Thursday, November 21, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ പ്രഥമാധ്യാപകൻ‐2

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ പ്രഥമാധ്യാപകൻ‐2

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐55

മൊറാഴ സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഭീകരവാഴ്ചക്ക് അല്പം അറുതിയായപ്പോൾ പറശ്ശിനിയിൽവന്ന് പെട്ടി തിരിച്ചെടുത്ത് തലശ്ശേരിയിലേക്ക് കൊണ്ടുപോയി. പി.ഹരിദാസ്, കെ.പി.നാണു എന്നീ രണ്ട് ടെക്മാൻമാരെ കൃഷ്ണപിള്ള റിക്രൂട്ടുചെയ്തിട്ടുണ്ടായിരുന്നു. നിരോധനകാലത്ത് പാർട്ടിയെ സംരക്ഷിക്കാൻ അവരിരുവരും നടത്തിയ ത്യാഗപൂർണമായ പ്രവർത്തനം അവിസ്മരണീയമാണ്. മാവിലായിയിൽ ഇ.എം.എസ്സിന് താമസിക്കാൻ കണ്ടെത്തിയ ഒളിയിടത്തിന് വളരെ ദൂരത്തല്ലാത്ത ഒരിടത്താണ് പ്രൊഡക്ഷൻ സെന്റർ പിന്നീട് ഉണ്ണിരാജയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചത്. തലശ്ശേരിയിൽ റെയിൽവേസ്റ്റേഷനടുത്ത് ഒരു ആരാധനാകേന്ദ്രത്തിലാണ് പാർട്ടിയുടെ രഹസ്യരേഖകൾ സംരക്ഷിച്ചത്. കുടകരുടെ ആരാധനാകേന്ദ്രമാണ്. അവിടെ അരക്കുതാഴെ ചലനശേഷിയില്ലാത്ത ഒരു സന്യാസിനിയാണ് ഭക്തരെ അനുഗ്രഹിച്ചുകൊണ്ടിരുന്നത്. അവരുടെ ഇരിപ്പിടത്തിന് താഴെയാണ് പാർട്ടി രേഖകൾ ഭദ്രമായി സൂക്ഷിച്ചത്. പൊതുരംഗത്ത് അധികമാളുകൾക്ക് പരിചയമില്ലാത്തയാളായതിനാൽ രഹസ്യപ്രവർത്തനം നടത്തുന്നതിന് ഉണ്ണിരാജയ്ക്ക് സാധ്യത കൂടുതലായിരുന്നു. അതാണ് കൃഷ്ണപിള്ള ഉപയോഗപ്പെടുത്തിയത്. 1940 അവസാനത്തോടെ നേതാക്കളധികവും ജയിലിലായതോടെ കേന്ദ്രനേതൃത്വവുമായും ബന്ധപ്പെടുന്നത് പ്രയാസത്തിലായി. ഈ ഘട്ടത്തിൽ ഉണ്ണിരാജയാണ് പഴയ മദിരാശി ബന്ധം ഉപയോഗപ്പെടുത്തി അവിടെയെത്തി പി.സുന്ദരയ്യയുമായി ബന്ധപ്പെട്ട് പാർട്ടി നയങ്ങൾ മനസ്സിലാക്കി ഇവിടെയെത്തി റിപ്പോർട്ടുചെയ്തത്, പാർട്ടി കത്തിലൂടെ.

