Thursday, November 14, 2024

ad

Homeകവര്‍സ്റ്റോറികേരള സംസ്ഥാന രൂപീകരണത്തിലെ വികസന കാഴ്ചപ്പാട്

കേരള സംസ്ഥാന രൂപീകരണത്തിലെ വികസന കാഴ്ചപ്പാട്

കെ എൻ ഗണേശ്

കേരള സംസ്ഥാനം രൂപംകൊണ്ട നവംബർ ഒന്നിന്റെയും അതിനുശേഷം ഐക്യകേരള സംസ്ഥാനത്തിൽ നിലവിൽ വന്ന ആദ്യത്തെ മന്ത്രിസഭയായ കമ്യൂണിസ്റ്റ് പാർട്ടി മന്ത്രിസഭയുടെയും ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് നിരവധി തവണ എഴുതപ്പെട്ടിട്ടുള്ളതുകൊണ്ട് അതിലേക്ക് വീണ്ടും കടക്കുന്നില്ല. പിൽക്കാലത്തെ കേരള സംസ്ഥാനത്തിന്റെ വികസനത്തിന് അടിത്തറ പാകിയത് 1957ലെ മന്ത്രിസഭയായതുകൊണ്ട് അതിനെക്കുറിച്ച് ചില കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

കേരള സംസ്ഥാനവും ഇന്ത്യൻ ഭരണകൂടവും
ഒരു ദശകത്തിലധികം കാലം നീണ്ടുനിന്ന പോരാട്ടത്തിനുശേഷമാണ് കേരള സംസ്ഥാനം രൂപംകൊണ്ടത്. ഐക്യകേരള പ്രസ്ഥാനമടക്കം അന്നു ലഭ്യമായ വേദികൾ എല്ലാം ഉപയോഗിച്ചാണ് ഭൂമിശാസ്ത്രപരവും സാമ്പത്തികവും ഭാഷാപരവും സാംസ്കാരികവുമായ ഒപ്പം രാജ്യസ്നേഹപരവുമായ ഐക്യത്തിന്റെ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാനം രൂപപ്പെടുത്തേണ്ടത് എന്ന വാദം കമ്യൂണിസ്റ്റ് പാർട്ടി ഉന്നയിച്ചത്. അന്ന് കോൺഗ്രസ് അടക്കമുള്ള ബൂർഷ്വാ പാർട്ടികൾ പൊതുവിൽ ഈ രീതിയിലുള്ള സംസ്ഥാന രൂപീകരണത്തിനെതിരായിരുന്നു. ജവഹർലാൽ നെഹ്റുവും ആദ്യഘട്ടത്തിൽ ഭാഷാസംസ്ഥാന രൂപീകരണത്തിന് എതിരായിരുന്നു. ഇത്തരം എതിർപ്പുകളെ മറികടന്നാണ് ഭാഷാസംസ്ഥാനമെന്ന നിലയിൽ കേരളം രൂപീകരിക്കപ്പെട്ടത്.

സംസ്ഥാന ഗവൺമെന്റുകളുടെ അധികാരങ്ങളും അവകാശങ്ങളും പരിമിതമായിരുന്നു. ഭരണഘടനയനുസരിച്ചുതന്നെ പ്രധാന തീരുമാനങ്ങളെല്ലാം കേന്ദ്ര ഗവൺമെന്റാണ് കെെക്കൊള്ളുന്നത്. കൃഷി, ഭക്ഷ്യം, പൊതുവിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്വയംഭരണം മുതലായ മേഖലകളിൽ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടായിരുന്നെങ്കിലും നിയമനിർമാണം കേന്ദ്രത്തിന്റെ അംഗീകാരത്തിനു വിധേയമായിരുന്നു. സംസ്ഥാന മന്ത്രിസഭകളെ പിരിച്ചുവിടാനും കേന്ദ്ര ഭരണമേർപ്പെടുത്താനുമുള്ള ഭരണഘടനയിലെ 356–ാംവകുപ്പും ഗവർണർക്ക് നൽകിയ അധികാരങ്ങളും സംസ്ഥാന സർക്കാരുകളും മുകളിൽ തൂങ്ങിക്കിടക്കുന്ന ഈർച്ചവാളായിരുന്നു. അതായത് കേന്ദ്ര ഭരണനയങ്ങൾക്ക് വിധേയമായി മാത്രമാണ് സംസ്ഥാന സർക്കാരുകൾക്ക് സ്വന്തം നയപരിപാടികൾ നടപ്പിലാക്കാൻ കഴിയുന്നത്.

കേന്ദ്രനയങ്ങൾ എത്രമാത്രം ജനപക്ഷത്തുനിന്നുകൊണ്ടാണെന്നതിനെപ്പറ്റിയുള്ള സംവാദം കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ആദ്യം മുതൽക്കുതന്നെ നിലവിലിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ 1956ൽ പാലക്കാട് ചേർന്ന കോൺഗ്രസ് അംഗീകരിച്ച പ്രമേയത്തിൽ ഈ ചർച്ചക്ക് ഒരു താൽക്കാലിക വിരാമമുണ്ടായി. ഇന്ത്യൻ ഭരണകൂടം ഇന്ത്യയിലെ വൻകിട ബൂർഷ്വാസി നയിക്കുന്ന വൻകിട മുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും ഭരണകൂടമാണെന്ന് പാർട്ടി കോൺഗ്രസ് വിലയിരുത്തി. സാമ്രാജ്യത്വവും വൻകിടമുതലാളിമാരുമായുള്ള സഹകരണം തുടരുകയും ചെയ്യുന്നുണ്ട്. ഇൗ സാഹചര്യത്തിൽ സാമ്രാജ്യത്വവും ഭൂപ്രഭുത്വവുമായുള്ള അനുരഞ്ജനം വേണ്ടെന്നുവയ്ക്കാനും സാമ്പത്തികമേഖലയെ കെട്ടിവരിഞ്ഞിരിക്കുന്ന ചങ്ങലകൾ തകർക്കാനും ഇന്ത്യൻ ഭരണവർഗത്തിന് സാധിക്കുകയില്ല. അതേസമയം ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിൽ പങ്കെടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടാൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുക ഭരണവർഗ സംവിധാനങ്ങൾക്കുള്ളിലായിരിക്കും. കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ലക്ഷ്യമായി ഇ എം എസ് വിശദീകരിച്ചത്, ‘‘ഒരു ബൂർഷ്വാ ജനാധിപത്യവ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് അടിസ്ഥാനവർഗങ്ങളുടെ താൽപ്പര്യം പരമാവധി സംരക്ഷിക്കാനുതകുന്ന സാമൂഹ്യപരിവർത്തനം കൊണ്ടുവരിക’’ എന്നതാണ്.

പുതിയ കേരളവും കമ്യൂണിസ്റ്റ് പാർട്ടിയുടെ 
നിർദേശങ്ങളും
ഈ സാഹചര്യത്തിലാണ് പാലക്കാട് പാർട്ടി കോൺഗ്രസിനു മുന്നോടിയായി 1956 ജൂണിൽ തൃശ്ശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച ‘‘പുതിയ കേരളം പടുത്തുയർത്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശങ്ങൾ’’ എന്ന രേഖ പ്രസക്തമാകുന്നത്.

