‘‘സിയോണിസത്തിന്റെ അന്ത്യം ആസന്നമായി… ഒരു ജൂതരാഷ്ട്രം ഭൂമുഖത്ത് നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത് മറ്റൊരു തരം രാജ്യമായിരിക്കും. നമ്മുടെ മൂല്യങ്ങള്‍ക്ക് അന്യമാകയാല്‍ വിരൂപമായിരിക്കും.” വിമത ഇസ്രായേലി രാഷ്ട്രീയ വിദഗ്ധന്‍ അവ്റഹാം ബര്‍ഗ് പ്രവചിച്ചു. ഇസ്രായേല്‍ പാര്‍ലിമെന്റിലെ സ്പീക്കറായിരുന്ന ബര്‍ഗ് 2003þല്‍ ഒരു അഭിമുഖത്തില്‍ നടത്തിയ പ്രവചനം രണ്ടു ദശകങ്ങള്‍ക്കുശേഷം യാഥാര്‍ത്ഥ്യത്തോടടുക്കുന്നു. ഏഴു പതിറ്റാണ്ടോളമായി ഭരണനേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന സിയോണിസ്റ്റ് പരീക്ഷണം ജൂത രാഷ്ട്രത്തിനു മൊത്തം വിനാശകരമായിരിക്കുമെന്ന് സിയോണിസ്റ്റ് വിരുദ്ധനല്ലെന്നവകാശപ്പെട്ടുകൊണ്ടു തന്നെ ബര്‍ഗ് മുന്നറിയിപ്പ് നല്‍കി. സിയോണിസ്റ്റ് ആദര്‍ശങ്ങളുടെ യഥാര്‍ത്ഥ സത്തയും സ്വാതന്ത്ര്യപ്രഖ്യാപനവും വഞ്ചിക്കപ്പെട്ടുവെന്നും അഴിമതിയിലും സ്വേച്ഛാധിപത്യത്തിലും മതിമറന്ന ഒരു കൂട്ടുകെട്ട് ഇസ്രയേലിനെ ലക്ഷണമൊത്ത ഒരു കൊളോണിയല്‍ രാജ്യമാക്കി മാറ്റിക്കഴിഞ്ഞുവെന്നും വിമര്‍ശിക്കുന്നവര്‍ ബര്‍ഗിനെപ്പോലെ ജൂതമതത്തിനകത്ത് നിരവധിയുണ്ട്.
ഏത് മുതലാളിത്ത രാജ്യത്തിലുമെന്നപോലെ ഇസ്രയേലിലും ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ രൂക്ഷമായിരിക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമൂഹിക þ സാമ്പത്തിക അസമത്വങ്ങളും അഴിമതിയും കുത്തക പ്രീണനവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. വെട്ടിപ്പിടിച്ച രാജ്യത്തെ തദ്ദേശീയരെ വംശീയമായി തുടച്ചുമാറ്റുന്നതിനായി ഗാസയിലും വെസ്റ്റ്ബാങ്കിലും മാത്രമല്ല അയല്‍ രാജ്യങ്ങളിലും നടത്തുന്ന നരനായാട്ടുകളെ ന്യായീകരിക്കാന്‍ മതത്തിന്റെ പേരില്‍ കുത്തിത്തിരിപ്പുണ്ടായിട്ടും ജനങ്ങള്‍ അതിനു തയ്യാറല്ല.
