Thursday, November 14, 2024

ad

Homeലേഖനങ്ങൾപ്രാദേശിക വികസനവും ആഗോള മലയാളി സമൂഹവും; തന്ത്രപ്രധാനമായ ചട്ടക്കൂടിന്റെ അനിവാര്യത

പ്രാദേശിക വികസനവും ആഗോള മലയാളി സമൂഹവും; തന്ത്രപ്രധാനമായ ചട്ടക്കൂടിന്റെ അനിവാര്യത

കെ വിജയകുമാർ (മെമ്പർ, ലോക കേരളസഭ)

പ്രവാസി മലയാളികൾ നാട്ടിലെത്തിക്കുന്ന വരുമാനം വളരെ വിലപ്പെട്ടതും സമൂഹത്തിൽ അതുമൂലമുണ്ടായിക്കൊണ്ടിരിക്കുന്ന പ്രഭാവം തിട്ടപ്പെടുത്താൻ സാധിക്കാത്തതുമാണ്. എന്നാൽ അവരെത്തിക്കുന്ന പുറം വരുമാനത്തിന് അനുസൃതമായ സാമ്പത്തിക നേട്ടവും പുരോഗതിയും സമൂഹത്തിൽ പ്രതിഫലിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഒരുപക്ഷേ, ലഭിക്കേണ്ടതിന്റെ 40 ശതമാനത്തിലും താഴെയായിരിക്കുമത്.

ഉൽപ്പാദന മേഖലയിലേക്കുള്ള പ്രവാസി നിക്ഷേപവും; സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും
കേരളത്തിൽ വന്നുചേരുന്ന റമിറ്റൻസിന്റെ 10 ശതമാനമെങ്കിലും കാർഷിക, വ്യവസായ, സേവന മേഖലകളിലേക്ക് തന്ത്രപരമായി തിരിച്ചുവിടാൻ സാധിച്ചാൽ പുറം വരുമാനം കൊണ്ടുള്ള ഗുണിത പ്രഭാവം പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ കഴിയും.

ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യവസ്തുക്കളുടെയും നിർമാണ സാമഗ്രികളുടെയും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് സാഹചര്യമൊരുങ്ങും. ഇറക്കുമതിക്കായി ചെലവഴിക്കപ്പെടുന്ന സംഖ്യയിൽ ഗണ്യമായ കുറവുവരുത്താൻ സാധിക്കും. സാമ്പത്തിക വികസനവും പ്രതിശീർഷ വരുമാനവും ഗണ്യമായി വർദ്ധിക്കും.

മാത്രമല്ല, ഈ സമീപനം പ്രവാസികൾക്ക് അവരുടെ മാതൃരാജ്യത്തിന്റെ വികസനത്തിന് നേരിട്ട് സംഭാവന നൽകാനുള്ള അവസരവും പ്രോത്സാഹനവുമായി മാറുന്നു. സാമ്പത്തിക നിക്ഷേപങ്ങൾക്കപ്പുറം, വിജ്ഞാനം, വൈദഗ്ധ്യം, പ്രവാസികൾ നേടിയെടുത്ത അന്തർദേശീയ ബന്ധങ്ങൾ (ശൃംഖലകൾ) എന്നിവയുടെ കൈമാറ്റം പ്രാദേശിക വികസനത്തിന് അമൂല്യമായ ആസ്തികളായി മാറ്റിയെടുക്കുന്നതിന് അവസരമൊരുങ്ങും . സുസ്ഥിര സാമ്പത്തിക വളർച്ചയെന്ന നമ്മുടെ കാഴ്ച്പ്പാടിന് ആക്കംവർദ്ധിക്കും.

ഗ്രാമീണതലം മുതലുള്ള വികസനത്തിൽ പ്രവാസികളുടെ വൈദഗ്ധ്യം  പ്രയോജനപ്പെടുത്തുന്നു
വിവിധ മേഖലകളിലുള്ള പ്രവാസികളുടെ വൈവിധ്യമാർന്ന അറിവും അനുഭവങ്ങളും, ഒപ്പം സാമ്പത്തികമായ പങ്കും ഗ്രാമീണ തലം മുതൽ ആരംഭിക്കുന്ന വികസനത്തിന് വൻ മുതൽക്കൂട്ടായി രൂപപ്പെടും.

