പ്രമേയത്തിലും കഥാപാത്രചിത്രീകരണത്തിലും തിരക്കഥയിലും ക്യാമറക്ക് മുന്നിലും പിന്നിലും പുരുഷാധിപത്യം അരങ്ങുവാണിരുന്ന മലയാളസിനിമയുടെ കാലം അസ്തമിച്ചു തുടങ്ങിയോയെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. 2024ലെ ഏതാനും സിനിമകൾ ഉദാഹരണമായി എടുത്തുകാട്ടാനാകും. വ്യക്തമായി സ്ത്രീപക്ഷമെന്ന് പറയാവുന്ന ആട്ടം, ഫെമിനിച്ചി ഫാത്തിമ, ഉള്ളൊഴുക്ക്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്നീ ചിത്രങ്ങൾ മാത്രമല്ല. ഭരതനാട്യം, രാസ്ത, മന്ദാകിനി, വിശേഷം, കിഷ്‌കിന്ധകാണ്ഡം, നുണക്കുഴി, ഗുരുവായൂരമ്പലനടയിൽ തുടങ്ങിയ സാധരണ വാണിജ്യസിനിമകളിൽ പോലും സ്ത്രീപ്രതിനിധാനങ്ങളിൽ സ്ത്രീവിരുദ്ധത കടന്നുവരാതിരിക്കാൻ ശ്രദ്ധിക്കുന്നു.
തിരക്കഥയിലെ ഓരോ വരിക്കിടയിലും ആണാധിപത്യം ചുരമാന്തിയ ഒരു കാലം നമുക്കുണ്ടായിരുന്നു. ചലച്ചിത്രങ്ങളുടെ പേരുകളിൽ തുടങ്ങുന്നു പേശീബലം. രാവണപ്രഭു, ആറാം തമ്പുരാൻ, നാട്ടുരാജാവ്, നരസിംഹം, ദ കിംഗ്, ഹിറ്റ്ലർ, രാക്ഷസരാജാവ്, പ്രജാപതി, രാജാധിരാജ, കമ്മീഷണർ, ദ ടൈഗർ തുടങ്ങി നമ്മുടെ പ്രിയ നടന്മാർക്ക് താരപദവി ചാർത്തികൊടുത്ത സിനിമകളെല്ലാം സ്ത്രീയെ വാർപ്പുമാതൃകയിൽ തളച്ചിട്ടിരുന്നവയാണ്. സർവശക്തരായ, അധികാരകേന്ദ്രങ്ങളായ, എന്തിനുംപോന്ന നായകന്മാരുടെ സ്ത്രീവിരുദ്ധ ഡയലോഗുകൾ കേൾക്കുമ്പോൾ തിയറ്ററിൽ കയ്യടി ഉയരുകയും പ്രേക്ഷകർ ഇളകിമറിയുകയും ചെയ്തിരുന്നു. ‘കാലുമടക്കി തൊഴിക്കാൻ’ ഭാര്യ വേണം എന്നും ‘വെറും പെണ്ണായി പോയത് കൊണ്ട് വെറുതെ വിടുന്നുവെന്നും’ ‘10 മാസം കഴിയുമ്പോൾ വിവരം അറിയുമെന്നും’ ഉള്ള ഡയലോഗുകൾക്ക് ആരാധകരേറെയുണ്ടായിരുന്നു.
വാർപ്പുമാതൃകകളായി ഉത്തമ ഭാര്യയെയും അമ്മയെയും അമ്മായിഅമ്മയെയും കാമുകിയെയും വേഷംകെട്ടിച്ചു നിരത്തിനിർത്തുന്നതിൽ എല്ലാ വിഭാഗം സംവിധായകരും പരസ്പരം മത്സരിച്ചു. കുടുംബിനിയും സർവ്വംസഹയും അല്ലെങ്കിൽ വഞ്ചകിയും വഴക്കാളിയും ആയിരിക്കണം. പരമ്പരാഗത സൗന്ദര്യം സ്ത്രീകഥാപാത്രങ്ങൾക്ക് അനിവാര്യമായും വേണം. ഇതിനൊക്കെ അപവാദങ്ങൾ തെരെഞ്ഞുപിടിക്കാൻ കഴിയുമെന്നത് വിസ്മരിക്കുന്നില്ല. അത്യപൂർവം ശക്തരായ സ്ത്രീകഥപാത്രങ്ങളെ ചൂണ്ടികാണിക്കാനുമാകും. എന്നാലും സ്ത്രീപക്ഷരാഷ്ട്രീയത്തെ തിരിച്ചറിഞ്ഞുകൊണ്ട് ബോധപൂർവം ചലച്ചിത്രങ്ങൾ രൂപപ്പെട്ടു തുടങ്ങിയത് അടുത്ത കാലത്താണ്.
