അമേരിക്കയുടെ ടൈഫൺ മിസൈൽ വിന്യസിച്ചുകൊണ്ട് രാജ്യത്തെ പ്രതിരോധരംഗത്ത് പുതിയ പരിഷ്‌കരണം നടത്താനുള്ള ഫിലിപ്പീൻസ് സർക്കാരിന്റെ തീരുമാനത്തിൽ ആശങ്കയറിയിച്ച് ചൈന. 2024 ഏപ്രിലിൽ അമേരിക്ക ഫിലിപ്പീൻസിൽ വിന്യസിച്ച ടൈഫൺ മിസൈൽ നീക്കംചെയ്യാൻ അന്നുതന്നെ ചൈന ആവശ്യപ്പെടുകയും ഈ നടപടിയെ ശക്തമായി എതിർക്കുകയും ചെയ്‌തിരുന്നതാണ്. അന്ന് അമേരിക്കയും ഫിലിപ്പീൻസും ഒന്നിച്ചവകാശപ്പെട്ടത്, സംയുക്ത ബാലിക്കാത്തൻ പരിശീലനങ്ങൾക്കുവേണ്ടി താൽക്കാലികമായാണ് മിസൈൽ വിന്യസിച്ചതെന്നും 2024 ജൂൺ മാസത്തോടെ അവ രാജ്യത്തുനിന്ന് നീക്കംചെയ്യുമെന്നുമാണ്. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല, തങ്ങളുടെ കാര്യത്തിൽ മൂന്നാമതൊരാൾ അഭിപ്രായം പറയേണ്ടതില്ലായെന്ന നിഷേധപരമായ നിലപാടാണ് ഫിലിപ്പീൻസും അമേരിക്കയും പിന്നീട് സ്വീകരിച്ചത്.
ഇപ്പോൾ സ്വന്തം രാജ്യത്തിന്റെ പ്രതിരോധരംഗത്തെയാകെ അമേരിക്കയ്‌ക്ക് പണയംവെച്ചുകൊണ്ട് ടൈഫൺ മിസൈൽ സംവിധാനം ശക്തിപ്പെടുത്താനുള്ള ഫിലിപ്പീൻസിന്റെ തീരുമാനത്തിൽ ചൈന കൂടുതൽ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ചെയ്‌തത്. 2024 ഡിസംബർ 26ന് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് മൗ നിങ് പ്രസ്‌താവിച്ചത്, മേഖലയിൽ ആയുധപ്പന്തയം കൂടുതൽ രൂക്ഷമാക്കുന്ന തന്ത്രപരവും കുറ്റകരവുമായ നടപടിയാണിതെന്നാണ്. ‘‘ടൈഫൺ മിസൈൽ സംവിധാനത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് അമേരിക്കക്കൊപ്പം നിൽക്കുകയും തങ്ങളുടെ ദേശീയസുരക്ഷയും പ്രതിരോധവും അമേരിക്കയ്‌ക്ക് അടിയറവെക്കുകയും അതുവഴി മേഖലയിൽ ഭൗമരാഷ്‌ട്രീയ ഏറ്റുമുട്ടലും ആയുധപ്പന്തയവും ഉണ്ടാക്കുകയും പ്രാദേശിക സമാധാനത്തിനും സുരക്ഷയ്‌ക്കും ഭീഷണിയുണ്ടാക്കുകയും ചെയ്യുന്ന ഫിലിപ്പീൻ ഗവൺമെന്റിനെ നിങ് ശക്തമായിത്തന്നെ വിമർശിച്ചു. ‘‘ഈ നീക്കം ആരുടെ താൽപര്യത്തെ സംരക്ഷിക്കുവാനാണ്? ഇത് സ്വതന്ത്ര വിദേശനയത്തിന്റെ ഭാഗമാണെന്ന് എങ്ങനെ വിശ്വസിക്കും?’’‐ നിങ് ചോദിക്കുന്നു.