നേരിട്ടുള്ള അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുക ലളിതമല്ലെങ്കിലും ഫിലിപ്പൈൻസ്, ഇന്തോനേഷ്യ ,മെക്സിക്കോ, ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി പൗരരും പൊതുസമൂഹവും സഹകരിച്ചുകൊണ്ടുള്ള പ്രാദേശിക കൂട്ടായ്മകളുടെ പ്രവർത്തനം ആ നാടുകളിൽ സമസ്ത മേഖലയിലും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുരോഗതി ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാൻ സാധിക്കും. ഇത്തരം അനുഭവപാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തനതായ മാർഗ്ഗങ്ങളുടെ സൃഷ്ടിയും പ്രയോഗവും എങ്ങനെ സാധ്യമാക്കാം എന്നത് നാം ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്.

ലോക കേരളസഭയുടെ പ്രസക്തി
മേൽവിവരിച്ച രാജ്യങ്ങൾക്ക് സമാനമായതോ ഒരു പക്ഷേ, അതിലും മെച്ചപ്പെട്ട നിലയിലോ സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാൻ സാധിക്കുന്നത് കേരളത്തിലായിരിക്കുമെന്ന് ഉറപ്പിച്ചു പറയാം. വലിയൊരു അടിത്തറ ഇപ്പോൾത്തന്നെ നാം പണിതുകഴിഞ്ഞു. 2018 മുതൽ ആഗോള മലയാളി സമൂഹത്തിന്റെ സംഗമ വേദിയായ “ ലോക കേരളസഭ” വിശാലമായൊരു സാധ്യത തുറന്നിടുന്നു . ഇത്തരമൊരു വേദി , അതും ജന്മനാട്ടിൽ ഒത്തുചേരാനുള്ള അവസരം, നമുക്കല്ലാതെ ലോകത്ത് മറ്റൊരു പ്രദേശത്തുമില്ല. നൂറിൽപ്പരം രാജ്യങ്ങളിൽ നിന്നുമുള്ള ശക്തമായ പ്രാതിനിധ്യംകൊണ്ട് സമ്പന്നമായത് , വൈവിധ്യ മേഖലകളിലെ ലോക പ്രശസ്തരായവർ മുതൽ സാധാരണക്കാർ വരെയുള്ളവരുടെ വലിയ നിരയ്‌ക്കൊപ്പം ജനപ്രതിനിധികളുടെ പങ്കാളിത്തവും. ഇത് വലിയൊരവസരമായികണ്ട് പരമാവധി നേട്ടങ്ങൾ കൊയ്യാൻ സാധിക്കണം.

നാലാം ലോക കേരളസഭ 2024; പ്രഖ്യാപനങ്ങളും നിർദ്ദേശങ്ങളും
വളരെ വലിയ സാധ്യതകളുടെ വാതായനമാണ് നാലാമത് ലോക കേരള സഭ തുറന്നുതരുന്നത്. അവിടെ ചർച്ച ചെയ്ത് അംഗീകരിച്ച നിർദ്ദേശങ്ങൾ എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരുകയെന്നത് പ്രവാസി സമൂഹത്തിനൊപ്പം ഓരോ കേരളീയന്റെയും കടമയായി മാറണം.

പ്രവാസികളുടെ ഗ്രാമീണതല കൂട്ടായ്മകൾ, പ്രവാസി മിഷൻ എന്നിവ രൂപീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വൻമാറ്റങ്ങളിലേക്കുള്ള സൂചന നൽകുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറാവുന്ന പ്രഖ്യാപനങ്ങളാണത്. പ്രവാസികളുടെ ഗ്രാമസഭകൾ വിളിച്ചുകൂട്ടുന്നതിന് സംവിധാനമൊരുക്കുമെന്ന പ്രസ്താവന പ്രാദേശിക വികസനത്തിൽ പ്രവാസി സമൂഹത്തിന്റെ പങ്ക് അടിവരയിടുന്നതുമാണ്. പ്രവാസികളേയും മടങ്ങിവന്നവരേയും ഒരുമിച്ചണിനിരത്തി മുന്നോട്ടുപോകാൻ സാധിച്ചാൽ സംസ്ഥാനത്തുണ്ടാകാൻ പോകുന്നത് അതിശയകരമായ മുന്നേറ്റമായിരിക്കും. വരുമാന വർദ്ധനക്കൊപ്പം അനേകായിരം തൊഴിലവസ്സരങ്ങൾ രൂപപ്പെടാൻ സാധ്യതയേറും. കാർഷിക,വ്യവസായ, സേവന മേഖലകൾക്കൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യം തുടങ്ങിയ മേഖലകളിൽ വൻകുതിപ്പിന് വഴിതുറക്കും.

