Thursday, November 21, 2024

ad

Homeലേഖനങ്ങൾദേശം ചരിത്രം മനുഷ്യൻ ഒരു കഥ

ദേശം ചരിത്രം മനുഷ്യൻ ഒരു കഥ

കെ ഗിരീഷ്‌

ദേശവും ചരിത്രവും, ചരിത്രത്തെ മുന്നോട്ടുനയിച്ച രേഖപ്പെടുത്താത്ത മനുഷ്യരുമാണ്‌ അശോകൻ ചരുവിലിന്റെ കഥകളിലെ പൊതു അന്തരീക്ഷം. ആർജ്ജവത്തോടെ ജീവിച്ചും ഇടക്കെപ്പൊഴോ തളർന്നും പോയവർ. ഈ മനുഷ്യരുടെ തളർച്ചയെ , ദേശത്തിന്റെ, ചുറ്റുമുള്ള ദേശങ്ങളുടെ ആശയാദർശങ്ങളുടെ തളർച്ചയിലേക്ക്‌ ചേർത്തു വായിക്കപ്പെടുന്നു. സാംസ്‌കാരികവും രാഷ്‌ട്രീയവുമായ പിൻനടത്തങ്ങളെ ആവിഷ്‌കരിക്കുമ്പോൾ തന്നെ ഈ ചുറ്റുപാടുകളിൽ ജീവിച്ച മനുഷ്യരിലൂടെത്തന്നെയാണ്‌ ചരുവിൽ തന്റെ ആവിഷ്‌കാരം നിർവഹിക്കുന്നത്‌.
ചരുവിലിന്റെ പുതിയ കഥ ‘ഫാസിസത്തിനെതിരെ ഒരു നാടകം’ തീർച്ചയായും കേന്ദ്രീകരിക്കുന്നത്‌ തലക്കെട്ട്‌ പറയുംപോലെ നാടകത്തിൽ തന്നെയാണ്‌. നാടകശാലയിലെ സെക്യൂരിറ്റിയായ ദിനകരൻ ഡ്യൂട്ടിക്കു ശേഷം പുലർകാലത്ത്‌ തൃശൂർ നഗരത്തിൽ നിന്നും ഗ്രാമത്തിലേക്കുള്ള ബസ്സിൽ നടത്തുന്ന യാത്രയിലാണ്‌ ആരംഭം. കണ്ടശ്ശാംകടവിൽ നിന്ന്‌ തിരിഞ്ഞ്‌ മാങ്ങാട്ടുകര,പടിയം, മുത്തപ്പൻപടി, മുറ്റിച്ചൂർ, ചെമ്മാപ്പിള്ളി വഴി ഉൾവഴികളിലൂടെയുള്ള ഈ യാത്ര ശാന്തമാണ്‌. ബസ്‌ കടന്നുപോകുന്ന ഗ്രാമങ്ങളുടെ സ്വാസ്ഥ്യം പോലെ മൃദുവാണ്‌ കഥയുടെ ആഖ്യാനം. ബസ്സിലെ രാത്രിജോലിക്കാരായ യാത്രക്കാരുടെ മനസ്സും ജീവിതവും അത്രയേറെ ശാന്തമല്ല. അവരുടെ സ്‌മരണകൾ പോലെ ഈ ഗ്രാമങ്ങൾക്കും ഇരമ്പുന്ന സ്‌മരണകളുണ്ട്‌. ദിനകരന്റെ സ്‌മരണയിലൂടെ ഒരു ദേശത്തിന്റെ അല്ലങ്കിൽ അതുപോലെയുള്ള ദേശങ്ങളുടെ ചരിതങ്ങളെ കഥ നമ്മിലേക്കെത്തിക്കുന്നു. ചെത്തുസമരത്തിന്റേയും ചകിരിസമരത്തിന്റേയും അലയൊലികളിൽ ജീവിച്ചവയാണ്‌ ഈ ദേശങ്ങളെന്ന്‌ കൂട്ടിവായിക്കേണ്ടതുണ്ട്‌.. സമരവും സാമ്പത്തികശാസ്‌ത്രവും സംസ്‌കാരിക മുന്നേറ്റങ്ങളും രാഷ്‌ട്രീയവും ചേർന്നുനിൽക്കുന്നതാണ്‌ ആ ദേശസ്‌മരണകൾ.

