Thursday, November 21, 2024

ad

Homeചിത്രകലജ്യാമിതീയ സിദ്ധാന്തങ്ങളിലെ രൂപവർണ പ്രയോഗം

ജ്യാമിതീയ സിദ്ധാന്തങ്ങളിലെ രൂപവർണ പ്രയോഗം

കാരയ്ക്കാമണ്ഡപം വിജയകുമാർ

ചിത്ര ശില്പകലയുടെ ചരിത്രവഴികളിൽ തുടങ്ങി, ആധുനിക ചിത്രകലയിലൂടെ ജ്യാമിതീയ രൂപങ്ങളുമായി ഇഴചേരുന്നതും നവീന അർത്ഥതലങ്ങൾ സൃഷ്ടിക്കുന്നതുമായ കലാവിഷ്കാരങ്ങളും കലാകാരരും നിരവധിയാണ് പിറവിയെടുത്തത്. പിൽക്കാലത്ത് അമൂർത്തകലയിലുണ്ടായ വികാസപരിണാമത്തിന്റെ ഭാഗമായി ജ്യാമിതീയ രൂപങ്ങളിൽ, അവയുടെ പ്രയോഗങ്ങളിലും രീതിശാസ്ത്രങ്ങളിലും വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. ചിത്ര‐കലാപ്രസ്ഥാനമായ റഷ്യയിൽ തുടക്കമിട്ട കൺസ്ട്രക്ടീവീസത്തെ തുടർന്ന് ജ്യാമിതീയ ചിത്രകല പ്രചാരത്തിൽ എത്തുകയുണ്ടായി. ഭാരതത്തിൽ ജ്യാമിതീയ കലാസിദ്ധാന്തങ്ങൾക്ക് ചരിത്ര പശ്ചാത്തലമുണ്ട്. ഭാരതത്തിൽ നിലനിന്നിരുന്ന താന്ത്രിക ആർട്ടിന്റെ പിൻബലത്തിൽ ജ്യാമിതീയ ചിത്രകല കൂടുതൽ വികാസം പ്രാപിക്കുകയും ശ്രദ്ധേയ സാന്നിധ്യമാവുകയുമുണ്ടായി. ജ്യാമിതീയ അമൂർത്ത കലാവിഷ്കാരങ്ങളുടെ പ്രസക്തി ചിത്ര‐ശില്പ കലകളിൽ പുതിയ അർത്ഥത്തിലും വ്യാഖ്യാനത്തിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. നവീന ചിത്രകലാസങ്കേതങ്ങളിലൂടെ ജ്യാമിതീയ ചിത്രകല ഇന്ന് സജീവമാണ്.

നമ്മുടെ മുന്നിലുള്ള എല്ലാ നിർമിതവസ്തുക്കളുടെയും രൂപകൽപനയ്ക്കാധാരമായി വരുന്നത് പ്രധാനപ്പെട്ട ജ്യാമിതീയ മാതൃകകളാണ്. ചതുരം, വൃത്തം, ത്രികോണം, ദീർഘചതുരം എന്നിങ്ങനെയുള്ള പ്രധാന രൂപങ്ങളിൽനിന്നും ഒരു വസ്തുവിനെ കണ്ടെത്താനുള്ള ഉൾക്കാഴ്ചയാണ് കലാകാരനാവശ്യം (വിമാനം കണ്ടുപിടിക്കുന്നതിന് നൂറ്റാണ്ടുകൾക്കു മുന്പാണ് വിശ്വോത്തര ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചി ആകാശത്തുകൂടി സഞ്ചരിക്കാവുന്ന യന്ത്രരൂപം ജ്യാമിതീയ രൂപങ്ങളിലൂടെ വരച്ചുകാട്ടിയിട്ടുള്ളത്. നമ്മുടെ മുഖം പരിശോധിച്ചു നോക്കൂ… ജ്യാമിതീയ മാതൃകകൾ അവിടെയും കാണാം. മൂക്ക് ജ്യാമിതീയ രൂപമായ ത്രികോണത്തിനുള്ളിലാണ്. കണ്ണുകളും ചുണ്ടും ദീർഘചതുരമായും മുഖം ചതുരത്തിനുള്ളിൽ വൃത്തമായും കണ്ടെത്താനാവും. ഈയൊരു കാഴ്ചപ്പാട് എല്ലാ വസ്തുക്കളുടെയും (Object) രൂപകൽപനയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.

