Monday, March 17, 2025

ad

Homeവിശകലനംആശാവർക്കർമാരുടെ സമരം ആർക്കെതിരെ?

ആശാവർക്കർമാരുടെ സമരം ആർക്കെതിരെ?

എ ആർ സിന്ധു

ഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കേരളത്തിലെ ആശാ വർക്കർമാരുടെ സംഘടനകളിലൊന്ന് (എസ്.യു.സി.ഐ പിന്തുണയോടെ) ഒരു അനിശ്ചിതകാല പണിമുടക്കിലാണ്. ഇന്ന് കേരളത്തിലെങ്ങും ഏറ്റവും പ്രധാനപ്പെട്ട മാധ്യമ ചർച്ച ഈ സമരമാണ്. കൃത്യമായി പറഞ്ഞാൽ, കേരളത്തിലെ ഇടതുപക്ഷ സർക്കാരും സിഐടിയുവും ഈ സമരത്തിനെതിരാണെന്നും എന്തുകൊണ്ട് എല്ലാ ജനങ്ങളും ഇടതുപക്ഷ സർക്കാരിന്റെ ‘തൊഴിലാളി വിരുദ്ധത’യ്-ക്കെതിരെ ഒന്നിച്ച് രംഗത്തുവരണം എന്നുമാണ് ചർച്ച. സമൂഹത്തിലെ ഏറ്റവും ബഹുമാന്യരായ പല പൊതുപ്രവർത്തകരും ബുദ്ധിജീവികളും ഇതിനകം ‘തൊഴിലാളിവിരുദ്ധ’ ഇടതുപക്ഷ സർക്കാരിനെതിരെ നിലപാടെടുത്തു കഴിഞ്ഞു.

യൂണിയൻ സർക്കാർ 2005 ൽ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ റൂറൽ ഹെൽത്ത് മിഷനു കീഴിൽ (2013 ൽ നഗരങ്ങളെയുംകൂടി ഉൾപ്പെടുത്തി ഇത് നാഷണൽ ഹെൽത്ത് മിഷൻ ആക്കി) ജനങ്ങളെയും ആരോഗ്യ സംവിധാനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായി ആരോഗ്യസേവനങ്ങൾ മാറി. പ്രത്യേകിച്ച് പ്രസവവും അനുബന്ധ സേവനങ്ങളും, ജനങ്ങളിലേക്കെത്തിക്കാൻ നിയോഗിച്ച സ്ത്രീ തൊഴിലാളികളാണ് ആശാ വർക്കർമാർ. (Accredited Social Health Activists – asha worker) ഇത് തികച്ചും അനിവാര്യവുമാണ്. അന്ധവിശ്വാസ ജടിലമായ ഒരു സമൂഹത്തിൽ, ഇവരെ തൊഴിലാളികളായല്ല മറിച്ച് സന്നദ്ധപ്രവർത്തകർ എന്ന നിലയിൽ പേര് വിളിച്ചാണ് ഈ പദ്ധതി ആവിഷകരിച്ചത്. അങ്കണവാടി ജീവനക്കാരെപ്പോലെ പ്രതിമാസ നിശ്ചിത വേതനം (സർക്കാർ കണക്കിൽ honorarium)  പോലും ഇല്ലാതെ piece rate ആയിട്ടാണ് അവരുടെ കൂലി നിശ്ചയിച്ചിരുന്നത്. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മർദ്ദത്താൽ -ഒന്നാം യുപിഎ സർക്കാരാണ് – തൊഴിലുറപ്പിനും, ഭക്ഷ്യസുരക്ഷാ നിയമത്തിനും, വിദ്യാഭ്യാസ അവകാശ നിയമത്തിനുംഒപ്പം അതിനൊക്കെയുള്ള വിവിധ പദ്ധതികളുടെ  മാതൃകയിൽ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ആരംഭിച്ചത്.

എന്നാൽ ഒന്നും രണ്ടും മൻമോഹൻ സിംഗ് സർക്കാരുകളും തുടർന്ന് വന്ന ഒന്നാമത്തെയും രണ്ടാമത്തെയും ഇപ്പോൾ മൂന്നാമത്തെയും മോദി സർക്കാരുകളും ആശമാർക്ക് നിശ്ചിത പ്രതിമാസ വേതനം നല്കാൻ ഇന്നുവരെ തയ്യാറായിട്ടില്ല. നിരന്തര സമരഫലമായി 2009ൽ മൻമോഹൻ സിംഗ് സർക്കാർ നിശ്ചിത വേതനം വാഗ്ദാനം നൽകി. എന്നാൽ എട്ട് നിശ്ചിത സ്ഥിരജോലികൾക്കായുള്ള നിശ്ചിത പീസ്റേറ്റ് (fixed incentive ) എന്ന നിലയിൽ 1000 രൂപയാണ് പ്രതിമാസ വേതനം നിശ്ചയിച്ചത്. അതും നിശ്ചിത നിബന്ധനകൾ പാലിച്ചാൽ മാത്രം.

2018 സെപ്റ്റംബർ 5 നു ഡൽഹിയിൽ -സിഐടിയു, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പതിനായിരക്കണക്കിന് ആശാവർക്കർമാരടക്കം രണ്ട് ലക്ഷത്തോളം തൊഴിലാളികളും കർഷകരും പങ്കെടുത്ത ‘മസ്ദൂർ കിസാൻ സംഘർഷ് റാലി’യുടെ പിന്നാലെ ഈ തുക 2000രൂപയായി വർദ്ധിപ്പിക്കാൻ ബി ജെ പി സർക്കാർ നിർബന്ധിതമായി. ഇതുകൂടാതെ ഹെൽത്ത് ആന്റ് വെൽനെസ്സ് കേന്ദ്രങ്ങളുടെ ജോലിക്കായി ഒരു 1000 രൂപ കൂടി നിബന്ധനകൾക്ക് വിധേയമായി ആശമാർക്ക് യൂണിയൻ സർക്കാർ അടുത്തിടെ നിശ്ചയിച്ചിട്ടുണ്ട്.

