തിന്റേയും, അനീതിയുടേയും വ്യവസ്ഥയാണെന്നതിന് പുറമേ, അത് നിരന്തരം പ്രതിസന്ധി നേരിടുന്ന വ്യവസ്ഥ കൂടിയാണ്. മുതലാളിത്തത്തിന് ബദലായ ഏക വ്യവസ്ഥ സോഷ്യലിസമാണ്. അതിനാല്‍ ഈ കാലഘട്ടത്തിലെ കേന്ദ്ര സാമൂഹ്യ വൈരുദ്ധ്യം മുതലാളിത്തവും, സോഷ്യലിസവും തമ്മിലുള്ളതായി തുടരുന്നു. നവലിബറല്‍ ആഗോള ആക്രമത്തിന് കീഴില്‍ സാമ്രാജ്യത്വ രാജ്യങ്ങളും, മൂന്നാം ലോക രാജ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം അതിവേഗം മൂര്‍ച്ഛിക്കുകയും ഈ വെെരുദ്ധ്യം മുൻനിരയിലേക്ക് വരുകയും ചെയ്യും. മുതലാളിത്തത്തിനു കീഴിലെ അസമമായ വികാസം കാരണം സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മില്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങളും നിലനില്‍ക്കുന്നു. മുകളില്‍ പരാമര്‍ശിച്ച മുതലാളിത്തത്തിന്റെ ഇപ്പോഴത്തെ സ്വഭാവ വിശേഷങ്ങള്‍ കാരണം അധ്വാനവും മൂലധനവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ രൂക്ഷമായിത്തീരുന്നു. ഈ വൈരുദ്ധ്യങ്ങളെല്ലാം തുടര്‍ന്നും മൂര്‍ച്ഛിക്കുകയും, ലോകസംഭവങ്ങളില്‍ അവയുടെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു”.
ഈ അധ്യായത്തിലെ അവസാന ഖണ്ഡിക സമാപിക്കുന്നത് ഇപ്രകാരമാണ്:‘‘സാമ്രാജ്യത്വ പ്രേരിതമായ ആഗോളവത്കരണത്തിന്റെ സാമ്പത്തിക ക്രമത്തിനെതിരായും, സമാധാനത്തിനും, ജനാധിപത്യത്തിനും, സോഷ്യലിസത്തിനും വേണ്ടിയും പോരാടുന്ന ലോകത്തിലെ മുഴുവന്‍ ശക്തികളോടും പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.”
തോമസ് പിക്കെറ്റിയെന്ന പ്രസിദ്ധ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ – ‘‘ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മൂലധനം’’ എന്ന പ്രസിദ്ധ കൃതിയുടെ രചയിതാവ് –2024ല്‍ പ്രസിദ്ധീകരിച്ച പുതിയ പുസ്തകത്തിന്റെ ശീര്‍ഷകം ‘‘സോഷ്യലിസത്തിന്റെ കാലം” എന്നാണ്. തോമസ് പിക്കെറ്റി സോഷ്യലിസ്റ്റായി മാറി എന്നല്ല ഇതിനര്‍ത്ഥം. മുതലാളിത്ത വ്യവസ്ഥയില്‍ പുരോഗമനപരമായ ഉദ്ദേശ്യങ്ങളോടെ ചില ഇടപെടലുകള്‍ നടത്തുന്നതിനെക്കുറിച്ച് മാത്രം സംസാരിച്ചിരുന്ന പിക്കെറ്റി അത് ഏതാണ്ട് അസാധ്യമാണെന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. പകരം, സമത്വത്തില്‍ അധിഷ്ഠിതമായ, ജനാധിപത്യ ഫെഡറല്‍ തത്വങ്ങള്‍ ഉറപ്പാക്കുന്ന, ലിംഗ സമത്വവും പരിസ്ഥിതി സന്തുലനവും കാത്തുസൂക്ഷിക്കുന്ന നീതിപൂര്‍വ്വകമായ ഒരു സമൂഹം മുതലാളിത്ത വ്യവസ്ഥയ്ക്ക് ബദലായി ഉണ്ടായേ തീരു എന്ന് വാദിക്കുവാന്‍ പിക്കെറ്റി നിര്‍ബന്ധിതനായിരിക്കുന്നു. അങ്ങനെയാണെങ്കിലും പിക്കെറ്റിയുടെ വാദങ്ങളുടെ ചില പരിമിതികളെപ്പറ്റി നമുക്ക് വിമര്‍ശനങ്ങളുമുണ്ടെന്നത് മറ്റൊരു കാര്യം. അതിലേക്ക് ഇവിടെ കടക്കുന്നില്ല.