ജ്യാമിതീയ രൂപങ്ങൾക്ക് വർണങ്ങളുടെ ചേർച്ചയും എടുത്തുപറയേണ്ടതുണ്ട്. രൂപത്തെപ്പോലെ വർണത്തെയും അതിന്റെ ടോണുകളെയുമൊക്കെ കണ്ടെത്തിക്കൊണ്ടാണ് ഒരു ചിത്രതലം പൂർണത പ്രാപിക്കുന്നത്. വൈവിധ്യവും വൈരുദ്ധ്യവും സംഘർഷവും ചേരുന്ന ഭാവതലങ്ങൾ ഈ രൂപവർണ നിർമിതികളിൽ സംഭവിക്കുന്നുണ്ടെന്ന് കലാപഠന ഗവേഷകർ അടയാളപ്പെടുത്തുന്നു, ഒപ്പം രൂപസംവിധാനവും വർണപ്രയോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും.

ജ്യാമിതീയ രൂപങ്ങൾക്ക് ഭാവങ്ങളുണ്ടെന്ന് ഗവേഷകരുടെ സിദ്ധാന്തങ്ങൾ വെളിപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. ചതുരം മരണത്തെയും സമാധാനത്തെയും കറുപ്പു/ചുവപ്പു നിറങ്ങളെയും, വൃത്തം പൂർണമായും നീലനിറത്തെയും ബന്ധപ്പെടുത്തിയിരിക്കുന്നു. ത്രികോണം ജീവിതത്തെയും വെളുപ്പ്/മഞ്ഞനിറങ്ങളെയുമായാണ് പ്രതീകവത്കരിക്കുന്നത്. ഈ തരത്തിലുള്ള രൂപവർണങ്ങളുടെ ഇഴചേരലിലൂടെ അമൂർത്തചിത്രങ്ങളും ആവിഷ്കാരിക്കപ്പെടുന്നു. നൃത്തരൂപ‐കായിക പ്രകടനങ്ങളെയും ജ്യാമിതീയ രൂപങ്ങളുമായി ചേർത്തു വായിക്കുന്ന കലാരചനകളും ഉണ്ടായിട്ടുണ്ട്. യാഥാർഥ്യ പ്രതീതി സൃഷ്ടിക്കുന്ന ഭാവതലങ്ങളും ആശയപരതയും പ്രകടമാക്കുന്ന ജ്യാമിതീയ രേഖകളും രൂപങ്ങളും ചേരുന്ന കലാവിഷ്കാരങ്ങൾ തങ്ങളുടെ ശൈലീസങ്കേതങ്ങളിലൂന്നിനിന്ന് അവതരിപ്പിച്ചു തുടങ്ങുകയും അതിൽ കലാകാരൻ വിജയിക്കുകയും ചെയ്തുവന്നു. ചിത്ര‐ശിൽപകലയുടെ ആഖ്യാനരീതിയിൽ പുതിയ അർഥതലങ്ങളും അമൂർത്ത കൽപനയുമായി കലാകാരൻ സജീവമാകുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. റഷ്യൻ ചിത്രകാരനായ വാസിലി കാൻഡിൻസ്കി ജ്യാമിതീയ അമൂർത്തകലയിൽ മുൻനിരക്കാരനായി. ദൃശ്യബിംബങ്ങളുടെയും വർണവൈവിധ്യങ്ങളുടെയും ലാളിത്യവും താളാത്മകതയുമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകത. ‘കലയുടെ ആത്മചൈതന്യം’ എന്ന പുസ്തകത്തിൽ കാൻഡിൻസ്കി ജ്യാമിതീയ രൂപമാതൃകകളിലൂടെയുള്ള കലാവിഷ്കാരങ്ങളെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഇതര ദൃശ്യകലാരൂപങ്ങളുടെ രൂപവർണ പ്രയോഗങ്ങളെ, സംഗീതത്തെയടക്കം ജ്യാമിതീയ രേഖാരൂപവുമായി ചേർക്കുന്ന അമൂർത്തകലയുടെ സാധ്യതകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. രൂപത്തെയും വർണത്തെയും ആദ്യം വേർതിരിച്ച് അവതരിപ്പിക്കുകയും പിന്നീടതിനെ സംയോജിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്രീയമായ സൗന്ദര്യശാസ്ത്രമാണ് കാൻഡിൻസ്കിയുടെ രചനകളിൽ കാണാനാവുക. വർണസിദ്ധാന്തത്തെക്കുറിച്ച് അദ്ദേഹം പ്രസിദ്ധീകരിച്ച കുറിപ്പുകളുമായി ബന്ധപ്പെട്ട ചില ചിന്തകൾ ഇങ്ങനെയാണ്.

