Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറികേരള മാതൃകയെ ശക്തിപ്പെടുത്തി മുന്നേറുന്ന കേരളം

കേരള മാതൃകയെ ശക്തിപ്പെടുത്തി മുന്നേറുന്ന കേരളം

എ വിജയരാഘവൻ

കേരളത്തിന്റെ സാമൂഹ്യ ഘടനയെ മാറ്റിമറിച്ച കഴിഞ്ഞ നൂറ്റാണ്ടിന്റെ വേഗതയേറിയ പരിവർത്തനങ്ങളെകുറിച്ചുള്ള പുനർവായനകൾക്ക് പ്രസക്തിയേറുകയാണ്. പുതിയ നൂറ്റാണ്ട് കാൽ ശതാബ്ദം പിന്നിടുമ്പോൾ ഇന്നത്തെകാലം നിരവധി സങ്കീർണതകൾ നേരിടുന്നതായി മാറിയിട്ടുണ്ട്. ജാതി- ജന്മി നാടുവാഴിത്തത്തിന്റെ മേധാവിത്വം അപ്രത്യക്ഷമാക്കിയ സാമൂഹ്യപരിഷ്കരണ സമരങ്ങളുടെ ശതാബ്ദി ആഘോഷ സന്ദർഭങ്ങളാണ് തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നത്. ആഗോളവൽക്കരണത്തിന്റെ പുതിയ മൂല്യബോധം സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളുടെ സ്വഭാവം അനുസരിച്ച് കേരളത്തിന്റെ വളർച്ചയുടെ നാൾവഴികളിലെ മികച്ച ചരിത്ര മുന്നേറ്റങ്ങളെ തെറ്റായി ചിത്രീകരിക്കാനും നേട്ടങ്ങളെ തമസ്കരിക്കാനും മലയാളിയുടെ പൊതു ബോധത്തെ പ്രതിലോമവത്കരിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങളുടെ മുന്നിലേക്ക് ജാതി- മത ബോധത്തിന്റെ പുനരുത്ഥാന മൂല്യങ്ങൾക്ക് മനുഷ്യ നന്മയുടെ കവചം നൽകാനായി ഇക്കൂട്ടർ നല്ല ശ്രദ്ധ പുലർത്തി ഇടപെടുന്നുണ്ട്. സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയായി പ്രവർത്തിച്ച പുരോഗമന പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞ കാലത്തിന്റെ നാൾവഴികളിലെ പ്രശോഭിത നേട്ടങ്ങളെ ഉയർത്തിപ്പിടിച്ച് പുതുകാല വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ട്.

കേരള സാമൂഹ്യ ഘടനയുടെ ഏറ്റവും പ്രതിലോമകരമായ ഘടകം സങ്കീർണമായ ജാതി മേധാവിത്വത്തിന്റെ അടിച്ചമർത്തൽ രീതി തന്നെയായിരുന്നു. അടിച്ചമർത്തലിനുള്ള മൂർച്ചയുള്ള ആയുധമായി ഉപയോഗിക്കപ്പെട്ട ജാതി സമ്പ്രദായത്തിന്റെ ദയാരഹിതമായ കീഴ്പ്പെടുത്തലിനെ പൂർണമായി അതിജീവിക്കുന്നതിന് അതിന്റെ അടിത്തറയായി പ്രവർത്തിക്കുന്ന സാമ്പത്തിക,- സാമൂഹ്യ-, രാഷ്ട്രീയ ഘടകങ്ങളെയും മാറ്റിമറിക്കുക എന്ന നിർണായക ചുമതലയും കേരളത്തിന് നിർവഹിക്കാനായിയെന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്.