തെക്കുകിഴക്കെ ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസ് പടിഞ്ഞാറ് ദക്ഷിണ ചൈനാ സമുദ്രവുമായും കിഴക്ക് ഫിലിപ്പീൻ സമുദ്രവുമായും തെക്ക് സെലിബസ് (Celebes) സമുദ്രവുമായും ചുറ്റപ്പെട്ടുകിടക്കുന്ന 7641 ദ്വീപുകൾ ചേർന്നതാണ്. തെക്കുപറിഞ്ഞാറ് ഭാഗത്ത് ചൈനയുമായി അതിർത്തി പങ്കിടുന്ന ഫിലിപ്പീൻസിലെ അതിർത്തിമേഖലയിൽ അമേരിക്കൻ നിയന്ത്രിത മിസൈലുകൾ സ്ഥാപിക്കുന്നതിലൂടെ ചൈനയ്‌ക്കു വലിയ സുരക്ഷാഭീഷണി ഉണ്ടാക്കുകയും മേഖലയിൽ നിരന്തരമായ ഭൗമരാഷ്‌ട്രീയ സംഘർഷങ്ങൾ സൃഷ്ടിക്കുകയുമാണ് അമേരിക്കയുടെ ലക്ഷ്യം. ചൈനയെ വളയുക, ആക്രമിച്ചു ശിഥിലമാക്കുക എന്നത് അമേരിക്കയുടെ വ്യവസ്ഥാപരമായ ലക്ഷ്യമാണല്ലോ. ലോക്‌ഹീഡ് മാർട്ടിൻ വികസിപ്പിച്ചെടുത്ത ടൈഫൺ എന്ന മിസൈൽ സംവിധാനം അമേരിക്ക കൈപ്പറ്റുകയായിരുന്നു. ഏതാണ്ട് 480 കെഎം വരെയുള്ള അണുവായുധശേഖരവും മറ്റ് പരമ്പരാഗത ആയുധവും ഒരുപോലെ താങ്ങാൻ കഴിയുന്ന ഈ മിസൈൽ ദക്ഷിണ ചൈനാ സമുദ്രത്തിലെ ദ്വീപുകളുടെ കാര്യത്തിൽ ചൈനയും ഫിലിപ്പീൻസുമായുള്ള തർക്കത്തെ മുതലെടുത്തുകൊണ്ട് ഫിലിപ്പീൻസുമായി സൈനിക സഹകരണപാത തുറക്കുകയായിരുന്നു അമേരിക്ക. ചൈനയെ ലക്ഷ്യമിട്ടുകൊണ്ട് അമേരിക്ക ഈ മേഖലയിൽ സ്വാധീനം വർപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രാദേശിക രാജ്യങ്ങളെയും അവിടത്തെ ജനങ്ങളെയും കണക്കിലെടുക്കണമെന്നും സാധ്യമായത്രയും വേഗം തെറ്റായ ചെയ്‌തികൾ അവസാനിപ്പിക്കണമെന്നും എത്രയുംവേഗം ടൈഫൺ മിസൈൽ സംവിധാനം നീക്കംചെയ്യണമെന്നും ഫിലിപ്പീൻസ് ഗവൺമെന്റിനോട് ചൈന ആവശ്യപ്പെടുന്നു.
‘‘എവിടെയൊക്കെ അമേരിക്ക ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടോ, അവിടെയൊക്കെ യുദ്ധത്തിന്റെ സാധ്യതയും സംഘർഷവും രൂക്ഷമാവുകയും ആ യുദ്ധത്തിന്റെ അപ്രതീക്ഷിത ദുരിതം ചെന്നുപതിക്കുന്നത് സാധാരണക്കാരായ തദ്ദേശീയ ജനങ്ങളിലാണെന്നും’’ പറയുന്ന ചൈന ഇക്കാരണം കൊണ്ടുതന്നെ ഫിലിപ്പീൻസിൽനിന്ന് പുറത്തുപോകണമെന്ന് അമേരിക്കയോട് ആവശ്യപ്പെടുന്നു. l