ഇക്കണോമിക് നോട്ട്‌ബുക്ക്‐ 72
1896ൽ ലൂമിയർ സഹോദരന്മാർ പാരിസിൽ നടത്തിയ ആദ്യ ചലച്ചിത്ര പ്രദർശനത്തെക്കുറിച്ചുള്ള രസകരമായ ഒരു കഥയുണ്ട്. മുന്നിലേക്ക് കുതിക്കുന്ന ഒരു ട്രെയിനിന്റെ ദൃശ്യമായിരുന്നു അവർ പ്രദർശിപ്പിച്ചത്. തങ്ങളുടെ നേരെ പാഞ്ഞുവരുന്ന ട്രെയിൻ കണ്ട പ്രേക്ഷകർ ഇരിപ്പിടങ്ങളിൽ നിന്നും എണീറ്റോടിയത്രെ. ഏതളവുവരെ സത്യം ഈ കഥയിലുണ്ട് എന്നുറപ്പില്ല. എങ്കിലും ഇത് സൂചിപ്പിക്കുന്ന ഒരു സുപ്രധാന വസ്തുതയുണ്ട്: എല്ലാ പുതിയ സാങ്കേതികവിദ്യകളെയും അല്പമൊരാശങ്കയോടുകൂടിയാണ് എക്കാലവും മനുഷ്യർ കണ്ടിരുന്നത്. അതിൽ ഭയവും അമ്പരപ്പും ആശങ്കകളും എല്ലാം ഉണ്ടായിരുന്നു. തീ മുതൽ ആണവനിലയം വരെയുള്ള എല്ലാ സാങ്കേതികവിദ്യകളുടെയും ചരിത്രം ഇത് പങ്കുവെയ്ക്കുന്നുണ്ട്.
ഹിന്ദ് സ്വരാജിൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തി ഗാന്ധിജി ഉയർത്തുന്ന ആശങ്കകൾ നോക്കുക.
Machinery is the chief symbol of modern civilization; it represents a great sin.
The workers in the mills of Bombay have become slaves….. Machinery is like a snake-hole which may contain from one to a hundred snakes. Where there is machinery there are large cities; and where there are large cities, there are tram-cars and railways, and there only does one see electric light.
കൊളോണിയൽ നുകത്തിനു കീഴിൽ ലോകരാഷ്ട്രങ്ങളെ അകപ്പെടുത്തിയ യൂറോപ്യൻ നാഗരികതയോടുള്ള പ്രതിഷേധമായി ഗാന്ധിജിയുടെ ഈ പരാമർശങ്ങളെ വ്യാഖാനിക്കാറുണ്ടെങ്കിലും സാങ്കേതികവിദ്യകളോടുള്ള വിപ്രതിപത്തി ഇതിലുടനീളം പ്രതിഫലിക്കുന്നുണ്ട്. നിർമിതബുദ്ധിയെയും റോബോട്ടിക്സിനെയും കുറിച്ച് ഇന്ന് നടക്കുന്ന ചർച്ചകളിലും നവീന സാങ്കേതികവിദ്യകളോടുള്ള മനുഷ്യന്റെ ആശങ്കകൾ കാണാം.
മനുഷ്യനെക്കാളും ബുദ്ധിയും വിശകലന പ്രാപ്തിയും വിവരവും കൈമുതലായുള്ള യന്ത്രങ്ങൾ, അതും രൂപത്തിലും ഭാവത്തിലും മനുഷ്യന് സമാനമായവ ഈ ലോകത്തിലേക്ക് കടന്നുവരുന്നതിനെക്കുറിച്ച് ബഹുതലസ്പർശിയായ ചർച്ചകൾ നടന്നുവരികയാണ്. Anthropocentric അഥവാ മനുഷ്യകേന്ദ്രീകൃതമായ ഒരു ലോകത്തിന് ഇത് അവസാനം കുറിക്കുമോ, മനുഷ്യനുമാത്രം സാധ്യമായിരുന്ന സർഗാത്മക പ്രവൃത്തികൾ ഈ യന്ത്രങ്ങൾ ഏറ്റെടുക്കുമോ, സ്വന്തം വികാരവിചാരങ്ങൾ പങ്കുവെയ്ക്കാൻ പറ്റുന്ന പങ്കാളിയായി, സഹജീവിയായി (ആൻഡ്രോയിഡ് കുഞ്ഞപ്പനെപ്പോലെ) റോബോട്ടുകൾ മാറുമോ, റോബോട്ടുകളുമായുള്ള നിരന്തര സഹവാസത്തിലൂടെ ഭാവിയിലെ മനുഷ്യൻ തന്നെ മറ്റൊന്നായി മാറുമോ എന്നിങ്ങനെ പല തരത്തിലുള്ള ചോദ്യങ്ങൾ തത്വചിന്തയുടെയും സാമൂഹിക ശാസ്ത്രത്തിന്റെയും മണ്ഡലങ്ങളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. ഇവിടെ നമ്മുടെ ചർച്ച നിർമിതബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയ സാങ്കേതിക ഉപകരണങ്ങൾ തൊഴിൽമേഖലയിൽ സൃഷ്ടിക്കുവാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചു മാത്രമാണ്.