1957ലെ ഐക്യ കേരളത്തിലെ ആദ്യ സർക്കാർ ഇ എം എസിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്നത് ലോക ശ്രദ്ധ ആകർഷിച്ചു. സമൂഹത്തിലെ താഴെത്തട്ടിലെ മനുഷ്യരായ പട്ടികജാതിക്കാരെ സ്വന്തം ഭൂമിയുടെ ക്രയവിക്രയത്തോടൊപ്പം വിനിമയം നടത്തുകയും സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക സമുദായക്കാരെ സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്ത കേരളീയ അന്തരീക്ഷത്തെ മൂന്നു പതിറ്റാണ്ടുകൾകൊണ്ട് മാറ്റിമറിച്ച നവോത്ഥാന സമരങ്ങൾ, ദേശീയ പ്രസ്ഥാനം, പുന്നപ്ര- വയലാർ സമരം, കേരളത്തിലങ്ങോളമിങ്ങോളം നടന്ന കർഷക പ്രക്ഷോഭങ്ങൾ, സമൂഹത്തിന്റെ പൊതു മണ്ഡലത്തെ ഇളക്കിമറിച്ച സാംസ്കാരിക ഇടപെടലുകൾ എല്ലാം ഒത്തുചേർന്ന സമരോത്സുകതയുടെ ഭൂമികയിൽ നിന്നാണ് ഒന്നാം ഇഎംഎസ് സർക്കാർ രൂപപ്പെട്ടത്. കേരളത്തെ ലോകത്തോട് കണ്ണിചേർത്ത കരുത്തുറ്റ കമ്യൂണിസ്റ്റ് പാർട്ടി ഘടകങ്ങളും കേരളത്തിൽ ആകെ വ്യാപിപ്പിക്കുകയുണ്ടായി. സ്വാഭാവികമായി പിൽക്കാല കേരളത്തിന്റെ മാറ്റത്തിന്റെ അടിത്തറ പാകിയ നിരവധി നിയമനിർമാണങ്ങൾ ഒന്നും രണ്ടും ഇ.എം.എസ് സർക്കാരുകളും പിന്നീട് വന്ന ഇടതുപക്ഷ സർക്കാരുകളും നടപ്പിലാക്കുകയുണ്ടായി.

ഇഎംഎസിന്റെ നേതൃത്വത്തിലുള്ള 1957ലെ യും 1967ലെയും സർക്കാരുകൾ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമങ്ങൾ തന്നെയാണ് കേരളത്തിന്റെ വിവിധ മേഖലകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് ശക്തി പകർന്നത്. സവർണാധികാരത്തിന്റെ അടിത്തറയായ ഭൂബന്ധങ്ങളെ അടിമുടി മാറ്റിമറിക്കാൻ ഈ നിയമങ്ങൾ വഴി കേരളത്തിനു കഴിഞ്ഞു.

ഇരുപത്തിയെട്ടു ലക്ഷം പാട്ടക്കുടിയാന്മാർ കൃഷിഭൂമിയുടെ ഉടമകളായി മാറി. ശ്രീമൂലം സഭയിൽ അംഗമായിരുന്ന സന്ദർഭത്തിൽ അവിടെ സംസാരിക്കവെ അയ്യങ്കാളി ആഗ്രഹമായി ചൂണ്ടിക്കാട്ടിയത് പട്ടികജാതിക്കാർക്ക് 8 സെന്റ് ഭൂമി കൂടികിടപ്പവകാശമായി ലഭിക്കണം എന്നായിരുന്നു. എന്നാൽ 1974 ജൂലൈ ഒന്നിന് കേരളത്തിൽ കുടികിടപ്പവകാശത്തിനായി അപേക്ഷ നൽകിയ 3,31,680 അപേക്ഷകളിൽ 321903 അപേക്ഷകൾ അംഗീകരിച്ചു. ഇതിൽ നല്ലൊരു പങ്കും ദളിത്- പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുടേതായിരുന്നു. എന്നാൽ നിർഭാഗ്യകരമായ കാര്യം 1957ൽ 17 ലക്ഷം ഏക്കർ മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാനാവും എന്ന് വിലയിരുത്തിയിരുന്നുവെങ്കിലും അതിൽ 16 ലക്ഷം ഏക്കർ ഭൂമിയും തിരിമറി നടത്താൻ 1960 മുതൽ 80 വരെ നീണ്ടുനിന്ന മാർക്സിസ്റ്റുവിരുദ്ധ മുന്നണി ഭരണകാലത്ത് അവസരം ഒരുക്കിക്കൊടുത്തു എന്നതാണ്. സ്വാഭാവികമായും ഇതിൽ നല്ലൊരു പങ്ക് പട്ടികജാതി -പട്ടികവർഗ വിഭാഗത്തിന് ലഭിക്കേണ്ടതായിരുന്നു. സമഗ്രമായ ഭൂപരിഷ്കരണം കേരളത്തിന്റെ സാമൂഹ്യ – സാമ്പത്തിക മേഖലകളെ പുനർ നിർണയിക്കുകയും പിന്നാക്ക ജനവിഭാഗങ്ങളെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് എത്തിക്കുന്നതിന് കാരണമാകുകയും ചെയ്തു. എല്ലാ മാറ്റങ്ങൾക്കും അടിത്തറയായി 90 ശതമാനത്തിലധികം പേർക്കും സ്വന്തമായി വീടുള്ള കേരളത്തിൽ വീടില്ലാത്ത 5 ലക്ഷം പേർക്ക് വീട് നൽകാനുള്ള പദ്ധതിയാണ് ലൈഫ് മിഷനിലൂടെ ഇന്ന് പ്രാവർത്തികമാക്കുന്നത്.