രാഷ്ട്രീയ സിയോണിസം
സാമൂഹിക ദേശീയതയും വിശാല യഹൂദ വിശ്വാസ പൈതൃകവും കേന്ദ്രബിന്ദുക്കളാക്കി തിയഡോര്‍ ഹെര്‍സല്‍ (1860 – 1904) എന്ന ഹംഗേറിയന്‍ ജൂത പത്രപ്രവര്‍ത്തകന്‍ രൂപം നല്‍കിയ ആധുനിക രാഷ്ട്രീയ സിയോണിസം, ഫാസിസത്തെയും നാസിസത്തെയും മറികടന്ന് ലോകം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രതന്ത്രമായി പരിവര്‍ത്തിക്കപ്പെടുകയാണുണ്ടായത്. 1896þല്‍ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖ (‘ജൂതരാഷ്ട്രം’)യിലാണ് ആഗോള യഹൂദ വിശ്വാസികളുടെ പ്രയാസങ്ങള്‍ക്കും അനാഥത്വത്തിനുമുള്ള ഏക പരിഹാരം ജൂതരാഷ്ട്രമാണെന്ന സിദ്ധാന്തം ഹെര്‍സല്‍ ഉന്നയിക്കുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ അദ്ദേഹം സ്വിറ്റ്സര്‍ലാൻഡില്‍ ആദ്യത്തെ സിയോണിസ്റ്റ് കോണ്‍ഗ്രസ് വിളിച്ചുകൂട്ടി. സിയോണിസ്റ്റ് ഓര്‍ഗനൈസേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹെര്‍സല്‍ തുടര്‍ന്ന് ‘വാഗ്ദത്തഭൂമി’ യാഥാര്‍ത്ഥ്യമാക്കാന്‍ അവിശ്രമം ശ്രമിച്ചു. ജര്‍മന്‍ ചക്രവര്‍ത്തി വില്യം രണ്ടാമനെയും തുര്‍ക്കി സുല്‍ത്താന്‍ അബ്ദുള്‍ ഹമീദ് രണ്ടാമനെയും ഭൂമിക്കായി സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 1903 ലെ ആറാം സിയോണിസ്റ്റ് കോണ്‍ഗ്രസില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ പ്രതിനിധാനം ചെയ്ത ജോസഫ് ചേംബര്‍ ലൈന്‍, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യയില്‍ താത്കാലിക അഭയാര്‍ത്ഥികേന്ദ്രം തുറക്കാനുള്ള ഹെര്‍സലിന്റെ പദ്ധതിയെ പിന്താങ്ങി. എന്നാല്‍ കടുത്ത എതിര്‍പ്പുമൂലം പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തത്. ജൂത രാഷ്ട്രമെന്ന സ്വപ്നം പൂവണിയാതെ ഹെര്‍സല്‍ 1904 ല്‍ ഹൃദ്രോഗം മൂലം, 44–ാം വയസ്സില്‍ മരണമടഞ്ഞു. 44 വര്‍ഷത്തിനുശേഷം വെട്ടിപ്പിടിച്ച് സ്വന്തമാക്കിയ മണ്ണില്‍ യഹൂദജനത തങ്ങളുടെ ആധ്യാത്മിക രാഷ്ട്രപിതാവിന്റെ ഭൗതികാവശിഷ്ടം വിയന്നയില്‍ നിന്നും കൊണ്ടു വന്നു സംസ്കരിച്ചു.
ആദ്യ സിയോണിസ്റ്റ് സൈദ്ധാന്തികന്‍/ആക്ടിവിസ്റ്റ് എന്ന് ഹെര്‍സലിനെ വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും രാഷ്ട്രീയ സിയോണിസത്തിന് ദൃഢവും പ്രായോഗികവുമായ അടിത്തറയും ചട്ടക്കൂടും പണിതത് മറ്റാരുമല്ല. (യെഹൂദ ബിബാസ്, സ്വി ഹിര്‍ഷ് കലിഷെര്‍, ജൂഡ അല്‍കലി തുടങ്ങിയവര്‍ നേരത്തേ സിയോണിസത്തിന്റെ പ്രാക്തന ചിന്തകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.)
വ്യത്യസ്ത ധാരകള്‍
സിയോണിസം ഒരിക്കലും ഒരു ഏകരൂപ പ്രസ്ഥാനമായിരുന്നില്ല. വ്യത്യസ്തവും വിഭിന്നവുമായ അനേകം ധാരകള്‍ അതിലുണ്ടായിരുന്നു. എന്നിരുന്നാലും, ‘പൈതൃകഭൂമി’യിലേക്കു മടങ്ങുക, യഹൂദ വിരുദ്ധത ചെറുക്കുക എന്നീ സാസ്കാരിക – രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഫലപ്രദമായ ഉപാധിയെന്ന നിലയില്‍ പ്രസ്തുത ധാരകള്‍ വിട്ടുവീഴ്ചകള്‍ക്കും വിട്ടുകൊടുക്കലുകള്‍ക്കും തയ്യാറായി. രാഷ്ട്രീയ സിയോണിസത്തിനു പുറമെ രാഷ്ട്രീയ, തൊഴില്‍, സാംസ്കാരിക, മത തലങ്ങളിലും ഈ ആശയം നിലനിന്നിരുന്നു. ദേശീയ സ്വത്വം പങ്കിടുന്ന പീഡിതജനതയുടെ പുനരധിവാസം ലക്ഷ്യമാക്കുന്ന ദേശീയ വിമോചന പ്രസ്ഥാനം എന്നാണ് സിയോണിസം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ എതിരാളികള്‍ തുടക്കം മുതലേ കൊളോണിയല്‍, വംശീയ പ്രസ്ഥാനമെന്ന് അതിനെ വിമര്‍ശിച്ചത് ഇപ്പോള്‍ അന്വര്‍ത്ഥമായിരിക്കുന്നു.
