Wednesday, November 13, 2024

ad

Homeസിനിമഅമൽ നീരദിന്റെ കടലാസ്‌ പൂക്കൾ

അമൽ നീരദിന്റെ കടലാസ്‌ പൂക്കൾ

കെ എ നിധിൻ നാഥ്‌

ഥാപാത്രങ്ങളെയും കഥാപരിസരത്തെയും വളരെ പതുക്കെ പരിചയപ്പെടുത്തി നിർമിച്ചെടുക്കുന്ന അമൽ നീരദീയൻ ആഖ്യാന ഭാഷ തന്നെയാണ്‌ ബൊഗെയ്‌ൻവില്ലയുടേത്‌. കഥാഘടനയിലേക്ക്‌ എപ്പിസോഡിക്കായെന്ന പോലെ പ്രധാന സന്ദർഭങ്ങളെ കൊണ്ടുവന്ന്‌ കാഴ്‌ചയെ മുറുക്കി കഥാന്ത്യത്തിനായി കളമൊരുക്കുന്ന ശബ്ദ–- ദൃശ്യ ഭാഷ. സാങ്കേതികതയും സംഗീതവും എന്ന അമൽനീരദ്‌ ചിത്രങ്ങളുടെ ഈടുറപ്പ്‌ ഇവിടെയും തെറ്റുന്നില്ല. ആര്‌ എന്ത്‌ എന്ന സസ്‌പെൻസെല്ലാം പാതിയിൽ ഓർത്തവസാനിപ്പിക്കാൻ കഴിയുന്നതാകുമ്പോഴും അതെങ്ങനെ അമൽനീരദ്‌ എന്ന ക്രാഫ്‌റ്റ്‌സ്‌മാൻ പറയും എന്ന ആകാംഷ സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന മികവാണ്‌ ബൊഗയ്‌ൻവില്ല. അഭിനേതാക്കളുടെ മികവ്‌ കൂടി ഇതിനൊപ്പം ചേർത്തെടുക്കുന്ന ഒരു ദൃശ്യ–-ശബ്ദ ഭാഷാനുഭവം.
ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം അമൽ നീരദും ചേർന്നാണ്‌ ചിത്രത്തിന്റെ തിരക്കഥ. ലാജോയുടെ റൂത്തിന്റെ ലോകമെന്ന കഥയെ കൂടുതൽ ആശ്രയിച്ചാണ്‌ ചിത്രം ഒരുക്കിയിട്ടുള്ളത്‌. പതിവ്‌ അമൽ നീരദ്‌ സിനിമകൾ പോലെ തന്നെ അടിത്തറ മാത്രമായാണ്‌ തിരക്കഥയെ ഉപയോഗിച്ചിട്ടുള്ളത്‌. കഥാപാത്രങ്ങളെയും അവരെ ചുറ്റിനിൽക്കുന്ന സാഹചര്യങ്ങളെയും സമയമെടുത്ത്‌ വളരെ കൃത്യതയോടെ ആവിഷ്‌കരിച്ചാണ്‌ ബൊഗയ്‌ൻവില്ല മുന്നോട്ട്‌ പോകുന്നത്‌.

ദൃശ്യാഖ്യാനത്തിലുള്ള മിടുക്ക്‌ അമൽ നീരദ് ഇവിടെയും തുടരുന്നുണ്ട്‌. സസ്‌പെൻസിന്റെ പരിസരം കഥയിലുടനീളം നിലനിർത്തി, സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവത്തിലാണ്‌ സിനിമ ഒരുക്കിയിട്ടുള്ളത്‌. മിസ്റ്ററി കഥാന്ത്യം വരെ നിലനിർത്താനുള്ള ശ്രമങ്ങൾ പൂർണമായും വിജയിച്ചുവെന്ന്‌ പറയാനാകില്ല. ഊഹിച്ചെടുക്കാൻ പ്രേക്ഷകന്‌ കഴിയുന്ന തരത്തിൽ തന്നെയാണ്‌ ബൊഗയ്‌ൻവില്ലയുമുള്ളത്‌. എന്നാൽ മുൻ സിനിമകളിൽനിന്ന്‌ വ്യത്യസ്‌തമായി കിടിലൻ പെർഫോമെൻസുകളുടേതു കൂടിയാണ്‌ ചിത്രം. ജോതിർമയി, കുഞ്ചാക്കോ ബോബൻ എന്നിവർ ലീഡ്‌ ചെയ്യുന്ന പ്രകടനത്തിൽ കൂടി ഊന്നിയാണ്‌ സിനിമ പോകുന്നത്‌. പെർഫോമെൻസ്‌ അടിസ്ഥാനപ്പെടുത്തിയുള്ള അമൽ നീരദ്‌ ചിത്രം എന്നതുതന്നെ ഒരു പുതുമയാണ്‌. മുൻ സിനിമകളിൽ കടന്നുവരുന്ന സ്വാഭാവിക അഭിനയ നിമിഷങ്ങൾക്കപ്പുറം അഭിനയത്തിൽ ഊന്നിക്കൂടിയാണ്‌ ചിത്രം മുന്നോട്ട്‌ പോകുന്നത്‌.

