(കുച്ചുപ്പുടി നർത്തകിയായ അനുപമ മോഹനുമായി ചെം പാർവതി നടത്തിയ അഭിമുഖം)
നാട്യവിശാരദ അനുപമ മോഹൻ കുച്ചിപ്പുടിക്ക് മാത്രമായി പ്രവർത്തനമാരംഭിച്ച കേരളത്തിലെ ആദ്യത്തെ സ്ഥാപനമായ സത്യഞ്ജലി അക്കാഡമി ഓഫ് കുച്ചിപ്പുടി ഡാൻസിന്റെ സ്ഥാപകയാണ്.
സുദീർഘമായ കലാസപര്യയിൽ നൃത്തത്തെ ജീവിതത്തിൽ നിന്നും ഭേദിക്കുവാൻ സാധ്യമല്ലാത്ത ഒട്ടേറെ അനുഭവങ്ങളുണ്ടാകുമല്ലോ. നൃത്തജീവിതത്തിന്റെ ആരംഭം എന്നും സൂക്ഷിച്ചുവയ്ക്കുന്ന ഒരു ഓർമ്മയാവില്ലേ?. ആ കാലത്തെ എങ്ങനെയാണ് ഓർത്തെടുക്കുന്നത്?
ഞാൻ ആന്ധ്രാപ്രദേശിലെ നെല്ലൂർ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഒരു സമീന്ദാർ കുടുംബത്തിൽ അത്ര വിശാലമായ സ്ത്രീപക്ഷ ജീവിത ശൈലികളൊന്നും ഇല്ലായിരുന്നു. സ്ത്രീകൾ പുറത്തുപോകുക തൊഴിൽ കണ്ടെത്തുക എന്നതൊന്നും കേട്ടുകേൾവിയില്ലായിരുന്നു. ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നതിനാലാകണം നെല്ലൂർ ഗ്രാമത്തിലെ ഒരു നൃത്താധ്യാപകൻ കോട്ട സുബ്രമണ്യ ശാസ്ത്രിയുടെ കീഴിൽ പരിശീലനത്തിനായി മാതാപിതാക്കൾ എന്നെ കൊണ്ടുപോയത്. അന്നത് ശാസ്ത്രീയ നൃത്തമാണോ ഫോക്ക് ആണോ എന്ന തിരിച്ചറിവില്ലായിരിന്നു. അങ്ങനെ തിരിച്ചറിയാൻ സാധിക്കാത്ത ഒരു നൃത്തരൂപമാണ് ഞാൻ ആദ്യമായി പഠിക്കുന്നതും അവതരിപ്പിക്കുന്നതും. നായിഡുമ്മ നായിഡുബാവ എന്ന പേരിൽ ഞാനും ഒരു സുഹൃത്തും നൃത്തം ചെയ്തു.
കുടുംബസമേതം മദ്രാസിലേക്കുള്ള ഒരു യാത്രയിലാണ് വെമ്പട്ടി ചിന്നസത്യം എന്ന വ്യക്തിയെ കണ്ടുമുട്ടുന്നത്. അന്ന് ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ പാട്ടുപാടി നൃത്തം ചെയ്തു. എനിക്കന്ന് വെറും എട്ട് വയസ്സ് മാത്രം. അദ്ദേഹമാണ് എന്നെ മദ്രാസിലെ ടി നഗറിലെ കുച്ചിപ്പുടി ആർട്ട് അക്കാഡമിയിൽ എത്തിക്കുവാൻ അച്ഛനെ നിർദേശിച്ചത്. അദ്ദേഹത്തിന്റെ അനുജനും കുച്ചിപ്പുടി നൃത്തത്തിൽ അഗ്രഗണ്യനുമായ ഗുരു സാക്ഷാൽ വെമ്പട്ടി ചിന്ന സത്യത്തിന്റെ അടുത്തെത്തുന്നത് . അവിടെ വെച്ചാണ് ഞാൻ മുതിർന്നവർ നൃത്തം ചെയ്യുന്നത് ആദ്യമായി കാണുന്നതും.
