Saturday, November 23, 2024

ad

Homeകവര്‍സ്റ്റോറികാലാതീതമായ ഗുരുദർശനം

കാലാതീതമായ ഗുരുദർശനം

വി എൻ വാസവൻ (തുറമുഖ, സഹകരണ, 
ദേവസ്വം വകുപ്പ് മന്ത്രി)

ന്ത്യയിൽ മറ്റൊരു ദേശത്തിനും അവകാശപ്പെടാനില്ലാത്ത വിധം സമത്വവും സാഹോദര്യവുമെന്ന മാനവികമായ മൂല്യങ്ങളിൽ നിന്നാണ് കേരളമെന്ന സങ്കൽപം രൂപപ്പെടുന്നത്. കേരളമെന്ന ആശയം ഉയർന്നുവരുമ്പോൾ ആധുനിക സമൂഹമെന്ന നിലയിൽ മലയാളികൾ വേറിട്ടൊരു ജീവിതക്രമം കെട്ടിപ്പടുത്തിരുന്നു. കേരളീയ സമൂഹം സ്വന്തമാക്കിയ മൂല്യങ്ങൾ പൊടുന്നനെ രൂപപ്പെട്ടതല്ല. പതിറ്റാണ്ടുകളിലൂടെ കടന്നു പോയ നവോത്ഥാന പ്രവർത്തനങ്ങളുടെ പിൻബലമുണ്ടതിന്. ദേശീയ പ്രസ്ഥാനം, തൊഴിലാളി പ്രസ്ഥാനം, ജാതി നശീകരണ പ്രസ്ഥാനം, മിഷണറി പ്രവർത്തനം, മത-–സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങൾ തുടങ്ങി ഒട്ടേറെ ഘടകങ്ങളിലൂടെ രൂപപ്പെട്ടതാണ് കേരളത്തിന്റെ സമത്വചിന്ത. ആധുനിക സമൂഹമെന്ന നിലയിൽ വളരെ പെട്ടെന്നായിരുന്നു മലയാളി സമൂഹത്തിന്റെ വളർച്ച. സാഹോദര്യം വലിയ രാഷ്ട്രീയ ആശയമായി മലയാളിക്ക് പകർന്നു നൽകിയത് ശ്രീനാരായണഗുരു ആയിരുന്നു. സാഹോദര്യവും സമത്വവും ഒരു സമൂഹത്തിലും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല. അത് ശക്തമായ പ്രതിരോധത്തിലൂടെ തിന്മകളെ പരാജയപ്പെടുത്തി മനുഷ്യ സമൂഹം ഉയർത്തിയെടുക്കുന്ന വൈഡൂര്യമാണ്. ആ പോരാട്ട വീഥിയിൽ ജ്വലിച്ച് നിൽക്കുന്ന നക്ഷത്രമാണ് ശ്രീനാരായണ ആശയങ്ങൾ.

സർവ്വമതസമ്മേളനം 
കാലാതീതദർശനം
സർവ്വമതസമ്മേളത്തിന്റെ ശതാബ്ദിയിൽ നാം ചിന്തിക്കുന്നത് ആ മഹാ സമ്മേളനം മുന്നോട്ടുവച്ച ആശയങ്ങളെക്കുറിച്ചാണ്. പക്ഷേ മറിച്ചൊന്നു ചിന്തിച്ചാൽ നൂറു വർഷങ്ങൾ മുൻപ് ഇത്തരത്തിലൊരു ആശയം മുന്നോട്ടു വെച്ച കാഴ്ചപ്പാട് എത്ര വിശാലമാണെന്ന് ബോധ്യമാവും. സമ്മേളനം നടന്നത് സാധാരണ ഒരു പ്രദേശത്തല്ല, ജാതിചിന്തകൾ രൂഢമൂലമായ മനസുമായി ജീവിക്കുന്ന മനുഷ്യരുടെ കൂട്ടായ്മയായ കേരളം പോലൊരു നാട്ടിൽ,അവരുടെ ചിന്താസരണിയിലേക്ക് അതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരാശയത്തെ പ്രായോഗികമായി അവതരിപ്പിച്ചുകാണിക്കുക. അതിന്റെ പ്രചരണം സ്വന്തം ഭാഷണങ്ങളിലൂടെയും കൃതികളിലൂടെയും ഏറ്റെടുക്കുക. അവിടെയാണ് നാരായണഗുരുവും അദ്ദേഹത്തിന്റെ ആശയങ്ങളും വ്യത്യസ്തമാവുന്നതും, കാലാതീതമായി നിലനിൽക്കുന്നതും. ആൾക്കൂട്ടത്തിൽ തനിയെ സഞ്ചരിച്ച ആളായിരുന്നു ഗുരു,ആൾക്കൂട്ടത്തിൽ തനിയെ സഞ്ചരിക്കുന്നവരാണ് ചിന്തിക്കുന്നത്. അവരാണ് ചിന്തിപ്പിക്കുന്നത്. അത്തരം ആളുകളെല്ലാം തനിച്ചായിരിക്കും, അതേസമയം അവർ അവരുടേതായ കാര്യങ്ങളിൽ വ്യാപൃതരുമായിരിക്കും.അത്തരത്തിലൊരു ദാർശനികവും ക്രിയാത്മകവുമായ ബോധതലമായിരുന്നു ഗുരുവിന്റേതെന്ന് അദ്ദേഹത്തിന്റെ പദ്യകൃതികൾ വായിക്കുന്നവർക്ക് ബോധ്യമാവുന്ന കാര്യമാണ്. താൻ അരുവിപ്പുറത്തുനിന്ന് കൊളുത്തിയ ജ്വാല മനുഷ്യമനസിലേക്ക് പ്രകാശമായി പടർത്താനാണ് സർവ്വമത സമ്മേളനം എന്ന ആശയത്തിലേക്ക് ഗുരു എത്തിച്ചേർന്നത്.