മദിരാശിയിൽ സുന്ദരയ്യയെ കാണാൻപോയി പണമില്ലാതെ അവിടെ കുടുങ്ങിപ്പോയ ഒരു സന്ദർഭമുണ്ട്. ലോഡ്ജിൽ മുറിയെടുത്ത് മൂന്നുദിവസം താമസിച്ചു. സുന്ദരയ്യയെ കണ്ടില്ല. തിരിച്ചുവരാൻ പണമില്ല. സഹോദരി തമ്പായി മെഡിക്കൽ കോളേജിൽ പഠിക്കുന്നുണ്ട്. പക്ഷേ അവരുടെ കയ്യിലും പണമുണ്ടാകില്ല. രഹസ്യം പുറത്താവാനും പാടില്ല. തമ്പായിയെ കണ്ടപ്പോൾ ഒരുപായം കണ്ടെത്തി. തമ്പായി പറഞ്ഞു, മെഡിക്കൽ കോളേജിലെ സീനിയർ വിദ്യാർഥിയായ നാരായണ പൈയെ കണ്ടാൽ പണം കിട്ടും. അങ്ങനെ ഉണ്ണിരാജ മെഡിക്കൽകോളേജിന്റെ ഒരു ഹോസ്റ്റലായ ജയാ മാൻഷൻസിൽ പോകുന്നു. പണം വാങ്ങി നാട്ടലേക്ക് തിരിക്കാൻ റെയിൽവേസ്റ്റേഷനിലെത്തുന്നു. ലോഡ്ജിൽ മൂന്നുദിവസത്തെ വാടക കൊടുക്കാൻ പണമില്ലാത്തതിനാൽ ലോഡ്ജുകാർ അറിയാതെ സ്ഥലംവിടുകയാണ്. പക്ഷേ റെയിൽവേസ്റ്റേഷനിൽവെച്ച് നാട്ടുകാരനായ ഒരാളെ കണ്ടെത്തുകയും കൂടുതൽ പണം സംഭരിക്കാനുമായി. ലോഡ്ജിലേക്ക് തിരിച്ചുപോയി കണക്ക് തീർത്ത് സഞ്ചി തിരിച്ചെടുക്കാനായി. മാത്രമല്ല, സുന്ദരയ്യയെ കാണാനും കഴിഞ്ഞു. ഈ സംഭവം എസ്.ശർമ എന്ന ശർമാജിയും പിൽക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്. ശർമാജി മദിരാശിയിലെ വിദ്യാർഥിനേതാവും പിൽക്കാലത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമാണ്. ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തെ മുഖ്യമന്ത്രിയയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും.

തിരുവിതാംകൂറിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഉണ്ണിരാജ തിരുവനന്തപുരത്ത് പ്രവർത്തിക്കെ ഒരുദിവസം സർ സി.പി. രാമസ്വാമി അയ്യർ അസംബ്ലിയിൽ ഒരു പ്രസ്താവന നടത്തി. തിരുവിതാംകൂറിൽ കലാപം നടത്താനുള്ള കമ്മ്യൂണിസ്റ്റ് ഗൂഢാലോചന തകർത്തു, മേനോൻസെൽ പിടിയിലായി എന്നായിരുന്നു പ്രസ്താവന. അക്കാലത്ത് മേനോൻ എന്ന പേരിലാണ് ഉണ്ണിരാജ അറിയപ്പെട്ടത്. കോഴിപ്പുറത്ത് മാധവമേനോന്റെ പേര്. ആ പേര് പോലീസിന് വ്യക്തമായതോടെ പേര് ആറോൻ എന്നാക്കി. മേനോൻ എന്ന പേരലറിയപ്പെടുന്ന കാലത്ത് തിരുവനന്തപുരത്ത് പാർട്ടി സെൽ യോഗം ചേർന്നു. പേട്ട കരുണാകരൻ (ഷാജി എൻ.കരുണിന്റെ പിതാവ്), ഉള്ളൂർ ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. ഉള്ളൂർ ഗോപി രണ്ട് കൈത്തോക്കുകൾ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. തോക്കുകളിലൊന്ന് ഉണ്ണിരാജ കൊണ്ടുപോയി. മിനിട്ട്‌സും ഒരു തോക്കും ഉള്ളൂർ ഗോപിയുടെ കയ്യിൽ സൂക്ഷിച്ചു. പിറ്റേന്ന് നടന്ന പോലീസ് റെയിഡിൽ തോക്കും മിനിട്ട്‌സും പിടികൂടി. ഈ സംഭവമാണ് സർ സി.പി. അസംബ്ലിയിൽ പറഞ്ഞത്.