അതിനൊപ്പം വിവിധ ജോലികൾക്കായി ഇൻസെന്റീവ് എന്ന പേരിൽ  കൂലി പീസ്റേറ്റ് ആയും നിശ്ചയിച്ചിട്ടുണ്ട്. യൂണിയൻ സർക്കാർ നിശ്ചയിച്ച ഏതാണ്ട് 70 ലധികം തരം ജോലികളാണ് ആശാ വർക്കർമാർ ഇന്ന് ചെയ്തുവരുന്നത്!  ഇതിന്റെയെല്ലാം 60 ശതമാനമാണ് കേന്ദ്ര വിഹിതം. ഈ ഇൻസെന്റീവ് ലഭിക്കാൻ തന്നെ വിവിധ നിബന്ധനകൾ പാലിക്കേണ്ടിയിരിക്കുന്നു. ഇതിനുള്ള വ്യവസ്ഥകളും, ജോലിയും കൂലിയും എല്ലാം തീരുമാനിക്കുന്നത് യൂണിയൻ സർക്കാരാണ്. 2010 നു ശേഷം, കഴിഞ്ഞ 15 വർഷവും ഇൻസെന്റീവിൽ ഒരു വർദ്ധനയും യൂണിയൻ സർക്കാർ വരുത്തിയിട്ടില്ല.

എന്നാൽ കേരളത്തിൽ എഐയുടിയുസി ബാനറിൽ നടക്കുന്ന ആശമാരുടെ സമരം, ബിജെപി – ആർഎസ്എസ് നേതൃത്വത്തിലുളള യൂണിയൻ സർക്കാർ ആശമാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ നിശബ്ദത പാലിക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും സിഐടിയു സംഘടനയുമാണ് ഇന്ന് ഏറ്റവും വലിയ ‘തൊഴിലാളി വിരുദ്ധർ’എന്നു പ്രചരിപ്പിക്കുകയാണ് ഈ സമരനേതൃത്വത്തിന്റെ രാഷ്ട്രീയ ലക്ഷ്യം.

ഇന്നുവരെ ആശമാരുടെ സമരങ്ങളെ അവഗണിച്ചിരുന്ന കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും യുഡി എഫും മറ്റ് വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബി ജെ പി പോലും എസ്-യുസിഐ നേതൃത്വത്തിലുളള ഈ സമരത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുള്ളത് ഈ രാഷ്ട്രീയലക്ഷ്യത്തോടെയാണ്. ഒട്ടേറെ ഇടതുപക്ഷ അനുഭാവികളായ ബുദ്ധിജീവികളും സാമൂഹ്യ പ്രവർത്തകരും വസ്തുതകൾ പൂർണമായും മനസ്സിലാക്കാതെ പത്രവാർത്തകളെ മാത്രം ആശ്രയിച്ച് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നത് ഖേദകരമാണ്.

കടുത്ത തൊഴിലാളിവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന യൂണിയൻ സർക്കാരിനെയും ബിജെപി-–ആർ.എസ്എസ് കൂട്ടുകെട്ടിനെയും സംരക്ഷിക്കുകയും അതേസമയം ഇന്ത്യയിലെ ഏറ്റവും ശക്തമായ തൊഴിലാളിവർഗ രാഷ്ട്രീയ പ്രസ്ഥാനമായ ഇടതുപക്ഷ ജനാധിപത്യ ശക്തികളെയും അഖിലേന്ത്യാ തലത്തിലെ ഏറ്റവും ശക്തമായ ഇടതുപക്ഷ ട്രേഡ് യൂണിയനായ സിഐടിയുവിനെയും ‘തൊഴിലാളി വഞ്ചകരായി’ ചിത്രീകരിക്കുകയും ചെയ്യുകയാണ്. എഐയുടിയുസി നയിക്കുന്ന ആശമാരുടെ സമരത്തിലൂടെ നിർവഹിക്കപ്പെടുന്ന രാഷ്ട്രീയ ദൗത്യം എന്ന വസ്തുത സമരം ചെയ്യുന്ന ആശമാർ പോലും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. കേരളത്തിൽ രൂപപ്പെടുന്ന ഈ ‘വലതുപക്ഷ’ – ഇടതു അവസരവാദ കൂട്ടുകെട്ടിനെ തുറന്നുകാണിക്കേണ്ടത് തൊഴിലാളിവർഗപ്രസ്ഥാനത്തിന്റെ മർമ്മപ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമാണ്.

ആശാ തൊഴിലാളികളുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയായ ആശാ വർക്കേഴ്സ് ആന്റ് ഫസിലിറ്റേറ്റേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയെയും സിഐടിയുവിനെയും സംബന്ധിച്ചിടത്തോളം ആശാ വർക്കർമാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും സംബന്ധിച്ച വസ്തുതകളും എഐയുടിയുസി ബാനറിൽ കേരളത്തിൽ നടക്കുന്ന ആശമാരുടെ സമരത്തോടുള്ള നിലപാടും ജനങ്ങളിലെത്തിക്കുകയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി രാജ്യവ്യാപകമായി നടന്നു വരുന്ന ആശാ വർക്കർമാരുടെ അവകാശ പോരാട്ടങ്ങളിൽ, പ്രത്യേകിച്ച് കഴിഞ്ഞ പത്തു വർഷമായി ഈ പദ്ധതിയെത്തന്നെ രക്ഷിക്കാനായി ബി ജെ പി സർക്കാരിനെതിരായി നടത്തുന്ന സമരങ്ങളിൽ  ഇടതുപക്ഷം നിർവഹിച്ച നേതൃത്വപരമായ പങ്ക് ജനങ്ങളിലെത്തിക്കുകയും അവരുടെ പിന്തുണ ആർജ്ജിക്കുകയും ചെയ്യുക എന്നത് അതീവ പ്രധാനമാണ്.