അന്ന് ഇന്ത്യയിൽ ആരും ചിന്തിക്കാൻ പോലും തുനിയാത്ത ഒരാശയമായിരുന്നു സർവമതസമ്മേളനത്തിലൂടെ ഗുരു പ്രാവർത്തികമാക്കിയത്. ആധുനികവും ശാസ്ത്രീയവുമായി നൂറ്റാണ്ടിനു മുന്നേ സംഘടിപ്പിച്ച സർവ്വമതസമ്മേളനം ആരെയും വിസ്മയിപ്പിക്കുന്നതാണ്. മാറിവരുന്ന കാലത്തിനനുസരിച്ച് പ്രസക്തമായിരിക്കണം സർവ്വമത സമ്മേളനത്തിലെ ചിന്തകൾ എന്ന് ശ്രീനാരായണഗുരുവിന് നിർബന്ധം ഉണ്ടായിരുന്നു. ജാതി–മതാതീതവും യുക്തിസഹവുമായ ജീവിത വീക്ഷണത്തെയും സാമൂഹ്യദർശനത്തെയും ഉയർത്തിക്കാട്ടുന്നതായിരുന്നു സമ്മേളത്തിലെ സംവാദങ്ങൾ. ജാതി, മത, വർഗ വേർതിരിവുകൾ കൊണ്ടുള്ള അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ നൂറ്റാണ്ടുകൾ വേണ്ടിവരുമെന്നും മനുഷ്യത്വം നിലനിർത്താൻ ഇത്തരം വകഭേദങ്ങൾക്ക് അതീതമായ മനസ് സമൂഹത്തിൽ രൂപപ്പെടുത്തിയേ മതിയാവൂവെന്നും അന്നത്തെ സമ്മേളനം വ്യക്തമാക്കിയതായി വായിച്ച് മനസിലാക്കാം. മതത്തെ പൗരോഹിത്യം ദുരുപയോഗിക്കുന്നതിലെ ആപത്തിനെക്കുറിച്ചും മതസ്പർദ്ധ വളർത്തുന്നവർക്കെതിരെയും നിരവധി ചോദ്യങ്ങൾ ഉയർന്ന സമ്മേളനമായിരുന്നു അത്. വിജ്ഞാനത്തിന് മത, ദേശഭേദമില്ലാതെ ഏത് ഗ്രന്ഥവും സ്വീകരിക്കാമെന്നും സമ്മേളനം വാദിച്ചു. ഏതെങ്കിലും വിശ്വാസം അബദ്ധമാണെന്ന് ആരെങ്കിലും യുക്തിപൂർവം ചൂണ്ടിക്കാണിച്ചാൽ അത് ചർച്ചയാക്കുവാനും സമ്മേളനം തയ്യാറായിരുന്നു. അതുകൊണ്ടാണ് ആലുവയിൽ ഉന്നയിക്കപ്പെട്ട പല വാദങ്ങളും ചിന്തകളും എന്നും പ്രസക്തമായി നിലകൊള്ളുന്നത്.