കാൻഡിൻസ്കിയുടെ ദർശനത്തിൽ വർണത്തിന് ശബ്ദമുണ്ട്. ലാവണ്യതത്വപ്രകാരം ഊഷ്മളം, പ്രസാദാത്മകം, ശീതളം, വിഷാദം എന്ന് നാലായി തിരിച്ചിരിക്കുന്നു. ഏറ്റവും ഊഷ്മളമായ മഞ്ഞനിറത്തോടും ഏറ്റവും ശീതളമായ നീലനിറത്തോടും എങ്ങനെ ബന്ധപ്പെടുന്നു എന്നതിനനുസരിച്ചാണ് വർണത്തിന്റെ ഭാവം അനുഭവപ്പെടുന്നത്. മഞ്ഞ മണ്ണിന്റെയും ഭൂമിയുടെയും വർണമാകുമ്പോൾ നീല ആകാശത്തിന്റെയും പ്രപഞ്ചത്തിന്റെയും വർണമാകുന്നു. മഞ്ഞ തീക്ഷ്ണവും മൂർച്ചയുള്ളതുമായ സ്വഭാവം പ്രകടിപ്പിക്കുന്നു. രുചിയുമായി ബന്ധപ്പെടുത്തിയാൽ മഞ്ഞയ്ക്ക് തീക്ഷ്ണ രുചിയും നിലയ്ക്ക് അത്തിപ്പഴത്തിന്റെ രുചിയുമാണ്. വെള്ളയും കറുപ്പും (ജലച്ചായത്തിൽ പരമാവധി ഒഴിവാക്കുന്നതുപോലെ) ഇവിടെ വിരുദ്ധങ്ങളാണ്. ഈയൊരു വർണസിദ്ധാന്തം കാൻഡിൻസ്കി അവതരിപ്പിക്കുന്നു. മഞ്ഞയും നീലയും ചേർത്താൽ കിട്ടുന്ന പച്ചയ്ക്ക് സന്തുലിതാവസ്ഥ, ലയം, സ്വാശ്രയത്വം, സൗമ്യപ്രകൃതം എന്നിവയുണ്ട്. നേരെ വിരുദ്ധ നിറമാണ് ചുമപ്പ്. ശക്തവും പ്രധാനവും ഭയപ്പെടുത്തുന്നതുമാണത്‌. ചുമപ്പും മഞ്ഞയും ചേർന്നാൽ ഓറഞ്ചുനിറം ലഭിക്കും. ചുമപ്പും നീലയും ചേർക്കുമ്പോൾ വയലറ്റും. മഞ്ഞയ്ക്കും നീലയ്ക്കും ബാധകമാകുന്നതെല്ലാം ഓറഞ്ചിനും വയലറ്റിനും ബാധകമാണ്. ചുമപ്പ്, മഞ്ഞയ്ക്കും നീലയ്ക്കും ഇടയ്ക്കുള്ള വർണവൈജാത്യത്തെ ബന്ധിപ്പിക്കുന്ന ജോലി നിർവഹിക്കുന്നു. കാൻഡിൻസ്‌കിയുടെ വ്യക്തിപരമായ സിദ്ധാന്തങ്ങളാണിവയെങ്കിലും വർണസിദ്ധാന്തങ്ങളുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. നിറങ്ങളെപ്പോലെ രൂപങ്ങളിലും കാൻഡിൻസ്കിയുടെ കാഴ്‌ചപ്പാടുകളുണ്ട്. ഒരു ബിന്ദുവാണ് ഏറ്റവും പ്രധാന രൂപമെന്ന് അദ്ദേഹം കണ്ടെത്തുന്നു. ബിന്ദുവിന്റെ ചലനത്തിലൂടെ എന്തു രൂപവും നിർമിക്കാം. ഏതു പ്രതലത്തിലാണോ ബിന്ദു നിലകൊള്ളുന്നത്, ആ പ്രതലവിസ്തീർണവും അതിൽ സ്ഥിതിചെയ്യുന്ന ബിന്ദുവിന്റെ വലുപ്പവും തമ്മിലുള്ള ബന്ധം ശ്രദ്ധേയമാണ്.