ആശാവർക്കർമാരുടെ തൊഴിൽ 
സാഹചര്യങ്ങളും സമരങ്ങളും 
ആശാ വർക്കർമാരെ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കാൻ സാധിച്ച സിഐടിയു  2009ൽ തന്നെ അഖിലേന്ത്യാ കോഓർഡിനേഷൻ കമ്മിറ്റി ഓഫ് ആശ വർക്കേഴ്സ് രൂപീകരിച്ചു മിനിമം കൂലി, പെൻഷൻ, ജോലി സ്ഥിരത അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായും– നിശ്ചിത പ്രതിമാസ വേതനം, ലീവ്, തുടങ്ങിയ ആവശ്യങ്ങൾക്കായും സമരം ആരംഭിച്ചിരുന്നു. ആശാ പദ്ധതി നിർത്തിവെക്കാൻ 2012 ൽ യൂണിയൻ സർക്കാർ നടത്തിയ നീക്കം തടയാൻ സാധിച്ചത് സിഐടിയു നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ആശമാർ നടത്തിയ നിരന്തരമായ സമരങ്ങളുടെ ഫലമായാണ്.

2012 ൽ സിഐടിയു നേതൃത്വത്തിൽ നടന്ന 35000 ത്തോളം പേർ പങ്കെടുത്ത സ്കീം വർക്കർമാരുടെ രാപ്പകൽ സമരത്തിനുശേഷമാണ് 2013 ൽ ഇന്ത്യൻ ലേബർ കോൺഫറൻസിൽ (ILC) ഇവരുടെ പ്രശ്നങ്ങൾ അജൻഡയിൽ ഉൾപ്പെടുത്തിയത്. (വിവിധ സർക്കാർ പദ്ധതികളിൽ തൊഴിലാളിയായി അംഗീകാരമില്ലാതെ ‘സന്നദ്ധ പ്രവർത്തകർ’ എന്ന പേരിൽ പണിയെടുക്കുന്ന ഈ വിഭാഗം ജീവനക്കാർക്ക് സിഐടിയു നടത്തിയ നിരന്തര പ്രക്ഷോഭങ്ങളിലൂടെയാണ് തൊഴിൽ വകുപ്പിന്റെ അംഗീകാരം ലഭ്യമായത്).

അങ്കണവാടി, ആശ, പാചകതൊഴിലാളികൾ, ഉൾപ്പെടെയുള്ള സ്കീം വർക്കർമാരെ ജീവനക്കാരായി അംഗീകരിക്കുക, അവർക്ക് മിനിമം കൂലി, പെൻഷൻ, ഇ എസ് ഐ, പി എഫ് തുടങ്ങിയ ആനുകൂല്യങ്ങൾ നല്കുക എന്ന ശുപാർശ 2013 ലെ ഇന്ത്യൻ ലേബർ കോൺഫറൻസിൽ അംഗീകരിക്കപ്പെട്ടു. എന്നാൽ ഇന്നുവരെ യൂണിയൻ ഗവൺമെന്റ് അത് നടപ്പാക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തന്നെയുമല്ല, 2015 നു ശേഷം മോദി സർക്കാർ ഇന്ത്യൻ ലേബർ കോൺഫറൻസ് യോഗംപോലും വിളിച്ചു ചേർത്തിട്ടില്ല.

സംസ്ഥാനങ്ങളും ആശാ പദ്ധതിയും
ആരോഗ്യം ഇന്നും സംസ്ഥാന ലിസ്റ്റിലാണുള്ളത്. കേന്ദ്ര പദ്ധതിയായ എൻഎച്ച്എം നടപ്പാക്കുന്നത് വിവിധ സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ വകുപ്പാണ്. ഇത് കൂടാതെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിവിധ പദ്ധതികളും ആശാ വർക്കർമാർ നടപ്പാക്കുന്നു. ഈ നിലയിൽ അധികവേതനം ആവശ്യപ്പെട്ടുകൊണ്ട് യൂണിയൻ സർക്കാരിനെതിരെ സമരം ചെയ്യുമ്പോൾതന്നെ വിവിധ സംസ്ഥാന സർക്കാരുകൾക്കെതിരെയും സിഐടിയു നിരന്തരമായി സമരം നടത്താറുണ്ട്. തൽഫലമായി കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ വേതന വർദ്ധന നേടിയെടുക്കാൻ ആശാവർക്കർമാർക്ക് സാധിച്ചിട്ടുമുണ്ട്.

