Wednesday, November 13, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്യന്ത്രവൽക്കരണവും കർഷകത്തൊഴിലാളികളും - 2

യന്ത്രവൽക്കരണവും കർഷകത്തൊഴിലാളികളും – 2

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 62

കാർഷികമേഖലയിലെ യന്ത്രവൽക്കരണത്തിന്റെ സൂക്ഷ്മതലത്തിലുള്ള ചില നിരീക്ഷണങ്ങളാണ് കഴിഞ്ഞ ലക്കത്തിൽ നടത്തിയത്. ഇതുസംബന്ധിച്ച് മുഖ്യധാരയിൽ നടക്കുന്ന ഒട്ടുമിക്ക പഠനങ്ങളും ഇതുകൊണ്ട് പര്യവസാനിക്കുകയാണ് പതിവ്. ചരിത്രപരമായ കാഴ്ചപ്പാടിൽ ഈ യന്ത്രവൽക്കരണപ്രക്രിയയെ കാണാനും പൊതുവായ സാമൂഹിക സാമ്പത്തിക പരിണാമങ്ങളുമായി ഇതിനെ കണ്ണിചേർക്കാനും പൊതുവെ പോസിറ്റിവിസ്റ്റ് സമീപനത്തിലധിഷ്ഠിതമായ ഇത്തരം വിശകലനങ്ങൾ തുനിയാറില്ല. മരത്തെ മാത്രം കാണുകയും കാടിനെ കാണാതിരിക്കുകയും ചെയ്യുന്ന രീതിശാസ്ത്രമാണിത്. മാർക്സിസ്റ്റ് സാമൂഹിക വിശകലനങ്ങൾ വ്യത്യസ്തമാകുന്നത് ഇവിടെയാണ്.കാർഷികമേഖലയിലേക്കുള്ള മൂലധനത്തിന്റെ കടന്നുവരവിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആഴത്തിൽ പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുള്ളത് ഏറെയും മാർക്സിസ്റ്റ് പണ്ഡിതരാണ്. കാർഷികമേഖലയിലെ പരിണാമത്തെക്കുറിച്ചുള്ള കൗട്സ്കിയുടെ വിശദമായ പഠനവും (The Agrarian Question, Karl Kautsky, 1899), റഷ്യയിലെ പ്രാങ്മുതലാളിത്ത ബന്ധങ്ങളെക്കുറിച്ചുള്ള ലെനിന്റെ പഠനങ്ങളും (The Agrarian Question in Russia,Lenin, 1914) ഈ ശ്രേണിയിലുള്ള ആദ്യകാല രചനകളിൽ ഏറ്റവും ശ്രദ്ധേയമാണ്. കൗട്സ്കിയുടെ പഠനത്തെക്കുറിച്ച് ലെനിൻ തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്, മാർക്സിന്റെ മൂലധനം കഴിഞ്ഞാൽ മുതലാളിത്തത്തെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ പഠനം എന്നാണ്. എന്നാൽ പിന്നീട് റഷ്യൻ വിപ്ലവത്തിന്റെ മൂർദ്ധന്യ ഘട്ടത്തിൽ കൗട്സ്കി കൈക്കൊണ്ട രാഷ്ട്രീയ സമീപനങ്ങൾ കൗട്സ്കിയെ തള്ളിപ്പറയാൻ ലെനിനെത്തന്നെ പ്രേരിപ്പിച്ചു. 1914നു ശേഷമുള്ള കൗട്സ്കിയുടെ സമീപനങ്ങൾ മാർക്സിസത്തിൽ നിന്നുമുള്ള ഗുരുതരമായ വ്യതിയാനങ്ങളായി വിലയിരുത്തപ്പെട്ടു.

