Friday, January 10, 2025

ad

Homeസിനിമറോസാപ്പു കൈയിൽ തുപ്പാക്കി വിളയാട്ട്‌

റോസാപ്പു കൈയിൽ തുപ്പാക്കി വിളയാട്ട്‌

കെ എ നിധിൻ നാഥ്‌

ഖ്യാനത്തിലും കഥപറച്ചിലിലും പുതിയ മാനങ്ങൾ സൃഷ്ടിച്ചുവെന്നതാണ്‌ റൈഫിൾ ക്ലബിലൂടെ ആഷിക്‌ അബു സാധ്യമാക്കിയ മികവ്‌. ഒറ്റവരിയിൽ പറഞ്ഞാൽ തീരുന്ന ഒരു കഥയെ രണ്ട്‌ മണിക്കൂറിനടുത്തുള്ള ശബ്ദ–-ദൃശ്യ അനുഭവമാക്കി മാറ്റുന്ന സംവിധായകന്റെ ക്രാഫ്‌റ്റ്‌മാൻഷിപ്പ്‌ അടിമുടി നിറഞ്ഞ്‌ നിൽക്കുന്ന പടമാണ്‌ റൈഫിൾ ക്ലബ്‌. ആഷിക്‌ അബു ഓരോ സിനിമകളും ഓരോ ജോണറിലാണ്‌ ഒരുക്കിയിട്ടുള്ളത്‌. വ്യത്യസ്ഥ പരിസരങ്ങളും ഘടനയുമാണ്‌ ഓരോ ചിത്രങ്ങളും. ഡാഡി കൂൾ മുതൽ പിന്തുടരുന്ന ആ സ്വയം ആവർത്തിക്കാതിരിക്കാനുള്ള മിടുക്ക്‌ ഇവിടെയുമുണ്ട്‌.

വയനാട്‌ ബത്തേരിയിലെ റൈഫിൾ ക്ലബിലേക്ക്‌ കടന്ന്‌ വരുന്ന ഒരു സംഘവും അവരെ പ്രതിരോധിക്കാനുള്ള ക്ലബ്‌ അംഗങ്ങളുടെ പരിശ്രമവുമാണ്‌ ചിത്രം. പൂർണമായും തിയറ്റർ എക്‌സ്‌പീരിയൻസ്‌ എന്ന സാധ്യതയെ അടിത്തറയാക്കി നിർത്തിയാണ്‌ ചിത്രം ഒരുക്കിയിട്ടുള്ളത്‌. കഥയ്‌ക്കപ്പുറം കാഴ്‌ചയിൽ നിന്ന്‌ ലഭിക്കുന്ന അനുഭൂതിയിലാണ്‌ ഊന്നൽ. ത്രില്ലർ ഘടനയ്‌ക്കപ്പുറം മൊമന്റ്‌സുകളിലാണ്‌ സിനിമയുടെ നിലനിൽപ്പ്‌. അതിനായി ഓരോ ഘട്ടത്തിലും പ്രേക്ഷകന്‌ ഹൈ നൽകുന്ന നിമിഷങ്ങൾ കൃത്യമായി സന്നിവേശിപ്പിക്കുന്ന എഴുത്തിന്റെ മിടുക്ക്‌ കൂടിയാണ്‌ റൈഫിൾ ക്ലബ്‌. ശ്യാം പുഷ്‌കർ, ദിലീഷ്‌ കരുണാകരൻ, സുഹാസ്‌ എന്നിവർ ചേർന്നാണ്‌ തിരക്കഥ ഒരുക്കിയത്‌. റെക്‌സ്‌ വിജയന്റെ സംഗീതത്തെക്കൂടി പ്രയോജനപ്പെടുത്തി രംഗങ്ങളെ ഉയർത്തുന്ന രീതിയിലാണ്‌ കഥപറച്ചിൽ.

അനുരാഗ്‌ കശ്യപ്‌, റാപ്പർ ഹനുമാൻ കൈൻഡ്‌ എന്നിവരെ അഭിനേതാവായി എത്തിച്ചു. വാണി വിശ്വനാഥിന്റെ തിരിച്ച്‌ വരവ്‌. സംവിധായകർ അഭിനേതാക്കൾ ഇങ്ങനെ ഒരുപാട്‌ പ്രത്യേകതകൾ നിറഞ്ഞ കാസ്റ്റിങ്ങാണ്‌ ചിത്രത്തിന്റേത്‌. ആഷികിന്റെ വാക്കുകളിൽ പറഞ്ഞാൽ എല്ലാവരും കൂടിച്ചേർന്ന്‌ സന്തോഷത്തോടെ ചെയ്‌ത ഒരു പടം‐ അതാണ്‌ റൈഫിൾ ക്ലബ്‌. എല്ലാവരും കൂടി ഒരു പടം എന്ന ആശയത്തിൽ ചെയ്‌തതാണ്‌ ചിത്രമെന്ന്‌ അണിയറ പ്രവർത്തകർ പറയുമ്പോഴും ആ ഒത്തുച്ചേരലിൽ നിന്ന്‌ പ്രേക്ഷകന്‌ ലഭിച്ചത്‌ മികച്ച സിനിമാ അനുഭവമാണ്‌. സിനിമയുടെ വലുപ്പം കൂടാനും പ്രചാരണ ആയുധമായി സ്‌ക്രീനിലും അണിയറയിലുമുള്ള വലിയ കൂട്ടുകെട്ടിനെ ചുരുക്കിയിട്ടില്ല. സാങ്കേതികതയിലെ മികച്ച സാധ്യതകൾ കൃത്യമായ മീറ്ററിൽ ഉപയോഗപ്പെടുത്തിയും കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായ വ്യക്തിത്വം നൽകിയുമാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌.

