മനുഷ്യമനസ്സിനെ രൂപപ്പെടുത്തുന്നതിലും പ്രവർത്തനങ്ങൾക്ക് വഴികാട്ടുന്നതിലും കാഴ്‌ചയുടെ പരിണാമൗന്നത്യമാണ് കലയ്‌ക്ക് പിൻബലമായി പ്രവർത്തിക്കുന്നത്. പ്രകൃതിയിൽ കാണുന്ന വസ്‌തുക്കളുടെ രൂപനിർമിതികളും വസ്‌തുക്കളെ കാണാതെതന്നെ മനസ്സിൽ ആവാഹിച്ചുകൊണ്ടുള്ള രൂപപരിണാമ നിർമിതികളും കലാകാരന്റെ ക്രിയാത്മകതയുടെ അടയാളപ്പെടുത്തലുകളാകുന്നു. നേരിൽ കാണുന്ന രൂപവും മനസ്സിൽ കാണുന്ന പ്രതിരൂപവും ഇഴചേർന്നുകൊണ്ടാണ് നവീനമായൊരു രൂപം ആവിഷ്‌കരിക്കപ്പെടുന്നത്. സൃഷ്ടിയുടെ പൂർണതയോടെ.
കാഴ്‌ചയ്‌ക്ക് സിദ്ധിക്കുന്ന ഈ പക്വത കലാകാരൻ സഞ്ചയിച്ച സംസ്‌കാരത്തിന്റെ ഊർജം കൂടിയാണ്. കല ചിത്രതലങ്ങളിൽ വർണസങ്കലനത്തിലൂടെ വസന്തം തീർക്കുന്നു‐ പുതിയ കലാസങ്കേതങ്ങളിലൂടെ, വർണമേളനങ്ങളിലൂടെ. കലയിലൂടെയുള്ള ഇത്തരം പരിണാമദശാസന്ധികൾ പോലെ ചിത്രസംവിധാനത്തിലും അവതരണത്തിലും സൃഷ്ടിക്കുന്ന പുതിമയുടെ തുടർച്ചയാണ് ചിത്രകാരൻ ഷിബുചന്ദിന്റെ ചിത്രപ്രദർശനത്തിലും കാണാനായത്.
യുവ ചിത്രകാരരിൽ ശ്രദ്ധേയനായ ഷിബുചന്ദിന്റെ പുതിയ പെയിന്റിംഗുകളുടെ പ്രദർശനം തിരുവനന്തപുരം ഫ്രാൻസ് അലയൻസിൽ അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കലയുടെ അടിസ്ഥാനപ്രമാണങ്ങളിൽനിന്ന് മാറി ക്രിയാത്മകമായി ചിന്തിച്ചുകൊണ്ടാണ് പ്രദർശനത്തിലെ ചിത്രങ്ങളുടെ ഡിസ്‌പ്ലേ ഒരുക്കിയിട്ടുള്ളത്‐ തികച്ചും ലാവണ്യാത്മകമായി. ഒരു ചിത്രമായി ആവിഷ്‌കരിച്ചിരിക്കുന്ന പന്ത്രണ്ട് ചിത്രങ്ങൾ ചേർന്ന ചാർക്കോൾ രചന ഉദാഹരണമായി കാണാം. അതുപോലെ ചിത്രതലങ്ങളുടെ തിരഞ്ഞെടുപ്പ്. ക്യാൻവാസും അതുപോലെ പലതരം വർണത്തുണികളും അവയുടെ പശ്ചാത്തലമാകുന്ന ടെക്‌സ്‌ച്ചറും ചിത്രത്തിന്റെ ഭാഗമായി ചേരുന്ന രചനാസവിശേഷത ഷിബുചന്ദിന്റെ പ്രത്യേകതയാണ്, ഈ പ്രദർശനത്തിന്റെയും.