ആശയങ്ങളുടെ 
മൂർത്തീഭാവമായ സമ്മേളനം
ആലുവ സമ്മേളനത്തിലൂടെ മുന്നോട്ടുവച്ച ആശങ്ങളെ നാം വിലയിരുത്തുമ്പോൾ അത് എവിടെ നിന്ന് ആരംഭിച്ചു എന്നത് ചിന്തിക്കേണ്ടതുണ്ട്. ഒരു സുപ്രഭാതത്തിൽ സംഘാടകസമിതി വിളിച്ചുചേർത്ത് സംഘടിപ്പിക്കപ്പെട്ട ഒന്നായിരുന്നില്ല ആലുവയിലെ സമ്മേളനം. അരുവിപ്പുറത്തെ വിമോചന മന്ത്രം കേരളത്തിന്റെ മനസിലേക്ക് മായാമുദ്രയായി ഗുരുപതിപ്പിച്ചിട്ട് 136 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

സർവ്വമതസമ്മേളനത്തിന്റെ മൂന്നരപതിറ്റാണ്ടു മുൻപ് താൻ ആരംഭിച്ച പ്രവർത്തനങ്ങളെ ലോകത്തിന്റെ ചിന്താമണ്ഡലത്തിലേക്ക് അഗ്‌നിസ്ഫുലിംഗംകണക്കെ കടത്തിവിടുകയായിരുന്നു ഗുരു.

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത് …..

ഈ സന്ദേശമാണ് ഗുരുവിൽ നിന്ന് മനുഷ്യരാശിക്ക് ആദ്യം ലഭിക്കുന്ന സന്ദേശം, എന്നാൽ ആ സന്ദേശവും അഭിപ്രായവും വൈരുദ്ധ്യങ്ങളൊന്നും കൂടാതെ തന്റെ ആദ്യ സന്ദേശത്തിൽ (അരുവിപ്പുറം സന്ദേശം) ഗുരു രേഖപ്പെടുത്തിയിട്ടുണ്ട്. അജ്ഞാനത്തിലാണ്ടുകിടന്ന മനുഷ്യരെ ജ്ഞാന മാർഗത്തിലേക്ക് എത്തിച്ച് അവർക്ക് വിദ്യ പകർന്നുകൊടുത്തുകൊണ്ടാണ് അദ്ദേഹം തുടക്കമിട്ടത്. അവിടെ നിന്ന് ആരംഭിക്കുന്ന ആ വിശ്വമാനവികതയുടെ പാഠ്യപദ്ധതി മനുഷ്യരാശിയെ സംബന്ധിച്ചും സമൂഹത്തേയും വ്യക്തിയേയും കുറിച്ചും തികച്ചും സ്വതന്ത്രമായ ഗുരുവിന്റെ ദർശനത്തിൽ അധിഷ്ഠിതമായിരുന്നു. ആ സത്യദർശനം തന്റെ അറുപതിലധികം വരുന്ന കൃതികളിലൂടെയും സന്ദേശങ്ങളിലൂടെയും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രപഞ്ചത്തെ ഏകമായി കാണുവാനും മനുഷ്യവർഗത്തെ ഒന്നായി ദർശിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്ന് ആ രചനകളിൽ നിന്ന് മനസിലാക്കാം. മനുഷ്യരാശിക്ക് വേണ്ടിയുള്ള മതവീക്ഷണം ആത്മോപദേശ ശതകത്തിൽ വ്യക്തമാക്കുന്നുണ്ട്.

പല മതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാരലവതു
കണ്ടലയാതമർന്നിടേണം.

തുടർന്ന്, ഒരു മതം മറ്റൊരു മതത്തിൽ വിശ്വസിക്കുന്നവർക്ക് നിന്ദ്യമായി തോന്നാമെന്നും കുറവുള്ളതായി തോന്നാമെന്നും ലോകത്ത് എല്ലാ മതങ്ങളുടെയും രഹസ്യം ഒന്നുതന്നെയെന്ന് അറിയുംവരെ ഈ ഭ്രമം തുടരുമെന്നും മതങ്ങൾ തമ്മിൽ പോരാട്ടം നടത്തിയാൽ ഒന്നിന് ജയിക്കുക സാധ്യമല്ലെന്നും പറഞ്ഞുവയ്ക്കുന്നുണ്ട്. അനുകമ്പാദശകം, ആത്മോപദേശശതകം തുടങ്ങിയ കൃതികളിലൂടെയും ദാർശനികമായ ഒരടിത്തറ നിർമ്മിച്ചു. പ്രായോഗിക തലത്തിൽ ഈ ആശയം ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കർമ്മപദ്ധതിയായാണ് സർവമത സമ്മേളന സന്ദേശത്തിലൂടെ മതസൗഹാർദ്ദത്തിനും മതസമന്വയത്തിനും ലളിതമായി ഗുരു അവതരിപ്പിച്ചത്.