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ മലയാളി ജനതയുടെ ജനാധിപത്യപോരാട്ടങ്ങളുടെ ഒരു ഘട്ടം പിന്നിട്ടതായി രേഖ വിലയിരുത്തുന്നു. ജനാധിപത്യപരവും ഐശ്വര്യപൂർണവുമായ കേരളം കെട്ടിപ്പടുക്കുക എന്ന അടുത്തഘട്ടം തുറന്നുകിടക്കുകയാണ്. ‘‘പരിപൂർണ ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ ഭാഗമാണ് പുതിയൊരു കേരളം കെട്ടിപ്പടുക്കുക’’ എന്ന ദൗത്യം. സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രചരിക്കുന്ന അന്നത്തെ കാലഘട്ടത്തിൽ സ്വന്തം വർഗ ഭരണത്തെ ഉറപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്കെതിരായി മൗലികമായ മാറ്റങ്ങൾ വരുത്താനുള്ള സാധ്യതകളും വളർന്നുവരുന്നുണ്ടെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഒന്നിച്ചുനിൽക്കണമെന്ന് കോൺഗ്രസിലെ പുരോഗമനവാദികളടക്കം എല്ലാ പാർട്ടികളോടും രേഖ അഭ്യർഥിക്കുന്നു.

പുതിയൊരു കേരളം കെട്ടിപ്പടുക്കാനുള്ള അടിസ്ഥാനസാമഗ്രികൾ കേരളത്തിലുണ്ടെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു:

‘‘വനസമ്പത്തും സമുദ്ര സമ്പത്തും അടക്കം വ്യവസായവൽക്കരണത്തിനുതകുന്ന ഭൗതിക സമ്പത്ത് കേരളത്തിലുണ്ട്. ഇവയോടൊപ്പം നമ്മുടെ ജനങ്ങളുടെ അധ്വാനശക്തിയും ചേർത്ത് നമ്മുടെ നാട്ടിലെ ജനജീവിതം മെച്ചപ്പെടുത്താൻ കഴിയും. അതിനു കഴിയാത്തത് ഇന്നത്തെ ബൂർഷ്വാ–ഭൂപ്രഭുമേധാവിത്വവും വിദേശ മൂലധനത്തിന്റെ നിയന്ത്രണവുമുള്ള സാമൂഹ്യ വ്യവസ്ഥ അവസാനിപ്പിച്ച് നമ്മുടെ ഉൽപ്പാദനശക്തികളെ കെട്ടഴിച്ചുവിടാത്തതുമൂലമാണ്.’’ കേരളത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്നത് കേന്ദ്ര ഭരണകൂട നയങ്ങളാണ്. താഴെ പറയുന്ന കാര്യങ്ങളാണ് ഏറ്റവും പ്രധാനമായി രേഖ വിലയിരുത്തുന്നത്:

1. ഭൂവുടമകൾക്കും ജന്മിമാർക്കും പൂർണമായ അവകാശങ്ങളുള്ള ഭൂവുടമ സംവിധാനമാണ് നിലവിലുള്ളത്. അവർക്കനുകൂലമായ നയങ്ങളാണ് കേന്ദ്ര ഗവൺമെന്റ് കെെക്കൊള്ളുന്നത്.

2. വിദേശികളും സ്വദേശികളുമായി വൻകിട മുതലാളിമാരുടെ സ്വാധീനം മൂലം മൗലിക വ്യവസായങ്ങൾ പൊതു ഉടമയിലാക്കണമെന്ന പ്ലാനിങ് കമ്മീഷന്റെ തത്വം അംഗീകരിക്കപ്പെട്ടിട്ടില്ല.

3. വിജയകരമായ പ്ലാനിങ്ങിന് ജനങ്ങളുടെ സഹകരണം ആവശ്യമാണ്. അതിനുപകരം ഉദ്യോഗസ്ഥ മേധാവികളെ ഏൽപ്പിക്കുന്ന പ്രവണത നിലനിൽക്കുന്നു.

4. മുതലാളിമാരുടെ ലാഭവിഹിതം നിയന്ത്രിക്കുക, അതിൽനിന്നുള്ള മിച്ചം ദേശീയ പുനർനിർമാണത്തിനുപയോഗിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളിലെ ആദായം വർധിപ്പിക്കുക, തുടങ്ങിയ മാർഗങ്ങളിലൂടെ പ്ലാനിങ്ങിനാവശ്യമായ ധനസമാഹരണം നടത്താൻ കഴിയും. നികുതി ഭാരത്തിൽനിന്ന് പാവപ്പെട്ടവരെ വിമുക്തരാക്കുവാനും സാധിക്കും. അതിനുപകരം പണക്കാരെ കൂടുതൽ പണക്കാരാക്കുന്നതിനും പാവപ്പെട്ടവരെ പാപ്പരാക്കുന്നതിനും വേണ്ടിയാണ് പ്ലാനിങ് നടക്കുന്നത്.

5. ഇതിന്റെ ഫലമായി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതഗുണനിലവാരം തകരുകയാണ്. അവരുടെയിടയിൽ നിന്ന് പ്രക്ഷോഭങ്ങൾ ശക്തിപ്പെടുന്നു. കേരളത്തിലും ഈ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള നീക്കം കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിരോധമാണ്. ഇതിനാവശ്യമായ മിനിമം പരിപാടിയാണ് രേഖ നിർദേശിക്കുന്നത്.

വികസനത്തിന്റെ മിനിമം പരിപാടി
1. വികസനാവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിൽ പദ്ധതിയുടെ വലിപ്പം വർധിപ്പിക്കുകയും ഫണ്ടിങ് വർധിപ്പിക്കുകയും ചെയ്യുക.

2. ഖനിജ വിഭവങ്ങൾ സംബന്ധിച്ച് പഠനം നടത്തി അവയെ കേരളത്തിന്റെ വ്യവസായവൽക്കരണത്തിനു തന്നെ വിനിയോഗിക്കുക. അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിർത്തുക (ഉദാ: ചവറയിൽ നിന്നുള്ള മണൽ).

3. ചെറുകിട ജലസേചന പദ്ധതികൾ ഏറ്റെടുക്കുക, വിദ്യുച്ഛക്തി ഉൽപ്പാദനം വർധിപ്പിക്കുക.

4. ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനോടൊപ്പം ഘനവ്യവസായങ്ങളെയും വളർത്തുക, കോച്ച് ഫാക്ടറി, ഹെവി എൻജിനീയറിങ്, മെഷീൻ ടൂൾസ്, അലുമിനിയം, കടലാസ് നിർമാണം, റബ്ബർ, ഗ്ലൂക്കോസും സ്റ്റാർച്ചും, സിമന്റ്, ടെക്സ്ടെെൽ മില്ലുകൾ തുടങ്ങി നിരവധി വ്യവസായങ്ങൾ സൂചിപ്പിക്കുന്നു.

5. വിഴിഞ്ഞം, ബേപ്പൂർ, അഴീക്കൽ, ഏട്ടിക്കുളം മുതലായ തുറമുഖങ്ങളുടെയും നിലവിലുള്ള തുറമുഖങ്ങളുടെയും വികസനം.

6. റെയിൽവേ വികസനം തലശ്ശേരി–കുടക്– മെെസൂർ റെയിൽവേ രണ്ടാം പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തണം.

7. തിരുവനന്തപുരം–കാസർകോട് ജലപാത, മോട്ടോർ ട്രാൻസ്പോർട്ട് എന്നിവ സുഗമമാക്കണം.

8. കയർ വ്യവസായത്തിന്റെ പൂർണമായ ദേശസാൽക്കരണം, വ്യവസായങ്ങൾ ചെറുകിട ഉൽപ്പാദകരുടെയും വ്യവസായികളുടെയും ആക്കി മാറ്റുക.

9. നെയ്-ത്തു സഹായ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ സ്പിന്നിങ് മില്ലുകൾ ആരംഭിക്കുക.