രണ്ടു സഹസ്രാബ്ദക്കാലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിന്നിച്ചിതറിക്കിടന്നിരുന്ന ജൂതജനതയ്-ക്ക് പലസ്തീനില്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പശ്ചാത്തലമായത് രണ്ടാം ലോകയുദ്ധമാണ്. യുദ്ധാനന്തരം മധ്യ þ പൂര്‍വ യൂറോപ്പിലെ യഹൂദ ജീവിതം തകര്‍ന്നപ്പോള്‍ സ്വന്തം രാജ്യം അനിവാര്യവും അടിയന്തിര പ്രാധാന്യവുമുള്ളതുമായി. ബ്രിട്ടനുമായുള്ള ചങ്ങാത്തം ആ ശ്രമങ്ങള്‍ക്ക് കരുത്തേകുകയും ചെയ്തു. യഹൂദവിരോധം കത്തിപ്പടരുകയായിരുന്ന റഷ്യന്‍ സാമ്രാജ്യ പ്രദേശങ്ങളില്‍ നിന്നും യൂറോപ്പിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും സിയോണിസ്റ്റുകള്‍ വന്‍തോതില്‍ യഹൂദ വിശ്വാസികളെ പലസ്തീനിലേക്കു കടത്തി. തുടര്‍ന്നു നടന്നത് കുപ്രസിദ്ധമായ അന്താരാഷ്ട്ര സാമ്രാജ്യത്വ ഗൂഢാലോചനകളാണ്. ജന്മനാട്ടില്‍ നിന്നും പലസ്തീന്‍ ജനത ആട്ടിയിറക്കപ്പെട്ടു. സ്വന്തം രാജ്യത്തു തന്നെ അവര്‍ അഭയാര്‍ത്ഥികളായി. ചോരപ്പുഴകള്‍ നിറഞ്ഞൊഴുകി. അന്താരാഷ്ട്ര അംഗീകാരത്തോടെ 1948 മെയ് 14 ന് പുതിയ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടു.
അന്തകബീജങ്ങള്‍
എന്നാല്‍ വിജയശ്രീലാളിതമായി പ്രകീര്‍ത്തിക്കപ്പെട്ട സിയോണിസം, രാജ്യത്തിനു പിറവി നല്‍കുമ്പോള്‍ തന്നെ അതില്‍ അറിഞ്ഞോ അറിയാതെയോ ‘അന്തക ബീജങ്ങള്‍’ അങ്കുരിപ്പിച്ചിരുന്നുവെന്നതാണ് വാസ്തവം. സാമൂഹിക ദേശീയതയെന്ന പ്രഖ്യാപിത നയത്തില്‍ നിന്ന് കാലപ്പകര്‍ച്ചയില്‍, സിയോണിസം ഭൗതിക þ സ്വത്വ പ്രതിസന്ധിയിലേക്കു പതിച്ചു. അനിയന്ത്രിതമായ നവഉദാരവൽക്കരണം വാരിപ്പുണര്‍ന്നത്, ഏറ്റവും കൂടുതല്‍ അസമത്വങ്ങളുള്ള ലോകരാഷ്ട്രങ്ങളില്‍ ഒന്നാക്കി ഇസ്രായേലിനെ മാറ്റി. 25 ശതമാനത്തിലധികം ജനങ്ങള്‍ ദാരിദ്ര്യരേഖയ്-ക്കു താഴെയാണെന്ന് പാശ്ചാത്യ നിരീക്ഷകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരുടെ സാമൂഹിക, സാമ്പത്തിക ജീവിതാവസ്ഥ അത്യന്തം പരിതാപകരമാണ്. പ്രത്യയശാസ്ത്രാടിത്തറയില്ല, മതനിരപേക്ഷതയില്ല, നിലനില്‍ക്കുന്നത് കടുത്ത വര്‍ഗീയതയും ദേശീയ സങ്കുചിതത്വവും മാത്രം.
‘‘വിസ്മയകരമായ ഒരു ജൂത തലമുറ പിറവിയെടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു… തുടക്കത്തില്‍ പറഞ്ഞത് ആവര്‍ത്തിക്കട്ടെ. സ്വന്തം രാജ്യം ആഗ്രഹിക്കുന്ന ജൂതര്‍ക്ക് അതു ലഭിക്കും. സ്വന്തം മണ്ണില്‍ സ്വതന്ത്രരായി നമ്മള്‍ ജീവിക്കും. സ്വന്തം ഭവനങ്ങളില്‍ സമാധാനത്തില്‍ മരിക്കുകയും ചെയ്യും. നമ്മുടെ സ്വാതന്ത്ര്യത്താല്‍ ലോകം സ്വതന്ത്രമാവുകയും നമ്മുടെ സമ്പത്തിനാല്‍ സമ്പന്നമാകുകയും നമ്മുടെ മഹത്വത്താല്‍ വിപുലമാക്കപ്പെടുകയും ചെയ്യും. നമ്മുടെ ക്ഷേമത്തിനായി നാം നേടാന്‍ ശ്രമിക്കുന്നതെല്ലാം മനുഷ്യവര്‍ഗത്തിന്റെയാകെ നേട്ടത്തിനായി പ്രതിപ്രവര്‍ത്തിക്കും” ലഘുലേഖ ഈ വാചകങ്ങളോടെയാണ് ഹെര്‍സെല്‍ അവസാനിപ്പിക്കുന്നത്. വിഭാവനം ചെയ്യപ്പെട്ടത് ശാന്തിയും സമാധാനവും മനുഷ്യകുലത്തിന്റെയാകെ ക്ഷേമവുമാണ്. എന്നാൽ അതിനു നേര്‍വിപരീത അവസ്ഥകളാണുണ്ടായതെന്നത് ചരിത്ര യാഥാര്‍ത്ഥ്യം!