രണ്ടാം ലോകയുദ്ധത്തെക്കുറിച്ചുള്ള പാർട്ടിനിലപാട് മാറ്റിയതോടെ നിരോധനം പിൻവലിക്കപ്പെടുകയും നേതാക്കളിൽ കുറേപേർക്കെങ്കിലും പരസ്യപ്രവർത്തനത്തിന് സൗകര്യം ലഭിക്കുകയും ചെയ്തു. ദേശീയതലത്തിൽ പാർട്ടിയുടെ മുഖപത്രമായി പീപ്പിൾസ് വാർ ആരംഭിച്ചു. സംസ്ഥാനങ്ങളിലും മുഖപത്രം തുടങ്ങുന്നതിനുള്ള സാധ്യതതേടി. അങ്ങനെയാണ് മലബാറിൽ കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങളെക്കൂടി കണക്കിലെടുത്ത് മലയാളത്തിൽ മുഖപത്രം തുടങ്ങാൻ തീരുമാനിച്ചത്. വൈക്കം സത്യാഗ്രഹത്തിന്റെ നായകനായ ടി.കെ.മാധവൻ നടത്തിയിരുന്നതും രജിസ്ട്രേഷൻ നഷ്ടപ്പെട്ടതുമായ ദേശാഭിമാനി എന്ന ടൈറ്റിലാണ് പാർട്ടി തീരുമാനിച്ചത്. ദേശാഭിമാനി 1942‐ൽ കോഴിക്കോട്ടുനിന്ന് വാരികയായി പ്രസിദ്ധീകരണം തുടങ്ങി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമായി ആദ്യം ഷൊർണൂരിൽനിന്നും പിന്നീട് കുറച്ചുകാലം കോഴിക്കോട്ടുനിന്നും നടത്തിയ പ്രഭാതം പത്രത്തിന്റെ ടൈറ്റിൽ പുനസ്ഥാപിച്ചുകിട്ടാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കിയാണ് ടി.കെ.മാധവന്റെ ദേശാഭിമാനിയെന്ന ടൈറ്റിൽ തിരഞ്ഞെടുത്തത്. 1939‐ൽ കൃഷ്ണപിള്ള പാർട്ടി വിദ്യാഭ്യാസത്തിന്റെ പ്രധാന ചുമതലയേൽപ്പിച്ചിരുന്ന ഉണ്ണിരാജ, എം.എസ്.ദേവദാസ് എന്നിവർക്ക് പത്രം നടത്തിപ്പിന്റെയും മുഖ്യ ചുമതല നൽകി. വള്ളത്തോളിന്റെ മകളുടെ ഭർത്താവായ വി.ടി.ഇന്ദുചൂഢൻ പത്രാധിപസമിതിയിലെ മുഖ്യചുമതലക്കാരനായിരുന്നു. കൊച്ചിയിലെ പാർട്ടി നേതാവെന്ന നിലയിൽ കെ.കെ.വാര്യരും തിരുവിതാംകൂറിലെ നേതാവെന്ന നിലയിൽ കെ.സി.ജോർജും പത്രാധിപസമിതിയിൽ അംഗങ്ങളായിരുന്നു. പത്രാധിപസമിതി ചെയർമാനായി ഇ.എം.എസ്, മണ്ണാലത്ത് ശ്രീധരൻ, ഇ.വി.ദേവ്, കവി പി.ഭാസ്കരൻ എന്നിവരും വൈകാതെ പത്രാധിപസമിതിയുടെ ഭാഗമായി. തലശ്ശേരിയിൽ മൂർക്കോത്ത് കുമാരൻ സ്ഥാപിച്ചതും പിന്നീട് സി.കൃഷ്ണന്റെ ഉടമസ്ഥതയിൽ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരണം തുടർന്നതുമായ മിതവാദി പത്രത്തിന്റെ പ്രസ് വാങ്ങിക്കൊണ്ടാണ് തുടക്കം. മിതവാദിയുടെ പ്രിന്ററായിരുന്നയാളുടെ സഹായവും ലഭിച്ചു. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ നായകനായ ടി.കെ.മാധവന്റെ പത്രത്തിന്റെ പേരും, ശ്രീനാരായണഗുരുവിന്റെ പ്രിയശിഷ്യനും ജീവചരിത്രകാരനുമായ മൂർക്കോത്തു കുമാരൻ സ്ഥാപിച്ച പത്രത്തിന്റെ പ്രസ്സും സാങ്കേതികസഹായവും സ്വീകരിക്കപ്പെട്ടു. ദേശാഭിമാനിയുടെ ആദ്യം മുതലുള്ള ലേഖകനും പത്രാധിപസമിതി അംഗവുമായിരുന്നു ഉണ്ണിരാജ. 1946 ജനുവരി ഒന്നുമുതൽ ദിനപത്രമായി മാറിയപ്പോഴും പത്രാധിപസമിതിയിലെ മുഖ്യചുമതലക്കാരനായ പാർട്ടി നേതാവ് ഉണ്ണിരാജയായിരുന്നു.