നാരായണഗുരു ശിഷ്യനായ നടരാജഗുരു, സർവമത സമ്മേളനത്തിന്റെ ഒരുക്കങ്ങൾ നടക്കുന്ന വേളയിൽ തനിക്കു ചുറ്റും കൂടിയവരോട് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന കാര്യം ഇങ്ങനെയാണ്:

‘‘ആനയെ കാണാൻ പോയ അന്ധരെപ്പോലെ തന്നെ ഓരോരുത്തരും പറയും, അവരുടെ മതമാണ് ഏറ്റവും നല്ലതെന്ന്. അതുകൊണ്ട് വൃഥാ ശബ്ദമുണ്ടാക്കി പോകാമെന്നല്ലാതെ യാതൊരു പ്രയോജനവുമില്ല. ഒരു അഭിപ്രായം മാത്രം എന്നും നിലനിൽക്കുക എന്നത് പ്രകൃതിയുടെ വ്യവസ്ഥയ്ക്ക് ഒരിക്കലും അനുയോജ്യവുമല്ല. ഇതറിയാതെയും മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളെ ഒട്ടും മാനിക്കാതെയും വെറും വാക്കുകൾ അംഗീകരിച്ചു കിട്ടുന്നതിനായി മനുഷ്യൻ ചേരിതിരിഞ്ഞ് പടവെട്ടുന്നു. പ്രസംഗങ്ങളുടെ ഉദ്ദേശ്യം പ്രതിപക്ഷ ധ്വംസനവും വിരോധവുമല്ല. അത് അറിയുവാനും അറിയിക്കുവാനും മാത്രമുള്ളതായിരിക്കണം. ഓരോ മനുഷ്യന്റെയും മതം അവനു സിദ്ധിച്ചിരിക്കുന്ന ആന്തരിക വിശ്വാസത്തിൽ രൂഢമൂലമായിട്ടുള്ളതാണ്. അത് ഓരോരുത്തരുടെയും പരിണാമ വികാസമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ആ നിലയ്ക്കു നോക്കിയാൽ എത്ര മനുഷ്യരുണ്ടോ, അത്രയും മതങ്ങളുമുണ്ടെന്ന് പറയാം. രണ്ടുപേർക്ക് ഒരേ മതം തന്നെ ഉണ്ടായിരിക്കുക അസാദ്ധ്യമാണ്. എന്നാൽ ഒരു കാര്യത്തിൽ മതങ്ങളെല്ലാം യോജിക്കും. അതിന്റെ ഏറ്റവും മൗലികമായ ഉദ്ദേശ്യത്തെ – സത്യവും ധർമ്മവും എല്ലാ മതങ്ങളും അനുശാസിക്കുന്നു. ഗുരുവിന്റെ ദർശനമാണ് ശിഷ്യൻ ഈ വാക്കുകളിലൂടെ വിവരിക്കുന്നത് എന്ന് മനസിലാവും. ആ ദർശനമാണ് കേരളം ഇന്ന് ലോകത്തിന് നൽകുന്ന ഏറ്റവും മഹത്തരമായ സന്ദേശവും.

വെെക്കം സത്യാഗ്രഹത്തിന് ഊർജം പകർന്ന ഗുരു
സർവ്വമതസമ്മേളനത്തിന് പിന്നാലെ ഗുരുവിന്റെ ചിന്താമണ്ഡലത്തിൽ തന്നെ ഉദയംകൊണ്ട മറ്റൊരു പോരാട്ടത്തിനു കൂടി കേരളം അക്കാലത്ത് സാക്ഷിയാവുന്നുണ്ട്. വൈക്കംസത്യാഗ്രഹം . ആ സമരത്തിനും നൂറുവയസ് തികഞ്ഞിരിക്കുകയാണ്. അതായത് സർവ്വമതസമ്മേളനത്തിൽ ഗുരു പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ല. മറിച്ച് ആരംഭിക്കുകയായിരുന്നു. യാഥാസ്ഥിതികരുടെ ഏതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി ജാതി മത ചിന്തകൾക്കതീതമായി ജനങ്ങളെ സംഘടിപ്പിച്ച ഐതിഹാസിക സമരത്തിന് ഗുരു നിയോഗിച്ചത് ടി.കെ.മാധവനെ ആയിരുന്നു.

ഒന്നുകൂടി വ്യക്തമായി വിലയിരുത്തിയാൽ കേരളം എന്ന സങ്കൽപ്പത്തിലേക്ക് മലബാറിനെയും കൊച്ചിയെയും തിരുവിതാംകൂറിനെയും ഒന്നിപ്പിച്ച് നടത്തിയ ആദ്യ സമരമാണ് വൈക്കം സത്യാഗ്രഹം. ദേശീയതലത്തിൽ വിഭാവനം ചെയ്ത് വളരെ ആസൂത്രിതമായി ധീരരായ പോരാളികൾ നടത്തിയ സമരമാണത്.

ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, സ്വാമി ധർമതീർത്ഥർ

അങ്ങനെ നമ്മൾ നോക്കുമ്പോൾ വള്ളത്തോൾ പാടിയതുപോലെ ചോരതിളയ്ക്കുന്ന ‘കേരളം’ എന്ന വികാരം ആദ്യം സൃഷ്ടിച്ച പോരാളിയായിരുന്നു ഗുരു എന്നുകാണാൻ കഴിയും. ടി കെ മാധവൻ തന്റെ പ്രസിദ്ധീകരണമായ ദേശാഭിമാനിയിൽ എഴുതിയത് താനല്ല ഗുരുവാണ് ഈ പ്രക്ഷോഭം മുന്നിൽ കണ്ടത് എന്നാണ്. സാധാരണ ക്ഷേത്രങ്ങൾക്ക് സമീപമുള്ള ഭൂമിയെല്ലാം രാജാവിന്റെയോ, അനുചരൻമാരുടേതോ ആയിരുന്നു. എന്നാൽ വൈക്കത്ത് അമ്പലത്തിന് സമീപത്തുള്ള വെല്ലൂർമഠം ശ്രീനാരായണഗുരു കാലങ്ങൾക്കു മുൻപേ വാങ്ങി നൽകിയിരുന്നു. ആ ഭൂമി അവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് സത്യാഗ്രഹികൾക്ക് അവിടെ സംഘടിക്കാനും സമരം നടത്താനും കഴിഞ്ഞത്. അങ്ങനെ ഒരു ഭൂമി ഇല്ലായിരുന്നുവെങ്കിൽ ആളുകൾക്ക് സംഘടിച്ചുനിന്ന് ദീർഘനാളത്തെ സമരം നടത്താൻ കഴിയുമായിരുന്നില്ല. ആ ദീർഘവീക്ഷണം സത്യാഗ്രഹസമരം മുന്നിൽ കണ്ടായിരുന്നു എന്നാണ് ആ ലേഖനത്തിൽ ടികെ മാധവൻ സമർത്ഥിക്കുന്നത്.നാരായണഗുരു വെല്ലൂർമഠം സന്ദർശിക്കുകയും ശിവഗിരിയിൽ നിന്ന് സമാഹരിച്ച സത്യാഗ്രഹ സമരനിധി കൈമാറുകയും ചെയ്തു.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപംകൊള്ളുന്നതിന് മുൻപ് ഒരേ വികാരത്തിൽ ജനങ്ങളെ യോജിപ്പിച്ചു നടത്തിയ ആദ്യപ്രക്ഷോഭം വൈക്കത്തു നടന്നതായിരുന്നു. അതിനുമുൻപ് വൈദേശികശക്തികൾക്കെതിരെയും, നാട്ടിലെ അനാചാരങ്ങൾ-ക്കെതിരെയും ഇവിടെ നടന്ന പ്രക്ഷോഭങ്ങളും പോരാട്ടങ്ങളുമെല്ലാം ഓരോപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നടന്നത്. കേരളമെന്ന നാട്ടിൽ നടന്ന ആദ്യ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം എന്നു മനസിലാക്കാം. നാരായണഗുരുവാണ് ഇങ്ങനെ കേരളം എന്ന വികാരത്തിലേക്ക് ജനസഞ്ചയത്തെ ഒരുമിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനും വർഷങ്ങൾക്കു മുൻപ് നടന്ന സത്യാഗ്രഹത്തിന്റെയും സമരപോരാട്ടങ്ങളുടെയും സ്മരണ വൈക്കത്തിന്റെ മണ്ണിൽ നിന്ന് ഇന്നും ജ്വലിപ്പിക്കുന്നത് കേരളത്തിന്റെ സമൂഹ്യപുരോഗതിയുടെയും മുന്നേറ്റത്തിന്റെയും ജ്ഞാനസൂര്യതേജസാണ്. അവിടെ നിന്ന് ഉയർന്ന സമരോർജമാണ് കേരളത്തിലെ എല്ലാ പ്രക്ഷോഭങ്ങൾക്കും ശക്തിയാവുന്നത്. ആ ഊർജമാണ് ആധുനിക കേരളീയ സമൂഹത്തിന്റെ അടിത്തറ. ഇങ്ങനെയുള്ള ത്യാഗോജ്വല നിലപാടുകളാണ് കേരളത്തെ ആധുനികപാതയിലേക്ക് നയിച്ചത്. അതാണ് കേരളമൊട്ടാകെ പടർന്ന അനാചാരവിരുദ്ധപോരാട്ടങ്ങളിലേക്കും വഴിതുറന്നത്. പാഠപുസ്തകത്തിൽ പഠിച്ചിട്ടില്ലാത്ത ചരിത്രത്തിൽ പേരില്ലാത്ത ഒട്ടേറെ പോരാളികളുടെ കഥകൾ കൂടി ഈ സമരം പറയുന്നുണ്ട്. അതെല്ലാം ഗവേഷകർ പഠനവിധേയമാക്കേണ്ടതുമുണ്ട്.