കഴിഞ്ഞ പതിറ്റാണ്ടിൽ ആവേശോജ്വലമായ നിരവധി തീക്ഷ്ണപോരാട്ടങ്ങളാണ് ആശാ വർക്കർമാർ ദേശീയ സംസ്ഥാന തലങ്ങളിൽ നടത്തിയിട്ടുള്ളത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മാസങ്ങൾ നീണ്ട പണിമുടക്കുകൾ, ഹരിയാനയിലെ 72 ദിവസം നീണ്ട സമരം, ബീഹാറിലെ 32 ദിവസത്തെ സമരം, ഒരു മാസത്തിലധികം നീണ്ട മഹാരാഷ്ട്രയിലെ പണിമുടക്ക് എന്നിവ എടുത്തുപറയേണ്ടവയാണ്. ഗുജറാത്ത്, ആസ്സാം, പശ്ചിമ ബംഗാൾ , ആന്ധ്ര പ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്നാട്, പോണ്ടിചേരി, കർണാടക, മധ്യ പ്രദേശ്, പഞ്ചാബ് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ കാലയളവിൽ വേതന വർദ്ധന നേടിയെടുക്കാൻ ആശാ യൂണിയനുകൾക്ക് കഴിഞ്ഞിട്ടുമുണ്ട്. ഇവയെല്ലാംതന്നെ നിശ്ചിത മാസ വേതനമായി, 1000 മുതൽ 7000 രൂപ വരെ വിവിധ സംസ്ഥാന സർക്കാരുകൾ നല്കുന്നു.

വിവിധ മാധ്യമങ്ങളിൽ സംസ്ഥാനങ്ങളിലെ ആശാ പ്രവർത്തകരുടെ വേതനത്തെ സംബന്ധിച്ച വിവിധ കണക്കുകളാണ് നല്കുന്നത്. ഇന്ന് ഇന്ത്യയിൽ ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ അധിക വേതനം നല്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ് (പ്രതിമാസം 7000 രൂപ).

എന്നാൽ നാം മനസ്സിലാക്കേണ്ടത് നിശ്ചിതമാസവേതനം എന്നു പറയപ്പെടുന്ന തുക കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം നിശ്ചിതജോലികൾക്കായുള്ള പീസ് റേറ്റ് കൂലി ഒന്നിച്ച് ലഭ്യമാക്കുന്നതാണെന്നുള്ളതാണ്. ഇതിന് പുറമെ പ്രസവം, പ്രസവശേഷമുള്ള  വാക്സിനേഷൻ, വിവിധ സർവേകൾ , റിപ്പോർട്ടുകൾ , പ്രതിരോധ കുത്തിവയ്പ്കൾ , സാനിട്ടറി നാപ്കിൻ വിതരണം, കൗൺസിലിങ് തുടങ്ങി നിരവധി ജോലികൾക്ക് നിശ്ചയിക്കപ്പെട്ട ഇൻസെന്റീവുകൾ ചേർന്നതാണ് ഒരു ആശയുടെ പ്രതിമാസ വരുമാനം. അതായത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിശ്ചിത വിഹിതത്തോടൊപ്പം (ഈ നിശ്ചിത വിഹിതത്തിൽ നിന്നു നിബന്ധനകൾ പ്രകാരം വേതനം വെട്ടിക്കുറയ്-ക്കും ) മറ്റ് ജോലികളക്കുള്ള ഇൻസെന്റീവ് ചേർന്നതാണ് ആശയുടെ മാസ വരുമാനം. വിവിധ സംസ്ഥാനങ്ങളിൽ മാത്രമല്ല സാമൂഹ്യ സാഹചര്യമനുസരിച്ച് വിവിധ പ്രദേശങ്ങളിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. അതായത് ഓരോ ആശയ്ക്കും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, കൂടുതൽ പ്രസവം നടക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ പ്രതിഫലം ആശക്ക് ലഭിക്കും (കൂടുതൽ ജോലിയും!)

ഇന്ത്യയിൽ ആദ്യമായി ആശാ വർക്കർമാർക്ക് സംസ്ഥാന വിഹിതമായി അധിക വേതന വർദ്ധന നടപ്പാക്കിയത് വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്. കേരളത്തിൽ യുഡിഎഫ് ഭരണ കാലത്ത് ആശാവർക്കർമാരോടെടുത്ത സമീപനം എന്താണെന്നു പറയേണ്ടതില്ലല്ലോ.

കേരളത്തിലെ ആശാവർക്കർമാരുടെ 
പ്രക്ഷോഭവും സിഐടിയുവും  
ഇന്ന് എസ്-യുസിഐ പിന്തുണയുള്ള യൂണിയന്റെ നേതൃത്വത്തിൽ (അവരുടെ തൊഴിലാളി സംഘടനയായ എഐയുടിയുസി യുടെ ലേബൽ സമരങ്ങൾ ഉപയോഗിക്കുന്നില്ല) കേരളത്തിൽ നടക്കുന്ന പണിമുടക്ക് സമരത്തിന്റെ ആവശ്യങ്ങൾ എന്താണ്? അവ ന്യായമാണോ? എന്താണ് ഈ ആവശ്യങ്ങളോടുള്ള സർക്കാർ നിലപാട്? സിഐടിയു യൂണിയൻ ആശമാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമരങ്ങൾ നടത്താറുണ്ടോ? ഈ വിഷയങ്ങൾ പരിശോധിക്കാതെ സർക്കാരിനെയും സിഐടിയുവിനെയും താറടിക്കുന്നതിലാണ് വലതുപക്ഷ മാധ്യമങ്ങൾക്ക് താത്പര്യം.

മിനിമം കൂലി 21,000 രൂപ, അഞ്ചു ലക്ഷം രൂപ റിട്ടയർമെന്റ് ആനുകൂല്യം, കൂടിശ്ശികയായ വേതനം, ജോലിഭാരം എന്നിവയാണ് ഇപ്പോൾ നടക്കുന്ന സമരത്തിന്റെ ആവശ്യങ്ങൾ. അവ ന്യായവുമാണ്.