സാമ്രാജ്യത്വ ഗൂഢാലോചന
ഇസ്രായേലിന്റെ സൃഷ്ടിയോടെ യഹൂദരുടെ രാഷ്ട്രീയ സംസ്കാരത്തില്‍ തന്നെ അവിശ്വസനീയമായ മാറ്റം സംജാതമായി എന്നതാണ് വാസ്തവം. ഭാവിലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഒരു പ്രക്രിയ അവിടെ തുടങ്ങുകയായിരുന്നു. ശീതയുദ്ധത്തിനും സോവിയറ്റ് യൂണിയന്റെ തകർച്ചക്കും ശേഷമാണ് ഈ ചരിത്ര പ്രതിഭാസം പൂര്‍ണമായ രൂപം കൈക്കൊണ്ടത് എന്നു മാത്രം. ഫ്രാന്‍സിസ് ഫുക്കുയാമ നിരൂപിച്ച ‘ചരിത്രത്തിന്റെ അവസാനം’ എത്തിയിട്ടില്ല. ബെര്‍ണാഡ് ലീവിസ് എന്ന ബ്രിട്ടീഷ് – ഇസ്രായേലി പണ്ഡിതന്‍ നിര്‍ദ്ദേശിക്കുകയും അമേരിക്കന്‍ രാഷ്ട്രതന്ത്രജ്ഞന്‍ സാമുവല്‍ ഹണ്ടിങ്ടണ്‍ പ്രചരിപ്പിക്കുകയും ചെയ്ത ‘സംസ്കാരങ്ങളുടെ സംഘട്ടനം’ മുന്നോട്ടുവെച്ച സമയമായിരുന്നു അത്. അമേരിക്കയിലെ നവ യാഥാസ്ഥിതികരും ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടിയും ഹണ്ടിങ്ടനെ ഏറ്റുപിടിച്ചു. ഇതനുസരിച്ച് പടിഞ്ഞാറ് ജൂത – ക്രൈസ്തവ സംസ്കാരത്തിന്റെ ഭണ്ഡാരമായി മഹത്വവത്കരിക്കപ്പെട്ടു.
ശീതയുദ്ധകാലത്ത്, വന്‍ശക്തികള്‍ക്കിടയില്‍ നിഷ്പക്ഷത എന്ന നയം വെടിഞ്ഞ് ഇസ്രായേല്‍ പാശ്ചാത്യ ചേരിയിലെത്തിയിരുന്നു. (ഇസ്രായേല്‍ രാഷ്ട്രം പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നയതന്ത്രബന്ധം സ്ഥാപിച്ച രാജ്യമായിരുന്നു സോവിയറ്റ് യൂണിയന്‍ എന്നോര്‍ക്കുക). ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പുതിയ രാഷ്ട്രത്തിന്റെ പിറവി ദുര്‍ബലമാക്കുമെന്നായിരുന്നു സൈനിക സഹായമുള്‍പ്പെടെ വാഗ്ദാനം ചെയ്ത സോവിയറ്റ് യൂണിയന്റെ ധാരണ. എന്നാല്‍ അമേരിക്ക ബ്രിട്ടനെ കവച്ചുവെച്ച് മേഖലയിലെ നിര്‍ണായക ശക്തിയായി എന്നതാണ് സംഭവിച്ചത്. അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് നയം വാഷിങ്ടണിലെ ഇസ്രായേലി ലോബി നിശ്ചയിക്കുന്ന അവസ്ഥയിലേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ന്നു. ‘‘സമാധാനത്തിനു വേണ്ടി അവിശ്രമം പ്രവര്‍ത്തിക്കുകയും സ്വാതന്ത്ര്യത്തിനായി സുധീരം പോരാടുകയും ചെയ്ത തെരഞ്ഞെടുക്കപ്പെട്ട ജനതയുടെ മാതൃഭൂമിയായ ഒരു