ദിനകരന്റെ ചുണ്ടിൽ മുറിവുണ്ട്‌. മുഖമടച്ച്‌ കിട്ടിയ അടിയുടെ ബാക്കിപത്രം. കാവൽ നിൽക്കുന്ന നാടകശാലയിൽ അരങ്ങേറിയ ‘ഫാസിസത്തിനെതിരെ ഒരു നാടകം’ സംവിധായകൻ ദേവനാരായണനാണ്‌ അയാളെ അടിച്ചത്‌. ആ അടി വെറുമൊരു അടിയല്ല. അടിക്കാൻ മാത്രംഎന്തുണ്ട്‌ എന്ന ചോദ്യം വായനക്കാരനിലുയർത്തുന്നുണ്ട്‌. നാടകം അവസാനിച്ച്‌ കാണികൾ പിരിഞ്ഞുപോയ ശേഷമാണ്‌ തനിക്ക്‌ മുകളിൽ നിന്നുള്ള നിർദേശങ്ങൾ പ്രകാരം ദിനകരൻ നാടകശാലയുടെ വാതിലടയ്‌ക്കുന്നത്‌. പിന്നെയെന്താകും സെക്യൂരിറ്റിയെ മർദ്ദിക്കാൻ മാത്രം സംവിധായകനെ പ്രേരിപ്പിച്ചത്‌? സംവിധായകനാകട്ടെ ബനാറസ്‌ സർവകലാശാലയിലെ തിയറ്റർ വിഭാഗം തലവനാണ്‌. കഥയുടെ ഒരു ഘട്ടത്തിൽ അടിയേറ്റിരിക്കുന്ന ദിനകരനോട്‌ പുതുതലമുറയിലെ ഒരു വിഭാഗം നാടകക്കുട്ടികൾ പറയുന്ന സംഭാഷണത്തിൽ അതു തെളിഞ്ഞുവരുന്നുണ്ട്‌. തന്റെ നാടകം പരാജയപ്പെട്ടുവെന്ന മനസ്സാക്ഷിക്കുത്താണ്‌ അയാളെ കോപാകുലനാക്കുന്നത്‌. വലിയ കൈയടികളോടെ കാണികൾ സ്വീകരിച്ചതാണ്‌ നാടകം. എന്നാൽ മിസോറാം ഗവർണ്ണർ അയാളെ കെട്ടിപ്പിടി്ച്ച്‌ അഭിനന്ദിക്കുകയും കേരളത്തിലെ മന്ത്രി നിശബ്‌ദനായി നിൽക്കുകയും ചെയ്യുന്നേടത്താണ്‌ താൻ കോംപ്രമൈസ്‌ ചെയ്യുന്നു എന്ന മനസ്സാക്ഷിക്കുത്ത്‌ ദേവനാരായണനിലുണ്ടാകുന്നത്‌. ദേവനാരായണൻ എന്ന പേരിൽ തുടങ്ങി അയാളുടെ ആന്തരികസ്വഭാവം വെളിവാക്കുന്നുണ്ട്‌ കഥാകാരൻ. പുതുമയുടെ വേഷം എന്നു വിളിക്കാവുന്ന ടീ ഷർട്ടും കാവിമുണ്ടുമാണ്‌ അയാൾ ധരിച്ചിരിക്കുന്നത്‌. ചെറുപ്പമാണെങ്കിലും വല്ലാതെ നര ബാധിച്ചിട്ടുണ്ട്‌. നാടകക്കുട്ടികൾ അയാളുടെ ഭൂതവും വർത്തമാനവും പറയുന്നുണ്ട്‌. ഭൂപരിഷ്‌കരണത്തിൽ ഭൂസ്വത്ത്‌ നഷ്‌ടമായ കുടുംബാംഗം. യൂണിവേഴ്‌സിറ്റി പ്രൊഫസർ, പാരീസിൽ നടക്കാൻ പോകുന്ന തിയറ്റർ ആർട്ടിസ്‌റ്റുകളുടെ ആഗോള സമ്മേളനത്തിൽ ഇന്ത്യൻസംഘത്തെ നയിക്കുന്നയാൾ. ജോസ്‌ ചിറമ്മലിനെപൊലെ കാനയിൽ വീണു മരിക്കാനോ, സ്‌റ്റാൻസ്വാമിയേപോലെയും വരവരറാവുവിനെപൊലെയും ജയിലിൽ കിടന്ന്‌ മരിക്കാനോ ആവാത്തതുകൊണ്ട്‌. ദേവനാരായണൻ അയാളുടെ കലയിൽ കോംപ്രമൈസ്‌ ചെയ്യുന്നു.

