Thursday, September 19, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍യുഗപ്രഭാവനായ ഇ എം എസ്

യുഗപ്രഭാവനായ ഇ എം എസ്

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 47

കുന്തിപ്പുഴയോരത്തെ ഏലംകുളം മനയ്ക്കലിൽ 1909 ജൂൺ 13‐നാണ് ഇ.എം.സ്. ജനിച്ചത്. ഏലംകുളം മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും വിഷ്ണുദത്ത അന്തർജനത്തിന്റെയും മകൻ. പരമേശ്വരൻ നമ്പൂതിരിപ്പാടിന് മറ്റൊരു വേളിയിൽ രണ്ട് പുത്രന്മാരുണ്ട്. വിഷ്ണുദത്തയിൽ ശങ്കരന്റെ മൂത്തതായി പരമേശ്വരൻ എന്ന കുട്ടിയും. അതിനാൽ മനയ്‌ക്കലെ നാലാമത്തെ തമ്പുരാനായാണ് ശങ്കരൻ വിശേഷിപ്പിക്കപ്പെട്ടതും വിളിക്കപ്പെട്ടതും. വിഷ്ണുദത്തയുടെ രണ്ട് ആൺമക്കൾ നേരത്തെ മരിച്ചുപോയിരുന്നു. ശങ്കരന്റെ നേരെ ജ്യേഷ്ഠനായ പരമേശ്വരനാണെങ്കിൽ ബുദ്ധിവളർച്ച കുറവ്. ഈ കാരണങ്ങളാൽ ശങ്കരനോട് അമ്മയ്ക്ക് പ്രത്യേകമായ വാത്സല്യം. ബുദ്ധി കൂട്ടാൻ പ്രത്യേകമായ ഔഷധസേവ, ആയുർദൈർഘ്യം കൂട്ടാൻ 12 വയസ്സുവരെ നിത്യേന ശിവക്ഷേത്രത്തിൽ ദർശനവും പ്രാർഥനയും. പുറത്തൊന്നും അധികം പോകാനനുവദിക്കാതെ ചിറകിനടിയിലെന്നോണം വളർത്തുകയായിരുന്നു അമ്മ. ശങ്കരന് ഓർമവെക്കും മുമ്പേതന്നെ പിതാവ് അന്തരിച്ചു. സാമാന്യത്തിലധികം ബുദ്ധിയുള്ള കുട്ടിയാണെന്ന തിരിച്ചറിവിൽ മനയ്ക്കലെ മറ്റു കുട്ടികൾക്ക് നൽകിയ വിദ്യാഭ്യാസമല്ല, വേറിട്ട വിദ്യാഭ്യാസമാണ് ശങ്കരന് നൽകിയത്. സംസ്കൃതപഠനം, ഒരു ഗുരുവിനെ വെച്ച് സംസ്കൃതം പഠിപ്പിക്കൽ. ശ്രീരാമോദന്തം,ശ്രീകൃഷ്ണവിലാസം, കുമാരസംഭവം, മാഘം, രാമായണചമ്പു തുടങ്ങിയ കാവ്യങ്ങളാണ് ശങ്കരൻ ആദ്യം അഭ്യസിച്ചത്. പിന്നീട് ഋഗ്വേദപഠനമായി. വർഷങ്ങളോളം നീണ്ട ഋഗ്വേദപഠനത്തിലൂടെ ഓത്തൻ നമ്പൂതിരിയാവുകയായിരുന്നു. ഓത്തന്മാർ തമ്മിലുള്ള മത്സരത്തിൽ പങ്കെടുക്കാൻ കടവല്ലൂരിൽ പോയി പാർക്കുന്നു. കടവല്ലൂർ അന്യോന്യത്തിനായുള്ള പ്രാഥമിക മത്സരങ്ങളിൽത്തന്നെ പരാജയപ്പെട്ടതിനാൽ മത്സരത്തിന്റെ കാണിയും ശ്രോതാവും മാത്രമായിരുന്നു ശങ്കരൻ. 1921‐ലെ മലബാർ കലാപം അഥവാ മാപ്പിള ലഹളയെന്നറിയപ്പെട്ട കലാപത്തിന്റെ കാലത്ത് ശങ്കരനടക്കമുള്ളവരെ മലബാർമേഖലയിൽനിന്ന് മാറ്റിത്താമസിപ്പിക്കുന്നുണ്ട്. ആറുമാസത്തോളം കഴിഞ്ഞാണ് തിരിച്ചുവരുന്നത്. ആധുനികവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്നതിനെപ്പറ്റി നമ്പൂതിരിസമുദായത്തിൽ വലിയ തർക്കങ്ങളുള്ള കാലമാണത്. ഇംഗ്ലീഷ് പഠിക്കുന്നത് മ്ലേഛരാണെന്ന ബോധമാണ് ആഢ്യൻ നമ്പൂതിരിമാരെ നയിച്ചുപോന്നത്. ഐ.