വളരെ ചെറിയപ്രായത്തിൽ തന്നെ ലെജൻഡറി ആയ ഒരു ഗുരുവിനെ കിട്ടുന്നു. പിന്നീടൊരിക്കലും മറ്റൊരു ഗുരുവിനെ അന്വേഷിക്കേണ്ടി വന്നിട്ടില്ലല്ലൊ. ആ പൈതൃകത്തെ പിൻപറ്റി ജീവിക്കുവാനും സാധിച്ചുവല്ലോ. എന്താണ് കുച്ചിപ്പുടി ആർട്ട് അക്കാഡമിയെ വ്യത്യസ്തമാക്കിയത്?
നൃത്തപഠനത്തിനുവേണ്ടി ഞാൻ ആർട്ട് അക്കാഡമിയിൽ തന്നെ താമസിച്ചു. അവിടെ ഗുരുകുല സമ്പ്രദായമാണ് നിലനിന്നിരുന്നത്. ഇന്നത്തെപോലെ വളരെ വേഗത്തിൽ നൃത്ത ഇനങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കില്ലായിരുന്നു. ആദ്യ വർഷം അടവുകൾ മാത്രം. അതിനടുത്ത വർഷം ജതികൾ. മൂന്നാം വർഷം മാത്രമാണ് ഇനങ്ങൾ പഠിപ്പിക്കുക. കഠിനമായ പരിശീലനവും മെയ്വഴക്കവും ക്ഷമയും അത്യന്താപേക്ഷിതമായിരുന്നു. ഭാഗ്യവശാൽ ഈ മൂന്നുകൊല്ലങ്ങൾ തികയും മുമ്പേ എനിക്ക് നൃത്തം അവതരിപ്പിക്കുവാൻ അവസരങ്ങൾ ലഭിച്ചിരുന്നു. ഒരിക്കൽ ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് കുച്ചിപ്പുടി അവതരിപ്പിക്കുവാൻ സാധിച്ചു. അക്കാലത്ത് ബാലേകളിൽ ഞാൻ സജീവമാകാൻ തുടങ്ങി. 1975 ൽ യൂറോപ്പിലെ ഒട്ടനവധി രാജ്യങ്ങളിൽ ഞങ്ങളുടെ അവതരണങ്ങൾ എത്തിച്ചേർന്നു. ജർമ്മനി പാരീസ് ലണ്ടൻ ഹോളണ്ട് ഇറ്റലി എന്നിങ്ങനെ രാജ്യങ്ങൾ തോറും ആർട്ട് അക്കാദമിയിലെ നർത്തകരോടൊപ്പം നൃത്തം ചെയ്യാൻ അവസരമുണ്ടായി. മൂന്നുമാസങ്ങൾ കൊണ്ട് അറുപത്തിമൂന്ന് പ്രോഗ്രാമുകൾ ഞങ്ങൾ പൂർത്തിയാക്കി. എന്നിലെ കലാകാരിക്ക് വിശാലമായ ഒരു ലോകം തന്നെയാണ് എന്റെ ഗുരു കാട്ടിത്തന്നത്.
കലയിൽ ഒരു വലിയ ഭൂപടം തന്നെ അറിയുവാൻ സാധിച്ചിരിക്കെ കേരളത്തിൽ എത്തിയപ്പോൾ എങ്ങനെയാണ് ഇവിടുത്തെ കുച്ചിപ്പുടിയെ വീക്ഷിച്ചിരുന്നത്?