തന്റെ ചുറ്റുമുള്ള കാഴ്‌ചകളെ ക്യാൻവാസിൽ പ്രതിഫലിപ്പിച്ചിരിക്കുന്നത് തന്റെ കലയിലെ ഭാവാവിഷ്‌കാര ചിന്തകളിലൂടെയാണ്. അമൂർത്തമായ രൂപങ്ങൾ താളനിബദ്ധമായിട്ടാണ് ചിത്രതലങ്ങളിൽ പുതുരൂപങ്ങളായി അവതരിപ്പിച്ചിട്ടുള്ളത്. സംഗീതത്തിന്റെയും നാടൻ കലാരൂപങ്ങളുടെയുമൊക്കെ പ്രതീകങ്ങളാകുന്ന ചലനാത്മകമായ രൂപങ്ങളാണ് ചിത്രതലത്തിൽ തലങ്ങും വിലങ്ങും പുതുരൂപങ്ങൾ നൽകിക്കൊണ്ട് ആസ്വാദകർക്കു മുന്നിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ചലനാത്മകമാവുന്ന വർണങ്ങളും രൂപങ്ങളും ജ്യാമിതീയ രൂപമാതൃകകളായും പ്രതീകവത്‌കരിക്കുന്നു. ആസ്വാദകമനസ്സിൽ നവീനമായ ചിന്തകളുടെ അനന്തമായ സർഗാത്മകബോധ്യങ്ങളിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്.
പരീക്ഷണാത്മക ചിത്രതലങ്ങളൊരുക്കുന്നതിൽ ഷിബുചന്ദ് പുതുമ തേടുന്ന കലാകാരനാണ്. ക്യാൻവാസ്, കടലാസ്, തുണി തുടങ്ങിയ മാധ്യമങ്ങളിൽ വിവിധ നിറക്കൂട്ടുകൊണ്ടാണ് രചന നടത്തിയിട്ടുള്ളത്. ഇന്ത്യൻ ചിത്രകലാ പാരമ്പര്യത്തിലെ ഒരു പ്രധാന ശൈലിയാണ് ചുരുൾചിത്രണ രീതി (സ്‌ക്രോൾ പെയിന്റിംഗ്). പരന്പരാഗത, നാടോടി സംസ്‌കാരത്തനിമയിൽ നാടോടി ആചാരങ്ങളും കഥകളും കാണികൾക്ക് വിശദീകരിച്ചുകൊടുക്കുന്ന രീതിയിൽനിന്ന് മാറി തന്റേതായ രൂപകൽപനകളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. ഇവിടെ ഈ ചിത്രതലങ്ങളിലെ ആഖ്യാനം ആസ്വാദകനെ ചേർത്തുപിടിക്കുകയും അദൃശ്യങ്ങളായ ആശയങ്ങളെക്കുറിച്ച് അവരെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയുമാണ് താൻ ചെയ്യുന്നതെന്ന് ഷിബുചന്ദ് പറയുന്നു.
ചിത്രങ്ങളെക്കുറിച്ച് പ്രമുഖ കലാ ചരിത്രകാരനായ ജോണി എം എല്ലിന്റെ വിലയിരുത്തലും ഇതോട് ചേർത്തുവായിക്കാവുന്നതാണ്‐ ‘‘ദൃശ്യാദൃശ്യങ്ങളുടെ ഒരു വർണസംഘാതമാണ് ഷിബുചന്ദിന്റെ ചിത്രങ്ങൾ. പിക്കാസോ പറഞ്ഞിട്ടുള്ളതുപോലെ ഈ ചിത്രങ്ങൾ രചിക്കപ്പെടുന്നതല്ല‐ മറിച്ച് കാണികളാൽ പൂർത്തീകരിക്കപ്പെടുന്നതാണ്. ഇമേജുകൾ ഓരോന്നും പരസ്‌പരം വിചിത്രമായ ഒരു ബന്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അവയിലൊന്നിനെയും അടർത്തിയെടുക്കാൻ കഴിയാത്തവിധം ഇണപിരിഞ്ഞിരിക്കുകയാണ്. വിടുത്തുന്നതോടെ അവ തകരുന്നതുപോലെ തോന്നും. നമ്മുടെ സമൂഹമല്ലാതെ മറ്റെന്താണ് അങ്ങനെ പരസ്‌പരം ഇഴചേർന്നു നിൽക്കുന്നത്! അതിലേതെങ്കിലും ഒന്നിനെ അടർത്തിമാറ്റാൻ ശ്രമിച്ചാൽ സമൂഹം തന്നെ തകരും. ഈ ഒരു വെളിച്ചത്തിൽ നോക്കുമ്പോൾ ഷിബുവിന്റെ ചിത്രങ്ങൾ തികച്ചും കണ്ടംപററി ആയ സമൂഹത്തെ തന്റേതായ രീതിയിൽ ആഖ്യാനപ്പെടുത്തുകയാണെന്ന് കാണാൻ കഴിയും’’.