സമ്പന്നമായ ജനകീയനാടകപ്രസ്ഥാനത്തിന്റെ മണ്ണിൽ പുതിയ കാലത്തെ നാടകാവതരണത്തിനുണ്ടായ മാറ്റം കൂടി കഥ സൂചിപ്പിക്കുന്നു. ദൃശ്യവിസ്‌മയങ്ങളുടെ മായക്കാഴ്‌ചയിലേക്ക്‌ വഴിമാറിയ പുതിയ നാടകം. ഒരു കോടി ചെലവിട്ട്‌ ഒരു വർഷത്തെ പരിശീലനവും കഴിഞ്ഞ ശേഷമാണ്‌ ദേവനാരായണന്റെ നാടകം അരങ്ങേറുന്നത്‌. ഇന്ത്യയിലെ ഏറ്റവും വലിയ തിയറ്റർ കോംപ്ലക്സിൽ. 2000 മുതൽ 3000 വരെ ടിക്കറ്റ്‌ നിരക്ക്‌. വലിയ പ്രചരണം. കാഴ്‌ചയുടെ മായികലോകത്ത്‌ സന്ദേശം അല്ലെങ്കിൽ ആശയം മുങ്ങിപ്പോകുന്ന വമ്പൻ അവതരണങ്ങളുടേതുകൂടിയായി മലയാള നാടകവേദിയും മാറിക്കഴിഞ്ഞു എന്ന സൂചന കഥ നൽകുന്നു. അത്‌ ദൃശ്യങ്ങളിൽ കാണിയെ മയക്കുകയും അതുവഴി നാടകപാഠം വിനിമയം ചെയ്യുന്ന സന്ദേശത്തെ കാണികളിലേക്കെത്തിക്കാതെ മുക്കിക്കളയുകയും ചെയ്യുന്നു.

നാടകത്തിന്റെ അവസാന ഭാഗം മാത്രമാണ്‌ ദിനകരൻ കണ്ടത്‌. കോറസ്സായി എല്ലാ കഥാപാത്രങ്ങളും ചേർന്ന്‌ പറയുന്നു. എല്ലായിടത്തും ഫാസിസമാണ്‌. വീടിനകത്തും, പുറത്തും കേരളത്തിലും അധികാരമുള്ളിടത്തെല്ലാം ഫാസിസമാണ്‌. ഹിറ്റ്‌ലറും സ്‌റ്റാലിനും തോളോടുതോൾ ചേർന്നു നിൽക്കുന്ന കാഴ്‌ചയുമുണ്ട്‌. ഇവിടെയാണ്‌ കഥയുടെ കാതൽ. ഫാസിസത്തെ സമീകരിക്കുന്ന, അല്ലങ്കിൽ ഇന്ത്യ നേരിടുന്ന ഫാസിസ്‌റ്റ്‌ ഭീഷണികളെ ലളിതവൽക്കരിക്കുന്നു നാടകം. ഇതൊരു സമകാലീന കാഴ്‌ചയാണ്‌. ഭയംകൊണ്ടോ ലാഭത്തെക്കുറിച്ചുള്ള മോഹം കൊണ്ടോ രചനകളിലും നാടകത്തിലും സിനിമയിലും ഈ ഫാസിസ്‌റ്റ്‌ സമീകരണമുണ്ട്‌. ജനാധിപത്യരഹിതമായ കുടുംബവ്യവസ്ഥയേയും മനുഷ്യനെ കൂട്ടത്തോടെ കൊന്നുതള്ളുന്ന ഒരു ജനതയെ മുഴുവൻ ജനാധിപത്യ രാഹിത്യത്തിലേക്ക്‌ നയിക്കുന്ന ഭരണവ്യവസ്ഥയേയും ഒരുപോലെ ചേർത്തുവയ്‌ക്കുന്ന നവലിബറൽ തന്ത്രം. അത്‌ ഭംഗിയായി ദേവനാരായണൻ എന്ന സംവിധായകൻ നാടകത്തിലൂടെ നടപ്പാക്കുന്നു.