10. കശുവണ്ടി ഉൽപ്പാദനം വർധിപ്പിക്കുക–മൂല്യ വർദ്ധിത വ്യവസായങ്ങൾ ആരംഭിക്കുക.

11. പുറംകടലിലെ മത്സ്യബന്ധനം–ഉൾനാടൻ മത്സ്യകൃഷി എന്നിവ പ്രോത്സാഹിപ്പിക്കുക.

12. കെെത്തൊഴിൽക്കാരുടെ സഹകരണസംഘങ്ങൾ പ്രോത്സാഹിപ്പിക്കുകയും അവയ്ക്ക് സർക്കാർ സഹായം നൽകുകയും ചെയ്യുക.

13. വിദ്യാഭ്യാസരംഗത്ത് ശാസ്ത്ര– സാങ്കേതികവിദ്യാഭ്യാസത്തിന്റെ വികാസത്തിന് ഊന്നൽനൽകുക. സ്വകാര്യകോളേജുകളുടെ വികാസവും വയോജന വിദ്യാഭ്യാസവും വായനശാലകളും പ്രോത്സാഹിപ്പിക്കുക; അധ്യയനഭാഷ മലയാളമാക്കുക.

14. ഡിസ്ട്രിക്ട് ബോർഡുകളും പഞ്ചായത്തുകളും അടക്കം വികേന്ദ്രീകൃത ആസൂത്രണം വികസിപ്പിക്കുക.

15. സർക്കാർ നടത്തുന്നതും സർക്കാരിനു ഷെയറുള്ളതുമായ ഫാക്ടറികളുടെ മാനേജ്മെന്റിൽ തുല്യാധികാരമുള്ള തൊഴിലാളിപ്രതിനിധികളെ ഉൾപ്പെടുത്തുക.

16. ജാതിയും അയിത്തവും മറ്റനാചാരങ്ങൾ സൃഷ്ടിച്ച അസമത്വങ്ങളും അവസാനിപ്പിക്കുന്നതിനായി അസമത്വങ്ങൾകൊണ്ട് കഷ്ടത അനുഭവിക്കുന്ന സമുദായങ്ങൾക്കും ന്യൂനപക്ഷ സമുദായങ്ങൾക്കും പ്രത്യേകാനുകൂല്യവും സംരക്ഷണവും നൽകുക.

17. മുസ്ലീം ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾക്ക് സംരക്ഷണം നൽകുക; അവരുടെ മതവിശ്വാസം, സംസ്കാരം മുതലായവയും ഉറപ്പുനൽകുക; വിദ്യാഭ്യാസപരമായ സ്ഥിതി ഉയർത്താൻ നടപടികളെടുക്കുക.

18. ആദിവാസികൾ, ദളിതർ മുതലായ പിന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നതിയിൽ ശ്രദ്ധിക്കുക.

19. സ്ത്രീകളുടെ എല്ലാ മേഖലയിലുമുള്ള തുല്യാവകാശം ഉറപ്പുവരുത്തുകയും പിന്തുടർച്ചാവകാശം, തുല്യകൂലി, പ്രസവ കാലാവധി, പ്രസവ ശുശ്രൂഷാ സൗകര്യങ്ങൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ എന്നിവയ്ക്കു വ്യവസ്ഥ ചെയ്യുക, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും പുരോഗതിക്കും പ്രത്യേക തുക നീക്കിവയ്ക്കുക.

20. വെെദ്യസഹായം സാർവത്രികമാക്കുക, നാട്ടുവെെദ്യത്തെ ശാസ്ത്ര പുരോഗതിക്കനുസരിച്ചു വളർത്തിക്കൊണ്ടുവരുക.

21. കേരളത്തിന്റേതായ കലയും സംസ്കാരവും കാത്തുസൂക്ഷിക്കാൻ നടപടികളെടുക്കുക.

22. തൊഴിലില്ലാത്തവർക്ക് പുതിയ തൊഴിലുണ്ടാക്കിക്കൊടുക്കാനും തൊഴിൽ ലഭിക്കുന്നതുവരെ ആശ്വാസം നൽകാനും നടപടികളെടുക്കുക.

23. ട്രേഡ് യൂണിയൻ അവകാശങ്ങൾ ഉറപ്പുവരുത്തുക, ഒന്നിലധികം യൂണിയനുകളുള്ള സ്ഥാപനങ്ങളിൽ അവ തമ്മിൽ യോജിപ്പുണ്ടാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക, തൊഴിൽ തർക്കങ്ങളിൽ പൊലീസ് ഇടപെടരുത്. തൊഴിലാളി–മുതലാളി ചർച്ചകൾക്ക് സ്റ്റാൻഡിങ് ചട്ടങ്ങൾ ഉണ്ടാക്കുക.

24. തൊഴിലാളികൾക്ക് മിനിമം കൂലി, വാർഷിക ബോണസ് തുടങ്ങിയവ ഉറപ്പുവരുത്തുക.

25. ഭൂപരിഷ്കാരങ്ങൾക്കും ഭൂപരിധി നിർണയത്തിനും നടപടിയെടുക്കുക. കുടിയൊഴിപ്പിക്കൽ തുടരുക. ഭൂപരിധി നിയമം റബ്ബർ, തേയില, കാപ്പി, ഏലം എസ്റ്റേറ്റുകൾക്കൊഴികെ മറ്റെല്ലാത്തതിനും ബാധകമാക്കുക. മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിത കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വിതരണം ചെയ്യുക. എല്ലാ വിധ കുടിയാന്മാർക്കും ഭൂമിയിൽ സ്ഥിരാവകാശം നൽകുക.

26. കർഷകത്തൊഴിലാളികൾക്കു മര്യാദകൂലിയും വേല സമയവും നിയമം മൂലം നിർണയിക്കുകയും അടിമസമ്പ്രദായം പൂർണമായി നിയമംമൂലം നിരോധിക്കുകയും ചെയ്യുക. കുടിൽ വ്യവസായങ്ങളെ പരസ്പരസഹായാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുക. ഭവന നിർമാണ പദ്ധതി നടപ്പിലാക്കുക.

27. കാർഷികോൽപ്പന്നങ്ങൾക്ക് അടിസ്ഥാനവില നിർണയിക്കുക.

28. കൃഷി ചെയ്യാവുന്ന തരിശു പുറമ്പോക്കുഭൂമികളും വനഭൂമികളും ഏറ്റെടുത്ത് ഭൂമിയില്ലാത്ത കർഷകർക്കും കർഷകത്തൊഴിലാളികൾക്കും (കുടുംബത്തിന് അഞ്ചേക്കറിൽ കൂടാത്ത വിധം) നൽകുക.

29. എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക, കരുതൽ തടങ്കൽ നിയമം പോലുള്ളവ റദ്ദാക്കുക.

30. ബ്രിട്ടീഷ് ഉടമസ്ഥതയിലെ തോട്ടം വ്യവസായങ്ങളും സ്വകാര്യവനങ്ങളും ദേശസാൽക്കരിക്കുക.

1957 ഏപ്രിൽ 5ന് ഇ എം എസ് മന്ത്രിസഭ അധികാരമേറ്റതിനുശേഷം നടത്തിയ നയപ്രഖ്യാപനത്തിൽ പ്ലാനിങ് കമ്മീഷനുമായും എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായും ചർച്ച ചെയ്ത് ഒരു വികസനപരിപാടി രൂപീകരിക്കുമെന്നും അതിനുവേണ്ടി പ്ലാനിങ് ബോർഡ് രൂപീകരിക്കുമെന്നും പ്രസ്താവിച്ചു. മുമ്പുനൽകിയ രേഖയിൽ സൂചിപ്പിച്ച ഭൂപരിഷ്കരണവും ഭൂപരിധി നിയമവുമടക്കമുള്ള കാര്യങ്ങൾ നയപ്രഖ്യാപനത്തിൽ അടങ്ങിയിരുന്നു.