ചുരുക്കത്തില്‍ മുതലാളിത്തമെന്ന തുറന്ന കമ്പോള വ്യവസ്ഥ ചരിത്രത്തിന്റെ പരിസമാപ്തിയാണെന്നുള്ള വാദം നമ്മുടെ കണ്‍മുന്നില്‍ തന്നെ കൊഴിഞ്ഞുവീണിരിക്കുന്നു. ഇതാണ് സമകാലിക ലോക സ്ഥിതികളില്‍ നിന്ന് പഠിക്കാനുള്ള ഒരു മുഖ്യപാഠം. കൊണ്ടുപിടിച്ചു നടത്തിവരുന്ന പ്രതിലോമശക്തികളുടെ കമ്യൂണിസ്റ്റ് വിരുദ്ധമായ ആശയ പ്രചാരണങ്ങളെ നേരിടാന്‍ ഇത് നമ്മെ സഹായിക്കും.
II
നേരേമറിച്ച് ഇന്നത്തെ ലോക സാഹചര്യത്തെ അതിശയോക്തിപരമായി വ്യാഖ്യാനിക്കുന്നതും തെറ്റാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചൂഷക ശക്തികള്‍ അവരുടെ ആധിപത്യം മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി നിലനിര്‍ത്തിക്കൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂടാ.
സോവിയറ്റ് യൂണിയന്റെയും, കിഴക്കന്‍ യൂറോപ്പിന്റെയും തകര്‍ച്ചയ്ക്കു ശേഷം അമേരിക്കന്‍ സാമ്രാജ്യത്വവും, കൂട്ടാളികളും കൈക്കലാക്കിയ ആഗോള മുന്‍കൈ ഇപ്പോഴും ഏറെക്കുറെ തുടരുകയാണ്. പലസ്തീന്റെ ഭാഗമായ ഗാസയില്‍ സയണിസ്റ്റ് ഇസ്രയേല്‍ നടത്തുന്ന ഭീകരമായ വംശഹത്യ, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെങ്കിലും അമേരിക്കയുടെ സംരക്ഷണയില്‍ അത് അവര്‍ നിര്‍ബാധം തുടരുന്നത് അതുകൊണ്ടുകൂടിയാണ്. റഷ്യയെ പൂര്‍ണ്ണമായി അസ്ഥിരീകരിക്കുകയോ സ്വന്തം ചൊല്‍പ്പടിക്ക് കൊണ്ടുവരികയോ ചെയ്യുന്നതിനുവേണ്ടി നാറ്റോയെ കിഴക്കോട്ട് വ്യാപിപ്പിക്കുന്ന അമേരിക്ക പദ്ധതിയെ തുടര്‍ന്നാണല്ലോ, അത് തടയാന്‍ വേണ്ടി റഷ്യ ഉക്രൈന് നേരെ മുന്‍കരുതല്‍ ആക്രമണം നടത്തിയത്.
1949ല്‍ North Atlantic Treaty Organisation (നാറ്റോ) അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ചത് രണ്ടാംലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയന്റെയും, കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും തല്‍സമയ മുന്‍കൈ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
12 രാജ്യങ്ങളായി തുടങ്ങിയ നാറ്റോയില്‍ ഇപ്പോള്‍ 20 രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി. 32 അംഗ രാജ്യങ്ങളാണ് ഈ സാമ്രാജ്യത്വ സൈനിക രാഷ്ട്രീയ സഖ്യത്തിലുള്ളത്. അതാകട്ടെ 1990കള്‍ക്ക് ശേഷം കൂടുതല്‍ വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്.
നാറ്റോയെ നേരിടാന്‍ വാഴ്സ സഖ്യം സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ രൂപവല്‍ക്കരിക്കപ്പെടുന്നത് നാറ്റോ രൂപീകരിച്ച് ആറ് വര്‍ഷം കഴിഞ്ഞ് 1955ല്‍ മാത്രമാണ്. സോവിയറ്റ് യൂണിയന്റേയും, കിഴക്കന്‍ യൂറോപ്പിന്റേയും ശിഥിലീകരണത്തോടെ വാഴ്സ സഖ്യം ഇല്ലാതായി. മൂന്ന് പതിറ്റാണ്ടിലധികമായി വാഴ‍്സ സഖ്യത്തിന്റെ അസാന്നിധ്യം നാറ്റോ സൈനിക സഖ്യത്തിന്റെ നിലനില്‍പിനുള്ള ന്യായീകരണം യഥാര്‍ത്ഥത്തില്‍ ഇല്ലാതാക്കി. അപ്പോള്‍ അത് പിരിച്ചുവിടേണ്ടതായിരുന്നു. അതല്ല ചെയ്തത് മറിച്ച്, നാറ്റോയെ കൂടുതല്‍ ശക്തമാക്കുകയും, യൂറോപ്പിന്റെ കിഴക്കന്‍ മേഖലയില്‍ പുതിയ രാജ്യങ്ങളെ അംഗങ്ങളായി കൂട്ടിച്ചേര്‍ത്തുകൊണ്ട് സൈനികമായ ലോകാധിപത്യത്തിന് കൂടുതല്‍ ശക്തമായ നീക്കങ്ങള്‍ നടത്തുകയുമാണ് അമേരിക്ക ചെയ്തത്.