സി.പി.യെക്കുറിച്ചുള്ള അധ്യായത്തിൽ അക്കാര്യം വിശദീകരിക്കുകയുണ്ടായി. ജ്യേഷ്ഠന്മാർക്കായി വീട്ടിൽ നിയോഗിച്ച ട്യൂഷൻ മാസ്റ്ററുടെ കീഴിൽ ഒന്നരവർഷത്തോളം ശങ്കരനും ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ പ്രാഥമികപഠനം നടത്തി. പിന്നീടാണ് 1925‐ൽ പെരിന്തൽമണ്ണ ഹൈസ്കൂളിൽ മൂന്നാം ഫോറത്തിൽ ചേരുന്നത്. ജീവിതത്തെ പാടേ മാറ്റിമറിച്ച സംഭവമെന്നാണ് സ്കൂളിൽചേർന്നതിനെപ്പറ്റി ഇ.എം.എസ്. പിൽക്കാലത്ത് അനുസ്മരിച്ചത്. മലബാർ കലാപത്തോടെ ദേശീയപ്രസ്ഥാനത്തിന് കേരളത്തിൽ പുറകോട്ടടിയുണ്ടായി. പരക്കേ സംശയങ്ങൾ വളർന്നുവന്നു. ആനിബസന്റിനെക്കുറിച്ചും ഹോംറൂളിനെക്കുറിച്ചുമെല്ലാം കേട്ടറിഞ്ഞ ശങ്കരന് അതിൽ താല്പര്യം വളർന്നുകൊണ്ടിരുന്ന കാലമാണിത്‌. എന്നാൽ ലഹളയും അതേത്തുടർന്ന് രാഷ്ട്രീയ‐സാമൂഹ്യരംഗങ്ങളിലുണ്ടായ മരവിപ്പും മനസ്സിൽ വല്ലായ്മ സൃഷ്ടിച്ചു. ഈ ഘട്ടത്തിലാണ് കോഴിക്കോട്ടുനിന്ന് കെ.പി.കേശവമേനോന്റെ പത്രാധിപത്യത്തിൽ മാതൃഭൂമി പുറത്തുവരുന്നത്. ആഴ്ചയിൽ മൂന്നുദിവസം പ്രസിദ്ധപ്പെടുത്തുന്ന മാതൃഭൂമിക്കായി ശങ്കരൻ കാത്തുനിൽക്കാൻ തുടങ്ങി. മാതൃഭൂമി വന്നാൽ മുഴുവൻ വായിച്ചശേഷം തുന്നിക്കൂട്ടിവെക്കുവാനും തുടങ്ങി. മാതൃഭൂമിയിലെ റിപ്പോർട്ടുകൾ, ലേഖനങ്ങൾ, മുഖപ്രസംഗങ്ങൾ എന്നിവയിലൂടെ ദേശീയരാഷ്ട്രീയത്തിലെ സംഭവവികാസങ്ങൾ മനസ്സിലാക്കിയതുവഴി രാഷ്ട്രീയ തല്പരനായി മാറുകയായിരുന്നു. ഇതിനു പുറമെ നമ്പൂതിരിമാരുടെ ഇടയിലെ ഉല്പതിഷ്ണുക്കൾ നടത്തുന്ന യോഗക്ഷേമം, ഉണ്ണിനമ്പൂതിരി എന്നീ പ്രസിദ്ധീകരണങ്ങളും ശങ്കരൻ മുടങ്ങാതെ വായിച്ചു. സമുദായത്തിൽ വരുത്തേണ്ട പരിഷ്കരണം സംബന്ധിച്ചാണ് ആ വാരികകളിലെ ലേഖനങ്ങളിൽ പ്രതിപാദിച്ചത്. ചന്തുമേനോന്റെ ഇന്ദുലേഖ, ശാരദ എന്നീ നോവലുകൾ, സി.വി.രാമൻപിള്ളയുടെ ആഖ്യായികകൾ എന്നിവയടക്കം അക്കാലത്ത് ലഭ്യമായ മലയാളത്തിലെ സർഗാത്മകകൃതികളുമായും ശങ്കരൻ പരിചയപ്പെട്ടു. വൈക്കം സത്യാഗ്രഹകാലത്ത് മഹാത്മാഗാന്ധി തൃശൂരിൽ വന്നപ്പോൾ ഒരുനോക്കുകാണാനെത്തിയ പതിനായിരക്കണക്കിനാളുകളിൽ ശങ്കരനുമുണ്ടായിരുന്നു. ഗാന്ധിജിയെ ഒന്നു സ്പർശിക്കാൻ ശ്രമിച്ചുപരാജയപ്പെട്ട ആയിരക്കണക്കിനാളുകളിലൊരാളായിരുന്നു താനും എന്ന് പിൽക്കാലത്ത് ഇ.എം.