ഒരുപക്ഷേ കേരളത്തിലെ പുതിയ തലമുറയുടെ ബോധനിലവാരത്തിൽ വന്ന മാറ്റമായിരിക്കാം ഇതിനു കാരണം. പ്രേക്ഷകരിലും സംവിധായകരിലും തിരക്കഥാരചയിതാക്കളിലും ഈ മാറ്റത്തിന്റെ വെളിച്ചം കാണാനാകും. പാർവതി തിരുവോത്തും മഞ്ജു വാര്യരും റീമ കല്ലിങ്കലും നായികമാരായ സിനിമകളാണ് സ്ത്രീപക്ഷമായ പുത്തൻ കഥകളുമായി ബോക്സ് ഓഫിസ് വിജയം നേടിയത്. മഞ്ജുവാര്യരെ (ലേഡി )സൂപ്പർ സ്റ്റാർ എന്ന് വിളിക്കാനും മാധ്യമങ്ങൾ ധൈര്യം കാണിച്ചു.
പ്രേക്ഷകരുടെ കയ്യടി ശക്തരായ സ്ത്രീകഥാപാത്രങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ് ഏറ്റവും ശ്ലാഘനീയം . ‘ഫെമിനിച്ചി ഫാത്തിമ’ ക്ക് കിട്ടിയ കരഘോഷം അത്ഭുതപ്പെടുത്തുന്നതാണ്. പുരുഷന്റെ ആധിപത്യപ്രയോഗങ്ങൾ സ്ത്രീ ചോദ്യം ചെയ്യുമ്പോൾ യുവാക്കൾ ആണ് പിന്തുണയ്‌ക്കുന്നത്. ഫാത്തിമയുടെ ഭർത്താവ് ഫാനിടാനും ചെരുപ്പ് എടുത്തുകൊടുക്കാനും വെള്ളമെടുത്തു കൊടുക്കാനും ആവശ്യപ്പെടുന്നത് ഇന്നും നമ്മുടെ കുടുംബങ്ങളിൽ തികച്ചും സ്വാഭാവികമെന്ന പോലെ നടക്കുന്നതാണ്. അതെത്ര മാത്രം അപഹാസ്യമാണെന്ന് ‘ഫെമിനിച്ചി ഫാത്തിമ’ കാണുന്ന മുൻതലമുറയ്‌ക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ആട്ടം മറ്റൊരു സ്ത്രീപക്ഷ സിനിമയാണ്. മനോഹരമായ ആഖ്യാനരീതി അതിനുണ്ട്. ലൈംഗികാതിക്രമത്തെ സൂക്ഷ്മമായി പരിശോധിക്കുകയും അത് സ്ത്രീകളിൽ സൃഷ്ട്ടിക്കുന്ന കഠിനമായ മാനസിക സംഘർഷത്തെ ശരിയായി മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് ഈ സിനിമയുടെ സവിശേഷത. ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും സാധരണ സിനിമകളിൽ ചിത്രീകരിക്കുന്നത് എത്ര അയഥാർത്ഥമായാണെന്ന് ‘ആട്ടം’ ഓർമിപ്പിക്കുന്നു. സ്ത്രീയെ പുരുഷാധിപത്യ നോട്ടത്തിലൂടെ മാത്രം വിലയിരുത്തുമ്പോൾ ബലാത്സംഗം പോലും ഒരു ആഘോഷമായി മാറുന്നതായിരുന്നു മലയാളസിനിമയുടെ മുൻകാല രീതി.