ഇത്തരം ലോക പൊലീസ് ചമയല്‍ സ്വാഭാവികമായും അമേരിക്കന്‍ സമ്പദ്ഘടനയില്‍ അതിന്റെ ആഘാതം വര്‍ദ്ധിപ്പിക്കും. 2023ല്‍ 91,600 കോടി ഡോളറാണ് സൈനികാവശ്യത്തിന് അമേരിക്ക നീക്കിവെച്ചത്. ലോകത്തെ മൊത്തം സൈനിക ചെലവിന്റെ 40 ശതമാനം വരും ഇത്. ഇത്തരം നയങ്ങളുടെ ഫലമായി അമേരിക്കയുടെ മൊത്തം കടഭാരം 35 ലക്ഷം കോടി ഡോളര്‍ ആയി വർധിച്ചു. ഇതിന്റെ അര്‍ത്ഥം ഓരോ അമേരിക്കക്കാരനും 1,04,300 ഡോളര്‍ കടമുണ്ടെന്നാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ സമ്പദ്ഘടന തകരാതെ പിടിച്ചുനില്‍ക്കുന്നത് അവിടുത്തെ യുദ്ധോപകരണ നിര്‍മ്മാണ വ്യവസായത്തിന്റെ ഭീമന്‍ ലാഭം വഴിയാണ്. അതുകൊണ്ടുതന്നെയാണ് ലോകത്ത് യുദ്ധോപകരണ കച്ചവടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായ പ്രാദേശിക അതിര്‍ത്തി സംഘര്‍ഷങ്ങളും, ഏറ്റുമുട്ടലുകളും, തീവ്രവാദ ഭീകര സംഘങ്ങളും നിലനിര്‍ത്താനും, ശക്തിപ്പെടുത്താനും സാമ്രാജ്യത്വം ഇടപെടല്‍ നടത്തുന്നത്.
III
പണിയെടുക്കുന്നവരേയും, പ്രകൃതിയേയും നിഷ്കരുണം ചൂഷണം ചെയ്ത് അമിതലാഭം പരമാവധിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത സമ്പദ് വ്യവസ്ഥ ചാക്രിക കുഴപ്പങ്ങളിലും, പ്രതിസന്ധികളിലും തുടര്‍ച്ചയായി ആഴ്ന്നുപോകുന്നതാണ് നാം എമ്പാടും കണ്ടുകൊണ്ടിരിക്കുന്നത്. അതിനിടയിലും ശതകോടീശ്വരര്‍ അവരുടെ സമ്പത്ത് ഒരു ബുദ്ധിമുട്ടും കൂടാതെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ സമ്പത്തിന്റെ 69 ശതമാനവും ലോക ജനസംഖ്യയുടെ 10 % മാത്രം വരുന്ന വിരലിലെണ്ണാവുന്ന സമ്പന്നരാഷ്ട്രങ്ങളുടെ പക്കലാണ്. ജനസംഖ്യയുടെ മഹാഭൂരിപക്ഷം വരുന്ന ഇതര രാജ്യങ്ങളിലാവട്ടെ സമ്പത്തിന്റെ മൂന്നിലൊന്ന് മാത്രമേയുള്ളു. ലോകത്തെ 795 കോടി ജനങ്ങളില്‍ മഹാഭൂരിപക്ഷമായ 60 ശതമാനം അഥവാ 500 കോടി ജനങ്ങള്‍ക്ക് അവരുടെ ജീവിതം 2019þനെ അപേക്ഷിച്ച് അല്‍പ്പം പോലും മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല അവര്‍ കൂടുതല്‍ ദരിദ്രരായി മാറുകയുമാണ് ചെയ്തത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുതലാളിത്ത സമ്പദ്ഘടനയുടെ പ്രവര്‍ത്തന വൈകല്യമാണ് അതിന് കാരണം. ചൂഷക വ്യവസ്ഥ ഒരു ശതമാനം ശതകോടീശ്വരർക്കുവേണ്ടി ബഹുശതകോടി ജനങ്ങളെ അശരണരാക്കുന്നു.