കെ.പി.ആറിനെ വധശിക്ഷയിൽനിന്ന് രക്ഷിക്കുന്നതിനുള്ള പ്രചാരണപ്രക്ഷോഭ പ്രവർത്തനങ്ങൾ വലിയൊരു രാഷ്ട്രീയ സംഭവമാക്കിമാറ്റുന്നതിലാണ് ഉണ്ണിരാജ എന്ന ലേഖകനും പത്രാധിപസമിതി അംഗവും ആദ്യം മുഴുകിയ പ്രധാന കാര്യം. മലബാറിന്റെ ഓരോ മുക്കിലും മൂലയിലും ഉണ്ണിരാജ സഞ്ചരിച്ചു‐ ഒപ്പം കൂത്താട്ടുകുളത്തെ ജേക്കബ്ബ് ഫിലിപ്പ് എന്ന ഫോട്ടോഗ്രാഫർ, ഇടയ്ക്ക് കൊടുങ്ങല്ലൂരിലെ വത്സൻ എന്ന ഫോട്ടോഗ്രാഫർ, ഇവർ എങ്ങും സഞ്ചരിച്ച് വാർത്തകൾ ശേഖരിച്ചു. ഒരേസമയം ലേഖകന്റെയും പത്രാധിപസമിതിയുടെയും ചുമതല നിർവഹിക്കേണ്ടിവന്നു. കെ.ദാമോദരൻകൂടി ജയിലിലായതോടെ പാർട്ടിയുടെ മുഖ്യ അധ്യാപകനെന്ന ചുമതലയും കൂടി നിർവഹിക്കേണ്ടിവന്നു. ഇ.എം.എസ് ഒളിവിൽ, ദാമോദരൻ ജയിലിൽ, നാരായണൻനായരും ജയിലിലോ ഒളിവിലോ. ബാലറാം രംഗത്തുവരുന്നതേയുള്ളൂ‐ അതിനാൽ പുതുതായി കടന്നുവരുന്നവരെ പഠിപ്പിക്കാൻ മറ്റാരുമില്ല‐ രാജൻ എന്ന ഉണ്ണിരാജ മാത്രം.