ഇതിന് സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി ആശാ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടന്ന നിരന്തര സമരങ്ങളുടെ ഫലമാണ് കേരളത്തിൽ ഇന്ന് ലഭിക്കുന്ന താരതമ്യേന മെച്ചപ്പെട്ട (മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്) പ്രതിഫലം. ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോൾതന്നെ നടത്തിയിട്ടുള്ള ഈ സമരങ്ങളും അതിലൂടെ ലഭിച്ച മെച്ചപ്പെട്ട വേതനവും മറ്റുമാണ് സിഐടിയു യൂണിയനെ കേരളത്തിലെ ആശമാരുടെ ഏറ്റവും വലിയ യൂണിയൻ ആക്കിയത്. ഈ പ്രതിഫലം മതിയായതാണോ? ആശമാരും സിഐടിയു യൂണിയനും ഇതിൽ തൃപ്തരാണോ? ഈ പ്രതിഫലം (ലഭ്യമായ കണക്കനുസരിച്ച് ശരാശരി പ്രതിമാസം 13000 രൂപ) ഇനിയും ഉയർത്തേണ്ടതുണ്ട് എന്നത് തർക്കരഹിതമായ വസ്തുതയാണ്.

എന്നാൽ ഇതോടൊപ്പം, കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ആശമാരുടെ ഏറ്റവും വലിയ പ്രശ്-നം അമിതമായ ജോലിഭാരവും (ഏറ്റവുമൊടുവിൽ ശൈലി ആപ്, സർവേ അടക്കം) അതിനു തക്ക പ്രതിഫലം ലഭിക്കാത്തതും ചെയ്ത ജോലിക്ക് മാസങ്ങളായി വേതനം സമയത്ത് ലഭ്യമല്ലാത്തതുമാണ്.  കേരളത്തിലെ ആശമാരിൽ കേരള സർക്കാരിനെതിരെയുള്ള വികാരം നിലനിൽക്കുന്നതും ഈ സമരത്തിന് വളമായതും ഇപ്പോഴും തുടരുന്ന സമരത്തിലെ ആശമാരുടെ പ്രധാന പരാതിയും ഇതുതന്നെ.

“സർക്കാർ വിലാസം സംഘടന” എന്ന് ആരോപിക്കപ്പെടുന്ന സിഐടിയു യൂണിയൻ ഇക്കാര്യത്തിൽ എന്തു നടപടിയാണ് എടുത്തത് എന്നു പരിശോധിക്കേണ്ടതല്ലേ? കേരളത്തിലെ വലതു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഈ പ്രശ്നങ്ങൾ ഉന്നയിച്ച് കേരളത്തിലെ സിഐടിയു യൂണിയൻ നിരന്തരമായ സമരങ്ങളാണ് നടത്തിയത്.

ഏറ്റവുമൊടുവിൽ നടത്തിയ 2024 ഒക്ടോബർ 13 ന്റെയും 2025 ജനുവരിയിലെയും ഫെബ്രുവരി 7 ന്റെ രാപ്പകൽ സമരത്തിന്റെയും ആവശ്യങ്ങൾ ഇവ തന്നെയായിരുന്നു. ഏറ്റവുമൊടുവിൽ നടന്ന ഈ രണ്ടു സമരങ്ങളിലും യൂണിയനുമായി സർക്കാർ ചർച്ച ചെയ്-തെത്തിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മാധ്യമങ്ങൾ മനസ്സിലാക്കുന്നത് നല്ലതാണ്. കൂടിശ്ശികയായ ശമ്പളം ഉടൻ (സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നു) നൽകുക, നിശ്ചിത ഇൻസെന്റീവിനുള്ള നിബന്ധനകൾ (10) എടുത്തുമാറ്റുക, ശൈലി ആപ് ജോലിക്കായി പ്രതിമാസം പ്രതിഫലം 2000 രൂപ നല്കുക എന്നീ കാര്യങ്ങളിൽ സർക്കാർ ഉടൻ നടപടി എടുത്തു.

ഇത് കൂടാതെ വേതന വർദ്ധന കേന്ദ്ര കുടിശ്ശിക കിട്ടുന്ന മുറയ്ക്ക് പരിഗണിക്കാം എന്നും, അങ്കണവാടി ജീവനക്കാർക്കുള്ളതു പോലെ ക്ഷേമനിധി പെൻഷൻ പദ്ധതി ഏർപ്പെടുത്താനുള്ള നടപടിയെടുക്കാം എന്നും സർക്കാർ ഉറപ്പ് നൽകി. ഈ ഒത്തുതീർപ്പ് പ്രകാരമാണ് സിഐടിയു സമരം പിൻവലിച്ചത്.  ഇന്ത്യയിലാദ്യമായാണ് നിശ്ചിത വേതനത്തിനായുള്ള നിബന്ധനകൾ ഒരു സംസ്ഥാന സർക്കാർ എടുത്തു കളയുന്നത്. എന്നാൽ ഇത് നടപ്പാക്കാൻ കേന്ദ്ര നിബന്ധനകൾ തടസ്സമാകും എന്ന സ്ഥിതിയാണുള്ളത്.

നിരന്തരമായ വേതന കൂടിശ്ശികയടക്കമുള്ള പ്രശ്നങ്ങളുടെ മൂലകാരണം എന്താണ്? സംസ്ഥാന സർക്കാരിന്റെ സംവേദനക്ഷമതയില്ലായ്മയോ പിടിപ്പുകേടോ ആണോ? പുരോഗമനം പറയുന്ന സംസ്ഥാന സർക്കാർ എന്തുകൊണ്ട് ആശാവർക്കർമാർക്ക് മിനിമം കൂലി കൊടുക്കുന്നില്ല? ഇതിനെതിരെ സമരം ഉയർന്നു വരേണ്ടതല്ലേ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോൾ ഇന്ന് സമരത്തിലേർപ്പെട്ടിട്ടുള്ള എ.ഐ.യു.ടി.യു.സിയും സിഐടിയുവും തമ്മിൽ രാഷ്ട്രീയ വീക്ഷണത്തിലുള്ള വ്യത്യാസം മനസ്സിലാകും.