ഈ പശ്ചാത്തലത്തില്‍ ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും വളര്‍ന്നുവരുന്നത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ തുടര്‍ച്ചയായി വ്യക്തമാക്കപ്പെട്ടിട്ടുണ്ട് (അനുബന്ധം നോക്കുക).
ജീവിത പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് തൊഴിലാളികള്‍, കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, ഇടത്തരം ജീവനക്കാര്‍, മഹിളകള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, അരികുവത്കരിക്കപ്പെടുന്നവര്‍ തുടങ്ങി ചൂഷണവും അനീതിയും, ക്ലേശവും അനുഭവിക്കുന്നവര്‍ ജനാധിപത്യ സമരങ്ങളില്‍ ഏര്‍പ്പെടുന്നത് രാഷ്ട്രീയ ബലാബലത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് അനുപേക്ഷണീയമാണ്. ഇതില്‍ വീഴ്ചവരുത്തുന്നതാകട്ടെ, തീവ്ര വലതുപക്ഷ ശക്തികള്‍ ഇതേ പ്രശ്നങ്ങള്‍, അവയുടെ ശക്തിയും, സ്വാധീനവും വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വിഭാഗീയമായി ദുരുപയോഗപ്പെടുത്തുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കും. അത് ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.
ഇത്തരത്തില്‍ തീവ്രവലതുപക്ഷ – വര്‍ഗ്ഗീയ – മത – യാഥാസ്ഥിതിക ശക്തികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നമ്മുടെ നാട്ടിലും സ്വാധീനം ഉറപ്പിക്കാനും, അത് വര്‍ദ്ധിപ്പിക്കാനും അപകടകരമാം വിധം ശ്രമിക്കുന്നുണ്ട്. സ്വത്വരാഷ്ട്രീയ വാദങ്ങളും ഇടത്തരക്കാര്‍ തങ്ങളുടെ സ്വാധീന വര്‍ദ്ധനവിനായി ഉപയോഗിക്കുന്നുണ്ട്. അതിനെ ചെറുത്തുതോല്പിക്കേണ്ടതുണ്ട്.
IV
1990കളോടെ സാമ്രാജ്യത്വ – മുതലാളിത്ത ശക്തികള്‍ തങ്ങളുടെ ലോകാധിപത്യ ശ്രമങ്ങളില്‍ മുന്‍കൈ നേടിയെന്നത് വസ്തുതയാണെങ്കിലും അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി മുതലാളിത്തത്തിനെതിരെ പൊരുതുന്ന കമ്യൂണിസ്റ്റ് – ഇടതുപക്ഷ ശക്തികള്‍ ചില മേഖലകളില്‍ സ്വാധീനം നിലനിര്‍ത്തുകയോ വ്യത്യസ്ത തോതില്‍ വിപുലപ്പെടുത്തുകയോ ചെയ്യുന്നുണ്ട്. ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് നീതിപൂര്‍വ്വവും, സമത്വാധിഷ്ഠിതവുമായ ഒരു സമൂഹത്തിന്റെ നിര്‍മ്മാണത്തിനായി ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ചൈന, വിയറ്റ്നാം, കൊറിയ, ക്യൂബ, ലാവോസ് എന്നീ രാജ്യങ്ങളിലായി 155 കോടിയിലധികം ജനങ്ങള്‍ അധിവസിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. സോവിയറ്റ് യൂണിയനും, കിഴക്കന്‍ യൂറോപ്പും കൂടി ഉണ്ടായിരുന്നപ്പോള്‍ ലോകജനതയുടെ മൂന്നിലൊന്ന് സോഷ്യലിസ്റ്റ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് നമ്മള്‍ അഭിമാനപൂര്‍വ്വം പറഞ്ഞിരുന്നു. ഇപ്പോള്‍ അത് അഞ്ചിലൊന്നായി കുറഞ്ഞിരിക്കുകയാണ്.