എസ്. അനുസ്മരിച്ചിട്ടുണ്ട്. ഇങ്ങനെ വൈജ്ഞാനികമായ അടിത്തറയിട്ട ശേഷമാണ് പെരിന്തൽമണ്ണ ഹൈസ്കൂളിൽ മൂന്നാം ഫോറത്തിൽ ചേരുന്നത്. മൂന്നുവർഷം പെരിന്തൽമണ്ണയിലും തുടർന്ന് സ്കൂൾഫൈനൽ ക്ലാസിൽ പാലക്കാട്ടുമാണ് ശങ്കരൻ പഠിച്ചത്. പാലക്കാട് വിക്ടോറിയാ കോളേജിന്റെ ഹൈസ്കൂൾ വിഭാഗത്തിൽ ആറാം ഫോറത്തിൽ അതായത് സ്കൂൾ ഫൈനൽ ക്ലാസിൽ ചേർന്നു. ഹോസ്റ്റലിൽ താമസിച്ചുപഠനം. പെരിന്തൽമണ്ണ സ്കൂളിൽ പഠിക്കുമ്പോൾ ശങ്കരന്റെ ക്ലാസധ്യാപകൻ എം.പി.ഗോവിന്ദമേനോനായിരുന്നു. കോൺഗ്രസ് നേതാവ് എം.പി.നാരായണമേനോന്റെ സഹോദരനാണദ്ദേഹം. സ്കൂളിലെത്തുന്നതിനുമുമ്പേതന്നെ ഖദർധാരിയായ ശങ്കരൻ ദേശീയവാദിയായ എം.പി.ഗോവിന്ദമേനോന്റെ നോട്ടപ്പുള്ളിയായി‐ നല്ല അർഥത്തിൽ. അതേ കാലത്തുതന്നെ വടക്കേ മലബാറിൽനിന്ന് സ്ഥലംമാറിയെത്തിയ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്ന അധ്യാപകനും ശങ്കരന്റെ പ്രിയങ്കരനായി. ഗോവിന്ദമേനോനാണ് ശങ്കരനെ ദേശീയപ്രസ്ഥാനത്തിന്റെ ആദർശങ്ങളിലേക്ക് നയിച്ചത്. സ്കൂളിലെ അധ്യാപകനായിരുന്നെങ്കിലും കുഞ്ഞിക്കണ്ണൻ നമ്പ്യാർ ശങ്കരന് ക്ലാസെടുത്തിരുന്നില്ല. പക്ഷേ കോൺഗ്രസ് പ്രവർത്തകനായ നമ്പ്യാർ ശങ്കരനിൽ വലിയ സ്വാധീനംചെലുത്തി. സ്കൂളിനടത്തുള്ള വായനശാലയുടെ പ്രധാന സംഘാടകൻ നമ്പ്യാരായിരുന്നു. അവിടേക്ക് സ്ഥിരമായി പോകാൻ ശങ്കരനെ പ്രേരിപ്പിച്ചത് നമ്പ്യാർമാഷാണ്. വായനശാലയിൽ ഒരു കയ്യെഴുത്തുമാസികയുണ്ടായിരുന്നു. അതിന്റെ പ്രവർത്തനത്തിലും ശങ്കരൻ സജീവമായി. കുഞ്ഞിക്കണ്ണൻമാസ്റ്റർക്കു പുറമെ വടക്കേ മലബാറിൽനിന്നുള്ള രണ്ട് അധ്യാപകർകൂടി പെരിന്തൽമണ്ണ സ്കൂളിൽ ഉണ്ടായിരുന്നു. അവരും കോൺഗ്രസ്സുകാർതന്നെ. അവർ മൂവരുമാണ് ശങ്കരനെ പൊതുസാഹിത്യമാസികകളിലേക്ക് നയിക്കുന്നത്. കണ്ണൂരിൽനിന്ന് എ.കെ.ജി.യുടെ ബന്ധുവും കടത്തനാട്ട് മാധവിയമ്മയുടെ ഭർത്താവുമായ എ.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ പത്രാധിപത്യത്തിൽ പ്രസിദ്ധപ്പെടുത്തുന്ന സ്വാഭിമാനി എന്ന മാസികയിൽ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ബൈലൈൻ ആദ്യമായി അച്ചടിച്ചുവന്നു‐ അതൊരു ചെറുകഥയായിരുന്നു. പതിനേഴാം വയസ്സിൽ, നാലാം ഫോറത്തിൽ പഠിക്കുമ്പോൾ. പെരിന്തൽമണ്ണയിലെ സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് യോഗക്ഷേമസഭയുടെ പ്രവർത്തനത്തിൽ, പ്രത്യേകിച്ച് നമ്പൂതിരി യുവജനസംഘത്തിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടനാകുന്നത്. 