എന്നാൽ ഈ സമീകരണം തൃപ്‌തിപ്പെടുത്താത്ത മനുഷ്യരുമുണ്ട്‌. ഹാളിനകത്തെ സെക്യൂരിറ്റിയായ ഗോപാലൻ നാടകം മുഴുവൻ കണ്ട ശേഷം തന്റെയരികിലെത്തുമ്പോൾ എങ്ങനെയുണ്ട്‌ നാടകം എന്ന ദിനകരന്റെ ചോദ്യത്തിന്‌ ഗോപാലൻ നിശബ്‌ദനായി അകലേക്ക്‌ കണ്ണുപായിക്കുകയാണ്‌. ഗോപാലനിലൂടെ നാടകത്തിന്റെ ഭൂതകാലങ്ങൾ വെളിവാക്കുന്നു. മലയാള നാടകചരിത്രത്തിലെ വിഖ്യാതമായ ഏടാണ്‌ കാട്ടൂർ ക്യാമ്പ്‌. ജോസ്‌ ചിറമ്മലിന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ പിരിവെടുത്ത്‌ നടത്തിയ ആറു മാസത്തെ ക്യാമ്പ്‌. രാമാനുജവും മായാ തങ്ങ്‌ബർഗും പി എം താജും, വയലാ വാസുദേവൻ പിള്ളയും ശങ്കരപിള്ളയും എത്തിയ ക്യാമ്പ്‌. അതിലെ പങ്കാളിയായിരുന്നു മുൻ ചുമട്ടുതൊഴിലാളിയായ ഗോപാലൻ, അയാൾ രാഷ്‌ട്രീയം പറയുന്നുണ്ട്‌. ഇന്ത്യ നേരിടുന്ന വലിയപ്രശ്‌നം ഹിന്ദുത്വ ഫാസിസമാണെന്ന്‌ അയാൾ കൂട്ടിച്ചേർക്കുന്നു. അതിനെതിരെ പൊരുതാൻ നാടകത്തിനു മാത്രമേ സാധ്യമാവൂ എന്നും നാടകമെന്നാൽ വിപ്ലവമാണെന്നും ടി എൻ ജോയിയുടെ വാക്കുകൾ സ്‌മരിച്ച്‌ ഗോപാലൻ പറയുന്നു. ചെന്നായ്‌ക്കൾ അഥവാ പട്ടിണിമരണം, മേരി ലോറൻസ്‌, രാവുണ്ണി, തേവരുടെ ആന തുടങ്ങിയ നാടകങ്ങൾ അരങ്ങേറിയതിന്റെ സ്‌മരണയും അയാളുടെ ഉള്ളിലുണ്ട്‌. ഒപ്പം ദിനകരനും തന്റെ നാടകസ്‌മരണകളിലൂടെ സഞ്ചരിക്കുന്നു. കഴിമ്പ്രം വിജയൻ നാടകം സംവിധാനം ചെയ്യാൻ അന്തിക്കാട്ടെത്തുന്നതും എസ്‌ എൽ പുരത്തിന്റെ നാടകവും മറ്റും അരങ്ങേറുന്നതും കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ തെരുവ്‌ നാടകമായ ‘കുരിശിന്റെ വഴിയിൽ’ ഭടനായി അഭിനയിച്ചതും. നാടകം പൊലീസ്‌ തടഞ്ഞതും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും അയാളുടേയും സ്‌മരണകളിലുണ്ട്‌.