കേന്ദ്രാവിഷ്-കൃത പദ്ധതികളും 
പദ്ധതി തൊഴിലാളികളും 
ഇന്ത്യയിലൊട്ടാകെ ഒരു കോടിയോളം തൊഴിലാളികൾ വിവിധ കേന്ദ്ര സംസ്ഥാന പദ്ധതി(സ്കീം) കളിലായി പണിയെടുക്കുന്നുണ്ട്. അവശ്യ സേവനങ്ങളായ പോഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ ഭരണഘടന ഉറപ്പ് നല്കുന്ന ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ സ്ഥിര സംവിധാനങ്ങളിലൂടെ ഉറപ്പ് വരുത്തുന്നതിൽ പരാജയപ്പെട്ട യൂണിയൻ സർക്കാർ, പൊതു സേവന മേഖലയിൽ നിന്നുതന്നെ പിൻവാങ്ങുന്ന ഈ നവലിബറൽ കാലഘട്ടത്തിൽ ജനരോഷം അടക്കുന്നതിനായി വേൾഡ് ബാങ്ക് നിർദ്ദേശപ്രകാരം ആവിഷ്കരിച്ച പുതിയ സംവിധാനമാണ് കേന്ദ്രാവിഷ്കൃത ആവശ്യ സേവന സ്കീമുകൾ.

ഇവയിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടവയും ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ്- സ്കീം – ഐസിഡിഎസ്- (പോഷണം, സ്കൂൾ പൂർവ വിദ്യാഭ്യാസം, ആരോഗ്യം – 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി), സ്കൂൾ ഉച്ചഭക്ഷണ പദ്ധതി (mdms – പോഷണം- 6-–13 വയസ്സിലുള്ള കുട്ടികൾക്കായി), നാഷണൽ ഹെൽത്ത് മിഷൻ ( ആരോഗ്യം – പ്രധാനമായും ഗർഭിണികൾ , മുലയൂട്ടുന്ന അമ്മമാർ, കുഞ്ഞുങ്ങൾ – എന്നിവർക്ക്) എന്നിവയാണ്. അടിസ്ഥാന അവകാശങ്ങൾ നിറവേറ്റാനുള്ള ഗുണമേന്മയുള്ള സ്ഥിരം സംവിധാനത്തിനുപകരം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത, നിശ്ചിത കാലയളവിലേക്ക് മാത്രമുള്ള (പ്ലാനിങ് കമ്മീഷൻ ഉള്ളപ്പോൾ അഞ്ചു വർഷത്തേക്കും ഇപ്പോൾ ഒന്നര വർഷത്തേക്കും മാത്രം) മിഷൻ ആക്കി യൂണിയൻ സർക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നു പിൻവാങ്ങിയിരിക്കുകയാണ്.

അത് മാത്രമല്ല, ഈ സ്കീമുകൾ സേവന മേഖലയിലെ തൊഴിലിന്റെ കരാർവൽകരണത്തിന്റെ ഏറ്റവും പുതിയ ആവിഷ്കാരങ്ങളിലൊന്നിന്റെ വിജയകരമായ പരീക്ഷണ വേദിയായിരിക്കുന്നു. അതായത് ഇവരെ തൊഴിലാളികളോ ജീവനക്കാരോ ആയി പരിഗണിക്കാതെ ‘സന്നദ്ധ പ്രവർത്തക’രായിട്ടാണ് സർക്കാർ കണക്കാക്കിയിരിക്കുന്നത്. സ്ത്രീകളുടെ കുടുംബത്തിനകത്തെ കൂലിയില്ലാ വേലയെ ഔദ്യോഗിക നയമാക്കി യൂണിയൻ സർക്കാർ തന്നെ തൊഴിൽ ദാതാവായ സർക്കാർ വകുപ്പിൽ ചൂഷണത്തിനുള്ള ഉപാധിയാക്കി മാറ്റിയിരിക്കുകയാണ്.

ചുരുങ്ങിയത് ഓരോ വർഷവും സ്കീം (പദ്ധതി) തൊഴിലാളികൾ ഇന്ത്യാ ഗവൺമെന്റിന്- ഒരു ലക്ഷം കോടി രൂപ കൂലിയില്ലാത്ത അധ്വാനമായി സബ്സിഡിയായി നൽകുന്നുണ്ട്! ഇത് മാത്രമല്ല, സംസ്ഥാനങ്ങൾ സ്കീം വർക്കർമാർക്ക് ആനുകൂല്യങ്ങൾ നൽകുമ്പോൾ പിന്നീടൊരു അവകാശമായി ഉന്നയിക്കപ്പെടുന്ന തരത്തിലുള്ള ഒരു ആനുകൂല്യവും നൽകുവാൻ കേന്ദ്ര സർകാർ സംസ്ഥാനങ്ങളെ അനുവദിക്കാറില്ല.

ഉദാഹരണത്തിന്, ആശാവർക്കർമാർക്ക് ലഭിക്കുന്ന നിശ്ചിത വേതനം ഓണറേറിയം എന്ന നിലയിൽ നല്കുവാൻ എൻഎച്ച്എം മാനദണ്ഡങ്ങൾ അനുവദിക്കില്ല.  ബിജെപി സർക്കാർ അവശ്യ സേവന പദ്ധതികളെ അട്ടിമറിക്കുന്നു. നിബന്ധനകൾ പാലിച്ചില്ലെങ്കിൽ പണം വെട്ടിച്ചുരുക്കും.