നാലാം ലോക കേരളസഭ മുന്നോട്ടുവയ്‌ക്കുന്ന, ശക്തവും ദൂരവ്യാപക പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ ഉതകുന്നതുമായ മറ്റൊരു നിർദ്ദേശമാണ് പ്രവാസികളുടെ സഹകരണത്തോടെ “തന്ത്രപരമായ ഏഞ്ചൽ നിക്ഷേപ ഗ്രൂപ്പുകളുടെ” രൂപീകരണം.

ഏഞ്ചൽ നിക്ഷേപ ഗ്രൂപ്പുകളുടെ രൂപീകരണം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2000-നും 2024-നും ഇടയിൽ ബാങ്കിംഗ് ഇടപാടുകളിലൂടെ മാത്രം റമിറ്റൻസായി കേരളത്തിലെത്തിയത് 16.57 ലക്ഷം കോടി രൂപയാണ്. ഈ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം സ്വീകർത്താക്കളായ കുടുംബങ്ങളുടെ നിത്യജീവിതച്ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, തിരിച്ചടവ്, നിർമ്മാണം, നിക്ഷേപം എന്നിവയ്ക്കായി നീക്കിവയ്ക്കുന്നു. എന്നാൽ, മിച്ചത്തിൽ ചെറിയൊരംശം പോലും നമ്മുടെ നാട്ടിലെ ഉല്പാദന മേഖലകളിലേക്ക് നിക്ഷേപിക്കപ്പെടുന്നില്ല. മറിച്ച്,ഗണ്യമായൊരു ഭാഗം പലപ്പോഴും മറ്റ് സംസ്ഥാനങ്ങളിലെ വ്യവസായങ്ങളിലേക്കോ അല്ലെങ്കിൽ, ഓഹരി വിപണികളിലേക്കോ മാറ്റപ്പെടുന്നു . നമ്മുടെ നാടിനെ സംബന്ധിച്ച്‌ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തകളും ഇതിന് കാരണമാകുന്നു. എന്നാൽ, വ്യവസായ നയങ്ങളിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ടുവരുന്ന അർത്ഥവത്തായ ഇടപെടൽ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുന്ന വാർത്ത തീർച്ചയായും കൂടുതൽ സാധ്യതകൾ തുറക്കുന്നതിന് കാരണമായിത്തീരും.

പുറംനാടുകളിലെ വ്യാവസായങ്ങളിൽ നിക്ഷേപിക്കുന്നവർ സാധാരണയായി രണ്ട് പ്രധാന വഴികൾ പിന്തുടരുന്നു. ആദ്യത്തേത് നേരിട്ടുള്ള ഓഹരി നിക്ഷേപമാണെങ്കിൽ, ഉയർന്ന ലാഭം ആഗ്രഹിക്കുന്ന സമ്പന്നരായ ബിസ്സിനസ്സുകാരും വ്യക്തികളും ചേർന്ന് രൂപീകരിക്കുന്ന ഏഞ്ചൽ നിക്ഷേപ ഗ്രൂപ്പുകൾ മുഖേന വിജയസാധ്യതയുള്ള സ്റ്റാർട്ടപ്പുകളിലും വൻവ്യവസായങ്ങളിലും വലിയ സംഖ്യകൾ നിക്ഷേപിക്കുക എന്നതാണ് രണ്ടാമത്തെ രീതി. പ്രവാസികളാൽ രൂപംനൽകിയിട്ടുള്ള ഏഞ്ചൽ നിക്ഷേപ ഗ്രൂപ്പുകൾ കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും പ്രവർത്തിക്കുന്നു.

പരമ്പരാഗത വ്യവസായങ്ങൾ, കാർഷിക മേഖല, ചെറുകിട‐ഇടത്തരം സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലേക്കുള്ള നിക്ഷേപമെന്നത് ഇത്തരം കൂട്ടായ്മകൾ പരമാവധി അവഗണിക്കുകയാണ് ചെയ്യാറ് . ഇത്, ലോകമെമ്പാടുമുള്ള സമ്പന്നരാൽ രൂപീകരിക്കപ്പെടുന്ന ഏഞ്ചൽ നിക്ഷേപകരുടെ പൊതുവായ പ്രവണതയാണുതാനും. പരമാവധി ലാഭം എത്രയും വേഗതയിൽ നേടിയെടുക്കുകയെന്ന കാഴ്ച്പ്പാടാണ് ഈ അവസ്ഥക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടേണ്ടത്.

ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ, വിശാലമായ കാഴ്ചപ്പാടോടെ തന്ത്രപ്രധാനമായ ഏഞ്ചൽ നിക്ഷേപ ഗ്രൂപ്പുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നുവരുന്നു. മുഖ്യധാരാ നിക്ഷേപകരാൽ അവഗണിക്കപ്പെടുന്നതും എന്നാൽ കേരളത്തിന്റെ സുസ്ഥിര വികസനത്തിന് അത്യന്താപേക്ഷിതവുമായ മേഖലകളിലേക്ക് നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിന് പ്രവാസികൾ ഉൾപ്പെടുന്ന ഏഞ്ചൽ നിക്ഷേപ ഗ്രൂപ്പുകളെ നയിക്കാൻ സാധിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ കൃഷി, പരമ്പരാഗത വ്യവസായങ്ങൾ, എം .എസ് എം ഇ കൾ തുടങ്ങിയ മേഖലകളിലെ മൂലധന നിക്ഷേപത്തിൽ ഗുണപരമായ പുരോഗതിയുണ്ടാവുകയും ഉല്പാദനം ഗണ്യമായി ഉയരാനുള്ള സാഹചര്യമൊരുങ്ങും. സാമൂഹിക പ്രതിബന്ധതയോടെ രൂപീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകളിലൂടെ മാത്രമേ ഇക്കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കൂ. പ്രവാസികൾ എത്തിക്കുന്ന പുറം വരുമാനം പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും പിന്തുണ നൽകുന്ന രീതിയിൽ പുനർനിക്ഷേപം നടത്താൻ അവസരം സൃഷ്ടിക്കപ്പെടുകയും ചെയ്യും.

തന്ത്രപരമായ ഏഞ്ചൽ നിക്ഷേപ ഗ്രൂപ്പുകളുടെ പ്രാധാന്യവും മടങ്ങി വരുന്ന പ്രവാസികളുടെ പുന: സംയോജനവും
പരമ്പരാഗത ഏഞ്ചൽ ഇൻവെസ്റ്റ്‌മെന്റ്‌ ഗ്രൂപ്പുകൾ പലപ്പോഴും രൂപപ്പെടുത്തുന്നത് സമ്പന്നരായ വ്യക്തികളാണ്, അവർ വൻലാഭം മുന്നിൽക്കണ്ട് നിക്ഷേപം നടത്തുന്നു, കൂടുതലായി വിജയസാധ്യതയുള്ള സ്റ്റാർട്ടപ് വ്യവസായങ്ങളാണ് അവരുടെ ലക്ഷ്യം. എന്നാൽ ഇതിൽനിന്നും തന്ത്രപരമായ ഏഞ്ചൽ നിക്ഷേപ ഗ്രൂപ്പുകൾക്ക്‌ കാര്യമായ വ്യത്യാസമുണ്ട്. ഈ ഗ്രൂപ്പുകൾ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ഒരു പൊതു കുടക്കീഴിൽ കൊണ്ടുവരുന്നു, ചെറുതും വലുതുമായ വിഹിതങ്ങൾ കൂട്ടിച്ചേർത്ത് വലിയ നിക്ഷേപമാക്കി മാറ്റുന്നതിന് ഊന്നൽ നൽകുന്നു. ഈ കൂട്ടായ സമീപനം തന്ത്രപരമായ നിലപാട് മാത്രമായി ചുരുങ്ങുന്നില്ല,മാത്രമല്ല പ്രാദേശിക സമഗ്ര വികസന ലക്ഷ്യങ്ങളുമായി സംയോജിപ്പിച്ച് നിക്ഷേപ ഗ്രൂപ്പുകളുടെ രൂപീകരണത്തെ ഉയർത്തിക്കൊണ്ടുവരികയുംചെയ്യുന്നു.

പ്രവാസികളെയും കുടുംബാംഗങ്ങളേയും അണിനിരത്തി രൂപീകരിക്കുന്ന ആക്ടിവിറ്റി (സംരംഭകത്വ ) ഗ്രൂപ്പുകളുടെ രൂപീകരണവും, ലോക കേരളസഭയിലെ പ്രഖ്യാപനമായ പ്രവാസി മിഷന്റെ രൂപീകരണവും തീർച്ചയായും മുന്നോട്ടേക്കുള്ള പ്രയാണത്തിന് വലിയ സംഭാവന പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − fifteen =

Most Popular