1957ലെ മന്ത്രിസഭയും വികസനനയവും
മേൽ സൂചിപ്പിച്ച വികസനപ്രമേയത്തിന്റെയും മന്ത്രിസഭയുടെ നയപ്രഖ്യാപനത്തിന്റെയും വെളിച്ചത്തിൽ, ചില കാര്യങ്ങൾ പ്രകടമാണ്. കുടിയൊഴിപ്പിക്കൽ തടയലും, കുടിയാന്മാർക്ക് കൃഷിഭൂമി ലഭ്യമാക്കലും, ഭൂപരിധി നിയമവും വികസന സങ്കൽപ്പത്തിന്റെ അടിസ്ഥാനഘടകങ്ങളിൽ ഒന്നാണ്. കേരള നിയമസഭ പാസാക്കിയ കാർഷിക ബന്ധ ബിൽ അതിന്റെ ഭാഗമായിരുന്നു. കുടിയൊഴിപ്പിക്കൽ തടയാൻ കഴിഞ്ഞുവെങ്കിലും 1959ൽ ഇ എം എസ് മന്ത്രിസഭ പിരിച്ചുവിട്ടതിനുശേഷം കേന്ദ്ര ഗവൺമെന്റും കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഗവൺമെന്റുകളും അതിൽ എത്രമാത്രം വെള്ളം ചേർത്തു എന്നു നമുക്കറിയാം. അതുകൊണ്ട് മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിത കർഷകർക്കും കർഷകത്തൊഴിലാളികൾക്കും നൽകുക എന്നത് പൂർണ രൂപത്തിൽ നടന്നില്ല. 1970കളിലെ മിച്ച ഭൂമി സമരങ്ങൾക്കുശേഷം മാത്രമാണ് കുറെയെങ്കിലും മിച്ചഭൂമി ഭൂരഹിതർക്ക് കിട്ടിയത്. തോട്ടങ്ങളിൽനിന്ന് തരിശുഭൂമി ഏറ്റെടുക്കാനുള്ള ശ്രമം കേന്ദ്ര ഗവൺമെന്റ് തന്നെ തടഞ്ഞു. തരിശുകിടന്ന ഭൂമികൾ തോട്ടമുടമകളെത്തന്നെ തിരിച്ചേൽപ്പിക്കാനും ഉത്തരവുണ്ടായി. ഭൂമി ഇഷ്ടദാനം നൽകി മിച്ചഭൂമിയിൽനിന്ന് മാറ്റാൻ ഭൂവുടമകൾ നടത്തിയ ശ്രമങ്ങൾ തടയാൻ പിന്നീട് ഇടതുപക്ഷ ഗവൺമെന്റ് ശ്രമിച്ചുവെങ്കിലും അതിനും തടയിട്ടത് കേന്ദ്ര ഗവൺമെന്റായിരുന്നു. ഇത്തരത്തിൽ ഭൂപരിഷ്കാരത്തെ തകർക്കാൻ കേന്ദ്ര ഗവൺമെന്റും കേരളത്തിലെ ഭൂവുടമകളും നടത്തിയ ശ്രമങ്ങളെ അതിജീവിക്കാൻ കഴിഞ്ഞത് 1960കളിലെയും എഴുപതുകളിലെയും കർഷകസമരങ്ങൾ കൊണ്ടാണ്.

കേരളത്തിന്റെ വ്യവസായവൽക്കരണത്തിന് ഇക്കാലത്ത് തുല്യസ്ഥാനം നൽകിയിരുന്നു. ജലസേചനം, വിദ്യുച്ഛക്തി, ഗതാഗതം, ജലപാതകൾ തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾക്കും കേരളത്തിലെ വിഭവങ്ങളുപയോഗിച്ചുള്ള വ്യവസായവൽക്കരണത്തിനും മുൻഗണന നൽകി. സിമന്റ്, റെയർ എർത്ത്സ്, ധാതുക്കൾ, പൾപ്പും പേപ്പറും, മെഷീൻ ടൂൾസ്, റബ്ബർ മുതലായ മേഖലകളിലെല്ലാം വ്യവസായങ്ങൾ പൊതുമേഖലയിലും സ്വകാര്യമേഖലയിലും തുടങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പൊതുമേഖലാ വ്യവസായങ്ങൾ കൂടാതെ ബിർളയുടെ ഗ്വാളിയോർ റയോൺസ് കേരളത്തിലെ വിഭവസാമഗ്രികൾ ഉപയോഗിച്ച് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുക എന്ന പൊതുനയത്തിന് അനുസരിച്ചായിരുന്നു. കേരളത്തിലെ മുള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് റയോൺ ഫെെബർ ഉൽപ്പാദിപ്പിക്കുന്ന പ്രോജക്ടിനാണ് സർക്കാർ അനുമതി നൽകിയത്. ഉദ്യോഗ മണ്ഡൽ മേഖലയിൽ വളർന്നുവന്ന പല വ്യവസായങ്ങളും ഇതിനനുസരിച്ചാണ്. പൊതുമേഖലയെ വ്യവസായവൽക്കരണത്തിൽ പ്രോത്സാഹിപ്പിക്കുകയും പരമാവധി വിഭവങ്ങൾ പൊതുനിയന്ത്രണത്തിലാക്കുകയും വേണം എന്നല്ലാതെ സ്വകാര്യമേഖലയെ പൂർണമായി നിരാകരിക്കുന്ന നിലപാട് അന്ന് കമ്യൂണിസ്റ്റ് പാർട്ടി എടുത്തിരുന്നില്ല. വ്യവസായങ്ങളെ സഹായിക്കുന്ന വിധത്തിൽ പശ്ചാത്തലസൗകര്യങ്ങളുടെയും ശാസ്ത്ര – സാങ്കേതികവിദ്യകളുടെയും വികാസം, തൊഴിൽ ലഭ്യത ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ, തൊഴിൽ നേടുന്നവരുടെ ട്രേഡ് യൂണിയൻ അവകാശങ്ങളും മിനിമം കൂലിയും ബോണസും അടക്കമുള്ള അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ എന്നിവയും ഇക്കാലത്തുകാണാം. തൊഴിലാളികളുടെ അവകാശങ്ങളും ജനാധിപത്യവൽക്കരണവും സംരക്ഷിച്ചുകൊണ്ടുള്ള സാമൂഹ്യപരിവർത്തന പ്രവർത്തനങ്ങളെയാണ് അന്ന് വികസനമായി കണ്ടത്.