1927 ജനുവരി ആദ്യം കോട്ടയത്തെ കുമരനല്ലൂരിൽ നടന്ന യോഗക്ഷേമസഭയുടെയും നമ്പൂതിരി യുവജനസംഘത്തിന്റെയും സമ്മേളനത്തിൽ ശങ്കരൻ പ്രതിനിധിയായി പങ്കെടുത്തു. ഇംഗ്ലീഷ് വിദ്യാഭ്യാസം ആകാമോ എന്നതിലടക്കം രൂക്ഷമായ ഏറ്റുമുട്ടലാണ് സമ്മേളനത്തിൽ നടന്നത്. നമ്പൂതിരിമാർക്കിടയിൽ ആധുനികവിദ്യാഭ്യാസം വേണമെന്ന പ്രമേയം സമ്മേളനം അംഗീകരിക്കുകതന്നെ ചെയ്തു. സമ്മേളനത്തിലെ ചർച്ചകളിൽ പങ്കെടുത്തില്ലെങ്കിലും വാദപ്രതിവാദങ്ങളിൽ പൂർണശ്രദ്ധ പതിപ്പിച്ച ശങ്കരൻ പുതിയൊരു ലോകത്തേക്ക്, ഉല്പതിഷ്ണുത്വത്തിന്റെ ലോകത്തിലേക്ക് മെല്ലമെല്ലെ എത്തുകയായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന ബൈലൈൻ വീണ്ടും പ്രത്യക്ഷമാവുകയായി. പാശുപതം എന്ന മാസികയിലാണ് ഇ.എം.എസിന്റെ ആദ്യലേഖനം വന്നത്. സമുദായത്തിലെ ആചാരങ്ങളിൽവരേണ്ട മാറ്റങ്ങളായിരുന്നു അതിന്റെ ഉള്ളടക്കം. സാമുദായികവിപ്ലവവും നമ്പൂതിരിസമുദായവും എന്ന പേരിൽ യോഗക്ഷേമം മാസികയിൽ 1927‐ ജൂണിൽ മറ്റൊരു ലേഖനം. അതൊരു തുടക്കമായിരുന്നു. അടുത്തതായി 1927ൽ ഫ്രഞ്ച് വിപ്ലവവും നമ്പൂതിരിമാരും എന്ന ലേഖനവും യോഗക്ഷേമത്തിൽത്തന്നെ അച്ചടിക്കപ്പെട്ടു. പിൽക്കാലത്ത് പതിനായിരക്കണക്കിന് പേജുകളിൽ നിറയുന്ന ലേഖനങ്ങളുടെ ഗംഭീരമായ തുടക്കം. ഈ ലേഖനത്തോടെ ഇ.എം.എസ്( ഇനി നമുക്ക് അങ്ങനെ വിശേഷിപ്പിക്കാം) നമ്പൂതിരിസമുദായത്തിലെ അനാചാരങ്ങൾക്കെതിരായ പ്രത്യക്ഷ സമരത്തിലേക്കുതന്നെ എടുത്തുചാടുകയായിരുന്നു. എന്നാൽ സ്വസമുദായത്തിലെ പ്രശ്നങ്ങൾ മാത്രമല്ല, രാജ്യത്തിന്റെയാകെ പ്രശ്നങ്ങളുടെ പരിഹാരത്തിനായി കഴിയുംവിധം പ്രവർത്തിക്കാൻ തനിക്ക് ഉത്തരവാദിത്വമുണ്ടെന്ന് അക്കാലത്തേതന്നെ ഇ.എം.എസ്. തിരിച്ചറിഞ്ഞു. ആദ്യം കാര്യങ്ങളെല്ലാം വിശദമായും സൂക്ഷ്മമായും മനസ്സിലാക്കുക, അതിനുശേഷം മാത്രം പ്രതികരിക്കുകയെന്നത് ഇ.എം.എസ്. തുടക്കംമുതലേ സ്വീകരിച്ച സമീപനമാണ്. മൂന്നാം ഫോറത്തിൽ പഠിക്കുമ്പോൾ ക്രിസ്മസ് വെക്കേഷൻകാലത്ത് മദിരാശിയിൽ സന്ദർശനത്തിനുപോയ ഇ.എം.എസിന് താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങാനായിരുന്നില്ല. കടുത്ത പനി. പിന്നീട് മദിരാശിയിൽപോകാൻ അവസരം ലഭിച്ചത്, അഥവാ അവസരമുണ്ടാക്കിയത് 1927ലെ മദിരാശിയിൽ കോൺഗ്രസ് സമ്മേളനം നടക്കുന്ന കാലത്താണ്. കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ എന്തെല്ലാമാണ് നടക്കുന്നതെന്ന് മനസ്സിലാക്കുക, മദിരാശിയിലെ സ്ഥലങ്ങൾ കാണുക എന്നതൊക്കെയാണുദ്ദേശ്യം. മദിരാശിയിൽ നിയമസഭാംഗമായ ഒളപ്പമണ്ണ നാരായണൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലാണ് താമസം. അവിടെവെച്ചാണ് കെ.