ഇക്കണോമിക് നോട്ട്‌ബുക്ക്‐ 71
യന്ത്രമനുഷ്യനെക്കുറിച്ചുള്ള യഥാർത്ഥ മനുഷ്യന്റെ ചിന്തകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പഴംപുരാണങ്ങൾ തൊട്ടിങ്ങോട്ട്, ആദ്യകാല തത്വചിന്തകരടക്കം കൈവെച്ച ഒരു മേഖലയാണിത്.
ബി സി 322 ൽ ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിന്റെ ആലോചനകൾ പോയതിപ്രകാരമാണ്. ‘‘മനുഷ്യർ പറയുന്ന പ്രകാരം കൃത്യമായി പണിയെടുക്കുകയോ, അനുയോജ്യമായ പണികൾ സ്വന്തം നിലയ്ക്ക് ചെയ്യുകയോ ചെയ്യുന്ന ഉപകരണങ്ങൾ ഉണ്ടെങ്കിൽ പ്രധാന പണിക്കാരന് കീഴിൽ പണിയെടുക്കുന്നവരോ, പ്രഭുക്കൾക്ക് അടിമകളോ ആവശ്യമുണ്ടാവില്ല.” കൈകൾ ആട്ടുകയും തലതിരിക്കുകയും ചെയ്യുന്ന റോബോട്ടിന്റെ മോഡൽ 15‐ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡാവിഞ്ചി രൂപപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് അദ്ദേഹം നിരവധി സ്‌കെച്ചുകളും വരച്ചിരുന്നു. കാർലോ ലോറേസി ജീവൻ വെയ്ക്കുന്ന മരപ്പാവയായ പിനോക്കിയോയുടെ കഥയെഴുതുന്നത് 1887ലാണ്. പാലം കടക്കുന്നവരുടെ കരണത്തടിയ്ക്കുന്ന യന്ത്രപ്പാവയെക്കുറിച്ച് നമ്മുടെ പെരുന്തച്ചന്റെ മിത്തുകളിൽ പറയുന്നതും ഇതോട് ചേർത്തുവായിക്കാവുന്നതാണ്. തൊഴിലാളികളുടെ ജീവിതവും തൊഴിൽ സംഘർഷങ്ങളുമൊക്കെ മുൻനിർത്തി വളരെ ഫ്യൂ ച്ചറിസ്റ്റിക് ആയി നിർമിച്ച ഫ്രിറ്റ്സ് ലാങ്ങിന്റെ ക്ലാസിക് സിനിമ മെട്രോപോളിസ്, റോബോട്ടുകളും തൊഴിലും സംബന്ധിച്ച ആദ്യത്തെ ചലച്ചിത്രമാണ്. 1921ലാണ് മെട്രോപോളിസ് പുറത്തിറങ്ങുന്നത്. ഈ ജനുസ്സിൽ പെടുന്ന ചിത്രമാണ്, സമീപകാലത്ത് പുറത്തിറങ്ങിയ രജനികാന്തിന്റെ യന്തിരൻ. നിർമിതബുദ്ധിയുടെ ഈ വർത്തമാനകാലത്ത് നാം ഏറെ ചർച്ച ചെയ്യപ്പെടുന്ന യന്ത്രമനുഷ്യൻ അഥവാ റോബോട്ട്, ഇത്തരത്തിൽ മനുഷ്യന്റെ ചിന്തയെ എക്കാലവും സ്വാധീനിച്ചിരുന്ന ഒരു ആശയമായിരുന്നു.