ഗുരു ചിന്തകൾ ഇന്നത്തെ കാലഘട്ടത്തിൽ
നാരായണഗുരുവിന്റെ ആശയങ്ങളുടെ ഇന്നത്തെ കാലഘട്ടത്തിലെ പ്രസക്തി വളരെയേറെയാണ് എന്നത് യാഥാർത്ഥ്യമാണ്. അതിനെക്കുറിച്ച് നാം ചർച്ചചെയ്യുമ്പോൾ ഡോ. സുകുമാർ അഴിക്കോട് ഗുരുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞത്, ‘‘ഗുരു എന്ന വാക്കിന്നപ്പുറത്ത് ആരാധ്യമായ മറ്റൊരു സ്ഥാനമില്ല. ശ്രീനാരായണൻ നാരായണഗുരു എന്നാണ് എഴുതിപ്പോന്നത്. പക്ഷേ ഇന്ന് നാരായണഗുരു എന്ന് പറയുന്നവർ നൂറിൽ പത്തുപേർ കാണില്ല. നമ്മളെല്ലാം ഇന്നത്തെ കാലഘട്ടത്തിന്റെ വ്യാജസ്തുതിയിൽ ഭ്രമിച്ചിട്ടുള്ളവരാണ്. ഗുരു എന്ന വിശേഷണം പോരെന്ന് ആധുനിക മനുഷ്യൻ അജ്ഞതമൂലം ധരിച്ചുവച്ചതുപോലുണ്ട്. രണ്ടക്ഷരം മാത്രമുള്ള ചെറിയ വാക്കല്ലേ? ശ്രീനാരായണനെ വ്യപദേശിക്കാൻ മാത്രം അതിന്- മഹിമയുണ്ടോ എന്നാണ് ശങ്ക.

‘ഗുരു’വിന്റെ പോരായ്മ പരിഹരിക്കാൻ നാം പല നവ പ്രയോഗങ്ങളും സ്വീകരിക്കുന്നു. ഗുരുവിനെ ഗുരുദേവൻ എന്നും പരമഗുരവെന്നും ഗുരുദേവതൃപ്പാദങ്ങളെന്നും വിളിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെ വിളിച്ചാലും ഗുരു ഗുരുവാണ് എന്ന് മറക്കരുത്’’ എന്ന് അഴിക്കോട് പറഞ്ഞുവയ്ക്കുന്നു. ഗുരുശബ്ദത്തിന്റെ അർഥം പൊലിപ്പിക്കാൻ വേറെ ഭേദകങ്ങൾ ആവശ്യമില്ല. ഗുരു പ്രകാശമയനാകയാൽ ഗുരുദേവൻ എന്നുവേണ്ട. ഗുരു ഏറ്റവും വലുതാണെങ്കിൽ പരമഗുരു എന്നുവേണം. ഗുരു ലഘുവാണെന്ന് നാം തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഇത്തരം താങ്ങുകൾ ഉപയോഗിക്കണമെന്ന് നമുക്ക് തോന്നുന്നത്. ഗുരുശബ്ദത്തിന് വേണ്ടത്ര അർഥഗുരുത്വം ഇല്ലെങ്കിൽ മാത്രമേ ഇത്തരം കൂട്ടിച്ചേർക്കലുകൾ ആവശ്യമായി വരികയുള്ളൂ എന്നും അഴിക്കോട് വ്യക്തമാക്കുന്നുണ്ട്.