നിർമിതബുദ്ധിയും റോബോട്ടിക്സുമൊക്കെ അടിസ്ഥാനമാക്കിയ പുതിയ ഉല്പാദന സമ്പ്രദായങ്ങൾ ഉല്പാദനക്ഷമതയെ വലിയതോതിൽ ഉയർത്തുമെന്നത് ഇതിനകം തന്നെ തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഉത്പാദനക്ഷമത കൂടുന്നത് മൊത്തം ഉല്പാദനവർധനവിലേക്ക് നയിക്കും. ഒരേ അളവിലുള്ള ചരക്കുകൾ ഉല്പാദിപ്പിക്കാൻ മുന്നോട്ടുണ്ടായിരുന്നതിനേക്കാൾ കുറഞ്ഞ മനുഷ്യ ശേഷിയെ ആവശ്യമുള്ളൂ എന്നതാണ് ഉത്പാദനക്ഷമതയിലെ വർധന സൃഷ്ടിക്കുന്ന പ്രധാന പ്രത്യാഘാതം. പുത്തൻ സാങ്കേതിക വിദ്യകളുടെ കടന്നുവരവ് നിലവിലുള്ള തൊഴിൽ മേഖലയിലുണ്ടാക്കുന്ന വിപരീതഫലങ്ങൾ ഇതിനകം തന്നെ പലപ്പോഴും അനുഭവവേദ്യമായതാണ്. 1800ൽ യൂറോപ്പിലും അമേരിക്കയിലും കാർഷികമേഖലയിൽ പണിയെടുത്തിരുന്നവർ മൊത്തം തൊഴിൽ സേനയുടെ 60 ശതമാനമായിരുന്നുവെങ്കിൽ ഇന്നത് 10 ശതമാനമായി കുറഞ്ഞിരിക്കുന്നു. 1950നും 1970നുമിടയിൽ കൂലിക്ക് പണിയെടുത്തിരുന്നവരുടെ എണ്ണം ഏതാണ്ട് പകുതിയായി കുറഞ്ഞിരിക്കുന്നു.
മനുഷ്യരുടെ മസ്സിൽ ശക്തിയെ മാറ്റിനിർത്തി അവിടെ യന്ത്രങ്ങളെ പ്രതിഷ്ഠിക്കുകയാണ് ആദ്യകാലത്ത് നടന്നിരുന്നതെങ്കിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ കടന്നുവരവ് മനുഷ്യന്റെ ബൗദ്ധിക ശേഷിയെ യന്ത്രങ്ങൾകൊണ്ട് പകരംവെയ്ക്കുകയാണ് ചെയ്തത്. വളരെ കുറഞ്ഞ ചെലവിൽ കൂടുതൽ ഉത്പന്നങ്ങൾ നിർമിക്കാം എന്ന ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സവിശേഷതകൾ ഇതിനകം കൂടി. തൊഴിലുകളുടെ വ്യാപകമായ നാശത്തിന് ഇത് വഴിതെളിക്കുമോ എന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്ന ഘടകം.
ഇതിനകമുള്ള അനുഭവം കാട്ടിത്തരുന്നത് ഉയർന്ന സാങ്കതിക ശേഷികൾ ആവശ്യമുള്ള ജോലികൾക്ക് കൂടുതൽ ഡിമാൻഡ് ഉണ്ടാകുന്നതും ഇടത്തരം സാങ്കേതികശേഷിയും കുറഞ്ഞ സാങ്കേതികശേഷിയുമുള്ള തൊഴിലുകൾ യന്ത്രങ്ങൾ ഏറ്റെടുത്തു നടത്തുന്നതും അതുവഴി ആ വിഭാഗങ്ങളിൽപെട്ട തൊഴിലുകൾ കുറഞ്ഞു വരുന്നതുമാണ്.
