Wednesday, January 29, 2025

ad

Homeഇക്കണോമിക് നോട്ടുബുക്ക്യന്ത്രമനുഷ്യനും മിച്ചമൂല്യവും‐ 2

യന്ത്രമനുഷ്യനും മിച്ചമൂല്യവും‐ 2

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 54

മുതലാളിത്ത ഉല്പാദനവ്യവസ്ഥ എങ്ങിനെ സ്വയം പ്രതിസന്ധിയിൽ അകപ്പെടുന്നു എന്ന അന്വേഷണമാണ് മാർക്സിന്റെ അർത്ഥശാസ്ത്രചിന്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഈ അന്വേഷണം സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും മാർക്സ് നടത്തി . ഇന്നത്തെ സാമ്പത്തിക ശാസ്ത്ര ഭാഷയിൽ പറഞ്ഞാൽ, മൈക്രോ ഇക്കണോമിക്സിന്റെയും മാക്രോ ഇക്കണോമിക്സിന്റെയും രീതിശാസ്ത്രങ്ങളുപയോഗിച്ച് മാർക്സ് ഈ പ്രശ്നത്തെ ആഴത്തിൽ വിലയിരുത്തി. ഈ ചിന്തനത്തിൽ ഏറ്റവും മർമ്മപ്രധാനമായ ഒന്നാണ് ലാഭനിരക്ക് ഇടിയുന്നത് സംബന്ധിച്ച് മൂലധനത്തിന്റെ മൂന്നാം വോള്യത്തിൽ മാർക്സ് നടത്തുന്ന ആലോചനകൾ. ഒരുപക്ഷേ സാങ്കേതികമായി മൂലധനത്തിലെ ഏറ്റവും സുപ്രധാനമായ നിരീക്ഷണങ്ങളാണ് ലാഭനിരക്ക് ഇടിയുന്നത് സംബന്ധിച്ച് ഈ ഭാഗത്ത് മാർക്സ് നടത്തുന്നത്. യന്ത്രങ്ങളും യന്തിരന്മാരും തൊഴിലാളികളെ വൻതോതിൽ ഒഴിവാക്കുന്ന ഈ കാലഘട്ടത്തിൽ മാർക്സിന്റെ സിദ്ധാന്തങ്ങൾ എങ്ങിനെയാണ് പ്രയോഗിക്കപ്പെടുക എന്നത് സുപ്രധാനമായ ഒരു വിഷയമാണ്. ഇത് സംബന്ധിച്ച് ചില നിരീക്ഷണങ്ങൾ കഴിഞ്ഞ ലക്കത്തിൽ നടത്തിയിരുന്നു. അതിന്റെ കുറച്ചുകൂടി സൂക്ഷ്മതലത്തിലുള്ള അന്വേഷണമാണ് ഇവിടെ നടത്താൻ ശ്രമിക്കുന്നത്.

മുതലാളിത്തത്തിന് അതിന്റെ ആഭ്യന്തര വൈരുധ്യങ്ങളിൽ നിന്ന് ഒരിക്കലും പുറത്തുകടക്കാനാവില്ല എന്നതാണ് മാർക്സിന്റെ ഉറച്ച നിരീക്ഷണം. അങ്ങിനെയെങ്കിൽ എന്തുകൊണ്ട് മുതലാളിത്തം ഇതുവരെ തകർന്നില്ല എന്ന ചോദ്യം വലതുപക്ഷ രാഷ്ട്രീയ ചിന്തകർ പൊതുവെ ഉയർത്താറുണ്ട്. കടുത്ത വൈരുധ്യങ്ങൾ നിറഞ്ഞതാണ് മുതലാളിത്തം എന്നതുകൊണ്ട് ആ വ്യവസ്ഥയും അതിനെ താങ്ങിനിർത്തുന്ന രാഷ്ട്രീയ സംവിധാനങ്ങളും സ്വാഭാവികമായി തകർന്നടിയും എന്ന നിഗമനത്തിൽ എത്തിച്ചേരേണ്ടതില്ല. സ്വയം സൃഷ്ടിച്ച ആഭ്യന്തര വൈരുധ്യങ്ങളെ മുറിച്ചുകടക്കാൻ അത് ചരിത്രത്തിലുടനീളം പല മാർഗങ്ങളും തേടിയിട്ടുണ്ട് – മാനവചരിത്രത്തിലെ ഏറ്റവും നിഷ്ഠുരമായ കൊളോണിയൽ അധിനിവേശങ്ങളും, കൊടും ക്രൂരതകൾ നിറഞ്ഞ ലോക യുദ്ധങ്ങളും തുടങ്ങി നിയോ ലിബറൽ ചൂഷണ മാർഗങ്ങൾവരെ. അത് വേറൊരു വിഷയമായതുകൊണ്ട് അതിലേക്ക് ഇവിടെ ദീർഘമായി കടക്കുന്നില്ല. പക്ഷേ മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങളെ സാങ്കേതികമായി വിലയിരുത്താതെ നാം ആദ്യം ഉന്നയിച്ച സമസ്യകൾക്ക് ഉത്തരം കണ്ടെത്താനാവില്ല.