രാജ്യത്തിന്റെ ഏറ്റവുമടുത്ത സഖ്യരാജ്യവും സുഹൃത്തുമാകുന്നതില്‍ അമേരിക്ക അഭിമാനിക്കുന്നു.” എന്നാണ് 2008 മെയ് 15 ന് ഇസ്രായേലി പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യവേ പ്രസിഡന്റ് ബുഷ് പറഞ്ഞത്. സാമ്രാജ്യത്വ ചേരിയുമായുള്ള ഈ ബാന്ധവം തന്നെയാണ് പ്രഖ്യാപിത ആദര്‍ശങ്ങളില്‍ നിന്ന് ഇസ്രയേല്‍ ബഹുകാതം അകന്നുവെന്ന് വ്യക്തമാക്കിത്തരുന്നത്. 2018 ആകുമ്പോള്‍ മധ്യപൂര്‍വ്വദേശത്ത് സ്വതന്ത്ര സമൂഹങ്ങളായിരിക്കുമെന്നും ഹമാസും ഹിസ്ബുള്ളയും അല്‍ഖ്വയ്ദയും തുടച്ചുമാറ്റപ്പെട്ടിരിക്കുമെന്നും കൂടി ബുഷ് പ്രഖ്യാപിച്ചു. മുസ്ലീം അറബ് ലോകം യു.എസ്–ഇസ്രായേലി മേധാവിത്വം അടിച്ചേല്പിച്ച സാമൂഹിക –രാഷ്ട്രീയക്രമം പൂര്‍ണമായും സ്വീകരിക്കേണ്ടിവരുമെന്നര്‍ത്ഥം.
യഹൂദര്‍ക്ക് സുരക്ഷിത ജീവിതം വാഗ്ദാനം ചെയ്ത് പുതിയ രാഷ്ട്രം നിര്‍മ്മിച്ചെങ്കിലും ആ ലക്ഷ്യം കൈവരിച്ചുവെന്ന് സിയോണിസത്തിന്റെ ഏറ്റവും വലിയ വക്താക്കള്‍ പോലും അവകാശപ്പെടില്ല. ലോകത്തെ ആണവരാജ്യമായിട്ടും ശക്തമായ സൈന്യമുണ്ടായിട്ടും മുതലാളിത്ത ചേരിയുടെയാകെ പരിലാളനയുണ്ടായിട്ടും തികഞ്ഞ അരക്ഷിതാവസ്ഥയിലും ഭീതിയിലുമാണ് ജനജീവിതം. മനുഷ്യാവകാശ ലംഘനവും ഇതര മത വിദ്വേഷവും അമേരിക്കന്‍ സാമ്രാജ്യത്വ സംരക്ഷണവും ഭരണവ്യവസ്ഥയുടെ അടിസ്ഥാന ശിലകളാക്കിയ ഭരണകൂടത്തിനെതിരെ ഭൂരിപക്ഷം പൗരജനങ്ങളും അമര്‍ഷത്തിലും പ്രതിഷേധത്തിലുമാണ്. ജനങ്ങളില്‍ വലിയ ശതമാനം ‘വാഗ്ദത്തഭൂമി’യിലെ വാസം അവസാനിപ്പിച്ച് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിക്കഴിഞ്ഞു. ‘‘ഇസ്രയേല്‍ ഒരു വഴിപ്പെടാത്ത ചരിത്രയാഥാര്‍ത്ഥ്യമായിരിക്കാം. എന്നാല്‍ അതിന്റെ സൃഷ്ടിക്ക് കാരണഭൂതമാവുകയും സ്വത്വവും ലക്ഷ്യവും രൂപപ്പെടുത്തുകയും ചെയ്ത സിയോണിസ്റ്റ് പ്രത്യയശാസ്ത്രം തകര്‍ന്നടിഞ്ഞിരിക്കുന്നു. പുറത്തു നിന്നല്ല അകത്തു നിന്നുള്ള ജീര്‍ണത കൊണ്ട്” – പ്രമുഖ ഇസ്രയേലി നിരീക്ഷകനായ ടോണി കാരോണ്‍ പറയുന്നു. സിയോണിസത്തെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലിട്ടത് ജഹാദികളല്ല, ജൂതര്‍ തന്നെയാണെന്നും അദ്ദേഹം കണ്ടെത്തി.