1943‐ൽ പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിന്റെ ഭാഗമായി ആ വർഷം മാർച്ച് 20, 21 തീയതികളിൽ നടന്ന സംസ്ഥാനസമ്മേളനം പി.കൃഷ്ണപിള്ള സെക്രട്ടറിയായ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഏഴംഗങ്ങളടങ്ങിയ സംസ്ഥാന സമ്മിറ്റിയിൽ ഉണ്ണിരാജ അംഗമായി. കേരളീയൻ, രാമുണ്ണിമേനോൻ, എ.കെ.തമ്പി, കെ.സി.ജോർജ് എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്ത് ഉയർന്നുവന്ന പ്രശ്നങ്ങളെത്തുടർന്ന് സംസ്ഥാന കമ്മിറ്റി കൃഷ്ണപിള്ള പിരിച്ചുവിട്ട സംഭവം പല അധ്യായങ്ങളിലായി സാന്ദർഭികമായി വിശദീകരിക്കുയുണ്ടായി. പിന്നീട് പുനസംഘടനയുടെ ഭാഗമായി മൂന്നംഗ സംസ്ഥാന സെക്രട്ടേറിയേറ്റ് രൂപവൽക്കരിച്ചപ്പോൾ കെ.കെ.വാര്യർ, കേരളീയൻ എന്നിവർക്കൊപ്പം സെക്രട്ടേറിയേറ്റിൽ ഉണ്ണിരാജ അംഗമായി.
നാല്പതുകളുടെ ആദ്യം നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യുകയോ വാറണ്ടുള്ളതിനാൽ നേതാക്കൾ ഒളിവിൽ പോവുകയോ ചെയ്തപ്പോൾ അറസ്റ്റിലാവുകയോ ഒളിവിൽപോവുകയോ ചെയ്യാതെ പ്രവർത്തിക്കുകയായിരുന്നു ഉണ്ണിരാജ. എന്നാൽ 48ലെ നിരോധനകാലത്ത് ഉണ്ണിരാജയും അറസ്റ്റിലായി. വെല്ലൂർ ജയിലിലാണ് ഉണ്ണിരാജയെ തടങ്കലിലാക്കിയത്. ജയിലിലെ പീഡനത്തിനെതിരെ തടവുകാർ വലിയ പ്രക്ഷോഭം നടത്തി. നിരാഹാരസമരവും സത്യാഗ്രഹവും മുദ്രാവാക്യം വിളിയും. സമരത്തെ അടിച്ചമർത്താൻ വാർഡന്മാരും പോലീസും കടുത്ത മർദനവാഴ്ചയാണ് നടത്തിയത്. ഉണ്ണിരാജയടക്കമുള്ളവർക്ക് പരിക്കേറ്റു. കാലിന്റെ എല്ലുപൊട്ടിയതിനെ തുടർന്ന് ആഴ്ചകളോളം വെല്ലൂർ ആശുപത്രിയിൽ കഴിയേണ്ടിവന്നു.

തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനത്തിനുവേണ്ടി രാപ്പകലന്യേ അക്ഷീണം പ്രവർത്തിച്ച ഉണ്ണിരാജ പാർട്ടിഅധ്യാപനം, പത്രപ്രവർത്തനം എന്നിവക്കുപുറമെ പ്രധാനമായും ശ്രദ്ധിച്ചത് മാർക്സിസ്റ്റ് ക്ലാസിക്കുകൾ വിവർത്തനം ചെയ്യുന്നതിലാണ്. പ്രാഗിൽനിന്ന് പ്രസിദ്ധപ്പെടുത്തിയ ലോക മാർക്സിസ്റ്റ് റവ്യൂവിന്റെ ഏഷ്യൻ വിഭാഗം എഡിറ്ററായി നാലുവർഷം പ്രവർത്തിച്ചു. മാർക്സിന്റെ മൂലധനം സമ്പൂർണമായി മലയാളത്തിലേക്ക് വിവർത്തനംചെയ്യുന്നതിൽ മുഖ്യ പങ്കുവഹിച്ചു. കുറ്റിപ്പുഴ കൃഷ്ണപിള്ള, ഇ.എം.എസ്., സി.അച്യുതമേനോൻ, കെ.ദാമോദരൻ, ബാലറാം എന്നിവരടക്കമുള്ളവരെല്ലം ചേർന്നാണ് വിവർത്തനം നടത്തിയത്. ആ പദ്ധതിയുടെ അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിച്ചു. ലെനിന്റെ തിരഞ്ഞെടുത്ത കൃതികൾ, മാർക്സിന്റെയും എംഗൽസിന്റെയും തിരഞ്ഞെടുത്ത കൃതികൾ എന്നീ മൂന്നു വാള്യം വീതമുള്ള ഗ്രന്ഥപരമ്പരയുടെ എഡിറ്ററായിരുന്നു. സി.പി.എസ്.യു ബി ചരിത്രം, ഭരണകൂടവും വിപ്ലവും (ലെനിൻ), മതവും മാർക്സിസവും (മാർക്സ് എംഗൽസ് കൃതികളിൽനിന്ന് തയ്യാറാക്കിയത്) എന്നീ കൃതികളുടെ വിവർത്തകൻ, ജീവോല്പത്തി, ആദിമമനുഷ്യൻ എന്നീ ശാസ്ത്രകൃതികളുടെ വിവർത്തകൻ. മറ്റ് നൂറുകണക്കിന് ലേഖനങ്ങളുടെ വിവർത്തകൻ. പി.ഗോവിന്ദപിള്ള പറയുന്നത് നോക്കുക‐ “ഗഹനവും സാങ്കേതികജടിലവുമായ ശാസ്ത്രസിദ്ധാന്തങ്ങളും വസ്തുതകളും സാധാരണനിലവാരത്തിലുള്ള വായനക്കാർക്കുപോലും അഭിഗമ്യമായവിധം ലളിതമായി പ്രതിപാദിക്കാനുള്ള ഉണ്ണിരാജയുടെ കഴിവ് അസൂയാവഹമാണ്. മാർക്സിസം നൽകുന്ന കാഴ്ചപ്പാട് സാധാരണ ശാസ്ത്രവസ്തുതകളും ബന്ധങ്ങളും അനാവരണംചെയ്യുമ്പോഴും ഉണ്ണിരാജയുടെ ഭൗതികശാസ്ത്രകൃതികൾക്ക് ഒരു ദാർശനികപരിവേഷം നൽകുന്നു. വസ്തുതകൾക്ക് പുറകിലുള്ള ദാർശനികമാനം അദ്ദേഹം കൈവിടുകയില്ല.’

പവനൻ എഴുതിയത് ഇങ്ങനെയാണ്‐ “പുസ്തകങ്ങളുടെയും പരിഭാഷകളുടെയും എണ്ണം എടുത്തുനോക്കിയാലും അദ്ദേഹത്തെപ്പോലെ മാർക്സിസത്തിലും ശാസ്ത്രപഠനത്തിലും നിഷ്ണാതനായ മറ്റൊരു മാർക്സിയൻ ബുദ്ധിജീവിയെ കണ്ടെത്താൻ പ്രയാസമാണ്. പഞ്ചഭൂതങ്ങൾ അഞ്ചല്ല, ജീവോല്പത്തി, ആദിമമനുഷ്യൻ, മനുഷ്യശരീരം ഒരു മഹാദ്ഭുതം, ഭാഷയുടെയും സാഹിത്യത്തിന്റെയും ഉല്പത്തിശാസ്ത്രം, മാർക്സ് ഇന്ത്യയിൽ, യുദ്ധമോ സമാധാനമോ എന്നിങ്ങനെ ശാസ്ത്രം, തത്ത്വശാസ്ത്രം, രാഷ്ട്രീയം, ചരിത്രം തുടങ്ങി സാമൂഹ്യജീവിതത്തെ സ്പർശിക്കുന്ന ഒട്ടേറെ വിഷയങ്ങളിൽ അദ്ദേഹം എഴുതിയ ചെറുതും വലുതുമായ പുസ്തകങ്ങളുടെ എണ്ണം മുപ്പതോ നാല്പതോ വരും.’ l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 1 =

Most Popular