പുതിയ കാലത്തെ നാടകശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരാണ് ദിനകരൻമാരും ഗോപാലൻമാരും. കാണികളായിപ്പോലും കടന്നുചെല്ലാനാവാത്ത വിധം നാടകം തങ്ങളിൽ നിന്നകന്നുപോയതായി ഇവരുടെ നാടകസ്‌മരണകളിലൂടെ സൂചിപ്പിക്കുന്നു . കഥ ഉയർത്തുന്ന ആദ്യപ്രശ്‌നം അപകടകരമായ ഫാസിസത്തിന്റെ ലളിതവൽക്കരണമോ സാമാന്യവൽക്കരണമോ ആണെങ്കിൽ, രണ്ടാമത്തെ പ്രശ്‌നം ചെത്തുകാരും തൊഴിലാളികളും യുവാക്കളും രാഷ്‌ട്രീയ പ്രവർത്തകരും പങ്കാളികളായിരുന്ന നാടകപ്രവർത്തനത്തിന്റെ, സാംസ്‌കാരികപ്രവർത്തനത്തിന്റെ ധാരയ്‌ക്ക്‌ സംഭവിച്ച വീഴ്‌ചയാണ്‌. ആരായിരുന്നോ ഈ ധാരയെ, അതിന്റെ രാഷ്‌ട്രീയത്തെ മുന്നോട്ടുകൊണ്ടുപോവേണ്ടിയിരുന്നത്‌, അത്‌ സംഭവിക്കാത്തതിലുള്ള ഒരുതരം സ്വയം വിമർശനപരമായ വേദന കഥയിലൂടെ ചരുവിൽ പങ്കുവയ്‌ക്കുന്നു. ഈ ധാരയറ്റുപോയ വിടവുകളിലേക്കാണ്‌ ഫാസിസം അതിന്റെ സാംസ്‌കാരിക ഇടപെടൽ നടത്തിയതെന്നും കൂട്ടിവായിക്കേണ്ടതുണ്ട്‌.

ദിനകരൻ ചെത്തുതൊഴിലാളിയായിരുന്നു. അന്തിക്കാട്ടെ ചെത്തുതൊഴിലാളി. കേരളത്തിന്റെ രാഷ്‌ട്രീയചരിത്രത്തെ വല്ലാതെ മുന്നോട്ടു നയിച്ചവരാണവർ. ചെത്ത്‌ ഒരു തൊഴിൽ മാത്രമായിരുന്നില്ല. അത്‌ വലിയൊരു സംസ്‌കാരത്തിന്റെ ഉറവിടം കൂടിയായിരുന്നു. ദിനകരൻ ഓർക്കുന്നുണ്ട്‌ അന്തിക്കാട്ടെ പഴയ തീസീസിനെക്കുറിച്ച്‌‘ഇങ്ങോട്ടിച്ചാൽ തിരിച്ചടിക്കണം’ എന്നതാണ്‌ അത്‌. എന്നാൽ അതേ ദിനകരൻ ചെത്തുവ്യവസായം തകർന്ന്‌ കൂലിപ്പണിക്ക്‌ പോവുകയും അതിലും രക്ഷയില്ലാതായപ്പോൾ സെക്യൂരിറ്റിപ്പണിക്ക്‌ പോവുകയും ചെയ്യുന്നു. അയാളെപ്പോലെയുള്ള പഴയ ചെത്തുകാരെല്ലാം ഇന്ന്‌ സെക്യൂരിറ്റിക്കാരാണ്‌. ഇവിടെ സംവിധായകനെ തിരിച്ചു തല്ലണമെന്ന ഗോപാലന്റെ ആവശ്യത്തോട്‌ അതൊന്നും വേണ്ട എന്നാണ്‌ ദിനകരന്റെ മറുപടി. പൊലീസിലും പരാതി നൽകേണ്ട എന്നും അയാൾ പറയുന്നു. കാരണം അയാൾ സെക്യൂരിറ്റിയാണ്‌. കാവൽക്കാരൻ. അയാളെ പഠിപ്പിച്ചിട്ടുള്ളത്‌ സെക്യൂരിറ്റി എന്നാൽ കാവൽക്കാരൻ എന്നു മാത്രമല്ല കാവൽ നായ എന്നു കൂടിയാണ്‌. എല്ലാത്തിനും യെസ്‌ സർ എന്നു മാത്രം മുരളുന്നവൻ.