എന്റെ ജീവിതപങ്കാളി മലയാളിയാണെങ്കിലും വിവാഹശേഷമല്ല ഞാൻ ആദ്യമായി കേരളത്തിൽ എത്തുന്നത്. എന്റെ ചെറിയ പ്രായത്തിൽ ഗുരുവിന്റെ നേതൃത്വത്തിൽ ഒരു കേരള യാത്രയുണ്ടായിരുന്നു. പല ജില്ലകളിലായി ഞാൻ നൃത്തം ചെയ്തു. വിവാഹശേഷമാണ് എന്റെ ഭർത്താവിന്റെ നാടായ തൃശ്ശൂരിൽ വച്ച് ആദ്യമായി കേരളത്തിലെ കുച്ചിപ്പുടി കാണാനിടയായത്. എനിക്ക് പരിചിതമായ കുച്ചിപ്പുടിയല്ലായിരുന്നു ഇവിടെ കണ്ടത്. തികച്ചും വേദനിപ്പിക്കുന്നതായിരുന്നു ആ അനുഭവം. കുച്ചിപ്പുടിയുടെ തനത് ശൈലികൾ ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. ഒരു കലയെ ശരിയായ വിധത്തിൽ അവതരിപ്പിക്കുകയെന്നാൽ അർഹിക്കുന്ന ബഹുമാനം നൽകുക എന്നാണ് ഞാൻ മനസിലാക്കുന്നത്. സ്കൂൾ കലോത്സവങ്ങളിലാണ് നിരവധി കുച്ചിപ്പുടികൾ കാണാനിടയായത്. അധ്യാപകർ കലയെ ആഴത്തിൽ അറിയുവാൻ ശ്രമം നടത്തേണ്ടിയിരുന്നു. ഒരു പരീക്ഷ ജയിക്കാൻ വേണ്ടി പഠിപ്പിക്കുന്നതുപോലെയാണ് യുവജനോത്സവങ്ങളിൽ പലരെയും അധ്യാപകർ പരിശീലിപ്പിച്ചിരുന്നത്.
ഞങ്ങൾ മദ്രാസിലാണ് അക്കാലത്ത് താമസിച്ചിരുന്നത്. എന്നാൽ കേരളത്തിൽ ജീവിച്ചു തുടങ്ങിയപ്പോഴാണ് കുറച്ച് കുട്ടികൾക്ക് വേണ്ടി 1998 ൽ ഒരു നൃത്തവിദ്യാലയം തുടങ്ങുന്നത്. അതിന് പ്രചോദനമായത് എന്റെ ഗുരു വെമ്പട്ടി ചിന്ന സത്യമാണ്. ഒപ്പം കുച്ചിപ്പുടിയുടെ തനത് ശൈലികൾ മലയാളികളിലേക്ക് പകർത്തേണ്ടതുണ്ട് എന്ന ഉപദേശവും. അങ്ങനെയാണ് ഞാൻ അദ്ദേഹത്തിന്റെ പേരിനോട് കടപ്പെട്ടുകൊണ്ട് സത്യാഞ്ജലി അക്കാഡമി ഓഫ് കുച്ചിപ്പുടി ഡാൻസ് കൊച്ചിയിൽ ആരംഭിക്കുന്നത്. സത്യാഞ്ജലി കേരളത്തിലെ ആദ്യത്തെ കുച്ചിപ്പുടിക്ക് മാത്രമായ നൃത്തവിദ്യാലമായി പ്രവർത്തനമാരംഭിച്ചു.
ഗുരുവിന്റെ അഭാവത്തിൽ ഇന്ന് എങ്ങനെയാണ് കുച്ചിപ്പുടി ആർട്ട് അക്കാഡമി ആ പൈതൃകത്തെ പരിപാലിക്കുന്നത്?
ഗുരു പദ്മഭൂഷൺ ഡോക്ടർ വെമ്പട്ടി ചിന്നസത്യത്തിന്റെ മരണശേഷം അക്കാഡമിയിൽ ക്ലാസുകൾ സജീവമല്ലായിരുന്നു. അദ്ദേഹത്തിന്റെ മകൻ വെമ്പട്ടി രവിശങ്കർ അധ്യാപനം തുടർന്നിരുന്നു. പക്ഷെ അദ്ദേഹം അകാലത്തിൽ മരണപ്പെട്ടു. അക്കാദമിയിലെ ആ ശൂന്യതയിൽ ഇപ്പോൾ ഒരു തിരി തെളിഞ്ഞു വരുന്നു. മാസ്റ്ററുടെ ചെറുമകൾ വെമ്പട്ടി ലക്ഷ്മി കാമേശ്വരി ഒരു മികച്ച നർത്തകിയും നൃത്താധ്യാപികയുമായി വളർന്നു വരുന്നു.