കേവലം അനുഭവൈകജ്ഞാനപരമായ പോസിറ്റിവിസ്റ്റ് സമീപനങ്ങളിൽ നിന്നും സാമൂഹിക പ്രതിഭാസങ്ങളുടെ വിശകലനത്തെ മുക്തമാക്കുകയാണ് മാർക്സിസ്റ്റ് രീതിശാസ്ത്രം ചെയ്തത്. പ്രത്യക്ഷത്തിൽ കാണപ്പെടുന്ന യാഥാർഥ്യങ്ങൾക്കപ്പുറത്ത് ഒരു ലോകമുണ്ടെന്നും അവിടെയുണ്ടാകുന്ന ചലനങ്ങളാണ് പലപ്പോഴും നിർണായക ശക്തിയായി പ്രവർത്തിക്കുന്നതെന്നുമുള്ള നിലപാടാണ് മാർക്സിസ്റ്റ് സാമൂഹിക വിശകലനത്തിനുള്ളത്. കാർഷികമേഖലയിലുണ്ടാകുന്ന പരിണാമങ്ങളെയും യന്ത്രവൽക്കരണത്തെയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയുമൊക്കെ ഇത്തരമൊരു കണ്ണോടുകൂടി കാണേണ്ടിയിരിക്കുന്നു. നാളിതുവരെ മനുഷ്യൻ തന്റെ ശരീരമുപയോഗിച്ച് നടത്തിപ്പോന്നിരുന്ന പ്രവർത്തനങ്ങളെ മാറ്റിനിർത്തിക്കൊണ്ട് യന്ത്രങ്ങൾ കടന്നുവന്നതെന്തുകൊണ്ട്? അതിനിടയാക്കിയ കാരണങ്ങളെന്ത്? സാമൂഹിക സമ്മർദങ്ങളെന്ത്? ഈ പ്രക്രിയകൾ മനുഷ്യർക്കിടയിലുണ്ടാക്കുന്ന സംഘർഷങ്ങളെന്ത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പോസിറ്റിവിസ്റ്റ് രീതിശാസ്ത്രത്തിൽ അധിഷ്ഠിതമായ സമീപനങ്ങൾക്ക് കഴിയില്ല. ആ പരിമിതികളെയാണ് മാർക്സിസ്റ്റ് സമീപനങ്ങൾ മറികടന്നത്. പരമ്പരാഗത ഗ്രാമീണ സമൂഹങ്ങളിലും അവിടത്തെ മുഖ്യ ജീവനോപാധിയായ കാർഷികവൃത്തിയിലും മൂലധനത്തിന്റെ കടന്നുവരവ് സൃഷ്ടിച്ച ചലനങ്ങൾ ഇത്തരത്തിൽ പഠനവിധേയമാക്കുകയാണ് ആദ്യകാല മാർക്‌സിസ്റ്റ്‌ സൈദ്ധാന്തികർ നടത്തിയത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടത്തിയ ഈ വിശകലനങ്ങൾ സമകാലിക ലോകത്ത് എത്രമാത്രം പ്രസക്തമാണ് എന്നൊരു ചോദ്യം വേണമെങ്കിൽ ഉയരാം. ഒരു നൂറ്റാണ്ടിനുമുന്പ് പാശ്ചാത്യരാജ്യങ്ങൾ കടന്നുപോയ സാമൂഹിക അവസ്ഥയ്ക്ക് ഏതാണ്ട് സമാനമാണ് ഒട്ടുമിക്ക തെക്കൻ രാഷ്ട്രങ്ങളിലെയും ഇന്നത്തെ സ്ഥിതി എന്നതിനാൽ വികസിത മുതലാളിത്ത രാജ്യങ്ങളിലെ സാമൂഹിക പരിണാമങ്ങളുടെ ചരിത്രത്തിൽ നിന്നും പലതും നമുക്ക് ഉൾക്കൊള്ളാനുണ്ട് എന്നതാണ് ഇതിന്റെ ഉത്തരം.