സാമ്രാജ്യത്വ – മുതലാളിത്ത രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നമുക്കറിയാം. എന്നാല്‍, സമത്വപൂര്‍ണ്ണമായ സമൂഹത്തിന്റെ നിര്‍മ്മിതിക്ക് ശ്രമിക്കുന്ന രാജ്യങ്ങളെല്ലാം തന്നെ വളരെ ഭംഗിയായി മുന്നോട്ടുപോകുകയാണെന്ന് പറയാന്‍ കഴിയില്ല. ജനകീയ ജനാധിപത്യമോ, സോഷ്യലിസമോ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന മേല്‍പറഞ്ഞ അഞ്ച് രാജ്യങ്ങള്‍ ഭരണപരവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടാണ് മുന്നോട്ട് നീങ്ങുന്നത് എന്ന വസ്തുത അവഗണിക്കാനാവില്ല. സമത്വപൂര്‍ണ്ണമായ സമൂഹ നിര്‍മ്മിതിയുടെ സങ്കീര്‍ണ്ണ പ്രശ്നങ്ങളാണ് അവിടെയെങ്കില്‍ മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ ആന്തരിക പ്രതിസന്ധിയാണ് ചൂഷണ വ്യവസ്ഥയില്‍. ലോകത്തെ അമ്പരപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ച നേടിയ ചൈന സങ്കീര്‍ണ്ണങ്ങളായ പല പരീക്ഷണ ഘട്ടങ്ങളെയും കടന്നാണ് ഇപ്പോഴത്തെ മുന്നേറ്റങ്ങള്‍ കൈവരിക്കുന്നത്. അതേസമയം തന്നെ ഇപ്പോഴും പ്രശ്നങ്ങളും വെല്ലുവിളികളും അവിടെ തുടരുന്നുമുണ്ട്. ഇതെല്ലാം വിയറ്റ്നാമിനും, ക്യൂബയ്ക്കും ലാവോസിനും കൊറിയയ്-ക്കും വ്യത്യസ്ത തോതില്‍ ബാധകമാണ്.
നൂറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു നേടിയെടുത്ത വിലപ്പെട്ട അനുഭവസമ്പത്ത് മുതലാളിത്തത്തിനുണ്ട്. അതാണ് അമേരിക്കന്‍ എഫിഷ്യന്‍സി എന്ന് ലെനിന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്. ‘‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ”യുടെ ഒരു ഭാഗം മുതലാളിത്തത്തിന്റെ സംഭാവനകളെ സംബന്ധിച്ചാണ് എന്നത് ചിലരെങ്കിലും വേണ്ടതുപോലെ ശ്രദ്ധിച്ചിട്ടുണ്ടാകും. ‘‘ബൂര്‍ഷ്വകളും തൊഴിലാളികളും” എന്ന പ്രഥമ ഖണ്ഡത്തില്‍ ഇക്കാര്യങ്ങള്‍ വിവരിക്കുന്നതിനാമുഖമായി മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് എഴുതിയിട്ടുള്ളത് ഇപ്രകാരമാണ് ‘‘ചരിത്രപരമായി നോക്കുമ്പോള്‍ ബൂര്‍ഷ്വാസി ഏറ്റവും വിപ്ലവകരമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്”.
ഫ്യൂഡല്‍ പാട്രിയാര്‍ക്കല്‍ ബന്ധങ്ങള്‍ക്ക് അറുതിവരുത്തുന്ന കടമ നമ്മുടെ നാട്ടിലെ ബൂര്‍ഷ്വാസി പൂര്‍ത്തീകരിച്ചിട്ടില്ല എന്നതുകൊണ്ട് അതും ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ കടമയാകുന്നു. ചൈനയില്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പരീക്ഷണങ്ങളിലും സമാന സാഹചര്യത്തിന്റെ സ്വാധീനം നമ്മുടേതിനേക്കാള്‍ എത്രയോ കൂടുതല്‍ കാണാന്‍ കഴിയും. സാമ്പത്തിക– സാമൂഹിക മാറ്റത്തെ സംബന്ധിച്ച കാറല്‍ മാര്‍ക്സിന്റെ ഒരു നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ വളരെ പ്രസക്തമാണ് : ‘‘ഒരു സാമൂഹ്യ വ്യവസ്ഥയിലെ എല്ലാ ഉല്‍പാദന ശക്തികളും അത് അനുവദിക്കുന്നത്ര വികസിപ്പിക്കപ്പെടുന്നതു വരെ ആ സമൂഹ്യവ്യവസ്ഥ ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല, അതുപോലെ കൂടുതല്‍ ഉയര്‍ന്ന ഉല്‍പാദനബന്ധങ്ങളുടെ നിലനില്‍പ്പിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ പഴയ സമുദായത്തിന്റെ ചട്ടക്കൂടിനുള്ളില്‍ പരിപക്വമാകുന്നതു വരെ ഈ ബന്ധങ്ങള്‍ക്ക് പഴയവയെ നിഷ്കാസനം ചെയ്യാനുമാവില്ല. ഇപ്രകാരം മനുഷ്യരാശി അതിനു നിറവേറ്റാന്‍ കഴിയുന്ന കടമകള്‍ മാത്രമേ ഏറ്റെടുക്കുന്നുള്ളു. കാരണം, ഈ പ്രശ്നം തന്നെ ഉദിക്കുന്നത് അതിന്റെ പരിഹാരത്തിനുള്ള ഭൗതികസാഹചര്യങ്ങള്‍ ഉണ്ടായതിനുശേഷം മാത്രമോ കുറഞ്ഞപക്ഷം ആ സാഹചര്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനിടയില്‍ മാത്രമോ ആണെന്ന് സൂക്ഷ്മപരിശോധനയില്‍ കാണാന്‍ കഴിയും” (അര്‍ഥശാസ്ത്ര നിരൂപണത്തിന്റെ മുഖവുരയില്‍ നിന്ന്).