നിത്യഹരിത സിനിമകളുടെ സംവിധായകനായ മോഹൻ ജീവിതപങ്കാളിയായി മാറിയപ്പോൾ അദ്ദേഹത്തിന്റെ സിനിമാ പ്രമേയങ്ങൾ പോലെ ഒരു നവതരംഗം തന്നെ ജീവിത്തത്തിലും പ്രതിധ്വനിച്ചുകാണുമല്ലോ. ഭാഷയും നാടും ജീവിതശൈലികളും എല്ലാം അപരിചിതമായിരിക്കെ ‘രണ്ടുപെൺകുട്ടികളിലെ’ അനുപമ മോഹൻ എങ്ങനെയാണ് കേരളത്തെ സ്വീകരിച്ചത്?
രണ്ടുപെൺകുട്ടികൾ എന്ന സിനിമയുടെ പ്രമേയം പോലും എനിക്കറിയില്ലായിരുന്നു. ഒന്നോ രണ്ടോ തെലുങ്ക് സിനിമകളിൽ നർത്തകിയായി അഭിനയിച്ചിട്ടുണ്ടെന്നല്ലാതെ എനിക്ക് സിനിമയോ അഭിനയമോ എന്താണെന്ന വ്യക്തതയുണ്ടായിരുന്നില്ല. രണ്ടുപെൺകുട്ടികളിൽ മലയാളമെന്ന ഭാഷയും എനിക്കറിയില്ല. ആ സിനിമയിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രം കുളിച്ചുകൊണ്ടിരുന്ന രംഗം ചിത്രീകരിക്കാൻ എന്റെ അമ്മക്ക് സമ്മതമല്ലായിരുന്നു. എന്നെ തിരികെക്കൂട്ടിക്കൊണ്ടുപോകാൻ അച്ഛനും വാശിപിടിച്ചു. പക്ഷെ സിനിമ സംഭവിച്ചു. അവിടെവെച്ചാണ് സംവിധായകൻ മോഹൻ എന്നോട് പ്രണയം തുറന്നുപറയുന്നത്. ഞാൻ വളരെ ഭയമുള്ള ഒരു പെൺകുട്ടിയായിരുന്നു. ആ പ്രണയാഭ്യർത്ഥനക്ക് മറുപടിയും ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ വാടകവീട്ടിലും എന്നെ കാസ്റ്റ് ചെയ്തു. ഞങ്ങൾ പ്രണയത്തിലാകുകയും ചിത്രീകരണത്തിനൊടുവിൽ വിവാഹിതരാകുകയും ചെയ്തു.ഒരു കലാകാരനെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതിൽ ഞാനെന്നും അഭിമാനിക്കും. അദ്ദേഹത്തിന് നൃത്തത്തോട് വലിയ പ്രിയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിൽ കലാകാരന്മാർ നിരവധിപേരുണ്ടായിരുന്നു. അതെനിക്ക് വലിയ ആശ്വാസവുമായിരുന്നു.
ശങ്കരാഭരണം എന്ന നഷ്ടം
ശങ്കരാഭരണത്തിൽ മഞ്ജു ഭാർഗവി ചെയ്ത കഥാപാത്രത്തിനായി സൂര്യതാപം സിനിമയുടെ ലൊക്കേഷനിൽ വച്ച് സംവിധായകൻ വിശ്വനാഥ് മാസ്റ്ററുടെ സഹസംവിധായകനും നൃത്തസംവിധായകനും എന്നെ സമീപിച്ചു. അതിലെ നർത്തകിയായ നായികയുടെ വേഷം എനിക്കവതരിപ്പിക്കുവാൻ സാധിക്കുമെന്ന ആത്മവിശ്വാസം അവർക്കുണ്ടായിരുന്നു. അപ്പോൾ എന്റെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അന്നത് ഒഴിവാക്കിയെങ്കിലും പിൽക്കാലത്ത് കേരളത്തിലേക്ക് താമസമായപ്പോൾ അതൊരു വലിയ നഷ്ടമായിതോന്നി. ഭാരതിരാജയുടെ ‘കിഴക്കേ പോകും റെയിൽ’ എന്ന ചിത്രത്തിനായി എന്നെ ബുക്ക് ചെയ്തിരുന്നു. അതും ഇതേകാരണത്താൽ നഷ്ടമായി. നടി രാധികയാണ് ആ കഥാപാത്രം അവതരിപ്പിച്ചത്.