വികസനപ്രവർത്തനങ്ങളിൽ പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും പരിമിതികളും അന്നു പ്രകടമായിരുന്നു. പരമ്പരാഗത വ്യവസായങ്ങൾ, കെെത്തൊഴിലുകൾ, കാർഷിക തൊഴിലുകൾ തുടങ്ങിയ മേഖലകളിലെല്ലാം പരസ്പര–സഹായ സഹകരണ സംരംഭങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. ഇവയോടൊപ്പം പൊതുസ്ഥാപനങ്ങളുടെ മാനേജ്മെന്റിൽ തൊഴിലാളി പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നിർദ്ദേശം കൂടിയായപ്പോൾ തൊഴിലാളി പങ്കാളിത്തത്തോടെ സഹകരണാധിഷ്ഠിതമായ സംരംഭകത്വം എന്ന ആശയം രൂപപ്പെടുന്നതുകാണാം. വിഭവസമാഹരണത്തിന്റെ അടിസ്ഥാനത്തിൽ ചെറുകിട–ഇടത്തരം സംരംഭങ്ങൾ പ്രയത്ന ശേഷിയുടെ അടിസ്ഥാനത്തിൽ വളർത്തിക്കൊണ്ടുവരികയും അവയിൽ പരമാവധി തൊഴിലുകൾ ഉറപ്പാക്കുകയും ചെയ്യുന്ന കാഴ്ചപ്പാട് ഇവിടെ കാണാം. ശാസ്ത്ര–സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും പരമാവധി പോളിടെക്നിക്കുകൾ സ്ഥാപിക്കുകയും ചെയ്യുന്ന നിലപാടും ഈ കാഴ്ചപ്പാടിന് അനുപൂരകമാണ്. ഇവയ്ക്കാവശ്യമായ സംരക്ഷണം സർക്കാർ തന്നെ നൽകണമെന്ന നിലപാടും പ്രധാനമാണ്.

ഇത്തരം പ്രവർത്തനങ്ങൾക്കുള്ള അധ്വാനശേഷിയുടെ വികാസം ഉൽപ്പാദനശക്തികളുടെ വളർച്ചയാണ്. രേഖയുടെ മറ്റൊരു പ്രധാന ഭാഗം വിദ്യാഭ്യാസം, ആരോഗ്യം സാമൂഹ്യ സുരക്ഷ മുതലായ മേഖലകളുടെ വളർച്ചയും ഇതിൽനിന്ന് വളർന്നുവരുന്ന മനുഷ്യരുടെ ഇടപെടൽശേഷിയുടെ വികാസവുമാണ്. ജാതിബദ്ധമായ അയിത്തം, അടിമത്തം, അനാചാരങ്ങൾ,ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനങ്ങൾ, സ്ത്രീകൾക്കെതിരായ പീഡനങ്ങളും തുല്യനീതിയുടെ നിഷേധവും, ബാലവേല തുടങ്ങിയവയെല്ലാം ഉൽപ്പാദനശക്തികളുടെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നു എന്ന തിരിച്ചറിവ് ഇതിലുണ്ട്. ആദിവാസികൾ, ദളിതർ മുതലായവർക്കെതിരായ പീഡന–വിവേചന രൂപങ്ങളെ പ്രതിരോധിക്കുന്നതിനോടൊപ്പം അവരുടെ വിദ്യാഭ്യാസത്തിലും തൊഴിൽ രൂപങ്ങളുടെ വികാസത്തിലും ശ്രദ്ധിക്കുന്നത് ഉൽപ്പാദനശക്തികളുടെ വളർച്ചയുടെ മറ്റൊരു ഭാഗമാണ്. ഒന്നാം ഇ എം എസ് മന്ത്രിസഭയുടെ കാലത്തെ വിദ്യാഭ്യാസം, തൊഴിൽനയം, വികേന്ദ്രീകൃത മാനേജ്മെന്റ് സംവിധാനങ്ങൾ, ജനകീയ സമിതികൾ തുടങ്ങിയവയിലെല്ലാം അധ്വാനശക്തിയുടെ വളർച്ച എന്ന ആശയം പ്രകടമായി കാണാം. ജനാധിപത്യപരമായ പ്രതിഷേധാവകാശങ്ങൾക്ക് വിലങ്ങുതടിയായി സർക്കാരോ പൊലീസോ ഉണ്ടാവുകയില്ല എന്ന നിലപാടും ശ്രദ്ധേയമാണ്.

വലതുപക്ഷ മുന്നേറ്റവും വർഗസമരവും
ഈ നിലപാടുകളെ സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് 1956ലെ പ്രമേയം വിശേഷിപ്പിക്കുന്നത്. എന്നാൽ ‘പരിപൂർണ ജനാധിപത്യ’ ത്തിന്റെ ഭാഗമായാണ് ഇത് അവതരിപ്പിക്കുന്നത്. ‘‘ജനാധിപത്യപരവും ഐശ്വര്യപൂർണവുമായ കേരളം’’ എന്ന ആശയത്തിൽ വർഗവെെരുദ്ധ്യങ്ങൾ ഇല്ലാതാകുമെന്നുള്ള ധാരണയില്ല. ഏതെങ്കിലും വിധത്തിലുള്ള ഉട്ടോപ്യൻ ജീവിതക്രമത്തിന്റെ സാക്ഷാൽക്കാരവും അവിടെ ഇല്ല. നിലവിലുള്ള വൻകിട ബൂർഷ്വാ– ജന്മി ആധിപത്യത്തിൻ കീഴിൽ ഭരണവർഗങ്ങൾ ഈ ആശയങ്ങൾ നടപ്പിലാക്കുകയില്ല എന്നു മാത്രമല്ല, അതുമുടക്കാൻ എല്ലാ വിധ ശ്രമങ്ങളും നടത്തുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഭൂപ്രഭുക്കളുമായുള്ള ഐക്യം ഭൂപരിഷ്കരണത്തിൽനിന്ന് അവരെ പിന്തിരിപ്പിക്കും. സ്വദേശിയും വിദേശിയുമായ വൻകിട ബൂർഷ്വാസിയോടുള്ള വിധേയത്വം പ്രാദേശിക വികസനത്തിൽനിന്ന് അവരെ പിന്തിരിപ്പിക്കും. ബൂർഷ്വാസിക്ക് ഘനവ്യവസായങ്ങൾ ആവശ്യമാണെങ്കിലും അതിന്റെ ഫലമായി കേരളം വേണോ എന്നത് അവരുടെ തന്നെ ലാഭാധിഷ്ഠിതമായ കണക്കുകൂട്ടലുകൾക്ക് വിധേയമാണ്. ഒരു കോച്ച് ഫാക്ടറി സ്ഥാപിക്കണമെന്നും റെയിൽ പാതകൾ വികസിപ്പിക്കണമെന്നും അന്നേയുള്ള ആവശ്യങ്ങളോടുള്ള ഭരണവർഗത്തിന്റെ പ്രതികരണം ഉദാഹരണമാണ്. ജനങ്ങളുടെ ആവശ്യങ്ങൾ ബൂർഷ്വാസിയുടെ താൽപ്പര്യങ്ങളല്ല. എങ്കിലും, ഒരു ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥ നൽകുന്ന സൗകര്യങ്ങളുപയോഗിച്ച് പരമാവധി ആനുകൂല്യങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുകയും അവരുടെ അധ്വാനം വഴി സാമൂഹ്യപരിവർത്തനം സാധ്യമാക്കുകയും ചെയ്യുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം.