ഒരു അര്‍ദ്ധ കൊളോണിയല്‍, അര്‍ദ്ധ ഫ്യൂഡല്‍ സമൂഹമായിരുന്ന ചൈനയില്‍ പ്രത്യേകമായ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ജനകീയ വിപ്ലവം ബോള്‍ഷെവിക്ക് സഹായത്തോടെ വിജയിപ്പിക്കാന്‍ കഴിഞ്ഞത്. അതിനാല്‍ വളരെ സങ്കീര്‍ണ്ണമായ പ്രക്രിയകളിലൂടെ മാത്രമേ സോഷ്യലിസ്റ്റ് സമൂഹമായി ചൈനയെ മാറ്റിത്തീര്‍ക്കാന്‍ കഴിയുകയുള്ളു. ഇക്കാര്യം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശരിയായി മനസ്സിലാക്കിയിട്ടുണ്ട് എന്നുവേണം അതിന്റെ സമീപകാല പ്രഖ്യാപനങ്ങളില്‍ നിന്ന് മനസ്സിലാക്കുവാന്‍. വ്യത്യസ്ത ചരിത്ര ഘട്ടത്തിലും, രാജ്യത്തും (റഷ്യയില്‍) ബോള്‍ഷെവിക്ക് വിപ്ലവത്തെ തുടര്‍ന്ന് ലെനിന്‍ പുത്തന്‍ സാമ്പത്തികനയം (NEP) നടപ്പാക്കിയത് ഓര്‍ക്കുമല്ലോ. ഇ.എം.എസ് 1998þല്‍ ചൂണ്ടിക്കാട്ടിയതു പോലെ ചൈനയിലെ ദെങ് സിയാവോ പിങ് നേതൃത്വം നല്‍കിയ നവീകരണങ്ങള്‍, ലെനിന്‍ റഷ്യയില്‍ നടപ്പാക്കിയ എന്‍.ഇ.പിയുടെ കാലോചിതവും രാജ്യോചിതവുമായ സാക്ഷാത്കാരമാണ്. ഇത് വ്യത്യസ്തമായ തരത്തില്‍ സോഷ്യലിസ്റ്റ് കൂട്ടായ്മയിലെ മറ്റു രാജ്യങ്ങളിലും നമുക്ക് കാണാവുന്നതാണ്. തീവ്രദാരിദ്ര്യം തുടച്ചുമാറ്റുന്നതിനും, ലോകത്ത് അമേരിക്കയുമായി മത്സരിക്കുന്ന സാമ്പത്തിക ശക്തിയായി മാറാനും ഇതുവഴി ജനകീയ ചൈനയ്-ക്ക് സാധിച്ചിരിക്കുന്നു. മോഡറേറ്റ്ലി പ്രോസ്പറസ് സൊസൈറ്റി – മിതമായ അഭിവൃദ്ധി നേടിയ സമൂഹം –എന്ന ലക്ഷ്യമാണ് ചൈന മുന്നോട്ടുവച്ചിരിക്കുന്നത്.
V
ചൈന ഉള്‍പ്പടെ 149 രാജ്യങ്ങള്‍ പങ്കെടുക്കുന്ന (ലോക ജനസംഖ്യയുടെ 75% ഉള്‍ക്കൊള്ളുന്ന) ചൈനയുടെ മുന്‍കൈയില്‍ നടപ്പാക്കപ്പെടുന്ന ബെല്‍റ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് അമേരിക്കയുടെ അധീശത്വ നീക്കങ്ങള്‍ക്കൊരു മറുമരുന്നായിക്കൂടി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2017ല്‍ ഈ പദ്ധതി ചൈനീസ് ഭരണഘടനയിലേക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനകീയ ചൈന സ്ഥാപിതമായതിന്റെ ശതാബ്ദി ഘട്ടത്തില്‍ 2049 ല്‍ ഇത് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യംവെക്കുന്നത്– അതായത് അടുത്ത കാല്‍നൂറ്റാണ്ടിനുള്ളില്‍.
ലോകബാങ്ക് പഠന പ്രകാരം 155 രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യം 4.1 ശതമാനം വര്‍ദ്ധിപ്പിക്കാനും, ലോക വാണിജ്യ ചെലവ് 2.2 ശതമാനം വരെ കുറയ്-ക്കാനും ഇത് പ്രയോജനപ്പെടാവുന്നതാണ്. ലോകവാണിജ്യത്തില്‍ ഇത് വന്‍സ്വാധീനമുണ്ടാക്കുമെന്നാണതിന്റെ അര്‍ത്ഥം.