മൂലധന സഞ്ചയം (capital accumulation) ഉല്പാദനമേഖലയിൽ ചെറുകിട ഉത്പാദന പ്രവർത്തനങ്ങളെ (petty commodity production) തുടച്ചുനീക്കിക്കൊണ്ട് നടത്തുന്ന കേന്ദ്രീകരണത്തിനും സംയോജനത്തിനും സമാനമായ ഒന്ന് കാർഷിക മേഖലയിലും നടക്കുന്നുണ്ടോ എന്ന അന്വേഷണമാണ് കാർഷിക പ്രശ്നവുമായി ബന്ധപ്പെട്ട് കൗട്സ്കി ആദ്യം നടത്തുന്നത്. കൂലിവേലക്കാരുടെയും ധനികകർഷകരുടെയും രണ്ടു വർഗ്ഗങ്ങളായി അത് ഗ്രാമങ്ങളിലെ കർഷകജനതയെ വിഭജിക്കുമെന്നാണ് കൗട്സ്കി നടത്തുന്ന നിരീക്ഷണം. കാർഷിക മേഖലയിലേക്കുള്ള ആധുനിക യന്ത്രങ്ങളുടെ കടന്നുവരവും പുത്തൻ സാങ്കേതികവിദ്യകളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട കൂടുതൽ ഉല്പാദനക്ഷമതയാർന്ന വിത്തും വളവുമെല്ലാം ഇന്ത്യയിലും ഒരു ധനിക കർഷകവർഗത്തെ സൃഷ്ടിച്ചിരിക്കുകയും ചെയ്തതിനൊപ്പം തന്നെ അതിനു സമാന്തരമായി പരമ്പരാഗതമായി കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന ഒരു വിഭാഗത്തെ നിത്യദുരിതത്തിലേക്കു നയിച്ചു എന്നത് നമ്മുടെ തന്നെ അനുഭവസാക്ഷ്യമാണ്. ഭൂപരിഷ്കരണം പോലുള്ള നടപടികളിലേക്ക് ഉറച്ച മനസോടെ നീങ്ങാൻ നമ്മുടെ ഭരണ സംവിധാനങ്ങൾക്ക് കഴിയാതെപോകുന്നത് ഭരണകൂടത്തിൽ ഈ വർഗ്ഗങ്ങൾക്കുള്ള സ്വാധീനം ഒന്നുകൊണ്ട്‌ മാത്രമാണ്. പരമ്പരാഗത കൃഷിക്കാർ കാർഷികവൃത്തിയിൽ നിന്നും പുറന്തള്ളപ്പെടുകയും മുതലാളിത്ത ഉല്പാദന പ്രക്രിയയുടെ പിന്നാമ്പുറങ്ങളിൽ അഭയം തേടി അലയുകയും ചെയ്യുന്ന കാഴ്ച എവിടെയും ദൃശ്യമാണ്.

ഈ പൊതുനിരീക്ഷണത്തിൽ നിന്നും വിഭിന്നമായ മറ്റൊരു ചോദ്യം കൂടി കൗട്സ്കി ഉയർത്തുന്നുണ്ട്. മേൽപ്പറഞ്ഞ രീതിയിലുള്ള പ്രാന്തവൽക്കരണം നടക്കുമ്പോഴും മുതലാളിത്ത സമൂഹങ്ങളിൽ എന്തുകൊണ്ട് ചെറുകിട കർഷക സമൂഹങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു? 1850കൾക്ക് ശേഷം യൂറോപ്പിൽ ചെറുകിട കർഷകരുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല എന്ന വസ്തുതയെ മുൻനിർത്തിയാണ് ഈ ചോദ്യം. നിർമാണമേഖലയിൽ ചെറുകിട ഉല്പാദകർ ഇല്ലാതാകുന്നതിനേക്കാൾ വളരെ കുറഞ്ഞ വേഗതയിൽ ഈ പ്രക്രിയ കാർഷിക മേഖലയിലും നടക്കുന്നുണ്ട് എന്നതാണ് കൗട്സ്കി ഇവിടെ നടത്തുന്ന നിരീക്ഷണം. അതിവേഗം വികസിച്ചുവരുന്ന മുതലാളിത്ത ഉല്പാദനപ്രക്രിയക്കാവശ്യമായ കൂലിവേലക്കാരുടെ കരുതൽ സേനയായി പരമ്പരാഗത കർഷക സമൂഹം മാറുന്നുണ്ട് എന്ന യാഥാർഥ്യം കൂടി ഇതിനൊപ്പം കാണേണ്ടതുണ്ട്. ചെറുകിട കൃഷിയിടങ്ങളുടെ നിലനില്പിന്റെ അടിസ്ഥാനം തന്നെ ഇതാണ്. അതിനാൽ വൻതോതിലുള്ള യന്ത്രവൽക്കരണപ്രക്രിയക്കിടയിലും കാർഷിക പ്രവർത്തനങ്ങളുടെ കേന്ദ്രീകരണം നടക്കുന്പോഴും ചെറുകിട കൃഷിക്കാരുടെ സമൂഹം നിലനിൽക്കുന്നതിന്റെ അടിസ്ഥാനമിതാണ് .മുതലാളിത്ത വികസനത്തിന്റെ ഭാഗമായി ചെറുകിട കൃഷിക്കാർ ഇല്ലാതാകുമെന്ന് ലെനിനും വ്യക്തമാക്കുന്നുണ്ട് (Development of capitalism in Russia).