ഉള്ളൊഴുക്ക് സ്ത്രീകളുടെ കർതൃത്വത്തെ ഒരുപരിധി വരെ അംഗീകരിക്കുന്നു. വാർപ്പുമാതൃകയെ ചോദ്യം ചെയ്യുന്ന ഒരു നായികയാണ് ഇതിലുള്ളത്. രണ്ടു സ്ത്രീകളുടെ പാരസ്പര്യവും സ്ത്രീജീവിതങ്ങളുടെ ഉള്ളൊഴുക്കുകളും സങ്കീർണതകളും ആണ് ഇതിന്റെ പ്രമേയം.
ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് പൂർണമായും ഒരു മലയാള സിനിമയെന്ന ഗണത്തിലാവില്ല പലരും ഉൾപ്പെടുത്തുന്നത്. എങ്കിലും രണ്ടു മലയാളി അഭിനേത്രികൾ അഭിനയിക്കുകയും മലയാളി നഴ്‌സുമാരുടെ കഥ പറയുകയും ഭൂരിഭാഗം സംഭാഷണങ്ങളും മലയാളത്തിലാകുകയും ചെയ്യുമ്പോൾ മലയാള സിനിമയായിത്തന്നെ ഇതിനെ പരിഗണിക്കണം. ലോകം മുഴുവനും മലയാളി യുവതികൾ നഴ്‌സുമാരായി സേവനം നടത്തുമ്പോഴും ഇവരുടെ ജീവിതപ്രാരബ്ധങ്ങൾ ചിത്രീകരിക്കാൻ മലയാളിയല്ലാത്ത പായൽ കപാഡിയ വേണ്ടി വന്നു. മൂന്നു സ്ത്രീകളിലൂടെ വികസിക്കുന്ന, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥയാണിത്. പ്രണയവും ലൈംഗികതയും ഒറ്റപ്പെടലും കാത്തിരിപ്പും സംത്രാസങ്ങളുമെല്ലാം സ്ത്രീകളുടെ ഭാഗത്തുനിന്നു കൊണ്ട് വരച്ചുകാട്ടുന്നു പായൽ.
ഇത്തരത്തിൽ പ്രകടമായി സ്ത്രീപക്ഷമല്ലാത്ത സിനിമകളിലും പോസിറ്റിവ് ആയ മാറ്റം കാണാൻ കഴിയുന്നുണ്ട്. പൂർണമായി രാഷ്ട്രീയ ശരിയുടെ ലെൻസിലൂടെ നോക്കിയാൽ ഒരുപാട് അബദ്ധങ്ങൾ ഉണ്ടാകുമെങ്കിലും തിരിച്ചടിക്കുകയും അതിക്രമങ്ങൾ സധൈര്യം നേരിടുകയും സ്വന്തമായി അഭിപ്രായങ്ങൾ സൂക്ഷിക്കുകയും പുരുഷന്മാരുടെ ചില അസംബന്ധങ്ങളിൽ, അജ്ഞതയിൽ അമർഷം കൊള്ളുകയും ചെയ്യുന്നവരാണ് സൂക്ഷ്മദർശിനിയിലെയും ഭരതനാട്യത്തിലെയും വിശേഷത്തിലെയും ഗുരുവായൂരമ്പലനടയിലെയും ബോഗേൻ വില്ലയിലെയും സ്ത്രീകൾ.
തന്റേടത്തോടെ ജീവിതത്തെ നേരിടുന്നവരാണ് ഇന്നത്തെ തലമുറയിലെ സ്ത്രീകൾ. അവർ സിനിമയിലും ഇത്തരം കഥാപാത്രങ്ങളെ കാണാൻ ഇഷ്ടപ്പെടുന്നു. പുതിയ ഭാവുകത്വത്തെ അംഗീകരിക്കുമ്പോൾ മാത്രമേ കലയ്‌ക്കും നിലനിൽപ്പുള്ളൂ. പല കലകളും ഇല്ലാതാകുന്നത് കാലത്തിനൊത്തു നീങ്ങാൻകഴിയാതിരുന്നത് കൊണ്ടാണ്.
ആധുനിക കാലത്തെ ഏറ്റവും ജനപ്രിയമായ കലയായി സിനിമ നിലനിൽക്കണമെങ്കിൽ കാലത്തിനൊത്ത് സ്വയം നവീകരിക്കുക തന്നെ വേണം. l