അമിതോല്പാദനവും ലാഭനിരക്ക് ഇടിയാനുള്ള പ്രവണതയുമാണ് മുതലാളിത്തത്തെ പ്രതിസന്ധിയിലേക്ക് തള്ളിനീക്കുന്ന സ്വാഭാവികമായ കാര്യങ്ങൾ. എന്താണ് അമിതോല്പാദനം? എന്തുകൊണ്ടാണ് അമിതോല്പാദനം ഉണ്ടാകുന്നത്? ഉല്പാദിപ്പിക്കപ്പെടുന്ന ചരക്കുകൾ കമ്പോളത്തിൽ വിറ്റഴിക്കപ്പെടാതെ കിടക്കുമ്പോഴാണ് അമിതോല്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. എന്തുകൊണ്ടാണ് ചരക്കുകൾ വിറ്റഴിക്കപ്പെടാതിരിക്കുന്നത്? ചരക്കുകൾ വാങ്ങാൻ അധ്വാനിക്കുന്ന ജനങ്ങളുടെ കൈവശം കാശില്ലാതെ വരുമ്പോൾ. ഇത്തരമൊരവസ്ഥയുടെ കാരണമെന്താണ് ? കഴിഞ്ഞ ലക്കത്തിൽ ഇത് സംബന്ധിച്ച ഒരു സമവാക്യം നാം പരിചയപ്പെട്ടു. C= c+v+s. ഇതിനെ ഇങ്ങനെയും പറയാം: ഉല്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളുടെ മൂല്യം= സ്ഥിരമൂലധനത്തിന്റെ മൂല്യം + അസ്ഥിര മൂലധനത്തിന്റെ വില + മിച്ചമൂല്യം. ഈ സമവാക്യത്തിലെ അവസാനത്തെ രണ്ടു ഘടകങ്ങളും തൊഴിലാളിയുടെ അധ്വാനവുമായി ബന്ധപ്പെട്ടതാണ്, ആവശ്യാധ്വാനത്തിന്റെ വിലയായി നൽകുന്ന കൂലിയും (v) തൊഴിലാളിയുടെ അധ്വാനത്തിൽ നിന്നും കവർന്നെടുക്കുന്ന മിച്ചമൂല്യവും (s). കമ്പോളത്തിൽ ക്രയവിക്രയം ചെയ്യാനുള്ള ശേഷിയുടെ പരിമിതിയെക്കൂടിയാണ് കൂലി അഥവാ v- സൂചിപ്പിക്കുന്നത്. പ്രധാന ഉപഭോക്താക്കളായ അധ്വാനിക്കുന്ന ജനങ്ങളുടെ കൈവശമുള്ള കാശ് എല്ലായ്‌പ്പോഴും ഉല്പാദിപ്പിക്കപ്പെടുന്ന ചരക്കുകളുടെ മൂല്യത്തേക്കാൾ കുറവായിരിക്കും. ചരക്കുകൾ കുമിഞ്ഞുകൂടിക്കൊണ്ടേയിരിക്കും; അത് സാമ്പത്തിക മാന്ദ്യത്തിനും സാമ്പത്തിക കുഴപ്പങ്ങൾക്കും ഇടയാക്കുകയും ചെയ്യും. (2008ലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ തേടി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് മാർക്സിന്റെ മൂലധനം വായിച്ചത് വലിയ വാർത്തയായിരുന്നത് ഓർക്കുക).