കാർഷികവൃത്തിയിലേർപ്പെട്ട് ജീവിതം പുലർത്തുന്ന കുടുംബങ്ങളെ എത്ര നൂറ്റാണ്ടുകൾ പിന്നോക്കം പോയാലും കാണാൻ കഴിയും. സവിശേഷമായ ഒരു സാമ്പത്തിക ഘടകമായി ഇവർ ചരിത്രത്തിലുടനീളം പ്രവർത്തിച്ചുപോന്നിട്ടുണ്ട്. ഈ കർഷക കുടുംബങ്ങൾ ഒരിക്കലും പാടേ തുടച്ചുനീക്കപ്പെട്ടിട്ടില്ല. മുതലാളിത്ത വികസനത്തിനൊപ്പം ഇവരും കണ്ണിചേർക്കപ്പെട്ടു. ഏറ്റവും വികസിതമായ യൂറോപ്യൻ സമൂഹങ്ങളിൽപ്പോലും ഇന്നും ഇത്തരം കർഷക കുടുംബങ്ങളെ കാണാൻ കഴിയും. കാർഷികവൃത്തിയിലേക്കുള്ള ആധുനിക യന്ത്രങ്ങളുടെ കടന്നുവരവ് ഇവരുടെ പ്രവർത്തനങ്ങളെ കൂടുതൽ സുഗമമാക്കി. അധിക തൊഴിൽ ശക്തിയെ പുറമേനിന്ന് ഉപയോഗപ്പെടുത്താതെതന്നെ കാർഷിക വൃത്തികൾ സ്വന്തം നിലയ്ക്ക് ചെയ്യാൻ യന്ത്രവല്ക്കരണം കർഷകകുടുംബങ്ങളെ സഹായിച്ചു. കർഷകത്തൊഴിലാളികളെ ഏതാണ്ട് പൂർണമായും ഇല്ലാതാക്കുവാൻ ആധുനിക യന്ത്രങ്ങൾ കർഷകകുടുംബങ്ങളെ ഏറെ സഹായിച്ചു. അതേസമയം വികസിത സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യ പോലുള്ള തെക്കനേഷ്യൻ രാജ്യങ്ങളിൽ കാണാൻ കഴിയുന്നത് കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലകപ്പെട്ടിരിക്കുന്ന ചെറുകിട കർഷക കുടുംബങ്ങളെയാണ്. ഇവരെ നിത്യ ദാരിദ്ര്യത്തിൽ നിലനിർത്തേണ്ടത് കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ ലഭിക്കാൻ മുതലാളിത്ത ഉല്പാദന പ്രക്രിയയ്ക്ക് സഹായകമായ ഒരു ഘടകമാണ്. ഇതാകട്ടെ ആഗോള മൂലധനത്തിന്റെ കൂടി താല്പര്യമാണ്. സമ്പന്നരായ വടക്കൻ രാജ്യങ്ങൾക്ക് ദരിദ്രരായ തെക്കൻ രാഷ്ട്രങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്കുള്ള പ്രാഥമികോല്പന്നങ്ങൾ തുടർച്ചയയായി ലഭ്യമാക്കേണ്ടതുണ്ട്.

വില കുറഞ്ഞ അധ്വാനശക്തിയുടെ ആധിക്യമാണ് ഇവിടങ്ങളിലെ കാർഷിക മേഖലയിൽ യന്ത്രവൽക്കരണത്തിന്റെ വേഗം കുറയാനുള്ള കാരണവും. സാങ്കേതികവിദ്യയുടെ വ്യാപനം കാർഷിക മേഖലയിലുണ്ടാകുന്നതിന്റെ അളവിനെയും വേഗതയേയും ബാധിക്കുന്ന സുപ്രധാന ഘടകങ്ങളാണിത്. അതിനാൽ കാർഷികമേഖലയിലെ യന്ത്രവൽക്കരണത്തെക്കുറിച്ചുള്ള ഏതൊരു പഠനവും ഇത്തരമൊരു ദാർശനികവും ജൈവപരവുമായ ചട്ടക്കൂടിനുള്ളിൽ നടക്കേണ്ടതാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × four =

Most Popular