അതുകൊണ്ടാണ് ‘ബില്‍ഡ് ബാക്ക് ബെറ്റര്‍ വേള്‍ഡ്’ എന്നൊരു ബദല്‍ പദ്ധതി ജോ ബൈഡന്‍ മുന്നോട്ടുവച്ചത്. ഇന്ത്യയില്‍ നടന്ന ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടിയില്‍ ഇന്ത്യ – മിഡില്‍ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നൊരു പദ്ധതിയും പ്രഖ്യാപിച്ചു. എന്നാല്‍ അതിനുപ്പുറം ഒന്നും ഉണ്ടായിട്ടില്ല.
2023 സെപ്തംബറില്‍ ഒപ്പുവെക്കപ്പെട്ട ഐ242 എന്ന വിചിത്രമായ പേരിലറിയപ്പെടുന്ന ഇന്ത്യ, ഇസ്രയേല്‍, അമേരിക്ക, യു.എ.ഇ എന്നീ രാജ്യങ്ങളെ ചേര്‍ത്തുകെട്ടിയ കൂട്ടുകെട്ട് നിലവില്‍ വന്നിരിക്കുന്നു. ‘ക്വാഡ്’ പോലെ (യു.എസ്.എ, ജപ്പാന്‍, ഓസ്ട്രേലിയ, ഇന്ത്യ) ഐ242 ലും ഇന്ത്യയെ കൂട്ടിച്ചേര്‍ത്തത് ചൈനയ്-ക്കെതിരെ വളഞ്ഞിടല്‍ തന്ത്രം നടപ്പാക്കാനുള്ള യു.എസ് പദ്ധതിയുടെ ഭാഗമാണെന്നു വ്യക്തം.
ലാറ്റിനമേരിക്കയില്‍ അമേരിക്കന്‍ സാമ്രാജ്യത്വ ആധിപത്യത്തിന് തിരിച്ചടി തുടരുന്ന സ്ഥിതിയാണ് പൊതുവെ ഇപ്പോഴുള്ളത്. പനാമയിലും അര്‍ജന്റീനയിലും ബ്രസീലിലും മറ്റും ചൈനയുടെ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ വലിയ തോതില്‍ നടപ്പിലാക്കപ്പെടുന്നതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. ക്യൂബയുടെ തന്ത്രപരമായ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ ചൈനയും റഷ്യയും പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസും, ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന കൂട്ടുകെട്ട് ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പിനു ശേഷവും ഭരണം തുടരുന്നുവെങ്കിലും ഏറ്റവും ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കാര്യമായ ചില തിരിച്ചടികള്‍ ഉണ്ടായി എന്നത് ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതാണ്.
യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷം കരുത്തുകാട്ടി. ഫ്രാന്‍സില്‍ വിജയ പ്രതീക്ഷ ഉയര്‍ത്താനും അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ വിശാല ഇടതുപക്ഷ യോജിപ്പു വഴി തീവ്ര വലതുപക്ഷ മുന്നേറ്റം ഫ്രാന്‍സില്‍ കൂട്ടായി തടഞ്ഞുനിര്‍ത്താനായത് അഭിമാനകരമാണ്.