ഒരു പരമ്പരാഗതതൊഴിലിന്റെ തകർച്ച ഒരു ജനതയുടെ ആത്മാഭിമാനത്തേയും സംസ്‌കാരത്തേയും തകർത്തതിന്റെ കാഴ്‌ച കൂടി വരച്ചിടുകയാണ്‌ കഥയിൽ. മാത്രമല്ല ചെത്തുതൊഴിലാളിയുടെ സമൃദ്ധിയുടെ കാലത്ത്‌ ഷാപ്പിൽ കണക്ക്‌ തീർക്കുന്ന ആഴ്‌ചയവസാനദിവസം ഷാപ്പിനു മുന്നിൽ നടക്കുന്ന വ്യാപാരങ്ങൾ സംഭാവനപിരിവ്‌, വരിസംഖ്യപിരിവ്‌ തുടങ്ങിയ നിരവധി സാമ്പത്തിക ഇടപാടുകളുടെ കഥ പറയുന്നു. അച്ചാച്ഛൻ കണ്ടശ്ശാംകടവ്‌ ചന്തയിൽ പോയി എല്ലാ ആഴ്‌ചയും ഇറച്ചി വാങ്ങിയിരുന്ന സമൃദ്ധിയക്കുറിച്ച്‌ പറയുന്നു.

കഥയുയർത്തുന്ന മൂന്നാമത്തെ പ്രശ്‌നം പരമ്പരാഗത തൊഴിലുകളെ സംരക്ഷിക്കാനാവാതെപോയ വികസനത്തിന്റെ കുതിപ്പിനെക്കുറിച്ചുള്ളതാണ്‌. കള്ള്‌ പോലെ വിപുലമായ ഉപോൽപ്പന്ന നിർമ്മിതിക്ക്‌ സാധ്യതയുള്ള ഒരു വ്യവസായം തകരുന്നതിലൂടെ മനുഷ്യന്റെ ആർജ്ജവത്തിനും സംസ്‌കാരത്തിനും സംഭവിച്ച ഇടിവ്‌ രാഷ്‌ട്രീയമായ അപചയമായും വായിക്കപ്പെടുന്നു. ഒപ്പം വിദേശമദ്യത്തോടുള്ള ആസക്തി വർദ്ധിക്കുന്നതിന്റേയും നഗരത്തിൽ പെരുകുന്ന വിദേശമദ്യശാലകളെ മറന്നുകൊണ്ട്‌ ജി കുമാരപ്പിള്ള അഴിമാവിലെ കള്ള്‌ഷാപ്പിനെതിരായി നടത്തിയ സമരത്തിൻെറ യുക്തിയേയും, അതിലെ അരാഷ്‌ട്രീയതയേയും കഥ ചോദ്യം ചെയ്യുന്നു.