ചിത്രകാരനും അമൂർത്ത ചിത്രകലാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ പോൾ ക്ലീയും കലാസിദ്ധാന്തങ്ങളിൽ കുറേക്കൂടി പ്രായോഗികതലത്തിൽനിന്ന് ചിന്തിക്കുന്നതായി കാണാം. ഒരു ബിന്ദുവിൽനിന്നാരംഭിക്കുന്ന ക്ലീയുടെ ചിന്ത, രേഖകളെ നിഷ്ക്രിയം, സക്രിയം, മധ്യമം എന്നിങ്ങനെ മൂന്നായി തിരിച്ചുകൊണ്ടാണ് വിശകലനം ചെയ്യുന്നത്. ചലനാത്മകമായ രേഖ സക്രിയവും ഒരു കൃത്യമായ രൂപത്തെ നിർവചിക്കുന്ന രൂപരേഖ മധ്യമവും രൂപം വർണമുള്ളതായാൽ ആ രൂപരേഖ നിഷ്‌ക്രിയവുമാകുമെന്ന് അദ്ദേഹം പറയുന്നു. വർണത്തിന്റെ ക്രമീകരണത്തിലൂടെ ഈ രേഖകളെ സക്രിയമാക്കാനും സാധിക്കുന്നു. നേർത്ത രേഖയും കട്ടിയുള്ള രേഖയും വരയ്ക്കുമ്പോഴുള്ള മർദം (pressure) മാനസികവികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു നേർരേഖ ഒരിടത്ത് വളച്ചുവരയ്ക്കുകയാണെങ്കിൽ ആ ‘വളവിലെ’ രേഖയുടെ കടുപ്പമനുസരിച്ചാണ് (നേർത്തതും കട്ടികൂടിയതുമായ രേഖ) മാനസികവികാരം അടയാളപ്പെടുത്തപ്പെടുന്നത്. ലംബരേഖ വളരെ ഊഷ്മളമാണ്, തിരശ്ചീനരേഖ ശീതളവും. എന്നാൽ ചരിഞ്ഞ രേഖകളുടെ ചരിവനുസരിച്ച് വികാരാവിഷ്കാരം ചിത്രതലത്തിൽ കൂടുതൽ അനുഭവപ്പെടും. രേഖയെയും വർണത്തെയും കേന്ദ്രീകരിച്ച് ചിത്രസംവിധാനത്തെ കാൻഡിൻസ്കി വിശകലനം ചെയ്യുന്നതും ശ്രദ്ധേയമാണ്. ഒരു ചിത്രസംവിധാനത്തിൽ (composition) രൂപവർണങ്ങൾ കണ്ണിനെ മേലോട്ട് നയിക്കുന്ന മട്ടിലാണ് ഒരുക്കുന്നതെങ്കിൽ അത് സ്വതന്ത്രവും ഭാരരഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കും. താഴേക്കാണ് നോട്ടമെങ്കിൽ കടുത്ത വിഷാദമാണ് ചിത്രസംവിധാനം സമ്മാനിക്കുക. ചലനം ചിത്രത്തിൽ ഇടത്തോട്ടാണെങ്കിൽ സാഹസികതയും വലത്തോട്ടാണെങ്കിൽ പരിചിതത്വവും പ്രദാനം ചെയ്യുന്നു. ഇത്തരത്തിൽ വ്യക്തവും വ്യക്തിഗത വസ്തുനിഷ്ഠവുമാണ് കാൻഡിൻസ്കിയുടെ കാഴ്ചപ്പാടുകൾ.