ഇത്തരമൊരു ജനാധിപത്യ ലക്ഷ്യനിർണയം വൻകിട ബൂർഷ്വാസിക്കും അവരോടൊപ്പം നിൽക്കുന്ന ഭൂപ്രഭുത്വത്തിനും സാമ്രാജ്യത്വത്തിനും സ്വീകാര്യമല്ല. ‘കൃഷിഭൂമി കർഷകന്’ എന്ന മുദ്രാവാക്യം വാദത്തിനുവേണ്ടി അംഗീകരിച്ചാലും മിച്ചഭൂമിയും തരിശുഭൂമിയും ഭൂരഹിത കർഷകർക്കായി വിട്ടുനൽകണമെന്നു വാദിക്കുന്നത് ഭൂസ്വത്തവകാശത്തിന് നേരെയുള്ള കയ്യേറ്റമാണ്. ഭൂസ്വത്ത് ഭൂവുടമയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം കെെകാര്യം ചെയ്യാം. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം 14 വയസ്സുവരെ നൽകണം എന്ന ഭരണഘടനാപരമായ നിബന്ധന അംഗീകരിച്ചാലും, ആ മേഖലയിൽ വിദ്യാലയങ്ങൾ നടത്താൻ മാനേജ്മെന്റുകൾക്കുള്ള അവകാശം ചോദ്യംചെയ്യാൻ കഴിയില്ല. സ്വകാര്യസ്വത്തുടമാവകാശം പോലെ സ്വത്തുടമകളുടെ ആശയപരമായ മേൽക്കോയ്മാവകാശത്തെയും ചോദ്യംചെയ്യാൻ കഴിയില്ല. അവർ നിലനിർത്തുന്ന മതബോധത്തെയും ധാർമിക നീതിബോധത്തെയും അതുപോലെ ചോദ്യംചെയ്യാൻ കഴിയുകയില്ല. സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കുവേണ്ടി വാദിക്കുന്ന കമ്യൂണിസ്റ്റുകാർ ബൂർഷ്വാസി നിലനിർത്തുന്ന ജനാധിപത്യവിരുദ്ധ നീതിക്രമങ്ങളെ നേരിടും. അതുകൊണ്ട് ഏതുവിധേനയും കമ്യൂണിസ്റ്റ് മന്ത്രിസഭ പുറത്താക്കപ്പെടണം. ജാതി-– മതസഭകളും കോൺഗ്രസ് പ്രതിനിധികളും ചേർന്ന് നേതൃത്വം നൽകിയ ‘വിമോചനസമരം’ കമ്യൂണിസ്റ്റ് വിരുദ്ധ വർഗസമരമായിരുന്നു.

വികലമായ വികസനമുന്നേറ്റം
1959ൽ ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതിനുശേഷം കേരളത്തിലുണ്ടായ വികസനത്തെപ്പറ്റി നാം പറയാറുള്ള ചില പ്രയോഗങ്ങളുണ്ട്. അതിലേറ്റവും പ്രധാനം സിഡിഎസ് സാമ്പത്തിക ശാസ്ത്രജ്ഞർ മുതൽ അമർത്യസെൻ വരെ ഉപയോഗിച്ചിട്ടുള്ള പ്രയോഗമാണ്: കേരള മാതൃക. കേരളത്തിലെ ജീവിത ഗുണനിലവാരം അന്താരാഷ്ട്രതലത്തിലേക്ക് എത്തിയപ്പോൾ, നമ്മുടെ ഉൽപ്പാദനക്ഷമതയും ഉൽപ്പാദന സംരംഭങ്ങളും പിറകോട്ടടിച്ചു. 1970കളുടെ അന്ത്യം വരെ മുന്നോട്ടുപോയ ഭക്ഷ്യധാന്യങ്ങളിലെ ഉൽപ്പാദനക്ഷമത പിന്നീട് മുരടിക്കുകയും തകരുകയും ചെയ്തു. പൊതുമേഖലയിൽ ആരംഭിച്ച വ്യവസായസംരംഭങ്ങളെ മാറ്റിനിർത്തിയാൽ മറ്റു മേഖലകളിൽ വ്യവസായ സംരഭങ്ങളുണ്ടായില്ല. പരമ്പരാഗത വ്യവസായങ്ങൾ തകർന്നു. ക്രമേണ നവലിബറൽ പരിവർത്തനത്തിന്റെ പശ്ചാത്തലത്തിൽ പൊതുമേഖലാ സംരംഭങ്ങളും തകരാനാരംഭിച്ചു. തൊഴിലില്ലായ്മ രൂക്ഷമായി. തുടർന്ന് ഗൾഫ് പ്രവാസി നിക്ഷേപങ്ങളും അതു സൃഷ്ടിച്ച പുതിയ നിക്ഷേപത്തുറകളും ചേർന്നാണ് കേരളത്തെ ഇപ്പോൾ പിടിച്ചുനിർത്തുന്നത്. ഏറ്റവും അവസാനം ഐടിയും ‘‘ജ്ഞാനസമ്പദ്ഘടനയും’’ ടൂറിസവും ചേർന്ന് കേരളത്തെ ഉയർത്തിക്കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. ഇതിനാവശ്യമായ വിഭവസമാഹരണത്തെ കശാപ്പു ചെയ്യാനുള്ള ശ്രമങ്ങൾ ഭരണവർഗം തുടരുന്നു.

വികസനചർച്ചകളിൽ എല്ലാം ഉയർന്നുവരുന്ന പരിചിതമായ ഒരു വിശദീകരണമായതുകൊണ്ടാണ് ഇത്തരത്തിൽ ചുരുക്കിയത്. പക്ഷേ, നാം മുമ്പു നൽകിയ വികസനപ്രമേയത്തിന്റെയും ഒന്നാം കേരള മന്ത്രിസഭയുടെ അനുഭവത്തിന്റെയും പശ്ചാത്തലത്തിൽ ചില ചോദ്യങ്ങൾ പ്രസക്തമാണ്.

വികസനത്തിലെ വർഗസമരം
1987ലെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസിനു പിന്നിലെ ആശയം വ്യക്തമായിരുന്നു. കൃഷി ഭൂമികളിൽ പാട്ട കൃഷി ചെയ്യുന്നവർക്കു മാത്രമല്ല, പണിയാളർക്കും കൃഷിയിടങ്ങളിൽ അവകാശമുണ്ട്. അതിനുവേണ്ടി അടിമപ്പണിയടക്കം നിരോധിക്കണമെന്ന നിർദേശം വികസനപ്രമേയത്തിൽ കാണാം. ഇതു പ്രയോഗത്തിൽ വരുത്തണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് രേഖകളില്ലാതെ, വാക്കാൽ കുടികിടപ്പു നേടിയവനും അവകാശമാകാമെന്ന നിർദേശം വന്നത്. ഭൂപരിധി നിയമമനുസരിച്ചുള്ള മിച്ചഭൂമി തോട്ടങ്ങളിലെ തരിശുഭൂമിയും കൃഷിക്ക് യോഗ്യമായ വനഭൂമിയും ഏറ്റെടുത്തു വിതരണം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തത്. എന്നാൽ നിയമത്തിൽ വിധിയെഴുതിയ കേന്ദ്ര ഗവൺമെന്റ് കെെവശാവകാശ രേഖ വേണമെന്ന് നിഷ്-കർഷിച്ചു. ഇഷ്ടദാനമടക്കം നിയമവിധേയമാക്കി മിച്ചഭൂമി മുഴുവൻ ഭൂവുടമകൾ തിരിച്ചുപിടിച്ചു. തരിശു ഭൂമി തോട്ടമുടമകൾക്കു നൽകണമെന്ന് കേന്ദ്ര സർക്കാർ വിധിച്ചു. കേരളത്തിലെ കർഷകത്തൊഴിലാളികൾക്ക്, ദളിതർക്കും ആദിവാസികൾക്കുമടക്കം, ഭൂമി നഷ്ടപ്പെട്ടു. കേന്ദ്ര ഗവൺമെന്റിന്റെ ഭൂനയവും അതിനോടൊപ്പം ചേർന്നുള്ള ഭൂപ്രഭുക്കളുടെ താന്തോന്നിത്തവും സൃഷ്ടിച്ച വെെരുദ്ധ്യങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണം.