1888ലെ അരുവിപ്പുറം പ്രതിഷ്ഠമുതൽ 1940 വരെയുള്ള കേരള ചരിത്രം പഠിച്ചാൽ അന്ന് രാഷ്ട്രീയ കാര്യങ്ങൾ കൂടി കൈകാര്യം ചെയ്യന്നതിൽ ശ്രീനാരായണ പ്രസ്ഥാനം വഹിച്ച പങ്കും വിലയിരുത്താൻ കഴിയും. ഇന്ന് കാണുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല. മറിച്ച് സമൂഹപുരോഗതിയുടെ രാഷ്ട്രീയമാണ് എസ്.എൻ.ഡി.പിയോഗം കൈകാര്യം ചെയ്തത് എന്നു കാണാം. മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ പൗര സമത്വ പ്രക്ഷോഭം, വൈക്കം സത്യാഗ്രഹം, നിവർത്തന പ്രക്ഷോഭം തുടങ്ങിയ രാഷ്ട്രീയാവകാശങ്ങൾക്കെല്ലാം നേതൃത്വം നൽകിയതിൽ എസ്.എൻ.ഡി.പി യോഗം മുന്നിൽ തന്നെയുണ്ടായിരുന്നു. തിരുവിതാംകൂറിൽ തൊഴിലാളികളെ സംഘടിപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകി പ്രസംഗിക്കാൻ സത്യവ്രതൻ എന്ന സന്ന്യാസി ശിഷ്യനെ അയച്ചിരുന്നു. ഈ രീതിയിൽ സാമൂഹ്യപുരോഗതി മാത്രമല്ല ഗുരു ലക്ഷ്യമിട്ടതെന്ന് മനസിലാക്കാൻ കഴിയും. വാണിജ്യ-വ്യവസായ മേഖലകളിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിനായി വ്യവസായ പ്രദർശനങ്ങൾ, കമ്പനികളുടെ രൂപവത്കരണം തുടങ്ങി യോഗം നടപ്പിലാക്കിയ പല നൂതന ഇടപെടലുകളെക്കുറിച്ചുമുള്ള വിവരങ്ങൾ, ഡോ. പൽപ്പുവിന്റെ രേഖകളെ അവലംബമാക്കി പുറത്തു വന്നിട്ടുണ്ട്. 1914-ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പതിനൊന്നാമതു വാർഷിക സമ്മേളനത്തിലെ തീരുമാന പ്രകാരം സംരംഭകത്വം വളർത്തുന്നതിന് ധനസഹായം നൽകുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും വേണ്ടി ലക്ഷം രൂപയുടെ മൂലധനത്തോടെ മലബാർ ഇക്കണോമിക് യൂണിയൻ എന്ന പേരിൽ കമ്പനി, സംഘടന’ ആരംഭിക്കുകയുണ്ടായി. ഈ നവീന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത് ശ്രീനാരായണഗുരുവായിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി ആയിരുന്നില്ല ഗുരുവിന്റെ കാഴ്ചപ്പാടുകൾ; മറിച്ച് നാടിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയാണ് ലക്ഷ്യമിട്ടിരുന്നത് എന്ന് മനസിലാക്കാൻ കഴിയും.’