ജ്യാമിതീയ അമൂർത്തകലയുടെ സ്രഷ്ടാവായി ചിത്രകലാപ്രസ്ഥാനം രൂപംകൊണ്ടത് ഹോളണ്ടിൽ 1917ലാണ്. മോൺഡ്രിയൽ എന്ന വിഖ്യാത ചിത്രകാരനായിരുന്നു പ്രധാനി. ഒരു വസ്തുവിനെ അദ്ദേഹം ചതുരങ്ങളും ദീർഘചതുരങ്ങളും ത്രികോണങ്ങളുമാക്കി മാറ്റിക്കൊണ്ട് അടിസ്ഥാന ജ്യാമിതീയ രൂപങ്ങളുടെ ഘടനാപരമായ സംവിധാനത്തിലൂടെയാവും വരയ്ക്കുന്നത്. വസ്തുവിന്റെ സ്വഭാവം ഉൾക്കൊണ്ട് കാഴ്ചക്കാരിൽ പുതിയ വ്യാഖ്യാനവും അർഥതലങ്ങളും സൃഷ്ടിക്കുന്ന രചനാശൈലിയായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. വെളിച്ചത്തിന്റെയും നിഴലിന്റെയും കാഴ്ചാനുഭവവും അവ സൃഷ്ടിക്കുന്ന വർണസങ്കലനവും ക്യാൻവാസിൽ പുനഃസൃഷ്ടിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അമൂർത്തീകരണം സംഭവിക്കുന്നത്.

ആധുനിക ചിത്രകലയിൽ ജ്യാമിതീയ രൂപങ്ങൾക്ക് നവീനമായ കാഴ്ചയൊരുക്കിയ ചിത്രകാരനാണ് പാബ്ലോ പിക്കാസോ. അദ്ദേഹം തുടക്കംകുറിച്ച കലാപ്രസ്ഥാനമായ ക്യൂബിസം ജ്യാമിതീയ രൂപങ്ങളിലധിഷ്ഠിതമാണ്. പിൽക്കാലത്ത് ക്യൂബിസത്തിന്റെ പ്രചോദനമുൾക്കൊണ്ട് ഋജുവായ രേഖകളിലൂടെയുള്ള വർണവൈവിധ്യത്തിലൂടെ ജ്യാമിതീയ അമൂർത്തകലയെ ശുദ്ധീകരിക്കാൻ ശ്രമിക്കുകയും അതിന്റെ പ്രസക്തി സമകാലീന ചിത്ര‐ശിൽപകലയിലൂടെ ദർശിക്കാനാവുന്നു എന്നതും ശ്രദ്ധേയമാണ്.
1960കളിൽ ഭാരതീയ ചിത്ര‐ശിൽപകലയിലും ജ്യാമിതീയ അമൂർത്തകല ശക്തിപ്രാപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ ചിത്രകാരനായ കെ സി എസ് പണിക്കരുടെ ‘വാക്കുകളും പ്രതീകങ്ങളും’ എന്ന പരന്പരയും കെ വി ഹരിദാസിന്റെ ബ്രഹ്മസൂത്രവുമൊക്കെ ഉദാഹരണങ്ങളാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × two =

Most Popular