കൃഷിഭൂമിയിൽ കാർഷിക പരിഷ്കാരങ്ങൾക്കോ അനുയോജ്യമായ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിനോ കേരളത്തിലെ കൃഷിക്കാർ എതിരായിരുന്നിട്ടില്ല. എന്നാൽ ഉൽപ്പാദനക്ഷമതയുടെ വളർച്ചയ്ക്കാവശ്യമായ വർധിച്ച ഉൽപ്പാദനച്ചെലവുകളും ഉൽപ്പന്നത്തിന്റ വിലയും തമ്മിൽ പൊരുത്തപ്പെടുത്തി ആദായകരമായി കൃഷി നടത്തുന്നതിൽ അവർ പരാജയപ്പെട്ടു. ഇതിനാവശ്യമായ പിന്തുണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് (പുതിയ ഹരിത വിപ്ലവ സംവിധാനങ്ങൾ ഉണ്ടായിട്ടും) സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. അതായത്, ഭൂപരിഷ്-കാരത്തെ കാർഷിക വിപ്ലവത്തിലേക്കെത്തിച്ച് ബൂർഷ്വാ ജനാധിപത്യത്തിന് അടിത്തറ സൃഷ്ടിക്കുക എന്ന ജനാധിപത്യപരമായ കടമയിൽ നിന്ന് ഭരണകൂടം പിന്തിരിഞ്ഞു. എന്നുമാത്രമല്ല, ഭൂകേന്ദ്രീകരണത്തെയും കാർഷിക മുതലാളിത്തത്തെയും പരസ്യമായി പിന്തുണച്ച് കേരളത്തിലെ ചെറുകിട ഇടത്തരം–കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ജീവിതത്തെ അവതാളത്തിലാക്കിയതാണ് കേരളത്തിലെ കാർഷിക പ്രതിസന്ധിക്കു കാരണം. കേരളത്തിൽ ഒരു ഘട്ടത്തിൽ വളർന്നുവന്ന പാടശേഖര സമിതികളും കൂട്ടുകക്ഷി രൂപങ്ങളും വേരുറയ്ക്കാത്തതിന്റെ കാരണവും വേറൊന്നല്ല. ഇപ്പോൾ ഈ അനാസ്ഥയും കുത്തക മുതലാളിമാരെ പിന്തുണയ്ക്കുന്ന രീതികളും കേരളത്തിലെ തെങ്ങ്, അടയ്-ക്ക, റബ്ബർ മുതലായ കൃഷിക്കാരെവരെ ബാധിച്ചിരിക്കുകയാണ്.

വ്യവസായവൽക്കരണത്തിലും പൂർണമായ ശ്രദ്ധയാണ് മുൻ സൂചിപ്പിച്ച വികസനരേഖ പ്രദർശിപ്പിക്കുന്നത്. രേഖ പുറത്തുവന്ന കാലത്താണ് വ്യവസായങ്ങൾക്ക് ഊന്നൽ നൽകുന്ന രണ്ടാം പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നത്. അതിൽ കേരളത്തിനും ഒരു പങ്കുവഹിക്കാനുണ്ടെന്ന കാഴ്ചപ്പാട് കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്നു. എന്നാൽ അതിനാവശ്യമായ പദ്ധതി വിഹിതം കേന്ദ്ര ഗവൺമെന്റ് നൽകണമെന്ന രേഖയിലെ ആദ്യത്തെ ആവശ്യം ഇതുവരെ നടന്നിട്ടില്ല. അതിൽ നിർദേശിക്കപ്പെട്ട പ്രൊജക്ടുകളിൽ നല്ലൊരു ഭാഗവും ഇതുവരെ നടപ്പിലായിട്ടില്ല. കേരളത്തിന്റെ വിഭവസാധ്യതകൾക്കനുസരിച്ച് വ്യവസായവൽക്കരണം നടത്താനുള്ള പിന്തുണ നൽകുന്നതിനുപകരം കുത്തക മുതലാളിത്തത്തെ പോഷിപ്പിക്കുന്ന പ്രദേശങ്ങൾക്കാണ് കേന്ദ്ര ഗവൺമെന്റ് പിന്തുണ നൽകിയത്. ഇതിനെ മറികടന്ന് കേരളത്തിലെ പശ്ചാത്തല സൗകര്യങ്ങളും ഊർജലഭ്യതയും നിക്ഷേപങ്ങളും വളർത്തിക്കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങൾക്കും ഭരണകൂടം തടസ്സം നിൽക്കുകയായിരുന്നു. ഈ നയത്തിന് കേരളത്തിലെ ബൂർഷ്വാ പാർട്ടികളും കൂട്ടുനിന്നു എന്നത് വസ്തുതയാണ്. പുതിയ സംരംഭങ്ങൾക്കാവശ്യമായ വിഭവസമാഹരണം പോലും അസാധ്യമായഘട്ടത്തിലാണ് ധനവിഭവസമാഹരണത്തിനുള്ള പ്രത്യേക ഏജൻസിയായി 1996–2001 ലെ നായനാർ മന്ത്രിസഭ കിഫ്ബി രൂപീകരിച്ചത്. അതിന് എന്തു സംഭവിച്ചു എന്നു നാം കാണുന്നതാണ്. അതിനെ ഞെക്കിക്കൊല്ലുന്നതിൽ കോൺഗ്രസും ബിജെപിയും വഹിക്കുന്ന പങ്കും നാം കാണുന്നതാണ്.

ഏറെ പ്രകീർത്തിക്കപ്പെടുന്ന കേരളത്തിലെ ജീവിതഗുണനിലവാരത്തിന്റെ വളർച്ച ഏതെങ്കിലും കുത്തക ബൂർഷ്വാ പ്രോജക്ടുകളിൽനിന്നോ കോർപറേറ്റ് ധനസഹായ ഏജൻസികളിൽനിന്നോ ഉണ്ടായതല്ല. കേരള ജനതയുടെ ജനാധിപത്യപോരാട്ടങ്ങൾ വഴി സൃഷ്ടിക്കപ്പെട്ടതാണ്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പോഷകാഹാരം, പ്രജനനവും ശിശുക്കളുടെ വളർച്ചയും, ജീവിതദെെർഘ്യം തുടങ്ങിയ എല്ലാ അങ്കനങ്ങളിലും ഏറ്റവും നിർണായകമായ സംഭാവന നടത്തിയത് കേരളത്തിലെ തൊഴിലാളിവർഗവും ചെറുകിട–ഇടത്തരം കർഷകരും കർഷത്തൊഴിലാളികളുമാണ്. പഴയത് തകർത്തെറിഞ്ഞ് പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള അവരുടെ അഭിവാഞ്-ഞ്ചയാണ് ജീവിത ഗുണനിലവാരം ഉയർത്തിയത്. സ്വാതന്ത്ര്യാനന്തരഘട്ടത്തിൽ ഭരണകൂടം അതിന് പിന്തുണ നൽകി. എങ്കിലും സാർവത്രിക സൗജന്യ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ജീവിതസൗകര്യങ്ങൾ എന്നിവയുടെ വളർച്ച ജനങ്ങളുടെ ഭാഗത്തുനിന്നുള്ള തുടർച്ചയായ സമ്മർദത്തിന്റെ ഫലമായിരുന്നു. അതിൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും പങ്കുവഹിച്ചു. എന്നാൽ, ഇപ്പോൾ ഈ സൗകര്യങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. സർവീസ് മേഖലയിൽ കോർപറേറ്റ് താൽപ്പര്യങ്ങൾ പിടിമുറുക്കുന്നതു കാരണം സൗജന്യ വിദ്യാഭ്യാസവും പൊതുജനാരോഗ്യരൂപങ്ങളും മാലിന്യവിമുക്തമായ ജീവിതാന്തരീക്ഷവും സാധാരണ ജനങ്ങൾക്ക് അപ്രാപ്യമാകുന്നു. സേവനതുറകളുടെ വാണിജ്യവൽക്കരണം, പുതിയ വർഗസംഘർഷത്തിലേക്ക് നയിക്കുന്നു.