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടിയ ആയുർദൈർഘ്യമുള്ളത് കേരളത്തിലാണ്. അമ്പതുകളിലെ ശരാശരി ആയുർദൈർഘ്യമായ 44 വയസ്സിൽ നിന്ന് 2022 ൽ ശരാശരി ആയുർദൈർഘ്യം 79 ആയി വളർന്നിരിക്കുന്നു.ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കുള്ള സ്ഥലങ്ങളിൽ ഒന്നാണ് കേരളം. കുട്ടികളിലെ പ്രതിരോധ കുത്തിവെയ്പ് 85 ശതമാനമാണ് കേരളത്തിൽ. അഖിലേന്ത്യാ ശരാശരി അതിന്റെ പകുതി മാത്രമാണ് . പൊതു വിദ്യാഭ്യാസ രംഗത്ത് കൊഴിഞ്ഞു പോക്കില്ലാത്ത ഏക സംസ്ഥാനവും കേരളമാണ്.
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ 38,000 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. സ്വകാര്യ ആശുപത്രികളിലാകട്ടെ 67,500 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഏറ്റവും ചുരുങ്ങിയ ചെലവിൽ മികച്ച ആധുനിക ചികിത്സ ലഭ്യമാകുന്ന സംസ്ഥാനമാണ് കേരളം. പാവപ്പെട്ടവർക്ക് എല്ലാ ചികിത്സയും സർക്കാർ ചെലവിൽ സൗജന്യമായി ലഭിക്കുന്നതും ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ്. വളരെ ശ്രദ്ധേയമായ കേരള മോഡൽ എന്ന് വിശേഷിപ്പിച്ചിരുന്ന കേരള വികസന മാതൃക തകരാൻ പോകുന്നു എന്ന ആശങ്ക നിലനിന്നിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും വിഭാവനം ചെയ്യപ്പെട്ടത്. തകരുമെന്ന് പലരും കരുതിയ കേരള മോഡൽ പുതിയ കാലത്തെ ആവശ്യകതകൾക്കനുസരിച്ച് വിപുലപ്പെടുത്താനുള്ള പരിശ്രമങ്ങൾ വലിയൊരളവുവരെ വിജയിപ്പിക്കാൻ എൽഡിഎഫ് സർക്കാർ നയിക്കുന്ന കേരളത്തിന് കഴിയുന്നുണ്ട്.

ആഗോളവൽക്കരണ നയങ്ങൾ സൃഷ്ടിക്കുന്ന പരിമിതികളെ ഒരു പരിധിവരെ അതിജീവിക്കുവാൻ കഴിയുന്ന ബദൽ നയങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കേരളത്തിന് കഴിയുന്നു എന്നതുകൊണ്ടാണ് ഇത് സാധിക്കുന്നത്.കേരളത്തിന്റെ മുന്നേറ്റങ്ങളുടെ വിപുലീകരണം എന്നത് കേരളം ആർജ്ജിച്ച നേട്ടങ്ങളുടെ നവീകരണം തന്നെയാണ്. ഇവിടെയാണ് കഴിഞ്ഞ എട്ടു വർഷത്തിലധികം കാലമായി അധികാരത്തിലിരിക്കുന്ന എൽഡിഎഫ് ഭരണം പ്രസക്തമാകുന്നത്.