അതുകൊണ്ടുതന്നെ മിച്ചമൂല്യം അഥവാ s കുമിഞ്ഞുകൂടിക്കൊണ്ടേയിരിക്കും. മുതലാളിയുടെ കൈവശം വന്നുചേരുന്ന ഈ മിച്ചമൂല്യത്തിൽ നിന്നാണ് പുതിയ യന്ത്രോപകരണങ്ങൾ വാങ്ങാനും പുത്തൻ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും ആവശ്യമായ പണം മുതലാളിമാർക്ക് കരഗതമാകുന്നത്. 5000 കോടിയിലധികം മുടക്കി വിവാഹമാമാങ്കങ്ങൾ നടത്താനും ആവശ്യമായ പണം മുതലാളിമാർക്ക് ലഭിക്കുന്നത് അങ്ങനെയാണ്‌.

നിരന്തരം വികസിക്കുന്ന പ്രതിഭാസമാവുക എന്നത് മുതലാളിത്തത്തിന്റെ അടിസ്ഥാനസ്വഭാവമായി മാറിത്തീരുന്നത് ഇങ്ങിനെയാണ്. മറ്റു മുതലാളിമാരുമായുള്ള കഴുത്തറുപ്പൻ മത്സരം ഇതിന് വഴിയൊരുക്കുകയും ചെയ്യുന്നു. ഉല്പാദനക്ഷമത കൂട്ടിക്കൊണ്ട് ഈ പ്രതിസന്ധി തരണംചെയ്യാനാണ് മുതലാളിമാർ ഇപ്പോഴും ശ്രമിക്കുന്നത്. ഉല്പാദനക്ഷമത കൂട്ടുക എന്നുപറഞ്ഞാൽ എന്താണ്? നേരത്തെ ഒരുത്പന്നം നിർമിക്കാനാവശ്യമായ ചെലവിനേക്കാൾ കുറഞ്ഞ തുകയ്ക്ക് അത് നിർമിക്കുക. ഇതെങ്ങിനെ സാധ്യമാക്കും. ഇതിന് പല വഴികളുണ്ട്. ചൂഷണ നിരക്ക് വർധിപ്പിക്കുക. അതായത് ജോലിസമയം കൂട്ടുക, കൂലിയിനത്തിൽ തൊഴിലാളികൾക്ക് നൽകുന്ന തുകയിൽ കുറവുവരുത്തുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുക. ആദ്യകാലത്ത് മുതലാളിത്തരാജ്യങ്ങൾ പതിവായി ചെയ്യാൻ ശ്രമിച്ച ഒരു കാര്യമാണ് ജോലിസമയം വർധിപ്പിക്കുക എന്നത്. പിന്നീട് തൊഴിലാളികൾ സംഘടിതരായി അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതിനു ശേഷമാണ് ജോലി സമയം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ മുതലാളിത്ത ലോകത്ത് അവസാനിക്കുന്നത്. ഈ പ്രത്യക്ഷ ചൂഷണം അവസാനിച്ചു എന്ന് നാം കരുതിയിരിക്കുമ്പോഴാണ് ബാംഗ്ളൂരിൽ ഐ ടി തൊഴിലാളികളുടെ തൊഴിൽസമയം 14 മണിക്കൂറായി ഉയർത്താനുള്ള നിയമങ്ങൾ വീണ്ടും രംഗപ്രവേശം ചെയ്യുന്നത്.