പി.സി.സി. പ്രസിഡണ്ടായ കെ.മാധവനാറെ പരിചയപ്പെടുന്നത്. എ.ഐ.സി.സി. സമ്മേളനത്തിലേക്ക് അന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന പതിവ് തുടങ്ങിയിട്ടില്ല. ഓരോ സംസ്ഥാനത്തെയും പ്രതിനിധികളുടെ എണ്ണം പ്രവർത്തകസമിതി നിശ്ചയിക്കും. അത്രയും ടിക്കറ്റുകൾ പി.സി.സി.ക്ക് അയക്കും. പി.സി.സി.യാണ് അത് വിതരണംചെയ്യുക. കൊടുത്ത് ബാക്കിയുള്ളതിൽ ഒരു ടിക്കറ്റ് മാധവനാർ ഇ.എം.എസിന് നൽകി. പ്രിയ നേതാക്കളെല്ലാം പങ്കെടുത്ത സമ്മേളനത്തിൽ കേവലം 18 വയസ്സുള്ള, അതേവരെ രാഷ്ട്രീയപ്രവർത്തനത്തിലൊന്നും ഭാഗഭാക്കാകാത്ത ഇ.എം.എസ്. പ്രതിനിധിയായിത്തന്നെ പങ്കെടുത്തു. പക്ഷേ അവിടെ നടന്ന പ്രസംഗങ്ങളിലധികവും മനസ്സിലാക്കാൻ പറ്റുന്നത്ര ഇംഗ്ലീഷ് പരിജ്ഞാനം അന്നുണ്ടായിരുന്നില്ല. എന്നിരുന്നാലും സമ്മേളനം പുതിയ വെളിച്ചം പകരുകയും ആവേശംകൊള്ളിക്കുകയുംചെയ്തു. തൊട്ടടുത്ത വർഷം പയ്യന്നൂരിൽ നടന്ന നാലാം കേരളരാഷ്ട്രീയസമ്മേളനത്തിൽ ജവാഹർലാൽ നെഹ്റുവിന്റെ പങ്കാളിത്തവും പ്രസംഗവും ഇ.എം.എസിനെ ആവേശംകൊള്ളിച്ചു. പൂർണസ്വരാജ് പ്രമേയത്തിനുവേണ്ടി നെഹ്റു നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം ഇ.എം.എസിന് പുതിയപുതിയ വെളിച്ചങ്ങളായിരുന്നു. പയ്യന്നൂർ സമ്മേളനം നടക്കുമ്പോഴും ദൃക്സാക്ഷിയും ശ്രോതാവുമെന്നതിനപ്പുറം സജീവരാഷ്ട്രീയപ്രവർത്തകനായി മാറിക്കഴിഞ്ഞിരുന്നില്ല. പയ്യന്നൂർ സമ്മേളനത്തിൽ നെഹ്റു പ്രതിനിധാനംചെയ്ത പൂർണസ്വരാജ് ഭാഗത്ത് നിലയുറപ്പിച്ച ഇ.എം.എസ്. അതേസമ്മേളനത്തിൽ ജന്മിത്വചൂഷണത്തിനെതിരെ കുടിയാൻപക്ഷത്തുനിന്ന് അവതരിപ്പിച്ച പ്രമേയത്തെ എതിർക്കുകയായിരുന്നു. ഇക്കാര്യം ഇ.എം.എസ്. പിൽക്കാലത്ത് സ്വയംവിമർശപരമായി അനുസ്മരിക്കുന്നുണ്ട്. പയ്യന്നൂർസമ്മേളനം ഇ.എം.എസിന് ഏറ്റവും വലിയ രാഷ്ട്രീയവിദ്യാഭ്യാസമായിരുന്നു. കോൺഗ്രസ്സിനകത്ത് ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടുവരുന്ന ഇടതുപക്ഷ‐പുരോഗമന ചിന്താഗതി മനസ്സിലാക്കുന്നതിന് സഹായകമായെന്നുമാത്രമല്ല, രാഷ്ട്രീയപ്രവർത്തകനാകണമെന്ന ചിന്ത രൂഢമൂലമാവുകയുംചെയ്തു. 1927 അവസാനം സ്വന്തം നാട്ടിനടുത്തുള്ള അങ്ങാടിപ്പുറത്തുനടന്ന യോഗക്ഷേമസഭാ വാർഷികത്തിൽ ഒരു വോളന്റിയറായിക്കൊണ്ടാണ് ഇ.