ഇട്ടിയാനമായി വാണി വിശ്വനാഥ്, ദിലീഷ് പോത്തന്റെ സെക്രട്ടറി അവറാന്‍, വിജയരാഘവൻ അവതരിപ്പിക്കുന്ന കുഴിവേലി ലോനപ്പൻ, സുരേഷ് കൃഷ്ണയുടെ ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ, വിഷ്ണു ആഗസ്ത്യയുടെ ഗോഡ്ജോ, ഉണ്ണിമായയുടെ സൂസൻ, ദർശന രാജേന്ദ്രന്റെ കുഞ്ഞുമോൾ, പൊന്നമ്മ ബാബു അവതരിപ്പിക്കുന്ന ശോശ തുടങ്ങിയ റൈഫിൾ ക്ലബ് അംഗങ്ങളെ ഓരോരുത്തരായി പരിചയപ്പെടുത്തിയാണ്‌ സിനിമ തുടങ്ങുന്നത്‌. 15മിനിറ്റിനടുത്ത്‌ എടുത്ത്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനൊപ്പം കഥാരീതിയെയും സിനിമയുടെ ഘടനയെയും സ്ഥാപിച്ചെടുക്കുന്നുണ്ട്‌. ഇതിനൊപ്പം തന്നെ മംഗലാപുരം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ആയുധ വ്യാപാരിയായ ദയാനന്ദിനെയും സംഘത്തെയും കഥാഘടനയിലേക്ക്‌ കടത്തിവിടുന്നുണ്ട്‌. അനുരാഗ്‌ കശ്യപ്‌ ദയാനന്ദാകുമ്പോൾ മകനായി ഹനുമാൻ കൈൻഡും അനുയായിയായി കന്നട സംവിധായകൻ നടേശ്‌ ഹെഗ്‌ഡെയും വരുന്നുണ്ട്‌. 25ലധികം വരുന്ന പ്രധാന കഥാപാത്രങ്ങൾ അടങ്ങുന്ന ഒരു ലോകം സൃഷ്ടിച്ചെടുത്ത്‌ അതിലേക്ക്‌ പ്രേക്ഷകനെ കൂടി ഭാഗമാക്കിയാണ്‌ മുന്നോട്ട്‌ പോകുന്നത്‌.

വിനീത്‌ കുമാർ, റാഫി, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സെന്ന ഹെഡ്‌ഗേ, രാമു, നിയാസ് മുസലിയാർ, സജീവ് കുമാർ, പിരമൾ ഷായിസ്, കിരൺ പീതാംബരൻ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ് തുടങ്ങി വലിയ നിര അഭിനേതാക്കളും സിനിമയിലുണ്ട്‌. സംവിധായകൻ, നിർമാതാവ്‌ എന്നീ നിലകളിൽ മികച്ച്‌ നിൽക്കുന്ന ആഷിക്‌ അബു ഛായാഗ്രാഹകനായുള്ള അരങ്ങേറ്റവും മികച്ചതാക്കി. സിനിമയുടെ റെട്രോ സ്‌‌റ്റൈൽ ദൃശ്യങ്ങളിലും വസ്‌ത്രങ്ങളിലുമടക്കം കൊണ്ടുവന്നിട്ടുണ്ട്‌.

കഥാപാത്രങ്ങൾക്കെല്ലാം സിനിമയിൽ സ്വാധീനം ഉണ്ടാക്കുന്നുണ്ട്‌. അത്തരത്തിൽ ഒരു രംഗമെങ്കിലും എല്ലാവർക്കുമായി കരുതിവച്ചിട്ടുമുണ്ട്‌. കഥാപാത്രങ്ങളുടെ സ്വാഗാണ് സിനിമയുടെ മറ്റൊരു മേന്മ. എല്ലാവർക്കും അവരുടെ കഥാപാത്ര സ്വഭാവത്തിനോട്‌ ചേർന്ന്‌ നിൽക്കുന്ന തരത്തിൽ സ്വാഗ്‌ സൃഷ്ടിച്ചിട്ടുണ്ട്‌. വളരെ കുറവ്‌ സംഭാഷണങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. അതിൽ അധികവും വൺ ലൈനുകളാണ്‌. പഞ്ച്‌ ഡയലോഗായും തമാശ കലർന്ന കൗണ്ടറുകളായും ആസ്വാദനതലത്തിന്റെ രസച്ചരട്‌ മുറിയാതെ കൃത്യമായി സന്നിവേശിപ്പിച്ചിട്ടുണ്ട്‌. രൂപകങ്ങളുടെ ഉപയോഗവും എടുത്ത്‌ പറയേണ്ടതാണ്‌. വയലൻസിന്‌ വേണ്ടി എന്ന്‌ പറയാനായി സൃഷ്ടിക്കുന്ന ഗിമ്മിക്കിന്‌ നിൽക്കാതെ കഥാഘടന ആവശ്യപ്പെട്ട കാഴ്‌ചാലോകം ഒരുക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. ദൈർഘ്യമേറിയ വെടിവയ്‌പ്പ്‌ രംഗങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. അതിനാൽ തന്നെ വയലൻസ്‌ സ്വാഭാവികമായും കടന്ന്‌ വരുന്നുണ്ട്‌. എന്നാൽ സൗന്ദര്യാത്മകതയെ തെല്ലും അലോസരപ്പെടുത്താതെ എല്ലാ ഘടങ്ങളെയും അവതരിപ്പിച്ചുവെന്നതിന്‌ കയ്യടിച്ചേ മതിയാകു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 + ten =

Most Popular