ഒരുല്പന്നം നിർമിക്കാനാവശ്യമായ കൂലിച്ചെലവിൽ കുറവുവരുത്തുക എന്നതാണ് ഉത്പാദനക്ഷമത കൂട്ടാനുള്ള മറ്റൊരു വഴി. എന്നു പറഞ്ഞാൽ ഒന്നുകിൽ ഒരുല്പന്നം നിർമിക്കാനാവശ്യമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ കൂലികുറയ്ക്കുക അതല്ലെങ്കിൽ അവരുടെ എണ്ണം കുറയ്ക്കുക. പ്രത്യക്ഷകൂലിയിൽ കുറവ് വരുത്തുക ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല. പക്ഷേ സാങ്കേതികവിദ്യകളുടെ കുതിച്ചുചാട്ടത്തിന്റെ ഈ കാലത്ത് തൊഴിലാളികളുടെ അളവിൽ കുറവുവരുത്തുക താരതമ്യേന എളുപ്പമാണ്. അതിനാൽ ആ മാർഗ്ഗമാണ് പൊതുവെ എല്ലാവരും അവലംബിച്ചു പോരുന്നത്. നേരത്തെ 10 തൊഴിലാളികൾ ചേർന്നു ചെയ്തിരുന്ന പ്രവൃത്തി ചെയ്യാൻ 2 പേർ മതിയാകുമെന്ന സാഹചര്യം ഉണ്ടാകുന്നത് ഇങ്ങിനെയാണ്. ഇനി തൊഴിലാളികളേ വേണ്ട എന്ന രീതിയിൽ നിർമ്മിതബുദ്ധിയെയും റോബോട്ടിക്സിനെയുമൊക്കെ കൂട്ടിയിണക്കിയുള്ള ഉല്പാദന ശ്രമങ്ങളും പല മേഖലകളിലും സജീവമായി വരുന്നുണ്ട്.

ഓട്ടോമേഷൻ എന്ന ഓമനപ്പേരിൽ നാം വിളിക്കുന്ന ഈ പ്രക്രിയയെ മാർക്സ് അന്നത്തെ കാലത്തുതന്നെ വളരെ ആഴത്തിൽ വിശകലനം ചെയ്തിരുന്നു. യന്ത്രങ്ങളാകുന്ന സ്ഥിരമൂലധനവും അധ്വാനശേഷിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട അസ്ഥിര മൂലധനവും തമ്മിലുള്ള അനുപാതത്തെ (c/v-) മൂലധനത്തിന്റെ ജൈവഘടന (Organic composition of capital) എന്ന് മാർക്സ് വിളിച്ചു. കൂടുതൽ കൂടുതൽ യന്ത്രങ്ങൾ ഉല്പാദനപ്രക്രിയയിൽ ഉപയോഗിക്കപ്പെടുമ്പോൾ ഈ അനുപാതം വർദ്ധിക്കും എന്ന് മാർക്സ് ഗണിതശാസ്ത്രപരമായി കാട്ടിത്തന്നു. സ്ഥിരമൂലധനത്തിന്റെ അളവിൽ വരുന്ന വർദ്ധന എങ്ങിനെയാണ് മൂലധനത്തിന്റെ ജൈവഘടനയിൽ വർധനയുണ്ടാക്കുന്നതെന്നും അതെങ്ങനെയാണ് ലാഭനിരക്ക് ഇടിയ്ക്കുന്നതെന്നും താഴെപ്പറയുന്ന പട്ടിക കാണിച്ചുതരുന്നു.

മൂലധനത്തിന്റെ ജൈവഘടനയും ലാഭനിരക്ക് ഇടിയുന്ന പ്രവണതയും

സ്ഥിര മൂലധനം (c) കൂലി (w) മിച്ചമൂല്യം (s) അസ്ഥിര മൂലധനം (w +s ) c/v ലാഭനിരക്ക് s/(c+v)
1000 40 60 100 10 0.05
1500 40 60 100 15 0.04
2000 40 60 100 20 0.03
2500 40 60 100 25 0.02
3000 40 60 100 30 0.02
3500 40 60 100 35 0.02
4000 40 60 100 40 0.01
4500 40 60 100 45 0.01
5000 40 60 100 50 0.01
5500 40 60 100 55 0.01
6000 40 60 100 60 0.01