എം.എസ്. പൊതുരംഗത്ത് സജീവമായി ആദ്യം രംഗത്തുവരുന്നത്. ആ സമ്മേളനത്തോടനുബന്ധിച്ചുനടത്തിയ വിദ്യാർഥിസമ്മേളനത്തിന്റെ സംഘാടകരിലൊരാളും അദ്ദേഹമായിരുന്നു. അടുത്തവർഷം മാവേലിക്കരയിൽ നടന്ന നമ്പൂതിരി യുവജനസംഘം വാർഷികത്തിൽ അതിന്റെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യത്തെ സംഘടനാസ്ഥാനം. 1929 ജൂണിൽ കോളേജ് വിദ്യാഭ്യാസത്തിനായി തൃശൂരിൽപോയതോടെയാണ് സംഘടനാരംഗത്ത് സക്രിയമാകുന്നത്. നമ്പൂതിരി സമുദായത്തിലെ യുവജനങ്ങളുടെ, ഉല്പതിഷ്ണുക്കളുടെ പ്രവർത്തനങ്ങളിൽ വി.ടി.ഭട്ടതിരിപ്പാടിന്റെ അനുയായിയും സഹപ്രവർത്തകനുമായി. വി.ടി.യുടെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകം അവതരിപ്പിക്കുന്നതിലും വലിയ പങ്ക് വഹിച്ചു. നമ്പൂതിരി യുവജനസംഘത്തിന്റെ മുഖമാസികയായ ഉണ്ണിനമ്പൂതിരി വാരികയാക്കി മാറ്റുന്ന ഘട്ടത്തിലാണ് തൃശൂർ സെന്റ് തോമസ് കോളേജിൽ പഠിക്കാനായി ഇ.എം.എസ്. എത്തുന്നത്. ഉണ്ണിനമ്പൂതിരിയുടെ എഡിറ്റോറിയൽ ചുമതലക്കാരിലൊരാളായി പ്രവർത്തിച്ചു. സെന്റ് തോമസ് കോളേജിലെ രണ്ടര വർഷത്തെ വിദ്യാഭ്യാസമാണ് പിൽക്കാലത്തെ് തന്റെ രാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ അടിസ്ഥാനപരമായതെന്ന് ഇ.എം.എസ്. അനുസ്മരിച്ചിട്ടുണ്ട്. സെന്റ് തോമസിലെ ഇംഗ്ലീഷ് അധ്യാപകൻ എം.പി.പോളായിരുന്നു. ചരിത്രവും ധനശാസ്ത്രവും പഠിപ്പിച്ചത് പ്രൊഫ.നാരായണസ്വാമി. എം.പി.പോളിന്റെയും നാരായണസ്വാമിയുടെയും ക്ലാസുകൾ വിജ്ഞാനത്തിന്റെ പുതിയപുതിയ ചക്രവാളത്തിലേക്കാണ് ഇ.എം.എസിനെ നയിച്ചത്. അദ്ദേഹത്തിൽ ദേശീയബോധവും സ്വാതന്ത്ര്യബോധവും അങ്കുരിപ്പിക്കുന്നതിൽ അവർ വലിയ പങ്ക് വഹിച്ചു. സെന്റ് തോമസ്സിലെ വിപുലമായ ഗ്രന്ഥശേഖരത്തിൽനിന്നാണ് സോഷ്യലിസത്തെയും കമ്യൂണിസത്തെയുംകുറിച്ചുള്ള പുസ്തകങ്ങൾ ഇ.എം.എസിന് ആദ്യം ലഭിക്കുന്നത്. ജോസഫ് മുണ്ടശ്ശേരിയും അക്കാലത്ത് സെന്റ് തോമസിലെ അധ്യാപകനായിരുന്നെങ്കിലും ഇ.എം.എസിന് അദ്ദേഹത്തെ അടുത്ത് പരിചയപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ല. അതുപോലെ സി.അച്ചുതമേനോൻ അന്നവിടെ വിദ്യാർഥിയായിരുന്നു. മുണ്ടശ്ശേരി ശാസ്ത്രാധ്യാപകനും അച്യുതമേനോൻ ശാസ്ത്ര വിദ്യാർഥിയുമായിരുന്നു. ഇ.എം.എസ്. ചരിത്ര വിദ്യാർഥിയും. അതിനാൽ കോളേജിൽവെച്ച് ഇരുവരുമായും ബന്ധമുണ്ടായില്ല. തൃശൂരിലെ മംഗളോദയം മാസികയുടെ പ്രസ്സിലാണ് ഉണ്ണിനമ്പൂതിരി വാരിക അച്ചടിച്ചുപോന്നത്. മംഗളോദയം പ്രസ്സിലെ പ്രൂഫ് റീഡറാണ് വി.