കേരള മോഡലിന്റെ തിളങ്ങുന്ന മേഖലകളായ വിദ്യാഭ്യാസ-–ആരോഗ്യ മേഖലകളിലെ നേട്ടങ്ങളെ ഗുണപരമായി മാറ്റാനാണ് കേരളം ശ്രമിക്കുന്നത്. ഇന്ത്യയിലെ പതിനായിരക്കണക്കിന് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമ്പോഴാണ് പൊതുവിദ്യാഭ്യാസരംഗത്ത് കൂടുതൽ മൂലധനനിക്ഷേപം നടത്താനും ഗുണനിലവാരം വർദ്ധിപ്പിക്കാനും സ്വകാര്യ -അൺ എയ്ഡഡ് മേഖലയുമായി മത്സരിക്കാനും കേരളത്തിന് കഴിയുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് തൊഴിൽ നൈപുണ്യത്തിന് മുൻഗണന നൽകാനും നാക്ക് അക്രഡിറ്റേഷനിൽ മുന്നേറ്റം സൃഷ്ടിക്കാനും കേരളത്തിനായിരിക്കുന്നു. ആരോഗ്യം മേഖലയിൽ ഉണ്ടായ നേട്ടങ്ങളുടെ വിപുലീകരണം മഹാമാരിയുടെ സന്ദർഭത്തിൽ ലോക ശ്രദ്ധ ആകർഷിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിയത് വലിയതോതിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. കാർഷിക തകർച്ചയുടെ കാലത്തും ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കുവാൻ കേരളത്തിനായി. പാൽ, പച്ചക്കറി ഉൽപാദനത്തിലും വർദ്ധനവ് ഉണ്ടായി. പൊതുവിതരണം വഴി വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ വിജയിച്ചു. അറുപതു ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നു. ആദിവാസി ഭൂപ്രശ്നം പൂർണമായി പരിഹരിച്ചിരിക്കുന്നു. ദളിത് വിഭാഗത്തിന്റെ പാർപ്പിട പ്രശ്നം പരിഹരിക്കാനും അവരെ പൊതുധാരയിലേക്ക് എത്തിക്കാനും വലിയൊരളവുവരെ സാധിച്ചിരിക്കുന്നു.

കേന്ദ്രം കേരളത്തിന്റെ മുന്നേറ്റത്തെ തടയാൻ ആവുന്നത്ര തരത്തിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ കീഴടങ്ങാത്ത ഇച്ഛാശക്തിയാണ് കേരളം പ്രകടിപ്പിക്കുന്നത്. ആഭ്യന്തര വിഭവ സമാഹരണം വർദ്ധിപ്പിച്ചും മികച്ച ധനമാനേജ്മെന്റിലൂടെയുമാണ് കേരളം ഈ നേട്ടങ്ങൾ നിലനിർത്തുന്നത്. അഴിമതിരഹിതമായ ഭരണ നേതൃത്വമാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തെ പ്രാപ്തമാക്കുന്നത്.വിശ്വപ്രസിദ്ധമായ കേരള മാതൃക തകർക്കപ്പെടും എന്നിടത്തുനിന്നും ആ മുന്നേറ്റത്തെ കൂടുതൽ വിപുലപ്പെടുത്തി മുന്നോട്ടു പോകാൻ കേരളത്തിന് ഏറെ സഹായകരമാകുന്നത് എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിച്ചതുതന്നെയാണ്.

വിമോചന സമര ശക്തികളും വിവിധ തരം വർഗീയ ജാതീയഘടകങ്ങളും കേരളത്തിന്റെ മതനിരപേക്ഷ മനസ്സിൽ വിഷം കലർത്താനും കേരളത്തെ പിറകോട്ടടിപ്പിക്കാനും നിരന്തരം ശ്രമിക്കുകയാണ്. കോർപ്പറേറ്റ് മാധ്യമങ്ങൾ സർക്കാരിനും പാർട്ടിക്കും എതിരെ എണ്ണമറ്റ കള്ളക്കഥകൾ തയ്യാറാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നു. വലതുപക്ഷ അനുകുലമായ ആശയങ്ങളെ മഹത്വ വൽക്കരിക്കാനുഉള്ള ശ്രമങ്ങൾ ആസൂത്രിതമായി അവർ നടത്തുന്നുമുണ്ട്. ഈ പ്രതിലോമവൽക്കരണത്തെക്കൂടി ചെറുത്തുകൊണ്ടാണ് ഇന്നത്തെ കേരളത്തിലെ ഇടതുപക്ഷം മുന്നോട്ടുപോകുന്നത്.

വിമോചന സമര ശക്തികളുടെ പുതുരൂപങ്ങൾ നടത്തുന്ന പരിശ്രമം, ലോകം ശ്രദ്ധിക്കുന്ന കേരളത്തിന്റെ മുന്നേറ്റത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അതുവഴി ഇടതുപക്ഷ അടിത്തറയെയും ദുർബലപ്പെടുത്താമെന്ന വ്യാമോഹമാണ് അവർക്കുള്ളത്. ഇത്തരം നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാൻ നമുക്കു സാധിക്കേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − eight =

Most Popular