ലക്ഷക്കണക്കിന് ജൂതവിശ്വാസികളെ നാസികള്‍ കൂട്ടക്കൊല ചെയ്ത ക്രൂര സംഭവവും തുടര്‍ന്ന് യൂറോപ്പിലാകമാനം പടര്‍ന്നുപിടിച്ച യഹൂദവിദ്വേഷവുമാണ് സിയോണിസ്റ്റ് ആശയത്തിന് മൂര്‍ത്തരൂപം നല്‍കിയത്. മറ്റെല്ലാ സമൂഹത്തിലുമെന്നപോലെ കടുത്ത മതവിശ്വാസികളും മിതവാദികളും മതനിരപേക്ഷവാദികളും ഏറിയും കുറഞ്ഞും സജീവതയോടെ സിയോണിസത്തില്‍ അണിചേര്‍ന്നു. രാഷ്ട്രീയമായി ഇടതു ചിന്താഗതിക്കാരായ യഹൂദര്‍ തൊഴിലാളി വര്‍ഗ താത്പര്യവും സോഷ്യലിസ്റ്റ് ആശയങ്ങളും ഉയര്‍ത്തിപ്പിടിച്ചു. ഭാവിരാഷ്ട്രം സാര്‍വദേശീയ സാമ്രാജ്യത്വവിരുദ്ധ ചേരിയിലായിരിക്കണമെന്ന ശക്തമായ നിലപാട് അവര്‍ക്കുണ്ടായിരുന്നു. പാശ്ചാത്യപക്ഷപാതികള്‍ക്കും നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. മതനിരപേക്ഷ വിഭാഗം പലസ്തീനല്ലാതെ മറ്റേതെങ്കിലും പ്രദേശമാണ് സ്വന്തം രാഷ്ട്രത്തിനു തെരഞ്ഞെടുക്കേണ്ടത് എന്ന അഭിപ്രായക്കാരായിരുന്നു. യൂറോ കേന്ദ്രീകൃത പാരമ്പര്യമുള്ള ഹെര്‍സല്‍ അര്‍ജന്റീനയോ ആഫ്രിക്കയോ മതി എന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നുവത്രേ.
നല്ല ജൂതരും ചീത്ത ജൂതരും
തങ്ങള്‍ ക്രൂരമായി പീഡിപ്പിച്ച ജനതയ്-ക്ക് തങ്ങളുടെ വന്‍കരയില്‍ രാജ്യം അനുവദിക്കുന്നതിനോട് വൈമുഖ്യമുള്ള ക്രൈസ്തവ യൂറോപ്പ്, യഹൂദ പാരമ്പര്യത്തില്‍ ഇസ്രയേലി പ്രദേശമെന്നു പറയപ്പെടുന്ന പേരില്‍ പുതിയ രാഷ്ട്രം പലസ്തീനു മേല്‍ അടിച്ചേല്പിക്കുകയാണുണ്ടായത്. മധ്യപൂര്‍വദേശം വരുതിയിലാക്കാനുള്ള ബ്രിട്ടന്റെയും ഇതര സാമ്രാജ്യത്വ മുതലാളിത്ത രാജ്യങ്ങളുടേയും കുത്സിത താല്‍പര്യം കൂടിയായിരുന്നു അത്. അതിനവര്‍ ആദിമ യഹൂദരുടെ പിതൃഭൂമി എന്ന പഴയ വിശ്വാസത്തെ മുതലെടുക്കുകയും ചെയ്തു. പലസ്തീനില്‍ നിന്ന് ചിന്നിച്ചിതറിയ വിവിധ ജൂതഗോത്രങ്ങളുടെ ‘വാഗ്ദത്തഭൂമി’യിലേക്കുള്ള തിരിച്ചുവരവായി പാശ്ചാത്യലോബി അതിനെ പ്രകീര്‍ത്തിച്ചു. കുപ്രസിദ്ധമായ ബാല്‍ഫോര്‍ പ്രഖ്യാപനത്തിലൂടെ ബ്രിട്ടന്‍ അത് സാധിച്ചു കൊടുക്കുകയും ചെയ്തു. റഷ്യന്‍ വിപ്ലവ സന്ദേശങ്ങളില്‍ ആകൃഷ്ടരായ ജൂത ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്ക് സോഷ്യലിസ്റ്റ് പരീക്ഷണം വ്യാപകമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇത് മുളയിലേ നുള്ളിക്കളയുകയെന്ന ഉദ്ദേശ്യവും സിയോണിസത്തെ വരുതിയിലാക്കുന്നതിനു പിന്നില്‍ സാമ്രാജ്യത്വ ശക്തികള്‍ക്കുണ്ടായിരുന്നു. രണ്ടുതരം