കോൺഗ്രസ് നയിച്ച യുപിഎ സർക്കാറുകൾ ലോകബാങ്കിന്റെ സ്വകാര്യവത്കരണവും ഉപഭോക്താക്കളിൽ നിന്നു ഫീസ് ഈടാക്കുന്നതടക്കമുള്ള മറ്റ് പരിഷ്കാരങ്ങളും നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു.(ഇപ്പോഴും കോൺഗ്രസ് സർക്കാരുകൾ ഈ ശ്രമം നടത്തിവരുന്നു). എങ്കിലും 2014 ൽ അധികാരത്തിലെത്തിയ നരേന്ദ്രമോദി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരുകളാണ് ബജറ്റ് വെട്ടിച്ചുരുക്കിയും പദ്ധതികൾ കോർപ്പറേറ്റ് കമ്പനികൾക്ക് വിട്ടുനൽകിയും സ്വകാര്യവൽക്കരണത്തിലൂടെയും എല്ലാ അവശ്യസേവന കേന്ദ്രാവിഷ്കൃത പദ്ധതികളെയും അടച്ചുപൂട്ടാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ആശമാരെ proctor and gamble കമ്പനിയുടെ ഉത്പന്നങ്ങൾക്കുള്ള കമ്മിഷൻ ഏജെന്റുമാരാക്കാനുള്ള ശ്രമമടക്കം ഇതിന്റെ ഭാഗമാണ്.

മോദി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റിൽ 40% ആണ് എൻഎച്ച്എമ്മിനുള്ള തുക വെട്ടി കുറച്ചത്. അടിസ്ഥാനസേവനസൗകര്യങ്ങൾക്കായുള്ള ജനങ്ങളുടെ അവകാശവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള, അതിനെതിരെയുള്ള ശക്തമായ പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ് ബജറ്റ് പുനസ്ഥാപിക്കപ്പെട്ടത്.

ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നതിന്റെ ഫലമായി എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെതന്നെ മാസങ്ങളോളം ഇൻസെന്റീവ് മുടങ്ങിക്കിടക്കുന്നുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനോടെടുക്കുന്നത് സംസ്ഥാനത്തിന്റെ വിഹിതം മുഴുവനായും തടഞ്ഞുവയ്ക്കുന്ന സമീപനമാണ്.സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, ഐസിഡിഎസ്, എൻഎച്ച്എം എന്നീ സ്കീമുകളുടെ വിഹിതം തടഞ്ഞുവച്ച് ഈ പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ജനങ്ങളെയും ജീവനക്കാരെയും കേരള സർക്കാരിനെതിരാക്കുകയും ചെയ്യുക എന്നതാണ് ഭരണഘടനയെയും ഫെഡറൽ സംവിധാനത്തെയും കാറ്റിൽ പറത്തി ബിജെപി നയിക്കുന്ന യൂണിയൻ ഗവർണമെന്റ് ചെയ്യുന്നത്. കേരളത്തിൽ സമയത്ത് ശമ്പളം ലഭിക്കാതിരിക്കുക തുടങ്ങിയ ആശമാരുടെ കഷ്ടപ്പാടുകളുടെ പ്രധാന കാരണവും ഇതുതന്നെ.

വിവിധ പാർലമെന്ററി കമ്മിറ്റികളുടെയും വിവിധ ഏജൻസികളുടെയും റിപ്പോർട്ടുകളെ അവഗണിച്ചുകൊണ്ട്-, ആശമാരുടെ കോവിഡ് കാലത്തെ സേവനത്തെയടക്കം നിരാകരിച്ചുകൊണ്ട്-, വേതനം കൊടുക്കുന്നില്ല എന്നു മാത്രമല്ല, ബജറ്റുവിഹിതം വെട്ടിക്കുറക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്യുന്ന ബിജെപി നയിക്കുന്ന യൂണിയൻ സർക്കാരിനെതിരെ നിശബ്ദത പാലിക്കുന്ന എസ്-യുസിഐ ട്രേഡ് യൂണിയൻ നടത്തുന്ന ആശമാരുടെ സമരം സിഐടിയുവിന് അംഗീകരിക്കാനാവില്ല.  ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ വിവിധ പദ്ധതികൾക്കുള്ള വിഹിതം വെട്ടിച്ചുരുക്കുകയും സ്കീം വർക്കർമാരെ അവഗണിക്കുകയും ചെയ്തതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തി വരികയാണ് സിഐടിയുവും ആശാ വർക്കേഴ്സ് ആന്റ് ഫസിലിറ്റേറ്റേഴ്-സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും.

ഈ സമരം രാഷ്ട്രീയപ്രേരിതമോ? 
എന്താ സിഐടിയു എല്ലാ സംസ്ഥാനങ്ങളിലും സമരം ചെയ്തിട്ട് ഇവിടെ സമരം ചെയ്യാത്തത് എന്നാണ് ചോദ്യം. സിഐടിയു കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും സമരം ചെയ്യുന്നുണ്ട്. അതോടൊപ്പം കേന്ദ്ര സർക്കാരിന്റെ ബാധ്യത കൂടി പറയുന്നുണ്ട് സിഐടിയു. ഇടതു സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയും വേതനവർദ്ധനവ്- അടക്കമുള്ള ആവശ്യങ്ങളോട് അനുഭാവപൂർണമായ സമീപനം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നും സിഐടിയു പറയുന്നു.