ടി.ഭട്ടതിരിപ്പാട്. മംഗളോദയത്തിലെ ജോലിക്കിടയിൽ കിട്ടുന്ന ഇടവേളകളിലാണ് വി.ടി. ഉണ്ണിനമ്പൂതിരി വാരികയുടെ പ്രവൃത്തികൾ ചെയ്തുപോന്നത്. എന്നാൽ മാസിക വാരികയായതോടെ എഡിറ്റോറിയൽ പ്രവൃത്തി തനിച്ച് നിർവഹിക്കാനാവാത്ത സ്ഥിതി വന്നു. പത്രാധിപർ കെ.എൻ.കുട്ടൻ നമ്പൂതിരിപ്പാടാണെങ്കിലും പത്രാധിപജോലി നിർവഹിച്ചത് വി.ടിയായിരുന്നു. വാരികയായതോടെ വി.ടി. ഇ.എം.എസിന്റെ സഹായം തേടി. പുസ്തകാഭിപ്രായമടക്കം ഓരോ ലക്കത്തിലും നാലും അഞ്ചും കോളം മാറ്റർ തയ്യാറാക്കി നൽകിയിതിന് പുറമെ പ്രൂഫ് വായന, എഡിറ്റിങ്ങ് അടക്കമുള്ള ജോലികളും ഇ.എം.എസ്. ചെയ്തു. ഇ.എം.എസ്. എന്ന എഴുത്തുകാരനെയും പത്രാധിപരെയും രൂപപ്പെടുത്തുന്നതിൽ വി.ടി.യും ഉണ്ണിനമ്പൂതിരിയും നിർണായക പങ്കാണ് വഹിച്ചത്. പയ്യന്നൂർ സമ്മേളനം മുതൽ തന്റെ ആരാധനാപാത്രമായിരുന്ന നെഹ്റുവിനെക്കുറിച്ച് ഒരു പുസ്തകമെഴുതിക്കൊണ്ടാണ് ഇ.എം.എസ്. ഗ്രന്ഥകാരനാകുന്നത്‐ 1931‐ൽ സ്കൂളിൽ പഠിക്കുന്നകാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിൽ ചേരാനും പഠിപ്പുമുടക്കാനുമെല്ലാം സമ്മർദമുണ്ടായിരുന്നെങ്കിലും ഇ.എം.എസ്. അല്പം അറച്ചുനിൽക്കുകയായിരുന്നു. സൈമൺ കമ്മീഷൻ ഇന്ത്യയിലേക്ക് വരുന്ന ഘട്ടത്തിൽ വിദ്യാർഥികൾ പഠിപ്പുമുടക്കി റാലി നടത്തണമെന്ന് ആഹ്വാനമുണ്ടായിരുന്നു. കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും എസ്.കെ.കോമ്പ്രബെയിലും സ്കൂളിലും ഇ.എം.എസ്. അടക്കമുള്ളവർ താമസിക്കുന്ന ഹോസ്റ്റലിലുമെത്തി സമരപ്രചാരണം നടത്തിയിരുന്നു. (കുറൂർ ഇ.എം.എസിന്റെ അടുത്ത ബന്ധുവാണ്. ജയിലിൽ പോയതിന്റെ പേരിൽ സമുദായത്തിൽനിന്ന് ഭ്രഷ്ട കൽപ്പിക്കപ്പെട്ടിരുന്നു) പഠിപ്പുമുടക്കാമെന്ന് സമ്മതിച്ചെങ്കിലും ഭീതി കാരണം ഇ.എം.എസ്സടക്കമുള്ളവർ ക്ലാസ് ബഹിഷ്കരിക്കാൻ തയ്യാറായില്ല. എന്നാൽ കോളേജിലെത്തിയതോടെ ആ അറച്ചുനിൽക്കൽ ഇല്ലാതായി. ഖദർ വസ്ത്രവും ഗാന്ധിത്തൊപ്പിയും ധരിച്ച് കോളേജിൽപോകാൻ ധൈര്യപ്പെട്ടു. 1931 മാർച്ച് 23ന് ഭഗത്സിങ്ങിനെയും സഖാക്കളെയും തൂക്കിക്കൊന്നതിൽ പ്രതിഷേധിച്ച് തൃശൂരിൽനടന്ന വിദ്യാർഥിപ്രകടനത്തിൽ ഇ.എം.എസ്. പങ്കെടുത്തു. 1931 മെയ്‌ മാസം വടകരയിൽ നടന്ന കേരള രാഷ്ട്രീയസമ്മേളനത്തിൽ പ്രതിനിധിയായി. ഈ പ്രവർത്തനങ്ങളൊക്കെ നടക്കുന്നതിനിടയിലാണ് ട്രേഡ് യൂണിയൻ പ്രവർത്തകനായ കെ.