ജൂതന്മാരുണ്ടെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ 1920 ല്‍ ‘ഇല്ലസ്ട്രേറ്റഡ് സണ്‍ഡേ ഹെറാള്‍ഡില്‍’ എഴുതിയത് ഈ പശ്ചാത്തലത്തിലാണ്. ആദ്യവിഭാഗം യഥാര്‍ത്ഥ മതവിശ്വാസികളും മതശാസനകള്‍ നിത്യജീവിതത്തില്‍ പുലര്‍ത്തുന്നവരുമാണ്. ബ്രിട്ടീഷ് ജൂതര്‍ അങ്ങനെയാണത്രേ. സാര്‍ ഭരണത്തില്‍ മുതലാളിത്തം പ്രോത്സാഹിപ്പിച്ച റഷ്യന്‍ ജൂതനും ‘നല്ല’ വിഭാഗത്തില്‍പെടും. മറുഭാഗം തിന്മകളോട് ആഭിമുഖ്യമുള്ളവരാണെന്ന് ചര്‍ച്ചില്‍ കണ്ടെത്തുന്നു. ദൈവവിശ്വാസവും മതവിശ്വാസവുമില്ലാത്തവര്‍. പൂര്‍വികരുടെ ആചാര വിശ്വാസങ്ങള്‍ തള്ളിക്കളഞ്ഞവര്‍. പരലോക വിശ്വാസമില്ലാത്തവര്‍. കാള്‍ മാര്‍ക്സ്, ലിയോണ്‍ ട്രോട്സ്കി, ബെലാ കുന്‍, റോസ ലക്സംബര്‍ഗ്, എമ്മ ഗോള്‍ഡ്മാന്‍ തുടങ്ങിയവര്‍ ചീത്ത വിഭാഗക്കാരാണത്രെ! ഇവരില്‍ ചിലര്‍ ബോള്‍ഷെവിസവും റഷ്യന്‍ വിപ്ലവവും സൃഷ്ടിച്ചതില്‍ പങ്കാളികളാണെന്നും.
കാര്യങ്ങള്‍ ബ്രിട്ടനും സഖ്യരാജ്യങ്ങളും ഉദ്ദേശിച്ച രീതിയില്‍ തന്നെ നടന്നു. 1948 മെയ് 14 ന് ‘വാഗ്ദത്തഭൂമി’ വെട്ടിപ്പിടിച്ച് രക്തത്തളികയില്‍ വെച്ച് ഇസ്രയേലിനു നല്‍കി. ഒരു ജനതയോടുള്ള പ്രായശ്ചിത്തം നിരപരാധികളായ മറ്റൊരു ജനതയുടെ ജീവനും സ്വത്തും കവര്‍ന്നുകൊണ്ട് നടപ്പാക്കി! ഈ സാമ്രാജ്യത്വ ഗൂഢാലോചനക്ക് അംഗീകാരം നല്‍കിയ ഐക്യരാഷ്ട്രസഭ ഏഴു പ്രദേശങ്ങളായി പലസ്തീന്‍ എന്ന ചരിത്രഭൂമികയെ വിഭജിക്കുകയാണുണ്ടായത്. യഹൂദര്‍ക്കും അറബികള്‍ക്കും മൂന്നു വീതം. ഒന്ന് സ്വതന്ത്ര പ്രദേശമാക്കി – ജറുസലേം. ജൂതര്‍ക്ക് വെട്ടിമുറിക്കല്‍ സ്വീകാര്യമായി. കാരണം ഫലഭൂയിഷ്ടവും സമ്പന്നവുമായ പ്രദേശങ്ങള്‍ അവര്‍ക്കാണ് ലഭിച്ചത്! പലസ്തീന്‍കാര്‍ അത് നിരസിച്ചു. കാരണങ്ങള്‍ നിരവധിയായിരുന്നു. ജനസംഖ്യയില്‍ ജൂതർ ഗണ്യമായി കുറവായിട്ടും ‘എണ്ണം പറഞ്ഞ’ മൂന്നു സ്ഥലങ്ങള്‍ അവര്‍ക്കു നല്‍കിയതായിരുന്നു പ്രധാന കാരണം. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാമെന്ന വാഗ്ദാനം ബ്രിട്ടന്‍ ലംഘിച്ചതില്‍ അറബ് ലോകം മൊത്തത്തില്‍ പ്രതിഷേധിച്ചു. പിന്നീട് ഇതുവരെയുള്ള വാഗ്ദാനലംഘന പരമ്പരയുടെ തുടക്കമായിരുന്നു അത്. അമര്‍ഷം സ്വാഭാവികമായും യുദ്ധത്തിലേക്ക് നീങ്ങി. തുടര്‍ യുദ്ധങ്ങള്‍ക്കും അനുസ്യൂത സംഘര്‍ഷങ്ങള്‍ക്കും തിരശ്ശീല ഉയര്‍ന്നു. അതിപ്പോള്‍ ഗാസയും ഇതര പലസ്തീന്‍ പ്രദേശങ്ങളും കടന്ന് മധ്യപൂര്‍വദേശമാകെ പടര്‍ന്നിരിക്കുന്നു.