വികസനപ്രമേയത്തിൽ നിരവധി തൊഴിൽ തുറകൾ വിഭാവനം ചെയ്യപ്പെടുന്നുണ്ട്. പൊതുമേഖല, സഹകരണ മേഖല, സ്വകാര്യമേഖല എന്നിവ ചേർന്നാണ് തൊഴിൽ തുറകൾ വിഭാവനം ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ വെെവിധ്യമാർന്ന തൊഴിൽ മേഖലകൾ കേരളത്തിൽ രൂപംകൊണ്ടിട്ടില്ല. അടുത്ത കാലത്ത് മാത്രമാണ് ഐടി മുതലായ മേഖലകളിൽ ചെറുകിട–ഇടത്തരം സംരംഭങ്ങൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്. അതേസമയം ജീവിത ഗുണതയും വിദ്യാഭ്യാസവും കെെവരിച്ച ഗൾഫ്–പ്രവാസി നിക്ഷേപങ്ങളാൽ ആകർഷിക്കപ്പെട്ട ഒരു ജനസമൂഹം കേരളത്തിലുണ്ട്. അവർ ആഗോളതൊഴിൽ വിപണിയിൽ കുടിപാർക്കാൻ സ്വന്തം സന്തതികളെ പരിശീലിപ്പിക്കുന്ന തിരക്കിലാണ്. അതിനാവശ്യമായ വലിയ വാണിജ്യസമുച്ചയം അവരെ പിന്തുണയ്ക്കുന്നുമുണ്ട്. അവരിൽ ചിലർ കേരളത്തിൽ നിലനിന്നേക്കാം. അവർക്കാവശ്യമായ സുരക്ഷയും പിന്തുണ സംവിധാനങ്ങളും ‘‘ബിസിനസ്സ് സൗകര്യങ്ങളും’’ കേരള സർക്കാരിൽനിന്ന് അവർ പ്രതീക്ഷിക്കും. മറ്റുള്ളവർ ഇനി വരാനാകില്ലെന്ന മട്ടിൽ പുറത്തുപോകുന്ന, സ്വന്തം വയോജനങ്ങൾക്ക് നിക്ഷേപത്തിൽ ഒരു ചെറുശതമാനവും പരിചരിക്കാൻ ഒരു സഹായിയെയും നൽകുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്.

ഇവിടെയാണ് വികസനപ്രമേയത്തിന്റെ യഥാർഥ സന്ദർഭത്തിലേക്ക് നാം കടക്കുന്നത്. കേരള സംസ്ഥാനത്തിന്- രൂപംകൊടുത്ത പോരാട്ടത്തിനുശേഷം പുതിയൊരു കേരളത്തിന്റെ സൃഷ്ടിക്കായി തയ്യാറെടുക്കുന്ന ഘട്ടമാണിത്. ഇപ്പോൾ നാം എത്തിച്ചേർന്നിരിക്കുന്നത് മറ്റൊരു ഘട്ടത്തിലാണ്. മലയാളികളിൽ ഒരു ന്യൂനപക്ഷമെങ്കിലും സ്വന്തം ഭാഷയും സംസ്കാരവുമെല്ലാം കെെവെടിഞ്ഞ് മറുനാടുകളിൽ ചേക്കേറുന്ന ഘട്ടം. കേരളത്തിൽ താമസിക്കുന്നവർ തന്നെ ആഗോളതൊഴിൽ വിപണിയുടെ ഭാഗമാകുകയാണ്. അവിടെയും അവർ മലയാളികളായി ജീവിക്കുന്നു എന്നതും കേരളവുമായി ബന്ധം പുലർത്തുന്നു എന്നതും മറന്നുകൂട. പക്ഷേ, അവർക്ക് ഇത്തരത്തിലുള്ള രീതികൾ സ്വീകരിക്കേണ്ടിവരുന്നത്, അവരുടെ ബുദ്ധിയുടെയോ അധ്വാന ശക്തിയുടെയോ എന്തെങ്കിലും തകരാറുകൊണ്ടല്ല. ഇപ്പോൾ നവലിബറൽ കോർപറേറ്റ് നയങ്ങൾ കേരളത്തിലെ ആഭ്യന്തര തൊഴിൽ സാധ്യതകളെ തകർത്തെറിയുകയാണ്. കോർപറേറ്റ് വിപണിയിലെ അസ്ഥിരതൊഴിലുകൾ മാത്രമാണ് സാധ്യതയായി മാറുന്നത്. മറുവശത്ത് മതരാഷ്ട്രീയവും ജാതീയതയും ചേർന്ന് മലയാളിയുടെ ഭാഷാ സാംസ്കാരിക തനിമയെ മുഴുവൻ ചോദ്യം ചെയ്യുകയും വിവിധ മൊഴി വഴക്കങ്ങളും സ്വത്വ സാംസ്കാരിക തനിമകളും ഏച്ചുകൂട്ടിയ ഒരു പടപ്പായി മാത്രം മലയാളത്തെയും മലയാളിയെയും മാറ്റുകയും ചെയ്യുന്നു. കേരള സംസ്ഥാനം രൂപംകൊള്ളുന്ന സമയത്തും ഈ തനിമകൾ നിലനിന്നിരുന്നുവെങ്കിലും മലയാളിയെന്ന ബോധവും ജനാധിപത്യപോരാട്ടങ്ങളുടെ പാരമ്പര്യവും പുതിയ കേരളത്തിന്റെ ശുഭാപ്തി വിശ്വാസവും ചേർന്ന് ഇവയെയെല്ലാം മുറിച്ചുകടക്കാനുള്ള തന്റേടം സൃഷ്ടിച്ചിരുന്നു. ഇതിനെയാണ് കോർപറേറ്റുകളും ജാതിയും മതവും ഇതിന് ശിങ്കിടി പാടുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളും ചേർന്നു തകർക്കുന്നത്. 1959ലെ വലതുപക്ഷ മുന്നേറ്റത്തിനുശേഷം എല്ലാ കാലത്തും കമ്യൂണിസ്റ്റ് വിരുദ്ധത ഭരണവർഗ ആശയ പ്രപഞ്ചത്തിന്റെ പ്രധാന മുഖമുദ്രയാണ്. അന്ന് സിഐഎ പിൻബലമുള്ള ഏജൻസികളാണ് അതിന്റെ ചുക്കാൻ പിടിച്ചിരുന്നതെങ്കിൽ ഇന്ന് ആധുനികോത്തര സ്വത്വബുദ്ധിജീവികളാണ് അതു ചെയ്യുന്നത്. കേരളത്തെ ഇന്നും സ്നേഹിക്കുന്ന മതനിരപേക്ഷ ജനാധിപത്യവാദികളും പുതിയൊരു ലോകത്തിന്റെ സൃഷ്ടിയിൽ തൽപ്പരരുമായ ജനവിഭാഗങ്ങൾ ഒന്നിച്ചുചേർന്ന് ഭരണവർഗങ്ങളുടെ ഈ കടന്നുകയറ്റത്തെ നേരിടേണ്ടതുണ്ട്. പുതിയൊരു കേരളം സൃഷ്ടിക്കുന്നതിനുള്ള ശ്രമം ആരംഭിക്കേണ്ടതുണ്ട്. അപ്പോഴാണ് 1956 നവംബർ 1ന് കേരളീയ ജനതയ്ക്കുണ്ടായിരുന്ന ശുഭാപ്തി വിശ്വാസം നമുക്കു തിരിച്ചുപിടിക്കാൻ കഴിയുക;അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേതായ പുതിയ കേരളം നിലവിൽ വരിക. l.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 18 =

Most Popular