ഈ ജനുവരി 10നു കർണാടകത്തിൽ എസ്-യുസിഐയുടെ ഇതേ യൂണിയൻ മിനിമം കൂലി 15000 രൂപ ആവശ്യപ്പെട്ട് നടത്തിയ രാപ്പകൽ സമരം ജനുവരി 11നു പിൻവലിച്ചത് സംസ്ഥാന മന്ത്രി നൽകിയതെന്നു പറയുന്ന ഉറപ്പിൻമേലാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ മന്ത്രി ചർച്ചയ്ക്ക് വിളിക്കുകയും അടിയന്തര ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് പറയുകയും ,സിഐടിയു യൂണിയനു നൽകിയ ഇതേ ഉറപ്പിൻമേൽ നടപടികൾ തുടങ്ങിയിട്ടുണ്ട് എന്നറിയിക്കുകയും കേന്ദ്ര സമീപനത്തെക്കുറിച്ച് പറയുകയും ചെയ്തിട്ടും കർണാടകത്തിലെ കോൺഗ്രസ്സ് സർക്കാരിന് കൊടുത്ത അത്രയും സമയംപോലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് കൊടുക്കാതെ  – 484 കോടി രൂപ കേന്ദ്ര സർക്കാരിന്റെ കുടിശ്ശിക വിഹിതം ഉടൻ നൽകണമെന്ന് ആവശ്യപ്പെടുക പോലും ചെയ്യാതെ 21000 രൂപയായി വേതനം വർദ്ധിപ്പിക്കാതെ സമരം പിൻവലിക്കില്ല എന്ന സമീപനം ഭൂരിപക്ഷ യൂണിയൻ പോലുമല്ലാത്ത ഒരു ഇടതുപക്ഷ യൂണിയൻ നേതൃത്വം സ്വീകരിക്കുമ്പോൾ അതിൻ്റെ പിന്നിലെ രാഷ്ട്രീയമെന്താണെന്ന് ജനങ്ങൾ തിരിച്ചറിയണം.

ഹരിയാനയിൽ സിഐടിയു യൂണിയൻ 72 ദിവസത്തെ ഐതിഹാസിക സമരം നടത്തിയപ്പോൾ സിഐടിയുവിന്റെ ആശാ യൂണിയനെതിരെ നോട്ടീസ് വിതരണം ചെയ്തതാരാണെന്ന് മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തിലേതിനെക്കാളും ശമ്പളമുണ്ടെന്ന് കണ്ടുപിടിച്ച ഏതെങ്കിലും മാധ്യമ പ്രവർത്തകർക്ക് ഗവേഷണം ചെയ്യാവുന്നതാണ്!

കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ഈ എൻഎച്ച്എം എന്നും അതിനു കീഴിലെ ജീവനക്കാരാണ് ആശാവർക്കർമാർ എന്നും പ്രധാനമായും ആ പദ്ധതി ആവിഷ്കരിക്കുകയും പദ്ധതിയെ സ്ഥിരപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം യൂണിയൻ സർക്കാരിനാണെന്നും, എന്നാൽ എൻഎച്ച്എം പദ്ധതിയെ ശിഥിലീകരിക്കാനും, ഇല്ലായ്മ ചെയ്യാനുമുള്ള നിരന്തര ശ്രമമാണ് യൂണിയൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അതുകൊണ്ട് അടിസ്ഥാനപരമായി സമരം യൂണിയൻ സർക്കാരിനെതിരെ ആണെന്നും യൂണിയൻ സർക്കാരാണ് ആശമാരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടത് എന്നുമുള്ള പശ്ചാത്തലം പറയാതെ ആശാവർക്കർമാർ നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളം എന്ന ആഖ്യാനം സൃഷ്ടിക്കുക ആരുടെയെങ്കിലും അജൻഡയാണെങ്കിൽ അത് തൊഴിലാളികൾക്ക് വേണ്ടിയല്ല. കോവിഡ് കാലത്ത് ജീവൻ പണയം വെച്ച് പണിയെടുത്ത ആശാവർക്കർമാരുടെ ജീവന് വിലകൽപ്പിക്കാത്ത, ആരോഗ്യ മേഖലയൊകെ സ്വകാര്യവത്കരിക്കുന്ന, കേരളത്തിന് അർഹതപ്പെട്ട വിഹിതം നിഷേധിക്കുന്ന ബിജെപി നയിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് സർക്കാരിനെതിരായ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ യോജിച്ച പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന സമീപനം ആരെയാണ് സഹായിക്കുക?

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്റെ  മുൻകൈയിൽ ആരോഗ്യ സേവനങ്ങൾക്കായുള്ള അവകാശത്തിനുവേണ്ടി നിയമനിർമാണത്തിനും ആവശ്യ സേവന പദ്ധതികളെ ശക്തിപ്പെടുത്താനും സ്കീം വർക്കർമാരെ സ്ഥിരപ്പെടുത്താനുമുള്ള ഒരു ബദൽ പദ്ധതി മുന്നോട്ടുവയ്ക്കുകയും അതിനെ മുൻനിർത്തി ബഹുജന പ്രക്ഷോഭം വളർത്തിയെടുക്കുകയുമാണ് വരുംനാളുകളിൽ ഏറ്റെടുക്കേണ്ട കടമ.

ഈ വരുന്ന ഏപ്രിൽ 12 ന് എൻഎച്ച്എം ഇരുപത് വർഷം പൂർത്തിയാക്കുകയാണ്. അതേ ദിവസം ഡൽഹിയിൽ ആശാ വർക്കേഴ്സ് ആന്റ് ഫെസിലിറ്റേറ്റേഴ്-സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അഖിലേന്ത്യാ കൺവെൻഷൻ വിളിച്ചു ചേർക്കുകയാണ്. വരുംനാളുകളിൽ ബദൽ നയങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് കേന്ദ്ര സർക്കാരിനെതിരെയുള്ള സമരപരിപാടികൾ ഈ കൺവെൻഷനിൽ പ്രഖ്യാപിക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + four =

Most Popular