അമ്പലങ്ങളും മറ്റും സ്ഥാപിച്ച ഗുരുതന്നെയാണ് അമ്പലങ്ങളെക്കാൾ പ്രാധാന്യം വിദ്യാലയങ്ങൾക്കുണ്ടെന്ന് പിന്നീട് പറഞ്ഞത്. വിദ്യ അഭ്യസിച്ചാൽ മാത്രമേ മനുഷ്യന്റെ അടിസ്ഥാനം മെച്ചപ്പെടുത്താൻ കഴിയൂ. കാർഷിക, വ്യാവസായിക രംഗങ്ങളിലെ ഉയർച്ചയ്ക്കും വിദ്യാഭ്യാസം ആവശ്യമാണെന്നും ഗുരു കേരളത്തെ പഠിപ്പിച്ചു. ഇവയെല്ലാം തന്നെ കേരളത്തിന്റെ വളർച്ചയെ സംബന്ധിച്ച് മാത്രമല്ല ഇന്ത്യൻ വളർച്ചയ്ക്കും ഇന്നും പ്രസക്തമാണ്. അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും തന്റെ ആശയങ്ങളിലൂടെയും പ്രവൃത്തിയിലൂടെയും നവീകരിച്ച ഗുരുവിന്റെ ദർശനങ്ങൾ കേരളം ലോകത്തിനു സമ്മാനിച്ച ശാന്തിമന്ത്രമാണ്. ഗുരുവിനെ ഹിന്ദു സന്ന്യാസിയാക്കാനും വോട്ടു ബാങ്ക് രാഷ്ട്രീയത്തിനായി കാവിവൽക്കരിക്കാനുമുള്ള ശ്രമം തുടങ്ങിയിട്ട് ഏറെ പതിറ്റാണ്ടുകളായി. നാം ജാതിമതഭേദങ്ങൾ വിട്ടിട്ട് ഏറെ കാലമായി എന്ന് 1916 ൽ പ്രഖ്യാപിച്ച അദ്ദേഹത്തെ ഹൈന്ദവാചാര്യനും സനാതനഗുരുവര്യനുമാക്കാനുള്ള കുൽസിത വേലയാണ് സംഘപരിവാരവും അതിന്റെ പൊള്ളത്തരം തിരിച്ചറിയാനാവാത്ത അൽപ്പജ്ഞരായ ചിലരും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. പിന്നാക്ക ജനവിഭാഗത്തെ ഒറ്റയടിക്കു ഹിന്ദുവൽക്കരിച്ചു വോട്ടു ബാങ്കുറപ്പിക്കുകയെന്ന രഹസ്യരാഷ്ട്രീയഅജൻഡയാണ് ഗുരുവിനെയും സ്ഥാപനങ്ങളേയും സംഘടനാനേതൃത്വത്തേയും ഹിന്ദുവൽക്കരിക്കാനുള്ള പരിവാര അജൻഡയുടെ പിന്നിൽ. എന്നാൽ അദ്ദേഹത്തിന്റെ പാഠങ്ങളും ഭാഷണങ്ങളും വ്യക്തമാക്കുന്നതുപോലെ തികച്ചും ബഹുസ്വരവും മാനവികവും മതേതരവുമായ രചനകളാണ് ഗുരു നമുക്കു തന്നിട്ടുള്ളത്. അവയുടെ കാലികവും മതേതരവും ബഹുസ്വരവും അധീശ വിരുദ്ധവുമായ വായനകളും വ്യാഖ്യാനങ്ങളുമാണ് കാവിഭീകരതയുടെ നാളിൽ കേരളത്തിനും ഇന്ത്യയ്ക്കുമാവശ്യം.

മാനവസമുദായത്തെക്കുറിച്ചും പ്രപഞ്ചസാഹോദര്യത്തെക്കുറിച്ചുമുള്ള ദർശനങ്ങളാണ് ഗുരു കേരളത്തിനും ലോകത്തിനും കൊടുത്ത ഏറ്റവും നിത്യനൂതനങ്ങളായ ആധുനികസന്ദേശങ്ങൾ. അവയെ റദ്ദുചെയ്യാനുള്ള ക്ഷുദ്രലഹളകളും കൗടില്യവേലകളും കേരളത്തിലടക്കം കൊടുമ്പിരിക്കൊളളുമ്പോൾ ഗുരുദർശനങ്ങൾ കൂടുതൽ തെളിമയോടെ, കലർപ്പില്ലാതെ ജനമനസുകളിലേക്ക് എത്തേണ്ടതുണ്ട്. ആ ദർശനങ്ങൾ ജനങ്ങളെ പഠിപ്പിക്കുകയും ജീവിതത്തിലൂടെ അവയ്ക്ക് പ്രായോഗികത നൽകുകയും വേണം സമത്വബോധത്തിന്റെ മൂല്യങ്ങൾ പുതുതലമുറയിലേക്ക് പകർന്നുനൽകാൻ ഇത് ഇടയാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + 14 =

Most Popular