മറവിയും ഓർമകളും പോയ ഒരാളായി ജ്യോതിർമയി നിറഞ്ഞ്‌ നിൽക്കുന്നുണ്ട്‌. നടപ്പും ഇരുപ്പും ഓർമകെട്ട നിൽപ്പും എല്ലാം ചേർത്ത്‌ റീത്തു ഒരു അസാധ്യമായ പെർഫോമെൻസായി മാറുന്നുണ്ട്‌. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച വേഷം എന്നു പറയാനാകുന്നതാണ്‌ റീത്തു. അതിനെ അവർ പ്രകടനം കൊണ്ട്‌ കൂടി രാകിമിനുക്കുന്നുണ്ട്‌. ഓർമ നഷ്ടമായ മനുഷ്യന്റെ പെരുമാറ്റങ്ങളും ഭ്രമാത്മകതയും ഇടയിൽ കയറി വരുന്ന ഭയവും നിരാശയുമെല്ലാം അത്രമേൽ കൃത്യതയിൽ ജോതിർമയി റീത്തുവിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്‌.

ഒരിടവേള ഒരു അഭിനേതാവിനെ എത്രമേൽ മാറ്റാനാകുമെന്നതിന്റെ ഉദാഹരണമാണ്‌ കുഞ്ചാക്കോ ബോബൻ. സ്ഥിരം പൈങ്കിളി റോമാന്റിക്‌ നായക കുപ്പായം ഉപേക്ഷിച്ച്‌ നടത്തുന്ന പരിശ്രമങ്ങൾ എത്തിനിൽക്കുന്ന ഇടം കൂടിയാണ്‌ ബൊഗയ്‌ൻവില്ല. ഡോ. റൊയ്‌സ്‌ തോമസ്‌ എന്ന കഥാപാത്രത്തിന്റെ പല അടരുകൾ അതിന്റെ തീവ്രതയിലും രഹസ്യാത്മകതയിലും നന്നായി അവതരിപ്പിക്കാനായിട്ടുണ്ട്‌.

ഫഹദ്‌ ഫാസിൽ എന്ന ബ്രാന്റിനെ അമൽ നീരദ്‌ തന്റെ സിനിമയുടെ ഭാഗമാക്കുക എന്നത്‌ മാത്രമാണ്‌ എസിപി ഡേവിഡ്‌ കോശി എന്ന കഥാപാത്രം. ഫഹദിനെ സംബന്ധിച്ച്‌ വെറുതെയൊരു റോൾ മാത്രമാണത്‌. അമൽ നീരദിന്റെ ഫ്രെയിമിൽ വരുക എന്നാഗ്രഹിക്കാത്ത അഭിനേതാക്കളുണ്ടാകില്ല എന്നതു കൂടിയാകണം ശ്രിന്ദ, ഷറഫു തുടങ്ങിയവരെ സിനിമയുടെ ഭാഗമാക്കിയത്‌. സുഷിൻ ശ്യാമിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്‌. സിനിമയുടെ അന്തരീക്ഷം നിർമിച്ചെടുക്കുന്നതും അതിന്റെ ടെമ്പോ നിലനിർത്തുന്നതും അതിന്റെ താളവും വേഗവും നിയന്ത്രിക്കുന്നതും സംഗീതമാണ്‌.

അമൽ നീരദിന്റെ വാർപ്പ്‌ മാതൃകയിലുള്ള സിനിമകളുടെ തുടർച്ച തന്നെയാണ്‌. അതേസമയം, ഹീറോയിക്‌ സിനിമകളിലെ ആൺമഹത്‌വൽക്കരണത്തിന്‌ മുതിരാതെയുള്ള അമൽ നീരദ്‌ പാത ഇവിടെയുമുണ്ട്‌. ‘നല്ല തന്തക്ക്‌ പിറന്ന മകൾ’ മലയാള സിനിമ വാഴുന്ന കാലത്താണ്‌ മേരി ടീച്ചറുടെ മക്കളുമായി ‘ബിഗ്‌ ബി’ വന്നത്‌. അവിടെ നിന്ന്‌ മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയെ കേന്ദ്രീകരിച്ച്‌ ‘ഭീഷ്‌മപർവം’ ചെയ്‌തപ്പോഴും ഹീറോയിക്ക്‌ ആണത്ത സാധ്യതകളെ പാടെ നിരാകരിച്ചു. മലയാള സിനിമ പലപ്പോഴും നായകന്റെ ഹീറോവൽക്കരണം നടത്തുന്ന വീരഗാഥകളുടെ വാഴ്‌ത്തുപാട്ടുകളാണ്‌. അതിൽനിന്നൊരു മാറിനടത്തവും ഭീഷ്‌മപർവത്തിലുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ്‌ കഥാന്ത്യത്തിൽ കടന്നുവരുന്ന ‘കുരിശും വരച്ച്‌ കിടന്നോ’ എന്ന ഡയലോഗ്‌.

അനുരൂപീകരണത്തിൽ അമലിനുള്ള കഴിവ്‌ ഇവിടെയുമുണ്ട്‌. ഗോഡ്‌ഫാദിനെ മഹാഭാരതിലേക്ക്‌ ലയിപ്പിച്ച്‌ ഭീഷ്‌മപർവം ഒരുക്കിയ പോലെ, മുൻ സിനിമകളിലെ അനുരൂപീകരണങ്ങൾ ലാജോയുടെ കഥ/ കഥകളെ ബൊഗയ്‌ൻവില്ലയാക്കുന്നതിലുമുണ്ട്‌. അതിലെ മിടുക്കാണ്‌ ചിത്രത്തിന്റെ മികവ്‌. ഒപ്പം നല്ല പ്രകടനങ്ങളും സങ്കേതികതയും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 1 =

Most Popular