ഷിബുചന്ദിന്റെ ചിത്രങ്ങളിലെ സ്‌പേസ് കാഴ്‌ചക്കാരനെ സ്വാധീനിക്കുന്നത് പലവിധത്തിലാണ്. സ്‌പേസിന്റെ പരിമിതിയിൽ നിന്നുകൊണ്ട് പുനർനിർവചിക്കപ്പെടുന്നത് നമ്മുടെ സാംസ്‌കാരിക ഇടങ്ങളെയും സംസ്‌കാരത്തെയുമാണ്. അവ അമൂർത്ത രൂപങ്ങളായി പ്രാഥമിക നിറങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതുമയാർന്ന നിറക്കൂട്ടുകളായി ഭാവനയുടെ വിപുലമായ ആശയപ്രപഞ്ചത്തെയാണ് തുറന്നിടുന്നത്. അമൂർത്തവും ജ്യാമിതീയവുമായ രേഖകൾക്കുള്ളിൽ വികാരങ്ങൾക്കും ആശയങ്ങൾക്കും ആവിഷ്‌കാരങ്ങൾക്കുമുള്ള സാധ്യതകളെയും ഷിബുചന്ദ് അടയാളപ്പെടുത്തുന്നു. പ്രതീകാത്മകമായ നിരീക്ഷണവും അന്വേഷണവുമുള്ള ചിത്രകാരന്റെ മനസ്സ് ആസ്വാദകരിലേക്കുകൂടി എത്തപ്പെടുമെന്ന് ചിത്രകാരൻ പ്രതീക്ഷിക്കുന്നു. മനുഷ്യജീവിത സമസ്യകളെ പ്രതിഫലിപ്പിക്കുന്ന ഈ ചിത്രങ്ങൾ ആസ്വാദകരുടെ സ്വതന്ത്രമായ ദൃശ്യപ്രപഞ്ചത്തിലേക്ക് പതിയെ പതിയെ കടന്നുകയറുകതന്നെ ചെയ്യും. രണ്ടാഴ്‌ചയോളം നീണ്ടുനിന്ന പ്രദർശനം കാണാൻ പ്രമുഖരായ ചിത്ര ശിൽപകാരരടക്കം നിരവധി കലാസ്വാദകർ എത്തിയെന്നതും ശ്രദ്ധേയമാണ്.
ചിത്രകലയിൽ സംസ്‌കൃത സർവകലാശാലയിൽനിന്ന് ബിരുദവും തൃപ്പൂണിത്തുറ ഗവൺമെന്റ് ആർഎൽവി കോളേജിൽനിന്ന് ബിരുദാനന്തരബിരുദവും നേടിയ ഷിബുചന്ദ് തന്റേതായ ഒരു ശൈലി രൂപീകരിക്കുന്നതിൽ വിജയിച്ച കലാകാരനാണ്. സമൂഹത്തിലെ മാറ്റങ്ങളെ സൂക്ഷ്‌മമായി ശ്രദ്ധിച്ചുകൊണ്ട് ചിത്രരചനയിൽ ഏർപ്പെടുന്ന ഷിബു വ്യത്യസ്‌തങ്ങളായ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ വൈദഗ്‌ധ്യം നേടിയിരിക്കുന്നു. ‘ടെക്‌സ്റ്റ്, കോൺടെക്‌സ്റ്റ്’ എന്ന് പേരിട്ട ഈ പ്രദർശനത്തിൽ അദ്ദേഹം വരച്ച പതിനഞ്ചോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചിത്രകാരനായി ജോലിനോക്കുന്ന ഷിബുചന്ദ് എട്ടോളം ഏകാംഗ ചിത്രപ്രദർശനങ്ങളും നിരവധി ഗ്രൂപ്പ് പ്രദർശനങ്ങളിലും ദേശീയ ചിത്രകലാ ക്യാന്പുകളിലും പങ്കെടുത്തിട്ടുണ്ട്. l