ഏഴു ലക്ഷത്തിലധികം പലസ്തീന്‍കാര്‍ ആദ്യ യുദ്ധത്തില്‍ തന്നെ അഭയാര്‍ത്ഥികളാകുകയോ പുറത്താക്കപ്പെടുകയോ ചെയ്തു. 15,000ല്‍ പരം മരണം. ഒരു ചരിത്രാതീത വംശത്തെയും സംസ്കാരത്തെയും തുടച്ചുമാറ്റാനുള്ള മുതലാളിത്ത –സാമ്രാജ്യത്വ തന്ത്രം. 1967þലെ ആറു ദിവസത്തെ അറബ് –ഇസ്രായേല്‍ യുദ്ധവും 2006, 2008, 2014, 2021 വര്‍ഷങ്ങളിലെ കൂട്ടക്കൊലകളും കടന്ന് 2023 ലെ ഗാസ നരനായാട്ടിലെത്തിനില്‍ക്കുന്നു. ഗാസയും വെസ്റ്റ്ബാങ്കും ഗോലാന്‍കുന്നുകളും സിനായിയും ഈ യുദ്ധങ്ങളിലൂടെ അധിനിവേശ ശക്തികളുടെ വരുതിയിലായി. ‘‘ലോക സമാധാനത്തിനും വിശ്വശാന്തിക്കു”മായി സ്ഥാപിതമായ രാജ്യം പുതിയൊരു സാമ്രാജ്യത്വ –കൊളോണിയല്‍ രാഷ്ട്രമായിയെന്ന് പ്രമുഖ മിഡില്‍ ഈസ്റ്റ് നിരീക്ഷകന്‍ ജാക്വിസ്ഹെര്‍ഷ് വിലയിരുത്തുന്നു. അതെ – ഇസ്രായേലിന്റെ രാഷ്ട്രീയ സംസ്കാരം ഫാസിസത്തിന്റെ നഗ്നരൂപമായി മാറ്റി വരയ്ക്കപ്പെട്ടു. പ്രഘോഷിക്കപ്പെട്ട സോഷ്യലിസ്റ്റ് – മാനവിക മൂല്യങ്ങള്‍ക്ക് അതിവേഗം ശോഷണം സംഭവിച്ചു. ഇസ്രായേല്‍ ലക്ഷണമൊത്ത വലതുപക്ഷ ഭരണകൂടമായി.
‘ഹോളോകോസ്റ്റ്’ അനുഭവങ്ങള്‍ രാഷ്ട്രീയ മൂലധനമായി മാറി മാറി വന്ന വലതുപക്ഷ സര്‍ക്കാരുകള്‍ ഉപയോഗിച്ചു. അത്തരമൊരു നരമേധം ‘‘ഇനിയൊരിക്കലുമില്ല” എന്ന ആപ്തവാക്യം മറന്ന അവര്‍ അത്യാധുനിക മാരകായുധങ്ങളും ചരിത്രത്തില്‍ സമാനതകളില്ലാത്ത നൃശംസതകളുമായി പലസ്തീന്‍ ജനതയെ അവരുടെ മാതൃരാജ്യത്തു നിന്ന് ഉന്മൂലനം ചെയ്യുന്നത് തുടരുന്നു. അതോടൊപ്പം സ്വന്തം ഭൂതകാലവും ഇസ്രായേല്‍ ഓര്‍മയില്‍ നിന്നു പോലും തുടച്ചുമാറ്റി. പലസ്തീന്‍ ജനത ‘‘ഇരകളുടെ ഇര”കളായി. ഏറേ യാതനകളും പീഡനങ്ങളും സഹിക്കുകയും അഭയാര്‍ത്ഥികളായി ലോകമെങ്ങും അലയുകയും ചെയ്ത ഒരു ജനസമൂഹം, അതില്‍ നിന്നു കരകയറി, തങ്ങള്‍ അനുഭവിച്ചതെല്ലാം നിരപരാധികളായ മറ്റൊരു സമൂഹത്തിനുമേല്‍ പ്രയോഗിക്കുന്ന അത്യപൂര്‍വ സ്ഥിതി! അവിശ്വസനീയമായ കിരാത രൂപഭാവങ്ങളുള്ള പുതിയ ജൂതരുടെ നാടാണിപ്പോള്‍ ഇസ്രായേല്‍. മിതവാദികളെയും പുരോഗമന, ഇടതു ചിന്താഗതിക്കാരെയും അവർ അടിച്ചമര്‍ത്തി. യുദ്ധവും നിതാന്ത യുദ്ധഭീതിയും നിലനിര്‍ത്തി നവസിയോണിസം സാമ്രാജ്യത്വ–മുതലാളിത്ത പടവുകള്‍ അതിവേഗം പിന്നിട്ടുകൊണ്ടിരിക്കുന്നു. l