മിച്ചമൂല്യത്തിന്റെ ഉറവിടം തൊഴിലാളിയുടെ അധ്വാനശേഷിയാണ് എന്നും യന്ത്രവൽക്കരണത്തിന്റെ തോത് ലാഭനിരക്ക് ഇടിക്കുമെന്നതുമാണ് മാർക്സിന്റെ ഏറ്റവും മൗലികമായ നിരീക്ഷണങ്ങളിലൊന്ന്. കൂടുതൽ കൂടുതൽ യന്ത്രങ്ങൾ ഉല്പാദനപ്രവർത്തനത്തിൽ ഇടപെടുന്നതോടെ ഈ പ്രക്രിയയ്ക്ക് ആക്കംകൂടുന്നു. പൂർവ്വാർജ്ജിത അധ്വാനശേഷിയുടെ ഉല്പന്നങ്ങളാണ് ഓരോ യന്ത്രവും. ഇവിടെ മിച്ചമൂല്യത്തിന്റെ അഥവാ ലാഭത്തിന്റെ കേന്ദ്രം, നിലവിൽ ഉല്പാദനപ്രവർത്തനം നടക്കുന്ന ഇടത്തുനിന്നും പുറകിലേക്ക് സഞ്ചരിക്കുന്നു. യന്ത്രവൽക്കരണത്തിന്റെ മൂർദ്ധന്യത്തിൽ ഈ കണ്ണികളുടെ നീളംകൂടുന്നു. തത്വത്തിൽ ഒരു തൊഴിലാളിയും നേരിട്ട് ഉല്പാദനപ്രവർത്തങ്ങളിൽ ഏർപ്പെടാതിരിക്കുമ്പോഴും മറ്റേതോ പ്രദേശത്ത്, ഏതോ കാലത്ത് ഈ യന്ത്രങ്ങൾ നിർമ്മിക്കാൻ ചെലവഴിക്കപ്പെട്ട അധ്വാനശേഷി ലാഭത്തിന്റെ ഉറവിടമായി മാറുന്നു. അങ്ങിനെ കാലത്തെയും ദേശത്തെയും മറികടന്നുകൊണ്ട് മൂലധന ചൂഷണം അരങ്ങുവാഴുന്നു. ഈ പ്രക്രിയക്കിടയിൽ വർത്തമാനകാലത്തെ തൊഴിലാളികൾ പലപ്പോഴും നിരായുധരായി മാറുന്നത് നാം കാണുന്നുണ്ട്. കാരണം യന്ത്രങ്ങളുടെ കടന്നുവരവ് തൊഴിലാളിയുടെ ആവശ്യകത ഗണ്യമായി കുറയാൻ ഇടയാക്കുന്നു. ഡിമാൻഡിലെ ഈ ഇടിവ് അധ്വാനശേഷിയെന്ന ചരക്കിന്റെ വിലയിടിവായി പരിണമിക്കുന്നു. തൊഴിലാളിയുടെ സംഘടിതമായ വിലപേശൽശേഷി ഗണ്യമായി കുറയുന്നു. ഞങ്ങളുടെ കുട്ടികളെ നിങ്ങൾ സ്കൂളിൽ കയറ്റിയില്ലെങ്കിൽ നിങ്ങളുടെ പാടങ്ങൾ തരിശുനിലങ്ങളാകുമെന്ന് പണ്ട് അയ്യങ്കാളിക്ക് സധൈര്യം പറയാൻ കഴിഞ്ഞു. കർഷകത്തൊഴിലാളികൾ സംഘടിതരായി നിന്ന് വിലപേശി തങ്ങളുടെ അവകാശങ്ങളും കൂലി വർധനയും നേടി. ഇന്ന് കൊയ്ത്തുയന്ത്രവും മെതിയന്ത്രവും മാത്രമല്ല ഡ്രോണുകളുപയോഗിച്ചുള്ള വിത്തുവിതയ്ക്കലും മരുന്നടിക്കലും സാധാരണമായിക്കഴിഞ്ഞ പാടശേഖരങ്ങൾ ആവശ്യപ്പെടുന്നത് പുതിയ മുദ്രാവാക്യങ്ങളായിരിക്കും; പുതിയ സമരമുറകളായിരിക്കും. കാരണം മുതലാളിത്തത്തിന് അതിന്റെ ഘടനയിൽ അടങ്ങിയിരിക്കുന്ന വൈരുദ്ധ്യങ്ങളെ മറികടക്കാനാവില്ല. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളി, കൂലി വെട്ടിക്കുറയ്ക്കപ്പെട്ട കമ്പോളത്തെ അസ്ഥിരമാക്കും. ഉല്പന്നങ്ങൾ വാങ്ങാൻ ശേഷിയില്ലാത്തപ്പോൾ നിർമ്മാണപ്രവർത്തനങ്ങൾ സ്വാഭാവികമായും നിലയ്ക്കും. ലാഭനിരക്കുകൾ കുത്തനെ ഇടിയും. വിചിത്രമായ ഈ വൈരുധ്യങ്ങളെയാണ് നിർമിതബുദ്ധിയുടെയും യന്തിരന്മാരുടെയും ലോകം കാത്തിരിക്കുന്നത്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − 8 =

Most Popular