ഹങ്കറിയിലും ഇറ്റലിയിലും തീവ്ര വലതുപക്ഷം സമ്പാദിച്ച നേട്ടം ഉല്‍ക്കണ്ഠാജനകമാണ്. ചുരുങ്ങിയത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും തീവ്രവലതുപക്ഷം ശക്തിയാര്‍ജിക്കുന്നു. അമേരിക്കന്‍ സേനാവിഭാഗങ്ങളുടെ 750 താവളങ്ങള്‍ 80 ലധികം രാജ്യങ്ങളിലായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയ, ബഹാമാസ്, ബഹറൈന്‍, ഡീഗൊ ഗാര്‍ഷിയ എന്ന ഇന്ത്യാ സമുദ്രത്തിലെ ബ്രിട്ടീഷ് ടെറിട്ടറി, എല്‍ സാൽവദോര്‍, ക്യൂബയിലെ ഗ്വാണ്ടനാമോ, ആഫ്രിക്കയിലെ ജിബൗട്ടി, ഗ്രീസ്, ഇറ്റലി (മൂന്ന് ഇടങ്ങളില്‍), ജപ്പാന്‍ (ആറ് ഇടങ്ങളില്‍), ദക്ഷിണ കൊറിയ (രണ്ട് ഇടങ്ങളില്‍), കുവൈറ്റ്, ഒമാന്‍, ഫിലിപ്പീന്‍സ്, പോളണ്ട്, ഖത്തര്‍, റൊമാനിയ, സൗദി അറേബ്യ (എട്ട് ഇടങ്ങളില്‍), സിംഗപ്പൂര്‍ (ആറ് ഇടങ്ങളില്‍), സ്പെയിന്‍, ബ്രിട്ടൻ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വ സൈനിക താവളങ്ങളുണ്ട്,
ഇത്തരത്തില്‍ സൈനിക വിന്യാസത്തിലൂടെയും, യുദ്ധോപകരണ നിര്‍മ്മാണ വ്യവസായത്തിലൂടെയും, ബഹുവിധ മാധ്യമരംഗത്തെ ആധിപത്യത്തിലൂടെയും, സാംസ്കാരിക സാമ്രാജ്യത്വത്തിലൂടെയും, ഡോളര്‍ പ്രാമാണികതയിലൂടെയും അമേരിക്ക ലോകത്തിന്റെ ഉടമയെപ്പോലെ പെരുമാറുന്നു. എന്നാല്‍ ഇതിനെതിരായ പ്രവണതകള്‍ സമാന്തരമായി ഉയര്‍ന്നുവരുന്നതും കാണാവുന്നതാണ്. ലോക നാണയമെന്ന നിലയില്‍ ഡോളറിന് ബദല്‍ സൃഷ്ടിക്കാന്‍ നടത്തുന്ന അന്വേഷണങ്ങളും ശ്രദ്ധേയമാണ്.
മുതലാളിത്ത വികസനതന്ത്രത്തിന്റെ അശാസ്ത്രീയതയുടെ സൃഷ്ടിയായ കാലാവസ്ഥാവ്യതിയാനം ജീവന്മരണ പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഉപസംഹാരം
മനോഹരവും സമൃദ്ധവുമാണ് നമ്മുടെ പൊതു പാര്‍പ്പിടമായ ഭൂമി. അതില്‍ പിറന്നുവീഴുന്നവര്‍ക്കെല്ലാം ആരോഗ്യത്തോടെ വളരാനും, പഠനവും പരിശീലനവും നേടി സമൂഹത്തിനു പ്രയോജനപ്പെടുന്ന പ്രവൃത്തികള്‍ – കാര്‍ഷിക – വ്യാവസായിക – സേവന മേഖലകളില്‍ നിര്‍വഹിച്ചും, പരസ്പരം സഹായിച്ചും, സ്നേഹിച്ചും സന്തോഷപൂര്‍ണ്ണമായ ജീവിതം കെട്ടിപ്പടുക്കുവാനും കഴിയേണ്ടതാണ്. ചൂഷണാധിഷ്ഠിത വ്യവസ്ഥയാണ് അത് അസാധ്യമാക്കുന്നത്. അനാരോഗ്യവും അജ്ഞതയും നിരക്ഷരതയും തൊഴിലില്ലായ്മയും ദാരിദ്ര്യവും വിശപ്പും മഹാഭൂരിപക്ഷത്തിനും ജീവിതം ദുസ്സഹമാക്കുന്നു. മനുഷ്യനേയും പ്രകൃതിയേയും അമിതലാഭത്തിനായി കൊടുംചൂഷണത്തിന് വിധേയമാക്കുന്ന മൂലധനാധിപത്യത്തിനെതിരായ പോരാട്ടം ലോകത്തെമ്പാടും രൂപപ്പെടുന്നുണ്ട്. തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയനിലപാടില്‍ നിന്നുകൊണ്ട് മറ്റുള്ള ഇടതുപക്ഷ – പുരോഗമന – ജനാധിപത്യ ശക്തികളെക്കൂടി അണിനിരത്തി പ്രവര്‍ത്തനങ്ങളും സമരങ്ങളും സംഘടിപ്പിച്ചാല്‍ മാത്രമേ അനീതിയും ചൂഷണവും അവസാനിപ്പിക്കാന്‍ സാധിക്കൂ. അതിന് സഹായകമായ വിധം നാം ജീവിക്കുന്ന നാടിന്റെയും ലോകത്തിന്റെയും സ്വഭാവത്തില്‍ വരുന്ന എല്ലാ ചലനങ്ങളും മാറ്റങ്ങളും സൂക്ഷ്മമായി മനസ്സിലാക്കി നമുക്ക് ഇടപെടാന്‍ കഴിയണം. അതിന് കഴിയണമെങ്കില്‍ ചലനക്ഷമമായ മികവുറ്റ തൊഴിലാളി വര്‍ഗ്ഗ സംഘടന ശരിയായ– ശാസ്ത്രീയമായ നയസമീപനങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകുവാന്‍ സജ്ജമാകണം. ♦