സമൂഹവും ഭരണകൂടവും ഈ മാറ്റങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്നതാണ് ഏറ്റവും നിർണായകം. കഴുത്തറുപ്പൻ മത്സരം നടക്കുന്ന ഒരു ഉല്പാദനവ്യവസ്ഥയിൽ തൊഴിൽ നഷ്ടപ്പെടുന്നവരെ ആരും പരിഗണിക്കാൻ പോകുന്നില്ല. സാമൂഹികനീതി ഇവിടെ ഒരു തരത്തിലും ഒരു മാനദണ്ഡമാകുന്നില്ല. എന്നാൽ സാമൂഹികനീതി മുഖ്യ അജൻഡയാക്കിയ ഒരു ഭരണകൂടം നിർണായക തീരുമാനങ്ങൾ എടുക്കുന്ന ഒരു സമൂഹത്തിൽ പുത്തൻ സാങ്കേതിക വിദ്യകൾ സൃഷ്ടിക്കാനിടയുള്ള ഉല്പാദന വർദ്ധനവ് മനുഷ്യരുടെ തൊഴിൽസമയം ലഘൂകരിക്കപ്പെടുന്നതിലേക്കും വിശ്രമസമയം വർധിപ്പിക്കുന്നതിലേക്കും വഴി തെളിക്കാം. അധിക സമ്പത്തിന്റെ നീതിയുക്തമായ പുനർവിതരണം ഇന്ന് താഴെ തട്ടിലുള്ള ജനവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പല അടിസ്ഥാന പ്രശനങ്ങളെയും – പട്ടിണി, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത, പാർപ്പിട പ്രശ്നങ്ങൾ – എന്നിവ പരിഹരിക്കപ്പെടാൻ ഇടയാക്കിയേക്കും. നഗര ഗ്രാമ വ്യത്യാസങ്ങളും വികസിത അവികസിത പ്രദേശങ്ങളും തമ്മിലുള്ള അന്തരങ്ങൾ, ആധുനികതയെ പുൽകിയ ജനസമൂഹങ്ങളും പാരമ്പര്യത്തിൽ കുടുങ്ങിക്കിടക്കുന്നവരും എന്നുതുടങ്ങിയ വർഗ സംഘർഷങ്ങൾ മൂർച്ഛിക്കാനിടയുള്ള ഒരു സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകൾ മുതലാളിത്ത ചിന്തകർ പലരും പങ്കു വെയ്ക്കുന്നതും ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. അതിവേഗതയിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കാനിടയുള്ള നവീന സാങ്കേതിക വിദ്യകളുടെ കടന്നുവരവ് ലോകത്തെ ഏതു ദിശയിലേക്ക് നയിക്കും എന്ന് പ്രവചിക്കുക ഏതാണ്ട് അസാധ്യമാണ്. ഒന്നാം വ്യവസായ വിപ്ലവമോ രണ്ടാം വ്യവസായ വിപ്ലവമോ അരങ്ങേറിയ ലോകമല്ല ഇന്നത്തേത്. വിവരവിനിമയ സാങ്കേതികവിദ്യകളുടെ വ്യാപനം ക്ഷണമാത്രയിൽ ലോകത്തെ ഏതു കോണിലും ഏതു ചെറിയ ചലനങ്ങളെയും എത്തിക്കും. സത്യാനന്തര ലോകമെന്ന് നാം ഈ കാലത്തെ വിളിക്കുമ്പോഴും സത്യത്തെ ദീർഘസമയം തമസ്കരിക്കുക ഇന്ന് ഏറെ ദുഷ്കരമാണ്. അതിനാൽ സാമൂഹികനീതിയും എല്ലാവർക്കും തൊഴിൽ ഉറപ്പുവരുത്തുന്നതുമായ ഒരു സമൂഹത്തിന്റെ സാധ്യതകൾക്ക് തന്നെയാണ് യന്ത്രമനുഷ്യന്റെയും നിർമിതബുദ്ധിയുടെയും കാലത്ത് മുൻകൈ ലഭിക്കാൻ സാധ്യത. l