കെ.വാര്യർ കോളേജ്‌ ഹോസ്റ്റലിലെത്തി ഇ.എം.എസിനെ കാണുന്നത്. തൊഴിലാളികളെ സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ദേശീയപ്രസ്ഥാനത്തിൽ കൂടുതൽ സജീവമാകേണ്ട കാര്യവും കെ.കെ.വാര്യർ വിശദീകരിച്ചു. കെ.കെ.വാര്യരും പിന്നെ പി.കേശവദേവുമാണ് കമ്മ്യൂണിസത്തെക്കുറിച്ച് പ്രേരണാപരമായി ഇ.എം.എസിനോട് ആദ്യം സംസാരിക്കുന്നത്. കേശവദേവ് 1931‐32 കാലത്ത് തൃശൂരിൽ താമസിച്ച് പ്രവർത്തിക്കുകയായിരുന്നു. ഉണ്ണിനമ്പൂതിരിക്ക്‌ അദ്ദേഹം പതിവായി ലേഖനങ്ങൾ നൽകാറുണ്ടായിരുന്നു. അംശി നാരായണപിള്ളയുമായി ചേർന്ന് മഹാത്മ എന്ന പ്രസിദ്ധീകരണം നടത്തുകയായിരുന്നു അക്കാലത്ത് ദേവ്. ദേവ് ഇ.എം.എസിനെ സന്ദർശിച്ച് കമ്യൂണിസത്തെക്കുറിച്ച് ആവേശപൂർവം സംസാരിച്ചുകൊണ്ടിരുന്നു. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റെന്ന് സ്വയം അവകാശപ്പെട്ടുപോന്ന ദേവ് കടുത്ത ട്രോട്സകിയിസ്റ്റായിരുന്നു. ഉപ്പുസത്യാഗ്രഹത്തിന് ശേഷം ഗുരുവായൂർ സത്യഗ്രഹം നടന്നുകൊണ്ടിരിക്കുന്ന കാലമാണ്. രണ്ട് സമരത്തിലും ഇ.എം.എസ്. പങ്കാളിയായിരുന്നില്ലെങ്കിലും ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട് തൃശൂരിൽ നടന്ന ചില പ്രചാരണപരിപാടികളിൽ പങ്കെടുത്തിരുന്നു. ഗുരുവായൂർ സത്യാഗ്രഹം തൽക്കാലം നിർത്തിവെച്ച് എ.കെ.ജി.യുടെ നേതൃത്വത്തിൽ 31 അവസാനം തിരുവിതാംകൂറിലേക്ക് ക്ഷേത്രപ്രവേശന‐അയിത്തവിരുദ്ധ ജാഥ നടത്തുകയുണ്ടായി. ആ ജാഥയുടെ പ്രചാരണത്തിനും ഫണ്ടുപിരിവിനുമായി കെ.പി.ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം തൃശൂരിലെത്തിയപ്പോൾ സ്വീകരിച്ച് സഹായിക്കാൻ ഇ.എം.എസ്. മുന്നണിയിലുണ്ടായിരുന്നു. 1931 ഡിസംബറോടെയാണ് രണ്ടാം നിയമലംഘനസമരത്തിന് കോൺഗ്രസ് ആഹ്വാനംചെയ്തത്. ഈ ഘട്ടത്തിൽ ജൂനിയർ ബി.എ. വിദ്യാർഥിയായ ഇ.എം.എസ്. വിദ്യാഭ്യാസം നിർത്തി സമരത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുകയാണ്. 32 ജനുവരി ആദ്യം കോളേജിനോട് വിടപറഞ്ഞ്, സമുദായസംഘടനാ പ്രവർത്തനത്തിൽനിന്ന് വിട്ട് ഇ.എം.എസ്. കോഴിക്കോട്ടേക്ക് പോവുകയാണ്. കടപ്പുറത്ത് നിയമം ലംഘിച്ച് അറസ്റ്റിലാവുന്നു. ആദ്യം കോഴിക്കോട് സബ് ജയിലിലും പിന്നീട് കുറച്ചുനാൾ കണ്ണൂർ സെൻട്രൽ ജയിലിലും തുടർന്ന് 1933 ആഗസ്‌ത്‌ 31 വരെ വെല്ലൂർ ജയിലിലും.

(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × four =

Most Popular