നൃത്തത്തിൽ അവതരണമാണോ അധ്യാപനമാണോ പ്രിയപ്പെട്ടത്?
ഞാൻ അവയെ രണ്ടായി കാണുന്നു. അവതരണവും അധ്യാപനവും രണ്ടു കലകളാണ്. സ്വന്തമായി നൃത്തസംവിധാനം ചെയ്ത ഇനങ്ങൾ അവതരിപ്പിക്കുമ്പോൾ കിട്ടുന്ന അനുമോദനങ്ങൾക്ക് പ്രത്യേകതകളുണ്ട്. അത് സ്വന്തം നേട്ടമാണ്. എന്നാൽ എന്റെ സംവിധാനത്തിൽ എന്റെ ശിഷ്യരുടെ നൃത്തം ആസ്വദിക്കുമ്പോൾ അതിലും വലിയ സന്തോഷമാണെനിക്ക്.
എന്നിൽ നിന്നും ജന്മം കൊണ്ട ഒരു കുഞ്ഞിന്റെ വളർച്ചപോലെ ഞാനതിനെ ഒരു അമ്മയുടെ നിർവൃതിയോടെയാണ് നോക്കിക്കാണുന്നത്. സിനിമയിലെ നൃത്തസംവിധാനം വേറെയാണ്. അതും ഞാൻ ആസ്വദിച്ചാണ് ചെയ്തിട്ടുള്ളത്. ഷോലെ എന്ന സിനിമയ്ക്ക് വേണ്ടി ഹേമമാലിനിയെ പരിശീലിപ്പിച്ചിട്ടുണ്ട്.
കാലാനുസൃതമായ മാറ്റങ്ങളെ കാലം കുച്ചിപ്പുടിയിലും കൊണ്ടെത്തിച്ചിട്ടുണ്ടാകുമല്ലോ. പരമ്പരാഗത കുച്ചിപ്പുടി ശൈലിയെ സ്വായത്തമാക്കിയ നർത്തകി എന്ന നിലയ്ക്ക് അത്തരം മാറ്റങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
കാലാനുസൃതമായ മാറ്റങ്ങൾ സ്വീകാര്യമാണ്. പക്ഷെ കലാരൂപത്തിന്റെ ചട്ടങ്ങൾ വിട്ടുപോകേണ്ടതില്ല. നൃത്തസംവിധാനം വ്യക്തികളുടെ മനോധർമ്മത്തെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്തമാകാറുണ്ട്. പക്ഷെ ശാസ്ത്രത്തെ ഖണ്ഡിക്കുന്ന രീതികൾ കാണപ്പെടുന്നുണ്ട്. പലതും തീർത്തും സ്വീകാര്യമല്ല. സ്ത്രീപുരുഷ ഭേദങ്ങൾ വളരെ വ്യക്തമായി കുച്ചിപ്പുടിയിൽ കാണാം. കുച്ചിപ്പുടി അംഗഭാഷ്യത്തിന് വളരെ പ്രാധാന്യം നൽകാറുണ്ട്. പലരും സ്ത്രീ പുരുഷ കഥാപാത്രങ്ങൾക്ക് കല്പിച്ചിരിക്കുന്ന കൈകാലുകളുടെ സ്ഥാനങ്ങൾ ചലനങ്ങൾ എന്നീ നിയമങ്ങളെ അംഗീകരിക്കാറില്ല. അത്തരം മാറ്റങ്ങൾ ഇപ്പോൾ നിറയെ കാണാം. എനിക്ക് അവ സ്വീകാര്യമല്ല. l