അതിനപ്പുറത്ത്‌ കഥയെന്ന നിലയിൽ കഥാകൃത്തിന്റെ സൂക്ഷ്‌മമായ ചരിത്ര നിരീക്ഷണം കഥാപാത്രരൂപീകരണത്തിലും അവരുടെ പ്രസ്‌താവനകളായും സംഭാഷണങ്ങളായും ആത്മകഥനങ്ങളായും വരുന്ന വാക്കുകളിലെ കൃത്യത എന്നിവ ചരുവിലിന്റെ മറ്റു കഥകളിലെപ്പൊലെ ശ്രദ്ധേയമാണ്‌. ജീവിച്ച്‌ ചിരിക്കുന്നവരും മരിച്ചവരുമായ ഒട്ടനേകം മനുഷ്യർ, നാടകപ്രവർത്തകർ, മറ്റു കലാകാരർ എന്നിവർ കഥയിൽ പിഴവുകളില്ലാതെ കടന്നുവരുന്നുണ്ട്‌. വാസു മാർക്‌സ്‌ എന്ന വാസു മാഷ്‌ സവിശേഷമായതും കമ്യൂണിസ്‌റ്റ്‌ ഗ്രാമങ്ങളിൽ നിറഞ്ഞുനിന്നിരുന്നതുമായ ഒരു കഥാപാത്രമാണ്‌. കൃത്യതയോടെ കമ്യൂണിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രം പറയുന്ന മാഷ്‌. എന്നാൽ സംഘടനകളുടെ ചട്ടങ്ങൾക്കുള്ളിൽ കലഹിച്ചു പുറത്തായ ഒരാൾ. സിപിഐയിൽ നിന്നും സിപിഐ എമ്മിൽ നിന്നും സിപിഐ എം എല്ലിൽ നിന്നും പുറത്താക്കപ്പെട്ട ഒരാൾ മനുഷ്യരോട്‌ രാഷ്‌ട്രീയം സംസാരിക്കാൻ കണ്ടെത്തുന്ന ഇടം കള്ളുഷാപ്പാണ്‌. ഇത്തരം വാസുമാരുടെ ഒരു പരമ്പരയുടേതു കൂടിയായിരുന്നു നമ്മുടെ രാഷ്‌ട്രീയമുന്നേറ്റമെന്ന്‌ ഓർമ്മിപ്പിക്കുന്നു. അടിയേറ്റു തളർന്നിരിക്കുന്ന ദിനകരനോട്‌ ആദ്യം അനുകമ്പയോടെ സംസാരിക്കുന്ന, ദേവനാരായണനെ വിമർശിക്കുന്ന കുട്ടികൾ അയാൾ പാരീസിലേക്ക്‌ പോകുന്നുവെന്നറിയുമ്പോൾ അയാളെ അഭിനന്ദിക്കാൻ ഓടിപ്പോകുന്നതും, സെക്യൂരിറ്റിയോട്‌ നാടകത്തെക്കുറിച്ച്‌ പറഞ്ഞതാണ്‌ തെറ്റ്‌ എന്നും ദേവനാരായണന്റെ കൈയിൽ നിന്ന്‌ ഒരടി കിട്ടിയത്‌ ഭാഗ്യമെന്നും കരുതണമെന്ന്‌ പറയുന്ന നാടകപ്രവർത്തകയും കലാപ്രവർത്തനത്തിൽ നഷ്‌ടമാവുന്ന മാനവികതയേയും അതുവഴി രൂപംകൊള്ളുന്ന മാനസികാവസ്ഥയേയും സൂചിപ്പിക്കുന്നു.

അത്തരത്തിൽ വാക്കിലും കഥാപാത്രരൂപീകരണത്തിലും സന്ദർഭത്തിലും കൈക്കൊണ്ട രാഷ്‌ട്രീയ സൂക്ഷ്‌മത ചരുവിലിന്റെ മറ്റു പല രചനകളിലും എന്നപോലെ ഈ കഥയ്‌ക്കും വലിയ മാനം നൽകുന്നു. എല്ലാറ്റിനുമുപരി നാടിന്റെ ഗതിവിഗതികളെ, അത്‌ മനുഷ്യനിലുണ്ടാക്കുന്ന ചിന്താവ്യതിയാനത്തെ, പെരുമാറ്റത്തെയെല്ലാം സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന പ്രതിബദ്ധനായ എഴുത്തുകാരന്റെ സാന്നിധ്യം ഈ കഥയിലും കാണുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × two =

Most Popular