കേവലം ഭാവനാസൃഷ്ടി അല്ലെങ്കിൽ സയൻസ് ഫിക്ഷൻ കഥാപാത്രം എന്നതിലുപരി, റോബോട്ടുകളെ സംബന്ധിച്ച് പല തലങ്ങളിലുള്ള ചിന്തകൾക്ക് പ്രസക്തയുണ്ട്. മനുഷ്യനെപ്പോലെ രണ്ടുകാലിൽ നടക്കുകയും ഇരിക്കുകയും ജോലികൾ ചെയുകയുമൊക്കെ ചെയ്യുന്ന ഒരു യന്ത്രം നിർമിക്കുക സാങ്കേതികമായി സാധ്യമാണോ എന്നതാണ് ഇത് സംബന്ധിച്ചുയരുന്ന ആദ്യത്തെ ചോദ്യം. ഇവിടെ ആകാരത്തിന് ഒരു പ്രത്യേക പ്രധാന്യം കൈവരുന്നതെന്തുകൊണ്ട് എന്നതും ആലോചിക്കേണ്ട ഒരു വിഷയമാണ്. ഒരു യന്ത്രത്തിന് മനുഷ്യരൂപം പകർന്നുതരേണ്ട കാര്യമെന്ത് എന്നതാണ് ഇതിനനുബന്ധമായി ഉയർത്താവുന്ന ഒരു ചോദ്യം. മനുഷ്യന്റെ വികാരങ്ങളുള്ള ഒരു യന്ത്രമനുഷ്യന്റെ സാധ്യതയാണ് മറ്റൊരു വിഷയം. യന്തിരൻ സിനിമയിലെ ഒരു പ്രധാന വിഷയം ഇതായിരുന്നുവല്ലോ. പ്രേമിക്കപ്പെടാൻ ആഗ്രഹിക്കുന്ന യന്ത്രമനുഷ്യൻ, പ്രതികാര വാഞ്ചയുള്ള യന്ത്രമനുഷ്യൻ എന്നിങ്ങനെ ഈ സിനിമ മനുഷ്യ മനസിന്റെ പല ഭാവങ്ങളെയും യന്ത്രമനുഷ്യനിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. മനുഷ്യനെ മനുഷ്യനാക്കുന്ന സാമൂഹിക ജീവിതം യന്ത്രമനുഷ്യന് സാധ്യമാണോ എന്ന മൗലിക ചോദ്യത്തിലേക്ക് ഇവിടെ കഥ മെനയുന്നവർ കടക്കുന്നില്ല. മനുഷ്യന്റെ വികാരപ്രപഞ്ചങ്ങളുടെയെല്ലാം ഉറവിടം ഈ സാമൂഹിക ജീവിതമാണ് . സാമൂഹിക ജീവിതത്തിൽ നിന്നും മനുഷ്യന് ലഭിച്ച ഭാഷ പോലുള്ള സവിശേഷ സിദ്ധികളെ യന്ത്രമനുഷ്യനിലേക്ക് പകർത്താൻ നടത്തിയ ശ്രമങ്ങൾ സമീപകാലത്ത് കൂടുതൽ വിജയങ്ങൾ നേടിയിട്ടുണ്ട്.ഇത്തരത്തിൽ പല തലങ്ങളിലേക്ക് വികസിക്കുന്ന കഥയാണ് യന്ത്രമനഷ്യന്റേത്. അത്തരം അന്വേഷണങ്ങളിലേക്ക് കടക്കുക ഈ ലേഖനത്തിന്റെ പരിധിയ്ക്ക് പുറത്താണ്. ഇവിടെ നാം ഉത്തരം തേടാൻ ശ്രമിക്കുന്ന ചോദ്യം, തൊഴിൽമേഖലയിൽ യന്ത്രമനുഷ്യൻ എന്തൊക്കെ മാറ്റങ്ങളാണുണ്ടാക്കാൻ പോകുന്നത് എന്നതാണ്.
ആദ്യം സൂചിപ്പിച്ചതുപോലെ യന്ത്രമനുഷ്യൻ എന്ന ഒരു ആശയം, അല്ലെങ്കിൽ മനുഷ്യരൂപമാർന്ന ഒരു യന്ത്രം എന്തൊക്കെ മാറ്റങ്ങളാണ് തൊഴിൽമേഖലയിൽ ഉണ്ടാക്കാൻ പോകുന്നത് എന്ന ചോദ്യത്തിൽ അടിസ്ഥാനപരമായി ചില പ്രശ്നങ്ങളുണ്ട്. പുതിയ യന്ത്രങ്ങൾ, നാളിതുവരെ മനുഷ്യർ നേരിട്ട് ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളിൽ നിന്നും മനുഷ്യനെ ഒഴിവാക്കുന്ന പ്രക്രിയ വ്യാവസായിക വിപ്ലവത്തിന്റെ കാലത്തുതന്നെ ആരംഭിച്ച ഒന്നാണ്. ആദ്യകാലത്ത് മനുഷ്യന്റെ മസ്സിൽ പവറിനെ പകരംവെയ്ക്കുകയാണ് ഇവ ചെയ്തത്. സ്വന്തം ശരീരശേഷി കൊണ്ട് മനുഷ്യന് എത്തിപ്പിടിക്കാൻ സാധിക്കാതിരുന്ന കരുത്തും വേഗതയും യന്ത്രങ്ങൾ നൽകി. നമ്മുടെ നാട്ടിൽ തന്നെ കാർഷികമേഖലയിൽ കണ്ടുമുട്ടുന്ന പല യന്ത്രങ്ങളും ഇത് വ്യക്തമാക്കിത്തരും. കൊയ്ത്തുയന്ത്രം നല്ല ഉദാഹരണമാണ്. തൊഴിലാളികളെടുക്കുന്നതിനേക്കാൾ ശരാശരി 7.5 മടങ്ങ് വേഗതയിൽ കൊയ്തെടുക്കാനും മെതിക്കാനും ഈ യന്ത്രത്തിനാവുമെന്നാണ് കണക്ക്. കൊയ്ത്തു മാത്രമല്ല ഡ്രോണുകൾ വിതയ്ക്കുകയും വളവും കീടനാശിനികളും പ്രയോഗിക്കുകയുമൊക്കെ ചെയ്യുന്ന നിലയിലേക്ക് സാങ്കേതികവിദ്യകളുടെ പ്രയോഗത്തിൽ താരതമ്യേന പിന്നിൽ നിന്നിരുന്ന നമ്മുടെ കാർഷികമേഖല പോലും പരിണമിച്ചു. നിലമൊരുക്കൽ ഏറെ മുൻപേ തന്നെ യന്ത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മനുഷ്യാധ്വാനത്തെ യന്ത്രങ്ങൾ പകരം വെയ്ക്കുന്ന ചിത്രം പെട്ടെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് കാർഷിക മേഖലയുടെ ഉദാഹരണം പറഞ്ഞത്. വ്യാവസായികമേഖലയുടെ തുടക്കംതന്നെ യന്ത്രങ്ങളോട് കൂടിയാണ്. ഉല്പാദനപ്രക്രിയയിൽ പങ്കെടുക്കുന്ന യന്ത്രങ്ങളും തൊഴിലാളികളും തമ്മിലുള്ള അനുപാതം ക്രമേണ ഉയർന്നുകൊണ്ടേയിരുന്നു എന്നുമാത്രം. ചാപ്ലിന്റെ മോഡേൺ ടൈംസ് ഇത് മനോഹരമായി കാട്ടിത്തരുന്ന ചിത്രമാണ്. പക്ഷേ ഇവിടെയൊന്നും യന്ത്രമനുഷ്യൻ എന്ന ആശയം കടന്നു വരുന്നില്ല. കേവലം യന്ത്രങ്ങൾ മാത്രമാണ് കഥാപാത്രങ്ങൾ.
ആവർത്തന സ്വഭാവമുള്ള ജോലികളാണ് ആദ്യകാലത്ത് യന്ത്രങ്ങളാൽ പകരംവെയ്ക്കപ്പെട്ടത്. നെയ്ത്തുശാലകളിലെയും മറ്റും യന്ത്രവൽക്കരണത്തിന് ആ സ്വഭാവമായിരുന്നു ഉണ്ടായിരുന്നത്. അതുപോലെ കൂടുതൽ കരുത്ത് ആവശ്യമുള്ള മേഖലകളിലേക്കും യന്ത്രങ്ങൾ കടന്നുവന്നു. നമ്മുടെ നാട്ടിലെ തടിമില്ലുകളുടെ ഉദാഹരണമെടുക്കുക. ഒരു ലോഡ് തടി അറുക്കുവാൻ ലോറിയിൽ കൊണ്ടുവന്നാൽ മുൻപത് മില്ലിൽ ഇറക്കുന്നതും അറപ്പു യന്ത്രത്തിന്റെ പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുവെയ്ക്കുന്നതുമൊക്കെ നിരവധി തൊഴിലാളികൾ സമാന്തരമായി പണിയെടുത്തിട്ടായിരുന്നു. ഇന്നാകട്ടെ ഒട്ടുമിക്ക അറുപ്പുമില്ലുകളിലും ഈ പണി ക്രെയ്‌നുകൾ ഏറ്റെടുത്തു കഴിഞ്ഞു. ഏതു കൂറ്റൻ തടിയും അനായാസേന എടുത്തുമാറ്റുവാൻ കഴിവുള്ള യന്ത്രങ്ങളോട് കിടപിടിക്കുവാൻ തൊഴിലാളികളുടെ എത്ര വലിയ സംഘത്തിനുമാകില്ല. യന്ത്രങ്ങൾകൊണ്ട് മനുഷ്യൻ അവന്റെ ശാരീരിക പരിമിതികളെ മറികടക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തത്, ചെയ്തുകൊണ്ടിരിക്കുന്നത്. ഡിജിറ്റൽ കംപ്യൂട്ടറുകളുടെ ആവിർഭാവത്തോടെ മനുഷ്യൻ ബുദ്ധി ഉപയോഗിച്ചു ചെയ്തിരുന്ന തൊഴിലുകൾ യന്ത്രങ്ങളേറ്റെടുത്തു തുടങ്ങി. സർവീസ് മേഖല ആധിപത്യം പുലർത്തുന്ന ഇന്നത്തെ കാലത്ത് ഈ യന്ത്രവൽക്കരണ പ്രക്രിയ പല തലങ്ങളിൽ നടന്നുവരികയാണ്. സങ്കീർണമായ കണക്കുകൂട്ടലുകൾ ആവശ്യമുള്ള ഇടങ്ങളിൽ തുടങ്ങിയതാണ് ഈ പ്രക്രിയ. ഇത്തരത്തിൽ നമ്മുടെ തൊഴിലുകൾ മനുഷ്യരൂപമില്ലാത്ത യന്ത്രങ്ങൾ കൊണ്ടുപോകുന്ന സമ്പ്രദായം ദീർഘകാലമായി നമുക്കിടയിൽ നിലനിന്നുപോന്നിരുന്ന ഒന്നാണ്. നിർമിതബുദ്ധിയുടെ കാലം അതിനകം കൂട്ടി എന്ന് മാത്രം. l
(തുടരും)